Tuesday, May 7, 2013

അപകടകരമായ അധിനിവേശം

സിറിയയില്‍ ബാഷര്‍ അല്‍ അസദ് നേതൃത്വം നല്‍കുന്ന മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഒത്താശയോടെ വിമതശക്തികള്‍ നടത്തുന്ന ആക്രമണോത്സുകമായ ഇടപെടലില്‍ ഇസ്രയേലും പ്രത്യക്ഷമായിത്തന്നെ ചേര്‍ന്നിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ അട്ടിമറിസമരത്തിനിറങ്ങിയവരെ, ഇതുവരെ നേരിട്ട തുടര്‍പരാജയങ്ങളില്‍നിന്ന് കരകയറ്റാനുള്ളതുകൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയക്കുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍. ഭീകരസംഘങ്ങളുമായി ചേര്‍ന്നാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിറിയ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഖായ്ദയുടെ ഉപസംഘടനകളും ഇസ്രയേലും അമേരിക്കയും യോജിച്ച് സിറിയക്കുനേരെ തിരിഞ്ഞിരിക്കയാണ്. നാറ്റോയുടെ പരിപൂര്‍ണ പിന്തുണയും എണ്ണപ്പണത്തിന്റെ കുത്തൊഴുക്കുംകൊണ്ട് സിറിയയിലെ അസദ് ഭരണത്തിന് അന്ത്യം കാണാനാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഇസ്രയേലിന്റെ ആയുധങ്ങള്‍ തീതുപ്പിത്തുടങ്ങിയത്. ലിബിയയും ടുണീഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആളുകളെ റിക്രൂട്ടുചെയ്തും പണവും ആയുധങ്ങളും വന്‍തോതില്‍ എത്തിച്ചും തുര്‍ക്കിയില്‍ മിസൈല്‍ വിന്യാസമൊരുക്കിയും നടത്തുന്ന രക്തരൂഷിതമായ അട്ടിമറിപ്രവര്‍ത്തനങ്ങള്‍കൊണ്ട് അസദ് ഭരണത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെന്നത് അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്നു.

ഇത്തരം ഘട്ടങ്ങളിലാണ് അമേരിക്കയുടെ യഥാര്‍ഥ ഭാവം പുറത്തുവരുന്നത്. സെപ്തംബര്‍ 11ന്റെ പേരില്‍ ലോകത്താകെ ഇസ്ലാംവേട്ടയ്ക്ക് നേതൃത്വം നല്‍കുന്നവര്‍തന്നെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ്. ഇസ്ലാമിക എമിറേറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അസദ് വിരുദ്ധ കലാപം നയിക്കുന്നതെന്നത് രഹസ്യമല്ല. പലസ്തീനില്‍ പാവപ്പെട്ട ഇസ്ലാം സഹോദരന്മാരുടെ ചോരയില്‍ കൈമുക്കി അലറുന്ന ഇസ്രയേല്‍തന്നെ സിറിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കുവേണ്ടി കൂട്ടക്കൊല നടത്തുന്നു. ""സിറിയയിലെ പല കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്ക് പ്രചോദനം നല്‍കാനാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സിറിയന്‍ ജനതയ്ക്കുനേരെ നടക്കുന്ന ഭീകരാക്രമണങ്ങളെല്ലാം നടപ്പാക്കുന്നത് ഇസ്രയേലാണ്."" എന്ന് സിറിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലെബനണിലെ ഹിസ്ബുള്ളയ്ക്ക് ആയുധം എത്തിക്കുന്നത് തടയാനാണ് ഇടപെടുന്നതെന്നാണ് മൂന്നുദിവസത്തിനിടെ രണ്ടുവട്ടം വ്യോമാക്രമണം നടത്തിയതിനെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. അതിന് സാധൂകരണം നല്‍കാനുള്ള തെളിവുകളൊന്നുംതന്നെ അവര്‍ക്ക് മുന്നോട്ടുവയ്ക്കാനായിട്ടില്ല. വ്യാഴാഴ്ച രാത്രി രഹസ്യമായി മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചു; ഉടനെ ആക്രമണം ആരംഭിച്ചു. ന്യായീകരണവുമായി ഞൊടിയിടയില്‍ അമേരിക്ക രംഗത്തെത്തുകയും ചെയ്തു. സിറിയയില്‍ അട്ടിമറിസമരം നയിക്കുന്ന ഭീകരര്‍ക്കെതിരെ അസദ് സര്‍ക്കാര്‍ രാസായുധം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ലോകത്തെ മറ്റൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയാണ് അമേരിക്ക- ഇസ്രയേല്‍ സഖ്യം. സിറിയ നിരായുധ രാജ്യമല്ല. അവരുടെ കൈയിലും ആയിരക്കണക്കിന് മിസൈലുകളുണ്ട്- അവ തൊടുത്തുവിട്ടാല്‍ ഇസ്രയേലില്‍ ചെന്ന് നാശംവിതയ്ക്കുകയും ചെയ്യും. അത്തരമൊരു ഏറ്റുമുട്ടലിനാണ് ഏകപക്ഷീയമായ ആക്രമണത്തിലൂടെ ഇസ്രയേല്‍ തുടക്കമിട്ടിരിക്കുന്നത്.

അമേരിക്കന്‍- നാറ്റോ പിന്തുണയോടെ സിറിയ എന്ന സ്വതന്ത്ര രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനും തകര്‍ക്കാനുമുള്ള ഇസ്രയേലി അധിനിവേശം ലോകത്താകെ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നാറ്റോ മിസൈലുകള്‍ സ്ഥാപിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച റഷ്യ, ആ നിലപാടില്‍തന്നെയാണ്. ഇറാനാകട്ടെ, സിറിയക്കെതിരായ ഏത് സൈനികനീക്കവും പൊറുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാമായിട്ടും ഐക്യരാഷ്ട്രസഭ നിശബ്ദമായി ഈ കടന്നുകയറ്റം കണ്ടുനില്‍ക്കുന്നത് അത്യന്തം ഖേദകരമാണ്. ആ സമീപനം അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്നതുമാത്രമല്ല, കൂട്ടക്കൊലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ്. അടിയന്തരമായി യുഎന്‍ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം; അത് ലോകത്താകെയുള്ള സമാധാനപ്രേമികളുടെ ആവശ്യമാണ്. അതോടൊപ്പം ഇന്ത്യയും ക്രിയാത്മകമായി പ്രശ്നത്തില്‍ ഇടപെടണം. ഇസ്രയേലി അധിനിവേശത്തിനെതിരെ ശക്തമായ പ്രതികരണം ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ഉണ്ടായാല്‍മാത്രമേ ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കൂ. അതല്ലെങ്കില്‍, അമേരിക്കന്‍ പാവ എന്ന ദുഷ്പേരില്‍ ഒരു തൂവല്‍കൂടി തുന്നിച്ചേര്‍ക്കപ്പെടുകയേ ഉള്ളൂ.

*
ദേശാ‍ഭിമാനി മുഖപ്രസംഗം 07 മേയ് 2013

No comments: