Thursday, February 28, 2013

തുറക്കാത്ത പുസ്തകങ്ങള്‍

എം എന്‍ പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' വായിക്കുകയായിരുന്നു.  കവിയുടെ ആത്മകഥയായതുകൊണ്ട് സ്വാഭാവികമായി പല കവികളും കഥാപാത്രങ്ങളാവുന്നുണ്ട്.  അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്നില്‍ കൗതുകമുളവാക്കി.  അത് ടി ആര്‍ നായരായിരുന്നു. തൃശൂര്‍ ജില്ലയിലെ അടാട്ടിലെ ഭാര്യവീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ പാലൂര് സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്നത്രേ. 

വായന അവിടെയെത്തിയപ്പോള്‍ ഞാനും ചിലത് ഓര്‍മ്മിച്ചുപോയി. അമ്പതു വര്‍ഷം മുമ്പത്തെ തൃശൂരിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ ഏറിയാല്‍ ആറോ ഏഴോ ബസ്സു കാണും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ പാതയില്‍ അന്ന് ഏറെ ബസ്സുകളൊന്നുമില്ല.  അച്ഛനുണ്ടായിരുന്നു കൂടെ.  ബസില്‍ കയറി ഇരിപ്പായി. അപ്പോള്‍ ഒരാള്‍ കയ്യില്‍ കുറച്ചു പുസ്തകങ്ങളുമായി ബസില്‍ കയറിവന്നു. അച്ഛന്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. അടുത്തു വന്ന അദ്ദേഹം കയ്യിലുണ്ടായിരുന്ന പുസ്തകക്കെട്ടില്‍നിന്ന് ഒരെണ്ണമെടുത്ത് നീട്ടി. അച്ഛന്‍ അതു വാങ്ങി ഷര്‍ട്ടിന്റെ കീശയില്‍നിന്ന് ഒരുറുപ്പികയെടുത്ത് അദ്ദേഹത്തിനു കൊടുത്തു. ബസ്സിലെ മറ്റു യാത്രക്കാരാരും പുസ്തകം വാങ്ങിയില്ല. അദ്ദേഹം ബസില്‍നിന്ന് സാവധാനം ഇറങ്ങിപ്പോയി.

അച്ഛന്റെ കൈയിലെ പുസ്തകത്തിലേയ്ക്ക് ഞാന്‍ എത്തിനോക്കി. ഇളംനീലനിറത്തിലുള്ള പുറംചട്ടയില്‍ 'ഹൃദയരോദനം' എന്ന് വലുതായി എഴുതിയിട്ടുണ്ട്. അതിനു തൊട്ടു താഴെ ബ്രാക്കറ്റിനുള്ളില്‍ കുറച്ചുകൂടി ചെറിയ അക്ഷരത്തില്‍ 'വിലാപകാവ്യം' എന്നു കാണാനുണ്ട്. പുസ്തകത്തിന്റെ താഴെയായി എഴുതിയ ആളുടെ പേരും: ടി ആര്‍ നായര്‍.

ഞാന്‍ ജീവനോടെ കണ്ട ആദ്യത്തെ എഴുത്തുകാരനായിരുന്നു ടി ആര്‍ നായര്‍.  പില്‍ക്കാലത്ത് നിരവധി എഴുത്തുകാരെ കണ്ടിട്ടുണ്ടെങ്കിലും സ്വന്തം പുസ്തകം വിറ്റുനടക്കുന്ന ഒരേയൊരു സാഹിത്യകാരനെയേ ഞാന്‍ കണ്ടിട്ടുള്ളു. വള്ളത്തോള്‍ തന്റെ ഋഗ്വേദതര്‍ജ്ജമ വില്‍ക്കാന്‍ നടന്നിരുന്നു എന്നും കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അതിന് സമീപിച്ചിരുന്നത് അഭിജാതകുടുംബങ്ങളെ ആയിരുന്നു.

അതിനും കാരണമുണ്ട്. കൊടുംദാരിദ്ര്യത്തിന്റെ കാലമായിരുന്നു അത്. നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ പോലും വിഷമിച്ചിരുന്ന അക്കാലത്ത് എത്ര പേര്‍ ടി ആര്‍ നായരുടെ പുസ്തകം വാങ്ങിയിരുന്നുവോ ആവോ. ''ചിലപ്പോള്‍ അദ്ദേഹം ഒരു രൂപയുടെ പുസ്തകം നാലണയ്ക്കു പോലും കൊടുക്കുമായിരുന്നു,'' പാലൂര് എഴുതുന്നു. ''ദാരിദ്ര്യം ആ മനുഷ്യന്റെ സന്തതസഹചാരിയായിരുന്നു.''
ദാരിദ്ര്യത്തില്‍ അച്ഛനും മോശമായിരുന്നില്ല.  ടി ആര്‍ നായരുടെ പുസ്തകം വാങ്ങാന്‍ അച്ഛന്‍ നല്ലവണ്ണം ബുദ്ധിമുട്ടിയിരിക്കണം. പാഠപുസ്തകങ്ങള്‍ വാങ്ങാനുള്ള പണം ചോദിക്കാന്‍ പോലും അച്ഛനെ സമീപിക്കാന്‍ ഞങ്ങള്‍ പേടിച്ചിരുന്ന കാലമായിരുന്നു അത്. കുഞ്ഞ്യോപ്പോളുടെ പുസ്തകങ്ങള്‍ ആര്യോപ്പോളും ആര്യോപ്പോള്‍ക്കുശേഷം ഞങ്ങളുടെ ബന്ധു ലീലോപ്പോളും ലീലോപ്പോള്‍ക്കു ശേഷം തിരിച്ച് ഞാനും എനിക്കുശേഷം ലീലോപ്പോളുടെ അനിയന്‍ രാമനും പുസ്തകങ്ങള്‍ കൈമാറിക്കൈമാറി പഠിച്ചിരുന്ന കാലം.

ദാരിദ്ര്യം കുറേശ്ശെക്കുറേശ്ശെയായി തുടച്ചുമാറ്റപ്പെട്ട പില്‍ക്കാലജീവിതത്തില്‍ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നത് എനിക്കൊരു ശീലമായി. നാലോ അഞ്ചോ ഷെല്‍ഫുകള്‍ പണിത് ഓരോന്നിലും പുസ്തകങ്ങള്‍ അടുക്കിയടുക്കിവെച്ചു. ചില്ലുവാതിലുകള്‍ക്കപ്പുറത്ത് അവ നിരന്നിരിക്കുന്നതു കണ്ട് ആനന്ദിച്ചു.

വീടിന്റെ മുകളിലത്തെ മുറിയില്‍ മരം കൊണ്ടുള്ള ഒരലമാരിയുണ്ടായിരുന്നു. വേനലവധിക്കാലം.  ഊണു കഴിഞ്ഞ് അച്ഛനുമമ്മയും ഉച്ചമയക്കത്തിലായിരിക്കും. ഞാന്‍ പതുക്കെ മുകളിലേയ്ക്കു പോവും.  ആ മരയലമാരി തുറന്നു നോക്കും. ദാരിദ്ര്യത്തിനിടയിലും അച്ഛന്‍ വാങ്ങിയ കുറച്ചു പുസ്തകങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.

അവ ഇപ്പോഴും അവിടെയുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് എനിക്കു തോന്നി. പൂട്ട് ഇളകിപ്പോയ ആ അലമാരി തുറന്നുനോക്കിയിട്ട് വര്‍ഷങ്ങളായിരുന്നു. പുസ്തകങ്ങളില്‍ അധികവും പാര്‍ട്ടി സാഹിത്യമാണ്. മലയാളപുസ്തകങ്ങളില്‍ കേരള പാഠാവലിയും അപൂര്‍വ്വം ചില കവിതാ പുസ്തകങ്ങളും. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടി ആര്‍ നായരുടെ പുസ്തകങ്ങളായിരുന്നു. തൃശൂരിലെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ബസു കയറുമ്പോള്‍ അക്കാലത്ത് ടി ആര്‍ നായരെ കണ്ടുമുട്ടാതിരിക്കാന്‍ വിഷമമായിരുന്നു. വാങ്ങാന്‍ അച്ഛന്‍ നിര്‍ബ്ബന്ധിതനായതാണെന്നു വ്യക്തം.

ടി ആര്‍ നായരുടെ പുസ്തകങ്ങള്‍ ഇപ്പോഴും അലമാരിയിലുണ്ട്. 'വിലാസിനി', 'സൗന്ദര്യമഞ്ജരി', 'വേണുഗാനം', 'ഹൃദയരോദനം' എന്നു തുടങ്ങി നാലെണ്ണം. അദ്ദേഹത്തിന്റെ രചനകളിലെ ചെറിയൊരു ഭാഗം മാത്രമാണ് ഇത്.  'ഹൃദയരോദന'ത്തിന്റെ പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ മറ്റു കൃതികള്‍ എന്ന തലക്കെട്ടിനു താഴെ ഗദ്യവും പദ്യവുമായി മുപ്പത്തേഴു പുസ്തകങ്ങളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലം മുഴുക്കെ നടത്തിയ സാഹിതീപൂജയുടെ അര്‍ച്ചനാപ്രസാദങ്ങള്‍. സാഹിത്യമൊഴിച്ച് മറ്റൊന്നും അദ്ദേഹത്തിന് ജീവിതത്തിലുണ്ടായിരുന്നില്ല എന്നു തോന്നിപ്പിക്കും വിധമുള്ള രചനാബാഹുല്യം.

എന്തായിരുന്നു ടി ആര്‍ നായരുടെ സാഹിത്യത്തിന്റെ  മേന്മ? അറിയില്ല. അറുപതു വര്‍ഷവും എന്റെ കൂടെത്തന്നെ ഈ നാലു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും ഒരിക്കല്‍പ്പോലും വായിച്ചുനോക്കിയിട്ടില്ലല്ലോ എന്ന് ആത്മനിന്ദയോടെ ഞാന്‍ ഓര്‍മ്മിച്ചു. 

അല്ലെങ്കില്‍ വീട്ടിലുള്ള പുസ്തകങ്ങളില്‍ ഇനിയും അറിയാത്ത എത്രയോ പുസ്തകങ്ങള്‍ ഉണ്ടല്ലോ. തീരെ വായിക്കാത്തവ, പകുതി വായിച്ചു വെച്ചവ, എപ്പോഴെങ്കിലും വായിക്കണം എന്നു തീരുമാനിച്ചവ, വായിക്കേണ്ട എന്നു തീരുമാനിച്ചു വെച്ചവ....അങ്ങനെ എത്രയെത്ര!

വായിക്കുന്നില്ലെങ്കില്‍ പുസ്തകങ്ങളെക്കൊണ്ട് എന്തു കാര്യം? ഇതിനുള്ള മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞുതന്നിട്ടുണ്ട്: ''ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല, ചന്തത്തിലര്‍ഥം ഗ്രഹിച്ചേ മതി വരൂ.'' ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ നിറയെ പുസ്തകങ്ങളുണ്ടെന്ന് അത്ഭുതത്തോടെ പറഞ്ഞ കുഞ്ഞ്യോപ്പോളുടെ മുഖത്തുനോക്കി ആയിടെ പഠിച്ച ഈ വരികള്‍ ഔദ്ധത്യത്തോടെ ഉദ്ധരിച്ച ഞാന്‍ തന്നെയാണ് ഇനിയും വായിക്കാത്ത പുസ്തകങ്ങളുടെ വെറും 'ശേഖര'നായി ഇരിക്കുന്നത്!

രചന എത്ര മേന്മ കുറഞ്ഞതാണെങ്കിലും എഴുതിയവര്‍ക്ക് അവ വലുതാണ്. പുസ്തകങ്ങള്‍ വില്‍ക്കുമ്പോഴും കയ്യൊപ്പിട്ട് സമ്മാനിക്കുമ്പോഴും എപ്പോഴെങ്കിലും അവ വായിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളോടെ അവര്‍ കാത്തിരിക്കുന്നു. എഴുത്തുകാരന് വായനക്കാരന്റെ അഭിപ്രായത്തില്‍ക്കവിഞ്ഞ് വലിയതൊന്നുമില്ല. ഇക്കാലത്താവട്ടെ ഈമെയിലും മൊബൈലും ഫെയ്‌സ്ബുക്കും വഴി എഴുത്തുകാരന്‍ വായനക്കാരന്റെ ഭിക്ഷ യാചിക്കുകയാണ്.

അത്തരം കുറുക്കുവഴികളൊന്നുമില്ലാത്ത കാലത്താണ് ടി ആര്‍ നായര്‍ ജീവിച്ചത്. എന്നാലും അക്കാലത്തെ പരസ്യമാര്‍ഗ്ഗങ്ങളായ അവതാരികയും ആമുഖവും ടിപ്പണിയുമൊക്കെ അദ്ദേഹവും ഉപയോഗിച്ചിട്ടുണ്ട്. അത് എഴുതിയവരാരും മോശക്കാരുമല്ല. പുത്തേഴത്ത് രാമന്‍മേനോനും കുറ്റിപ്പുറത്തു കേശവന്‍ നായരും സി എ കുഞ്ഞുണ്ണി രാജയും അകവൂര്‍ നാരായണനും ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയും ഒക്കെയാണ് അവര്‍.

ഇപ്പോള്‍ ആലോചിക്കുകയാണ്. എന്റെ പുസ്തകശേഖരത്തില്‍പ്പോലും ടി ആര്‍ നായര്‍ക്ക് ഇതുവരെ ഇടം കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്? കവിത അധികം വായിക്കാത്ത ബാല്യത്തിന് അവധി കൊടുക്കാം. പക്ഷേ പിന്നീടോ? ആരും തോളിലേറ്റി കാവടിയാടാത്തതുകൊണ്ട് അവ അധമമായിരിക്കും എന്ന  എന്റെ മുന്‍വിധിയാണോ? വലിയ സാഹിത്യമൂല്യമൊന്നും ഉള്ളതായിക്കൊള്ളണമെന്നില്ല. എന്നാലും ഇത്രകാലം കൂടെയുള്ള ആ രചനകള്‍ ഒരു പ്രാവശ്യത്തെ വായനയെങ്കിലും അര്‍ഹിക്കുന്നില്ലേ?

തീര്‍ച്ചയായും ഉണ്ട്. പ്രായശ്ചിത്തത്തിന്റെ ആദ്യപടിയായി ഈ നാലു പുസ്തകങ്ങളും എന്റെ പുസ്തകക്കൂട്ടത്തിലേയ്ക്ക് ഞാന്‍ എടുത്തു വെച്ചു. കെട്ടിലും മട്ടിലും പാവമായ, കട്ടികുറഞ്ഞ പുറംചട്ടയുള്ള ഈ പുസ്തകങ്ങള്‍ നേരെ നില്‍ക്കാന്‍ പാടുപെടുന്നുമുണ്ട്. എന്നാലും നിഷ്‌ക്കളങ്കതയും ആത്മാര്‍ഥതയും കൊണ്ട് ഇവ കൂട്ടത്തില്‍ മറ്റുള്ളവയെ അതിശയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

*
അഷ്ടമൂര്‍ത്തി ജനയുഗം

No comments: