Tuesday, May 7, 2013

അനിശ്ചിതത്വത്തിലായ പാര്‍ലമെന്റ് സമ്മേളനം

അങ്ങേയറ്റം അനിശ്ചിതത്വത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. പാര്‍ലമെന്റ് ചേരാന്‍ കഴിയാത്തവിധം എല്ലാ ദിവസവും ബഹളമാണ്. ദിവസം ചെല്ലുംതോറും സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നേരിട്ട ഒരു സര്‍ക്കാരുണ്ടാവില്ല; അതുപോലെ തന്നെ അഴിമതി നിറഞ്ഞ കാലവും. ഇന്ത്യക്ക് അപമാനമായി ഈ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതി സംഘര്‍ഷഭരിതമായിരുന്നു. ലോക്സഭ ചര്‍ച്ച കൂടാതെയാണ് ബജറ്റ് പാസാക്കിയത്. രാജ്യസഭയിലും ഇതു തന്നെയായിരുന്നു സ്ഥിതി. രണ്ടാം പകുതിയിലെങ്കിലും സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ചിത്രം കുടുതല്‍ മോശമായിരിക്കുന്നു.

കല്‍ക്കരി അഴിമതിയാണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. കല്‍ക്കരി ഖനനം നേരത്തെ പൂര്‍ണമായും പൊതുമേഖലയിലായിരുന്നു. കോള്‍ ഇന്ത്യയാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍ വെള്ളം ചേര്‍ക്കാന്‍ പലപ്പോഴും ശ്രമം നടന്നിരുന്നു. പക്ഷേ, അതിന് നിലവിലുള്ള നിയമം അനുവദിച്ചിരുന്നില്ല. പല മേഖലകളും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുന്നതിനായി നിയമഭേദഗതികള്‍ ആവശ്യമായിരുന്നില്ല. പലതിനും ചട്ടങ്ങള്‍ മാത്രം ഭേദഗതി ചെയ്താല്‍ മതിയായിരുന്നു. അത് എക്സിക്യൂട്ടീവിനു നിര്‍വഹിക്കാന്‍ കഴിയുമായിരുന്നു. പാര്‍ലമെന്റിന് അത് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍, പ്രായോഗികമായി അതിനു പല കടമ്പകളുമുണ്ടായിരുന്നു. ചട്ടങ്ങള്‍ പോലും ഭേദഗതി ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവ് മാത്രം ഇറക്കി വിദേശ മൂലധനം പോലും അനുവദിക്കാന്‍ കഴിയുന്ന രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍, ബാങ്കിങ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയിടങ്ങളില്‍ വിദേശമൂലധ നം അനുവദിക്കുന്നതിനായി നിയമം തന്നെ ഭേദഗതി ചെയ്യേണ്ടതുണ്ടായിരുന്നു. അതാണ് സര്‍ക്കാര്‍ ആഗ്രഹിച്ച വേഗത്തില്‍ അത് നടക്കാതെ പോയത്.

കല്‍ക്കരി ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിച്ചത് നിയമഭേദഗതി വഴിയായിരുന്നു. എന്നാല്‍, വൈദ്യുതി ഉല്‍പ്പാദനത്തിനായാണ് ഈ ഇളവ് അനുവദിച്ചത്. പക്ഷേ, ഖനനാനുമതി നല്‍കിയ രീതി സര്‍ക്കാരിനു വന്‍നഷ്ടമുണ്ടാക്കി എന്ന് സിഎജി കണ്ടെത്തിയത് നേരത്തെ വിവാദമായിരുന്നു. ഇപ്പോള്‍ സിബിഐ അന്വേഷണം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചു. സുപ്രീംകോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി കോടതിയുടെ രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തി. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അന്വേഷണ ഏജന്‍സി സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നവര്‍ തന്നെ പരിശോധിച്ച് തിരുത്തി ഉന്നത നീതിപീഠത്തില്‍ സമര്‍പ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. പാര്‍ലമെന്റിലും പൊതുസമൂഹത്തിലും പ്രതിരോധിക്കാന്‍ കഴിയാത്തവിധം അപഹാസ്യമായി സര്‍ക്കാര്‍. ജെപിസിയാണ് അടുത്ത തലവേദന. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി പാര്‍ലമെന്റിന്റെ ഒരു സെഷന്‍ പൂര്‍ണമായും സ്തംഭിപ്പിച്ചതിനെ തുടര്‍ന്നാണ് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചത്. അതിന്റെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയെയാണ് നാമനിര്‍ദേശം ചെയ്തത്. എങ്ങനെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

പാര്‍ലമെന്ററി കമ്മിറ്റികളുടെ ചരിത്രത്തിലാദ്യമായി ഭൂരിപക്ഷം അംഗ ങ്ങളും ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണ്. സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ വെച്ച് തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചോര്‍ന്നത് പുതിയ വിവാദത്തിനു തിരികൊളുത്തി. ഈ റിപ്പോര്‍ട്ട് മുന്‍മന്ത്രി എ രാജ യെ മാത്രം കുറ്റപ്പെടുത്തുന്നതാണ്. എന്നാല്‍, തന്റെ ഭാഗം കേള്‍ക്കണമെന്ന് പാര്‍ലമെന്റ് അംഗം കൂടിയായിരുന്ന രാജ ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ കമ്മിറ്റി ചെയര്‍മാന്‍ തയ്യാറായില്ല. എന്താണ് ചാക്കോയെയും കോണ്‍ഗ്രസിനെയും ഭയപ്പെടുത്തുന്നത്. പ്രധാനപ്രതി കമ്മിറ്റിക്ക് മുമ്പാകെ ഹാജാരായി തെളിവ് കൊടുത്താല്‍ അത് കൂട്ടുപ്രതികളെയും ഗൂഢാലോചന യെയും പുറത്തുകൊണ്ടുവരുമെന്ന ഭയമാണ് കോണ്‍ഗ്രസിനെയും ചാക്കോയെയും വേട്ടയാടുന്നത്. എന്നാല്‍, അതുവഴി പാര്‍ലമെന്ററി സംവിധാനത്തെ തന്നെയാണ് ദുര്‍ബലപ്പെടുത്തിയത്. വിദേശനയവും ഈ സര്‍ക്കാരിനെ പ്രതിക്കുട്ടിലാക്കി. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു പാളിച്ച പറ്റിയെന്നത് കഴിഞ്ഞ സമ്മേളനം അലങ്കോലമാക്കിയ പ്രശ്നം. സരബ്ജിത് സിങ് പാകിസ്ഥാന്‍ ജയിലില്‍ കൊലചെയ്യപ്പെട്ടത് അടുത്ത പ്രശ്നമായി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിലും രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിലും പാളിച്ചകളുണ്ടായെന്ന ആക്ഷേപവും ശക്തം. താല്‍ക്കാലിമായി കടമ്പകള്‍ കടക്കുന്നതിനായി എസ്പിയെയും ബിഎസ്പിയെയും പലതരത്തില്‍ വിലയ്ക്കെടുത്ത് കോണ്‍ഗ്രസ് ഇത്തവണ അതിനും പറ്റാത്ത പരുവത്തിലായി. ഡിഎംകെ കൂടി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

എങ്ങനെയും അധികാരത്തില്‍ തുടരുന്നതിനായി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. എന്നാല്‍, എപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതാണ് ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ടു സമ്മേളനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നതാണ് രാഷ്ട്രീയ സാഹചര്യം. അങ്ങേയറ്റം ജീര്‍ണമായ അവസ്ഥയില്‍ വലതുപക്ഷ രാഷ്ട്രീയം എത്തിയിരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ നയങ്ങള്‍ പിന്തുടരുന്നു. എന്താണ് ബദല്‍ എന്ന് തൊട്ടടുത്ത സീറ്റിലിരിക്കുന്ന മംഗല്‍റാം എപ്പോഴും ചോദിക്കുന്നു. ഒറീസയിലെ മുന്‍മന്ത്രി കൂടിയാണ് മംഗല്‍റാം. ഇതേ ചോദ്യം തന്നെ ഒറീസയില്‍നിന്നു തന്നെയുള്ള സ്വാമിയും ചോദിക്കുന്നു. ആദിവാസികള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുന്ന സ്വാമിയെ ബിജെഡിയാണ് പിന്തുണച്ചത്. ഇതേ ചോദ്യം തന്നെയാണ് രാജ്യത്തിന്റെ പല കോണുകളില്‍നിന്നും ഉയരുന്നത്. ഇതിനുള്ള ഉത്തരമാണ് രാജ്യം അന്വേഷിക്കുന്നത്.

*
പി രാജീവ്

No comments: