Tuesday, May 7, 2013

അവകാശപ്പോരാട്ടങ്ങളുടെ നാല് ദശാബ്ദം

തൊഴിലാളിവര്‍ഗതാല്‍പ്പര്യം മുന്‍നിര്‍ത്തി അവകാശസമരങ്ങളുടെ രണാങ്കണങ്ങളില്‍ ഓരോ ചുവടുമുറപ്പിച്ച് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തുടരുന്ന മുന്നേറ്റം നാലു ദശാബ്ദം പിന്നിടുകയാണ്. പിന്നിട്ട വീഥികള്‍ ഒരിക്കലും തിരശ്ചീനമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ പോര്‍വീഥികളില്‍ ഓരോ ചുവടും അടയാളപ്പെടുത്തിതന്നെയാണ് ഈ സംഘടന മുന്നേറിയത്. എന്നാല്‍, അവകാശ സംരക്ഷണം എന്ന കേവലമായ ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയല്ല അസോസിയേഷന്‍ പ്രവര്‍ത്തിച്ചത്. കാര്യക്ഷമതയിലൂന്നിയ, സാമൂഹ്യപ്രതിബദ്ധമായ ഒരു സിവില്‍ സര്‍വീസ് എന്നത് എന്നും ഈ സംഘടനയുടെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. അതോടൊപ്പം, മുഴുവന്‍ തൊഴിലാളിവര്‍ഗത്തിന്റെയും അവകാശപോരാട്ടങ്ങളില്‍ അപ്രധാനമല്ലാത്ത പങ്കു വഹിക്കാനും അധഃസ്ഥിതരുടെയും സാധാരണക്കാരുടെയും ജീവിതം ദുഷ്കരമാക്കുന്ന ഭരണകൂട നൃശംസതകളെ പൊതുസമൂഹത്തോടൊപ്പം നിന്ന് പ്രതിരോധിക്കാനും അസോസിയേഷന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ വൈരനിര്യാതന ബുദ്ധിയോടുള്ള പ്രതികാരനടപടികള്‍ക്ക് നിരന്തരം പാത്രീഭവിച്ചിട്ടുമുണ്ട്.

പിറവിയെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളെയാണ് സംഘടനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനു ശേഷവും അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ കാലമായിരുന്നു. 1978ല്‍ ശമ്പളപരിഷ്കരണം നേടിയെടുക്കുന്നതിന് എ കെ ആന്റണി സര്‍ക്കാരിനെതിരെ 17 ദിവസം നീണ്ട പണിമുടക്ക് നടത്തേണ്ടി വന്നു. കെ കരുണാകരന്‍ സര്‍ക്കാരിന്റെ 1982-87 കാലഘട്ടമാകട്ടെ, നിരന്തരമായ അടിച്ചമര്‍ത്തലുകളുടെയും പീഡനങ്ങളുടെയും കാലമായിരുന്നു. 1983ലെ സറണ്ടര്‍ സമരം, ശമ്പള പരിഷ്കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ടുള്ള 1984ലെ പണിമുടക്ക്, ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന 1985ലെ പണിമുടക്ക് എന്നിവ ഇവയില്‍ ചിലതുമാത്രം. 1985 ആഗസ്ത് ഏഴിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അഡീഷണല്‍ സെക്രട്ടറിയുമായിരുന്ന സി ജെ ജോസഫിനെ കെ കരുണാകരന്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. 1987ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ മന്ത്രിസഭയാണ് ആ തീരുമാനം റദ്ദാക്കി ജോസഫിനെ തിരിച്ചെടുത്തത്. 1992ലെ യുഡിഎഫ് സര്‍ക്കാരാകട്ടെ, അസോസിയേഷന് ശക്തമായ താക്കീതു നല്‍കുന്ന ഉത്തരവു പുറപ്പെടുവിച്ചു.

1992 ഡിസംബറില്‍ സംഘടനാ പ്രസിഡന്റായിരുന്ന ജെ പി ചന്ദ്രകുമാര്‍, സംഘടനാ സെക്രട്ടറിയായിരുന്ന എഫ് ജോസഫ് രാജന്‍ എന്നിവരടക്കം നിരവധി പേരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ കരുണാകരന്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സെക്രട്ടറിയറ്റ് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയും എഫ്എസ്ഇടിഒ പ്രസ്ഥാനത്തിന്റെ ധീരമായ സാരഥ്യത്തില്‍ നടന്ന നിരന്തര സമരങ്ങളുമാണ് ഇത്തരം പീഡനപര്‍വങ്ങള്‍ അതിജീവിക്കാന്‍ ഈ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നത്. 54 ദിവസം നീണ്ടുനിന്ന 1973ലെ പണിമുടക്കിനു ശേഷം ഏറ്റവും ദീര്‍ഘമായ പണിമുടക്ക് 2002ലേതായിരുന്നു. 32 ദിവസമാണ് അന്നു ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍, പെന്‍ഷന്‍ കമ്യൂട്ടേഷന്‍, ആര്‍ജിതാവധി സറണ്ടര്‍, ഭവന നിര്‍മാണ വായ്പ, പ്രതിമാസ ശമ്പള വ്യവസ്ഥ, പുതിയ ജീവനക്കാരുടെ ക്ഷാമബത്ത എന്നിങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ അതുവരെ അനുഭവിച്ചുവന്ന മുഴുവന്‍ അവകാശങ്ങളും ആനുകൂല്യങ്ങളും ഒറ്റയടിക്കു കവര്‍ന്നെടുക്കുകയും നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കുകയുംചെയ്ത എ കെ ആന്റണിസര്‍ക്കാരിന്റെ കിരാത നടപടിക്കെതിരെ നടന്ന ആ പണിമുടക്കിന്റെ കേന്ദ്രബിന്ദുവാക്കി സെക്രട്ടറിയറ്റിനെ മാറ്റാന്‍ കഴിഞ്ഞത് അസോസിയേഷന്റെ കിരീടത്തിലെ പൊന്‍തൂവലുകളില്‍ ഒന്നാണെന്ന് നിസംശയം പറയാം. അസോസിയേഷന്‍ നേതാക്കളും മുന്‍നിര പ്രവര്‍ത്തകരുമായ നാലുവനിതകളടക്കം 10 പേര്‍ അന്ന് ജയിലിലടയ്ക്കപ്പെട്ടു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കളായ ആറുപേരും എന്‍ജിഒ യൂണിയന്‍ അംഗമായ ഒരാളുമടക്കം ഏഴുപേരെ 2006 ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഇതുമൂലമുള്ള വൈരനിര്യാതന ബുദ്ധിയാകണം. 2001 ജനുവരി 10ന് നടന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു അവര്‍ ചെയ്ത തെറ്റ്.

2002ല്‍ യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കുക എന്നത് ഉമ്മന്‍ ചാണ്ടി ലക്ഷ്യമിട്ടിരുന്നു. അന്നു നടക്കാതെപോയ പദ്ധതി 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരെ വിഭജിച്ചു ഭരിക്കുക എന്നതാണ് അദ്ദേഹം പയറ്റുന്ന തന്ത്രം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ജനുവരി എട്ടുമുതല്‍ 13 വരെ നടന്ന പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണുണ്ടായത്്. പങ്കാളിത്ത പെന്‍ഷനടക്കമുള്ള നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. 2013 ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന പണിമുടക്ക് ഇത്തരം പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി വേണം കാണാന്‍. ലോകചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കായിരുന്നു അത്.

ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു. അഴിമതി, വിലക്കയറ്റം മുതലായവയ്ക്കെതിരെ കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയാണ്. ജീവനക്കാരടക്കമുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സര്‍ക്കാര്‍. തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലധിഷ്ഠിതമായ ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറുള്ള പുരോഗമനശക്തികളെ ശക്തിപ്പെടുത്തിമാത്രമേ അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാകൂ. അതിനനുസൃതമായ ചര്‍ച്ചകളും തീരുമാനങ്ങളും കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാര്‍ഷിക സമ്മേളനത്തിലുണ്ടാകും.

*
കെ ഉമ്മന്‍ (കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: