Thursday, February 21, 2013

ഈ പണിമുടക്കം ചരിത്രപരമായ ദൗത്യം

ഇന്ത്യ ദര്‍ശിച്ച എക്കാലത്തെയും ഏറ്റവും ഉജ്ജ്വലമായ പൊതുപണിമുടക്കമായിരുന്ന 2012 ഫെബ്രുവരി 28 ല്‍ നടന്നത്. ഈ പണിമുടക്കം കഴിഞ്ഞ ഒരു വര്‍ഷം തികയുന്നതിനു മുമ്പ് വീണ്ടും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ദിദ്വിന പണിമുടക്കിലേക്കു നീങ്ങുകയാണ്. പണിമുടക്കിന്റെ കേളികൊട്ട് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ പൊതുപണിമുടക്കില്‍ സഹകരിക്കാത്ത ശിവസേനയുടെ ഭാരതീയ കാംഗാര്‍ യൂണിയനുള്‍പ്പെടെ നിരവധി ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഈ പൊതുപണിമുടക്കില്‍ പങ്കെടുക്കും. സമസ്ത മേഖലയിലെ തൊഴിലാളികളും ഫെബ്രുവരി 20, 21 തീയതികളിലെ ഐതിഹാസികമായ സമരത്തില്‍ സഹകരിക്കുമെന്നുറപ്പായിരിക്കുന്നു. വമ്പിച്ച പ്രചരണ പ്രവര്‍ത്തനമാണ് നാടൊട്ടുക്കും നടക്കുന്നത്.

2012 ഫെബ്രുവരി 28 ന്റെ പൊതുപണുമുടക്കം ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കമായിരുന്നു. ലോക മാധ്യമങ്ങള്‍ പണിമുടക്കം വന്‍വിജയമായിരുന്നു എന്ന് വിലയിരുത്തുകയുണ്ടായി. ഇത്ര ശക്തമായ തൊഴിലാളി മുന്നേറ്റത്തെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചത് ഇന്ത്യന്‍ ഭരണകൂടമാണ്. ഗവണ്‍മെന്റിന്റെ തൊഴിലാളി വരുദ്ധനയവും കോര്‍പ്പറേറ്റ് പ്രേമവുമാണ് ഇത്രയും വലിയ ഒരു പണിമുടക്കത്തെ നിസ്സാരമായി കാണാന്‍ ഭരണക്കാരെ പ്രേരിപ്പിച്ചത്. ഈ സമീപനമാണ് വീണ്ടുമൊരു പണിമുടക്കിലേക്കു തൊഴിലാളി വര്‍ഗ്ഗത്തെ കൊണ്ടുചെന്നെത്തിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ട്രേഡ് യൂണിയനുകളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ട് പൊതുവായി യോജിപ്പുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭത്തിലേര്‍പ്പെടാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിടുകയാണ്. ഇന്ത്യയിലെ പതിനൊന്നു അംഗീകൃത ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സംസ്ഥാനത്തു മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി ട്രേഡ് യൂണിയന്‍ സംഘടനകളും ഇക്കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഒരുമിച്ചുന്നയിക്കുന്ന ഡിമാന്റുകളില്‍ അര്‍ഥവത്തായ ഒരു ചര്‍ച്ചയ്ക്കുപോലും ഗവണ്‍മെന്റ് തയ്യാറായില്ലെന്നത് അഭിമാന ബോധമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

2012 മാര്‍ച്ച് 19-ാം തീയതി എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പാര്‍ലമെന്റില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന സ്ഥിതി വിശേഷങ്ങളെക്കുറിച്ച് പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തുകയുണ്ടായി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ യഥാര്‍ഥ സ്ഥിതി വരച്ചു കാട്ടിക്കൊണ്ട് നടത്തിയ പ്രസംഗം സഭ മൊട്ടുസൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയോടെയാണ് ശ്രവിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് 'ഇന്ത്യയിലെ 791 അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വവുമില്ല, സാമൂഹ്യ സുരക്ഷിതത്വമില്ല, കൊടിയ ദാരിദ്ര്യത്തിലാണ്, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്' എന്ന് അദ്ദേഹം പറഞ്ഞു. 90 കോടി ജനങ്ങളുടെ ശരാശരി പ്രതിദിന വരുമാനം 20 രൂപയും 79 ശതമാനം തൊഴിലാളികളുടെ പ്രതിദിന വരുമാനം 20 രൂപയുമാണ്. മിനിമം വേജസ് തൊഴിലാളിയ്ക്ക് കിട്ടുന്നില്ല. കരാര്‍ തൊഴിലാളികള്‍ വന്‍ചൂഷണത്തിന് വിധേയമാകുന്നു.

ഇന്ത്യയിലെ തൊഴിലാളികളുടെയും ജനങ്ങളുടെയും ദുസ്ഥിതിയെ ഗവണ്മെന്റിന്റെ തന്നെ വിവിധ റിപ്പോര്‍ട്ടുകളെയും സാമ്പത്തിക സര്‍വ്വേകളുടെയും ഉപോത്ബലകത്തില്‍ ഗുരുദാസ് വികാര തീവ്രമായി അവതരിപ്പിച്ചു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ ഇന്ത്യന്‍ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. അതേപടി ഉദ്ധരിക്കട്ടെ Artificial tears, synthetic tears will not give any support. Feel the pain of poverty feel the pain of starvation, please realise when a man loses his job what happens to him. You are not here to listen to me. I am sure that they will never look into the proceedings of the House also. This is the political system that responsible for its cowardly inaction towards the producers of wealth  in the country. (പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പ്രണബ്മുഖര്‍ജിയും സഭയില്‍ ഈ പ്രസംഗം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ ഇല്ലായിരുന്നു).

ആഗോളീകരണത്തിന്റെ ഫലമായുണ്ടായിട്ടുള്ള നവഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴിലെടുക്കുന്നവര്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടാണോ? ഉദാഹരണമായി ഗുരുദാസ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചത് പ്രോവിഡന്റ് ഫണ്ടിലെ കാര്യമാണ്. 450,00,000 ഓളം ആളുകള്‍ പ്രോവിഡന്റ് ഫണ്ടിലെ ഗുണഭോക്താക്കളാണ്. എന്നാല്‍ 1,50,000 കോടി രൂപയാണ് പ്രോവിഡന്റ് ഫണ്ട് കുടിശ്ശിക. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് മുതലാളിമാര്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നതിന്റെ ഉദാഹരണമല്ലേ ഇത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം തച്ച് തകര്‍ക്കുന്ന കാഴ്ചയല്ലേ, മാരുതി കമ്പനിയില്‍ നാം കണ്ടത്. 500 തൊഴിലാളികളെ പണിമുടക്കു പ്രക്ഷോഭത്തിന്റെ പേരില്‍ പിരിച്ച് വിട്ടു. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നടത്തിയിട്ടും പ്രയോജനം കണ്ടില്ലെന്നു ഗുരുദാസ് പാര്‍ലമെന്റ് പ്രസംഗത്തില്‍ പറഞ്ഞു.

നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കം കുറിച്ച് രണ്ട് ദശാബ്ദം തികയുമ്പോള്‍ പൊതുമേഖലാ വ്യവസായങ്ങളില്‍ നിന്നും ബാങ്കിംഗ് സെക്ടറില്‍ നിന്നും 11 ലക്ഷം പേരെ പിരിച്ചു വിട്ടു. ഇന്ത്യയിലെയും വിദേശത്തെയും ധനമൂലധന ശക്തികള്‍ പൊതുമേഖലകള്‍ ഓരോന്നോരോന്നായി  കരസ്ഥമാക്കുകയാണ്. ഏറ്റവും അവസാനം ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അരങ്ങൊരുങ്ങിയിരിക്കുന്നു. തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചു വിട്ടുകൊണ്ടും പെന്‍ഷന്‍ നിര്‍ത്തലാക്കിയും ക്ഷേമപദ്ധതികള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭത്തിന്റെ ആദ്യത്തെ ഡിമാന്റ് വിലക്കയറ്റം തടയണമെന്നുള്ളതാണ്. തൊഴിലാളികള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലിത്. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവ് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് ആലോചനയേ ഇല്ല. അവര്‍ക്ക് കൃത്യമായി ഭക്ഷണം കഴിക്കാന്‍ മാര്‍ഗ്ഗമില്ല. ഗ്രാമീണ മേഖലകളില്‍, ആദിവാസി ആവാസ മേഖലകളില്‍ മാത്രമല്ല നഗരങ്ങളില്‍ ദാരിദ്ര്യത്തിന്റെ കാഠിന്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പി സായിനാഥിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുകൊണ്ടു വരികയുണ്ടായി. ഭക്ഷ്യധാന്യ ഗോഡൗണുകളില്‍ ടണ്‍ കണക്കിനു ഭക്ഷ്യധാന്യങ്ങള്‍ എലിയും മറ്റു കീടങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാത്തതെന്തെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തെ 32 ശതമാനത്തിലധികം ജനങ്ങള്‍ ഭക്ഷണ കാര്യത്തില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അരക്ഷിതാവസ്ഥയിലാണെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷ്യ സുരക്ഷയ്ക്കായി ഗവണ്മെന്റു കൈക്കൊള്ളുന്ന നടപടികളൊന്നും തന്നെ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. മഞ്ഞിലും മഴയത്തും വസ്ത്രമില്ലാത്തതുകൊണ്ടും കിടപ്പാടം ഇല്ലാത്തതുകൊണ്ടും രാജ്യത്ത് കഴിഞ്ഞ വര്‍ഷം 950 ലധികം പേര്‍ മരണപ്പെട്ടു.

പരമ്പരാഗത മേഖലയിലെ അവഗണന സൃഷ്ടിക്കുന്ന തൊഴില്‍ രാഹിത്യവും പട്ടിണിയും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടു മുതലിങ്ങോട്ട് ദീര്‍ഘനാള്‍ കൊണ്ട് നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കവര്‍ന്നെടുക്കുകയാണ്. സ്റ്റാറ്റിയൂട്ടറി മിനിമം വേജസ് കടലാസില്‍ ഒതുങ്ങുന്നു. സ്വകാര്യ മേഖലയിലെ പോലെ തന്നെ പൊതുമേഖല അര്‍ദ്ധ പൊതുമേഖലാ സ്ഥാപനങ്ങളിലും പത്തും പന്ത്രണ്ടും മണിക്കൂര്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. കരാര്‍ - പുറം കരാര്‍ വ്യവസ്ഥ ഗവണ്മെന്റ് നയമായി മാറിയിരിക്കുന്നു. ഐ ടി മേഖലയുള്‍പ്പെടെയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളൊന്നും ബാധകമല്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന സേവന വേതന വ്യവസ്ഥകള്‍ തലകീഴായി മറിഞ്ഞു. ലോക സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് വന്‍തോതിലുള്ള പിരിച്ച് വിടല്‍. 1930 കള്‍ക്കുശേഷം മുതലാളിത്ത ലോകം നേരിട്ട വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തയ്യാറാകുന്നില്ല. രണ്ടു ദശാബ്ദകാലത്തെ ആഗോളീകരണ നയങ്ങളുടെ കെടുതി ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നതു തൊഴില്‍ ശക്തിയാണ്. ചൂതാട്ടത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും വിഹാര രംഗമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിക്കൊണ്ടും യഥാര്‍ത്ഥ വളര്‍ച്ചയും വികസനവും ലക്ഷ്യം നേടാതെയും സമ്പത്തു പ്രത്യേക വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വിലക്കയറ്റവും മറ്റു ദുരിതങ്ങളും അറുതി വരുത്താന്‍ ഗവണ്മെന്റ് തയ്യാറാകണം. ഈ പശ്ചാത്തലത്തിലാണ് നിരന്തര പോരാട്ടത്തില്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തു വന്നത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക, ബ്രിട്ടന്‍, പോര്‍ച്ചുഗീസ്, ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും കോര്‍പ്പറേറ്റ് ഭരണത്തിനെതിരെ ഒരുമിച്ച് കൈകോര്‍ത്തു പിടിച്ചുകൊണ്ട് വന്‍ പ്രക്ഷോഭത്തിലാണ്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന പ്രക്ഷോഭ സമരങ്ങളുമായി ഇന്ത്യയില്‍ നടക്കുന്ന സമരങ്ങള്‍ ഐക്യദാര്‍ഢ്യപ്പെട്ടിരിക്കുന്നു. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകളും ഭരണകൂടവും മറുഭാഗത്ത് തൊഴിലെടുക്കുന്നവരും തൊഴില്‍ രഹിതരായ ചെറുപ്പക്കാരും വിദ്യാര്‍ഥികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുദ്ധിജീവികളും എന്ന സ്ഥിതിയാണ് ലോകത്തെല്ലായിടത്തും. ആഗോള ധന മൂലധനത്തിനെതിരെ വന്‍ഭൗതിക ശക്തിയായി ജനകീയ ഐക്യവും വിപുലമായ പ്രക്ഷോഭങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. പല ഭരണകൂടങ്ങളുടെ തലവന്മാര്‍ക്ക് ഭരണത്തില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന സാഹചര്യവുമുണ്ടായി.

തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന ഡിമാന്റുകള്‍ തികച്ചും ന്യായയുക്തവും പരിഹരിക്കാന്‍ കഴിയുന്നതുമാണ്. വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ രക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ ഫണ്ട് രൂപീകരിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, മിനിമം വേതനം 10,000 രൂപ കിട്ടത്തക്ക വിധം മിനിമം വേജ് ആക്ട് ഭേദഗതി ചെയ്യുക, ബോണസ്സ് - പ്രോവിഡന്റ് ഫണ്ട് ഇവ ലഭിക്കുന്നതിനുള്ള യോഗ്യതയും പരിധിയും ഉയര്‍ത്തുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കുക തുടങ്ങി തൊഴിലാളികളുടെയും നാട്ടിന്റെയും നിലനില്‍പ്പിനു വേണ്ടിയുള്ള ആവശ്യങ്ങളാണുന്നയിക്കുന്നത്. ഈ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക എന്നതു രാജ്യത്തെ ഭരണഘടനയിലും നിലവിലുള്ള നിയമങ്ങളിലും ഉറപ്പു പറയുന്ന വസ്തുതകളാകുന്നു.

ചുരുക്കത്തില്‍ ഭരണഘടനയുടെ 21-ാം അനുഛേദത്തില്‍ ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം (Right to live) എന്ന ഉറപ്പാക്കുന്ന അവകാശത്തിനു വേണ്ടിയാണ് രാജ്യം സ്വാതന്ത്യം നേടി ആറു ദശാബ്ദം കഴിഞ്ഞിട്ടും തൊഴിലാളി വര്‍ഗ്ഗത്തിന് പ്രക്ഷോഭത്തിലേര്‍െപ്പടേണ്ടി വന്നതെന്ന് ഭരണവര്‍ഗ്ഗം ഓര്‍ക്കുന്നതു നന്ന്.

48 മണിക്കൂര്‍ പണിമുടക്ക് നാട്ടില്‍ സൃഷ്ടിക്കാന്‍ പോകുന്ന ചലനങ്ങള്‍ തീര്‍ച്ചയായും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. അത്ര ആത്മവിശ്വാസത്തോടെയാണ് തൊഴിലാളി വര്‍ഗ്ഗം അതിന്റെ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുന്നത്.

*
കാനം രാജേന്ദ്രന്‍ ജനയുഗം 20 ഫെബ്രുവരി 2013

No comments: