Sunday, February 24, 2013

കുര്യന്‍ നിയമത്തിന് വിധേയനാകണം

സൂര്യനെല്ലി കേസില്‍ ഒരാളൊഴികെ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയതോടെ കേസുസംബന്ധിച്ച് വീണ്ടും പരിശോധിക്കാനുള്ള അവസരം ലഭ്യമായിരിക്കയാണ്. വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്ത് 36 പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ വീണ്ടും പരിഗണിക്കാനും ആറുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാനും സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിവിധിയിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സൂര്യനെല്ലിസംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്ന്, 40 പേര്‍ പ്രതികളായ കേസ്. രണ്ടാമത്തേത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധര്‍മരാജന്‍മാത്രമുള്ള കേസും. ധര്‍മരാജന്‍മാത്രമുള്ള കേസിലെ തെളിവുകളാണ് ബാക്കിയുള്ള എല്ലാവരെയും വെറുതെ വിടുന്നതിന് ഹൈക്കോടതി പരിഗണിച്ചത്. മറ്റൊരു കേസിലെ തെളിവുകള്‍ ആദ്യകേസിന്റെ ഭാഗമായി പരിഗണിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹൈക്കോടതിവിധി റദ്ദാക്കിയത്.

ഹൈക്കോടതിവിധി നൂതന സൃഷ്ടിയാണെന്ന് രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് എ കെ പട്നായിക് പരിഹസിക്കുകയും ഇപ്പോള്‍ നടക്കുന്നത് ശുദ്ധീകരണപ്രക്രിയയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 43 പേര്‍ക്കും പെണ്‍കുട്ടി സമ്മതം നല്‍കി എന്ന ഹൈക്കോടതിയുടെ കണ്ടെത്തലാണ് ഇതിന് സുപ്രീംകോടതിക്ക് പ്രേരണയായത്. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ ഈ ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ പെണ്‍കുട്ടി 17 വര്‍ഷമായി പറയുന്ന, പ്രതിചേര്‍ക്കാതെ ഒഴിവാക്കപ്പെട്ട പി ജെ കുര്യനെതിരായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍കൂടി കോടതിനടപടികള്‍ക്ക് വിധേയമാക്കണം. ഇതുസംബന്ധിച്ച് നിയമസഭയില്‍ നാലുദിവസങ്ങളിലായി വ്യത്യസ്ത രീതിയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍, ആരോപണവിധേയനായ വ്യക്തിക്ക് അനുകൂലവും ഇരയായ പെണ്‍കുട്ടിക്ക് പ്രതികൂലവുമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴിമാത്രം മതിയെന്നും അതിനെ സംശയത്തോടെ കാണേണ്ടതില്ലെന്നും 2011ല്‍ ജസ്റ്റിസ് സദാശിവം, വി എസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിന്യായം പുറപ്പെടുവിച്ചിരുന്നു.

ലൈംഗികപീഡനത്തിനിരയായ സ്ത്രീ കുറ്റക്കാരിയല്ല. മറ്റൊരാളുടെ കാമാസക്തിയുടെ ഇരയാണ്. ശാരീരികമായും വൈകാരികമായും മുറിവേറ്റ വ്യക്തിയാണ്. ഈ പരിഗണന അവരുടെ കാര്യത്തിലുണ്ടാകണമെന്നാണ് അന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് അരിജിത് പസായത്, എസ് എച്ച് കപാഡിയ എന്നിവരുടെ ബെഞ്ച് 2006ല്‍ പുറപ്പെടുവിച്ച വിധിയും ഇതേതരത്തിലുള്ളതാണ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാലും ഇരയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നാണ് ഈ ബെഞ്ച് വ്യക്തമാക്കിയത്. ബാലവേശ്യാവൃത്തി കേസുകളില്‍പ്പോലും ബലാത്സംഗക്കുറ്റം ചുമത്തണമെന്നാണ് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, എ കെ പട്നായിക് എന്നിവരുള്‍പ്പെട്ട ബെഞ്ച് അടുത്തിടെ നിരീക്ഷിച്ചത്. ഈ വിധികള്‍ക്ക് സാധൂകരണം നല്‍കത്തക്കവിധത്തിലുള്ള നിയമമാണ് 2013ല്‍ പുറപ്പെടുവിച്ച ദി ക്രിമിനല്‍ ലോ എമന്‍മെന്റ് ഓര്‍ഡിനന്‍സ്. ഈ ഓര്‍ഡിനന്‍സ്, ഇരയായ പെണ്‍കുട്ടിയുടെ പൂര്‍വകാലചരിത്രം, സമ്മതമില്ലാതെ ലൈംഗികബന്ധം സ്ഥാപിക്കുന്നവരുടെ കാര്യത്തില്‍ ബാധകമല്ലെന്നും ഇര നല്‍കുന്ന മൊഴിയാണ് കോടതി കണക്കിലെടുക്കേണ്ടതെന്നും വ്യവസ്ഥപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും കേസ് തുടരന്വേഷണത്തിന് വിധേയമാക്കണമെന്നുമുള്ള ആവശ്യം ഉയരുന്നത്.

പി ജെ കുര്യനെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം സുപ്രീംകോടതിവരെ പരിശോധിച്ചതാണെന്നും അതുകൊണ്ട് തുടരന്വേഷണം സാധ്യമല്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, സുപ്രീംകോടതിയോ മറ്റേതെങ്കിലും കോടതിയോ പി ജെ കുര്യനെതിരായി ഉന്നയിക്കപ്പെട്ട ആരോപണം പരിശോധിക്കുകയോ കുര്യനെ വിചാരണയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. സൂര്യനെല്ലിസംഭവം നടക്കുന്ന സന്ദര്‍ഭത്തില്‍ ആന്റണിസര്‍ക്കാരാണ് കേരളം ഭരിച്ചത്. അന്നത്തെ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുര്യന്റെ പേര് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേസ് അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും കേസ് വിചാരണചെയ്യുന്നതിന് പ്രത്യേക കോടതിയും രൂപീകരിച്ചു. ആ അന്വേഷണസംഘമാണ് 43 പ്രതികളെ കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഒരു കേസില്‍ ആരെയൊക്കെ പ്രതിയാക്കണമെന്ന് തീരുമാനിക്കുന്നത് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനാണ്. ഈ കേസില്‍ ആരോപണവിധേയനായ കുര്യനെ പ്രതിലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് അന്വേഷണസംഘത്തിന് ലഭിച്ച സാക്ഷിമൊഴികളാണ്. സംഭവം നടന്ന സമയം പി ജെ കുര്യന് കുമളിയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും അദ്ദേഹം എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു എന്നുമുള്ള സുകുമാരന്‍നായരുടെയും മറ്റു ചില സാക്ഷികളുടെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു ആ നിഗമനം. ഒരാള്‍ സംഭവസ്ഥലത്ത് ഇല്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖാപരമായ തെളിവ് അഥവാ അലിബി പരിശോധിക്കേണ്ടത് കോടതിയാണെങ്കിലും ഇക്കാര്യം കോടതിയുടെ പരിഗണനയില്‍ വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍, പി ജെ കുര്യനെ പ്രതിചേര്‍ക്കാതിരുന്നതിനെതുടര്‍ന്ന് 1999 മാര്‍ച്ച് 15ന് പീരുമേട് കോടതിയില്‍ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ചെയ്തു. ഇതിനെതുടര്‍ന്ന് കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി, പി ജെ കുര്യന്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചു. എന്നാല്‍, കോടതിയില്‍ ഹാജരാകുന്നതിനുപകരം കുര്യന്‍ നേരെ ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതിയാകട്ടെ പീരുമേട് കോടതിയുടെ വിധി അംഗീകരിച്ചു. ഈ ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ പി ജെ കുര്യന്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ കൊടുത്തപ്പോള്‍ വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി കുര്യന്റെ അപേക്ഷ തള്ളി. തുടര്‍ന്ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയെ കുര്യന്‍ സമീപിച്ചു. പി ജെ കുര്യന്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞ് ഇരയായ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ നടപടി സ്വീകരിക്കാനാണ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, കുര്യന്‍ ഇതിന് തയ്യാറായില്ല, ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കി.

ഈ സന്ദര്‍ഭത്തിലാണ് ഹൈക്കോടതി 2007 ഏപ്രില്‍ നാലിന് കുര്യന്റെ അപേക്ഷ അംഗീകരിച്ച് തുടര്‍നടപടികള്‍ റദ്ദാക്കിയത്. ഇതിന് കാരണമായി ഹൈക്കോടതി പറഞ്ഞത് 35 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി എന്നതായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് മറ്റുള്ളവരെല്ലാം ശാരീരികബന്ധത്തിലേര്‍പ്പെട്ടത് എന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുര്യനെതിരായ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചത്. ഈ ഘട്ടത്തില്‍ അധികാരത്തിലുണ്ടായിരുന്ന വി എസ് മന്ത്രിസഭ ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തുചെയ്തു എന്ന് ചോദിക്കുന്നവര്‍ ഇക്കാര്യം വിസ്മരിക്കുകയാണ്. ആ അവസരത്തില്‍ സുപ്രീംകോടതി, പ്രതികളെയെല്ലാം ഹൈക്കോടതി വെറുതെ വിട്ടില്ലേ? ഇരയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്താണ് അവകാശം എന്ന നിരീക്ഷണത്തോടെ സര്‍ക്കാര്‍അപേക്ഷ തള്ളുകയാണ് ഉണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു. അപ്പോള്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടിക്കെന്താണ് അവകാശമെന്ന് ചോദിച്ച് ആ അപേക്ഷയും കോടതി തള്ളി. ഈ ഇടങ്ങളില്‍ ഒരു സ്ഥലത്തുപോലും പി ജെ കുര്യന്‍ വിചാരണ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. വിചാരണ ചെയ്യപ്പെടാത്ത ഒരാളെ സുപ്രീംകോടതിവരെ കുറ്റവിമുക്തനാക്കിയെന്ന് പ്രചരിപ്പിച്ചാണ് തുടരന്വേഷണം വേണ്ടെന്ന നിലപാട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ശക്തമായി മുന്നോട്ടുപോയപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയെന്ന് അറിയിച്ച് മൂന്നുപേരുടെ നിയമോപദേശങ്ങള്‍ മേശപ്പുറത്തുവച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമ സെക്രട്ടറിയുടെയും റിട്ട. ജഡ്ജി പത്മനാഭന്‍നായരുടേതുമായിരുന്നു ഈ നിയമോപദേശങ്ങള്‍. ഇതില്‍ ഡിജിപി ആസഫ് അലി കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന്റെ ഭാഗമാണ്. റിട്ട. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കേരള സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനാണ്. ഈ മൂന്നുപേരും സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, റിട്ട. ജസ്റ്റിസ് പത്മനാഭന്‍നായര്‍ സമര്‍പ്പിച്ച നിയമോപദേശത്തില്‍, അദ്ദേഹത്തിന്റെ മുന്നില്‍ സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് തുടരന്വേഷണം സാധ്യമല്ലെന്നും പുതുതായ വെളിപ്പടുത്തലുകളെ സംബന്ധിച്ച രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് വ്യക്തമാകുന്നത് പി ജെ കുര്യനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതി ധര്‍മരാജന്റെയും അന്വേഷണസംഘത്തില്‍പ്പെട്ട എസ് പി ജോഷ്വയുടെയും ഇടിക്കുളയുടെ ഭാര്യ അന്നമ്മയുടെയും ബിജെപി നേതാവ് രാജന്റെയും ദൃക്സാക്ഷികളായിരുന്ന കുമളി ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളുടെയും വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച രേഖകള്‍ പത്മനാഭന്‍നായര്‍ക്കുമുന്നില്‍ സമര്‍പ്പിച്ചിട്ടില്ല എന്നതാണ്. അന്വേഷണം നടത്തിയ ഘട്ടത്തില്‍ ലഭ്യമാകാതിരുന്ന പുതിയ വിവരങ്ങള്‍ പിന്നീട് ലഭ്യമാവുകയാണെങ്കില്‍ ക്രിമിനല്‍നടപടി നിയമത്തിലെ 173(8) പ്രകാരവും 173(2) പ്രകാരവും തുടരന്വേഷണം നടത്താവുന്നതാണ്. കുര്യനെ ഏതുവിധേനയും സംരക്ഷിക്കുമെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളതെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യക്തമാകുന്നുണ്ട്. നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍ ഈ പ്രശ്നം സാമൂഹ്യ പ്രശ്നമായി ഏറ്റെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നാല്‍മാത്രമേ സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 23 ഫെബ്രുവരി 2013

No comments: