Saturday, May 25, 2013

യുപിഎ: രണ്ട് റിപ്പോര്‍ട്ടുകള്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുന്നതോടനുബന്ധിച്ചുള്ള യുപിഎയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രണ്ട് മാധ്യമസ്ഥാപനങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടും വന്നത് ഒരാഴ്ചതന്നെയായത് യാദൃച്ഛികമാകാം. യുപിഎ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ "കേമത്തങ്ങളെ"ക്കുറിച്ച് മേനിനടിക്കുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ആ കേമത്തങ്ങളിലുള്ള ജനങ്ങളുടെ മടുപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഡോ. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ എത്രയകലെയാണ് എന്നത് ബോധ്യപ്പെടാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സര്‍വേ റിപ്പോര്‍ട്ടും ഒന്ന് താരതമ്യപ്പെടുത്തിയാല്‍മാത്രം മതി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ട് ഈ നാലുവര്‍ഷത്തെ ഭരണത്തില്‍ അഴിമതി അതിഭീകരമായി വര്‍ധിച്ചതായി 71 ശതമാനം ജനങ്ങള്‍ ഏകകണ്ഠമായി പറയുന്നതായി വ്യക്തമാക്കുന്നു. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ നേരിട്ട് ഇടപെട്ടെന്ന് 64 ശതമാനം പേര്‍ വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസനത്തെക്കുറിച്ച് പറയുന്നു. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് മനസ്സിലാക്കാന്‍പോലുമാകാത്ത ഏതോ ടീം തയ്യാറാക്കിയ യുപിഎ ഭരണറിപ്പോര്‍ട്ട് കേന്ദ്രഭരണാധികാരികള്‍ക്ക് സ്വയം ബോധ്യപ്പെടാന്‍പോലും ഉതകില്ല.

സാധാരണ കോണ്‍ഗ്രസുകാര്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ ഉദ്ധരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ അപഹാസ്യരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓരോ പൊതുതെരഞ്ഞെടുപ്പും അടുക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ഓരോ മുദ്രാവാക്യം കോണ്‍ഗ്രസ് രൂപപ്പെടുത്താറുണ്ട്. "ആവടി സോഷ്യലിസം", "ഗരീബി ഹഠാവോ" തുടങ്ങി ഓരോ ഘട്ടത്തില്‍ ഓരോന്ന്. ആവടി സോഷ്യലിസം പറഞ്ഞിട്ട് എത്ര പതിറ്റാണ്ടായി. സോഷ്യലിസ്റ്റ് സങ്കല്‍പ്പംപോലും കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഭ്യന്തര കുത്തകകള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഏറാന്‍മൂളുന്ന നയങ്ങളാണ് പിന്നീടിവിടെ നടപ്പാക്കിയത്. "ഗരീബി ഹഠാവോ" ആണ് പിന്നീടുയര്‍ന്നുകേട്ട മറ്റൊരു മുദ്രാവാക്യം. ദരിദ്രനെ നശിപ്പിക്കുക എന്നതല്ലാതെ, ദാരിദ്ര്യം നശിപ്പിക്കുക എന്ന ഒന്ന് ഇവിടെ എവിടെയും നടപ്പായില്ല. കര്‍ഷകരുടെ കൂട്ട ആത്മഹത്യകളും മറ്റും ദരിദ്രരെ നശിപ്പിക്കുക എന്ന നയം നിറവേറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാവുകയും ചെയ്തു.

ദാരിദ്ര്യരേഖതന്നെ പരിഷ്കരിച്ച് ദരിദ്രരുടെ എണ്ണം കുറവാണെന്നു സമര്‍ഥിക്കുകയും അതിലൂടെ ദരിദ്രര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നതുകണ്ടു. ഇത്തരം കൃത്രിമങ്ങള്‍ ഇന്നും തുടരുകയാണ്. "കോണ്‍ഗ്രസ് കാ ഹാഥ്, ആം ആദ്മി കാ സാഥ്" എന്നതായിരുന്നു പിന്നെയൊരു മുദ്രാവാക്യം. കോണ്‍ഗ്രസിന്റെ കൈ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്ന് അര്‍ഥം. ഈ മുദ്രാവാക്യവുമായി അധികാരത്തിലേറിയവര്‍, ഇടതുപക്ഷ സമ്മര്‍ദംമൂലം നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലുള്ളവപോലും കൈയൊഴിയുകയാണ് പിന്നീട് ചെയ്തത്. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്. ഈ ഘട്ടത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പുതുമുദ്രാവാക്യം രൂപപ്പെടുത്താനുള്ള തിരക്കിലാണ് യുപിഎ. ജനങ്ങളെ ഉള്‍പ്പെടുത്തി വികസനം, ക്ഷേമ-വികസന പരിപാടികള്‍, അതിവേഗം മാറുന്ന ലോകവുമായി ഇന്ത്യയെ ബന്ധപ്പെടുത്തല്‍ എന്നിങ്ങനെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളെ ഒരുവട്ടംകൂടി തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറുക എന്ന മിനിമംപരിപാടിക്കുവേണ്ടിയുള്ള നിരര്‍ഥക മുദ്രാവാക്യങ്ങള്‍ മാത്രമാണ്.

ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കാന്‍ കഴിയുന്നില്ല എന്ന ഖേദപ്രകടനമുണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതുകൊണ്ടാണിത് നടക്കാത്തത് എന്ന കുറ്റപ്പെടുത്തലുമുണ്ട്. ഒമ്പതുവര്‍ഷം തുടര്‍ച്ചയായി യുപിഎ ഭരണത്തിലുണ്ട്. സഭാസ്തംഭനമാകട്ടെ, 2ജി സ്പെക്ട്രം കുംഭകോണം, കല്‍ക്കരിപ്പാട കുംഭകോണം എന്നിവയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്ത് മാത്രമുണ്ടായതാണ്. ഇതിനുമുമ്പുള്ള നീണ്ടകാലത്ത് എന്തായിരുന്നു യുപിഎക്ക് തടസ്സം? നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിനുള്ള സംവിധാനമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ സഭാസ്തംഭനം ഒഴിവാകുമായിരുന്നുവെന്നും ഓര്‍മിക്കണം. അന്വേഷണം നടത്തുന്നതിലായിരുന്നില്ല, മറിച്ച് അന്വേഷണത്തെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്നതിലായിരുന്നു യുപിഎക്ക് പൊതുവിലും കോണ്‍ഗ്രസിന് പ്രത്യേകിച്ചും ശ്രദ്ധ. അത് കോടതിതന്നെ തുറന്നുകാട്ടുകയും ചെയ്തു. 1,76,000 കോടി രൂപ 2ജി സ്പെക്ട്രം ഇടപാടുവഴിയും 1,86,000 കോടി രൂപ കല്‍ക്കരിപ്പാടം വീതംവയ്ക്കല്‍വഴിയും ഖജനാവില്‍നിന്ന് ചോരുമ്പോള്‍ അതിനെതിരെ പ്രതിപക്ഷം പ്രതികരിക്കാതിരിക്കണമോ? പ്രതികരിച്ചത് സ്വാഭാവികമാണ്. അത് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാത്തതിനുള്ള മുടന്തന്‍ന്യായമായി അവതരിപ്പിക്കേണ്ടതില്ല. തൊട്ടതിലൊക്കെ അഴിമതി, മാസംതോറും കുംഭകോണം ഇതായിരുന്നു ഈ ഭരണത്തിന്റെ അവസ്ഥ. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയുംചെയ്തു. അതുകൊണ്ടാണല്ലോ, പൊതുതെരഞ്ഞെടുപ്പില്‍ 136 സീറ്റിലേക്ക് യുപിഎ ഒതുങ്ങിപ്പോകുമെന്ന് മാധ്യമസര്‍വേയില്‍ വ്യക്തമാകുന്നത്.

ഐപിഎല്‍ വിവാദത്തില്‍പ്പെട്ട് ശശി തരൂര്‍, 2ജി സ്പെക്ട്രത്തില്‍പ്പെട്ട് എ രാജ, റെയില്‍വേ നിയമനാഴിമതിയില്‍പ്പെട്ട് പവന്‍കുമാര്‍ ബന്‍സല്‍, സിബിഐ റിപ്പോര്‍ട്ട് തിരുത്തി അശ്വനികുമാര്‍ ഇവരൊക്കെ മന്ത്രിസഭയില്‍നിന്ന് പല ഘട്ടങ്ങളിലൊഴിവായത് ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ യുപിഎ വിട്ടതില്‍നിന്ന് യുപിഎയുടെ അടിത്തറ ദുര്‍ബലപ്പെട്ടതിന്റെ ചിത്രം തെളിയുന്നുണ്ട്. ഇങ്ങനെ തകര്‍ന്നാടിയുലഞ്ഞുനില്‍ക്കുന്ന ഭരണം ഇനി തിരിച്ചുവരാന്‍പോകുന്നില്ല. ആ യാഥാര്‍ഥ്യം സര്‍വേകളില്‍ തെളിയുമ്പോഴും അത് കാണാതെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ ഭ്രമാത്മകമായ ഒരു ലോകമുണ്ടാക്കി അതില്‍ വിഹരിക്കുകയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും.

No comments: