Sunday, February 17, 2013

നന്ദി വേണം നന്ദി...

നാണവും മാനവും ഇല്ലാത്തവരോട് അത് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.

ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം. പെരുന്നയില്‍നിന്ന് ഡല്‍ഹിക്കും, ഡല്‍ഹിയില്‍നിന്ന് പെരുന്നക്കും ഒരേ ദൂരമാണെന്ന് മറക്കരുത്.

പദവി കൂടി പെരുന്നയില്‍ എത്തി "എന്നാത്തിന്‍ കായാ"ണെന്ന് ചോദിച്ചാല്‍ പൊറുക്കില്ല സുകുമാരന്‍ നായര്‍. മാര്‍ത്താണ്ഡവര്‍മ്മയുടെ "നായര്‍ പട്ടാളം" ഡച്ചുകാരെ വിറപ്പിച്ചിട്ടുണ്ടെന്നത് മറക്കരുത്. അതറിയണമെങ്കില്‍ വായിക്കണം. അല്ലെങ്കില്‍ വായിച്ചവരോട് ചോദിക്കണം.

കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?. മരുമക്കത്തായ സമ്പ്രദായപ്രകാരമായിരുന്നു സ്വത്തു വിഭജനം. ഉരിയരി കിട്ടാന്‍ അമ്മാവന്റെ മുന്നില്‍ ചൊറിഞ്ഞുനില്‍ക്കണം. "എംബ്രോരാജാവിന്റെ പദവിയും അമ്പിട്ടകിട്ടുവിന്റെ പൊറുതിയു"മായി കഴിയുകയായിരുന്നില്ലേ കെപിസിസി പ്രസിഡന്റ്? ഒരു കുമ്പിളെണ്ണയ്ക്കും, ഒരു തോര്‍ത്തുമുണ്ടിനും ഇരക്കണം. തല കുളുക്കെ എണ്ണയിട്ട് കുളിച്ചിട്ട് എത്ര നാളായി. ചേമ്പും താളുമല്ലാതെ വായ്ക്ക് രുചിയുള്ള കറികൂട്ടിയിട്ട് എത്ര നാളായി?.

സഹിച്ചില്ല സുകുമാരന്‍ നായര്‍ക്ക്. ചെന്നിത്തല നായര്‍ക്ക് കയറിക്കിടക്കാന്‍ ഒരു വരാന്തക്കു വേണ്ടി സുകുമാരന്‍ നായരും സംഘവും ഹൈക്കമാന്റിന്റെ തിണ്ണ നിരങ്ങിയില്ലേ? അവിടെനിന്ന് ഒരാള്‍ പെരുന്നയില്‍ വന്നില്ലേ? അത് കുട നന്നാക്കാന്‍ വന്നതല്ലല്ലോ? ഇപ്പോള്‍ ചിലര്‍ അങ്ങനെ പറയുന്നുണ്ട്. ചങ്ങനാശ്ശേരിയില്‍ കൂടി "കുട നന്നാക്കാനുണ്ടോ" എന്ന് പറഞ്ഞു നടന്നപ്പോള്‍ ഞങ്ങള്‍ വിളിച്ചു കയറ്റിയതാണെന്ന മട്ടിലാണ് ചിലര്‍ ഇപ്പോള്‍ വ്യാഖ്യാനിക്കുന്നത്.

ഇപ്പോള്‍ ആര്‍ക്കും ഒന്നും ഓര്‍മയില്ല. ഏത് പെരുന്ന? എന്തു കരയോഗം? എന്നെല്ലാം പറയുന്നുണ്ട്.

നന്ദി വേണം നന്ദി.
കാണിച്ചു തരാം.
ഞങ്ങളുടെ നെഞ്ച് പൊടിയുകയാണ്.

ചെന്നിത്തല നായര്‍ക്ക് വേണ്ടി എന്തെല്ലാം ഞങ്ങള്‍ ചെയ്തു. സംശയമുണ്ടെങ്കില്‍ ആന്റണി നായരോടും കുര്യന്‍ നായരോടും ചോദിച്ചുനോക്ക്. അവര്‍ക്കറിയാം കാര്യങ്ങള്‍.

കടിച്ചാല്‍ തിരിച്ചു കടിക്കും എന്നുപറയുന്നപോലെ സഹായിച്ചാല്‍ തിരിച്ചു സഹായിക്കും എന്ന് ഞങ്ങള്‍ ഭീഷണിപ്പെടുത്തിയത് ആര്‍ക്കു വേണ്ടിയായിരുന്നു? എന്‍എസ്എസ്സിന് ആരോടും പ്രത്യേക സ്നേഹമില്ല എന്ന് പറഞ്ഞതും ആര്‍ക്കു വേണ്ടിയായിരുന്നു?

ചെക്കന്‍ കാണാന്‍ വരുമ്പോള്‍ പെണ്ണ് എനിക്ക് ഇപ്പോള്‍ കല്യാണം വേണ്ട, ഈ ചെക്കന്‍ വേണ്ട എന്നെല്ലാം പറയുന്നത് എന്തിനാ? ഒരു ചെക്കന്‍ മനസ്സിലുള്ളത് കൊണ്ടാ.

അതുപോലെ തന്നെയായിരുന്നു സുകുമാരന്‍ നായരും. വെണ്ണകട്ട ഉണ്ണിക്കണ്ണന്‍ മനസ്സില്‍ കളിക്കുന്നപോലെ സുകുമാരന്‍ നായരുടെ മനസ്സു നിറയെ ചെന്നിത്തലയായിരുന്നു. "ഉന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്തുന്താളെയുന്ത്" എന്ന് ചതുരംഗം കളിക്കുമ്പോള്‍ എത്ര പ്രാവശ്യം പാടി. ആള്‍ എന്നു പറഞ്ഞാല്‍ ഒറ്റയാളെയുള്ളു- ഉമ്മന്‍ ചാണ്ടി. തള്ളി താഴെയിട്ടാല്‍ കളി ജയിച്ചതു തന്നെ.

സമദൂരവും, ശരിദൂരവുമൊക്കെയായി കരയോഗക്കാരെ കണക്കു പഠിപ്പിക്കാന്‍ നടന്നതിന്റെ സിലബസ് ഇതായിരുന്നു. പാവം കരയോഗക്കാരെ കണക്കിന്റെ ഉസ്താദുക്കളാക്കുമെന്ന മട്ടിലായിരുന്നു പെരുന്നയില്‍നിന്ന് പാഠപുസ്തകം തയ്യാറാക്കിയത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കരയോഗക്കാരെ കണക്കു പഠിപ്പിക്കാനിരുത്തും.

പെരുന്നയില്‍നിന്ന് ഹെഡ് മാഷ് പറയും" സമദൂരം കണ്ടുപിടിക്ക്". കരയോഗക്കാര്‍ സര്‍വേച്ചങ്ങലയുമെടുത്ത് ഇറങ്ങും.
സമദൂരം കണ്ടുപിടിക്കാന്‍.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസില്‍നിന്ന് അളവു തുടങ്ങും- സമദൂരം കണ്ടുപിടിക്കാന്‍. വെയിലും മഞ്ഞും മഴയുംകൊണ്ട് അളവോടളവ്.

കൃത്യം സമദൂരമായിരിക്കണം.

ഇതിന് വല്ല ഫോര്‍മുലയുമുണ്ടോ എന്ന് ചോദിച്ചവരോട് പെരുന്നയില്‍നിന്ന് രഹസ്യമായി അത് പറഞ്ഞുകൊടുത്തത്രെ!.

എ പ്ലസ് ബി സമം സി പ്ലസ് ഡി.

മനസ്സിലായില്ല അല്ലേ?

സിമ്പിള്‍.

ഇടതുവശത്തുള്ള സംഖ്യയും വലതു വശത്തുള്ള സംഖ്യയും തുല്യം.

അതാണ് കണക്ക്.

ഒന്നുകൂടി വിശദമാക്കാം.

കൂട്ടാനുള്ളതാണ് സംഖ്യ. എവിടെയായാലും കൂടുന്നുണ്ടോ എന്ന് നോക്കണം. കൂട്ടാനാണ് കളി, കുറയ്ക്കാനല്ല. സംഖ്യ എവിടെ എഴുതുന്നു എന്നുള്ളതല്ല, കൂടുന്നുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മനസ്സിലായല്ലോ. ഇനി സമദൂരം കണ്ടുപിടിക്കുക എളുപ്പമായിരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍
തരപ്പെട്വോ, താങ്ങുക.

താങ്ങുമ്പോള്‍ ഓര്‍ക്കണം സമദൂരം കണ്ടെത്തുന്ന ബിന്ദുവില്‍ ചെന്നിത്തല നായരുണ്ടോ എന്ന്. എങ്കില്‍ കണക്ക് ശരിയാണ്.

ഫോര്‍മുല രണ്ട്.

ഒരു പ്രശ്നത്തിന്റെ രണ്ട് ആംഗിളുകള്‍ തമ്മില്‍ പെരുക്കിയാല്‍ കിട്ടുന്ന സംഖ്യ അതിന്റെ വിസ്തീര്‍ണത്തിന് സമമായിരിക്കും. വീണ്ടും മനസ്സിലായില്ല, അല്ലേ?.

വിശദീകരിക്കാം

സംഖ്യകളും പ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ട്. രണ്ടും അസംഖ്യമാണ്. എപ്പോഴും ഉണ്ടാക്കാവുന്നതുമാണ്. പ്രശ്നങ്ങള്‍ക്ക് പല ആംഗിളുകള്‍ ഉണ്ടാവാം. ഒരു ഡിഗ്രി മുതല്‍ 360 ഡിഗ്രി വരെ പോവാം. ഏതു പ്രശ്നത്തിന്റെ ആംഗിളുകള്‍ തമ്മില്‍ പെരുക്കിയാലും അത് നമ്മുടെ തറ വിസ്തീര്‍ണത്തിന്റെ അകത്തുനില്‍ക്കണം.

കുറച്ചുകൂടി ലളിതമാക്കാന്‍ ഒരു വഴിക്കണക്കു പറയാം.

ഒരാള്‍ 2500 രൂപയ്ക്ക് ഒരു പശുവിനെ വാങ്ങി. 3000 രൂപയ്ക്ക് വിറ്റു. ഈ കച്ചവടത്തില്‍ ചെന്നിത്തല നായര്‍ക്ക് എന്തു കിട്ടും?.

ഇതായിരിക്കണം എപ്പോഴും മനസ്സില്‍.

അത് വിട്ടുപോവരുത്.

ച്ചാല്‍,

കച്ചോടത്തിന് പോവുമ്പോ കക്ഷത്തിലിരിക്കുന്നത് മറക്കരുത് എന്ന് ചുരുക്കം.

ഇങ്ങനെയാണ് സമദൂരങ്ങള്‍ കണ്ടുപിടിക്കേണ്ടത്.

എപ്പോഴും ഒരു സ്കെയില്‍ കരുതുക. എന്ത് പ്രശ്നമുണ്ടായാലും അളക്കുക. സമദൂരം കണ്ടുപിടിക്കുക. അവ്ടെ നിക്കുക. അതാ ലാഭം. പരിക്കില്ല.

പണ്ട് വ്യാജ വൈദ്യര് കുട്ടിയോട് കാണിച്ച ആംഗ്യമാണ് ഈ സമദൂരം.

കുട്ടി രക്ഷപ്പെട്ടാല്‍ പറയാം

"ഞാമ്പറഞ്ഞില്ലേ... കാര്യം നിസ്സാരാന്ന്"

ഇനി മരിച്ചെന്നിരിക്കട്ടെ അപ്പോഴും പറയാം

"ഞാമ്പറഞ്ഞില്ലേ... കിട്ടില്ല്യാന്ന്."

ഇത്രേള്ളു.

അപ്പോഴും ഒരു കുട്ടി നമ്മുടെ കസ്റ്റഡിയില്‍ നല്ല തക്കിടമുണ്ടനായിട്ടുണ്ടാവും.

അതറിയാല്ലോ?

കെപിസിസി നായര്.

പ്രസിഡന്റ് നായര്.

നമ്മുടെ സ്വന്തം ചെന്നിത്തല നായര്.

അങ്ങനെ സമദൂരം പഠിച്ച് കണക്ക് പണ്ഡിതന്മാരായപ്പോഴാണ് വീണ്ടും പ്രശ്നം.

തെരഞ്ഞെടുപ്പ്.

വീണ്ടും സ്ലേറ്റും പെന്‍സിലുമെടുക്കാന്‍ പെരുന്നയില്‍ നിന്ന്് അറിയിപ്പ്.

വീണ്ടും കണക്കിട്ടു.

"സമദൂരത്തില്‍നിന്ന് ശരിദൂരം കണ്ടുപിടിക്കുക."

പിന്നേം കുഴപ്പത്തിലായി.

ഇതെങ്ങനെ?

സമസ്തനായന്മാരും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍.

കണക്കിലുമുണ്ടോ മക്കത്തായവും മരുമക്കത്തായവും.

സമദൂരം മക്കത്തായം, ശരിദൂരം മരുമക്കത്തായം.

ചില കണക്കുകണ്ടുപിടിക്കണമെങ്കില്‍ ചിലതെല്ലാം മുന്‍കൂട്ടി അറിഞ്ഞിരിക്കണം.

ഒരു കണക്കിലൂടെ ഇത് തെളിയിക്കാം.

കണക്കധ്യാപകര്‍ പൊതുവെ മുന്‍കോപികളായിരിക്കും.

ഒരു മുന്‍കോപി മാഷ് കുട്ടികള്‍ക്ക് കണക്കിട്ടു കൊടുത്തു.

" ശങ്കരന്‍ കുട്ടി അമ്പതു രൂപയുമായി രാമന്‍നായരുടെ കടയില്‍ ഏത്തപ്പഴം മേടിക്കാന്‍ പോയി. എത്ര ഏത്തപ്പഴം കിട്ടും?"

ഒറ്റക്കുട്ടിക്കും ഉത്തരം കിട്ടിയില്ല.

കുട്ടികള്‍ ഓരോരുത്തരായി കൈനീട്ടി.

ചുട്ട പെട.

ക്ലാസില്‍ കൂട്ടക്കരച്ചിലായി.

ഹെഡ് മാഷെത്തി.

പ്രശ്നം അന്വേഷിച്ചു.

മുന്‍കോപി മാഷ് പറഞ്ഞു.

കുട്ടികള്‍ക്കൊന്നും നിലവാരമില്ല മാഷേ. രാമന്‍നായരുടെ കടയില്‍നിന്ന് അമ്പതുരൂപയ്ക്ക് എത്ര ഏത്തപ്പഴം കിട്ടുമെന്ന് ഒരെണ്ണത്തിന് പോലുമറിയില്ല.

ഹെഡ് മാഷ് ചോദിച്ചു.

"അല്ല മാഷേ, ഒരേത്തപ്പഴത്തിന് എത്ര രൂപയാണെന്ന് പറഞ്ഞാലല്ലേ കുട്ടികള്‍ക്കിത് പറയാന്‍ പറ്റൂ."

" അതെന്തിനാ മാഷേ. അവിടെ ഏത്തപ്പഴത്തിന് അഞ്ചുരൂപയാണെന്ന് ആര്‍ക്കാ അറിയാത്തത്."

അതു തന്നെ.

കണക്കു ചെയ്യുന്നവര്‍ ചിലത് അറിഞ്ഞിരിക്കണം, കണക്ക് കൂട്ടുന്നവര്‍ ചിലത് അറിഞ്ഞുതന്നെയാണ് കണക്കുപറയുന്നതെന്ന്.

ദൂരം കണ്ടുപിടിക്കുമ്പോള്‍ ചില പൊതു ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.

അല്ലാത്തവര്‍ സര്‍വേച്ചങ്ങലയുമെടുത്ത് പിന്നെയും അളവു തുടങ്ങും. സമദൂരം കണ്ട് അവിടെ കല്ലിടും. പിന്നെ ചങ്ങലയുമെടുത്ത് ശരിദൂരം കണ്ടുപിടിക്കും.

സത്യത്തില്‍ എന്‍എസ്എസ്സിന്റെ സ്ഥാപകനേതാവാരാണ്?. മന്നത്ത് പത്മനാഭനോ?, പൈത്തഗോറസോ? മന്നം കണക്ക് കൊണ്ട് ഒരു കളിയും നടത്തിയിട്ടില്ല. വിമോചന സമരത്തിന് ഏല്‍പിച്ച പണം പോലും കൃത്യം കണക്കു പറഞ്ഞ് ബാക്കി തിരിച്ചേല്‍പിച്ചെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.

രണ്ടു തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും പെരുന്നയില്‍ കണക്കിന്റെ കുറേ തത്വചിന്തകരുണ്ടാവും.

സമദൂരം, ശരിദൂരം, ദീര്‍ഘദൂരം, ഹ്രസ്വദൂരം, സമദൂരത്തില്‍ നിന്ന് ശരിദൂരം, ശരിദൂരത്തില്‍ നിന്ന് സമദൂരം, പിന്നെ സമദൂരത്തില്‍നിന്ന് ശരിദൂരം കുറച്ച് ബാക്കിദൂരത്തെ ഹ്രസ്വദൂരംകൊണ്ട് പെരുക്കിക്കിട്ടുന്ന ദൂരം, പിന്നെ ശരിദൂരത്തില്‍ നിന്ന് സമദൂരം കുറച്ചു ദീര്‍ഘദൂരം കൊണ്ട് പെരുക്കിക്കിട്ടുന്ന ദൂരം, സമദൂരവും ശരിദൂരവും കൂട്ടിക്കിട്ടുന്ന ദൂരത്തെ രണ്ടു കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ദൂരം, സമദൂരത്തില്‍നിന്ന് ആവശ്യത്തിന് ദൂരമെടുത്ത ശേഷം ബാക്കിവരുന്ന ദൂരം, ശരിദൂരത്തില്‍ നിന്ന് ശരാശരി ദൂരമെടുത്ത ശേഷം ബാക്കി വരുന്ന ദൂരമെടുത്ത് സമദൂരത്തോട് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന ദൂരം... അമ്പമ്പോ അങ്ങനെ എന്തെല്ലാം ദൂരങ്ങള്‍.

ദൂരങ്ങളുടെ പൂരം.

പൂരങ്ങളുടെ ദൂരം.

ദുരമൂത്ത ദൂരം.

ദൂരങ്ങളുടെ ഭാരം താങ്ങാന്‍ നായര്‍ ദൂരം പിന്നെയും ബാക്കി.

മുഖ്യമന്ത്രിയിലേക്ക് സമദൂരം. കെപിസിസി പ്രസിഡന്റിലേക്ക് ശരിദൂരം.

ഉമ്മന്‍ ചാണ്ടിയിലേക്കുള്ള നായര്‍ ദൂരമല്ല, സോണിയാ ഗാന്ധിയിലേക്കുള്ള നായര്‍ ദൂരം. ഹൈക്കമാന്റിലേക്കുള്ള നായര്‍ ദൂരമല്ല, സെക്രട്ടറിയറ്റിലേക്കുള്ള നായര്‍ ദൂരം. ആന്റണിയിലേക്കുള്ള നായര്‍ ദൂരമല്ല, ആര്യാടനിലേക്കുള്ള നായര്‍ ദൂരം. ചാക്കോയിലേക്കുള്ള ദൂരമല്ല കുര്യനിലേക്കുള്ള ദൂരം.

എല്ലാ ദൂരങ്ങളും ചെന്നിത്തലയില്‍ അവസാനിക്കുന്നു.

അതാണ് നായര്‍ ദൂരം അഥവാ സുകുമാരന്‍ നായരുടെ ദൂരം.

എന്തെല്ലാം ദൂരങ്ങള്‍!.

കുഞ്ചന്‍ നമ്പ്യാരെ അങ്ങ് എവിടെയാണ്?.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: