Tuesday, May 21, 2013

പോരാട്ടത്തിന്റെ പുത്തന്‍ ഭൂമികയില്‍

തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും സോഷ്യലിസ്റ്റ് തിരിച്ചടികളുടെ വാര്‍ത്തകള്‍ ഉയരുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പ്രതീതിയാണുണ്ടായത്. സാമ്രാജ്യത്വ ചേരിക്കിത് ആഗോളീകരണ അജന്‍ഡ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി. മുതലാളിത്തചൂഷണം പാരമ്യത്തിലെത്തി. ക്രൂരമായ മുതലാളിത്തവല്‍ക്കരണം വ്യാപകമായ അസംതൃപ്തിക്കിടയാക്കി. സാമൂഹ്യ അസമത്വം വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വംശീയ ചേരിതിരിവുകള്‍ വളര്‍ത്തിയും ഉപഭോഗസംസ്കാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചും അരാഷ്ട്രീയതയും അരാജകത്വവും പെരുപ്പിച്ചും ശിഥിലമാക്കാന്‍ മൂലധനശക്തികള്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി വേണം, ഗണ്യമായ ഒരു വിഭാഗം യുവജനങ്ങളെ വര്‍ഗീയ ജാതീയ ധ്രുവീകരണങ്ങളില്‍ കണ്ണിചേര്‍ത്തും ആള്‍ദൈവങ്ങളുടെയും കപട ആത്മീയതയുടെയും ആരാധകരാക്കിയും മദ്യാസക്തിയും മയക്കുമരുന്നുകളുടെ ഉപഭോഗവും വളര്‍ത്തിയും അടിമകളാക്കാനുള്ള ശ്രമങ്ങളെയും കാണാന്‍.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളും അതില്‍നിന്ന് വളര്‍ന്ന മൂല്യമാര്‍ന്ന തൊഴിലാളിപ്രസ്ഥാനങ്ങളും ചരിത്രത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഒരു തുടര്‍ച്ചയുടെ ഭാഗമാണ്. ഏറെ പരാമര്‍ശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന കേരള മോഡലിന്റെ അടിത്തറ ഇതാണ്. ഇതിനെ തകര്‍ക്കാന്‍ എക്കാലവും വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതും അതുതന്നെ. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും യുപിഎ സര്‍ക്കാരിന്റെ ആഗോളീകരണ നയങ്ങളും ഉഭയദിശകളില്‍ നിന്നുകൊണ്ട് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറെ കാര്യക്ഷമമായി നടന്ന പൊതുവിതരണ സമ്പ്രദായം മരിക്കുന്നു. ഊര്‍ജ പ്രതിസന്ധി അതിരൂക്ഷമാണ്. ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ് പലതവണ കുത്തനെ വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് അപഹാസ്യമായ "എമര്‍ജിങ് കേരള" യുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. 40,000 കോടിയുടെ വികസനപദ്ധതി വരുമെന്നു ഗീര്‍വാണം മുഴക്കുന്നവര്‍ വൈദ്യുതിപ്രതിസന്ധിയുടെ നാട്ടില്‍ ആര് ആത്മവിശ്വാസത്തോടെ വ്യവസായം നടത്താന്‍ എത്തുമെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നതേയില്ല. 40 ലക്ഷം പേര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിക്ക് ചരമക്കുറിപ്പെഴുതുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷാ സംവിധാനം അട്ടിമറിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വയംസംരംഭക മിഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ രണ്ടുവര്‍ഷംകൊണ്ട് എത്രപേര്‍ക്കു തൊഴില്‍ പ്രദാനംചെയ്തു എന്നു പ്രഖ്യാപിക്കാനുള്ള ആര്‍ജവം കാണിക്കണം. പിഎസ്സി റാങ്ക്ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ കളിക്കുന്ന നാടകങ്ങള്‍ക്ക് പ്രസക്തിയില്ല. അതുവഴി തൊഴില്‍രഹിതരെ വഞ്ചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നുമില്ല.

ചെലവു ചുരുക്കലിന്റെ പേരില്‍ സിവില്‍ സര്‍വീസിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമന നിരോധനനീക്കം അരങ്ങിലെത്തിക്കഴിഞ്ഞു. ഡ്രൈവര്‍ തസ്തിക, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആക്കിയത് അതിന്റെ തുടക്കമാണ്. കഴിഞ്ഞ കുറെ കാലമായി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷമാക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമുള്ള നീക്കം സംസ്ഥാനത്ത് ആസൂത്രിതമായി നടക്കുന്നു. അതിന്റെ സാമുദായിക-രാഷ്ട്രീയ ഗുണഭോക്താക്കള്‍ യുഡിഎഫും അവരുടെ പിന്തുണക്കാരുംതന്നെയാണ്. നവോത്ഥാനമൂല്യങ്ങളെ ചവിട്ടിമെതിച്ച് പച്ചയായ ജാതീയത വിളിച്ചുപറയാനും ജാതീയ ശക്തികള്‍ അധികാരത്തിന്റെ വിഹിതം ആവശ്യപ്പെടാനും തുടങ്ങിയത് കേരളം കാണാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിനെതിരെ, പുരോഗമന ചിന്തയുടെ തേരുരുണ്ട കേരളീയ ചരിത്രവീഥികളിലൂടെ എഴുനൂറു കിലോമീറ്ററോളം കാല്‍നടയായി നടന്ന യുവജന മുന്നേറ്റമായിരുന്നു ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ച്. ഉറഞ്ഞുതുള്ളുന്ന സാമുദായിക പ്രമാണിമാരുടെ മുന്നിലൂടെ താക്കോല്‍സ്ഥാനങ്ങള്‍ക്ക് കടിപിടി കൂട്ടുന്ന വലതുപക്ഷ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ജാതീയ ഗൂഢനീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കേരളമെങ്ങും യൂത്ത് മാര്‍ച്ച് ദശലക്ഷക്കണക്കിന് വരുന്ന യുവജനസംഗമമായി തീര്‍ന്നപ്പോള്‍ കണ്ണടച്ചുനിന്ന മാധ്യമ മുതലാളിമാര്‍ക്കുപോലും രണ്ടുവാക്ക് എഴുതാതെ തരമില്ലെന്നു വന്നു. വര്‍ഗീയവാദികള്‍ പരിശീലനക്കളരികളും ആയുധപ്പുരകളും തീര്‍ത്ത് അടവുകള്‍ രാകിമിനുക്കുമ്പോള്‍, നാടെങ്ങും സദാചാരഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ അതിനുകീഴടങ്ങുകയും ചൂട്ടുപിടിക്കുകയുംചെയ്യുന്ന നട്ടെല്ലുവളഞ്ഞ മുഖ്യമന്ത്രി തിരിച്ചറിയേണ്ട ചിലതുണ്ട്. ഓരോ തവണ സാമുദായിക രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുമ്പോഴും പണയപ്പെടുത്തുന്നത് ഈ നാടിന്റെ ആത്മാഭിമാനമാണ് എന്ന യാഥാര്‍ഥ്യം; അധികാരക്കസേരയേക്കാള്‍ എത്രയോ ഉയരെയാണ് നാടെന്ന മഹത്തായ യാഥാര്‍ഥ്യം. അതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഭരണത്തോടുള്ള പ്രതിഷേധംകൂടിയായി യൂത്ത് മാര്‍ച്ച്. പുതിയൊരു രാഷ്ട്രീയബോധം സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്. അതാകട്ടെ, നമ്മുടെ മണ്ണിനെയും ജലത്തെയും വായുവിനെയും കുറിച്ച് വ്യാകുലപ്പെടുന്നതാകേണ്ടത് ഏറ്റവും പ്രധാനമാണ്. അത്തരം രാഷ്ട്രീയത്തിന്റെ പതാകയാണ് എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തില്‍ ഡിവൈഎഫ്ഐ ഉയര്‍ത്തിപ്പിടിച്ചത്.

സുപ്രീംകോടതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധനവിധി ഉണ്ടായത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു യുവജനപ്രസ്ഥാനത്തിനും ഇതുവരെ ചെയ്യാന്‍ കഴിയാത്ത ഇടപെടലാണ് ഈ കാര്യത്തില്‍ ഡിവൈഎഫ്ഐ നിര്‍വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെയും ആശ്രിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നേടികൊടുക്കുന്നതിനും ഇനിയും നിയമപോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി പുതുതായി രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുകയാണ്. ഇതു കൂടാതെയാണ് ദുരിതമേഖലയിലെ ഒരു കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.

എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്ക് 16 വീട് നിര്‍മിച്ചുനല്‍കി. 50 വിദ്യാര്‍ഥികളെ ദത്തെടുത്തു. ഈ മേഖലയില്‍ സൗജന്യ ആംബുലന്‍സ് സംവിധാനമുണ്ടാക്കി. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ നടത്തിയ സാര്‍ഥകമായ ഈ ഇടപെടലുകള്‍ ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി വിഷയത്തില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്ത മറ്റൊരു പ്രധാനപരിപാടിയായിരുന്നു "ഭൂമിക്കായ് ഒരാള്‍ ഒരു മരം". പരിപാടിയുടെ ഭാഗമായി ലക്ഷക്കണക്കിനു വൃക്ഷത്തൈകള്‍ നാടെങ്ങും നട്ടുപിടിപ്പിച്ചു. ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വിമാനത്താവളത്തിന്റെ മറവില്‍ നികത്തപ്പെടുകയും ഭൂമാഫിയ കൈയടക്കുകയും ചെയ്യുമ്പോള്‍, വാഗമണില്‍ ഭൂമാഫിയക്ക് സര്‍ക്കാര്‍ഭൂമി കൈയേറാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്യുമ്പോള്‍, നിലമ്പൂര്‍ മുണ്ടേരിമല സ്വകാര്യവക്തികള്‍ക്ക് കൈയടക്കാന്‍ അവസരമൊരുക്കിയപ്പോള്‍ എവിടെയാണ് "ഹരിതവാദി" എംഎല്‍എമാര്‍. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയില്‍നിന്നുണ്ടായ ജലചൂഷണത്തിനും മലിനീകരണത്തിനും ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേരള നിയമസഭ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകകണ്ഠമായി പാസാക്കിയ ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നിയമം കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എതിര്‍പ്പുമൂലം എവിടെയുമെത്താതിരിക്കുമ്പോഴും അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍പോലും ധൈര്യമില്ലാത്ത ഈ "ഹരിതവാദി"കളെ കേരളം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ സമസ്ത മേഖലകളിലും നാശം വിതയ്ക്കുന്ന ഭരണകൂടത്തിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴാണ് ഇടതുപക്ഷ വേട്ടയ്ക്ക് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ വലതുപക്ഷ മാധ്യമശക്തികളും വാളെടുത്തിറങ്ങുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ജനാധിപത്യ യുവജനപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്തെ സേവനമേഖലകള്‍ മുഴുവനും കുത്തകകള്‍ക്ക് തീറെഴുതാനും അവര്‍ക്ക് നികുതിയിളവുകള്‍ നല്‍കി പരിപോഷിപ്പിക്കാനും ശ്രമിക്കുന്ന സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ദരിദ്രരെയും സാധാരണക്കാരെയുമല്ല, ശതകോടീശ്വരന്മാരായ ചുരുക്കം ചിലരെയും സാമ്രാജ്യത്വശക്തികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ 2010 ല്‍ ഡല്‍ഹിയില്‍ ശ്രദ്ധേയമായ സമരമാണ് ഡിവൈഎഫ്ഐ നടത്തിയത്. "ഭീകരതയ്ക്കു മതമില്ല-മതത്തിനു ഭീകരതയില്ല" എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടന്ന കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസമേഖലയില്‍ രാജ്യമെങ്ങും കമ്പോളവല്‍ക്കരണം അതിശക്തമാവുകയാണ്. ശക്തമായ പോരാട്ടങ്ങളാണ് യുവജനങ്ങളും വിദ്യാര്‍ഥികളും അതിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ ജീവിതയോഗ്യമാക്കിയ മഹാചരിത്രത്തിന്റെ തുടര്‍ച്ചയാണ് നമ്മളെന്ന ബോധം ഉയര്‍ത്തിപ്പിടിച്ച്, രാജ്യസ്നേഹത്തിന്റെ കൊടിക്കൂറയില്‍ മതേതരത്വവും സോഷ്യലിസവും തിളക്കിചേര്‍ത്ത് ഡിെഐഫ്ഐയുടെ പ്രയാണം പുതിയ കാലഘട്ടങ്ങളിലൂടെ മുന്നോട്ടു നീങ്ങുകയാണ്. നമ്മള്‍ കൈകോര്‍ക്കാന്‍ തയ്യാറാണ്; നമ്മുടെ മഹത്തായ ലക്ഷ്യങ്ങളോട് ഹൃദയം ചേര്‍ക്കുന്ന മുഴുവനാളുകളോടും. പോരാടുന്ന യൗവനം ഈ നാടിന്റെ ജീവനാണെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഓരോ ചുവടും നാം ജാഗ്രതയോടെ മുന്നേറുകയാണ്. അതിന്റെ നേര്‍സാക്ഷ്യമായി ആലപ്പുഴ സമ്മേളനം മാറുമെന്നത് തീര്‍ച്ചയാണ്.

*****

ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

No comments: