Friday, May 3, 2013

കലാവിഷ്കാരത്തിനായുള്ള ഇടങ്ങള്‍


ഭാഷാപ്രയോഗത്തിന് പ്രാമുഖ്യമുളള രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ നാടാണ് കേരളം. കലയുടെ ആവിഷ്ക്കാരം പോലും പ്രസംഗത്തിലൂടെ മാത്രമേ ഉണ്ടാവുന്നുളളൂ. വികാരങ്ങളെ, ആശയങ്ങളെ, അനുഭൂതികളെയൊക്കെ സാഹിത്യത്തിലൂടെ മാത്രമേ ആവിഷ്ക്കരിക്കാനാവൂ എന്ന് കേരളം എങ്ങനെയോ തെറ്റായി ധരിച്ചിരിക്കുന്നു. കലാ പാരമ്പര്യത്തിന്റെ കാര്യത്തില്‍ എത്രയോ സമ്പന്നമായ പൈതൃകം കേരളത്തിനുണ്ട്! കഥകളി, കൂത്ത്, കൂടിയാട്ടം, ചിത്രകല, ശില്പനിര്‍മാണം, ക്ലാസിക്കല്‍ സംഗീതം, തിയേറ്റര്‍ കലകള്‍ തുടങ്ങിയ മേഖലകള്‍ പുഷ്കലമായിരുന്ന ഒരു ഭൂതകാലമാണ് മലയാളത്തിന്റേത്. 

ഒരുവശത്ത് ഈ കലാരംഗങ്ങള്‍ അന്യംനിന്നു പോകുമ്പോള്‍, മറുവശത്ത് ജീവിതം യാന്ത്രികവും സംസ്കാരശൂന്യവും ആവുകയും ചെയ്യുന്നു. ജീവിതം പകരുന്ന അനുഭവങ്ങളില്‍നിന്ന് ഉറവെടുക്കുന്ന അനുഭൂതികളും വേദനയും ആശയങ്ങളുമൊക്കെ പകരാനും പുറംലോകവുമായി സംവദിക്കാനും നമുക്ക് കഴിയില്ലേ? ഇതിന്, ഭാഷയ്ക്കുമപ്പുറത്തുളള കലാപരമായ സാധ്യതകളിലേക്ക് അന്വേഷണം നടത്തുകയാണ് വളരെ കുറഞ്ഞ കാലംകൊണ്ട് കലാകേരളത്തെ കീഴടക്കിയ ബോസ് കൃഷ്ണമാചാരിയുടേയും റിയാസ് കോമുവിന്റെയും നേതൃത്വത്തില്‍ കലാ പ്രവര്‍ത്തകര്‍.

ഇത്തരമൊരു മാനം കൊച്ചി-മുസിരിസ് ബിനാലെയ്ക്കുണ്ടെന്ന ബോധ്യവുമായാണ് അതിന്റെ കൊ-ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരിയുമായി ഒരു സംവാദത്തിന് ഫോര്‍ട്ടുകൊച്ചിയിലെ കുന്നിന്‍പുറത്തുളള ബിനാലെ ഓഫീസില്‍ ചെന്നത്. ഔപചാരികമായി ബിനാലെ അവസാനിച്ചു എങ്കിലും അതുണ്ടാക്കിയ തരംഗമാലകള്‍ അവിടെ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബോസ് കൃഷ്ണമാചാരിയുമായി നടത്തിയ അഭിമുഖം:

? അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 8-ാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ താങ്കള്‍ രാഷ്ട്രീയ നയതന്ത്രവും (Political Diplomacy), സാംസ്കാരിക നയതന്ത്രവും (Cultural Diplomacy) സംബന്ധിച്ച് പറഞ്ഞിരുന്നുവല്ലോ? അതിന്റെ പ്രയോഗവത്ക്കരണം സംബന്ധിച്ച് വിശദീകരിക്കാമോ?

= ലോകത്ത് പല രാജ്യങ്ങളും ചര്‍ച്ചചെയ്യുന്ന ഒരു വിഷയമാണിത്. രാഷ്ട്രീയമായി പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ കലയിലൂടെ പരിഹാരം തേടാനുളള ശ്രമം. അതിലൂടെ രാജ്യങ്ങള്‍ തമ്മില്‍ സുഹൃദ്ബന്ധം വളര്‍ത്താനും സംസ്കാരത്തിന്റെ വിനിമയത്തിലൂടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും അകല്‍ച്ച ഇല്ലാതാക്കാനും കഴിയണം. ഇത് പണ്ട് നിലനിന്നിരുന്നതാണ്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ കള്‍ച്ചറല്‍ ഡിപ്ലോമസിയിലൂടെ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. പല രാജ്യങ്ങളും രാഷ്ട്രീയ നയതന്ത്രത്തിനും സാമ്പത്തിക ശാസ്ത്രപരമായ നയതന്ത്രത്തിനും ചെലവാക്കുന്ന പണത്തേക്കാള്‍ കൂടുതല്‍ തുക സാംസ്കാരിക നയതന്ത്രത്തിന് നീക്കിവയ്ക്കുന്നുണ്ട്.

സാമ്പത്തികമായി അതിവേഗവളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന BRICS (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടേതാണ് മറ്റൊരു കാര്യം. ഇവ തമ്മിലുളള ബന്ധം ശക്തിപ്പെടുത്താന്‍ കള്‍ച്ചറല്‍ ഡിപ്ലോമസിയിലൂടെ കഴിയുമെന്നാണെന്റെ അഭിപ്രായം. ഈ വിഷയം നേരിട്ടല്ലെങ്കിലും കൊളാറ്ററല്‍ (collateral) ആയി ബിനാലെയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയത്തില്‍ BRICS രാജ്യങ്ങളില്‍ നിന്ന് ബിനാലെയില്‍, സമാന്തരമായി 8 വീഡിയോ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബിനാലെയ്ക്ക് അത്തരമൊരു വിഷന്‍ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ അര്‍ഥമാക്കുന്നത്. ബിനാലെ ഒരു പദ്ധതി (Project) എന്നതിലുപരി, ഒരു വിഷന്‍ നിര്‍മിക്കയാണുണ്ടായത്. ബിനാലെയില്‍ കല മാത്രമല്ല ഉണ്ടായിരുന്നത്. സമൂഹത്തെ സംബന്ധിച്ച ഒട്ടേറെ വിഷയങ്ങള്‍, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയവ അതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

? രാഷ്ട്രീയ നയതന്ത്രം ഉന്നതമേഖലയിലെ ഉദ്യോഗസ്ഥ വൃന്ദവും മന്ത്രിമാരുമൊക്കെയടങ്ങുന്ന ഒരു സംഘമാണല്ലോ കൈകാര്യം ചെയ്യുന്നത്? എന്നാല്‍ കള്‍ച്ചറല്‍ ഡിപ്ലോമസി കലാകാരന്മാര്‍ തമ്മിലുളള ഇടപെടല്‍ മേഖലയാണെന്ന് അഭിപ്രായമുണ്ടോ?

= ഒരിക്കലുമില്ല. സാംസ്കാരിക നയതന്ത്രത്തെ രാഷ്ട്രീയ നയതന്ത്രത്തില്‍ ബില്‍റ്റ് ഇന്‍ ചെയ്യണം. രണ്ടും രണ്ടായി നിന്നുകൂടാ. എന്തു പ്രവൃത്തിയും കലാപരമായി ചെയ്യുകയെന്നു പറയുംപോലെ രാഷ്ട്രീയ നയതന്ത്രവും കലാപരമാവണം. രാഷ്ട്രീയ നേതൃത്വത്തിന് കള്‍ച്ചറല്‍ ഡിപ്ലോമസികൊണ്ടുളള ഗുണങ്ങളെ സംബന്ധിച്ച ധാരണയുണ്ടാവണം. അതിന്, കലാകാരന്മാര്‍ക്ക് ഒട്ടേറെ ചെയ്യാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.

? മുന്‍കാലങ്ങളില്‍ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുളള ഒരു സങ്കല്‍പ്പമാണല്ലോ വിശ്വമാനവന്‍ എന്നത്? രാജ്യാതിര്‍ത്തികളെ അതിലംഘിക്കുന്ന തരത്തിലുളള ഒരു വിശ്വസംസ്കാരം വളര്‍ത്തുകയെന്നത് ബിനാലെയുടെ ലക്ഷ്യമായിരുന്നുവോ?

= കേരളമെന്ന പേരിലുളള പ്രദേശത്തിന്റെ ചരിത്രം തുടങ്ങുമ്പോള്‍ത്തന്നെ ലോകത്തെ വിവിധ ദേശങ്ങളില്‍നിന്നുളളവര്‍ ഇവിടെ സമ്മേളിക്കുകയും വ്യാപാരം ചെയ്യുന്നതോടൊപ്പം പരസ്പരം സാംസ്കാരിക വിനിമയം നിര്‍വഹിക്കുകയും ചെയ്തിരുന്നു. 34 പുറംരാജ്യങ്ങളുമായി അന്ന് മുസിരിസിന് വ്യാപാര സാംസ്കാരിക ബന്ധം ഉണ്ടായിരുന്നു. അതിന്റെ ചെറിയൊരു പ്രതിഫലനമാണ് കൊച്ചി-മുസിരിസ് ബിനാലെയില്‍ ഉള്‍ക്കൊളളാന്‍ ശ്രമിച്ചത്. കലയെ സംരക്ഷിച്ചാല്‍ കല നമ്മളേയും സംരക്ഷിക്കും. ആ വിശ്വാസം നമ്മള്‍ വളര്‍ത്തിയെടുക്കണം. കര്‍മത്തിലൂടെ തെളിയിക്കുന്ന ഒന്നാവണമത്.

? കേരളത്തിലെ ചിത്രകലാസ്വാദനം ഇപ്പോള്‍ നിലനില്‍ക്കുന്നത് ഛായാചിത്രങ്ങളിലാണ്. അത് എത്ര അളവില്‍ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മേന്മ നിശ്ചയിക്കുന്ന ഘടകം. എന്നാല്‍ താത്വികമായ രാഷ്ട്രീയ (Ideological Politics) മാനങ്ങളുളള അത്തരമൊരു ചിന്തയുടെ പിന്‍ബലമുളള ആധുനിക ചിത്രകലയിലേക്ക് കേരളത്തിന്റെ ചിത്രകലാസ്വാദനം വളര്‍ന്നിട്ടുമില്ല. അടുത്ത തലമുറയ്ക്കെങ്കിലും ഈ കുറവു പരിഹരിക്കാന്‍ സ്കൂള്‍ തലത്തില്‍ തന്നെ അക്കാദമികമായി പഠിപ്പിക്കേണ്ടതില്ലേ? ബിനാലെയുടെ സംഘാടകര്‍ എന്ന നിലയ്ക്ക്, അത്തരമൊരു വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് ഭരണതലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിനായി ഇടപെടാന്‍ കഴിയില്ലേ.

= അത് ചിത്രകലയില്‍ മാത്രമായി ഒതുങ്ങരുത്. എല്ലാ കലാരൂപങ്ങള്‍ക്കും അതിന് അവസരമുണ്ടാവണം. ചിത്രകല, ശില്പ നിര്‍മാണം, ഫോട്ടോഗ്രാഫി, നാടക തിയേറ്ററുകള്‍, സിനിമ, സംഗീതം എന്നിങ്ങനെ നാനാതരത്തിലുളള കലാരൂപങ്ങളെ ഉള്‍പ്പെടുത്തണം.

പക്ഷേ, ഇത്, പുസ്തകങ്ങളിലൂടെ മാത്രം പോര. പ്രായോഗികമായി, പ്രവൃത്തിയിലൂടെ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം കൊടുക്കണം. എല്ലാ വിഷയങ്ങള്‍ക്കും Work-Shop/Practical ഉണ്ടാവണം. ഇത് വളരെ പ്രധാനമാണ്. Technology പഠിപ്പിക്കാന്‍ work-shop കള്‍ ഉളളതുപോലെ, സയന്‍സ് പഠിക്കുവാന്‍ ലബോറട്ടറികള്‍ ഉളളതുപോലെ, കലാരൂപങ്ങള്‍ പഠിപ്പിക്കുവാനും ശില്പശാലകളാണ് ആവശ്യം. വായിക്കുന്നത് മറന്നുപോയെന്നുവരാം. എന്നാല്‍ പ്രയോഗത്തിലൂടെ പഠിക്കുമ്പോള്‍ അവ അനുഭവമാവുമെന്നതിനാല്‍ മറക്കുന്ന അനുഭവം ഉണ്ടാവില്ല. എല്ലാത്തിനും ഒരു practical space കൊടുക്കുകയാണ് വേണ്ടത്.

? അത് മെത്തഡോളജി എങ്ങനെയെന്ന പ്രശ്നമല്ലേ

= അതെ, എല്ലാറ്റിനും ഇത്തരമൊരു സമീപനം ഉണ്ടാവണം. ചരിത്രം മാറണമെങ്കില്‍ അത് ആവശ്യമാണ്. എം എ ബേബിയുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചത്, കേരളത്തിന്റെ മുഖ്യ പ്രശ്നങ്ങളായ കുടിവെള്ളം, കൃഷിയുടെ ശോഷണം, പ്രകൃതി - പച്ചപ്പിന്റെ മരണം തുടങ്ങിയവ കലാകാരന്മാര്‍ പ്രതിപാദിക്കേണ്ടതല്ലേ എന്നാണ്. അത് തീര്‍ത്തും ശരിയാണ്. നാം നില്‍ക്കുന്ന സ്ഥലം നിലനിര്‍ത്തുക എല്ലാവരുടേയും ചുമതലയാണ്. എന്തുകൊണ്ട് അടുത്ത ബിനാലെ ഈ വിഷയത്തില്‍ ഊന്നിക്കൂടാ എന്നദ്ദേഹം ചോദിച്ചു. ഇക്കഴിഞ്ഞ ബിനാലെയില്‍ത്തന്നെ അത്തരമൊരു സമീപനം ഉണ്ടായിരുന്നു. കലയിലൂടെ സാമൂഹ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കണം. അമര്‍ കന്‍വറിന്റെ പ്രമേയം അതായിരുന്നു. സമൂഹത്തിന്റെ നിലനില്‍പ്പു സംബന്ധിച്ച അടിസ്ഥാന പ്രശ്നങ്ങളാണ് കന്‍വര്‍ പ്രതിപാദിച്ചത്.

ലിയനാര്‍ഡോ ഡാവിഞ്ചി ചിത്രകാരന്‍ മാത്രമല്ലായിരുന്നു. നല്ലൊരു ശാസ്ത്രജ്ഞനും കൂടിയാണ് അദ്ദേഹം. വിമാനത്തിന്റെ ഇന്‍വെന്‍ഷന്‍ ഡാവിഞ്ചിയില്‍നിന്നാണ് തുടങ്ങുന്നത്. എന്തു കലയും ചെയ്യുന്നത് നല്ല സ്പേസിനു വേണ്ടിയാണ്. കവിതകള്‍ ചൊല്ലുമ്പോഴാണ് അതിന് ഫലമുണ്ടാകുന്നത്. അല്ലെങ്കില്‍ അത് പുസ്തകങ്ങളില്‍ ഒതുങ്ങും. 1980 കളില്‍ ബാലചന്ദ്രന്‍ ചുളളിക്കാടും കടമ്മനിട്ടയും മറ്റും കവിതകള്‍ ഉറക്കെ ചൊല്ലാന്‍ തുടങ്ങിയിരുന്നു. അങ്ങനെ, അത് പിന്നീടൊരു സംസ്കാരമായി മാറി.

നാടകത്തിനു വേണ്ടി എഴുതിയിരുന്ന ഗാനങ്ങള്‍ രാഷ്ട്രീയവും, പ്രതിഷേധ ശബ്ദം ഉളളടങ്ങുന്നതുമായിരുന്നു. അവ സാമൂഹ്യ പ്രശ്നങ്ങളാണ് പ്രതിപാദിച്ചത്. വിപ്ലവ ഗാനങ്ങള്‍ സാമൂഹ്യമാറ്റത്തിനു തന്നെ ഇടയാക്കി. സാഹിത്യം മാത്രമല്ല, എല്ലാ തൊഴിലുകളും കലാപരമായി ചെയ്യുമ്പോള്‍ അത് കൂടുതല്‍ ഗുണകരമാകും. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ആര്‍ക്കിട്ടെക്റ്റുകള്‍ ഇവരൊക്കെ സൗന്ദര്യ ശാസ്ത്രപരമായി പ്രവൃത്തിച്ചിരുന്നെങ്കില്‍!

കലകൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ നൈമിഷികമാവില്ല. കൂടുതല്‍ സമയമെടുത്ത്, സാമൂഹ്യമായ മാറ്റങ്ങള്‍ക്കു വേണ്ടി കല ചെയ്യുമ്പോള്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യുകയും, സാമൂഹ്യമാറ്റം യഥാര്‍ഥ്യമാവുകയും ചെയ്യും.

ബിനാലെ കേവലം ചിത്രപ്രദര്‍ശനമായിരുന്നില്ല. അതൊരു സാമൂഹ്യമായ ഉത്തരവാദിത്തത്തിന്റെ നിറവേറ്റലാണ്. ബിനാലെയില്‍ ചെറുപ്പക്കാരനായ ടാഫ് ഹാസ്സം തന്റെ പ്രൊജക്ടിനായി ഉപയോഗിച്ചത് ലോകോത്തരങ്ങളായ കഴിഞ്ഞ 100 വര്‍ഷത്തെ സാമൂഹിക പ്രതിഷേധ കവിതകളാണ്. അതിന്റെ ഭാഗമായി കേരളത്തിലാദ്യമായി സുമംഗല ദാമോദരന്‍ (ഇഎം എസിന്റെ ചെറുമകള്‍) പ്രതിഷേധ ഗാനങ്ങള്‍ ചൊല്ലുകയുണ്ടായി.

? ഡാവിഞ്ചി, വാന്‍ഗോഗ് തുടങ്ങിയ മുന്‍കാലത്തെ ചിത്രകാരന്മാര്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

= അത് കലയിലെ ഒരു പ്രക്രിയ ആണ്. അവര്‍ക്കുശേഷം കലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് കാലത്തിന്റെ മാറ്റത്തിനനുസരിച്ചുണ്ടായതാണ്. ഞാന്‍ ആരെ ഇഷ്ടപ്പെടുന്നുവെന്നതല്ല പ്രശ്നം. ഇവരൊക്കെ എന്നെ inspire ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു കലാകാരി/കലാകാരന്‍ അവരെ പിന്തുടരുകയല്ല ചെയ്യുന്നത്. നമുക്ക് നമ്മുടെ കാലത്തിനു യോജിച്ച കലാശൈലി വളര്‍ത്തിയെടുക്കാന്‍ കഴിയണം. മഹാന്മാരായ ചിത്രകാരന്മാര്‍ക്ക് അവരുടേതായ ശൈലി ഉണ്ടായിരുന്നു. എന്നാല്‍ അത് ആരാധനയ്ക്കും ബിംബവല്‍ക്കരണത്തിനും അനുയായിവൃന്ദരൂപീകരണത്തിനും ഇടയാക്കരുത്. എന്റെ കാലത്തിനോട് ഞാന്‍ പ്രതികരിക്കണം. അതാണെന്റെ ഉത്തരവാദിത്തം. അതു ചെയ്യുമ്പോള്‍ തനതായ ശൈലി സ്വയം രൂപപ്പെടും.

? താങ്കള്‍ക്ക് സ്വന്തമായൊരു ചിത്രകലാ തത്വം ഉണ്ടോ. ഇന്നലെയെ പഠിച്ച്, ഇന്നിനെ അവതരിപ്പിച്ച്, നാളെ രൂപപ്പെടുത്തുന്ന ക്രാന്ത ദര്‍ശിത്വം പ്രതീക്ഷിക്കേണ്ടതില്ലേ.

= തീര്‍ച്ചയായും. പക്ഷേ, മാറ്റങ്ങള്‍ നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു. കല എന്റെ ദര്‍ശനത്തിന്റെ (vision) ഭാഗമാണ്. പെയിന്റിങ്ങിലും ശില്പകലയിലും (Sculpting) എനിക്കു വിശ്വാസമുണ്ട്. അതാണ് എന്നെ ബിനാലെയിലേക്ക് നയിച്ചത്. ഉദാഹരണത്തിന്, ഒരു റിയലിസ്റ്റിക്ക് ചിത്രത്തിനടുത്ത് ഞാനൊരു അമൂര്‍ത്ത (Abstract) ചിത്രം വയ്ക്കുന്നു. അവ രണ്ടും പരസ്പരം കോണ്‍ഫ്ളിക്റ്റ് ചെയ്യുന്നതാണ്! അതില്‍നിന്ന് പുതിയ ആശയത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു.

Work നേക്കാള്‍ കൂടുതലായി (ഒരു ചിത്രം അല്ലെങ്കില്‍ ശില്പം എന്ന അര്‍ഥത്തില്‍) അതിനായി നാം ചെയ്യുന്ന അധ്വാനമാണ് പ്രധാനം. ആ അധ്വാനത്തിന് ഒരു സാമൂഹിക പരിപ്രേക്ഷ്യമുണ്ട് (Social Relevance).അതാണ് എന്റെ ഫിലോസഫി. എന്റെ ചിന്തകള്‍ ഉള്‍പ്പെടുത്തി ചെയ്ത പ്രൊജക്ടാണ് ലാവാ. അതെന്റെ അനുഭവങ്ങളില്‍നിന്നും ഊര്‍ജം എടുത്തിരുന്നു. Laboratary of Visual Art LAVA. സമകാലീന ചിത്രകല, ശില്പകല, വാസ്തു, നവമാധ്യമങ്ങള്‍ (New Media), ഫോട്ടോഗ്രാഫി, ഫാഷന്‍ തുടങ്ങിയവയെക്കുറിച്ചുളള അയ്യായിരത്തോളം പുസ്തകങ്ങളും, ആയിരത്തിഅഞ്ഞൂറോളം DVD കളും ഉളള താല്‍ക്കാലിക ലൈബ്രറിയുടെ യാത്രാ പ്രദര്‍ശനമായിരുന്നു LAVA. സമകാലിക കലയെക്കുറിച്ച് വായിക്കുവാനും കാണുവാനും പരീക്ഷിക്കുവാനും അറിയുവാനുമുളള ഒരു Space ഒരുക്കുകയാണിതുകൊണ്ടുദ്ദേശിച്ചത്.

ഫിലോസഫിയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം വിമര്‍ശനമാണ് (Criticizing). സ്ഥാപനങ്ങളെ വിമര്‍ശിക്കണം. അതിലൂടെ കലയ്ക്ക് മറ്റൊരു തലം കണ്ടെത്താന്‍ കഴിയും. മ്യൂസിയങ്ങള്‍, കലാസ്ഥാപനങ്ങള്‍, അക്കാദമികള്‍ ഇതൊക്കെ ഇന്ന് സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. സ്ഥാപനവല്‍ക്കരണം കലയുടെ വളര്‍ച്ചയെ തടയുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഞാനതിനെ വിമര്‍ശിക്കുന്നത്. അതുപോലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിമര്‍ശിക്കണം. ഈ സ്ഥാപനങ്ങളെ ചലനാത്മകമാക്കുകയാണ് വിമര്‍ശനം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും സ്വയം വിമര്‍ശനാത്മകമായി പ്രവര്‍ത്തിക്കണം. അത് കാലത്തിനൊത്ത് മാറാനുളള ത്വര സൃഷ്ടിക്കുന്നു.

? എല്ലാ പദ്ധതികളും മാനേജ്മെന്റ് സയന്‍സിന്റെ വീക്ഷണത്തില്‍ കാണുന്ന പതിവ് കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. ഈയൊരു സമീപനം ബിനാലെയുടെ വിജയത്തിനായി ഉപയോഗിച്ചിട്ടുണ്ടോ


=വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. നമുക്ക് അക്കാദമികള്‍ നിലവിലുണ്ട്. അവയുടെ ഘടന അടിമുടി പൊളിച്ചെഴുതുകയാണ് ആവശ്യമായിട്ടുളളത്. അതിനു മുമ്പായി, എന്താണ് ഇപ്പോഴത്തെ ഘടനയെന്ന് നാം ശരിയായി പഠിച്ചെടുക്കണം. ഓരോ അക്കാദമിയിലും അതതു മേഖലയിലെ വിദഗ്ധന്മാരെ നിയമിക്കണം. അങ്ങനെ വരുന്നവര്‍ കലാകാരന്മാര്‍ തന്നെയാവണമെന്ന് നിര്‍ബന്ധിക്കേണ്ടതില്ല. മാനേജ്മെന്റ് സയന്‍സിനെ കലാപരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശേഷി ഉളളവരായിരിക്കണം അവര്‍. സംഗീത നാടക അക്കാദമിയായാലും ലളിതകലാ അക്കാദമിയായാലും അതതു മേഖലകളിലെ വിദഗ്ധന്മാര്‍ വേണം സ്ഥാപനം ഭരിക്കാന്‍ ഉണ്ടാവേണ്ടത്. മാത്രമല്ല, എല്ലാ അക്കാദമികളേയും ഏകോപിപ്പിക്കുകയും വേണം. ഓരോ വിഷയത്തിനും വ്യത്യസ്ത അക്കാദമികള്‍ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. മറിച്ച് ഒരു സാംസ്കാരിക കേന്ദ്രമാകാം!

ലളിതകലാ അക്കാദമിയുടെ പേരുതന്നെ മാറ്റണം. ഇപ്പോള്‍ ലളിതകലയുടെ കാലം മാറി, എല്ലാം സങ്കീര്‍ണമാണ്. ഇത് തിരിച്ചറിയുന്നവരാവണം സ്ഥാപനം ഭരിക്കേണ്ടത്. ഇനി, അതിന് വേണ്ടിവന്നാല്‍ വിദഗ്ധരെ outsource ചെയ്യുന്നത് ഉത്തമമായിരിക്കും. എന്റെ അടുത്ത പ്രൊജക്ട് വിമര്‍ശനത്തിന് (critiquing) മുന്‍തൂക്കംനല്‍കുന്ന ഒന്നാണ്. അവിടെ, എല്ലാ സ്ഥാപനങ്ങളും വിമര്‍ശിക്കപ്പെടും. മ്യൂസിയങ്ങള്‍, അക്കാദമികള്‍ ഇവയൊക്കെ വിമര്‍ശിക്കപ്പെടണം. ഇതാണെന്റെ ആഗ്രഹം. അതിനായി അന്വേഷണം നടത്തുകയാണെന്റെ ലക്ഷ്യം. അതില്‍ എല്ലാ കലാകാരന്മാരും ഉണ്ടാവണം. കല ചെയ്യുന്നവര്‍ മാത്രമല്ല കലാകാരന്മാര്‍. അത് ആസ്വദിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യുന്നവരും കലാകാരന്മാരോ കലാകാരികളോ ആണ്. കല അക്കാദമികമായി പഠിക്കാത്തവര്‍ക്കും കലാ സംസ്കാരം വളര്‍ത്തണം. ഉദാഹരണമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി നടക്കുന്ന ഡല്‍ഹി ആര്‍ട്ട് ഫെയറിന്റെ വിജയത്തിനു കാരണം ഒരു MBA ക്കാരിയായ നേഹ കൃപാല്‍ മാത്രമാണ്. അവരുടെ കലയോടുളള അഭിനിവേശവും, ഉത്തരവാദിത്തവും കലാമേഖലയില്‍ ഇടപെടാനുളള ത്വരയും ആണ് ഈ വിജയത്തിനു കാരണം. അതുപോലെതന്നെ ഖോജ് (KHOJ) ഇന്റര്‍ നാഷണല്‍ വര്‍ക്ക് ഷോപ്പിന്റെ ഡയറക്ടര്‍ പൂജ സൂദ് ഇത്തരത്തിലുളള മറ്റൊരു മാനേജ്മെന്റ് വിദഗ്ധയാണ്.

? ചിത്രകലയില്‍ വ്യത്യസ്ത സ്കൂളുകള്‍ (Schools of thoughts) നിലവിലുണ്ടോ

= വളരെയധികം schools of thoughts ഉണ്ട്. Abstract, Expressionism, Cubism, Surrealism, Conceptual ഇവയൊക്കെ വ്യത്യസ്ത സ്കൂളുകള്‍ ആണ്. എന്നാല്‍ പെട്ടെന്ന് വളര്‍ന്ന് അധികകാലം നിലനില്‍ക്കാത്ത സ്കൂളുകളും ഉണ്ടാവാം. അവ കലയല്ലെന്നു പറയാനാവില്ല. നൈമിഷികമായി നിലനില്‍ക്കുന്നവയെങ്കിലും അവയും സൗന്ദര്യ ശാസ്ത്രബിംബങ്ങള്‍ തന്നെയാണ്.

മറിച്ച്, കാലത്തിന്റെ അറ്റംവരെപോകുന്ന സ്കൂളുകളും ഉണ്ടാവില്ല. കുറേയേറെ വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്കൂളുകളുമുണ്ടാവാം. എന്നാല്‍, ഞാന്‍ ഇത്തരം ഫിലോസഫിയില്‍ താല്പര്യം കാണിക്കാറില്ല. എന്നെ സംബന്ധിച്ച് പ്രധാനമായത് കര്‍മം (work) ചെയ്യലാണ്, അതാണാദ്യം വേണ്ടത്. കലയുടെ തത്വചിന്ത പിന്നാലെ വരുന്നതാണ്. ജനകീയവല്‍ക്കരണമെന്നത് ഒരു ഫിലോസഫിയാണ്. അതില്‍ രാഷ്ട്രീയവുമുണ്ട്. കൊച്ചി-മുസിരിസ്സ് ബിനാലെയുടെ ഏറ്റവും വലിയ വിജയവും അത് ജനകീയവല്‍ക്കരിക്കാന്‍ സാധിച്ചു എന്നുളളതാണ്.

മറ്റൊരു മേഖലയെക്കുറിച്ചു പറയാം. ശ്രീ നാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ അദ്ദേഹത്തിന്റെ തത്വചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു കലാസൃഷ്ടിയാണ്, അതൊരു conceptual art work ആണ്. അതുപോലെ, ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹവും - അദ്ദേഹത്തിന് അത് രാഷ്ട്രീയമാണ്. ദണ്ഡിയാത്രയും പ്രതീകാത്മകമാണ്. ഗാന്ധിയന്‍ ചിന്തകളുടെ പ്രതീകാത്മകമായ പ്രവൃത്തികളിലും conceptual art കാണാം.

? താങ്കളുടെ കലയ്ക്ക് ഒരു രാഷ്ട്രീയ തത്വചിന്തയുണ്ടോ

= തീര്‍ച്ചയായും ഉണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിയുളള രാഷ്ട്രീയമാണ്.

? ജീവിതത്തെ വ്യക്തിയുടെ വളര്‍ച്ച എന്ന നിലയില്‍ നിരീക്ഷിക്കുമ്പോള്‍, കുട്ടികളായിരിക്കുന്ന അവസ്ഥയില്‍ വളരാനുളള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ വളര്‍ന്നുവരുംതോറും അത്തരം സാധ്യതകള്‍ ഓരോന്നായി ഇല്ലാതാവും. ജീവിതത്തിന്റേയും ചിന്തയുടേയും പരിമിതികളിലേക്ക് യുവാക്കളായി വളര്‍ന്നവര്‍ ഒതുങ്ങിപ്പോവുന്നു. ഈ പരിമിതിയെ മുറിച്ചു കടക്കാന്‍ കഴിയേണ്ടതില്ലേ? അതിന് കല സഹായകമാവുമോ

=എനിക്കറിയില്ല എന്ന നിലപാടാണ് ഏറ്റവും ശരി. എല്ലാം അറിയാമെന്നു വന്നാല്‍ പിന്നെയൊന്നും പഠിക്കാനില്ലാതാവും, പ്രവര്‍ത്തിക്കാനില്ലാതാവും, ജീവിക്കാനുമില്ലാതാവും. അതാണ് പരിമിതി. അസംതൃപ്തിയുണ്ടെങ്കിലേ പഠിക്കാന്‍ ശ്രമിക്കുകയുളളൂ. ഞാന്‍ എല്ലാമറിയുന്ന തരത്തില്‍ enlightened ആകാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, അതെന്റെ വളര്‍ച്ചാ സാധ്യതകള്‍ക്ക് തടസ്സമുണ്ടാക്കും.

? ശ്രീനാരായണഗുരുവും ശ്രീബുദ്ധനും മറ്റും വളര്‍ത്തിയെടുത്ത ചിന്തകള്‍ തന്നെയല്ലേ അവരെ വിഗ്രഹവല്‍ക്കരിക്കാന്‍ ഇടയാക്കിയത്? ആ അര്‍ഥത്തില്‍ അവരുടെ ചിന്തകള്‍ക്കും ആശയ പദ്ധതികള്‍ക്കും ന്യൂനതയില്ലേ?

= പക്ഷേ, ശ്രീനാരായണഗുരുവും, ശ്രീബുദ്ധനും സ്വയം ഗുരുക്കന്മാരായി വിളിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. അവര്‍ ലളിതമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തവരാണ്. ബുദ്ധന്‍ എല്ലാ ആഗ്രഹങ്ങളും ഓരോന്നായി delete ചെയ്യുകയായിരുന്നു. കുടുംബ ജീവിതം, കാമം ഇതൊക്കെ അദ്ദേഹം ഉപേക്ഷിച്ചു. ഗാന്ധിജിയുടെ ലളിതജീവിതം പ്രശസ്തമാണ്. ഇന്ത്യക്കാരനായ ഒരു മാര്‍ക്സിസ്റ്റിന് ഗാന്ധിസത്തെ, അതിന്റെ ലാളിത്യത്തെ ഉള്‍ക്കൊളളാതെ കഴിയില്ല.

*
ബോസ് കൃഷ്ണമാചാരി/ എ എസ് ഹരിദാസ് ദേശാഭിമാനി വാരിക

No comments: