Sunday, May 12, 2013

പ്രതിച്ഛായാനിര്‍മാണത്തിന്റെ വഴി

ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാകുംഭകോണങ്ങളുടെ പരമ്പര നടന്ന ഘട്ടത്തില്‍ അതു നടത്തിയ സര്‍ക്കാരിനെ നയിച്ച മുഖ്യ രാഷ്ട്രീയകക്ഷിയുടെ അധ്യക്ഷയെത്തന്നെ വേണോ "അഴിമതി വിരുദ്ധ മാലാഖ"യായി ചിത്രീകരിക്കാന്‍?

റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, നിയമമന്ത്രി അശ്വനികുമാര്‍ എന്നിവര്‍ രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചതു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയാണെന്നു ചില മാധ്യമങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിന് ഒരു രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. രണ്ട് ഊഴം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍സിങ്ങിനെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. അവര്‍ ഇനി ഉയര്‍ത്തിക്കാട്ടാന്‍ പോകുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അപ്പോള്‍ സോണിയ ഗാന്ധിയെ മാലാഖാ പരിവേഷത്തിലവതരിപ്പിക്കണം. അതിനുള്ള കോപ്പുകൂട്ടലാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. അതിന്റെ പ്രാരംഭമാണ് രാജിയുടെ "ക്രെഡിറ്റ്" സോണിയക്കിരിക്കട്ടെ എന്ന മനോഭാവം.

കല്‍ക്കരിപ്പാട കുംഭകോണം സംബന്ധിച്ച അന്വേഷണ നില റിപ്പോര്‍ട്ട് സിബിഐയുടെ പക്കല്‍നിന്നുവാങ്ങി തിരുത്തിയ അശ്വനികുമാറും അനന്തരവന്‍ വഴി റെയില്‍വേയിലെ ഉന്നത നിയമനങ്ങള്‍ കോഴയുടെ അടിസ്ഥാനത്തിലാക്കിയ പവന്‍കുമാറും രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍, "രാജി ആവശ്യപ്പെടല്‍ പ്രതിപക്ഷത്തിന്റെ രോഗമാണ്" എന്നാണ് സോണിയയുടെ കോണ്‍ഗ്രസ് പ്രതികരിച്ചത്. അശ്വനികുമാറോ പവന്‍കുമാര്‍ ബന്‍സലോ രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയും വാര്‍ത്താ പ്രക്ഷേപണമന്ത്രി മനീഷ് തിവാരിയും എത്ര ഉറച്ച സ്വരത്തിലാണ് പറഞ്ഞത്! അഴിമതിക്കാരെ രക്ഷിക്കില്ല എന്നതായിരുന്നു നിലപാടെങ്കില്‍ "അഴിമതിവിരുദ്ധ മാലാഖ" അന്നേ അക്കാര്യം പ്രഖ്യാപിക്കുമായിരുന്നല്ലോ. അവരോടാലോചിക്കാതെയല്ലല്ലോ ഇത്രമേല്‍ പ്രധാനപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവും മറ്റും അഭിപ്രായപ്രകടനം നടത്തുന്നത്.

ഇതിനിടെ, കോണ്‍ഗ്രസ് നേതൃത്വത്തിലെ "കോര്‍ ഗ്രൂപ്പ്" യോഗം ചേര്‍ന്നു. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍തന്നെയായിരുന്നു മെയ് 4ന്റെ യോഗം. ആ യോഗത്തില്‍ സോണിയയുടെ അഭിപ്രായത്തിനു വിരുദ്ധമായി ഒരു തീരുമാനമുണ്ടാകുമെന്ന് സാമാന്യബുദ്ധിയുള്ള ആരും ധരിക്കില്ല. ആ യോഗത്തിന്റെ തീരുമാനം ഇരുമന്ത്രിമാരും രാജിവയ്ക്കേണ്ടതില്ല എന്നായിരുന്നു; ഇരുവരെയും സംരക്ഷിച്ചുനിര്‍ത്തണമെന്നുതന്നെയായിരുന്നു.

ആദ്യം കുറ്റം നിഷേധിക്കല്‍, പിന്നെ, കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടല്‍, തുടര്‍ന്ന് സമയം നീട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള വഴികളിലൂടെ നീങ്ങുകയായിരുന്നു സോണിയ ഗാന്ധിയും കോണ്‍ഗ്രസും. സുപ്രീം കോടതിയുടെ അതിനിശിതമായ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലായി ഇതിനിടെ അശ്വനികുമാര്‍. സ്വന്തം ശബ്ദത്തിലുള്ള ഫോണ്‍ ടേപ്പ് ചോര്‍ന്നതോടെ നിവൃത്തിയില്ലാത്ത നിലയിലായി പവന്‍കുമാര്‍ ബന്‍സല്‍. ഇത്തരമൊരു അവസ്ഥയില്‍ സംരക്ഷണം തുടര്‍ന്നാല്‍ സംരക്ഷിക്കുന്നവര്‍ക്കെതിരെ കോടതിവിമര്‍ശനം വരുമെന്ന അവസ്ഥയായി. അപ്പോള്‍മാത്രമാണ് ഇവരെ കൈയൊഴിഞ്ഞത്. അങ്ങനെയുണ്ടായ രാജികള്‍ക്കുള്ള "ക്രെഡിറ്റ്" സോണിയക്കു ചാര്‍ത്തിക്കൊടുക്കണോ?

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാത്ത പാര്‍ടിയാണ് തങ്ങളുടേത് എന്ന പ്രതീതി വരുത്തിയാലത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയൊരളവില്‍ പ്രയോജനപ്പെടും എന്നുകൂടി സോണിയ ഗാന്ധി കണക്കുകൂട്ടിയിരിക്കാം. കര്‍ണാടക ഫലം മറ്റൊന്നായിരുന്നെങ്കില്‍ അവരുടെ തീരുമാനം മറ്റൊരുവഴിക്കായേനേ; കോടതിയുടെ ഇടപെടല്‍ കൂടി ഉണ്ടാകാതിരുന്നെങ്കില്‍.

സോണിയ ഗാന്ധി പറഞ്ഞതുകൊണ്ടാണു രാജി എന്നു പറയുന്ന മാധ്യമങ്ങള്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസും യുപിഎയും പ്രവര്‍ത്തിക്കുമ്പോഴാണ് ഇന്ത്യയിലെ റെക്കോഡ് അഴിമതികള്‍ എല്ലാം നടന്നത് എന്ന കാര്യം മനഃപൂര്‍വം വിട്ടുകളയുന്നു. ലക്ഷക്കണക്കിനു കോടിയുടെ കുംഭകോണങ്ങള്‍ ഇവര്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അധ്യക്ഷപദവി ഏറ്റെടുക്കുംവരെ ഇന്ത്യക്ക് പരിചിതമേ ആയിരുന്നില്ല. 1,76,000 കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണം, 1,86,000 കോടിയുടെ കല്‍ക്കരിപ്പാടകുംഭകോണം അങ്ങനെ പലതും. 70,000 കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും മറ്റും ഇവരുടെ കാലത്തുതന്നെയെങ്കിലും ആദ്യം പറഞ്ഞ രണ്ടിന്റെയും മുന്നില്‍ സൂര്യനുമുമ്പിലെ മെഴുകുതിരികളെപ്പോലെ നിഷ്പ്രഭങ്ങളായിപ്പോകുന്നു.

കല്‍ക്കരിപ്പാട കുംഭകോണം നടന്ന ഘട്ടത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതലയുണ്ടായിരുന്നതു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനായിരുന്നല്ലോ. 2 ജി സ്പെക്ട്രം കുംഭകോണം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പി ചിദംബരവും ടെലികോം മന്ത്രി എ രാജയും കൂടിയാലോചിച്ച് കാര്യങ്ങള്‍ നീക്കിയാണുണ്ടാക്കിയതെന്നതു കോടതി മുമ്പാകെതന്നെ വെളിപ്പെട്ടിരുന്നല്ലോ. കല്‍ക്കരിപ്പാട കുംഭകോണം സംബന്ധിച്ച സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട് നിയമമന്ത്രി മാത്രമല്ല, പ്രധാനമന്ത്രിയുടെ കാര്യാലയം കൂടിയാണല്ലോ വാങ്ങിച്ചു വായിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്. എന്നിട്ടും "അഴിമതിവിരുദ്ധ മാലാഖ" മന്‍മോഹന്‍സിങ്ങിനോട് രാജിവയ്ക്കാന്‍ പറയുന്നില്ലല്ലോ. അങ്ങനെ പറഞ്ഞാല്‍ മന്‍മോഹന്‍സിങ് ചിലതു പറയും. അത് അവര്‍ക്കറിയാം. അതുകൊണ്ട് അക്കാര്യത്തില്‍ മൗനം!

2ജി സ്പെക്ട്രം സംബന്ധിച്ച സംയുക്തപാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് അതിന്റെ അധ്യക്ഷന്‍ ഏകപക്ഷീയമായി തയ്യാറാക്കി വിതരണംചെയ്തു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പൂര്‍ണമായും കുറ്റവിമുക്തരാക്കുന്നതും എല്ലാ കുറ്റങ്ങളും എ രാജയ്ക്കുമേല്‍ ചാര്‍ത്തുന്നതുമായ ആ റിപ്പോര്‍ട്ട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ക്കു കിട്ടുന്നതിനുമുമ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സോണിയ ഗാന്ധിക്ക് ഇതേക്കുറിച്ച് ഒരഭിപ്രായവുമുണ്ടായില്ലല്ലോ.

2ജി സ്പെക്ട്രം കാര്യത്തിലും കല്‍ക്കരിപ്പാട കുംഭകോണകാര്യത്തിലും അന്വേഷണ ആവശ്യം നിരസിക്കാന്‍ എന്തു വ്യഗ്രതയായിരുന്നു കോണ്‍ഗ്രസിന്! സഭ നിരവധിതവണ സ്തംഭിക്കുംവിധം അന്വേഷണനീക്കങ്ങളെ തടയാന്‍ എന്തിനു വ്യഗ്രതകാട്ടി? ആ വ്യഗ്രതയ്ക്കു പാര്‍ലമെന്റില്‍ എന്തിന് ഈ "അഴിമതിവിരുദ്ധ മാലാഖ" തന്നെ നേതൃത്വം നല്‍കി?

സ്പെക്ട്രം കുംഭകോണവും കല്‍ക്കരിപ്പാട കുംഭകോണവും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ആ ഭരണഘടനാ സ്ഥാനത്തെ നിരന്തരം അധിക്ഷേപിക്കുന്ന രീതിയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. സോണിയ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസ് തന്നെയാണല്ലോ അതു ചെയ്തത്! സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണങ്ങള്‍ക്കുമുമ്പില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി ചെല്ലേണ്ടതില്ല എന്നു നിഷ്കര്‍ഷിച്ചത് സോണിയ അധ്യക്ഷയായ കോണ്‍ഗ്രസ് യോഗമായിരുന്നല്ലോ. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനായിരുന്നു ആ വിമുഖത?

2ജി സ്പെക്ട്രം കേസില്‍ എ രാജയെ പ്രോസിക്യൂട്ടുചെയ്യാന്‍ അനുമതി തേടിയ സുബ്രഹ്മണ്യസ്വാമിക്ക് പ്രധാനമന്ത്രി മറുപടി കൊടുക്കാന്‍ ഒന്നരവര്‍ഷമെടുത്തതിനെ "ആശങ്കാജനകം" എന്നു സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. മന്ത്രിമാരെ വയ്ക്കുന്നത് കോര്‍പറേറ്റ് വമ്പന്മാരുടെ നിര്‍ദേശപ്രകാരമാണെന്നു തെളിയിച്ച നീരാ റാഡിയാ ടേപ്പ് സംഭവത്തെക്കുറിച്ച് ഫലപ്രദമായ ഒരു അന്വേഷണവും നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. 2007 ഒക്ടോബര്‍ 10 വരെ സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നു പരസ്യപ്പെടുത്തിയിട്ട് സെപ്തംബര്‍ 25നുതന്നെ അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിയതു പ്രധാനമന്ത്രിയുടെ ഓഫീസിലൂടെ ആ ഫയല്‍ കടന്നുപോയശേഷമാണ്. ഏഴുവര്‍ഷം മുമ്പത്തെ നിരക്കില്‍മാത്രം 2ജി സ്പെക്ട്രം ലൈസന്‍സ് വില്‍ക്കാന്‍ എ രാജ നിശ്ചയിച്ചത് ശ്രദ്ധിച്ചിട്ടും മന്‍മോഹന്‍സിങ്ങിന് അതില്‍ അനൗചിത്യം തോന്നാതിരുന്നു. കടലാസു കമ്പനികള്‍ ലൈസന്‍സ് വിദേശകമ്പനികള്‍ക്കു വില്‍ക്കുന്നതു കണ്ടിട്ടും പ്രധാനമന്ത്രി ഇടപെട്ടിരുന്നില്ല. കുംഭകോണം പുറത്തുവന്നശേഷവും പ്രധാനമന്ത്രിക്കു നടപടി എടുക്കണമെന്നു തോന്നിയില്ല. ടെലികോം രംഗത്തു പ്രവര്‍ത്തനപരിചയമുള്ള കമ്പനികള്‍ ആകെ ഒഴിവാക്കപ്പെട്ടത് ബിഎസ്എന്‍എല്‍തന്നെ അറിയിച്ചിട്ടും പ്രധാനമന്ത്രി അനങ്ങിയില്ല.

ഈ നിലയിലൊക്കെ നിഷ്ക്രിയമൂര്‍ത്തിയായി മന്‍മോഹന്‍സിങ് ഇരുന്നതെന്തുകൊണ്ട്? അതിശക്തരായ മറ്റാരൊക്കെയോ കൂടി ഇതിന്റെയൊക്കെ പിന്നില്‍ ഉണ്ട് എന്നുവേണം കരുതാന്‍. ആ മറ്റുള്ളവര്‍ ആരൊക്കെ? ആ മറ്റുള്ളവരില്‍ കോണ്‍ഗ്രസിന്റെ അത്യുന്നതസ്ഥാനത്തുള്ളവര്‍ ഉണ്ടാകാതെ വയ്യ. കാരണം അവരുടെ നോമിനികള്‍ മാത്രമായിരുന്നല്ലോ ഭരണാധികാരികള്‍. നീരാ റാഡിയാ ടേപ്പ് അത്തരം സൂചനകള്‍ ധാരാളം തന്നിരുന്നു.

അതെല്ലാം മറച്ചുപിടിച്ച്, അഴിമതി ചില മന്ത്രിമാര്‍ നടത്തുന്നതാണെന്നും അവര്‍ക്കുമാത്രമാണ് അതില്‍ ഉത്തരവാദിത്തമെന്നും അത്തരം അഴിമതിക്കാരെ പുറത്താക്കുന്ന "മാലാഖ"യാണ് സോണിയ ഗാന്ധി എന്നും വരുത്തിത്തീര്‍ക്കുന്നതിനുള്ള പ്രഹസനങ്ങളാണ് രാഹുല്‍ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. ഈ അഴിമതികളൊന്നും കോണ്‍ഗ്രസ് കണ്ടെത്തി നടപടി നീക്കിയവ അല്ല. മാധ്യമങ്ങളിലൂടെയോ സിഎജി റിപ്പോര്‍ട്ടിലൂടെയോ പുറത്തുവന്നതാണ് അവ. പുറത്തുവന്ന ഘട്ടങ്ങളിലെല്ലാം അന്വേഷണം ഒഴിവാക്കി കുറ്റവാളികളെ രക്ഷപ്പെടുത്താനേ "അഴിമതിവിരുദ്ധ മാലാഖ" ശ്രമിച്ചിട്ടുള്ളൂ. ഇതറിയാത്തവരല്ല ജനങ്ങള്‍. പ്രതിച്ഛായാനിര്‍മാണത്തിന്റെ ഈ മാധ്യമവഴി അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. ട്രയിന്‍ മറിഞ്ഞപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പോലുള്ളവര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിലാണ് അഴിമതി കൈയോടെ പിടിക്കപ്പെട്ടാലും രാജിവയ്ക്കാന്‍ മടിക്കുന്ന മന്ത്രിമാരും അവരെ പരിരക്ഷിക്കുന്ന സോണിയ ഗാന്ധിയും ഇന്നുള്ളത്. മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന കിരീടങ്ങള്‍ക്കു മെച്ചപ്പെടുത്താന്‍ കഴിയുന്നതല്ല അവരുടെ പ്രതിച്ഛായ.

*
പ്രഭാവര്‍മ ദേശാഭിമാനി 13 മേയ് 2013

No comments: