Saturday, May 25, 2013

നാണക്കേടിന് നാലുവര്‍ഷം

രണ്ടാം യുപിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭരണമാകട്ടെ, ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കി പത്താംവര്‍ഷത്തിലേക്ക് കടന്നു. ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. വിവരാവകാശനിയമവും തൊഴിലുറപ്പുനിയമവും മറ്റും പാസാക്കിയ ഒന്നാം യുപിഎ സര്‍ക്കാരുമായി ഒരു തരത്തിലും രണ്ടാം യുപിഎ സര്‍ക്കാരിനെ താരതമ്യപ്പെടുത്താനാകില്ല. നാലുവര്‍ഷം ഭരിച്ചുവെന്നതിനപ്പുറം ഒരു നേട്ടവും അവര്‍ക്ക് അവകാശപ്പെടാനുമില്ല. ഭരണമേറി നൂറുദിവസത്തിനകം കൊണ്ടുവരുമെന്ന് പറഞ്ഞ ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ നിയമവും ഇനിയും പാസാക്കിയിട്ടില്ല. അഴിമതിയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന നിലയില്‍ ദിനംപ്രതി അഴിമതിക്കഥകള്‍ പുറത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരെന്നാകും രണ്ടാം യുപിഎ സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച, ഉത്തരേന്ത്യയിലുണ്ടായിരുന്ന ജനസ്വാധീനം ഇല്ലാതാക്കിയ ബൊഫോഴ്സ് അഴിമതിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് ഈ അഴിമതികള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച പടിയിറങ്ങിയ വിനോദ് റായിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളിലൂടെയാണ്് യുപിഎ സര്‍ക്കാരിന്റെ ഭീമന്‍ അഴിമതിക്കഥകള്‍ പുറംലോകമറിഞ്ഞത്. കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെയാണ് തുടക്കം. അന്താരാഷ്ട്രരംഗത്തുതന്നെ ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തിയ അഴിമതിയായിരുന്നു ഇത്. ഇതിന് നേതൃത്വം നല്‍കിയ സുരേഷ് കല്‍മാഡിയെന്ന പുണെയില്‍ നിന്നുള്ള എംപി ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നു.

2ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്ര ഖജാനാവിനുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത് വഴി 1.86 ലക്ഷം കോടി രൂപയും. ഈ രണ്ട് വമ്പന്‍ അഴിമതികളിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് പ്രധാനമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു. അന്നത്തെ സഹമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാളും സന്തോഷ് ബഗോഡിയയും കോണ്‍ഗ്രസുകാരായിരുന്നു. സ്പെക്ട്രം അനുവദിക്കുന്ന ഒരോഘട്ടത്തിലും, ടെലികോംമന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ നേരിട്ടും കത്ത് വഴിയും അറിയിച്ചിരുന്നു. അഴിമതി തടയാന്‍ അവസരമുണ്ടായിട്ടും പ്രധാനമന്ത്രി അതിന് തയ്യാറായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പരസ്യമായ നീക്കവും രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായി. ഇതിന്റെ ഭാഗമായാണ് അഴിമതി നടന്ന കാലത്തെ ടെലികോം സെക്രട്ടറി പി ജെ തോമസിനെ ബിജെപിയുടെ എതിര്‍പ്പുണ്ടായിട്ടും കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചത്.

അഴിമതിക്ക് കൂട്ടുനിന്ന ആളെത്തന്നെ അഴിമതി തടയുന്ന ഏജന്‍സിയുടെ അധ്യക്ഷനായി നിയമിച്ച് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പി ജെ തോമസിന്റെ നിയമനം റദ്ദാക്കി. ഈ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പുതിയ സിഎജി നിയമനം വ്യക്തമാക്കുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് പ്രതിരോധ ഇടപാടില്‍ അഴിമതിക്ക് കാരണമായ ഇടപാട് നടന്ന വേളയിലെ പ്രതിരോധ സെക്രട്ടറിയാണ് ശശികാന്ത് ശര്‍മ. ഈ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ വയ്ക്കാനിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങളുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ മന്ത്രി അശ്വനികുമാര്‍ തിരുത്ത് വരുത്തിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവസാനം ബന്‍സലിനൊപ്പം അശ്വനികുമാറിനെയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശമല്ല സോണിയഗാന്ധിയും മന്‍മോഹന്‍സിങ്ങും നല്‍കിയിട്ടുള്ളത്. അഴിമതിക്കാരെ രക്ഷപ്പെടുത്താന്‍ എല്ലാ നിയമവിരുദ്ധവഴികളും സ്വീകരിച്ചിട്ടും രക്ഷയില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് മന്ത്രിമാരെ ഉള്‍പ്പെടെ ഒഴിവാക്കിയത്.

എന്നാല്‍, അമേരിക്കയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്റെപേരില്‍ വിദേശമന്ത്രിയായ നട്വര്‍സിങ്ങിനെ പുറത്താക്കാന്‍ ഒരു സംശയവും മന്‍മോഹന്‍സിങ്ങിനുണ്ടായിരുന്നില്ല. അഴിമതിക്കാരനെന്ന മുഖമുദ്ര നല്‍കിയാണ് നട്വര്‍സിങ്ങിനെ മന്‍മോഹന്‍ പുറത്താക്കിയത്. മണിശങ്കരയ്യരുടെ സ്ഥിതിയും മറിച്ചല്ല. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നിലകൊള്ളുന്നതില്‍ കാട്ടുന്ന ശുഷ്കാന്തിയും താല്‍പ്പര്യവും അഴിമതി തടയുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ രാജ്യം ഏറെ പുരോഗതി നേടുമായിരുന്നു. "കോണ്‍ഗ്രസിന്റെ കൈകള്‍ സാധാരണക്കാര്‍ക്കൊപ്പം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് 2009 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, സാധാരണക്കാരുടെ ഒപ്പം നിന്നില്ലെന്ന് മാത്രമല്ല, അവരുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

വിലക്കയറ്റം സാധാരണ ജനങ്ങളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം തടയുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം ഒഴിവാക്കി വില കുത്തനെ വര്‍ധിപ്പിക്കുന്ന നവലിബറല്‍ നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് ആര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് തെളിയിച്ചു. ഇതോടൊപ്പം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടിയും ഇന്‍ഷുറന്‍സ്-ബാങ്കിങ് സ്വകാര്യവല്‍ക്കരണവും മറ്റും ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുകയാണ്. 2009ല്‍ തങ്ങള്‍ക്കുലഭിച്ച മധ്യവര്‍ഗ വോട്ടുകളാണ് ഈ നടപടികളിലൂടെ നഷ്ടമാകുന്നതെന്ന അടക്കംപറച്ചില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനരോഷം കഴിഞ്ഞ നാല് വര്‍ഷമായി വര്‍ധിക്കുകയാണെന്നും വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണ ഹസാരെ നടത്തിയ നിരാഹാര സത്യഗ്രഹ വേളയിലും ഇരുപത്തിമൂന്നുകാരി ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും പതിനായിരങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ഇടതുപക്ഷവും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് തെളിയിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുണ്ടായ ജനവിധി അഴിമതിക്കെതിരെയുള്ളതാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരെയും അത്തരമൊരു ജനവിധി ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒദ്യോഗികവസതിയിലെ അത്താഴവിരുന്നും റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കലും നിറംമങ്ങിയ ചടങ്ങായി മാറിയതും ഇതുകൊണ്ടാണ്. എന്‍സിപിയും അപൂര്‍വം ഘടക കക്ഷികളും മാത്രമാണ് ചടങ്ങിന് എത്തിയത്.

2012ലെ വാര്‍ഷിക അത്താഴവിരുന്നിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെയുടെ ടി ആര്‍ ബാലുവും എഐഎം നേതാവ് ഒവൈസിയും ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാക്കളും ചടങ്ങിനെത്തിയില്ല. 16 കക്ഷികളുണ്ടായിരുന്ന യുപിഎ ഇന്ന് ശുഷ്കമായ ഭരണസഖ്യമായി മാറി. യുപിഎക്കൊപ്പം നിന്നാല്‍ ഉള്ള ജനസ്വാധീനവും ഇല്ലാതാകുമെന്ന ഭയമാണ് സഖ്യകക്ഷികള്‍ ഒന്നൊന്നായി പുറത്തുപോകാന്‍ കാരണം. ജമ്മു കശ്മീരിലെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുള്ള സഖ്യവും അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു അത്താഴവിരുന്ന് നല്‍കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയില്ല. ഭീമന്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മന്‍മോഹന്‍സിങ് മാറണമെന്ന് കമല്‍നാഥ് അടക്കമുള്ള, സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെടുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.


****

വി ബി പരമേശ്വരന്‍

No comments: