Monday, February 11, 2013

നിയമത്തിന്റെ സ്ത്രീപക്ഷം

ആത്മഹത്യയ്ക്കെന്നപോലെ ബലാത്സംഗത്തിനും കാരണങ്ങള്‍ നിരവധി കണ്ടെത്താം. അവയത്രയും ശരിയാകണമെന്നില്ല. കാരണം ഇല്ലാതാക്കുന്നതിനുള്ള ഉത്തരവാദിത്വം നിയമത്തിനില്ല. കുറ്റം കണ്ടെത്തി ശിക്ഷിക്കുകയെന്നതാണ് കോടതിയുടെ ചുമതല. ശിക്ഷയുടെ കാഠിന്യം ചിലപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായേക്കാം. എന്നാല്‍ അത് പൊതുവായ സാധുതയില്ലാത്ത സാധ്യത മാത്രമാണ്. പോക്കറ്റടിക്കാരെ പരസ്യമായി തൂക്കിക്കൊല്ലുന്ന രീതി ഇംഗ്ലണ്ടിലുണ്ടായിരുന്നു. കാഴ്ചക്കാരായെത്തുന്നവരുടെ പോക്കറ്റടിക്കാന്‍ എത്തുന്നവര്‍ക്ക് കഴുമരത്തിന്റെ കാഴ്ച സ്വന്തം ജോലി ചെയ്യുന്നതിന് തടസമായില്ല. ബലാത്സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയിരുന്ന രാജ്യങ്ങള്‍ കാലക്രമത്തില്‍ അതുപേക്ഷിച്ചത് വധശിക്ഷയുടെ സാധ്യത അതിക്രമങ്ങളുടെ എണ്ണം കുറയ്ക്കാതിരുന്നതുകൊണ്ടാണ്. ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ നിന്നകന്ന് സംയമനത്തോടെയും സമചിത്തതയോടെയും നിര്‍വഹിക്കപ്പെടേണ്ട കാര്യങ്ങളാണ് നിയമനിര്‍മാണവും നീതിനിര്‍വഹണവും. ഇക്കാര്യത്തില്‍ പ്രശംസനീയമായ രീതിയിലാണ് വര്‍മ കമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. നിയമനിര്‍മാണത്തിനുള്ള ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാകുന്നത് പാര്‍ലമെന്‍റിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോ കഴിയുമെങ്കില്‍ ഇല്ലാതാക്കുന്നതിനോ സഹായകമായ നിയമങ്ങള്‍ ഉണ്ടാകട്ടെ. എന്നാല്‍ നിയമം കൊണ്ടു മാത്രം നേരിടാവുന്ന പ്രശ്നമല്ല ഇതെന്ന യാഥാര്‍ത്ഥ്യം അപ്പോഴും അവശേഷിക്കും.

ലൈംഗികമായ അഭിനിവേശത്തേക്കാള്‍ സ്ത്രീയെ കീഴ്പെടുത്തുന്നതിനുള്ള പുരുഷെന്‍റ ശാരീരീകവും മാനസികവും സാമൂഹികവും ചരിത്രപരവുമായ അഭിവാഞ്ഛയാണ് പലപ്പോഴും അത്യാചാരങ്ങള്‍ക്ക് കാരണമാകുന്നത്. ദുര്യോധന രാജധാനിയില്‍ രജസ്വലയായ പാഞ്ചാലിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചത് കാമം നിമിത്തമായിരുന്നില്ല. പാഞ്ചാലിയെ തളര്‍ത്തിയാല്‍ തളരുന്നത് അപ്പുറത്തെ ശക്തരാണെന്ന തിരിച്ചറിവിലായിരുന്നു സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന നാടകം അരങ്ങേറിയത്. അശിക്ഷിതരുടെ അക്രമവാസനയാണ് അത്യാചാരങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. അച്ചടക്കത്തിലും ശിക്ഷാഭീതിയിലും കഴിയുന്ന സൈനികര്‍ തരം കിട്ടിയാല്‍ ഗോവിന്ദച്ചാമിമാരായി മാറുന്നു. ജനങ്ങളെ ഭയപ്പെടുത്തി കീഴ്പെടുത്തുന്നതിന് ഭരണകൂടം സൈനികരെ സ്ത്രീകള്‍ക്കെതിരെ അഴിച്ചുവിടുന്ന കാഴ്ചയാണ് കശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കാണുന്നത്. പട്ടാളക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈറോം ശര്‍മിള പത്തു വര്‍ഷത്തിലേറെയായി സഹനസമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഏ കെ ആന്‍റണി രക്ഷാമന്ത്രിയായിരിക്കുമ്പോഴാണ് ഈറോം ശര്‍മിള സ്ത്രീകളുടെ മാനത്തിനുവേണ്ടി ജീവന്‍ ഹോമിച്ചുകൊണ്ടിരിക്കുന്നത്. ആന്‍റണിയെ പരാജയപ്പെട്ട പ്രതിരോധമന്ത്രിയെന്നു വിശേഷിപ്പിക്കേണ്ടി വരുന്നത് അതിര്‍ത്തിയിലെ അപമാനത്തിന്റെ പേരിലാവില്ല. എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന വേട്ടനായ്ക്കളെ കൂട്ടിലാക്കാന്‍ കഴിയാത്ത ആന്‍റണിയെ പരാജിതരുടെ പട്ടികയില്‍ പെടുത്തേണ്ടിവരും.

സോണിയ ഗാന്ധി നയിക്കുന്ന യുപിഏയുടെ സ്ത്രീകളോടുള്ള മനോഭാവം ഇതാണെങ്കില്‍ ജുഡീഷ്യറിയുടെ നിലപാടും വിഭിന്നമല്ല. മനുഷ്യാവകാശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ചുമതലയുള്ള സുപ്രീം കോടതി എന്തുകൊണ്ട് ഈറോം ശര്‍മിളയുടെ വിഷയത്തില്‍ ഇടപെടുന്നില്ല. നിശബ്ദതയും നിഷ്ക്രിയത്വവും കുറ്റകരമാണ്. ബസില്‍നിന്ന് കശക്കിയെറിയപ്പെട്ട യുവതി മണിപ്പൂരിലായിരുന്നുവെങ്കില്‍ അവള്‍ക്കുവേണ്ടി ഒരു മെഴുകുതിരിയും കത്തുമായിരുന്നില്ല. മാനത്തിന്റെ ആസ്ഥാനം ഡല്‍ഹിയല്ല. മാധ്യമ ജിങ്ഗോയിസത്തില്‍ നിയമങ്ങള്‍ കര്‍ശനമാകുന്നു. മുംബൈ ആക്രമണത്തിനുശേഷമാണ് നിയമവിരുദ്ധമായ പ്രവൃത്തികളെ തടയുന്നതിനുള്ള നിയമത്തില്‍ പെടുമരണം പ്രാപിച്ച പോട്ടയെ വിദഗ്ധമായി സന്നിവേശിപ്പിച്ചത്. ഹെഡ്ലിക്കും കസബിനും വേണ്ടിയാണ് കെണി വച്ചത്. പക്ഷേ കൊണ്ടത് മദനിക്കും നിരപരാധികളായ നിരവധി പേര്‍ക്കുമാണ്. നിയമത്തെ മന:സാക്ഷിയില്ലാതെ ദുരുപയോഗപ്പെടുത്തുന്ന നിയമപാലകരും അതിനു കൂട്ടുനില്‍ക്കുന്ന നീതിപാലകരും ഉള്ള നാട്ടില്‍ കഠിനമായ നിയമങ്ങള്‍ ഗുരുതരമായ നീതിനിഷേധത്തിനു കാരണമാകും. കളവ് പറയുന്നതിനു മടിയില്ലാത്തവരാണ് പരാതിക്കാരും സാക്ഷികളും. ബലാത്സംഗത്തിന് വധശിക്ഷ നിര്‍ദേശിക്കാതിരുന്ന വര്‍മ കമ്മീഷനോട് വനിതാ സംഘടനകള്‍ വിയോജിക്കാതിരുന്നത് നന്നായി. വധശിക്ഷ അത്യപൂര്‍വമാക്കിയതിനുശേഷം ഇന്ത്യയില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടില്ല. നിയമത്തിന്റെ അഭാവമല്ല സ്ത്രീകളെ അരക്ഷിതരാക്കുന്നത്. നിയമം എത്ര കഠിനമായാലും കുറ്റവാളികളെ ഭയപ്പെടുത്താന്‍ പര്യാപ്തമല്ല. ഭയപ്പെടുന്ന സമൂഹത്തിന് നിയമം ആശ്വാസമാകണം.

ദ്രുതവിചാരണയാണ് ഇരകള്‍ക്കു ലഭിക്കാവുന്ന സമാശ്വാസം. നടപടികള്‍ സത്വരമാകണം. കൃത്യം നടന്ന് വര്‍ഷം തികയുംമുമ്പേ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കിയ കേരളത്തിലെ വിചാരണക്കോടതി അഭിനന്ദനീയമായി പ്രവര്‍ത്തിച്ചു. പക്ഷേ ഹൈക്കോടതിയുടെ സ്ഥിരീകരണം ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പ്രതി ജയിലില്‍ സുഖമായി കഴിയുന്നതുകണ്ട് സമൂഹം അസ്വസ്ഥമാകുന്നത്. കുറ്റവാളിയെ പട്ടിണിക്കിടാന്‍ നിയമം അനുവദിക്കുന്നില്ല. പ്രാകൃതമായി പ്രതികരിക്കുന്ന സമൂഹം ഗോവിന്ദച്ചാമിയുടെ നിലവാരത്തിലേക്കു താഴുന്നു. സമയബന്ധിതമായ നീതിനിര്‍വഹണം നീതിനിഷേധത്തിനു കാരണമായേക്കാം. ഭരണഘടനയുടെ പരിമിതിയിലാണ് വ്യക്തികളുടെ സ്വാതന്ത്ര്യം വിപുലമാകുന്നത്. ഭരണഘടനയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്നതാണ് വര്‍മ കമ്മിറ്റിയുടെ 22 നിര്‍ദേശങ്ങള്‍. ബലാത്സംഗത്തിനു കുറഞ്ഞ ശിക്ഷ പത്തു വര്‍ഷമാക്കുന്നതിനും ജീവപര്യന്തമെന്നത് മരണം വരെയുള്ള തടവാക്കുന്നതിനുമുള്ള ശിപാര്‍ശകള്‍ ശ്രദ്ധേയമാണ്. ബലാത്സംഗക്കേസുകളില്‍ അകപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യരാക്കണമെന്ന നിര്‍ദേശം സ്വീകരിക്കപ്പെടാനിടയില്ല. എന്നാല്‍ അത്തരക്കാരെ ശിക്ഷിക്കാന്‍ സമ്മതിദായകര്‍ക്ക് അവസരമുണ്ട്. അപരാധികളെ കഴുവിലേറ്റണമെന്ന് ആക്രോശിക്കുന്ന ജനം പോളിങ് ബൂത്തിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമാകും. അഴിമതിയായാലും ബലാത്സംഗമായാലും ആള്‍ക്കൂട്ടത്തിന്റെ വികാരമല്ല വ്യക്തികള്‍ പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുമണ്ഡലം സംശുദ്ധമാകാത്തതിെന്‍റ കാരണവും ഇതുതന്നെ. സ്ത്രീ അപമാനിതയാകുമ്പോഴാണ് പുരുഷന്‍ ശക്തനാകുന്നത്. പൊലീസും പട്ടാളവും നടത്തുന്ന അതിക്രമങ്ങള്‍ മാപ്പാക്കപ്പെടുന്നു. ജേതാവിെന്‍റ അവകാശമാണ് സ്ത്രീ. അനഭിമതമായ പ്രണയത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടിയെ അപമാനിക്കാം, കൊലപ്പെടുത്താം, ഭ്രഷ്ട് കല്‍പിച്ച് പുറത്താക്കാം. ഇതാണ് ഇന്ത്യയിലെ സാമൂഹികാവസ്ഥ. സതിയെന്ന ചിതയില്‍നിന്ന് മോചിതയായ സ്ത്രീക്ക് ഏറെയൊന്നും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അവളില്‍ കുറ്റം കണ്ടെത്തുന്നതിനുള്ള പരിശ്രമമാണ് അറിയാതെയാണെങ്കിലും ജുഡീഷ്യറിയും പലപ്പോഴും നടത്തിയിട്ടുള്ളത്. മഥുര കേസിലെ പരാമര്‍ശങ്ങള്‍ അപമാനിതയ്ക്ക് ആശ്വാസമായില്ല.

വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് എഴുതപ്പെട്ടിരിക്കുന്നത് പ്രതികാരത്തിന്റെ ഭാഷയിലല്ല. ഭരണഘടനയുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തില്‍ സ്ത്രീയുടെ അന്തസിന് നവമായ നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്നു. സ്വകാര്യതയുടെയും സുരക്ഷിതത്വത്തിന്റെയും പരിധി നിശ്ചയിക്കുന്ന പുതിയ ലക്ഷ്മണരേഖകള്‍ വരയ്ക്കപ്പെടുന്നു. അന്യര്‍ക്ക് ഭേദിക്കാന്‍ കഴിയാത്ത രക്ഷാരേഖയാണത്. ലിബര്‍ഹാനെപ്പോലെ പതിനേഴ് വര്‍ഷമെടുക്കാതെ അനുവദിച്ച സമയത്തിനുമുമ്പേ സമര്‍പ്പിക്കപ്പെട്ട വര്‍മ കമ്മിറ്റി റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി മാത്രമുള്ളതല്ല. ബലാത്സംഗത്തിനെതിരെ പത്തു വര്‍ഷമായി ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിക്കുന്ന ഈറോം ശര്‍മിളയ്ക്കും ബലാത്സംഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മുപ്പത്തിയാറു വര്‍ഷമായി മൃതാവസ്ഥയില്‍ കഴിയുന്ന അരുണ ഷാന്‍ബോഗിനുമുള്ള വേദനിപ്പിക്കുന്ന ഉപഹാരമാണത്. നിയമനിര്‍മാതാക്കള്‍ക്കും നീതിനിര്‍വഹകര്‍ക്കും കൃത്യമായ രൂപരേഖയാണ് വര്‍മ കമ്മിറ്റി നല്‍കിയിരിക്കുന്നത്. ഇനി വേണ്ടത് സത്വരമായ നടപടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വധശിക്ഷ നല്‍കുന്നതിന് ജഡ്ജിമാര്‍ മടിക്കുന്നില്ല. സ്ത്രീപക്ഷം ചേര്‍ന്നുള്ള നിയമത്തിന്റെ യാത്രയില്‍ നീതിയും മനുഷ്യത്വവും വിജയിക്കും.

*
ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചിന്ത 07 ഫെബ്രുവരി 2013

No comments: