Monday, May 13, 2013

നാണംകെടുന്ന ഇന്ത്യ

നാം എന്തിന് രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കണം? ജനങ്ങള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും രക്ഷ ലഭിക്കാത്ത രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല കടുത്ത അപമാനം തലയിലേറ്റിനടക്കേണ്ടിവരുകയും ചെയ്യുന്നു. സ്വന്തം രാജ്യത്തെക്കുറിച്ച് ഇത്തരത്തില്‍ എഴുതേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ലോകരാഷ്ട്രങ്ങളുടെമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍പറ്റാത്ത, കേട്ടാല്‍ ഞെട്ടിത്തരിച്ച് ഇരുന്നുപോകുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും തലസ്ഥാനനഗരിയിലും കേരളത്തിലും അടിക്കടി ഉണ്ടാകുന്നു. ഭരിക്കുന്ന പ്രധാനമന്ത്രിക്കുതന്നെ പറയേണ്ടിവരുകയാണ് "ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല" എന്ന്. സ്ത്രീകളും പെണ്‍കുഞ്ഞുങ്ങളും എങ്ങോട്ടുപോകും, എന്തുചെയ്യണം എന്നതിനുകൂടി ഉത്തരം പറയാനുള്ള ബാദ്ധ്യത പ്രധാനമന്ത്രിക്കുണ്ട്.

ഡിസംബര്‍ 16ന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പ് വീണ്ടും വീണ്ടും ഡല്‍ഹിയില്‍ ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായതിനുപുറമെ കേട്ടാല്‍ വിശ്വസിക്കാന്‍ സാധിക്കാത്തത്രയും ഭീകരമായ സംഭവമാണ് ഏപ്രില്‍ 15ന് ഡല്‍ഹിയിലുണ്ടായത്. ബ്രിട്ടീഷ് ഭരണാധികാരികള്‍ രണ്ടുമാസംമുമ്പ് ആ രാജ്യത്തുള്ള സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തത്രെ, ഇന്ത്യയിലേക്ക് പോകുന്നത് സൂക്ഷിച്ചുവേണം, സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത രാജ്യമാണ് ഇന്ത്യ എന്ന്. ഭരണകര്‍ത്താക്കള്‍ക്ക് ഇത് നിഷേധിക്കാന്‍ കഴിയുന്നില്ല. ജനകോടികള്‍ അധിവസിക്കുന്ന ഭാരതത്തെക്കുറിച്ച് വിദേശരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത് ഈ രൂപത്തിലാണ്. അവരെ കുറ്റംപറയാന്‍ നമുക്ക് എങ്ങനെ സാധിക്കും?

ആഗ്രയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച ബ്രിട്ടീഷ് വനിതയ്ക്ക് നേരിടേണ്ടിവന്നത് മുറിക്കകത്തേക്ക് അതിക്രമിച്ചുകയറിയ ഒരു കാട്ടാളന്റെ പീഡനമായിരുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ക്കും ഇന്ത്യയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയായി. അമ്മിഞ്ഞപ്പാലിന്റെ മണം മാറാത്ത പൊന്നോമനക്കുഞ്ഞുങ്ങളെപ്പോലും ഇത്തരം കൊടും ക്രൂരതയ്ക്ക് വിധേയമാക്കുന്ന അസാന്മാര്‍ഗ്ഗികതയുടേയും മൃഗീയതയുടെയും ചളിക്കുണ്ടിലേക്ക് ഭാരതം പതിച്ചുപോയി എന്നത് ഇന്ന് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ഇത്തരം സംസ്കാരത്തിന് പൈശാചിക സംസ്കാരം എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഉത്തരവാദപ്പെട്ട ഭരണാധികാരികള്‍ തുടര്‍ച്ചയായി അവരുടെ ഉല്‍ക്കണ്ഠ അറിയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സുപ്രീംകോടതി സ്ത്രീകളുടെ സുരക്ഷയില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയത് ആവശ്യമായ ഭരണപരമായ ഇടപെടലുകള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടാകുമെന്ന് കരുതിയാണ്. എന്നാല്‍ പറയത്തക്ക ജാഗ്രതയൊന്നും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായതായി പറയാന്‍ കഴിയില്ല. സ്ത്രീകളുടെ മോചനത്തിനും പദവിക്കുംവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മഹാത്മജിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഭരണം സ്ത്രീകള്‍ക്ക് സമ്മാനിച്ചത് രണ്ടാംകിട പൗരത്വവും വിവേചനവും ലൈംഗികാതിക്രമവുമാണ്. രാഷ്ട്രപതി പ്രണാബ്മുഖര്‍ജിയും പ്രധാനമന്ത്രിയും ലോകസഭാ - രാജ്യസഭാ സ്പീക്കര്‍മാരും ഈ ഉല്‍ക്കണ്ഠ പങ്കുവെയ്ക്കുന്നതില്‍ പിശുക്കുകാട്ടിയിട്ടില്ല. 14 വര്‍ഷത്തിലേറെക്കാലമായി ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഷീലാദീക്ഷിത് ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ലജ്ജിപ്പിക്കുന്ന സ്ത്രീപീഡന സംഭവങ്ങളെക്കുറിച്ച് ശക്തമായിത്തന്നെ പ്രതികരിച്ചത് ശ്രദ്ധേയമായി. ഡല്‍ഹി സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളില്ല, ഡല്‍ഹി അരക്ഷിതമാണ് എന്ന് - ഇത്രയും പറഞ്ഞ ആ ബഹുമാന്യ വനിത അങ്ങനെയൊരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് പറയാന്‍ തയ്യാറായില്ല. പൊള്ളയായ കുറെ വാക്കുകള്‍ എന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റൊന്നും ആരും കരുതുന്നില്ല.

ഏപ്രില്‍ 15ന് ഡല്‍ഹിയില്‍ 5 വയസ്സുകാരി പിഞ്ചുപെണ്‍കുട്ടിയെ പിച്ചിച്ചീന്തിയെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ധീരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മുഖത്തടിച്ച ഉന്നതരായ പൊലീസുദ്യോഗസ്ഥരുടെ നെറികെട്ട നടപടി മുഖ്യമന്ത്രി ഷീലാദീക്ഷിത് കണ്ടില്ല എന്നുണ്ടോ? പ്രതിഷേധിക്കാനും ശബ്ദിക്കാനുംപോലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവകാശമില്ലെന്നോ ഭാരതത്തില്‍? ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുടെ പ്രതികരണം ആരേയും അമ്പരപ്പിക്കുന്നതാണ്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി ഡല്‍ഹി സംഭവത്തെ പരോക്ഷമായി ന്യായീകരിക്കാനും ലഘുവായി കാണാനും ശ്രമിച്ചു. ""ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെ""ന്ന ഷിന്‍ഡെയുടെ പ്രതികരണം അങ്ങേയറ്റം അപലപനീയവും ഭരണാധികാരിയുടെ പദവിക്ക് ചേരാത്തതുമാണ്. 2000 രൂപകൊടുത്ത് കേസ് ഒരുക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അത്ഭുതപ്പെടാനില്ല. ഇത്തരം പ്രസ്താവനയിറക്കിയ ആഭ്യന്തരമന്ത്രിക്കെതിരെ ഒരക്ഷരം മിണ്ടാതെ മൗനവ്രതമിരിക്കുന്ന യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധിയുടെ നിസ്സംഗമായ നിലപാട് ആരേയും അത്ഭുതപ്പെടുത്തും. യഥാര്‍ത്ഥത്തില്‍ ഈ മഹതിയുടെ ഉദ്ദേശമെന്താണ് എന്ന് ചോദിച്ചുപോകും. ഇവിടെയെല്ലാം സ്ത്രീകളോടും പെണ്‍കുഞ്ഞുങ്ങളോടുമുള്ള രാഷ്ട്രത്തിന്റെ സമീപനമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ഇന്ത്യകൂടി അംഗമായിട്ടുള്ള ഐക്യരാഷ്ട്രസഭ വര്‍ഷങ്ങളായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് സ്ത്രീകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണം എന്നാണ് ഇമൃല ളീൃ വേല ഴശൃഹ രവശഹറ, മെ്ല വേല ഴശൃഹ രവശഹറ എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളെല്ലാം നമ്മുടെ രാജ്യത്തും പ്രചരിപ്പിച്ചു. ഫലം നാസ്തി.

സ്ത്രീകള്‍ക്ക് രക്ഷ നല്‍കാന്‍ പല നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അവ രക്ഷയ്ക്കെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നിടത്ത് സ്ത്രീയില്ല. നിയമനിര്‍മ്മാണരംഗത്തും നിയമത്തിന്റെ കീറിമുറിച്ച പരിശോധനയ്ക്കുശേഷം വിധി പ്രഖ്യാപിക്കുന്നിടത്തും സ്ത്രീയുടെ സാന്നിദ്ധ്യം പേരിനുമാത്രം. എല്ലായിടങ്ങളിലും പുരുഷാധിപത്യത്തിന്റെ ഏകപക്ഷീയമായ ശാസനം. സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകള്‍ കൈകാര്യചെയ്യുന്ന ജഡ്ജിമാരുടെ സമിതിയില്‍ അംഗമാകാന്‍ ഇന്ന് കേരള ഹൈക്കോടതിയില്‍ ഒരു വനിതാ ജഡ്ജിപോലും ഇല്ല എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്. നിയമം നിര്‍മ്മിക്കുന്ന വേദികളിലും നിയമം നടപ്പാക്കേണ്ടുന്ന വേദികളിലും ഭരണരംഗത്തും ഔദ്യോഗിക സ്ഥാനങ്ങളുടെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക എന്നത് ഇന്ന് വളരെ അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ "സ്ത്രീ ശാക്തീകരണം" എന്ന് കൊട്ടിഘോഷിക്കുന്നു. എവിടെയാണ് സ്ത്രീക്ക് സ്വാഭാവിക നീതി ലഭിച്ചു എന്നുപറയാന്‍ കഴിയുക? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണ നിയമമില്ലായിരുന്നു എങ്കില്‍ എത്ര സ്ത്രീകളെ ഭരണസാരഥികളായി കാണാന്‍ കഴിയുമായിരുന്നു? ഇക്കാര്യത്തില്‍ ഒരു സ്റ്റേറ്റിന്റെ അധികാരപരിധിക്കകത്തുനിന്ന് സ്ത്രീകള്‍ക്ക് 50% റിസര്‍വേഷന്‍ എല്ലാ സീറ്റുകളിലേക്കും നല്‍കാന്‍ നിയമം പാസാക്കിയെടുത്ത, കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റ് മറ്റു സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് മാതൃകയാണ്. സ്ത്രീകള്‍ക്ക് അംഗീകാരവും പദവിയും നല്‍കുന്നതില്‍ കോണ്‍ഗ്രസിെന്‍റ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. കാല്‍നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സ്ത്രീകളും അവര്‍ക്കുവേണ്ടി ഇടതുപക്ഷവും ഉയര്‍ത്തുന്ന ആവശ്യമാണ് പാര്‍ലമെന്റിലും നിയമസഭയിലും സംവരണം. സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിട്ട നമ്മുടെ രാജ്യത്ത് പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ അദൃശ്യസാന്നിദ്ധ്യം മാത്രം-ഒറ്റപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും അതിന്റെ വനിതാ പ്രധാനമന്ത്രിയും രാജ്യം ഭരിച്ചപ്പോഴും അത് സാധിച്ചില്ല. ഒരു ദശവര്‍ഷക്കാലമായി വനിതാ നേതാവ് നയിക്കുന്ന യുപിഎ ഭരിക്കുമ്പോഴും വനിതാ സംവരണം നടക്കാത്ത സ്വപ്നമായി അവശേഷിക്കുന്നു. നമ്മുടെ രാജ്യത്ത് വനിതാ പ്രസിഡന്റുണ്ടായി, ലോകസഭയില്‍ വനിതാ സ്പീക്കറുണ്ടായി, പ്രതിപക്ഷ നേതാവായി വനിത വന്നു എന്നൊക്കെ അഭിമാനിക്കുന്നവര്‍ക്ക് പുരുഷാധിപത്യ സമൂഹത്തില്‍ കീടങ്ങളെപ്പോലെയോ കൂലി അടിമകളെപ്പോലെയോ ചവിട്ടിയരയ്ക്കപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഭീകരവും ദാരുണവുമായ മുഖം കാണാനോ അതില്‍നിന്ന് അവരെ മോചിപ്പിക്കാനോ കഴിഞ്ഞില്ല. നാടും വീടും ഒരുപോലെ അരക്ഷിതമാകുന്നു എന്ന തോന്നലിലേക്ക് സ്ത്രീ സമൂഹം തള്ളിമാറ്റപ്പെടുന്നത് മറ്റേതൊരു ഭീകരതയേക്കാളും വലുതാണ്. പറക്കമുറ്റാത്ത പിഞ്ചു പെണ്‍കുട്ടികള്‍പോലും കാമാര്‍ത്തരായ ചില മൃഗങ്ങളുടെ അക്രമത്തില്‍ പിടഞ്ഞ് ജീവനുവേണ്ടി പൊരുതുമ്പോഴും ഇത്തരം സംഭവങ്ങള്‍ക്കുത്തരവാദികളായ കൊടും ക്രിമിനലുകളെ വെള്ളപൂശാന്‍ ചിലര്‍ നടത്തുന്ന വ്യാഖ്യാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചുതുപ്പാന്‍ തോന്നിപ്പോകും. സ്ത്രീകള്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങരുതെന്നും രാത്രി യാത്ര ഒഴിവാക്കണമെന്നും വാദിക്കുന്നവര്‍ കുറവല്ല. രാത്രി യാത്രചെയ്യാത്ത പിഞ്ചു പെണ്‍കുട്ടികള്‍ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്യപ്പെടുന്നത് എങ്ങനെ എന്നൊന്നും ചോദിച്ചുപോകരുത്. കേരളത്തിലുള്‍പ്പെടെ സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ മതമൗലികവാദികള്‍ ചെലുത്തിയ സ്വാധീനം കണ്ടുകൊണ്ടിരിക്കുന്നവരാണ് നാം. സ്ത്രീകള്‍ മിഴിപോലും പുറത്തു കാണിക്കരുത് എന്ന് മഹാനായ മുഹമ്മദ് നബി പറഞ്ഞിട്ടില്ല. ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളായി ഇന്ത്യയിലേക്കുവന്ന പല മുസ്ലീം വനിതകളുടേയും വസ്ത്രധാരണരീതി നാം കാണുന്നുണ്ട്. എന്നാല്‍ സാക്ഷര കേരളത്തില്‍ സ്ത്രീകള്‍ വെറും ഉപഭോഗവസ്തുവാണ്. സ്ത്രീകളോടുമാത്രം കാണിക്കുന്ന ഡ്രസ്കോഡ് സമ്പ്രദായം അവസാനിപ്പിക്കാന്‍ സമയം വൈകിയിരിക്കുന്നു. മലപ്പുറത്ത് മുസ്ലീം മാനേജ്മെന്റിന്റെ കല്‍പനയ്ക്കെതിരെ പ്രതിഷേധിച്ച മുസ്ലീം വനിതാ അധ്യാപികയുടെ ധീരോചിതമായ നടപടി മാതൃകാപരമാണ്. ചുട്ടുപൊള്ളുന്ന തീക്ഷ്ണമായ വെയിലില്‍ കാലിന്റെയും കൈയുടേയും നഖംപോലും കാണിക്കാതെ ആകെ മൂടി പുറത്തിറങ്ങുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരെക്കുറിച്ച് ഓര്‍ത്ത് വേദനിക്കാനേ കഴിയൂ. സ്ത്രീയോടു മാത്രം എന്തിനീ കാട്ടുനീതി? നമ്മുടെ രാജ്യം സ്ത്രീയുടെ പേരിലാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ ഒരു ബഹുമതി എന്തിന്?

സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത, സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത, അവഗണനയും വിവേചനവും പീഡനവും ഏറ്റുവാങ്ങണ്ടിവരുന്ന സ്ത്രീ സമൂഹത്തിന്റെ മോചനത്തിന് ചെറുവിരലനക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധമാനമായ രീതിയില്‍ പെരുകുന്നു - 2011ല്‍ മാത്രം കുട്ടികള്‍ക്കെതിരെ ഇന്ത്യയില്‍ 30,000 കുറ്റകൃത്യങ്ങള്‍. ഇതില്‍ മഹാഭൂരിപക്ഷവും ലൈംഗികപീഡനങ്ങള്‍. നിയമങ്ങള്‍ ഇവിടെ നോക്കുകുത്തി. തിരൂരില്‍ 3 വയസ്സുകാരി, മദ്ധ്യപ്രദേശിലെ ജയ്താപൂരില്‍ 4 വയസ്സുകാരി, ഡല്‍ഹിയില്‍ 5 വയസ്സുകാരി, ഏറ്റവും അവസാനം തിരുപ്പൂരില്‍ 8 വയസ്സുകാരി എന്ന നിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ നിരവധി ക്രൂരമായ ലൈംഗികപീഡനങ്ങള്‍-ഇന്ത്യയെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല. ഇന്ത്യ ഒരു "ഞമുല ഇീൗിേൃ്യ" എന്ന പ്രചാരണം വന്നുകഴിഞ്ഞിരിക്കുന്നു. ഭരണാധികാരികളുടെ നിസ്സംഗതയും സ്ത്രീവിരുദ്ധതയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള  ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ട് പതിറ്റാണ്ടുകളായി. ഒരു മാറ്റവും വരുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വാഗ്ദാനം നടപ്പിലാക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനിറങ്ങാന്‍ ഡച തന്നെ ആഹ്വാനം ചെയ്തിരിക്കയാണ്. ഈ ആഹ്വാനം ജനങ്ങള്‍ക്കുള്ളതാണ്. അവര്‍ അത് ഏറ്റെടുക്കുമെന്ന ശക്തമായ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. ആ പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുവേണ്ടി സ്ത്രീ സമൂഹം രംഗത്തിറങ്ങണം. സ്ത്രീ പ്രശ്നങ്ങള്‍ സാമൂഹ്യപ്രശ്നമാണ്. അവരുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍, അവരുടെ രക്ഷകരായി ഞങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്താന്‍, സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.

*
പി കെ ശ്രീമതി ടീച്ചര്‍ ചിന്ത വാരിക

No comments: