Sunday, May 5, 2013

മകരന്ദ് ഇനിയും വരും റോള്‍ ചെറുതാണെങ്കില്‍


മുപ്പതാണ്ടിന്റെ അഭിനയക്കരുത്തുമായാണ് മകരന്ദ് ദേശ്പാണ്ഡേ കുമരംകരി കള്ളുഷാപ്പിലേക്ക് നീന്തിക്കയറിയത്. ആ കരുത്തുകൊണ്ടാണ് ഷെവലിയാര്‍ പോത്തച്ചന്‍ "ആമേന്‍" സിനിമ കണ്ടവരെ ഞെട്ടിച്ചതും. "ഫോര്‍ട്ടുകൊച്ചിക്കാരന്‍ ബാന്റ് മാസ്റ്ററെ" കണ്ട് "ഇതാര് ഈ അവതാരം" എന്ന് പലരും ചോദിച്ചുപോയതും അതുകൊണ്ടുതന്നെ. നടനും സംവിധായകനും നാടകകൃത്തുമായ മകരന്ദിന്റെ മലയാളത്തിലേക്കുള്ള രണ്ടാംവരവാണ് ഇത്. ആദ്യം വന്നത് "നമ്പര്‍ 66: മധുര ബസി"ല്‍. ""മലയാളം വിളിച്ചാല്‍ ഇനിയും വരും. റോള്‍ ചെറുതാകണം; എനിക്ക് ചേര്‍ന്നതുമാകണം""- മകരന്ദ് പറഞ്ഞു. ആമേനിലേക്കുള്ള വരവ് കരുതിക്കൂട്ടിത്തന്നെയായിരുന്നു. ""സംവിധായകന്‍ തിരക്കഥ അയച്ചുതന്നു. എന്റെ കഥാപാത്രമായ പോത്തച്ചന്റെ അവതരണം വായിച്ചപ്പോള്‍തന്നെ ഞാന്‍ വീണു. പിന്നാലെ ഇ-മെയിലില്‍ കഥാപാത്രത്തിന്റെ രേഖാചിത്രം എത്തി. നോക്കുമ്പോള്‍ അത് ഞാന്‍തന്നെ. പിന്നെ എങ്ങനെ സമ്മതിക്കാതിരിക്കും""-മകരന്ദ് ചോദിക്കുന്നു.
                                                 
ബോളിവുഡിലെ വേറിട്ട കാഴ്ചയാണ് മഹാരാഷ്ട്രക്കാരനായ മകരന്ദ് ദേശ്പാണ്ഡേ. വിചിത്ര വേഷങ്ങള്‍ ധരിച്ച് മഴവില്‍ നിറം വിതറിയ മുടിയുമായി നീങ്ങുന്ന വ്യത്യസ്തന്‍. അഞ്ച് സിനിമ സംവിധാനം ചെയ്തുകഴിഞ്ഞിട്ടും മകരന്ദ് പറയുന്നു തന്റെ വഴി നാടകമെന്ന്. പതിനാറാം വയസ്സില്‍ നാടകവേദിയിലെത്തി. നാല്‍പ്പതോളം മുഴുനീളനാടകങ്ങള്‍ എഴുതി സംവിധാനംചെയ്തു. ലഘുനാടകങ്ങള്‍ പത്തിലേറെ. സ്വന്തമായി നാടകക്കമ്പനി "അന്‍ശ്". ഇതിനിടയില്‍ പക്ഷേ അഭിനയിച്ചത് 44 സിനിമകളില്‍. അതും അഞ്ച് ഭാഷകളിലായി. ഹിന്ദി, മറാഠി, തെലുങ്ക്, മലയാളം, കന്നട. ബോളിവുഡില്‍ സത്യ, സഫ്റോഷ്, സ്വദേശ്, മക്ഡേ തുടങ്ങിയ മുഖ്യധാര ചിത്രങ്ങളിലും സയ്യദ് മിര്‍സയുടെ "സലിം ലംഗ്ഡേ പേ മത് രോ" പോലുള്ള വേറിട്ട സംരംഭങ്ങളിലും മകരന്ദിനെ കാണാം. എല്ലാം ചെറിയ റോളുകള്‍.

വലിയ റോളുകളുടെ വാഗ്ദാനം വന്നപ്പോള്‍ ഉപേക്ഷിച്ചതും ഒന്നിലേറെ തവണ. മുന്നാഭായി എംബിബിഎസിലും ലഗാനിലും മകരന്ദ് വലിയ റോളുകള്‍ വേണ്ടെന്നുവച്ചിരുന്നു. എല്ലാം ചെറിയ റോളുകളായതിന് വിശദീകരണമുണ്ട്: ""അധികം നാള്‍ അവിടെ കുടുങ്ങില്ല. എനിക്ക് വേഗം നാടകത്തിലേക്ക് മടങ്ങാം"". നാടകക്കാരന്‍ എന്തിന് പിന്നെ സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന് ""നാടകക്കമ്പനി നടത്താന്‍ പണം വേണ്ടേ?""എന്ന മറുചോദ്യം ഉത്തരം. മുംബൈയില്‍ അടുത്തിടെ ഏറെ പ്രശംസ നേടിയ "ജോക്ക്" എന്ന നാടകം മെയ് 15ന് ലഖ്നൗവില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മകരന്ദ്. രചനയും സംവിധാനവും മുഖ്യവേഷവും സ്വയംചെയ്യുന്നു. ""നാടകത്തില്‍ ഇപ്പോള്‍ സ്വാതന്ത്ര്യം കൂടുതലുണ്ട്. വിമര്‍ശനങ്ങളോട് സഹിഷ്ണുത കൂടിയിട്ടുണ്ട്. മുംബൈയിലെങ്കിലും അങ്ങനെയാണ്. കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍പോലും സഹിക്കപ്പെടുന്നു""-മകരന്ദ് പറഞ്ഞു. ഇടയ്ക്ക് ടെലിവിഷന്‍ സീരിയലുകളിലും മകരന്ദ് കയറിയിറങ്ങി. ചെറുവേഷമെന്ന് ഉറപ്പ് വാങ്ങി ചെന്ന സ്റ്റാര്‍ പ്ലസിലെ "ക്യോംകി സാസ് ഭി കഭി ബഹൂ ധീ" യിലെ അഭിനയം വര്‍ധിച്ച റേറ്റിങ്ങിന്റെ പേരില്‍ നീണ്ടുപോയതോടെ സീരിയല്‍ അഭിനയം നിര്‍ത്തി.

സംവിധാനംചെയ്ത ചിത്രങ്ങളില്‍ ഈ വര്‍ഷമിറങ്ങിയ "സോനാ സ്പാ" ബോക്സോഫീസില്‍ പരാജയമായി. ബോളിവുഡിന്റെ നിയന്ത്രണം പൂര്‍ണമായി പണം ഏറ്റെടുത്തതായി മകരന്ദ് ചൂണ്ടിക്കാട്ടുന്നു. ""പ്രചാരണമാകാം. പക്ഷേ, ഒന്നരക്കോടി രൂപയ്ക്കെടുത്ത സിനിമയ്ക്ക് ആറരക്കോടി പ്രചാരണത്തിനും പരസ്യത്തിനും വേണമെന്ന സ്ഥിതിയോടാണെതിര്‍പ്പ്. കണ്ടവര്‍ പറഞ്ഞറിഞ്ഞുതന്നെ വേണം നല്ല സിനിമ വിജയിക്കാന്‍""- തന്റെ "പഴഞ്ചന്‍"നിലപാട് മകരന്ദ് വിശദീകരിച്ചു. ഉറക്കം നഷ്ടമാകുന്നവരുടെ കഥ പറയുന്"സോനാ സ്പാ"യില്‍ നസറുദീന്‍ ഷാ ഉണ്ടായിരുന്നു. നാടകങ്ങളിലും അവര്‍ ഒന്നിച്ചിട്ടുണ്ട്. ഷാ തന്നോട് എന്നും ഏറെ സഹകരിച്ചിട്ടുള്ള നടനെന്ന് മകരന്ദ.് ഷാരൂഖ് ഖാനുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന മകരന്ദ് 2010ല്‍ സംവിധാനംചെയ്ത സിനിമയുടെ പേരുതന്നെ "ഷാരൂഖ് പറഞ്ഞു, നീ സുന്ദരിയെന്ന്" എന്നായിരുന്നു. ഗതാഗതക്കുരുക്കിലെ പൂകച്ചവടത്തിനിടയില്‍ യാദൃച്ഛികമായി ഷാരൂഖ് ഖാന്റെ കാറിനരികിലെത്തുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഷാരൂഖ് ഷാരൂഖായിത്തന്നെ വരുന്നു. മതാചാരങ്ങളുടെ കച്ചവടവല്‍ക്കരണം പല നാടകങ്ങളിലും ഒന്നിലേറെ സിനിമകളിലും മകരന്ദിന്റെ പ്രമേയമാണ്. "ഷാരൂഖ് പറഞ്ഞു..." സിനിമയിലെത്തിയപ്പോള്‍ വിഷയം സിനിമാ ദൈവത്തിനോടുള്ള ആരാധനയായി.
                                  
ആമേനിലെ നെടുങ്കന്‍ ഡയലോഗുകള്‍ ചുണ്ടനക്കം തെറ്റാതെ സാധിച്ചെടുത്തതിന് മകരന്ദിന്റെ നന്ദി മലയാളത്തിലെ ആദ്യചിത്രമായ "മധുര ബസി"ന്. അന്ന് ഭാഷ പ്രശ്നമായിരുന്നു. പക്ഷേ, കിട്ടിയ പാഠങ്ങള്‍ ആമേനില്‍ തുണയായി. ആമേന്‍ ഇതുവരെ കണ്ടില്ല. "" സബ്ടൈറ്റില്‍ ചെയ്ത കോപ്പി എത്തിക്കാമെന്ന് സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഉറപ്പുണ്ട്. കണ്ടാല്‍ മനസിലാകണ്ടേ? കണ്ട സുഹൃത്തുക്കള്‍ പലരും വിളിച്ചു. നല്ലചിത്രമെന്നും ഞാന്‍ ഗംഭീരമായെന്നും പറയുന്നു. അത്രയ്ക്കെന്തെങ്കിലും ചെയ്തോ എന്ന സംശയത്തിലാണ് ഞാന്‍.""-മകരന്ദ് ചിരിക്കുന്നു. സംവിധായകന്‍ ലിജോയെപ്പറ്റിയുള്ള മതിപ്പ് മകരന്ദ് ഇങ്ങനെ ചുരുക്കി: "" അയാള്‍ക്ക് പണി അറിയാം. നല്ല ആത്മവിശ്വാസവും. അതുകൊണ്ട് സിനിമ നന്നാകും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.""

*
സി ശ്രീകുമാര്‍ ദേശാഭിമാനി

No comments: