Saturday, February 16, 2013

സഹകരണമേഖലയിലെ യുഡിഎഫ് ജനാധിപത്യം

കേരളത്തില്‍ സഹകരണ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിയെന്നാണ് ജില്ലാബാങ്ക് തെരഞ്ഞെടുപ്പ് തെളിയിച്ചതെങ്കില്‍ നിയമസഭ പാസാക്കിയ കേരള സഹകരണ നിയമം (ഭേദഗതി) ബില്ലാവട്ടെ യുഡിഎഫ് സഹകരണ പ്രസ്ഥാനത്തിന്റെ ആരാച്ചാരാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കാകെ മാതൃകയാണെന്ന് കേന്ദ്ര ഭരണാധികാരികള്‍ പലതവണ സൂചിപ്പിച്ചതാണ്. സാര്‍വദേശീയ സഹകരണ തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതും ലക്ഷക്കണക്കിന് അംഗങ്ങള്‍ അണിനിരന്നതും നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ളതുമായ വിപുലമായ ജനകീയ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം.

13 ജില്ലാ സഹകരണ ബാങ്കുകളുടെ അധികാരം പിടിച്ചെടുക്കുകവഴി ഒരു ജനകീയ പ്രസ്ഥാനത്തെയാണ് ഏതാനും രാഷ്ട്രീയ നേതാക്കളുടെ കൈയിലെത്തിച്ചത്. 2012 ഫെബ്രുവരി 10നാണ് ജില്ലാ സഹകരണബാങ്കുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ടത്. സഹകരണ ജനാധിപത്യം അട്ടിമറിക്കാനുള്ള നിയമത്തിന് ധൃതിപിടിച്ച് ബംഗളൂരുവില്‍ കൊണ്ടുപോയി ഗവര്‍ണറുടെ കൈയൊപ്പ് വാങ്ങുകയാണ് യുഡിഎഫ് ചെയ്തത്. 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ നിയമത്തില്‍, ഒരു സ്ഥാപനത്തിന്റെ ഭരണകാലാവധിക്കിടെ അഴിമതിയുള്‍പ്പെടെയുള്ള ന്യായമായ കാരണങ്ങള്‍ കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ടുകൂടാ എന്ന വ്യവസ്ഥയുണ്ട്. എന്തുകൊണ്ട് ജില്ലാബാങ്കുകളുടെ കാര്യത്തില്‍ യുഡിഎഫ് ആ വ്യവസ്ഥ പാലിച്ചില്ല? കേന്ദ്ര സഹകരണ നിയമത്തിന്റെ പ്രധാന സവിശേഷതയായി കേന്ദ്രസര്‍ക്കാരിന്റെ വക്താക്കള്‍ പറഞ്ഞുനടന്നത്, രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് ഭരണസമിതികളെ പിരിച്ചുവിടുന്നത് തടയുകയും ജനാധിപത്യം സംരക്ഷിക്കുകയുംചെയ്യുമെന്നാണ്. എന്നാല്‍, ജില്ലാ ബാങ്കുകളുടെ കാര്യത്തില്‍ നേര്‍വിപരീതമാണ് നടന്നത്.

ബോര്‍ഡുകളും കോര്‍പറേഷനുകളും മറ്റു സര്‍ക്കാര്‍ പദവികളും വീതംവച്ചപ്പോള്‍ യുഡിഎഫിലുണ്ടായ രൂക്ഷമായ ഭിന്നത പരിഹരിക്കാന്‍ ജില്ലാബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ നല്‍കാമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. മുന്നണിയിലെ തര്‍ക്കംമാത്രമല്ല, കോണ്‍ഗ്രസിലെ സ്ഥാനമോഹികളെ തൃപ്തിപ്പെടുത്തുക എന്നതും പ്രധാനമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് പ്രസിഡന്റ് സ്ഥാനം വീതംവച്ചിരുന്നു. അതായത്, യുഡിഎഫിന്റെ രാഷ്ട്രീയ തിരുമാനമായിരുന്നു ജില്ലാബാങ്ക് ഭരണം ഏത് ഹീനമാര്‍ഗമുപയോഗിച്ചും പിടിച്ചെടുക്കുക എന്നത്. അതാണ് സര്‍ക്കാരിനെക്കൊണ്ട് ചെയ്യിച്ചത്. ഏതൊരു തെരഞ്ഞെടുപ്പിലും പ്രധാനഘടകമാണ് വോട്ടര്‍പട്ടിക. ജില്ലാ ബാങ്കാവുമ്പോള്‍ വ്യക്തികളായ വോട്ടര്‍മാര്‍ എത്തുന്നത് അംഗങ്ങളായ സഹകരണ സംഘങ്ങളെ പ്രതിനിധാനംചെയ്താണ്. കാര്‍ഷിക വായ്പ നല്‍കുന്ന പ്രാഥമിക സഹകരണ ബാങ്കുകളുടെയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും അപ്പക്സ് സ്ഥാപനമായാണ് ജില്ലാബാങ്കുകളെ കണക്കാക്കിവന്നത്. സഹകരണ കോണ്‍ഗ്രസിന്റെയും നിരവധി പഠന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം. ക്രെഡിറ്റ്- ക്രെഡിറ്റിതര സംഘങ്ങള്‍ക്ക് മുഴുവന്‍ വോട്ടവകാശം നല്‍കണമെന്നാണ് യുഡിഎഫിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വോട്ടവകാശം നിഷേധിച്ചവര്‍ക്ക് തങ്ങള്‍ വോട്ടവകാശം നല്‍കുകമാത്രമാണ് ചെയ്തതെന്നാണ് യുഡിഎഫ് വാദിക്കുന്നത്. എന്നാല്‍, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജില്ലാ ബാങ്കുകളില്‍ അംഗങ്ങളായതുമായ മുഴുവന്‍ സഹകരണ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കിയില്ല.

2007 സെപ്തംബറിനുശേഷം അംഗത്വം ലഭിച്ച സംഘങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരിക്കില്ല എന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇത്തരത്തില്‍ ക്രെഡിറ്റിതര സംഘങ്ങള്‍ക്ക് വോട്ട് നിഷേധിച്ചു. യുഡിഎഫിന് വോട്ട് ചെയ്യുന്ന ക്രെഡിറ്റിതര സംഘങ്ങള്‍ക്കു മാത്രം വോട്ടവകാശം മതിയെന്ന സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണ് സര്‍ക്കാരിനുള്ളതെന്ന് തെളിയിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. ലിക്വിഡേറ്റ് ചെയ്ത സംഘങ്ങള്‍ക്ക് അവര്‍ വോട്ടവകാശം നല്‍കി. ഒരു സംഘം ദീര്‍ഘകാലമായി പ്രവര്‍ത്തനരഹിതമായാല്‍ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തികരിച്ചാലാണ് ആ സംഘം ലിക്വിഡേറ്റ് ചെയ്തു എന്നുപറയുക. അത്തരം സംഘങ്ങളുടെ രജിസ്ട്രേഷന്‍ സഹകരണവകുപ്പ് റദ്ദാക്കുകയും അംഗത്വം ലഭിക്കുമ്പോള്‍ അടച്ച ഓഹരി സംഖ്യ തിരിച്ചുനല്‍കുകയും ചെയ്യും. ഇത്തരം സംഘങ്ങള്‍ക്ക് ഏത് നിയമമനുസരിച്ചാണ് ഇപ്പോള്‍ വോട്ടവകാശം നല്‍കിയത്?

ജില്ലാ ബാങ്ക് സംബന്ധിച്ച മറ്റെല്ലാ കേസുകളെയുംപോലെ ലിക്വിഡേറ്റ് ചെയ്ത സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്ന നടപടിയെ ചോദ്യംചെയ്തുള്ള കേസും തെരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. പ്രത്യേകപെട്ടിയില്‍ ഈ വോട്ടുകള്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഏകദേശം 400ലധികം "പരേതാത്മാക്കള്‍" വോട്ട് ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്ന ജീവനുള്ള ക്രെഡിറ്റിതര സംഘങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് യുഡിഎഫിന് വോട്ട് ചെയ്യുന്ന "പരേതരായ സംഘങ്ങള്‍" വോട്ട് ചെയ്യുകയും ചെയ്തു. ഇതാണ് ജില്ലാ ബാങ്കുകളില്‍ നടന്ന ജനാധിപത്യം. സഹകരണ നിയമം 32- 3 ജെ വകുപ്പ് പ്രകാരം സര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കോ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ അധികാരമില്ലെന്ന് 2009 മെയ് 9ന് സുപ്രീം കോടതി വിധിച്ചതാണ്. വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് വോട്ടവകാശമില്ലാതെ നോമിനല്‍ ഓഹരിയോടെ അംഗത്വം നല്‍കുകമാത്രമേ പാടുള്ളൂ. കോടതിവിധികള്‍ ധിക്കരിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ അഡ്മിനിസട്രേറ്റര്‍മാര്‍ നിരവധി സംഘങ്ങള്‍ക്ക് അംഗത്വം നല്‍കിയത്. അതാവട്ടെ, നിയമവിരുദ്ധമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് ഓഹരി സംഖ്യപോലും തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ച കടലാസ് സംഘങ്ങള്‍ക്കും.
 
കോഴിക്കോട് ജില്ലാബാങ്കില്‍മാത്രം 68 സംഘങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍മാരാണ് വോട്ടവകാശം നല്‍കിയത്. 2013 ഫെബ്രുവരി ആറിന് നിയമസഭയില്‍ ഒരു ചോദ്യത്തിന് സഹകരണ മന്ത്രി പറഞ്ഞ മറുപടി അഡ്മിനിസ്ട്രേറ്റര്‍ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ അധികാരമില്ലെന്നാണ്. എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ അഡ്മിനിസ്ട്രേറ്റര്‍ അംഗങ്ങളെ ചേര്‍ക്കുകയും ആ അംഗങ്ങള്‍ വോട്ടുചെയ്യുകയുംചെയ്തു. വ്യാജ വോട്ടര്‍പട്ടിക തയ്യാറാക്കിയാണ് ഒരിക്കലും ജയസാധ്യതയില്ലെന്ന് യുഡിഎഫ് കരുതിയ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് പോലുള്ള ജില്ലാ ബാങ്കുകള്‍ പിടിച്ചടക്കിയത്. കോടതി നിര്‍ദേശിച്ച രീതിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയോ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുകയോ ചെയ്തില്ല. ഇത്തരത്തില്‍ വ്യാജന്മാര്‍ വന്ന് വോട്ടുചെയ്താണ് മൂന്ന് ജില്ലാ ബാങ്കുകള്‍ പടിച്ചെടുത്തത്. കോഴിക്കോട്ട് യുഡിഎഫ് വിജയിച്ചത് 20 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ജയിച്ച ഡയറക്ടര്‍മാരില്‍ രണ്ടുപേര്‍ ജില്ലാ ബാങ്കില്‍ ഒരു രൂപപോലും ഓഹരി ഇല്ലാത്തതും ലിക്വിഡേറ്റ് ചെയ്തതുമായ സംഘത്തിന്റെ പ്രതിനിധികളാണ്. ഇത്തരത്തിലുള്ള 82 സംഘങ്ങളുടെ പ്രതിനിധികള്‍ വോട്ട് ചെയ്തു. ഇടുക്കിയില്‍ ഫെബ്രുവരി ഒന്‍പതുവരെ വോട്ടര്‍പട്ടികയില്‍ 480 സംഘങ്ങളുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ദിവസം 178 പേരെ ഒഴിവാക്കി. 161 സംഘങ്ങള്‍ക്കു മാത്രം വോട്ടവകാശമുണ്ടായിരുന്ന തൃശൂരില്‍ 811 സംഘങ്ങള്‍ക്ക് അന്തിമപട്ടികയില്‍ വോട്ടവകാശം നല്‍കി.

സഹകരണ ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതെല്ലാം കരുത്തുപകരുമോ? സഹകരണ തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് വോട്ടര്‍പട്ടിക തയ്യാറാക്കാനുള്ള ചുമതല ഇലക്ടറല്‍ ഓഫീസര്‍ക്കാണ്. അത് സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ്. അദ്ദേഹം സ്ഥാനാര്‍ഥിക്ക് വോട്ടര്‍പട്ടിക ആവശ്യപ്പെട്ടപ്പോള്‍ രേഖാമൂലം നല്‍കിയ മറുപടി ഇങ്ങനെയാണ്: ""വോട്ടര്‍പട്ടിക എന്റെ കസ്റ്റഡിയിലോ അധീനതയിലോ ഇല്ലാത്തതിനാല്‍ നല്‍കാന്‍ നിര്‍വാഹമില്ല"". വ്യാജരേഖയാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്ന പ്രാഥമിക ബോധ്യത്തെതുടര്‍ന്ന് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി, ഉദ്യോഗസ്ഥരുടെ വീടും ഓഫീസും സര്‍ച്ച്ചെയ്തു രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കയാണ്. കേരള നിയമസഭയില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ മൂന്ന് അംഗങ്ങളാണ് കൂടുതല്‍. എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയ ബലാബലത്തില്‍ ഒപ്പത്തിനൊപ്പമാണ്.

സഹകരണ മേഖലയില്‍ സ്വാധീനം ഇടതുപക്ഷത്തിനാണെന്ന് ഏവര്‍ക്കുമറിയാം. 2001- 2006 ലെ യുഡിഎഫ് ഭരണകാലത്ത് ഇതേ നിയമം കൊണ്ടുവന്നു തെരഞ്ഞെടുപ്പ് നടത്തിയിട്ടും കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലാ ബാങ്കുകളില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. 1996- 2001ല്‍ എല്‍ഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ പത്തനംതിട്ടയും മലപ്പുറവും യുഡിഎഫാണ് ജില്ലാബാങ്കുകള്‍ ഭരിച്ചത്. യുഡിഎഫ് കൊണ്ടുവന്ന നിയമമനുസരിച്ച് നേരായ മാര്‍ഗത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കില്‍ പകുതി ജില്ലാ ബാങ്കുകള്‍ എല്‍ഡിഎഫ് ഭരിക്കുമായിരുന്നു. അധികാരത്തിന്റെ മുഷ്കില്‍ ജനാധിപത്യം അട്ടിമറിച്ച ഇക്കൂട്ടരെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ ""ജില്ലാ ബാങ്ക് മോഡല്‍ സഹകരണ ജനാധിപത്യം"" മറ്റു സഹകരണ സ്ഥാപനങ്ങളിലും നടപ്പാക്കും. അതിനെതിരായ ചെറുത്തുനില്‍പ്പാണ് സഹകാരികളും ജനാധിപത്യ വിശ്വാസികളും സംഘടിപ്പിക്കേണ്ടത്.

*
എം വി ജയരാജന്‍ ദേശാഭിമാനി 16 ഫെബ്രുവരി 2013

No comments: