Sunday, May 5, 2013

പൊന്നരിവാളമ്പിളിയില്‍....

മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വിയുടെ നാടകഗാന രചനാസപര്യ ആറു പതിറ്റാണ്ട് പിന്നിട്ട് അനര്‍ഗ്ഗളമായി തുടരുന്നു. നാടകഗാനങ്ങളില്‍ പ്രതിഫലിച്ചുനില്‍ക്കുന്ന ആ കവിമനസ്സിനൊപ്പം ഒരു യാത്ര

ഒഎന്‍ വി എന്ന കവിത്വത്തിന്റെ ഗിരിശൃംഗത്തില്‍നിന്ന് ഉറവയെടുത്തതെന്തും മലയാളിക്ക് അവാച്യമായ അനുഭൂതി പകര്‍ന്നിട്ടുണ്ട്. കവിതയെന്നോ ഗാനമെന്നോ ഭേദമില്ല. ഒ എന്‍ വിക്കവിതയ്ക്ക് പരഭാഗശോഭ പകരുന്നതാണ് അദ്ദേഹത്തിന്റെ നാടക-സിനിമ-ലളിതഗാനങ്ങള്‍. പ്രണയ-വിരഹങ്ങളുടെ വിഷാദസാന്ദ്രതയും ഭാവഗീത-ഗസല്‍ രീതികളുടെ ഏകാന്തദീപ്തിയും ദ്രാവിഡ-നാടോടി പാരമ്പര്യത്തിന്റെ മലയാളത്തനിമയും എല്ലാം മാണിക്യവീണയിലെ തന്ത്രികളില്‍നിന്ന് എന്നപോലെ നാദശലഭങ്ങളായി പറന്നുയരുന്നത് കവിയുടെ തൂലികത്തുമ്പില്‍ നിന്നുതന്നെ.

ഒ എന്‍ വിയുടെ നാടകപ്രവേശനത്തിന് നിമിത്തമായത് "പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ" എന്നു തുടങ്ങുന്ന ഗാനമാണ്. അതെഴുതുമ്പോള്‍ ഒ എന്‍ വിക്ക് പതിനെട്ട് വയസ്സ്. ഉഴുതുമറിച്ച ഭാവനയുടെ വളക്കൂറുള്ള മണ്ണില്‍നിന്നാണ് പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോള് ഉയര്‍ന്നുവന്നത്. അത് പാടിക്കേട്ടവര്‍ കരുതിയില്ല, ചടുലമായ ഈ ഗാനം കാലത്തിന്റെ ഈടുവയ്പില്‍ കുടിയിരിക്കുമെന്ന്. കരുതലോടെ കാലം കാത്തുവച്ച പൊന്നരിവാള് കവിയുടെ പിന്നീടുള്ള പാട്ടെഴുത്തിന് മൂര്‍ച്ചയും തീര്‍ച്ചയും നല്‍കി. സംഗീതത്തിന്റെ അത്ഭുതസിരകളുള്ള പരവൂര്‍ ജി ദേവരാജന്റെ ഈണവുംകൂടിയായപ്പോള്‍ പാട്ട് സൂപ്പര്‍ഹിറ്റ്! കെപിഎസി നാടകസമിതിയിലൂടെ ഈ പാട്ട് കേരളമെങ്ങും അലയടിച്ചുയര്‍ന്നു. ചരിത്രത്തില്‍ പതിഞ്ഞ ആ കാലഘട്ടത്തിലേക്ക്, കൗമാര-യൗവനകാലത്തേക്ക,് ഓര്‍മയുടെ തേരിലേറി ഗൃഹാതുരതയോടെ കവി പോയപ്പോള്‍ അന്നത്തെ അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ കൗതുകമായി.

""1952 ല്‍ കെപിഎസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകത്തിലൂടെയാണ് എന്റെ പാട്ട് ആദ്യമായി രംഗവേദിയില്‍ എത്തിയത്. അതിനുമുമ്പ് 1949 മുതല്‍ ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. യോഗങ്ങളിലൊക്കെ അവതരിപ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ചിരുന്ന കാലമായിരുന്നു അതൊക്കെ എന്നുകൂടി ഓര്‍ക്കണം. സംഗീതത്തെ പൂവുപോലെ, പൊന്നുപോലെ ഹൃദയത്തില്‍ സൂക്ഷിച്ച ജി ദേവരാജനും ഞാനും കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴേ കൂട്ടുകാരായിരുന്നു. 1949 കാലത്ത് വൈക്കം ചന്ദ്രശേഖരന്‍നായര്‍ പത്രാധിപരായി കൊല്ലത്ത് ചിന്നക്കടയില്‍നിന്ന് "കേരളം" എന്ന പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞാനും ദേവരാജനും വൈകുന്നേരങ്ങളില്‍ അവിടെ പോകും. രണ്ടു കൈകൊണ്ടുമെന്നപോലെ വൈക്കം, പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ സാഹിത്യപ്പേജുകള്‍ എഴുതിനിറയ്ക്കുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ചെന്നപ്പോള്‍ ഞായറാഴ്ചപ്പതിപ്പിന് മാറ്റര്‍ തികയാതെ ദുഃഖത്തിലായിരുന്നു വൈക്കം. എന്നെക്കണ്ട ഉടനെ "ഒരു കവിത എഴുതിത്തരാമോ" എന്നു ചോദിച്ചു. ഞാന്‍ അതേറ്റു.

അഷ്ടമുടിക്കായലിലൂടെ വള്ളത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു മൂവന്തിക്ക് മാനത്തുകണ്ട അമ്പിളിക്കല എന്നില്‍ കവിതയെഴുതാനുള്ള പ്രചോദനം നല്‍കിയിരുന്നു. അക്കാലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന എം എന്‍ ഗോവിന്ദന്‍നായര്‍ എന്നോടും ദേവരാജനോടും പറയുമായിരുന്നു, "നിങ്ങളിങ്ങനെ വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൂടേ" എന്ന്. എമ്മെന്റെ ഈ പ്രേരണയും എന്റെ മനസ്സിലുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് പത്രമാഫീസിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്ന് "ഇരുളില്‍ നിന്നൊരു ഗാനം" എന്ന പേരില്‍ കവിത എഴുതി വൈക്കത്തിന് കൊടുത്തു. പിന്നീട് കവിത എന്റെ "ദാഹിക്കുന്ന പാനപാത്രം" എന്ന സമാഹാരത്തില്‍ ചേര്‍ക്കുകയുംചെയ്തു."" കവിതയ്ക്ക് ഈണത്തിന്റെ കസവ് തുന്നിച്ചേര്‍ത്ത് അനശ്വരമാക്കിയത് ദേവരാജന്‍. 1951ല്‍ ജയില്‍മോചിതനായ എ കെ ജിക്ക് കൊല്ലം എസ് എന്‍ കോളേജില്‍ സ്വീകരണം നല്‍കി. പൊന്നരിവാളമ്പിളിയില്...ദേവരാജന്‍ സ്റ്റേജില്‍ പാടി. എ കെ ജി പാട്ടിനെ മുക്തകണ്ഠം പ്രശംസിച്ചു.

തോപ്പില്‍ഭാസിയുടെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" അവതരിപ്പിക്കാന്‍ കെപിഎസി തയ്യാറെടുക്കുന്നു. ചവറ തട്ടാശ്ശേരി കോടാകുളങ്ങര വാസുപിള്ളയുടെ വീട്ടുമുറ്റത്തായിരുന്നു റിഹേഴ്സല്‍. ഈ അവസരത്തില്‍ ജി ജനാര്‍ദനക്കുറുപ്പും കെ കേശവന്‍പോറ്റിയും പറഞ്ഞു: "നമുക്ക് ഒ എന്‍ വിയുടെ പൊന്നരിവാളമ്പിളിയില് പാട്ട് ഈ നാടകത്തില്‍ ചേര്‍ക്കാം". കെ എസ് ജോര്‍ജും സുലോചനയും പാട്ടുകാരായി. 1952 ഡിസംബര്‍ ആറിന് ചവറ തട്ടാശ്ശേരിയില്‍ത്തന്നെ "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" നാടകത്തിന്റെ ആദ്യാവതരണം നടന്നു. പിന്നീട് ആയിരക്കണക്കിന് അരങ്ങുകളില്‍ ഈ പാട്ട് കേരളമാകെ അലയടിച്ചുയര്‍ന്നു. "കുറത്തിമട്ട്" എന്നറിയപ്പെടുന്ന ദ്രാവിഡശീലിലാണ് പൊന്നരിവാളമ്പിളിയില് എഴുതിയത്. കെപിഎസിക്ക് പാട്ടെഴുത്ത് തുടര്‍ന്നുകൊണ്ടിരിക്കെ കൊല്ലത്ത് കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതി ഉണ്ടാകാനുള്ള നിമിത്തവും ഒ എന്‍ വി ഓര്‍ത്തു: ""എന്തോ ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം ദേവരാജനും ഒ മാധവനും കെപിഎസിയില്‍നിന്ന് പിണങ്ങി പുറത്തുവന്നു. ഞാനും അവരോടൊപ്പം കൂടി. അങ്ങനെ കാളിദാസ കലാകേന്ദ്രം ജന്മമെടുത്തു.

കാളിദാസയുടെ ആദ്യനാടകം "ഡോക്ടര്‍" ആയിരുന്നു. വൈക്കം ചന്ദ്രശേഖരന്‍നായരാണ് എഴുതിയത്. ഞാനും ദേവരാജനും സംഗീതവിഭാഗത്തില്‍. അതോടെ ഇരു സമിതികളും മത്സരമായി. കെപിഎസിയുടെ നാടകത്തില്‍ പത്ത് പാട്ടുണ്ടെങ്കില്‍ കാളിദാസയില്‍ പതിനൊന്നു പാട്ടുകാണും. അതാണ് രീതി. ഞാന്‍ പോന്നശേഷമാണ് വയലാര്‍ രാമവര്‍മ കെപിഎസിയില്‍ പാട്ടെഴുതാന്‍ വരുന്നത്. അതൊക്കെ എന്തൊരു ഉത്സാഹഭരിതമായ നാളുകളായിരുന്നു. നാടക ക്യാമ്പില്‍ റിഹേഴ്സല്‍ കണ്ട് സിറ്റ്വേഷനനുസരിച്ച് അവിടെയിരുന്നുതന്നെ പാട്ടെഴുതിക്കൊടുക്കുന്ന ശീലമായിരുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങള്‍ക്കെല്ലാം ഞാന്‍തന്നെ പാട്ടെഴുതി. ഇന്നും ആ പതിവ് തുടരുന്നു. കെപിഎസി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്ന നാടകത്തിലും എന്റെ പാട്ടാണ്."" വരിക ഗന്ധര്‍വഗായകാ വീണ്ടും വരിക കാതോര്‍ത്തു നില്‍ക്കുന്നു കാലം തരിക ഞങ്ങള്‍തന്‍ കൈകളിലേക്കാ മധുരനാദ വിലോലമാം വീണ. - കാളിദാസ കലാകേന്ദ്രത്തിന്റെ "ഡോക്ടര്‍" നാടകത്തിനുവേണ്ടി ഒ എന്‍ വി എഴുതിയ അഭിവാദനഗാനത്തിന്റെ പല്ലവിയാണിത്. കാളിദാസ മഹാകവിക്ക് ഒ എന്‍ വി സമര്‍പ്പിക്കുന്ന അര്‍ച്ചനാ കുസുമങ്ങള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലത്തിന്റെ അടയാളവാക്യമായി ഈ അഭിവാദനഗാനം നാടക ഗാനശാഖയില്‍ തിളങ്ങിനില്‍ക്കുന്നു.

"ഡോക്ടര്‍" എന്ന നാടകത്തില്‍ ഒ എന്‍ വി എഴുതിയ എല്ലാ ഗാനങ്ങളും അന്നത്തെ നാടകപ്രേമികളെ ഹരംകൊള്ളിച്ചു. "വെണ്ണിലാച്ചോലയിലെ വെണ്ണക്കല്‍പടവിങ്കല്‍ മണ്‍കുടമേന്തി ഒരു പെണ്ണു വന്നു" എന്നു തുടങ്ങുന്ന ഗാനം.സാക്ഷാല്‍ ദേവരാജന്റെ കണ്ഠത്തിലൂടെ പുറത്തുവന്നപ്പോള്‍ അതൊരു പുതുമയായിരുന്നു. "മധുരിക്കും ഓര്‍മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ" "അമ്പിളി അമ്മാവാ- താമരക്കുമ്പിളിലെന്തൊണ്ട്" "ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും തെന്നലേ തെന്നലേ" "മാരിവില്ലിന്‍ തേന്മലരേ മാഞ്ഞു പോകയോ" എന്നിങ്ങനെ രചനാവൈവിധ്യത്തിന്റെയും ഭാവനാഗരിമയുടെയും സംക്രമസന്ധ്യകള്‍ വിടര്‍ത്തിയ ഒ എന്‍ വി നാടകഗാനശാഖയില്‍ പ്രിയപ്പെട്ടവനായി. കെപിഎസിക്കും കാളിദാസയ്ക്കും പുറമെ കേരളത്തിലെ മറ്റ് പ്രശസ്ത നാടകസമിതികള്‍ക്കും ഒ എന്‍ വി പാട്ടെഴുതി.

പ്രിയസുഹൃത്ത് ജി ദേവരാജനെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ഒ എന്‍ വിക്ക്: ""വിദ്യാര്‍ഥിജീവിതത്തിന്റെ ഒരു വിഘ്ന കാണ്ഡത്തില്‍ ഞാനൊരു ട്യൂട്ടോറിയല്‍ അധ്യാപകനായി. ഏതാണ്ടൊരു വര്‍ഷം കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് പെരുന്താന്നിയില്‍ ഒരു കൊച്ചു വീട്ടിലായിരുന്നു താമസം. അവിടെ ദേവരാജന്‍ വരുമായിരുന്നു. ഞാന്‍ ട്യൂട്ടോറിയലില്‍ പോയി വരുംവരെ ദേവരാജന്‍ ആ മുറിയില്‍ ഏകനാണ്. ആ നിമിഷങ്ങളില്‍ ദേവരാജന്‍ സ്വന്തമായി സംഗീതത്തിന്റെ ഒരു പണിപ്പുര തീര്‍ക്കുമായിരുന്നു. ആ ചിത്രം ഇപ്പോഴും മുന്നിലുണ്ട്. ഒരു ദിവസം ചങ്ങമ്പുഴയുടെ "ആ രാവില്‍ നിന്നോടുഞാ- നോതിയ രഹസ്യങ്ങള്‍ ആരോടുമരുളരു- തോമനേ നീ" - കല്യാണി കളവാണി മട്ടിലെഴുതിയ ചങ്ങമ്പുഴയുടെ "ആ രഹസ്യം" എന്ന കവിത ദേവരാജന്‍ പുതിയ ഈണത്തില്‍ എന്നെ ചൊല്ലിക്കേള്‍പ്പിച്ചപ്പോള്‍ കവിതയും സംഗീതവും തമ്മിലുള്ള ഒരപൂര്‍വസംഗമത്തിന്റെ ലഹരിയില്‍ ഞാന്‍ മുഴുകിപ്പോയി. അങ്ങനെയാണ് എന്റെ "പൊന്നരിവാളമ്പിളിയില്" എന്ന നാടോടിക്കവിതയ്ക്ക് ദേവരാജന്‍ ശങ്കരാഭരണത്തിന്റെ കസവാട ചാര്‍ത്തിത്തന്നത്. എന്റെ എത്രയെത്ര ഗാനങ്ങള്‍ക്കാണ് ആ പ്രതിഭാശാലി ഈണങ്ങളുടെ ഭാവസാന്ദ്രത പകര്‍ന്നുതന്നത്! സംഗീതത്തിന്റെ ശതതന്ത്രികളുള്ള ആ ജീനിയസിനെ മറക്കാനാകുമോ? എന്റെ സിനിമാഗാനങ്ങള്‍ക്കെന്നപോലെ നാടകഗാനങ്ങള്‍ക്കും ദേവരാജന്‍ നല്‍കിയ സംഗീതത്തിന്റെ ചിറകുകള്‍ ഇന്നും വര്‍ണരാജി തൂകി വിരാജിക്കുന്നു.""

ദേവരാജനെക്കുറിച്ച് ഇത്രയും പറഞ്ഞശേഷം ഒ എന്‍ വി ചങ്ങമ്പുഴയുടെ "ആ രാവില്‍ നിന്നോടു ഞാന്‍.... " എന്നു തുടങ്ങുന്ന കവിത ദേവരാജന്‍ അന്നു ചൊല്ലിയമട്ടില്‍ മനോഹരമായി പാടിക്കേള്‍പ്പിച്ചു. തൊട്ടുപിന്നാലെ "മാരിവില്ലിന്‍ തേന്മലരേ" എന്നു തുടങ്ങുന്ന ഗാനവും മധുരമായി പാടി. ഒ എന്‍ വിയുടെ നാടകഗാനങ്ങള്‍ ഒരു കാലഘട്ടത്തെയും തലമുറകളെയും സ്വാധീനിച്ചു എന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തി ഇല്ല. ദളിത് സാഹിത്യത്തെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും വിവാദം നടക്കുന്ന ഇക്കാലത്ത്, അമ്പതാണ്ടുകള്‍ക്കുമുന്‍പ് ഒ എന്‍ വി എഴുതിവച്ച നാടകഗാനങ്ങളിലൂടെ കണ്ണോടിച്ചാല്‍ ദളിത് പാരമ്പര്യത്തിന്റെ പാരസ്പര്യം പകരുന്ന എത്രയെങ്കിലും പാട്ടുകള്‍ നമുക്ക് എടുത്തുവയ്ക്കാനാകും. "മൂളിപ്പാട്ടുമായ് തമ്പ്രാന്‍ വരുമ്പം ചൂളാതങ്ങിനെ നില്ലെടി പെണ്ണേ", "എല്ലാരും പറയ്ണ് പറയ്ണ് ഏന്‍ കണ്ണില് മീനെന്ന് കണ്ണാടിപ്പുഴ നീറ്റില് നോക്കുമ്പം ഏക്കും തോന്നണ് നേരെന്ന്" എന്നിവ ഉദാഹരണങ്ങള്‍.

നാടകങ്ങള്‍ക്കുവേണ്ടി എഴുതുമ്പോള്‍ ഒരേസമയം അതിന്റെ ഇതിവൃത്തത്തിനോടും കഥാസന്ദര്‍ഭത്തിനോടും ചേര്‍ന്നുനില്‍ക്കുകയും അതേസമയം അവയെ അതിജീവിച്ച് കവിതയുടെ പുതിയ അര്‍ഥതലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു ഒ എന്‍ വി. നാടകഗാനങ്ങളില്‍ തെളിയുന്ന താളബദ്ധമായ സ്വരസംവിധാനത്തിന്റെ അപ്പുറത്ത് ഈ ഗാനങ്ങളില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ഭാവഭദ്രമായ അന്തര്‍സംഗീതമുണ്ട്. അതുകൊണ്ടാണ് നാടകഗാനങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ട് എന്ന് ഒ എന്‍ വി പറയുന്നത്. ഒ എന്‍ വിയുടെ നാടകഗാനങ്ങളുടെ ചേലും ചൂരും കാലം എത്ര കടന്നുപോയാലും മലയാളികളില്‍ അനുരണനംചെയ്യും. ഒ എന്‍ വിയുടെ സിനിമ-നാടകഗാനങ്ങളുടെ സമാഹാരമായ "മാണിക്യവീണ"യ്ക്ക് അവതാരിക എഴുതിയ കവി പ്രഭാവര്‍മയുടെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍: "ഇങ്ങനെ മറ്റൊരാളും നമ്മുടെ മനസ്സിനെ മുട്ടിവിളിച്ചിട്ടില്ല; ഇങ്ങനെ മറ്റൊരാളും നമ്മുടെ മനസ്സിനോട് സ്നേഹാതുരമായി തൊട്ടുരിയാടിയിട്ടില്ല. അതാണ് ഒ എന്‍ വി ഗാനങ്ങള്‍ നമ്മുടെ മനസ്സിനോട് കൂടുതല്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത്

*
ദേശാഭിമാനി

No comments: