Tuesday, May 21, 2013

ബഹുദൂരം പിന്നിലേക്ക്

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍ നിര്‍ണായകമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരമേറ്റ് രണ്ടുവര്‍ഷംകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും വികേന്ദ്രീകൃത ആസൂത്രണം വഴിപാടാക്കാനും യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം തിരിച്ചെടുക്കാനും അവയ്ക്കുള്ള ധനസ്രോതസ്സുകള്‍ കുറയ്ക്കാനും ശ്രമിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുകളും എന്നും ചെയ്തിട്ടുള്ളത്.

1994ല്‍ ആണ് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരം നല്‍കി പഞ്ചായത്തിരാജ്, നഗരസഭാ നിയമങ്ങള്‍ ഉണ്ടായത്. എന്നാല്‍, ബജറ്റ് വിഹിതത്തിന്റെ 35 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി അവയെ പ്രവര്‍ത്തനക്ഷമമാക്കിയത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. കാര്‍ഷികമേഖലയടക്കമുള്ള ഉല്‍പ്പാദനമേഖലകളിലും പ്രാദേശിക വികസനത്തിന്റെ സമസ്തമേഖലകളിലും നേതൃപരമായ പങ്കുവഹിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. അടിസ്ഥാനസൗകര്യം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഒമ്പതാം പദ്ധതിക്കാലത്തുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് ലഭ്യമായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും പ്രാദേശിക ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ കണക്കിലെടുത്തും പ്രാദേശിക ആസൂത്രണത്തിന് ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കപ്പെട്ടു. 2001ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം ഇല്ലായ്മചെയ്യാനാണ് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങളില്‍ ചിലതെങ്കിലും തിരിച്ചുപിടിക്കാനും ശ്രമിച്ചു. സാമ്പത്തികവിഹിതം കുറവുചെയ്തു. ശക്തമായ ജനകീയ പ്രതിരോധംമൂലം അധികാരവികേന്ദ്രീകരണ പരീക്ഷണത്തിന് കൂടുതല്‍ അപകടംവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മാറ്റിയെടുക്കുകയായിരുന്നു 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. കര്‍മസമിതികള്‍, ഗ്രാമസഭ, സന്നദ്ധസാങ്കേതിക സംവിധാനം എന്നിവയെ പുനരുജ്ജീവിപ്പിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചു. പട്ടികവിഭാഗങ്ങളുടെ പദ്ധതിവിഹിതം ദുരുപയോഗം ചെയ്തതിന് പരിഹാരവകയിരുത്തല്‍ നടത്തി. ജനകീയാസൂത്രണത്തെതുടര്‍ന്നുണ്ടായ ഭരണസംവിധാനങ്ങളെയും ആസൂത്രണനിര്‍വഹണരീതികളെയും സ്ഥായീകരിക്കുക എന്നതായിരുന്നു ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും ചെയ്തത്. കുടുംബശ്രീ, കില, ശുചിത്വമിഷന്‍ തുടങ്ങിയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അവയെ തദ്ദേശസ്ഥാപനങ്ങളുടെ സഹായഹസ്തങ്ങളാക്കി മാറ്റുകയുമാണ് ചെയ്തത്. ഒരേ രംഗത്ത് സമാന്തരപ്രവര്‍ത്തനം നടത്തുന്ന സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയുംചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുതകുന്ന ഇത്തരം സംവിധാനങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ദുര്‍ബലമാക്കി.

പഞ്ചായത്തുതലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ത്രിതല പഞ്ചായത്തുകളും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്ന ഗ്രാമവികസനവകുപ്പും തമ്മില്‍ ഏകോപിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളെയെല്ലാം ഒരൊറ്റ വകുപ്പിനു കീഴിലാക്കിയും പ്രവര്‍ത്തിച്ചുവന്ന സംവിധാനത്തെ മൂന്നു മന്ത്രിമാരുടെ കീഴിലാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയത്. വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കുന്നതിനുണ്ടായിരുന്ന ഏകോപനസംവിധാനവും പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകോപനമില്ലായ്മ പദ്ധതിപ്രവര്‍ത്തനത്തിന്റെ താളംതെറ്റിച്ചു. വര്‍ഷാവസാനം 60 ശതമാനം ചെലവാക്കിയാലും തുക ലാപ്സാകില്ല എന്നുപറഞ്ഞ് തദ്ദേശസ്ഥാപനങ്ങളെ സമാശ്വസിപ്പിച്ചു. ഈ വര്‍ഷം എന്തൊക്കെ പദ്ധതികള്‍ എങ്ങനെ നടന്നുവെന്ന് അറിയാത്ത അവസ്ഥയായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി ഗ്രാമവികസനവകുപ്പുദ്യോഗസ്ഥരെ നടത്തിപ്പുകാരാക്കി. ജനകീയതലം പൂര്‍ണമായും നഷ്ടമായി. പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെട്ടതുമില്ല.

കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നടത്തിപ്പ് എന്‍ജിഒകളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ ഉജ്വല സമരമാണ് കുടുംബശ്രീ സംവിധാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. എന്നിട്ടും രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് നല്ലൊരു വിഹിതം ജനശ്രീക്ക് നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍വഴി നടത്തേണ്ട പദ്ധതിക്കാണ് സ്വന്തംപോക്കറ്റ് സംഘടനയെ ഉപയോഗിക്കുന്നത്. ദേശീയ ഉപജീവന്‍ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. അത് ഒഴിവാക്കാന്‍ ഗ്രാമവികസനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിശ്രമവും പരാജയപ്പെട്ടു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായിട്ടും തുടങ്ങാന്‍കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഉല്‍പ്പാദനമേഖലയില്‍ പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനം അനിവാര്യമാക്കുകയും അതുവഴി പ്രാദേശിക ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് പ്രദേശത്തിന്റെ സമഗ്രവികസനത്തിന്റെ നേതൃത്വം പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാക്കാന്‍ രണ്ടാംഘട്ട ജനകീയാസൂത്രണത്തില്‍ സാധിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയിലൂടെ പഞ്ചായത്തുകളുടെ ഉല്‍പ്പാദനമേഖലയിലെ ഇടപെടലിനുള്ള അവസരം ഇല്ലാതാക്കി. റോഡ്, കലുങ്ക്, പരിസര ശുചീകരണം എന്നീ പരമ്പരാഗത ചുമതലകള്‍ നിറവേറ്റാനുള്ള പഴഞ്ചന്‍ സംവിധാനത്തിന്റെ തലത്തിലേക്ക് പഞ്ചായത്തു സംവിധാനത്തെ തളര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് അധികാരവികേന്ദ്രീകരണം സംബന്ധിച്ച എല്ലാ ധാരണകള്‍ക്കും വിരുദ്ധമാണ്. പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളായി വളരുന്നതിന് സഹായകവുമല്ല.

ജില്ലാ ആസൂത്രണസമിതികള്‍ക്ക് സെക്രട്ടറിയറ്റ് ഉണ്ടാക്കുകയും അവയ്ക്ക് സ്വന്തം ആസ്ഥാനമന്ദിരങ്ങള്‍ നിര്‍മിക്കുകയുംചെയ്ത് ജില്ലാ ആസൂത്രണസമിതികളെ ശക്തമാക്കുകയും പ്രാദേശിക ആസൂത്രണത്തിന്റെ കേന്ദ്രസ്ഥാനം ഏറ്റെടുക്കാന്‍ അവയെ പ്രാപ്തമാക്കാനുമുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. ഡിപിസികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനുണ്ടായിരുന്ന സംവിധാനംപോലും വേണ്ടെന്നുവച്ചു. വാര്‍ഷികപദ്ധതികളുടെ അംഗീകാരം ഉദ്യോഗസ്ഥ സംവിധാനത്തെ ഏല്‍പ്പിച്ച് പ്രാദേശിക ആസൂത്രണം പൂര്‍ണമായും ഉദ്യോഗസ്ഥവല്‍ക്കരിച്ചു. ഇതോടൊപ്പം കര്‍മസമിതികള്‍ അപ്രസക്തമാവുകയും ഗ്രാമസഭകള്‍ നിര്‍ജീവമാകുകയുംകൂടി ചെയ്തപ്പോള്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം പൂര്‍ണമായും നഷ്ടപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് കില. അതിന്റെ ഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. പരിശീലനപരിപാടികള്‍ സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കപ്പെട്ടു.

കുടിവെള്ള വിതരണത്തിന് സ്വകാര്യ പങ്കാളിത്തമുള്ള കമ്പനി നിലവില്‍വന്നുകഴിഞ്ഞു. മാലിന്യസംസ്കരണവും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. ചുമതലകള്‍ ഒന്നൊന്നായി സ്വകാര്യകമ്പനികളെയും സര്‍ക്കാരിതര സംഘടനകളെയും ഏല്‍പ്പിച്ച് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി അധികാരവികേന്ദ്രീകരണരംഗത്ത് കേരളം നേടിയ നേട്ടങ്ങളെല്ലാം ഇല്ലായ്മചെയ്യാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. രണ്ടുവര്‍ഷംകൊണ്ട് അവര്‍ കുറെയൊക്കെ ചെയ്തുകഴിഞ്ഞു. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുനല്‍കി കേരളത്തെ ഭവനരഹിത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാക്കാന്‍ രൂപംകൊടുത്ത, ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. തദ്ദേശസ്ഥാപനങ്ങളും അവയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന സംവിധാനങ്ങളും ഒരൊറ്റ വകുപ്പിനു കീഴിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഈ പൊതുസര്‍വീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ചിട്ടയായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയ്ക്കനുസൃതമായിമാത്രം സ്ഥലംമാറ്റം നടത്തുകയുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്.

ഇന്നാകട്ടെ, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി കോഴിവാങ്ങി സ്ഥലംമാറ്റം നടക്കുന്ന അവസ്ഥ പതിവായി. പട്ടികവിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും ജനങ്ങള്‍ക്ക് അനിവാര്യമായ മേഖലകളില്‍ ഉപയോഗിക്കാത്തതിന്റെയുംകൂടി ഫലമാണ് ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവും ശിശുമരണവുമെല്ലാം. പഞ്ചായത്തുകള്‍ ഒന്നുംചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന അവസ്ഥ വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ഇന്നത്തെ സ്ഥിതി പ്രകടമാക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണലോബികള്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനിര്‍മാണചട്ടങ്ങള്‍ ഭേദഗതി ചെയ്തും വന്‍കിടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനികുതി ചട്ടങ്ങള്‍ ഭേദഗതിചെയ്തും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സമ്പന്നവര്‍ഗപക്ഷപാതിത്വം പ്രകടമാക്കുകയാണ്. ഒന്നരപതിറ്റാണ്ടുകൊണ്ട് അധികാരവികേന്ദ്രീകരണരംഗത്ത് നേടിയ നേട്ടങ്ങളില്‍ നല്ലപങ്കും രണ്ടുകൊല്ലംകൊണ്ട് അവര്‍ നശിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം.

*****

പാലോളി മുഹമ്മദ്കുട്ടി

No comments: