Saturday, May 11, 2013

കുടുംബം സ്ത്രീവിരുദ്ധമാവുന്നത്....

"ഒരായിരം നിസ്സാരകാര്യങ്ങളെ സംബന്ധിക്കുന്ന ആത്മത്യാഗമാണ് ഓരോ ദിവസവും സ്ത്രീയുടെ ഗാര്‍ഹിക ജീവിതം. അവളുടെ നാഥനും യജമാനനുമായിട്ടുള്ള ഭര്‍ത്താവിെന്‍റ പണ്ടുതൊട്ടേയുള്ള അവകാശങ്ങള്‍ തുടരുകയാണ്." ലെനിന്‍. സാര്‍വദേശീയതലത്തില്‍ത്തന്നെ എല്ലാത്തരം അസമത്വങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സ്വാഭാവികമായും ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ ഈ അസമത്വങ്ങളുടെ ഫലം അനുഭവിക്കുന്നവരാണ്. അതേസമയം, സ്ത്രീയെസംബന്ധിച്ച്, അസമത്വങ്ങളുടെ അനുഭവപ്പെടലിനെ തീവ്രമാക്കുന്ന ഒന്നായി സ്ത്രീപുരുഷ അസമത്വം വളരുകയും ചെയ്യുന്നു. അസമത്വങ്ങള്‍ നിലനില്‍ക്കേണ്ടത് ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആധുനികകാലത്ത് മുതലാളിത്തത്തിന്റെ ആവശ്യമാണ്. ഒരു വിഭാഗത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ടും അടിച്ചമര്‍ത്തലിനു വിധേയമാക്കിക്കൊണ്ടും മാത്രമേ മറ്റൊരു വിഭാഗത്തിനു നിലനില്‍ക്കാനാവൂ എന്ന വര്‍ഗവിഭജിതസമൂഹത്തിലെ ചൂഷണത്തിന് ആദ്യമായി വിധേയരായ വിഭാഗം സ്ത്രീകളാണെന്ന വസ്തുതയും ചരിത്രയാഥാര്‍ഥ്യമാണ്. അതാവട്ടെ, കുടുംബമെന്ന, ഏറ്റവും പവിത്രമെന്ന പരിലാളനയേറ്റുവരുന്ന ഒരു സംവിധാനത്തിന്റെ രൂപപ്പെടലോടെയായിരുന്നുവെന്നും കാണണം.

സ്ത്രീകളുടെ അടിമത്തത്തെ ഭാര്യാത്വമാക്കി മാറ്റിയ ചരിത്രസന്ദര്‍ഭമാണ് കുടുംബത്തിന്റെ ആവിര്‍ഭാവം. ഈ സന്ദര്‍ഭത്തെ ചരിത്രപരമായ ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയായിരുന്നു ""കുടുംബം സ്വകാര്യസ്വത്ത്, ഭരണകൂടം"" എന്നിവയുടെ ഉല്‍പത്തി എന്ന ഗ്രന്ഥത്തില്‍ എംഗല്‍സ്. ""ചരിത്രത്തില്‍ ആദ്യത്തെ വര്‍ഗവൈരുധ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുധ്യം ഏകദാമ്പത്യത്തിന്റെ രൂപത്തില്‍ ഉടലെടുക്കുന്നതോടെയാണ് ആരംഭിക്കുന്നത്. ആദ്യത്തെ വര്‍ഗചൂഷണമാവട്ടെ, പുരുഷന്‍ സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്ന ചൂഷണവുമാണ്"". എന്ന് സ്ഥാപിക്കുകയാണ് എംഗല്‍സ് ചെയ്തത്. സാമൂഹ്യപദവിയില്‍ പുരുഷനു താഴെയായി സ്ത്രീയുടെ സ്ഥാനം നിജപ്പെടുത്തുകയാണ് കുടുംബത്തിനുള്ളിലെ തൊഴില്‍വിഭജനത്തിലൂടെ സംഭവിച്ചത്. സ്ത്രീയുടെ കടമ എന്നപേരില്‍ ഇന്നും സമൂഹത്തിന്റെ പൊതുബോധം സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന തൊഴില്‍വിഭജനം കുടുംബത്തിനുള്ളിലാണ് പ്രബലമായി നിലകൊള്ളുന്നത്.

സ്ത്രീകളുടെ എണ്ണം സമൂഹത്തില്‍ പകുതിയോ അതിലധികമോ ആയിരിക്കുമ്പോഴും ന്യൂനപക്ഷത്തിന്റേതിനു സമാനമാണ് അവരുടെ സാമൂഹ്യപദവി. പാരമ്പര്യം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയില്‍ നിരന്തരം കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയരാവുന്ന ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും അവസ്ഥ പലതരത്തിലും സമാനമാണ്. ഇത് സ്വന്തം സ്വത്വത്തെ സംബന്ധിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. ആണ്‍കോയ്മാവ്യവസ്ഥയ്ക്കുള്ളില്‍ സ്വന്തം അവസ്ഥയെക്കുറിച്ച്, നിലനില്‍ക്കുന്നത് ശരിയെന്ന പൊതുബോധമാണ് സ്ത്രീയിലും പ്രവര്‍ത്തിക്കുന്നത്. അതിനെ മറികടക്കുന്നവര്‍ ഭഒരുമ്പെട്ടവള്‍ എന്ന വിശേഷണത്തിനു വിധേയരാവുന്നു. അതുകൊണ്ട്, തന്നെ സംബന്ധിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മിഥ്യയാണെന്നു വരുത്തിത്തീര്‍ത്ത്, സ്വന്തം അടിമത്തത്തില്‍ സംതൃപ്തരെന്നും അത് സ്വയം തെരഞ്ഞെടുത്തതാണെന്നും പ്രഖ്യാപിക്കാന്‍ സ്ത്രീ തയ്യാറാവുന്നു. സര്‍വവും സഹിക്കുന്ന ഭൂമി, അമ്മ, ദേവത എന്നീ നിലകളില്‍ ഉദാത്തവല്‍ക്കരിക്കപ്പെട്ട സ്ത്രീ ബിംബങ്ങള്‍, അസമത്വാധിഷ്ഠിത വ്യവസ്ഥയുടെ നിലനില്‍പ് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുക മാത്രമാണ് അതിെന്‍റ ഉദ്ദേശ്യം. ആധുനികകാലത്ത് സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങിലേക്കെത്തുകയും അവിടെനിന്ന് തൊഴില്‍ശാലകളിലേക്ക് എത്തുകയും അതോടെ അവര്‍ കുടുംബം പോറ്റുന്നവരെന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്. കുടുംബം പോറ്റല്‍ ആദ്യകാലത്ത് പുരുഷന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ടിരുന്നതായതിനാല്‍, ആ അര്‍ഥത്തില്‍, പുരുഷന്റേതിനു തുല്യമായ അവസ്ഥയിലേക്ക് സ്ത്രീ മാറുകയായിരുന്നു.

എന്നാല്‍ സ്ത്രീയുടെ കടമയില്‍ ഈ പരിവര്‍ത്തനം മാറ്റം വരുത്തിയില്ല. ഒരു ഭാര്യയെ സംബന്ധിച്ച് വിശ്രമമെന്നത് തൊഴില്‍ ചെയ്യുന്ന അവസ്ഥയില്‍ നിന്ന് ഒട്ടും ഭിന്നമല്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം വീടിനുപുറത്തുള്ള തൊഴിലിെന്‍റ ഭാരം വര്‍ദ്ധിച്ചിട്ടുമുണ്ട്. പൊതുപ്രവര്‍ത്തകയായും ഉന്നതോദ്യോഗസ്ഥയായും എഴുത്തുകാരിയായും കലാകാരിയായും തൊഴിലാളിയായും വീടിനു പുറത്ത് ഭഇടമുള്ള അവസ്ഥയിലും, വീട്ടുവേല പൂര്‍ണമായും സ്ത്രീയുടെ തൊഴിലായിത്തന്നെ തുടരുന്നു. ഇത് ആധുനിക കുടുംബജീവിതത്തിലെ അസന്തുലിതമായ തൊഴില്‍ വിഭജനമാണ്. സ്ത്രീയും പുരുഷനുമായുള്ള അസമമായ അധികാര ബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രബലസ്ഥാപനമാണ് കുടുംബം. സ്ത്രീയുടെ അടിമത്തത്തെ താങ്ങി നിര്‍ത്തുന്ന ഒരു നെടും തൂണായി കുടുംബം നിലനില്‍ക്കുകയാണ്. ലിംഗാടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനരൂപങ്ങള്‍ ആരംഭിക്കുന്നത് കുടുംബത്തിലാണ്. പാപം, ലൈംഗികത, സ്ത്രീ എന്നിവയെ പരസ്പരം ബന്ധപ്പെടുത്തിയാണ് ഒട്ടുമിക്ക വിശ്വാസങ്ങളും ധാരണകളും നിലനില്‍ക്കുന്നത്. അതിന് മതഭേദമില്ല. പാശ്ചാത്യ പൗരസ്ത്യ ഭേദവുമില്ല. സ്വന്തം ശരീരത്തില്‍ സ്വയം നിര്‍ണയാവകാശം നഷ്ടപ്പെട്ട ലോകമാണ് കുടുംബം സ്ത്രീക്കു സമ്മാനിക്കുന്നത്. കുടുംബത്തെ സ്ത്രീകള്‍ക്കുള്ള ഒരു സ്വകാര്യതടവറയായി ഭരണകൂടവും അംഗീകരിക്കുകയാണ്.

കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍, ലൈംഗികപീഡനങ്ങള്‍ എന്നിവയില്‍ ഇടപെടാന്‍ ഭരണകൂടം വിസമ്മതിക്കുന്നതും കാണാം. സൗദി അറേബ്യയില്‍ നിയമപരമായിത്തന്നെ അത് കുടുംബകാര്യം മാത്രമാണ്. ഇന്ത്യയില്‍ ഗാര്‍ഹികപീഡനനിരോധന നിയമം അത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള സാധ്യത നല്‍കുന്നെങ്കിലും പരാതിപ്പെടാനുള്ള വൈമുഖ്യവും പരാതികളോടുള്ള സമീപനവും സൗദി അറേബ്യയിലെ നിയമം തന്നെയാണ് ഇന്ത്യയുടെ പൊതുമനോഭാവമെന്ന് വ്യക്തമാക്കുന്നു. കുടുംബകാര്യങ്ങള്‍ കുടുംബത്തിനുള്ളില്‍ പരിഹരിച്ചാല്‍ പോരേ എന്ന ലളിതോക്തിയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തളയ്ക്കപ്പെടുന്നു. സ്ത്രീയെ സംബന്ധിച്ച് വിശ്രമവേളകളും അധ്വാനത്തിേന്‍റതാണ്. സ്ത്രീക്ക് കുടുംബവും വീടിനകവും വിശ്രമത്തിേന്‍റതല്ല, അധ്വാനത്തിന്റേതാണ്. അത് ഭകടമയില്‍പ്പെടുന്ന കാണാപ്പണിയാണ്. അത്തരത്തില്‍ കുടുംബം പുലര്‍ത്തുന്ന സ്ത്രീയുടെ അധ്വാനഫലം കൂടി തട്ടിപ്പറിച്ച് മദ്യപിച്ചുവരുന്ന ഭര്‍ത്താക്കന്മാരുടെ കഠിനമര്‍ദനം സഹിക്കുകയാണ് സ്ത്രീ ചെയ്യുന്നത്. ഇത് വിദ്യാഭ്യാസമില്ലാത്തവരുടെയോ ഗ്രാമപ്രദേശത്തെ ജനതയുടെയോ മാത്രം പ്രശ്നമല്ല. നഗരങ്ങളിലെ അഭ്യസ്തവിദ്യര്‍ക്കിടയിലും ഇതു വ്യാപകമാണ്. ഭര്‍ത്താവിനു തുല്യമോ അതിലധികമോ വിദ്യാഭ്യാസയോഗ്യതയും മെച്ചപ്പെട്ട തൊഴിലുമുള്ള സ്ത്രീകളില്‍ 65 ശതമാനത്തോളം ഭര്‍ത്താവിന്റെ തീരുമാനമനുസരിക്കുന്നതും വ്യത്യസ്തകാരണങ്ങളാല്‍ ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേല്‍ക്കുന്നതും ന്യായീകരിക്കുന്നവരാണ്.!

കുടുംബത്തിലെ "കടമ" യെന്ന ഉത്തരവാദിത്തങ്ങള്‍ (ലെനിന്റെ ഭാഷയില്‍ ഏറ്റവും വൃത്തികെട്ടതും മടുപ്പിക്കുന്നതുമായ പണി) നിര്‍വഹിച്ചുകൊണ്ടുമാണ് സ്ത്രീകള്‍ കുടുംബത്തിന്റെ കെട്ടുറപ്പിനെ സംരക്ഷിക്കുന്നത് എന്നര്‍ഥം. വീട്ടിലെ പണികള്‍ക്കായി സഹായിയെ ഭാഗികമായോ പൂര്‍ണമായോ നിയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് വരുമാനത്തില്‍നിന്നുള്ള മിച്ചസമ്പാദ്യം കുറയുമെന്നതില്‍ തര്‍ക്കമില്ലല്ലോ. (അങ്ങനെ നിയോഗിക്കപ്പെടുന്നതും മിക്കവാറും സ്ത്രീകള്‍ തന്നെയാണ്). അതായത്, കുടുംബത്തിന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കാനായി വീടിനുള്ളിലെ പണികള്‍ സ്വയം ചെയ്യാന്‍ സ്ത്രീ നിര്‍ബന്ധിതയാവുന്നു. അതായത്, സ്ത്രീ, സ്വന്തം സ്വാതന്ത്ര്യവും അവകാശവും അടിയറവെച്ചും വിശ്രമവേള എന്ന അവകാശം ഉപേക്ഷിച്ചും കുടുംബത്തിനുള്ളിലെ രേഖപ്പെടുത്താത്ത ജോലി (കാണാപ്പണികള്‍) നിര്‍വഹിച്ചുമാണ് കുടുംബവരുമാനത്തിന്റെ മിച്ചത്തില്‍ നിന്ന് സമ്പാദ്യം വര്‍ധിപ്പിച്ച് മധ്യവര്‍ഗത്തെ നിലനിര്‍ത്തുന്നത്.

സാമൂഹ്യപദവിയില്‍ പിന്നാക്കം നില്‍ക്കുമ്പോഴും കേരളം അഭിമാനിക്കുന്ന തിളക്കത്തെ മങ്ങാതെ കാക്കുന്നതില്‍ സ്ത്രീ മുഖ്യപങ്കു വഹിക്കുന്നുവെന്നര്‍ഥം. ഉദ്യോഗസ്ഥയായ സ്ത്രീ, ഗാര്‍ഹിക ജോലി വേണ്ടെന്നുവച്ചാല്‍ പൊളിഞ്ഞുവീഴുന്നതാണ് കേരളത്തിന്റെ തിളങ്ങുന്ന മധ്യവര്‍ഗക്കൊട്ടാരം എന്നര്‍ഥം. സ്ത്രീയുടെ വീട്ടുജോലിയും തൊഴിലാളിയുടെ കൂലിവേലയും മൂലധനത്തിന്റെ വരുതിയില്‍പ്പെടുന്നതാണ്. ആദ്യത്തേത് വൈയക്തികമായ സേവനവും രണ്ടാമത്തേത് മുതലാളിത്ത ചൂഷണവുമായി കാണേണ്ടതല്ല എന്നര്‍ഥം. കുടുംബത്തിനുള്ളിലെ അധീശത്വ വിധേയത്വ ബന്ധങ്ങളില്‍ നിന്നുത്ഭവിക്കുന്ന കടമയിലധിഷ്ഠിതമായ തൊഴില്‍ വിഭജനത്തിന്റെയും പുരുഷന്‍ സ്ത്രീയില്‍ അടിച്ചേല്‍പിക്കുന്ന മേധാവിത്വപരമായ ലൈംഗികസദാചാരത്തിന്റെയും പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് സ്ത്രീ വിമോചനം യാഥാര്‍ഥ്യമാവില്ല.

*
പി എസ് ശ്രീകല ചിന്ത വാരിക

No comments: