Monday, February 11, 2013

സ്വാഗതാര്‍ഹമായ വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ പൈശാചികമായ കൂട്ടബലാല്‍സംഗത്തിന്നെതിരായി ഉയര്‍ന്നുവന്ന പൊതുജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ യുപിഎ ഗവണ്‍മെന്‍റ് നിയോഗിച്ചത്. (കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ലെയ്ല സെത്തും മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും ആണ്). ആ കമ്മിറ്റിയില്‍നിന്ന്, ഗവണ്‍മെന്‍റ് ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വിപുലമായ ശുപാര്‍ശകള്‍ ലഭിച്ചതായി കരുതണം. 600ല്‍പരം പേജുകളുള്ള, തികച്ചും മാര്‍ഗദര്‍ശകമായ, ഉള്‍ക്കാഴ്ച നിറഞ്ഞ ആ റിപ്പോര്‍ട്ട്, മുമ്പത്തെ പല കമ്മിറ്റികളുടെയും ശുപാര്‍ശകള്‍ കുറ്റകരമായ അനാസ്ഥയോടെ അവഗണിച്ച കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളെ ശക്തമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി 1980 തൊട്ട് ലോ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും സുപ്രീം കോടതിയുടെ മുന്‍കാല വിധികളും ശുപാര്‍ശകളും ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറുകളും നോട്ടിഫിക്കേഷനുകളും മറ്റും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഒരിയ്ക്കലും നടപ്പാക്കാത്ത കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളെ, വര്‍മ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ വീണ്ടും വീണ്ടും കുറ്റപ്പെടുത്തുന്നുണ്ട്.

ഗവണ്‍മെന്‍റുകള്‍ക്കുനേരെയുള്ള വിമര്‍ശനം

കടമ നിര്‍വഹിയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കണം എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചുമതലാബോധം കാണിയ്ക്കാത്തതിന്റെ പേരില്‍, വര്‍മ കമ്മീഷന്‍ ഗവണ്‍മെന്‍റുകളെ നിശിതമായി വിമര്‍ശിക്കുന്നു. ഡല്‍ഹിയിലെ പൊലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നതരായ പൊലീസ് ഓഫീസര്‍മാരുടെ മേല്‍ നടപടിയെടുക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് വിസമ്മതിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, കമ്മീഷെന്‍റ ഈ വിമര്‍ശനം പ്രത്യേകിച്ചും പ്രസക്തമാണ്. മേല്‍ ഉദ്യോഗസ്ഥന്മാര്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ കീഴ് ഉദ്യോഗസ്ഥന്മാരെക്കൊണ്ട് വേണ്ട വിധത്തില്‍ നടപടിയെടുപ്പിയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുമായിരുന്നുവെന്നും വ്യക്തമാകുന്ന സന്ദര്‍ഭങ്ങളില്‍, കീഴ് ഉദ്യോഗസ്ഥന്മാരുടെ അലംഭാവത്തിന് മേലുദ്യോഗസ്ഥന്മാര്‍ ഉത്തരവാദിത്വം വഹിയ്ക്കേണ്ടിവരും എന്ന സങ്കല്‍പനം നിയമത്തില്‍ ഉള്‍ക്കൊള്ളിയ്ക്കണമെന്നും വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള വികലമായ ഔദ്യോഗിക ബില്ല് പുനഃപരിശോധിക്കുന്നതിനുവേണ്ടി ഇന്നത്തെ കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പാര്‍ലമെന്‍ററി സെലക്ട് കമ്മിറ്റി രൂപീകരിയ്ക്കപ്പെടുകയുണ്ടായി. ആ കമ്മിറ്റി ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും മേലുദ്യോഗസ്ഥന്മാര്‍ കീഴ് ഉദ്യോഗസ്ഥന്മാരുടെ വീഴ്ചയ്ക്ക് ഉത്തരവാദിത്വം വഹിയ്ക്കേണ്ടിവരും എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ നിര്‍ദേശവും അലമാരയില്‍ കെട്ടിവെച്ചതേയുള്ളൂ. അതുപോലെത്തന്നെ സായുധ സേനാംഗങ്ങളെയും അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങളെയും ക്രിമിനല്‍ നിയമത്തിന്റെ പരിധിയ്ക്കുകീഴില്‍ കൊണ്ടുവരണം എന്ന്, സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള പാര്‍ലമെന്‍ററി കമ്മിറ്റി ശക്തമായി ശുപാര്‍ശ ചെയ്യുകയുണ്ടായി. എന്നാല്‍, പ്രതിരോധ സേനാ മേധാവികള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന കാരണം പറഞ്ഞ്, കേന്ദ്ര ഗവണ്‍മെന്‍റ് ആ നിര്‍ദേശം സൗകര്യപൂര്‍വം തിരസ്കരിക്കുകയാണുണ്ടായത്. എന്നാല്‍, പാര്‍ലമെന്‍ററി കമ്മിറ്റിയുടെ ശുപാര്‍ശയില്‍നിന്ന് ഒരടി കൂടി മുന്നോട്ടു പോകുന്ന വര്‍മ കമ്മീഷന്‍, യൂണിഫോം ധരിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്നതിനുള്ള കവചമായി സായുധസേനാ (പ്രത്യേകാധികാര) നിയമത്തെ ഉപയോഗപ്പെടുത്തുന്നത് തടയുന്നതിനായി, ആ നിയമത്തില്‍ മൂര്‍ത്തമായ ഭേദഗതി വരുത്തണം എന്ന് ശുപാര്‍ശ ചെയ്യുന്നുണ്ട്.

സ്ത്രീകളുടെ സുരക്ഷിതത്വത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി സംഘര്‍ഷ മേഖലകളില്‍ സ്പെഷ്യല്‍ കമ്മീഷണര്‍മാരെ നിയമിക്കണം എന്ന് വര്‍മ കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. ഝാര്‍ഖണ്ഡിലും മറ്റും പീഡനത്തിന് ഇരയായിത്തീരുന്ന സ്ത്രീകള്‍, തീവ്രവാദികളുടെയും സുരക്ഷാസേനാംഗങ്ങളുടെയും ഇടയില്‍പെട്ടുപോകുന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. വിശാലമായ ചട്ടക്കൂട്ടില്‍ നിരവധി പ്രശ്നങ്ങളിലുള്ള സര്‍ക്കാരിെന്‍റ അപരാധങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്; അവയ്ക്ക് പരിഹാരവും നിര്‍ദേശിച്ചിട്ടുണ്ട്. അവ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍, ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുമ്പ് ഉന്നയിയ്ക്കപ്പെട്ടിരുന്നില്ല എന്നതുകൊണ്ടല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മറിച്ച് സര്‍ക്കാരിെന്‍റ ഭാഗത്ത് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതാണ് കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളെ കൂടുതല്‍ വിശാലമായ ഒരു ചട്ടക്കൂട്ടില്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രതിഷ്ഠിക്കുന്നത്. ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ഗവണ്‍മെന്‍റിന് കഴിയില്ല എന്ന സര്‍ക്കാരിെന്‍റ ആത്മരക്ഷാര്‍ത്ഥമുള്ള ന്യായീകരണങ്ങളെ തകര്‍ത്തുകൊണ്ട്, ഭരണഘടനാപരമായ ഉറപ്പുകളുടെ ലംഘനത്തിന്റെ ചട്ടക്കൂട്ടിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതിനെ വീക്ഷിക്കുന്നത്. ഗവണ്‍മെന്‍റിെന്‍റ മൗലികമായ ഉത്തരവാദിത്വങ്ങളില്‍നിന്ന് പിറകോട്ട് പോകാനുള്ള ഭരണാധികാരികളുടെ നീക്കത്തിന് വിപണി അധിഷ്ഠിത പ്രത്യയശാസ്ത്രങ്ങള്‍ കരുത്തുപകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, പൗരന്മാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുന്നതിന് ആവശ്യമായ കര്‍ശനവും സത്വരവുമായ കരുതല്‍ നടപടികള്‍ കൈക്കൊള്ളാനുള്ള പ്രാഥമികമായ ഉത്തരവാദിത്വം ഗവണ്‍മെന്‍റിന് ഉണ്ട് എന്ന് ഈ റിപ്പോര്‍ട്ട്, ഭരണാധികാരികളെ ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു:

""നിയമവാഴ്ചയെ തകര്‍ത്തുകൊണ്ട്, ഇന്നത്തെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനുള്ള മൂലകാരണം നല്ല ഭരണം കാഴ്ചവെയ്ക്കുന്നതില്‍ വന്ന പരാജയമാണെന്ന കാര്യത്തില്‍ സംശയമില്ല"".
സാമൂഹ്യമായ അസമത്വം വര്‍ധിയ്ക്കുന്നതിനെക്കുറിച്ചും ജനങ്ങളുടെ ഭരണഘടനാപരവും മൗലികവുമായ അവകാശങ്ങള്‍ അട്ടിമറിയ്ക്കപ്പെടുന്നതിനെക്കുറിച്ചും യാതൊരു ഉല്‍ക്കണ്ഠയുമില്ലാതെ, ""സമ്പദ്വ്യവസ്ഥയിലെ മൃഗീയ വികാരങ്ങളെ കെട്ടഴിച്ചു വിട്ടുകൊണ്ട്"" കോര്‍പ്പറേറ്റ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുക എന്നതായിരുന്നുവല്ലോ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ഭരണത്തിന്റെ ദിശാമാര്‍ഗം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നു. 2011ല്‍ മാത്രം 24,206 ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 2579 എണ്ണം 89 പ്രധാന നഗരങ്ങളിലായിരുന്നു. അതേവര്‍ഷം 51,538 ലൈംഗിക പീഡന സംഭവങ്ങള്‍ ഉണ്ടായതില്‍ ഏതാണ്ട് 25 ശതമാനവും നടന്നത് നഗരങ്ങളില്‍ത്തന്നെയാണ്. അതായത് ബലാല്‍സംഗത്തിനും ലൈംഗിക പീഡനത്തിനും (അഥവാ ലൈംഗികമായി ശല്യം ചെയ്യപ്പെടുന്നതിന്) ഇരയാവുന്നവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലും പട്ടണ പ്രാന്തങ്ങളിലും ഉള്ളവരാണ്. അവരില്‍ത്തന്നെ ഒരു നല്ല ഭാഗം, സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ദരിദ്രരായ സ്ത്രീകളും കുട്ടികളുമാണ്. ഉദാഹരണത്തിന്, ഹരിയാണയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നടന്ന കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതിനുകാരണം, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളെ ഏല്‍പിക്കുന്നതിന് പറ്റിയ ക്രഷേകളും മറ്റ് സുരക്ഷിത സ്ഥലങ്ങളും ഇല്ലാത്തതാണ്.

അക്രമത്തിന് വിധേയരാകുന്നവര്‍

സ്ഥിരം തൊഴിലാളികള്‍ എന്നതിനുപകരം കരാര്‍ തൊഴിലാളികളോ താല്‍ക്കാലിക (കാഷ്വല്‍) തൊഴിലാളികളോ ആയി മാറ്റപ്പെടുന്ന ഇന്നത്തെ തൊഴില്‍മേഖലയിലെ മാറുന്ന സ്വഭാവമാണ് (പ്രത്യേകിച്ചും കുടിയേറ്റക്കാരായ സ്ത്രീ തൊഴിലാളികളുടെ കാര്യത്തില്‍) തൊഴിലുടമകളുടെയും ഭൂപ്രഭുക്കളുടെയും കരാറുകാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ചൂഷണത്തിന് സ്ത്രീകള്‍ വിധേയമാക്കപ്പെടുന്നതിനുള്ള കാരണം. അവശ്യസേവനത്തുറകള്‍ സ്വകാര്യവല്‍ക്കരിയ്ക്കപ്പെടുന്നതിന്റെ ഫലമായി, വൈദ്യുതി ലഭ്യമല്ലാത്തതും പൊതു കക്കൂസുകള്‍ ഇല്ലാത്തതും പൊതുഗതാഗത സൗകര്യങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കാത്തതും ആയ സ്ഥിതിയുളവാകുന്നു. ഇതൊക്കെത്തന്നെ ഗവണ്‍മെന്‍റിന്റെ നയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയാണുതാനും. അവയൊക്കെത്തന്നെ, സ്ത്രീകളുടെ അരക്ഷിതാവസ്ഥ വര്‍ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ""പണക്കാര്‍ കൂടുതല്‍ കൂടുതല്‍ കൊഴുത്തു തടിച്ചുകൊണ്ടിരിക്കുമ്പോള്‍, പൊതുസ്വത്ത് അനാവശ്യമായി ധൂര്‍ത്തടിയ്ക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, വിഭവങ്ങളില്ല എന്ന തൊടുന്യായം പറഞ്ഞുകൊണ്ട്, സര്‍ക്കാര്‍ മൗലികാവകാശങ്ങള്‍ നിഷേധിയ്ക്കരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം"".

ഭക്ഷ്യസുരക്ഷ, പോഷകാഹാരക്കുറവ് തുടങ്ങിയ നിര്‍ണായകമായ വിഷയങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മോശപ്പെട്ടതു കാരണം (അത് ദിനംപ്രതി കൂടുതല്‍ വഷളാവുകയുമാണ്) രാജ്യത്തെങ്ങും പാവപ്പെട്ട സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് വിധേയരായിത്തീരുന്നുണ്ട് എന്നതിനാല്‍, ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് നിര്‍ദേശിക്കുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍, സാമ്പത്തികമായും സാമൂഹ്യമായും ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളെ സംബന്ധിച്ച നിര്‍ണായകമായ വകുപ്പ് (മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലൈംഗിക ആക്രമണത്തിന്റെ വര്‍ഗപരവും ജാതിപരവുമായ വശം) ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഉദാഹരണത്തിന്, ദളിത് - ആദിവാസി സ്ത്രീകളുടെ നേര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ലൈംഗിക അക്രമങ്ങള്‍ ഉള്‍പ്പെട്ട കുറ്റങ്ങള്‍ക്ക് വര്‍ധിപ്പിച്ച തോതിലുള്ള ശിക്ഷ നല്‍കണം എന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണെങ്കിലും, അക്കാര്യം കമ്മിറ്റി കൈകാര്യം ചെയ്യുന്നില്ല.

വര്‍ഗപരമായ സമീപനം വേണം

ജാതിപരമായ ശത്രുതകളും വര്‍ഗീയമായ അക്രമങ്ങളും മേധാവിത്വം വഹിക്കുന്നതിനാല്‍ സ്ത്രീകള്‍ക്ക് കടുത്ത അരക്ഷിതാവസ്ഥ നേരിടേണ്ടി വരുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, രാഷ്ട്രീയ ബന്ധമുള്ളവരും അധികാരമുള്ളവരുംനടത്തുന്ന ബലാല്‍സംഗങ്ങളുടെ സംഖ്യ വര്‍ധിച്ചുവരികയാണ് എന്നതിനാല്‍ അത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നതിനുള്ള ഒരു വകുപ്പ്, പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുള്ള ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിനുള്ള ഔദ്യോഗിക ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന് വനിതാ സംഘടനകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ""സാമ്പത്തികമായോ രാഷ്ട്രീയമായോ സാമൂഹ്യമായോ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്"" ഒരു വ്യക്തി ചെയ്യുന്ന ഇത്തരം കുറ്റങ്ങള്‍ക്ക് വര്‍ധിച്ച ശിക്ഷ നല്‍കണമെന്ന ആ വകുപ്പ്, വര്‍മ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ കാണുന്നില്ല.

സാമ്പത്തികമായും സാമൂഹ്യമായും ചൂഷണത്തിന് വിധേയമാകുന്ന വിഭാഗങ്ങളില്‍നിന്നുള്ള, ബലാല്‍സംഗത്തിന്നിരയായ സ്ത്രീകള്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് വേണമെന്ന സുപ്രധാനമായ ഒരു ആവശ്യം വനിതാ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. ബലാല്‍സംഗത്തിനുള്ള നഷ്ടപരിഹാരമായി ഇതിനെ പലരും പരിഹസിയ്ക്കാറുണ്ട്. യഥാര്‍ഥത്തില്‍ തൊഴിലാളിവര്‍ഗത്തിലോ ഗ്രാമീണ ദരിദ്രരിലോ പെട്ട, ബലാല്‍സംഗത്തിന്നിരയായ ഒരു സ്ത്രീയ്ക്ക്, നിയമനടപടികളുടെ ചെലവുകള്‍ വഹിയ്ക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക് സര്‍ക്കാര്‍ ഒരു വക്കീലിനെ വെച്ചു കൊടുത്തതു കൊണ്ടു മാത്രമായില്ല, ജോലി നഷ്ടപ്പെടല്‍, ചിലപ്പോള്‍ താമസ സ്ഥലംമാറ്റേണ്ടി വരല്‍, വക്കീലിനെ ഇടയ്ക്കിടെ കാണേണ്ടിവരുന്നത്, കോടതികളിലേക്ക് ഇടയ്ക്കിടെയുള്ള യാത്ര, അതിന്നൊക്കെയുള്ള ചെലവ്, ആ ദിവസങ്ങളിലൊക്കെ കൂലി കിട്ടാത്ത അവസ്ഥ - നീതിയ്ക്കുവേണ്ടി പോരാടണമോ എന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ ഇതൊക്കെ നിര്‍ണായകമായ പ്രശ്നങ്ങളായി ഉയര്‍ന്നുവരുന്നു. എന്നാല്‍ പുനരധിവാസ പാക്കേജ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചോ നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ പുനഃപരിശോധിക്കുന്നതിനെക്കുറിച്ചോ ഈ റിപ്പോര്‍ട്ട് ഒന്നും സൂചിപ്പിക്കുന്നില്ല എന്നത് ആശ്ചര്യകരം തന്നെ. കുറ്റം ചെയ്തവന്‍, ഇരയായ സ്ത്രീയുടെ ചികില്‍സാചെലവ് വഹിയ്ക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ. അത് വളരെ ജുഗുപ്സാവഹമായും ഹീനമായും ഇരകള്‍ക്ക് തോന്നിയെന്നിരിയ്ക്കും. എന്നു തന്നെയല്ല, തെന്‍റ കയ്യില്‍ പണമൊന്നുമില്ല എന്ന് കുറ്റം ചെയ്തവന്‍ തെളിയിച്ചാലത്തെ സ്ഥിതിയെന്താകും? കുറ്റവാളിയില്‍നിന്ന് പിഴയീടാക്കാന്‍ കോടതി ആഗ്രഹിക്കുകയാണെങ്കില്‍, അതിനുള്ള നിയമപരമായ വകുപ്പുണ്ട്; കനത്ത പിഴ ഈടാക്കാന്‍ കഴിയും; ഈടാക്കുക തന്നെ വേണം.

നിരാശാജനകം

ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍, ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരാവശ്യം, ബലാല്‍സംഗക്കേസുകളില്‍ സമയബന്ധിതമായ നടപടികള്‍ ഉണ്ടാവണം എന്നതാണ്. ഇപ്പോള്‍ ബലാല്‍സംഗത്തിന്നിരയായ ഒരു സ്ത്രീക്ക് (കുട്ടികളടക്കം), കേസില്‍ വിധി വരാന്‍ പലപ്പോഴും പത്തുവര്‍ഷവും ചിലപ്പോള്‍ അതിലധികവും കാത്തിരിയ്ക്കേണ്ടിവരുന്നു. വിവിധ കോടതികളില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുന്ന കാര്യം റിപ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ട്. ഇത്തരം കേസുകള്‍ തുടര്‍ച്ചയായി നീട്ടിവെയ്ക്കുന്ന സമ്പ്രദായം അവസാനിപ്പിയ്ക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. വിരമിച്ച ജഡ്ജിമാരെ നിയമിയ്ക്കാം, താഴേതലങ്ങളിലുള്ള ജഡ്ജിമാരുടെ വിരമിയ്ക്കല്‍ പ്രായം വര്‍ധിപ്പിയ്ക്കാം എന്നൊക്കെയുള്ള പോംവഴികള്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍, ബലാല്‍സംഗക്കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിയ്ക്കണമെന്നോ അതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കണമെന്നോ ഉള്ള വ്യക്തമായ ശുപാര്‍ശ അതില്‍ ഇല്ലാത്തത് നിരാശാജനകമാണ്. നീണ്ടുനില്‍ക്കുന്ന കോടതി നടപടികള്‍, ബലാല്‍സംഗത്തിന്നിരയായവരെ സംബന്ധിച്ചിടത്തോളം തികച്ചും അനീതിയായിത്തീരും എന്നതിനാല്‍, പല സംഘടനകളും ഉന്നയിച്ച, മൂന്നുമാസക്കാലത്തെ സമയപരിധി, കമ്മിറ്റിയ്ക്ക് സ്വീകരിയ്ക്കാമായിരുന്നു. ബഹുതലസ്പര്‍ശിയായ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്, കമ്മിറ്റിയെ അഭിനന്ദിയ്ക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ അതൊരു വലിയ കാല്‍വെയ്പു തന്നെയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെടുത്തുകയും കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കുകയും ചെയ്യുകയാണെങ്കില്‍, കമ്മിറ്റിയുടെ ശുപാര്‍ശകളെ ദീര്‍ഘകാല നേട്ടങ്ങളാക്കി മാറ്റാന്‍ കഴിയും. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പൊടിതട്ടി പുറത്തെടുക്കുന്ന, പതിനഞ്ചുവര്‍ഷം പഴക്കമുള്ള വനിതാ സംവരണ ബില്ലിെന്‍റ ദുര്‍വിധി അതിനും വരാന്‍ അനുവദിക്കരുത്.

*
വൃന്ദാ കാരാട്ട് ചിന്ത വാരിക

No comments: