Sunday, February 17, 2013

കയറിനെ ദൈവത്തിന്റെ നാട്ടിലെ സുവര്‍ണനാരാക്കിയ കാലഘട്ടം

കയര്‍മേഖലയില്‍ സമഗ്രമായ ഇടപെടല്‍ നടത്തിയ അഞ്ചാണ്ടുകളാണ് കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലഘട്ടം. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും-തൊണ്ട്, ചകിരി മുതല്‍ വിദേശ വിപണിവരെയും തൊഴിലാളികളുടെ വരുമാന വര്‍ദ്ധനവുവരെയും എല്ലാ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ മുദ്ര പതിപ്പിച്ചു. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിന്റെ രണ്ടു വര്‍ഷംകൊണ്ട് കയര്‍ മേഖലയെ കൊണ്ടുചെന്നെത്തിച്ച തൊഴില്‍ തകര്‍ച്ച അതിനുമുമ്പ് 5 വര്‍ഷംകൊണ്ടാണ് കഴിഞ്ഞ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഒന്നരലക്ഷത്തോളംപേര്‍ പൂര്‍ണ്ണമായും മറ്റൊരു ലക്ഷത്തോളം ആളുകള്‍ ഭാഗികമായും ഉപജീവനം തേടുന്നത് കയര്‍ രംഗത്താണ്. അതുകൊണ്ടുതന്നെയാണ് പരമ്പരാഗത മേഖലയില്‍ മുന്തിയ പ്രാധാന്യം കയറിന് ലഭിക്കുന്നതും. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങള്‍, കളംവിട്ട പിരിത്തൊഴിലാളികള്‍, ചെറുകിട ഉല്‍പാദനമേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, ഉല്‍പന്ന നിര്‍മ്മാണമേഖല പൂര്‍ണ്ണമായും ഡിപ്പോകള്‍ പിടിമുറുക്കി, തൊഴിലില്ലായ്മ പെരുകി, ആര്യാട് കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മയുടെ ഭാഗമായി ആത്മഹത്യ സംഭവിച്ചു. ഇതായിരുന്നു 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കയര്‍മേഖലയുടെ ഒരു നേര്‍ ചിത്രം. ഇതില്‍നിന്നും കയര്‍മേഖലയെ വീണ്ടെടുക്കുക എന്ന സങ്കീര്‍ണ്ണവും സുപ്രധാനവുമായ ദൗത്യം ചരിത്രപരമായിത്തന്നെ നിര്‍വ്വഹിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു.

കയര്‍മേഖലയുടെ സര്‍വ്വതല വികസനം ലക്ഷ്യംവെച്ചുകൊണ്ട് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍, ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ദീര്‍ഘകാല പരിപാടികള്‍ എന്നിവ തയ്യാറാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍വകുപ്പ് പ്രവര്‍ത്തിച്ചത്. അരലക്ഷത്തിലേറെപ്പേര്‍ കയര്‍തൊഴിലാളി പെന്‍ഷന്‍-വെറും 100 രൂപ കൈപ്പറ്റുന്നവരായി ഉണ്ടായിരുന്നു. അതുതന്നെ 32 മാസം നല്‍കിയതുമില്ല. ആ കുടിശ്ശിക അടക്കം തീര്‍ത്തു നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി മറ്റൊരു പതിനായിരംപേര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചിരുന്നതും പുനഃസ്ഥാപിച്ചു. 100 രൂപയായിരുന്ന പെന്‍ഷന്‍ നാലിരട്ടിവരെയായി വര്‍ദ്ധിപ്പിച്ച് 400 രൂപയാക്കി. ക്ഷേമനിധിബോര്‍ഡുവഴി നല്‍കിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നാലും അഞ്ചും മടങ്ങായി വര്‍ദ്ധിപ്പിച്ചു. ക്ഷേമാനുകൂല്യങ്ങള്‍ക്കായി 2001-2006 കാലത്ത് ചെലവാക്കിയത് വെറും 27 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അത് 90 കോടി രൂപയായി വര്‍ദ്ധിച്ചു.

2006 മുതല്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുവാനായി ചരിത്രത്തിലാദ്യമായി 13.5 കോടി രൂപയും ചെലവഴിച്ചു. അടച്ചുപൂട്ടപ്പെട്ട കയര്‍ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ പ്രത്യേക പദ്ധതി ആദ്യവര്‍ഷംതന്നെ നടപ്പിലാക്കി. ജീവനക്ഷമമായ 422 കയര്‍ സംഘങ്ങള്‍ക്ക് 18.1 കോടി രൂപ പ്രവര്‍ത്തന മൂലധന ഗ്രാന്റായി 2005-2006ല്‍ നല്‍കി. 172 സംഘങ്ങള്‍ക്ക് 5.80 കോടി രൂപ സ്ഥിര മൂലധനമായി നല്‍കി. മുന്‍കാലങ്ങളില്‍ കയര്‍ സംഘങ്ങള്‍ക്ക് എല്ലാ തുകകളും വായ്പയായി നല്‍കുന്ന രീതി മാറ്റി മുഴുവന്‍ തുകയും ഗ്രാന്റായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. കയര്‍ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കാനുണ്ടായിരുന്ന വായ്പ, പലിശയിനത്തില്‍ 50 കോടി രൂപ ഷെയറാക്കി മാറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ കയര്‍മേഖലയില്‍ പിരികൂലി പ്രാദേശിക ഭേദമനുസരിച്ച് 40 മുതല്‍ 70 രൂപ വരെയായിരുന്നു. അത് നിരന്തരമായ ഇടപെടലുകള്‍വഴി 800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ പേരിനുവേണ്ടി മാത്രമായി 210 രൂപയായി വര്‍ദ്ധിപ്പിച്ച് പ്രഖ്യാപിച്ചെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കിയിട്ടില്ല. കയറുല്‍പന്നങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമംവഴി കയര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി നടപ്പിലാക്കിയിരുന്ന എന്‍ഫോഴ്സ്മെന്റ് പദ്ധതികളായ കുറഞ്ഞ കയറ്റുമതിയിലെ വില ഉറപ്പാക്കല്‍ പദ്ധതിയും കുറഞ്ഞ ക്രയവില പദ്ധതിയും അവര്‍തന്നെ ഇല്ലാതാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായാണ് സ്വതന്ത്ര വിപണിക്കുവേണ്ടി സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍നിന്നും പിന്മാറിയത്. തുടര്‍ന്ന് ചെറുകിട കയറുല്‍പന്ന നിര്‍മ്മാണമേഖലയില്‍ അരാജകത്വത്തിന്റെയും വറുതിയുടെയും നാളുകളായിരുന്നു. ഡിപ്പോകളെന്ന ഓമനപ്പേരിട്ട ഇടത്തട്ടുകാര്‍ കയറ്റുമതിക്കാരുടെ ദല്ലാളുകളായി രംഗം കയ്യടക്കി. പന്തീരായിരത്തോളം ചെറുകിട ഉല്‍പാദകര്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാതെ പലരും പുതിയ രംഗങ്ങളിലേക്ക് മാറി. ഡിപ്പോകള്‍ക്കെതിരെ തീക്ഷ്ണമായ സമരങ്ങള്‍ക്ക് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകള്‍ വേദിയായി.
കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും കയ്യൊഴിഞ്ഞ ബാധ്യത എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. കയര്‍ ക്രയവില സ്ഥിരതാ പദ്ധതി ആവിഷ്കരിച്ചു. കയര്‍ കോര്‍പ്പറേഷനെ നടത്തിപ്പിന്റെ ഏജന്‍സിയായി ചുമതലപ്പെടുത്തി. സ്കീം നടപ്പിലാക്കാനായി 17.10 കോടി രൂപ നല്‍കി. മറ്റൊരു സ്കീംവഴി 8.56 കോടി രൂപയും നല്‍കി. 7000 ചെറുകിട ഉല്‍പാദകര്‍ ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്ന് സ്കീമിന്റെ ഭാഗമായി. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 22 സംഘങ്ങളില്‍ പ്രവര്‍ത്തിക്കാത്ത 7 എണ്ണമടക്കം എല്ലാറ്റിനെയും സജീവമാക്കി. പുതിയതായി 22 സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാട്ടിയിട്ടില്ല. ഇവയ്ക്ക് ഷെയര്‍ക്യാപ്പിറ്റലായി 2 കോടിയിലേറെ രൂപ നല്‍കി. 44 ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങള്‍ സജീവമായി. കയര്‍മേഖലയുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുവാന്‍ കയര്‍ സെന്‍സസ് സംഘടിപ്പിച്ചു. ഇതുവഴി സമാഹരിച്ച വിവരങ്ങള്‍ തുടര്‍ന്നുള്ള നയ രൂപീകരണങ്ങള്‍ക്ക് സഹായകരമായി. കയര്‍മേഖലയുടെ സമഗ്രമായ പുനഃസംഘാടനത്തിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ആനത്തലവട്ടം ആനന്ദന്‍ ചെയര്‍മാനായി കയര്‍രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കയര്‍ കമ്മീഷന്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടനെ സമയബന്ധിതമായി ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. കയര്‍മേഖലയുടെ ആധുനികവത്കരണത്തിനും ഉല്‍പന്ന വൈവിധ്യവത്കരണത്തിനും പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കയര്‍രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സജ്ജമാക്കി. പുതിയ ആസ്ഥാന മന്ദിരവും വിവിധ ലബോറട്ടറികളും സജ്ജമാക്കി. കേരളത്തിലെ ഇതര ഗവേഷണ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഒന്നാക്കി അതിനെ വളര്‍ത്തിയെടുത്തു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുവാനായി പൊതുമേഖലയില്‍ ഫാക്ടറി സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. 20 കോടി രൂപ ഇതിനായി നല്‍കി. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കാലമേറെയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവരുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ഉദ്ഘാടനം നടത്തുവാനായി പരിപാടി തയ്യാറാക്കി എന്നാണ് അറിയുന്നത്.

കയര്‍ ജിയോടെക്സ്റ്റയിലിന് പുതിയ ഉപയോഗ മേഖലകള്‍ കണ്ടെത്തുന്നതിനായി തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. പിഡബ്ല്യുഡി മാനുവലില്‍ കയര്‍ ജിയോ ടെക്സ്റ്റയില്‍ ഒരു നിര്‍മ്മാണ സാമഗ്രിയായി ഉള്‍പ്പെടുത്തുവാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടുപോകുവാന്‍ താല്‍പര്യം കാട്ടുന്നില്ല. തൊഴിലുറപ്പു പദ്ധതിവഴി നടപ്പിലാക്കുന്ന നീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍ ജിയോ ടെക്സ്റ്റയില്‍ ഉപയോഗിക്കുവാനായി ഗ്രാമവികസന വകുപ്പിന്റെ അംഗീകാരം വാങ്ങി. കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സ്കീംവഴി 20 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു. ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4 കോടി രൂപ ചെലവഴിച്ച് ബ്ലന്‍ഡഡ് യാണ്‍ ഫാക്ടറി, പവ്വര്‍ലൂം ഫാക്ടറി എന്നിവ സ്ഥാപിച്ചു. കയറ്റുപായ ഉപയോഗിച്ച് തറയോടുകള്‍, മറ്റ് ടൈലുകള്‍, തടി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന കയര്‍ കോംപോസിറ്റ് ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി ഫാക്ടറിക്ക് ഫോം മാറ്റിംഗ്സിന് 10 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഗ്രാന്റായി ലഭ്യമാക്കി. നിര്‍മ്മാണം പൂര്‍ത്തിയായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇത് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കയര്‍ഫെഡിനും കയര്‍ കോര്‍പ്പറേഷനും ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ വേറെയും നല്‍കി.

സംസ്ഥാനത്തെ കയര്‍മേഖലയുടെ പ്രതിസന്ധികളില്‍ പ്രധാനമായ ഒന്ന് അസംസ്കൃത വസ്തുവായ ചകിരിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാത്തതും അതുവഴി അന്യസംസ്ഥാനങ്ങളോടുള്ള അമിത ആശ്രിതത്വവുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളീകേരം ഉല്‍പാദിപ്പിക്കുന്നത് ഇന്നും കേരളമാണ്. എന്നാല്‍ ലഭിക്കുന്ന തൊണ്ടിന്റെ ചെറിയൊരുഭാഗം മാത്രമേ ചകിരി ഉല്‍പാദനത്തിന് ഉപയോഗിക്കുന്നുള്ളു.ചകിരി ഉല്‍പാദനം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് എന്‍സിആര്‍എംഐയുടെ ചുമതലയില്‍ 3000 തൊണ്ടുവരെ പ്രതിദിനം തല്ലാവുന്ന മിനി ഡീഫൈബറിംഗ് യന്ത്രങ്ങള്‍ വികസിപ്പിച്ചു. കയര്‍ സംഘങ്ങള്‍ക്ക് ഇത് സൗജന്യമായും മറ്റെല്ലാ സംവിധാനങ്ങള്‍ക്കും 50% സബ്സിഡിയും നല്‍കി. ഇതിനായി 600 ലക്ഷം രൂപ എന്‍സിആര്‍എംഐ വഴി നല്‍കി. നാട്ടിന്‍പുറങ്ങളില്‍നിന്നും പരമാവധി തൊണ്ടുശേഖരിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ശേഖരിക്കുന്ന ഓരോ തൊണ്ടിനും ഇന്‍സെന്റീവ് പ്രഖ്യാപിച്ചു. തൊണ്ടിന്റെയും ചകിരിയുടെയും കടത്തുകൂലിയില്‍ 50% വരെ സബ്സിഡി നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍, കയര്‍ സഹകരണ സംഘങ്ങള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി കയര്‍ മേഖലയില്‍ 35 കണ്‍സോര്‍ഷ്യങ്ങള്‍ തൊണ്ടു ശേഖരണത്തിനായി രൂപീകരിച്ചു. 185 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കി. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലീകരണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പരമ്പരാഗത ഉല്‍പന്നങ്ങള്‍ ഫൈബര്‍മാറ്റുകള്‍, മര്‍സൂക്ക് കാര്‍പ്പറ്റുകള്‍ എന്നിവയെ ഹെറിറ്റേജ് ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചു.

പഴയ തലമുറയില്‍നിന്നും വിദഗ്ധ തൊഴിലാളികളെ പരിശീലകരായി കണ്ടെത്തി പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കി. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് വില്‍പനശാലകള്‍ ആരംഭിച്ചു. കയറിന്റെ ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുവാനായി ആവിഷ്കരിച്ച ""ഒരു വീട്ടില്‍ ഒരു കയറുല്‍പന്നം"" പദ്ധതിക്ക് വലിയ സ്വീകാര്യത ഉണ്ടായി. പ്രാഥമിക കയര്‍ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ കയര്‍ഫെഡ് പൂര്‍ണ്ണമായ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. സംഘങ്ങളുടെ കയര്‍ സംഭരണമല്ലാതെ അവര്‍ക്ക് അവകാശമില്ലാത്ത നിരവധി പദ്ധതികളിലാണവര്‍ വ്യാപരിച്ചത്. കയര്‍ഫെഡിനെ അതിന്റെ സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതിനായി കയര്‍ഫെഡിന്റെ പുനഃരുദ്ധാരണ പാക്കേജ് അംഗീകരിച്ചു. 15 കോടി രൂപ പ്രവര്‍ത്തനമൂലധനമായി നല്‍കി. സര്‍ക്കാരിലേക്ക് നല്‍കുവാനുണ്ടായിരുന്ന 21 കോടി രൂപയും പലിശയും ഷെയറാക്കി മാറ്റി. മറ്റ് വിവിധ പദ്ധതികള്‍ക്കായി 16 കോടി രൂപയും നല്‍കി. സംസ്ഥാന സഹകരണബാങ്കിന് നല്‍കാനുണ്ടായിരുന്ന 23 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയും തിരിച്ചടയ്ക്കാന്‍ പാക്കേജ് തയ്യാറാക്കി. പ്രത്യേക കയര്‍ യാണ്‍ഡിവിഷന്‍ ആരംഭിച്ചു. അതിന്റെ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ സഹകരണ വകുപ്പ് വിറ്റഴിച്ച ലോട്ടറിയുടെ വരുമാനത്തില്‍നിന്നും നല്‍കി. കേന്ദ്ര പദ്ധതികള്‍വഴി മറ്റൊരു 15 കോടിരൂപയും നല്‍കി. കയര്‍ സഹകരണ സംഘങ്ങള്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കുമായി കയര്‍ കടാശ്വാസ പദ്ധതി ആവിഷ്കരിച്ചു. 8 കോടിരൂപയിലധികം സഹായം നല്‍കി. കയറിനെ ഒരു ദരിദ്ര ഉല്‍പന്നമായി അല്ല വിപണനം ചെയ്യേണ്ടത് എന്ന ധാരണ എല്ലാവരിലുമെത്തിച്ചു. ദരിദ്രരായ മനുഷ്യരുടെ അധ്വാനഫലമാണ് കയറും കയറുല്‍പന്നങ്ങളുമെങ്കിലും അതിനെ അന്തസുറ്റ ഒരു മികച്ച ഉല്‍പന്നമായി വിപണനം ചെയ്യണം. അല്ലാതെ തൊഴിലാളിയുടെ ദാരിദ്ര്യം വിപണനം ചെയ്യുന്നത് അവന്റെ ആത്മാഭിമാനത്തിനാണ് വ്രണമേല്‍പിക്കുന്നത്. കയര്‍തൊഴിലാളികളില്‍ വരുമാനം ഉറപ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ 20 കോടി രൂപയും കയര്‍ ഫെഡിന് നല്‍കി. ഇത് ഇനിയും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി കയറിന് പുതിയ ബ്രാന്റ് നെയിം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. "കേരള കയര്‍ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ്ണനാര്" എന്ന് ബ്രാന്റ് നെയിം അംഗീകരിച്ചു രജിസ്റ്റര്‍ചെയ്തു. 2010 ദേശീയ കയര്‍ വര്‍ഷമായി ആചരിച്ചു. കയറിന്റെ മേന്മയും പ്രാധാന്യവും രാജ്യത്തെയാകെ ബോധ്യപ്പെടുത്തുവാന്‍ ക്യാമ്പെയിന്‍വഴി വലിയൊരളവുവരെ കഴിഞ്ഞു. കയറിന്റെ ബ്രാന്‍ഡ് ബില്‍ഡിംഗിന്റെയും അന്താരാഷ്ട്ര ആഭ്യന്തര വിപണി വിപുലീകരണത്തിന്റെയും ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കയര്‍ ഫെസ്റ്റുകള്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ചു. ആലപ്പുഴ കയര്‍ഫെസ്റ്റ്, അമ്പലപ്പുഴ ഫെസ്റ്റ്, മാരാരിക്കുളം തീരോത്സവം ഫെസ്റ്റ്, വയലാര്‍ കയര്‍ഫെസ്റ്റ്, മലബാര്‍ കയര്‍ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി 2011 ഫെബ്രുവരി മുതല്‍ ആലപ്പുഴയില്‍ അന്താരാഷ്ട്ര കയര്‍മേള കയര്‍കേരള സംഘടിപ്പിച്ചു. ഇതിനെ ഒരു വാര്‍ഷികമേളയാക്കി ആലപ്പുഴയെ കയറിന്റെയും ഇതര പ്രകൃതിദത്ത നാരിന്റെയും ഉല്‍പന്നങ്ങളുടെ ഒരു ഹബ് ആക്കി മാറ്റുകയും അതുവഴി ലോക പരവതാനി വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു ലക്ഷ്യം. ഇതിനെ വാര്‍ഷികമേളയാക്കി സംഘടിപ്പിച്ച് ലോക വ്യാവസായിക മേളകളുടെ പ്രധാന സംവിധാനമായ ഹെംടെക്സില്‍ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കലണ്ടറുകളില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് വന്ന യുഡിഎഫ് രണ്ട് വര്‍ഷങ്ങള്‍ മേളകള്‍ സംഘടിപ്പിച്ചു വരുന്നുവെങ്കിലും അതിെന്‍റ ചില ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെട്ടു. അഞ്ചുവര്‍ഷം കൊണ്ട് മറ്റേതൊരു വ്യവസായ രംഗത്തും നടപ്പിലാക്കിയതിനേക്കാള്‍ സമഗ്രമായ പരിപാടികള്‍ കയര്‍മേഖലയില്‍ ആവിഷ്കരിക്കുവാനായി. ബജറ്റ് വിഹിതത്തിെന്‍റ കാര്യത്തലും എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകാല റിക്കാര്‍ഡ് സ്ഥാപിച്ചു. 2001-2006 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ കയര്‍മേഖലയില്‍ ചെലവഴിച്ചത് 104.7 കോടി രൂപ മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 300.02 കോടി രൂപ ചെലവഴിച്ചു. മറ്റൊരു 100 കോടി രൂപ അവസാന ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. ഈ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മിക്കതും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

5 വര്‍ഷത്തെ, സുവര്‍ണനേട്ടങ്ങള്‍ അല്‍പബുദ്ധികളും "ഇത്തിരിവെട്ടം മാത്രം കാണുന്" ചില "അധോമുഖ വാനരരും" ചേര്‍ന്ന് ഒന്നൊന്നായി തകര്‍ക്കുകയാണ്. ഇതിെന്‍റ ഏറ്റവും പ്രകടമായ ഉദാഹരമാണ് കയര്‍ ക്രയവില സ്ഥിരതാ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-11ല്‍ പിപിഎസ്എസ് സ്കീം വഴി 78.27 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഭരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ചത് 43.72 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ 45.45 കോടി രൂപയുടേതും. കയറുല്‍പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ഏകദേശം 20% വില വര്‍ദ്ധനവ് കണക്കിലെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിെന്‍റ റിക്കാര്‍ഡിന് അടുത്തെത്തണമെങ്കില്‍ 90 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ സംഘടിപ്പിക്കണം.

*
ജി സുധാകരന്‍ ചിന്ത വാരിക

No comments: