Sunday, May 19, 2013

ഓര്‍മകളില്‍ സ. നായനാര്‍

സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. സമാനതകളില്ലാത്തവിധം എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത സ. നായനാര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ഭടനായിരുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സംഘാടകനും നേതാവുമായി നായനാര്‍ ഉയര്‍ന്നു.

പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ച നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയനായി. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാടുകള്‍ വികസിച്ചത്. തന്റെ അഭിപ്രായങ്ങള്‍ പാര്‍ടിക്കകത്ത് ശക്തമായി നായനാര്‍ അവതരിപ്പിക്കും. എന്നാല്‍, പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാശൈലി എക്കാലത്തും സഖാവിന്റെ മുതല്‍ക്കൂട്ടായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യക്ഷപ്പെട്ട ഇടതു- വലതു വ്യതിയാനങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ട് നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്. അവതരണശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ സഖാവ് ഭംഗിയായി നിര്‍വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷ പ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ ഏറ്റവും അധികകാലം മുഖ്യമന്ത്രി ആയി പ്രവര്‍ത്തിച്ചത് നായനാര്‍ ആണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരളവികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെ അമരക്കാരനായും അദ്ദേഹം ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവന എടുത്തുപറയേണ്ടതാണ്.

കേരളത്തിന്റെ വികസനപ്രക്രിയയുടെ അടിസ്ഥാനപരമായ സമീപനങ്ങളെപ്പോലും അട്ടിമറിച്ച് ആഗോളവല്‍ക്കരണനയങ്ങള്‍ മുന്നോട്ടുവച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നാം നായനാര്‍ ദിനം ആചരിക്കുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നത് ജാതി-മത ശക്തികളുടെ പിന്തുണ കൊണ്ടാണ്. അതിനാല്‍ത്തന്നെ അവരുടെ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നത്. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യം മുന്നണിക്കകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് സാമുദായിക സന്തുലനത്തെത്തന്നെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസും എസ്എന്‍ഡിപിയും മറ്റു സമുദായസംഘടനകളും രംഗത്തുവരുന്നതിലേക്കും യുഡിഎഫിന്റെ ഈ നയങ്ങള്‍ വഴിതെളിച്ചു. ജനാധിപത്യകേരളം ഇത്തരം നടപടികളില്‍ അത്ഭുതപ്പെട്ടുനിന്നു.

കുടിവെള്ളപദ്ധതികളുള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു. ഗ്രാമീണ കുടിവെള്ളപദ്ധതികളടക്കം സംസ്ഥാനത്തുടനീളം കുടിവെള്ളം നല്‍കാനുള്ള ചുമതല സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നു. "നാല് വര്‍ഷത്തിനകം സംസ്ഥാനത്ത് 100 ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പ് വരുത്തണം" എന്നാണ് സര്‍ക്കാര്‍ തീരുമാനം. കുടിവെള്ളം വിതരണംചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. വെള്ളത്തിന് വന്‍വില നല്‍കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടും.

കേരള സര്‍ക്കാരിന്റെ നയം ഏത് രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റ്. കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായുള്ള വകയിരുത്തല്‍ നടപ്പുവര്‍ഷം മൊത്തം വികസന ചെലവിന്റെ 9.41 ശതമാനമായിരുന്നു. ഇപ്പോഴത്തെ ബജറ്റിലാകട്ടെ കൃഷിയുടെ വിഹിതം 8.7 ശതമാനമായി. വ്യവസായമേഖലയ്ക്ക് ഈ വര്‍ഷം വിഹിതം 2.47 ശതമാനത്തില്‍ നിന്ന് 2.01 ശതമാനമായി താണു.

കാര്‍ഷികമേഖലയില്‍ ആത്മഹത്യ വ്യാപകമായി. നാളികേര കൃഷിക്കാര്‍ കുത്തുപാളയെടുക്കുകയാണ്. കേരളത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത പ്രശ്നം ഗുരുതരമായി നില്‍ക്കുകയാണ്. കുട്ടനാട് പാക്കേജ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു. സാമൂഹ്യസുരക്ഷാപദ്ധതികള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടിയുമില്ല.

മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ അവശേഷിക്കുന്ന കയര്‍മേഖലയില്‍ 80,000 പേര്‍ക്ക് മാത്രമേ ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നുള്ളൂ. അവര്‍ക്കുതന്നെ 100 ദിവസം പോലും തൊഴില്‍ ലഭിക്കുന്നില്ല. പാവങ്ങളില്‍ പാവങ്ങളായ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ കശുവണ്ടിമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അണ്ടിപ്പരിപ്പിന്റെ ഇറക്കുമതി, ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ലാഭകരമായി 200 ദിവസത്തിലധികം തൊഴില്‍ കൊടുത്ത് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും പരമ്പരാഗത മത്സ്യബന്ധമേഖലയിലെ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളി. കേന്ദ്രം മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ച പ്രശ്നത്തിനുമുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടായിരുന്നില്ല. ചാര്‍ജ് വര്‍ധിപ്പിച്ചുമില്ല. പ്രസരണനഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനത്തിലേക്ക് കുറച്ചു. ഇന്ന് പവര്‍കട്ട് നിലനില്‍ക്കുന്നു. അന്യായമാംവിധം നിരക്ക് വര്‍ധിപ്പിച്ചു. ആറു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതിമന്ത്രി പറയുന്നത്.

ഇന്നുവരെ ഇല്ലാത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അരിവില കിലോയ്ക്ക് 50 രൂപയോളം എത്തുന്ന നിലയാണ്. മാവേലി സ്റ്റോറും ത്രിവേണി സ്റ്റോറുകളുമെല്ലാം തുറന്ന് കിടക്കുന്നുവെന്നല്ലാതെ അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല.

അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപകമായി അനുവദിച്ച്് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ കച്ചവടവല്‍ക്കരണമാണ് യുഡിഎഫ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ലാത്ത നില സര്‍വവ്യാപിയാകുന്നു. പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് വന്‍ തുക നല്‍കേണ്ടിവരുന്നു.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നിന്ന സംസ്ഥാനമായിരുന്നു കേരളം. ഇന്ന് മൂന്നാംസ്ഥാനത്തെത്തി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉല്‍പ്പാദനമേഖലയുടെ പങ്ക് ഉപേക്ഷിച്ചു. ഫലത്തില്‍ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും അട്ടിമറിക്കപ്പെട്ടു.

ക്രമസമാധാനം തകര്‍ന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 6906 മോഷണ കേസും 1145 പിടിച്ചുപറിക്കേസും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചയും നടന്നു. വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടെന്നും ഇതുവരെ 543 കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് നിയമസഭയില്‍ സര്‍ക്കാര്‍ വച്ച കണക്ക്. 77 കള്ളനോട്ട് കേസ് രജിസ്റ്റര്‍ ചെയ്തെന്നതും വര്‍ഗീയസ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. സ്ത്രീപീഡനം കണക്കറ്റു പെരുകുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 15372 സ്ത്രീപീഡനകേസുണ്ടായി. 1661 ബലാല്‍സംഗ കേസുകള്‍. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.

പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യവുമൊരുക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആരാച്ചാര്‍മാരില്‍ ഒരാളായ നരേന്ദ്രമോഡിയെ വാഴ്ത്താനും സ്വീകരിക്കാനുമുണ്ടായ മത്സരം നമ്മുടെ നാടിന്റെ മതേതര പാരമ്പര്യത്തിനുനേരെ കൊഞ്ഞനംകുത്തുന്നതാണ്. മന്ത്രിസഭാംഗമായ ഷിബു ബേബിജോണ്‍ മോഡിയെ പോയിക്കണ്ട് ഉപഹാരം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ അബ്ദുള്ളക്കുട്ടിയും ലീഗ് എംഎല്‍എയായ കെ എം ഷാജിയും മോഡിയെ പുകഴ്ത്തി.

വിജിലന്‍സ് കേസുകളില്‍നിന്ന് മന്ത്രിമാരെ ഒന്നിനുപുറകെ ഒന്നായി രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അഴിമതി കൊടികുത്തി വാഴുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങളോടൊപ്പം ആര്‍ടിഒ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഭരണക്കാരുടെ ഏജന്റുമാര്‍ വഴി ലേലംവിളി നടത്തി സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങളുടെ ചികിത്സയ്ക്കായി നീക്കിവച്ച 102 കോടി രൂപ ആരോഗ്യവകുപ്പ് വകമാറ്റി ചെലവഴിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നടത്തുന്ന മരുന്നുസംഭരണത്തില്‍ സര്‍ക്കാരിന് 40 കോടിയുടെ നഷ്ടമുണ്ടായി. വന്‍കിട മരുന്നുകമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടികളില്‍ തിരിമറി നടത്തിയാണ് പണം ചോര്‍ത്തിയത്.

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ തുടരുന്നു. ഭൂപ്രമാണികള്‍ മൂന്നാറില്‍ വീണ്ടും കൈയേറ്റങ്ങള്‍ നടത്തുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി വമ്പിച്ച പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നത്. അതിന്റെ അലയൊലികള്‍ യുഡിഎഫിനകത്തുമുണ്ട്. ഘടകകക്ഷികളില്‍ പലതും മുന്നണി ഉപേക്ഷിച്ചുപോകുമെന്ന സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

യുഡിഎഫ് രാഷ്ട്രീയമായും കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും തികഞ്ഞ പരാജയമാണ്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തെ കളങ്കപ്പെടുത്തുകയാണവര്‍. ജാതി-മത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെട്ട് മതേതരപാരമ്പര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ ആകമാനം അണിനിരത്തി മുന്നോട്ടുപോകുക എന്നത് മര്‍മപ്രധാനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ആവേശപൂര്‍വം അണിനിരന്ന് വിജയിപ്പിക്കേണ്ടതുണ്ട്. സഖാവ് നായനാരുടെ സ്മരണ അത്തരം മുന്നേറ്റങ്ങളില്‍ നമുക്ക് ആവേശവും ഊര്‍ജവും പകരും.

*
പിണറായി വിജയന്‍

No comments: