കാറ്റേ... കാറ്റേ... നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ... സെല്ലുലോയിഡ് എന്ന സിനിമയ്ക്കുമുമ്പേ ഹിറ്റായ ഈ പാട്ടിന്റെ മാധുര്യം ജന്മനാ അന്ധയായ വൈക്കം വിജയലക്ഷ്മി എന്ന ഗായികയുടെ പ്രകാശം പരത്തുന്ന ശബ്ദമാണ് എന്നറിയുമ്പോള്‍ പാട്ടിനൊപ്പം ഗായികയെയും നമ്മള്‍ നെഞ്ചോട് ചേര്‍ക്കും
കാറ്റേ...കാറ്റേ... നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ... ഞാലിപൂങ്കദളി വാഴപൂക്കളിലാകെ തേന്‍ നിറഞ്ഞോ....... കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുകയും കൂടുതല്‍ പേര്‍ കേള്‍ക്കുകയും ചെയ്ത പാട്ടാണിത്. കെപിഎസിയുടെ നാടക ഗാനങ്ങളൊക്കെ നെഞ്ചേറ്റിയ മലയാളികള്‍ക്ക് ഗൃഹാതുരതയുടെ മധുരവും നോവും ഒരിക്കല്‍കൂടി പകര്‍ന്നു തരാന്‍ ഈ "പഴയ" പുതിയ പാട്ടിന് കഴിഞ്ഞു. ജന്മനാ അന്ധയായ വൈക്കം വിജയലക്ഷ്മി എന്ന ഗായികയുടെ പ്രകാശം പരത്തുന്ന ശബ്ദമാണ് ഈ പാട്ടിന്റെ മാധുര്യം എന്നറിയുമ്പോള്‍ പാട്ടിനൊപ്പം ഗായികയേയും നമ്മള്‍ നെഞ്ചോട് ചേര്‍ക്കും. കമല്‍ സംവിധാനം ചെയ്ത "സെല്ലുലോയ്ഡ്" എന്ന ചിത്രത്തിന് എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിന്റെ വരികള്‍ റഫീക്ക് അഹമ്മദിന്റേതാണ്. ജി ശ്രീറാമാണ് കൂടെപ്പാടിയത്.
വിജയലക്ഷ്മിയുടെ പാട്ടിനോടുള്ള ഇഷ്ടം ആദരവും അത്ഭുതവുമായി മാറണമെങ്കില്‍ അവരുടെ ജീവിതം കേള്‍ക്കണം: വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ മുരളീധരന്റേയും വിമലയുടേയും മകളായ വിജി എന്ന വിജയലക്ഷ്മി അഞ്ചാം വയസ്സില്‍ കാസറ്റിലും റേഡയോയിലും പാട്ട് കേട്ട് പഠിച്ച് അച്ഛനും അമ്മയ്ക്കും മുന്നില്‍ അവതരിപ്പിക്കുക പതിവായിരുന്നു. സംഗീത തല്‍പരരായ അവര്‍ മകളിലെ സംഗീതം അന്നുതന്നെ തിരിച്ചറിഞ്ഞു. ആറാം വയസ്സില്‍ വൈക്കം ടിബി ഹാളില്‍ ഏതോ പരിപാടിക്ക് എത്തിയ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ദക്ഷിണ സമര്‍പ്പിച്ച് തോടി രാഗത്തില്‍ തായേ...യശോധ...പാടി. കേട്ട് പഠിച്ച് ഇത്രയും മനോഹരമായി പാടിയ വിജയലക്ഷ്മിയെ ഗാനഗന്ധര്‍വ്വന്‍ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു. പിന്നീട് വൈക്കം സുമ ടീച്ചര്‍, അമ്പലപ്പുഴ തുളസിടീച്ചര്‍, വൈക്കം പ്രസന്ന ടീച്ചര്‍, തൃപ്പൂണിത്തുറ വിന്‍സെന്റ് മാഷ്, നെടുമങ്ങാട് ശിവാനന്ദന്‍ തുടങ്ങി പല ഗുരുക്കന്മാരില്‍ നിന്നായി സംഗീത പഠനം. വൈക്കം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മിയുടെ സംഗീതയാത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഏഴ് കടലും കടന്നു. ഒപ്പം നിഴലായി അച്ഛനും അമ്മയും.
വൈക്കം ഭാരത് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ വിജയലക്ഷ്മി പഠനത്തിലും എന്നും മുന്നിലായിരുന്നു. ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി എംഎ മ്യൂസിക്കിന് പഠിക്കുന്നു. തംബുരുവിനെ പരിഷ്കരിച്ച് ഇലട്രിക് വീണപോലെ രൂപപ്പെടുത്തിയ "ഗായത്രി വീണ" എന്ന ഒറ്റക്കമ്പി വീണയുമായാണ് കച്ചേരികള്‍ നടത്തുന്നത്. ഒറ്റകമ്പിയില്‍ മകള്‍ എല്ലാ സ്ഥായിയിലും വായിക്കുമെന്ന്മനസ്സിലാക്കിയ അച്ഛന്‍ മുരളീധരന്‍ തന്നെയാണ് മലേഷ്യന്‍ പ്ലാവ് ഉപയോഗിച്ച് ഗായത്രിവീണ നിര്‍മ്മിക്കുന്നത്. കൊന്നക്കുടിവൈദ്യനാഥ ഭാഗവതരാണ് ഗായത്രി വീണ എന്ന പേരു നല്‍കിയത്. അരങ്ങേറ്റത്തിനു ശേഷം മുംബൈയിലെ ഷണ്‍മുഖാനന്ദഹാളിലെ വലിയ സദസ്സിനു മുന്നില്‍ നടത്തിയ കച്ചേരി വിജയലക്ഷ്മിയുടെ സംഗീതജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. തുടര്‍ന്ന് ചെന്നൈ, ഡല്‍ഹി, തഞ്ചാവൂര്‍, ഹൈദരബാദ്, എന്നിവിടങ്ങളിലും ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, ജനീവ, കുവൈറ്റ്, മസ്ക്കറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിലും സംസ്ഥാന സ്കൂള്‍ കലോത്സവം, സൂര്യഫെസ്റ്റിവെല്‍, ചെമ്പൈ സംഗീതോത്സവം തുടങ്ങി ഇതിനകം എണ്ണായിരത്തിലധികം വേദികളില്‍ കച്ചേരി അവതരിപ്പിച്ചു.
ഒരു സ്വകാര്യ ചാനലില്‍ വിജയലക്ഷ്മിയുടെ അമൃതവര്‍ഷിണി രാഗത്തിലുള്ള ഒരു കീര്‍ത്തനം സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ കേട്ടതാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ""അത്ഭുതം സംഭവിക്കാന്‍ പോകുന്നു വിജയലക്ഷ്മീ എന്ന് സാര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സിനിമയില്‍ പാടാനാണെന്ന് ആദ്യം മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഇടയ്ക്കൊക്കെ സാര്‍ വിളിച്ച് ചില കീര്‍ത്തനങ്ങളൊക്കെ ഫോണില്‍ പഠിപ്പിച്ചു തരാറുണ്ട്. പാട്ടിറങ്ങിയപ്പോള്‍ വിജയലക്ഷ്മിയുടെ ഫോണിന് വിശ്രമമില്ല. യേശുദാസ്, ജി വേണുഗോപാല്‍, ജറി അമല്‍ദേവ്, കൃഷ്ണചന്ദ്രന്‍, മിന്‍മിനി, കെപിഎസി ലളിത, മുകേഷ്, ലാല്‍, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ...തുടങ്ങി നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു. സെല്ലുലോയ്ഡിന്റെ പ്രിവ്യു എറണാകുളത്ത് നടന്നപ്പോള്‍ കുടുംസമേതം പോയിരുന്നു. പടം കാണാനെത്തിയവരൊക്കെ വിജയലക്ഷ്മിയെ അഭിനന്ദിച്ചിട്ടാണ് പോയത്.
രണ്ട് വര്‍ണ്ണങ്ങള്‍, ഏഴ് കീര്‍ത്തനങ്ങള്‍, രണ്ടു പല്ലവികള്‍ എന്നിവ സ്വന്തമായി കമ്പോസ് ചെയ്ത വിജയലക്ഷ്മി ഇവ കേള്‍പ്പിച്ച് യേശുദാസില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. വലിയ ചലച്ചിത്ര ഗായികയാകുന്നതിനപ്പുറംസംഗീതത്തില്‍ കൂടുതല്‍ പഠനം നടത്താനാണ് ഈ കലാകാരിക്ക് ആഗ്രഹം. ""സംഗീതത്തിലെ അപൂര്‍വ്വ രാഗങ്ങളെകുറിച്ച് ഗവേഷണം നടത്തണം. പാഴ്വസ്തുക്കളില്‍ നിന്നും സംഗീതംസൃഷ്ടിക്കുന്നതിനെകുറിച്ചും പഠിക്കണം"". വിജയലക്ഷ്മി പറയുന്നു. പീപ്പിയിലും പ്ലാസ്റ്റിക് വസ്തുക്കളിലും സംഗീതം വായിക്കുന്നതും പൂമാലകെട്ടുന്നതുമാണ് വിജയലക്ഷ്മിയുടെ മറ്റു വിനോദങ്ങള്‍.
സൈമണ്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന "ബെസ്റ്റ് വിഷസ്" എന്ന ചിത്രത്തില്‍ പാടാന്‍ വിളിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ടൊക്കെ മകള്‍ ഒരു കീര്‍ത്തനം പഠിക്കുന്നത് അധ്യാപകര്‍ക്കും മറ്റും വലിയ അത്ഭുതമാണെന്ന് മുരളീധരന്‍ പറയുന്നു. കാഴ്ചയില്ലായ്മയെകുറിച്ച് വിജയലക്ഷ്മി ""അന്ധത ദുഖം തന്നെയാണ്. എന്നാല്‍ കാഴ്ചയില്ലാത്തതുകൊണ്ട് തോറ്റുകൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആര്‍ക്കെങ്കിലും എന്റെ ജീവിതം ഏതെങ്കിലും തരത്തില്‍ മാതൃകയാവുകയാണെങ്കില്‍ ഞാന്‍ സന്തോഷവതിയാണ്."" കാഴ്ചയുടെ നിറഭേദങ്ങള്‍ക്കപ്പുറം സംഗീതത്തിന്റെ അപാരത അതുമാത്രമാണ് വിജയലക്ഷ്മിയുടെ ലോകം.
*
ഷാന്‍ ദേശാഭിമാനി
No comments:
Post a Comment