Tuesday, February 26, 2013

കൂട്ടക്കൊലകള്‍ നടന്ന ഗുജറാത്തില്‍ അഗ്നിപരീക്ഷകളും

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച 2002-ലെ ഗുജറാത്ത് മുസ്ലിംകൂട്ടക്കൊലകളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ടായിരത്തില്‍പരം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും സ്വത്ത് നഷ്ടപ്പെട്ടവരുമായ ഗുജറാത്തി മുസ്ലിംങ്ങള്‍ നീണ്ട പതിനൊന്നുവര്‍ഷങ്ങളായി നീതിക്കായി കേഴുകയാണ്. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വംശീയകലാപത്തിന്ന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഇതേത്തുടര്‍ന്ന് അമേരിക്കയും മറ്റു യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ വിസ വിലക്ക് പത്തുവര്‍ഷത്തിനുശേഷം പിന്‍വലിച്ചിരിക്കയാണ്. അടുത്ത നവംബര്‍ മാസത്തില്‍ യൂറോപ്പ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നരേന്ദ്രമോഡിയെ ക്ഷണിച്ചവാര്‍ത്ത അത്ഭുതകരമാണ്.

നിയമസഭാതെരഞ്ഞെടുപ്പില്‍ ''ഹാട്രിക്ക് വിജയം'' നേടിയ നരേന്ദ്ര മോഡിയെ ഭാവിപ്രധാനമന്ത്രിയായിട്ടാണ് പാശ്ചാത്യമുതലാളിത്തരാജ്യങ്ങളും ഇന്ത്യയിലെതന്നെ ഒരു വിഭാഗം ജനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് വേളകളിലും അതിന് മുമ്പും പിമ്പും പ്രവാചകനിന്ദയിലും ഇസ്ലാംമത വിരുദ്ധ പ്രചാരണത്തിലും പരസ്പരം മത്സരിക്കുന്ന അമേരിക്കന്‍ - യൂറോപ്യന്‍ ഭരണക്കാര്‍ക്ക് ഇന്ത്യയിലെ മുസ്ലിം വിരുദ്ധ ദൗത്യം നിറവേറ്റാന്‍ പറ്റിയ സുഹൃത്തായി അവര്‍ നരേന്ദ്രമോഡിയെ കാണുന്നു.

ജനുവരി 18 ന് ടെലഗ്രാഫ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞുപോലും: ഗുജറാത്ത് ഒരു സമുദ്രതീരപ്രദേശമാണ്. ഇവിടെ പ്രകൃതിവിഭവങ്ങള്‍ ഒന്നും തന്നെയില്ല. ഉരുക്കുണ്ടാക്കാന്‍ ഇരുമ്പയിരോ, വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കല്‍ക്കരി ഖനികളോ, വജ്രഖനികളോ ഒന്നും തന്നെയില്ല. എന്നിട്ടും ഗുജറാത്ത് വികസനരംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്നു. ആസ്സാം, ഝാര്‍ക്കണ്ട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളെ പ്പോലെ പ്രകൃതി വിഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഗുജറാത്തിന്റെയും അതുവഴി ഭാരതത്തിന്റെ തന്നെയും മുഖഛായതന്നെ ഞാന്‍ മാറ്റിത്തീര്‍ക്കുമായിരുന്നു''

നരേന്ദ്രമോഡിയെ ഗുജറാത്തിലെയും ഇന്ത്യയിലെയും ഭൂരിപക്ഷം ജനങ്ങളും ഭീതിയോടെയാണ് നോക്കികാണുന്നത്. ഗുജറാത്തില്‍ നിലനില്‍ക്കുന്നത് ശ്മശാനമൂകതയാണ്. ഒരു വിഭാഗം വ്യാപാരികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കുമാണ് മോഡി ഭരണം കൊണ്ട് നേട്ടമുണ്ടായത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മോഡി ഭരണം ഒരു ശാപമാണ്. ഇവിടെ 48 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ ഇത് കൂടുതലാണ്. ആദിവാസി മേഖലയിലും പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങളിലും 57 ശതമാനത്തിലേറെയും പട്ടിണിക്കാരാണ്. ശിശുമരണ നിരക്കും പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണവും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഞെട്ടിപ്പിക്കും വിധം ഉയര്‍ന്നതാണ്. വന്‍കിടവ്യാപാരികള്‍ക്കും വന്‍കിടവ്യവസായികള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. അവര്‍ക്ക് നിസ്സാരവിലയ്ക്ക് ഭൂമിയും വൈദ്യുതിയും അനുവദിക്കുമ്പോള്‍, ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതനിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസനിലവാരം താഴുന്നു. ജനസംഖ്യയില്‍ കേവലം ഒമ്പത് ശതമാനം വരുന്ന ഗുജറാത്തി മുസ്ലിംങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത മോഡിക്കാണോ 200 - ദശലക്ഷം വരുന്ന ഇന്ത്യന്‍ മുസ്ലിംങ്ങളെ സംരക്ഷിക്കാന്‍ കഴിയുക.

മോഡിയും നാസികളും ഒരുപോലെയാണ്. 1938 നവംബറില്‍ നാസികള്‍ ജര്‍മ്മനിയില്‍ നടത്തിയ ജൂതവംശകൂട്ടക്കൊലകള്‍ക്ക് സമാനമാണല്ലോ 64 വര്‍ഷങ്ങള്‍ക്കുശേഷം 2002-ല്‍ ഗുജറാത്തിലും നടന്നത്. തന്റെ കുടുംബത്തിനെതിരെ നാസികള്‍ നടത്തിയ പീഡനം സഹിക്കവയ്യാതെ ഒരു ജൂത ചെറുപ്പക്കാരന്‍ പാരീസില്‍ ജര്‍മ്മന്‍ നയതന്ത്രപ്രതിനിധിയെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് നാസികള്‍ ജര്‍മ്മനിയില്‍ ജൂതവംശീയവിരുദ്ധകലാപത്തിന് കാരണമായി തീര്‍ന്നത്. ഗുജറാത്തില്‍ ഗ്രോധ്രയില്‍ 59 ഹിന്ദുക്കള്‍ തീവണ്ടിയില്‍ കൊലച്ചെയ്യപ്പെട്ടതാണ് മുസ്ലിംകൂട്ടക്കൊലകള്‍ക്ക് കാരണമായി തീര്‍ന്നത്. ജര്‍മ്മനിയിലെയും, ഗുജറാത്തിലെയും കൂട്ടക്കൊലകളെ 'പ്രതിക്രിയ' എന്നാണ് നാസികളും മോഡിയും വിശേഷിപ്പിച്ചത്.

മുസ്ലിം കൂട്ടക്കൊലകള്‍ക്കുശേഷം, ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറിയ അഗ്നിപരീക്ഷകളും വാര്‍ത്തകളും പുറത്തുവന്നിരിക്കയാണ്. ഫെബ്രുവരി 7ന് ചൊവ്വാഴ്ച രാത്രി വടക്കന്‍ ഗുജറാത്തിലെ 'സബര്‍ക്കന്ദ' ജില്ലയിലാണ് ഈ പൈശാചിക സംഭവം നടന്നത്. അഹമ്ദാബാദില്‍ നിന്നും, 40 കിലോമീറ്റര്‍ അകലെ ബയാദ് താലൂക്കിലെ 'ദേരിയാ' ഗ്രാമത്തില്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പാണ് ഈ കിരാത സംഭവത്തിന്റെ പശ്ചാത്തലം. ഈ വാര്‍ഡില്‍ ബി ജെ പി യോട് അല്‍പം ചായ്‌വുള്ള ദിനേശ് പാര്‍മര്‍ ഒരു സ്വാതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ദിനേശ്പാര്‍മര്‍ തന്റെ തെരഞ്ഞെടുപ്പ് മാനേജരായ ''ആംറൂദ് ലക്ഷ്മണയുമായി ഗൂഢാലോചന നടത്തി തനിക്ക് വോട്ടു ചെയ്യാത്ത പാവം ഗ്രാമീണരെ ശിക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. നൂറില്‍പരം ഗ്രാമീണരെ ഗ്രാമക്ഷേത്രത്തിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി. ഗ്രാമീണര്‍ തനിക്ക് തന്നെയാണ് വോട്ടുചെയ്തതെന്ന സത്യം തെളിയിക്കാന്‍ അഗ്നിപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ക്ഷേത്രത്തില്‍ തയ്യാറാക്കിയ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കാന്‍ കല്‍പിച്ചു. ദിനേശിനു തന്നെ വോട്ടു ചെയ്ത ഗ്രാമീണര്‍ തങ്ങള്‍ക്ക് പൊള്ളലേല്‍ക്കില്ല എന്ന ഉറച്ചവിശ്വാസത്തില്‍ ഇരുകൈകളും തിളക്കുന്ന എണ്ണയില്‍ മുക്കി. ഇരുകൈകള്‍ക്കും ഗുരുതരമായ പൊള്ളലേറ്റ നൂറില്‍പരം ഗ്രാമീണര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് ദളിത്‌സ്ത്രീകളെ വേട്ടയാടി കൊന്നൊടുക്കുന്ന ഭീകരസംഭവങ്ങളും ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും നടമാടുന്നു. തെക്കന്‍ ഗുജറാത്തില്‍ ഈയ്യിടെ കളവ് കേസില്‍ നിരപരാധിത്വം തെളിയിപ്പിക്കാന്‍ വൃദ്ധയായ അമ്മയെയും മകളെയും തിളക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കിപ്പിച്ചു പൊള്ളിപ്പിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പട്ടിണിയും പരിവട്ടവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അക്രമവും ന്യൂനപക്ഷപീഡനവും റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുന്ന ഗുജറാത്തിനെ എത്രതന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ഭീതിവിതച്ച് വിജയം കൊയ്യുന്ന മോഡിയുടെ ശരീരത്തില്‍ അറേബ്യന്‍ നാടുകളിലെ സുഗന്ധങ്ങള്‍ എത്ര തന്നെ പൂശിയാലും മുസ്ലിം കൂട്ടക്കൊലകളുടെ ദുര്‍ഗന്ധത്തില്‍ നിന്നും നരേന്ദ്രമോഡിക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല.

*
ടി കെ സുന്ദരന്‍മാസ്റ്റര്‍ ജനയുഗം

No comments: