Friday, May 10, 2013

കിങ്ഫിഷറിന്റെ തകര്‍ച്ച, നഷ്ടം പൊതുമേഖലാ ബാങ്കുകള്‍ക്ക്

""നല്ല കാലത്തിന്റെ തമ്പുരാന്‍"" എന്നാണ് വിജയ് മല്യ സ്വയം വിശേഷിപ്പിച്ചിരുന്നത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഓരോ യാത്രയും തുടങ്ങുക മല്യയുടെ വീഡിയോ സ്വാഗതത്തോടെയായിരുന്നു. ""ഇവരോരുത്തരെയും (എയര്‍ഹോസ്റ്റസുമാര്‍) ഞാന്‍ നേരിട്ടു തിരഞ്ഞെടുത്തിട്ടുളളതാണ്. എന്റെ വീട്ടിലെ അതിഥികളോടെന്നവണ്ണം നിങ്ങളോടു പെരുമാറണമെന്ന് ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്"". ചാര്‍ജ് സ്വല്‍പം കൂടുതലാണെങ്കിലെന്താ, അന്തര്‍ദേശീയ വിമാനയാത്രയുടെ സുഖസൗകര്യങ്ങള്‍ നാട്ടിലെ യാത്രയിലും കിങ് ഫിഷര്‍ ലഭ്യമാക്കി. നല്ല ഭക്ഷണം, ഓരോ സീറ്റിനും വീഡിയോ സ്ക്രീന്‍, സുഖകരമായ കസേര, കൗണ്ടറില്‍ എത്തുന്നതു മുതല്‍ സുഖാന്വേഷണങ്ങളുമായി എത്തുന്ന എയര്‍ഹോസ്റ്റസുമാര്‍. ""കിങ് ഫിഷര്‍ വേറിട്ടൊരു അനുഭവം"" എന്നായിരുന്നു പരസ്യം. നല്ല കാലം ഇത്ര പെട്ടെന്നു പോയ്മറയും എന്നാരും കരുതിയിരുന്നില്ല. ഇന്ത്യയിലെ അഞ്ചിലൊന്ന് വിമാനയാത്രക്കാരെ ആകര്‍ഷിച്ചിരുന്ന കമ്പനി ഇന്ന് പാപ്പരാണ്.

ബ്രിട്ടീഷ് സേനയുടെ മദ്യ കോണ്‍ട്രാക്ടറായാണ് വിറ്റല്‍ മല്യ രംഗപ്രവേശം ചെയ്തത്. 1983-ല്‍ തന്റെ 23-ാം വയസില്‍ വിജയ് മല്യ യുണൈറ്റഡ് ബ്രൂവറീസിന്റെ സാരഥ്യം ഏറ്റെടുത്തു. ഇന്ത്യയിലെ മറ്റ് മദ്യക്കമ്പനികള്‍ ഒന്നൊന്നായി ഏറ്റെടുത്ത വിജയ് ഇന്ത്യയിലെ മദ്യരാജാവായി. ബിസിനസ് വൈവിധ്യവത്കരിക്കാനും തുടങ്ങി. ബയോടെക്നോളജി, റിയല്‍ എസ്റ്റേറ്റ്, വിനോദവ്യവസായം, അവസാനം വ്യോമഗതാഗതവും. 1990കളില്‍ ആരംഭിച്ച ആഗോളവത്കരണത്തിന്റെ ഭാഗമായി വ്യോമയാന മേഖലയും സ്വകാര്യ കമ്പനികള്‍ക്കു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലാഭകരമോ കാര്യക്ഷമമോ അല്ലെന്നും അവയുടെ കുത്തക അവസാനിപ്പിച്ചു മത്സരം ഉറപ്പാക്കിയാലേ പ്രശ്നപരിഹാരമുണ്ടാകൂ എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

പൊതുമേഖലാ കമ്പനികള്‍ ലാഭം മാത്രം അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ആവശ്യം അനുസരിച്ച് ഒട്ടേറെ നഷ്ടറൂട്ടുകളില്‍ വിമാനം പറത്താന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ബന്ധിതമായിരുന്നു. പലപ്പോഴും രാഷ്ട്രീയ തീരുമാനം അനുസരിച്ച് ആവശ്യമില്ലാത്ത വിമാനങ്ങളും മറ്റും വാങ്ങാനും പൊതുമേഖലാ കമ്പനികള്‍ നിര്‍ബന്ധിതമായിരുന്നു. പൊതുമേഖലയെ പുനഃസംഘടിപ്പിച്ച് അവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നതിനു പകരം വ്യോമയാന മേഖല തന്നെ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനിച്ചത്. എല്ലാം കമ്പോളം തീരുമാനിക്കട്ടെ എന്നതായിരുന്നു ആദര്‍ശം. പക്ഷേ, കമ്പോള തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല എന്നതിനു സാക്ഷ്യമായി ഇന്ന് വ്യോമയാന മേഖല മാറിയിരിക്കുന്നു.

യുക്തിരഹിതമായ നിക്ഷേപം, അതിരുവിട്ട സീറ്റിംഗ് കപ്പാസിറ്റി, കഴുത്തറുപ്പന്‍ മത്സരം, നഷ്ടവും തകര്‍ച്ചയും... ഇതായിരുന്നു അനുഭവം. ഈസ്റ്റ് വെസ്റ്റ്, എന്‍ഇപിസി തുടങ്ങിയ ചെറുകിട കമ്പനികള്‍ മാത്രമല്ല മോഡി ലുഫ്റ്റ്, എയര്‍ ഡെക്കാണ്‍ പോലുളള ഇടത്തരം കമ്പനികളും അടച്ചു പൂട്ടേണ്ടി വന്നു. പക്ഷേ, ഓരോന്ന് അടച്ചു പൂട്ടുമ്പോഴും പുതിയതൊന്നു മുളച്ചുപൊന്തി. കിങ് ഫിഷര്‍ താരതമ്യേന വൈകി എത്തിയ കമ്പനിയായിരുന്നു. 2003ല്‍ ആരംഭിച്ച കമ്പനി 2005ലാണ് പറക്കാന്‍ തുടങ്ങിയത്. പുതുമയുളള ഒരു ബിസിനസ് മോഡലാണ് വിജയ് മല്യ ആവിഷ്കരിച്ചത്. സമ്പന്നരുടെ കമ്പോളമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. അതിനുതകുന്ന ആഡംബരലൈനാണ് സ്വീകരിച്ചത്. പ്രചാരണത്തിനും നൂതനരീതികള്‍ സ്വീകരിച്ചു. കിങ് ഫിഷര്‍ ബ്രാന്‍ഡില്‍ ഒരു ക്രിക്കറ്റ് ടീം, ഫോര്‍മുല വണ്‍ മത്സര കാര്‍ ടീം, താര പാര്‍ട്ടികള്‍, ലോക പ്രസിദ്ധ മോഡലുകളെ വെച്ചുളള കലണ്ടറുകളും പരസ്യങ്ങളും... പിന്നെ വിജയ് മല്യയുടെ തന്നെ കോടീശ്വര ജീവിതശൈലി. ഇന്ത്യന്‍ ചക്രവര്‍ത്തിനി എന്ന ആഡംബര നൗക, സ്പോര്‍ട്ട്സ് മത്സരങ്ങള്‍ കാണാന്‍ താരങ്ങളെയും കൊണ്ടുളള വിദേശ ട്രിപ്പുകള്‍, ഗോവയിലെ സ്വകാര്യ സുഖവാസ കേന്ദ്രം ഇങ്ങനെ നാനാതരം ധൂര്‍ത്തുകള്‍. എല്ലാം ബിസിനസിന്റെ ഭാഗമാണെന്നായിരുന്നു വെപ്പ്.

തുടക്കം മുതല്‍ കമ്പനി നഷ്ടത്തിലായിരുന്നു. ബിസിനസ് മോഡലില്‍ ഒരു തിരുത്ത് മല്യ വരുത്തി. ആഡംബര യാത്രക്കാര്‍ മാത്രം പോര. സാധാരണക്കാരെയും ആകര്‍ഷിക്കണം. ഇതിനായി എയര്‍ ഡെക്കാണ്‍ എന്ന ഏറ്റവും ചെലവു കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് കമ്പനി വിലയ്ക്കു വാങ്ങി. പക്ഷേ, നഷ്ടം കൂടുകയായിരുന്നു ഫലം. 2011ല്‍ സഞ്ചിത നഷ്ടം 7000 കോടി രൂപയായി. ഏതാണ്ട് അത്ര തന്നെ കടവും. 2500 കോടി രൂപ നികുതിയിനത്തില്‍ കുടിശികയായി. എണ്ണ കമ്പനികള്‍ക്കും ഭീമമായ തുക കുടിശികയുണ്ടായിരുന്നു. മറ്റു പല വിമാനക്കമ്പനികളും ഇത്രയുമല്ലെങ്കില്‍പ്പോലും കുഴപ്പത്തിലായിരുന്നു. വ്യോമയാന വ്യവസായത്തെ രക്ഷിക്കണമെന്ന മുറവിളിയായി.

പൊതുമേഖലയെ കാര്യക്ഷമമാക്കാന്‍ ഇറക്കിവിട്ട ശിങ്കങ്ങളുടെ സ്ഥിതി തികച്ചും പരിതാപകരമായിരുന്നു. വിമാന എണ്ണയുടെ മേലുളള വില്‍പന നികുതി കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. പിന്നെ കേന്ദ്രസര്‍ക്കാര്‍ കണ്ട ഉപായമായിരുന്നു എണ്ണ കടം കൊടുക്കുക. നികുതി കുടിശികയുടെ നേരെ കണ്ണടയ്ക്കുക. പിന്നെ വിമാന കമ്പനികളുടെ കടം റീസ്ട്രക്ചര്‍ ചെയ്യാനും തീരുമാനമായി. പൊതുമേഖലാ ബാങ്കുകളാണ് വിമാനകമ്പനികള്‍ക്കു വായ്പ നല്‍കിയിട്ടുളളത്. ഇതു കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിനു പകരം പലിശയും മറ്റും വെട്ടിച്ചുരുക്കി കടത്തിലൊരു ഭാഗം ഷെയറാക്കി മാറ്റി. ബാക്കി വരുന്നത് പുതിയ വായ്പയായി പ്രഖ്യാപിക്കുക. ഇത്തരത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ കടഭാരം വെട്ടിക്കുറച്ചതിനു ശേഷമുള്ള കിങ് ഫിഷറിന്റെ കടഭാരമാണ് നേരത്തെ പറഞ്ഞ 7000 കോടി രൂപ. നേരത്തെയുണ്ടായിരുന്ന കടത്തില്‍ നല്ലൊരു ഭാഗം എഴുതിത്തള്ളുകയോ ഓഹരിയാക്കി മാറ്റുകയോ ചെയ്തു. കിങ് ഫിഷറിന്റെ ഓഹരികളുടെ 23 ശതമാനം അങ്ങനെ പൊതുമേഖലാ ബാങ്കുകളുടേതായിത്തീര്‍ന്നു. മാര്‍ക്കറ്റില്‍ 47 രൂപ വിലയുണ്ടായിരുന്ന കിങ് ഫിഷര്‍ ഓഹരികള്‍ 67 രൂപയ്ക്കാണ് പൊതുമേഖലാ ബാങ്കുകള്‍ വാങ്ങിയത്. കടത്തിന് പലിശ ലഭിക്കും. പക്ഷേ, ഓഹരിയ്ക്ക് ലാഭവിഹിതത്തിനേ അവകാശമുളളൂ. കിങ് ഫിഷറിനാണെങ്കില്‍ നഷ്ടം മാത്രമേയുളളൂ. ഇങ്ങനെ പൊതുമേഖലാ ബാങ്കുകളുടെ ചെലവില്‍ മുഖം മിനുക്കിയെങ്കിലും ഒരു വര്‍ഷം പോലും പിടിച്ചു നില്‍ക്കാന്‍ കമ്പനിയ്ക്കായില്ല. ആദ്യം അന്തര്‍ദേശീയ ഫ്ളൈറ്റുകളും പിന്നീട് ആഭ്യന്തര സര്‍വീസും കാന്‍സല്‍ ചെയ്തു. 64 വിമാനങ്ങളില്‍ ഭൂരിപക്ഷവും കട്ടപ്പുറത്തായി. ജീവനക്കാര്‍ സമരത്തിലായി. ഇന്‍കം ടാക്സുകാര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എണ്ണക്കമ്പനികള്‍ എണ്ണ നല്‍കാതെയായി. 2012 ഒക്ടോബറില്‍ ഔപചാരികമായി ഫ്ളൈയിംഗ് ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്തു. റൂട്ടുകള്‍ മറ്റു കമ്പനികള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടു. അവസാനം 2013 ഫെബ്രുവരിയില്‍ പൊതുമേഖലാ ബാങ്കുകള്‍ കടത്തിന് ഈടുനല്‍കിയ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ കിംഗ്ഫിഷര്‍ കമ്പനിയ്ക്കു തിരശീല വീണു. 7000 കോടി രൂപയുടെ കടത്തില്‍ 1500 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്. ബാക്കി മറ്റു 18 ബാങ്കുകളുടേതും. വാണിജ്യബാങ്കുകള്‍ ഒരു കമ്പനിയ്ക്ക,് അതും ദീര്‍ഘകാല വായ്പയായി നല്‍കുന്നത് ഒരു സമീപകാല പ്രതിഭാസമാണ്. ബാങ്കുകള്‍ സാധാരണക്കാരുടെ ചെറുസമ്പാദ്യങ്ങള്‍ ചുരുങ്ങിയ കാലത്തേയ്ക്ക് ഡെപ്പോസിറ്റായി സമാഹരിക്കുന്നതാണ്. ഇടപാടുകാര്‍ ഡെപ്പോസിറ്റുകള്‍ തിരിച്ചാവശ്യപ്പെട്ടാല്‍ ബാങ്കുകള്‍ അതു നല്‍കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് ഹ്രസ്വകാല ഡെപ്പോസിറ്റുകള്‍ ദീര്‍ഘകാല വായ്പകളായി നല്‍കുന്നത് അഭികാമ്യമല്ല. അതുകൊണ്ടാണ് ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നതിനായി എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങിയ വികസന ബാങ്കുകള്‍ ആരംഭിച്ചത്. എന്നാല്‍ പുത്തന്‍ പരിഷ്കാരങ്ങളുടെ ഭാഗമായി അവ സ്വകാര്യവത്കരിക്കപ്പെടുകയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്തു. അങ്ങനെയാണ് പശ്ചാത്തല സൗകര്യനിക്ഷേപങ്ങള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ഭീമമായ തുക വായ്പയായി നല്‍കുന്നതിനുളള നിയോഗം പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ ചുമലില്‍ വീണത്. റോഡ്, ഖനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വ്യോമഗതാഗതം, ടെലികോം, ഇലക്ട്രിസിറ്റി തുടങ്ങിയ മേഖലകള്‍ സ്വകാര്യകമ്പനികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ഈ കമ്പനികള്‍ക്ക് വാണിജ്യബാങ്കുകള്‍ വായ്പ നല്‍കുന്നു. 1998നും 2012നും ഇടയില്‍ വ്യവസായ മേഖല വായ്പകളില്‍ പശ്ചാത്തലമേഖലയുടെ വിഹിതം 2 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി ഉയര്‍ന്നു. പശ്ചാത്തലമേഖലയിലെ സ്വകാര്യ കമ്പനികള്‍ ഭൂരിപക്ഷവും പ്രതിസന്ധിയിലാണ്. സ്വാഭാവികമായി ബാങ്കു വായ്പകളും കുടിശികയിലാകും. അതിന് ഇന്ത്യാ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന പ്രതിവിധിയാണ് വായ്പാ റീ സ്ട്രക്ചറിംഗ്. കിട്ടാക്കടം വെട്ടിച്ചുരുക്കി പുതിയ കടമാക്കുക. റീസ്ട്രക്ചര്‍ ചെയ്ത വായ്പകളെ സാധാരണഗതിയില്‍ പുതിയ വായ്പകളായി കണക്കാക്കാറില്ല. എന്നാല്‍ ഈ നിയമവും മാറ്റിയിരിക്കുകയാണ്. കിട്ടാക്കടത്തെ റീസ്ട്രക്ചര്‍ ചെയ്യുന്നതോടെ അത് നിഷ്ക്രിയ ആസ്തിവിഭാഗത്തില്‍ നിന്ന് മാറ്റപ്പെടും. പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞു വരുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളളയാണ്. പൊതുമേഖലയുടെ ചെലവില്‍ അങ്ങനെ പുത്തന്‍കൂറ്റു പശ്ചാത്തല സൗകര്യവികസന കമ്പനികള്‍ പൊടിപൊടിക്കുകയാണ്.

കിങ്ഫിഷര്‍ പൊളിഞ്ഞെങ്കിലും വിജയ് മല്യയുടെ പ്രതാപത്തിനു കുറവില്ല. കിങ് ഫിഷര്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. വ്യക്തിപരമായ ബാധ്യത ഉടമസ്ഥര്‍ക്കില്ല. അവരുടെ ബാധ്യത ഓഹരിയില്‍ ഒതുങ്ങും. കമ്പനി പൊളിഞ്ഞതുകൊണ്ട് ബാധ്യത ചോദിച്ചു മല്യയുടെ വീട്ടില്‍പോകാന്‍ കഴിയില്ല. ബാധ്യതകള്‍ കമ്പനിയുടെ സ്വത്തിലും ഈടുനല്‍കിയിരിക്കുന്ന ആസ്തികളിലുമായി ക്ലിപ്തപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ തകര്‍ച്ച മല്യയുടെ മദ്യസാമ്രാജ്യത്തെയോ ജീവിതശൈലിയെയോ ബാധിക്കാന്‍ പോകുന്നില്ല. പിന്നെ ആര്‍ക്കു പോയി? ജീവനക്കാരുടെ ശമ്പളക്കുടിശികയും തൊഴിലും പോയി. പിന്നെ എണ്ണ കടമായി നല്‍കിയ എണ്ണക്കമ്പനികള്‍ക്ക്. സര്‍ക്കാരിന്റെ നികുതി വകുപ്പിന്. ഏറ്റവും വലിയ നഷ്ടം പൊതുമേഖലാ ബാങ്കുകള്‍ക്കു തന്നെയാണ്. കടം പുനഃസംഘടിപ്പിച്ചതിന്റെ ഫലമായി അവരുടെ കൈയില്‍ വന്നുചേര്‍ന്ന ഓഹരിയ്ക്ക് കടലാസിന്റെ വില പോലുമില്ല. 7000 കോടി രൂപയുടെ കടത്തിന്റെ ചെറിയൊരു ഭാഗം കേസു നടത്തി നേടാനായാല്‍ ഭാഗ്യം. നേട്ടം മല്യയ്ക്കും നഷ്ടം പൊതുമേഖലയ്ക്കും.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക 10 മേയ് 2013

No comments: