Saturday, May 4, 2013

സിബിഐയുടെ "വിശ്വാസ്യത"

സിബിഐയില്‍ ഇനി എന്തെങ്കിലും വിശ്വാസ്യത അവശേഷിച്ചിട്ടുണ്ടോ? ഈ രംഗം സൂക്ഷ്മമായി നിരീക്ഷിച്ചുപോരുന്നവര്‍ ആത്മാര്‍ഥമായി ചോദിച്ചുപോരുന്ന ചോദ്യം ജുഡീഷ്യറിതന്നെ ഏറ്റെടുക്കുന്നുവെന്നുകാണുന്നത് ശുഭോദര്‍ക്കമാണ്. "രാഷ്ട്രീയ മേലാളന്മാരില്‍നിന്ന് നിര്‍ദേശം സ്വീകരിച്ചല്ല അന്വേഷണം നടത്തേണ്ടത്" എന്ന് സുപ്രീംകോടതിയിലെ ജസ്റ്റിസ് ആര്‍ എം ലോധ സിബിഐ ഡയറക്ടറോട് പറഞ്ഞത് ഇതിന്റെ സ്വാഗതാര്‍ഹമായ സൂചനയാണ്. അരുതെന്ന് കോടതി വിലക്കിയ വഴിയേതന്നെയായിരുന്നു എന്നും സിബിഐയുടെ പ്രവര്‍ത്തനം; പ്രത്യേകിച്ചും രാഷ്ട്രീയമായ ചലനങ്ങളുണര്‍ത്തുന്ന കേസുകളില്‍.

1,86,000 കോടി രൂപയുടെ നഷ്ടം ഖജനാവിന് വരുത്തി എഴുപതില്‍പ്പരം കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയതിലെ ക്രമവിരുദ്ധ രീതികളെക്കുറിച്ചുള്ള അന്വേഷണനില സംബന്ധിച്ച റിപ്പോര്‍ട്ട്, കോടതിക്കുകൊടുത്ത ഉറപ്പുലംഘിച്ച് നിയമമന്ത്രിയടക്കമുള്ളവരെ കാണിക്കുകയും അവരുടെ രാഷ്ട്രീയ താല്‍പ്പര്യപ്രകാരമുള്ള തിരുത്തലുകള്‍ വരുത്തുകയും ചെയ്തത് വെളിപ്പെട്ടപ്പോഴാണ് സുപ്രീംകോടതി "ഞെട്ടിക്കുന്ന സംഭവം" ആയി അതിനെ വിലയിരുത്തിയത്.

സമാനമായ ഒരു ഇടപെടല്‍ സുപ്രീംകോടതി മുമ്പും നടത്തിയിട്ടുണ്ട്. ഓഹരി കുംഭകോണക്കേസില്‍, ഇപ്പോള്‍ കല്‍ക്കരിപ്പാടക്കേസില്‍ എന്നപോലെ സര്‍ക്കാര്‍ ഇടപെട്ട് കൃത്രിമംകാട്ടുന്നുവെന്ന് ബോധ്യമായപ്പോള്‍ അന്വേഷണറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെ കാണിക്കുന്നതില്‍നിന്ന് സുപ്രീംകോടതി സിബിഐയെ വിലക്കി. കോടതിയുടെ നിര്‍ദേശങ്ങള്‍മാത്രം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും റിപ്പോര്‍ട്ട് നേരിട്ട് കോടതിയില്‍തന്നെ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. 2006-2009 ഘട്ടത്തിലായിരുന്നു കല്‍ക്കരിപ്പാടങ്ങളുടെ ക്രമവിരുദ്ധ കൈമാറ്റം. അന്ന് കല്‍ക്കരിവകുപ്പിന്റെ ചുമതലയുണ്ടായിരുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുതന്നെയായിരുന്നു. ആ പ്രധാനമന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിയമമന്ത്രിക്ക് കൊടുത്ത് റിപ്പോര്‍ട്ട് തിരുത്തിച്ചുവെന്നതിനര്‍ഥം അന്വേഷണം നേരിടുന്ന പ്രതിയെക്കൊണ്ട് റിപ്പോര്‍ട്ട് തിരുത്തിച്ചുവെന്നുതന്നെയാണ്. അങ്ങനെയുള്ളവര്‍ വരുത്തുന്ന തിരുത്തല്‍ ഏതുവിധത്തിലുള്ളതാവും എന്നത് കോടതിക്ക് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് അന്വേഷണത്തെ അട്ടിമറിക്കുന്ന ഇത്തരം ഇടപെടലുകളില്‍നിന്ന് സിബിഐയെ മോചിപ്പിക്കുക എന്നത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞത്.

മന്ത്രിമാര്‍ക്ക് തിരുത്താനുള്ളതാണെങ്കില്‍ എന്തിനാണ് ഒരു അന്വേഷണ പ്രഹസനം? രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി രാഷ്ട്രീയാധികാരശക്തിയുടെ താല്‍പ്പര്യനിര്‍വഹണ ഏജന്‍സിയാണെന്ന് തെളിയുന്നത് ഇതാദ്യമല്ല. അന്വേഷണ ഏജന്‍സിയുടെ തരംതാഴലില്‍ കോടതി ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നതും ആദ്യമല്ല. ഹവാലകേസിന്റെ ഘട്ടത്തില്‍ സുപ്രീംകോടതി സിബിഐയോടു പറഞ്ഞു: ""നിങ്ങള്‍ കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമാകരുത്"". ലാവ്ലിന്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ നീട്ടിക്കൊണ്ടുപോകുന്നതായി തോന്നിയപ്പോള്‍ കേരള ഹൈക്കോടതി സിബിഐയോടു ചോദിച്ചു: ""തെരഞ്ഞെടുപ്പു വരാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍?"". സിബിഐയെ നയിക്കുന്നത് സത്യാന്വേഷണത്തിന്റെ താല്‍പ്പര്യങ്ങളല്ല, മറിച്ച് രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്ന് കോടതി എന്നും സംശയിച്ചിരുന്നു. ആ സംശയങ്ങളെ സ്ഥിരീകരിക്കുന്ന മട്ടിലായിരുന്നിട്ടുണ്ട് സിബിഐയുടെ എന്നത്തെയും പ്രവര്‍ത്തനവും. ഇത്ര പ്രബലമായ ഒരു അന്വേഷണ ഏജന്‍സി കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ ഉപകരണമായി പെരുമാറുമ്പോള്‍ നീതിന്യായപീഠം പുലര്‍ത്തുന്ന സൂക്ഷ്മമായ ഈ ജാഗ്രത ഒന്നുമാത്രമാണ് ഈ രാജ്യത്ത് ജനാധിപത്യവും നീതിന്യായക്രമവും നിലനില്‍ക്കും എന്ന പ്രത്യാശ പുലര്‍ത്താന്‍ പൗരനെ പ്രേരിപ്പിക്കുന്ന ഏകഘടകം.

നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പ്രവര്‍ത്തിക്കാന്‍ സിബിഐയെ അനുവദിക്കാത്ത ഭരണ രാഷ്ട്രീയ ഇടപെടലുകളുടെ പരമ്പരയാണ് കുറേക്കാലമായി നാം കാണുന്നത്. ഇതിന്റെ ഇങ്ങേത്തലയ്ക്കല്‍നിന്നാണ് സിബിഐ ഡയറക്ടറായിരുന്ന യുഎസ് മിശ്ര അധികാരമൊഴിഞ്ഞയുടന്‍ "സിബിഐക്ക് രാഷ്ട്രീയ സമ്മര്‍ദത്തിനുകീഴിലേ പ്രവര്‍ത്തിക്കാനാവുന്നുള്ളൂ" എന്നുപറഞ്ഞത്. ഈ അവസ്ഥ മാറ്റരുതെന്ന കാര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പ്രത്യേക നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ, സിബിഐ ഡയറക്ടറെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമുള്‍പ്പെട്ട ഒരു കൊളീജിയം രൂപീകരിക്കണമെന്ന നിര്‍ദേശം അദ്ദേഹം തള്ളിയത്. 2ജി സ്പെക്ട്രം കേസ് കോടതിയിലിരിക്കെ, സിബിഐ കോടതിയില്‍ കൈക്കൊള്ളാന്‍പോകുന്ന തന്ത്രങ്ങള്‍ കേസിലെ പ്രതിയായ യൂണിടെക് എംഡി സഞ്ജയ് ചന്ദ്രയുമായി പങ്കുവയ്ക്കുന്നതിന്റെ ടേപ്പ് പുറത്തുവന്നത് അടുത്തകാലത്താണ്. ഭരണകക്ഷിയെ രക്ഷിക്കാനാണ് സിബിഐ പ്രോസിക്യൂട്ടര്‍ ഇത് ചെയ്തതെന്ന് ചോര്‍ന്ന ഫോണ്‍ സംഭാഷണത്തില്‍നിന്നുതന്നെ വ്യക്തമായിരുന്നു.

ഭോപാല്‍ വാതക ദുരന്തത്തിന്റെ കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിന്റെ മാനേജിങ് ഡയറക്ടര്‍ വാറന്‍ ആന്‍ഡേഴ്സനെ വിദേശത്തുനിന്ന് വിട്ടുകിട്ടുന്നതിനുള്ള പ്രക്രിയ സിബിഐ മന്ദീഭവിപ്പിച്ചത് വിദേശമന്ത്രാലയം വഴിയുണ്ടായ ഭരണരാഷ്ട്രീയ സമ്മര്‍ദത്തിന്റെ ഫലമായാണ് എന്ന് വെളിപ്പെടുത്തിയത് സിബിഐയുടെ ജോയിന്റ് ഡയറക്ടര്‍ ആയിരുന്ന ബി ആര്‍ ലാലാണ്. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്ക് മത്സരിക്കണമെന്നുവന്ന ഘട്ടത്തില്‍ 1984 ലെ സിഖ് വിരുദ്ധ വര്‍ഗീയകലാപക്കേസില്‍ സിബിഐ ഒരു ആവശ്യവുമില്ലാതെ ടൈറ്റ്ലര്‍ക്ക് "ക്ലീന്‍ചിറ്റ്" നല്‍കിയത് അന്ന് കോടതിയുടെപോലും വിമര്‍ശനത്തിനിടയാക്കിയിരുന്നു. യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ ഡിഎംകെ പിന്‍വലിച്ചതിന്റെ തൊട്ടുപിറ്റേന്നുതന്നെ ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകന്‍ സ്റ്റാലിന്റെ വീടുകളും ഓഫീസുകളും റെയ്ഡുചെയ്ത് സിബിഐ അതിന്റെ രാഷ്ട്രീയ ദാസ്യം വെളിവാക്കിയത് ചില ആഴ്ചകള്‍ക്കുമാത്രംമുമ്പാണ്. കോണ്‍ഗ്രസിനെ പിന്തുണച്ചില്ലെങ്കില്‍ എന്തുണ്ടാവും എന്നത് സംബന്ധിച്ച് ഇതരഘടകകക്ഷികള്‍ക്ക് സന്ദേശം നല്‍കല്‍കൂടിയായിരുന്നു ആ റെയ്ഡ്.

സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും നേരത്തേ പറഞ്ഞ സിബിഐ, മുലായം ലോക്സഭയിലെ വിശ്വാസവോട്ടുവേളയില്‍ കൂറുമാറി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനെത്തുടര്‍ന്ന് കോടതിയെ സമീപിച്ചത് ആ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന അപേക്ഷയുമായാണ്. അന്ന് സുപ്രീംകോടതി സിബിഐക്ക് ഒരു സര്‍ട്ടിഫിക്കറ്റുകൊടുത്തു. ""ദല്‍ഹിയിലുള്ള രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനുതുള്ളുന്ന ഏജന്‍സി"". കോണ്‍ഗ്രസിനൊപ്പംനിന്നാല്‍ കുറ്റത്തിന് തെളിവില്ല! എതിരായിനിന്നാല്‍ ഇല്ലാത്ത തെളിവുണ്ടാവും! ഉത്തര്‍പ്രദേശിലെ മായാവതി വരവില്‍ക്കവിഞ്ഞ് സ്വത്തുസമ്പാദിച്ചുവെന്ന് റിപ്പോര്‍ട്ടുതയ്യാറാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിബിഐ അത് കോടതിയില്‍ കൊടുത്തില്ല. മായാവതി കോണ്‍ഗ്രസിനെതിരായപ്പോള്‍ അടുത്തമാസംതന്നെ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. താജ് കോറിഡോര്‍ കേസില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ കുറ്റപ്പെടുത്തിയിരുന്ന മായാവതിയെ അവര്‍ കോണ്‍ഗ്രസുമായി സഹകരിച്ച ഘട്ടത്തില്‍ സിബിഐ കുറ്റവിമുക്തയാക്കി. അന്ന് സിബിഐയോട് കോടതി ചോദിച്ചു: ""കോണ്‍ഗ്രസിന്റെ ഒപ്പമായാല്‍ കേസില്ലാതാവുമോ?"".

അതിനിടെ മായാവതി സോണിയക്കും കോണ്‍ഗ്രസിനും എതിരായി. അപ്പോള്‍ സിബിഐ അവര്‍ക്കെതിരായ കുറ്റപത്രവുമായി കോടതിയിലെത്തി. അപ്പോള്‍ കോടതി ചോദിച്ചു: ""കോണ്‍ഗ്രസിനെതിരായാല്‍ കേസില്‍ അതുവരെ ഇല്ലാത്ത തെളിവുണ്ടാവുമോ?"" ബൊഫോഴ്സ് കുംഭകോണത്തിലെ ഒക്ടോവിയോ ക്വട്ട്റോച്ചി എന്ന ഇറ്റലിക്കാരന്‍ സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തായിരുന്നു. അയാള്‍ക്കെതിരെ ഇന്ത്യന്‍ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ബ്രിട്ടനിലുള്ള അയാളുടെ ബാങ്ക് അക്കൗണ്ടിന്റെ മരവിപ്പ് നീക്കാന്‍ സിബിഐ അയാള്‍ക്ക് സര്‍ട്ടിഫിക്കറ്റുകൊടുത്തു. പിന്നീട് പടിപടിയായി അയാള്‍ക്കെതിരായ കേസ് ഇല്ലാതാക്കുകയും ചെയ്തു. ക്വട്ട്റോച്ചിയെ വിട്ടുകിട്ടുന്നതിനെതിരെ സിബിഐ നിലപാടെടുത്തത് മുന്‍നിര്‍ത്തി സിബിഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെ കേസെടുക്കുന്നിടത്തേക്കുപോലും കോടതി എത്തി. നിധീരി കൊലക്കേസിലും ഈ സിബിഐ ഡയറക്ടര്‍ക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നു. കൊല്‍ക്കത്തയിലെ വിവാദമായ റിസാവുര്‍ റഹ്മാന്‍ കൊലക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അതിനിശിതമായ നിരീക്ഷണങ്ങളോടെയാണ് കല്‍ക്കത്താ ഹൈക്കോടതി റദ്ദാക്കിയത്. കുറ്റം തെളിയിക്കാനുള്ള താല്‍പ്പര്യങ്ങളല്ല, മറിച്ച് ചില "രക്ഷാകര്‍ത്താക്കളുടെ" താല്‍പ്പര്യമാണ് സിബിഐയെ നയിച്ചത് എന്ന് കോടതി നിരീക്ഷിച്ചു. ബാബറിമസ്ജിദ് തകര്‍ത്തതുസംബന്ധിച്ച അയോധ്യാകേസില്‍ അടുത്തകാലത്ത് ഹൈക്കോടതി വിധി വന്നു. സാധാരണ ഉടന്‍ അപ്പീലുമായി സുപ്രീംകോടതിയില്‍ പോകാറുള്ള സിബിഐ അനങ്ങിയില്ല. അപ്പീല്‍പോയാല്‍ ഹിന്ദുവര്‍ഗീയവോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാതായാലോ എന്നതായിരുന്നു ഉല്‍ക്കണ്ഠ. അപ്പീല്‍ കാലാവധി കഴിഞ്ഞുമാത്രം അപ്പീലുമായി ചെന്നത് ആ പേരില്‍തന്നെ അപ്പീല്‍ സുപ്രീംകോടതി സ്വീകരിക്കാതിരിക്കട്ടെ എന്ന പ്രത്യാശയിലാണ്. കോടതിയുടെ അതിശക്തമായ വിമര്‍ശനമാണ് സിബിഐ ആ കേസില്‍ ചില ആഴ്ചകള്‍ക്കുമുമ്പ് ഏറ്റുവാങ്ങിയത്. ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ മൊഴിനല്‍കിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ആ പ്രധാനമന്ത്രി സിബിഐയെക്കൊണ്ട് കേസെടുപ്പിച്ചു. ആ ദുരുപയോഗം മുന്‍നിര്‍ത്തിയാണ് കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമാകരുത് എന്ന് സുപ്രീംകോടതി സിബിഐയോടു പറഞ്ഞത്. ബൊഫോഴ്സ് കേസില്‍ പ്രതികള്‍ക്ക് ഗുണകരമാവുന്ന രണ്ട് ഉത്തരവുകള്‍ ദില്ലികോടതിയില്‍നിന്നുവന്നു. തോറ്റത് സിബിഐ. പക്ഷേ, സിബിഐ അപ്പീല്‍ പോയില്ല. അഴിമതിക്കുറ്റം നീക്കംചെയ്യുന്നതും ഹിന്ദുജ സഹോദരങ്ങളുടെമേലുള്ള കുറ്റം നീക്കംചെയ്യുന്നതുമായിരുന്നു അവ. ഹിന്ദുജ വേണ്ടപ്പെട്ട ബിസിനസ് ഗ്രൂപ്പ്, കേസ് കോണ്‍ഗ്രസിന് വേണ്ടപ്പെട്ടത്. അതുകൊണ്ട് അപ്പീലില്ല. ബൊഫോഴ്സ് കേസ് തേച്ചുമാച്ചുകളയുന്നതില്‍ സിബിഐ വഹിച്ച പങ്ക് കുപ്രസിദ്ധമാണ്. സ്വീഡിഷ് അധികൃതര്‍തന്നെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിച്ചിട്ടും അതിന്റെ യഥാര്‍ഥ ഉടമകള്‍ക്കെതിരെ, അവര്‍ ഇന്ത്യക്കാര്‍തന്നെയായിട്ടും നടപടിയുണ്ടായില്ല. വിന്‍ഛദ്ദയും ചന്ദ്രസ്വാമിയും മുതല്‍ ക്വട്ട്റോച്ചി എന്ന സോണിയാസുഹൃത്തുവരെ രക്ഷപ്പെട്ടത് സിബിഐ ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയായിരുന്നു. ക്വട്ട്റോച്ചിക്കെതിരായ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസ് പിന്‍വലിക്കാന്‍ അരങ്ങൊരുക്കിയതും സിബിഐതന്നെ! ശശിനാഥ് ഝാ കൊലക്കേസില്‍ സിബിഐ എടുത്ത നിലപാട് ഏറെ വിചിത്രമാണ്. വിചാരണക്കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. സിബിഐ അപ്പീല്‍ പോയില്ല. കാരണം, കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന ഷിബു സോറണ്‍ എംപി ആയിരുന്നു കൊലക്കേസിലെ പ്രതി. പ്രതി സഖ്യകക്ഷി നേതാവെങ്കില്‍ സിബിഐക്ക് അപ്പീലില്ല! ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച കൈക്കൂലികേസിലും സെയിന്റ് കിറ്റ്സ് കേസിലും സിബിഐ അപ്പീല്‍പോയില്ല. കാരണം ഒന്നില്‍ ഷിബു സോറണായിരുന്നു പ്രതി. മറ്റൊന്നില്‍ പി വി നരസിംഹറാവുവും. എച്ച്ഡിഡബ്ല്യു സബ്മറൈന്‍, എയര്‍ബസ് 320, ചെക്പിസ്റ്റള്‍, നുസ്ലിവാഡിയാ, ലാലുഭായി പഥക്, ചന്ദ്രസ്വാമി കേസുകളിലും സിബിഐ വഹിച്ച റോള്‍ കോടതിതന്നെ തുറന്നുകാട്ടിയ ചരിത്രം രാജ്യത്തിനുമുന്നിലുണ്ട്. സിബിഐയെ വരുതിക്കുനിര്‍ത്തി അതിനെ ഉപയോഗിച്ച് രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ എക്കാലത്തെയും തന്ത്രം. അത് കോടതി തിരിച്ചറിയുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ലാവ്ലിന്‍ കേസിന്റെ കാര്യമെടുക്കുക. വിശദമായി പഠിച്ചശേഷം സിബിഐ ആദ്യം കോടതിയില്‍ എഴുതിക്കൊടുത്തത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം കാര്യമായി ഒന്നും ഇതില്‍ ഇല്ല എന്നാണ്.

അതേ സിബിഐ പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുന്ന നിലയിലേക്ക് മാറിയതെങ്ങനെ? കുറ്റപത്രത്തിലെ ഓരോന്നിനും പഴുതടച്ചുള്ള മറുപടികള്‍ ഉണ്ടെന്നുവന്നപ്പോള്‍ അതില്‍നിന്നൊക്കെ പിന്‍വാങ്ങുകയും സാമ്പത്തികനേട്ടമുണ്ടാക്കിയതിന് തെളിവില്ല എന്ന് സമ്മതിക്കുകയും ചെയ്യുന്നവിധം പരുങ്ങലിലായതെങ്ങനെ? തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണോ എന്ന് കോടതിയെക്കൊണ്ട് ചോദിപ്പിക്കുന്നനിലയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സൗകര്യത്തിന് ഗുണകരമാവുംവിധം റിപ്പോര്‍ട്ടുകൊടുക്കാന്‍ സമയം ക്രമീകരിച്ചതെങ്ങനെ? ഒടുവില്‍ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ല എന്ന് സമ്മതിക്കുമ്പോഴും കേസ് വിഭജിച്ച് വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് അനിശ്ചിതമായി കേസ് നീട്ടാന്‍ വ്യഗ്രതകാട്ടുന്നതെന്തിന്? ഈ ഓരോ ചോദ്യവും സിബിഐയുടെ അടിസ്ഥാനസ്വഭാവത്തിലേക്കുതന്നെയാണ് വിരല്‍ ചൂണ്ടുന്നത്. വൈകുന്ന നീതി, നീതിനിഷേധത്തിനു തുല്യമാണെന്ന നീതിന്യായതത്വം നമ്മുടെ കോടതികള്‍തന്നെ അംഗീകരിക്കുന്ന ഒന്നാണല്ലൊ!

*
പ്രഭാവര്‍മ ദേശാഭിമാനി 04-05-13

1 comment:

Anonymous said...

Thank you for this information.It is really informative and helpful for the people.Keep giving such a valuable information.
Regards:oncology hospital india