Friday, May 10, 2013

സ്ത്രീ തൊഴിലാളിയുടെ ലോകം

മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലെ പ്രധാന റോഡില്‍ സന്താര എന്നു പേരുള്ള പട്ടികജാതിക്കാരിയായ 35കാരിയും അവരുടെ വൃദ്ധയായ അമ്മയും കൗമാരക്കാരിയായ മകളും കാത്തുനില്‍ക്കുന്നു. സമയം അതിരാവിലെ 5.30. മറ്റൊരു വേനല്‍ദിനത്തിലേക്ക് സൂര്യന്‍ ഉദിച്ചുയരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു ട്രാക്ടര്‍ അവരുടെ അടുത്ത് വന്നുനിന്നു. വലിയ പാറക്കല്ലുകളുടെ കൂമ്പാരം അവിടെ ഇറക്കി. എട്ടും പത്തും കിലോ ഭാരമുള്ള കല്ലുകള്‍ മകളും അമ്മയും കൂടി കൂമ്പാരത്തില്‍നിന്നും നീക്കുമ്പോഴേക്കും സന്താര ഒരു വലിയ ഇരുമ്പുചുറ്റിക കയ്യിലെടുത്തു. സന്താര ചുറ്റിക ഉയര്‍ത്തുമ്പോള്‍ ശരീരം ഒരു വശത്തേക്ക് ആയുകയും അവളുടെ എല്ലാ ശക്തിയുമെടുത്ത് ചുറ്റിക കല്ലിനുമേല്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു. വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് കല്ല് പൂര്‍ണമായും പൊട്ടുന്നു. 8 മില്ലീമീറ്റര്‍ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി അവള്‍ക്ക് ആ കല്ലിനെ പൊട്ടിക്കേണ്ടതുണ്ട്. ഓരോ കല്ലും പൊട്ടിക്കുന്നതിന് ചുറ്റിക ഏകദേശം അമ്പതുവട്ടം ഉയര്‍ത്തുകയും അടിക്കുകയും വേണ്ടിവരും. ഓരോ കൂമ്പാരത്തിലും ഏകദേശം 100 മുതല്‍ 125 വരെ വലിയ കല്ലുകളുണ്ടാവും. അങ്ങനെ നോക്കിയാല്‍, ഒരൊറ്റ ദിവസം അവള്‍ക്ക് അയ്യായിരം തവണ ചുറ്റികയുയര്‍ത്തേണ്ടതായിവരും. മൂന്നു സ്ത്രീകള്‍ക്കും കൂടി ആകെയുള്ളത് രണ്ട് ചുറ്റികയാണ്. അതിലൊന്ന് വാടകയ്ക്കെടുത്തതും. അതിനു വാടകയായി ദിവസം 30 രൂപ വെച്ച് നല്‍കണം. കല്ലുകള്‍ നിശ്ചിത വലിപ്പത്തിനനുസരിച്ച് പൊട്ടിച്ചെടുക്കാന്‍ 10-12 മണിക്കൂര്‍ സമയം വേണ്ടിവരും. ചൂട് അസഹനീയമാണെങ്കിലും ആകെക്കൂടി വിശ്രമം കിട്ടുന്നത് ഉച്ചനേരത്ത് റൊട്ടിയും മുളകുചമ്മന്തിയും കഴിക്കുന്ന ഒരല്‍പനേരം മാത്രമാണ്. അവര്‍ മൂന്നുപേര്‍ക്കും കൂടി ആകെ കിട്ടുന്നത് 300 രൂപയാണ്. ചുറ്റികയുടെ വാടകയും മറ്റുംപോയിട്ട് ബാക്കി 100 രൂപയില്‍ താഴെയാണ് കിട്ടുന്നത്. മറ്റൊരു ജോലിയും അവര്‍ക്ക് ലഭിക്കുന്നുമില്ല.

ഇത് മഹാരാഷ്ട്രയിലെ ആത്മഹത്യാബാധിത പ്രദേശമായ വിദര്‍ഭയാണ്. കാര്‍ഷിക മേഖലയില്‍ ലഭ്യമായ തൊഴില്‍ദിനങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ സന്താരയെ പോലുള്ള തൊഴിലാളികള്‍ക്ക് ഇത്തരത്തിലുള്ള കഠിനമായ പണികളല്ലാതെ മറ്റൊന്നും പകരംകിട്ടാനില്ല. ഈ പ്രദേശത്ത് ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതി നല്‍കിയ മൊത്തം തൊഴില്‍ദിനങ്ങള്‍ വെറും 20 മാത്രമാണ്. സൂര്യന്‍ ചക്രവാളത്തിലേക്ക് വഴുതിവീണു കഴിഞ്ഞ്, ഇരുള്‍ ചായുന്ന നേരത്താണ് ക്ഷീണിതരായി ഈ മൂന്നു സ്ത്രീകളും റോഡില്‍നിന്നും 5 കി.മീറ്ററിന് അപ്പുറമുള്ള വീട്ടിലേക്ക് നടന്നെത്തുന്നത്. ഉണര്‍ന്നിരിക്കുന്ന ഓരോ മണിക്കൂറിലും സന്താരയ്ക്ക് ശരീരത്തില്‍ നുറുങ്ങുന്ന വേദനയാണ്. രാത്രിയില്‍ ഈ വേദനയുമായി സമരസപ്പെടുന്നതിന് അവള്‍ക്ക് 2 ഗ്ലാസ് ചാരായമെങ്കിലും വേണം. അങ്ങനെയാണവള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നത്. പലപ്പോഴും അവള്‍ക്ക് സുഖമില്ലാതാകും. എങ്കിലും റോഡുപണിയുണ്ടെങ്കില്‍, പാറപൊട്ടിക്കല്‍ പണി കിട്ടുമെങ്കില്‍, വീണ്ടും അവളവിടെയുണ്ടാവും. അവിടത്തെ ഗ്രാമ വികസന ഓഫീസറോട് ചോദിച്ചപ്പോള്‍ സ്ത്രീകളെ ""ദുഷിച്ച കൂട്ടങ്ങളെന്ന്"" കുറ്റപ്പെടുത്തി. ""ഈ രാത്രിയില്‍ ആ ഗ്രാമത്തിലോട്ട് പോകരുതെന്നാണ് എെന്‍റ ഉപദേശം; എല്ലാവരും കുടിച്ചിട്ടുണ്ടാകും"".

ഝാര്‍ഖണ്ഡിെന്‍റ തലസ്ഥാനമായ റാഞ്ചിയിലേക്ക് പോകാം. പുക പടര്‍ത്തി 3 ടെമ്പോകള്‍ വന്നുനില്‍ക്കുന്നു. സമയം രാവിലെ 7.30. വിവിധ പ്രായത്തിലുള്ള, ആദിവാസികളായ കുറെ സ്ത്രീകളെ ടെമ്പോകളില്‍ കുത്തിനിറച്ചിരിക്കുന്നു. ടെമ്പോയില്‍നിന്നും ചാടി താഴേക്കിറങ്ങുമ്പോള്‍ ഓരോരുത്തരും 10 രൂപ വീതം ഡ്രൈവര്‍ക്ക് നല്‍കുന്നു. തൊഴില്‍ വിപണിയിലേക്കാണവര്‍ ആദ്യം പോയത്. മണ്‍വെട്ടികളും പിക്കാസുകളും കയ്യിലേന്തിയ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണം പെട്ടെന്ന് പെരുകിവന്നു. അവര്‍ തലയില്‍ തുണി മുറുക്കിച്ചുറ്റിയിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരും അവരുടെ ആളുകളും എത്തി. അവര്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കാലിക്കൂട്ടങ്ങളെ എന്നപോലെ തൊഴിലാളികളെ നോക്കി. ഒരു കോണ്‍ട്രാക്ടര്‍ 12 തൊഴിലാളികളെ തെരഞ്ഞെടുത്തു. അതില്‍ 5 പേര്‍ ചെറുപ്പക്കാരികളായിരുന്നു. വയസ്സായ ഒരു സ്ത്രീ അവരോടൊപ്പം മുന്നോട്ടു നീങ്ങിയപ്പോള്‍, കോണ്‍ട്രാക്ടര്‍ അവരെ ചീത്ത പറഞ്ഞ് ആട്ടിപ്പായിച്ചു. ഒരു ചെറുപ്പക്കാരി വളരെ പതിഞ്ഞ സ്വരത്തില്‍ ""ഇതൈന്‍റ അമ്മയാണ്. ഞങ്ങള്‍ ഒരു ജോടിയായി ജോലി ചെയ്യാം"" എന്ന് പറഞ്ഞു. അയാള്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു: ""ശരി നിങ്ങള്‍ക്കും വരാം. പക്ഷേ മകള്‍ക്കു കൊടുക്കുന്ന കൂലിയുടെ മൂന്നിലൊന്നേ നിങ്ങള്‍ക്ക് തരൂ"". ഒരാളിെന്‍റ കൂലികൊടുത്ത് രണ്ടുപേരെ പണിക്ക് വെയ്ക്കുക. ഇതാണ് റാഞ്ചിയിലെ നിര്‍മാണത്തൊഴിലാളി മേഖലയിലെ അവസ്ഥ.

ബിന എന്ന മകള്‍ ജോലി തുടങ്ങി. ഒരേസമയം എട്ടു കട്ടകള്‍ വരെ അവള്‍ കയ്യില്‍ ചുമക്കുന്നുണ്ട്. അവര്‍ പണിയെടുക്കുന്ന കെട്ടിടം ഒന്നാം നിലയിലായതുകൊണ്ട് ചരിഞ്ഞ പ്രതലത്തില്‍ കൂടി മുകളിലേക്ക് ബാലന്‍സ് ചെയ്ത് അവള്‍ക്ക് നടക്കണം. ഓരോ കട്ടയും 2 കിലോ തൂക്കം വരും. ഒരേ സമയം 16 കിലോ ഭാരമെങ്കിലും അവള്‍ക്ക് ചുമക്കേണ്ടതായി വരുന്നു. അവളുടെ അമ്മ കട്ടകള്‍ പെറുക്കിവെക്കാന്‍ അവളെ സഹായിക്കുന്നതോടൊപ്പം അത്രയും എണ്ണം കട്ടകളും ചുമക്കുന്നു. ഇങ്ങനെ ഒരു നിര്‍മാണ തൊഴിലാളി സ്ത്രീ ഒരു ദിവസം ഉദ്ദേശം 1500 കട്ടകളെങ്കിലും ചുമക്കുന്നു. എത്രത്തോളം ഉയരത്തില്‍ കയറാന്‍ കഴിയുമോ അതിനെ ആശ്രയിച്ച് എണ്ണം കൂടും. ഒരു ദിവസം കുറഞ്ഞത് ഇവള്‍ 3000 കി. ഗ്രാം ഭാരം ചുമക്കുന്നു. ഇതിനവള്‍ക്ക് കിട്ടുന്നത് ഒരു ദിവസം കൂടിപ്പോയാല്‍ നൂറോ നൂറ്റമ്പതോ രൂപയാണ്. ജോലികുറവും തൊഴിലാളികളുടെ എണ്ണം കൂടുതലുമായിരിക്കുമ്പോള്‍ തുച്ഛമായ 60 ഓ 70 ഓ രൂപയാവും അവള്‍ക്ക് കിട്ടുക. സന്താരയെപ്പോലെ ബിനായും തീവ്രമായ ശരീരവേദനയാല്‍ കഷ്ടപ്പെടുന്നവളാണ്. അവള്‍ പറയുന്നു: ""വേദന എനിക്ക് ജീവിതത്തിെന്‍റ സഹജമായ ഭാഗമായി മാറി. അതില്ലാത്ത ഒരു ദിവസവും എെന്‍റ ഓര്‍മയിലില്ല"". ഒരു തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡും അവളുടെ കൈവശമില്ലാത്തതിനാല്‍, ഒരു സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അവള്‍ക്ക് ലഭിക്കുന്നില്ല. ലേബര്‍ ഓഫീസില്‍നിന്നും അതു കിട്ടാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അവള്‍ പറയുന്നു. അതോടൊപ്പം ഇതുംകൂടി കൂട്ടിച്ചേര്‍ത്തു: ""ഞാന്‍ ജോലി ചെയ്താലേ എെന്‍റ കുടുംബം കഴിഞ്ഞുപോകൂ. അപ്പോള്‍ പിന്നെ കാര്‍ഡ് കിട്ടാനായി ആഴ്ചകളോളം എനിക്കെങ്ങനെ ചെലവാക്കാന്‍ കഴിയും?"" പലപ്പോഴും അവള്‍ അസുഖത്തിലാകും. എന്നിരുന്നാലും അവള്‍ പണി ചെയ്യാന്‍ നിര്‍ബന്ധിതയാകും. ചില ദിവസങ്ങളില്‍ അവള്‍ 20 രൂപ ചെലവാക്കി യാത്ര ചെയ്തെത്തി പണികിട്ടാതെ തിരിച്ചുപോകും. ആ ദിവസങ്ങളില്‍ അടുത്തുള്ള വനത്തില്‍പോയി ചുള്ളിക്കമ്പ് പെറുക്കി ഉണക്കി വില്‍ക്കും. രാജ്യത്തുടനീളം സന്താരയെപ്പോലെയും ബിനായെപ്പോലെയുമുള്ള സ്ത്രീകള്‍ ജീവിക്കാനായി എല്ലുമുറിയെ പണിയെടുക്കേണ്ടി വരുന്ന അവസ്ഥ ഒരു പരിഷ്കൃത രാജ്യത്തെ ലജ്ജകൊണ്ട് തലകുനിപ്പിക്കുന്നതാണ്. തുച്ഛമായ തുക സമ്പാദിക്കാനായി ദുര്‍ബലയായ സ്ത്രീയ്ക്ക് ഒരു ദിവസം 3000 കി ഗ്രാം ഭാരം ചുമക്കുകയോ അല്ലെങ്കില്‍ ഭാരമുള്ള ചുറ്റിക 5000 തവണയുയര്‍ത്തി അടിച്ച് കല്ല് പൊട്ടിക്കുകയോ ചെയ്യേണ്ടതായി വരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ ചെയ്യുന്ന തൊഴില്‍ യഥാര്‍ത്ഥത്തില്‍ ഐഎല്‍ഒയുടെ നിര്‍വചനത്തെ പരിഹസിക്കുന്നതാണ്. നവലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിനുശേഷമുള്ള 20 വര്‍ഷക്കാലം തൊഴിലെടുക്കുന്ന സ്ത്രീജീവിതങ്ങളില്‍ അത് എന്ത് പ്രത്യാഘാതമാണുളവാക്കിയത്? സ്ത്രീയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്വാതന്ത്ര്യമെന്നത് നിയമപരമായ ഉറപ്പല്ലാതിരിക്കുകയും അവരുടെ പുരോഗതിക്കുള്ള ഒരു മുന്നുപാധിയായിരിക്കുകയുംചെയ്താല്‍ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും?

സ്ത്രീകള്‍ ചെയ്യുന്ന ജോലികളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തരം തിരിക്കാം.
1. വരുമാനത്തിനോ ശമ്പളത്തിനോ വേണ്ടിയുള്ള തൊഴില്‍.
2. വിപണിയുമായി ബന്ധപ്പെട്ട കൂലിയില്ലാവേല.
3. കൂലിയില്ലാത്ത അടുക്കളപ്പണി.

നിലവിലുള്ള പുതിയ നയങ്ങള്‍ മേല്‍പറഞ്ഞ മൂന്നു മേഖലകളിലേതിലെങ്കിലും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നുണ്ടോ? അങ്ങനെയെങ്കില്‍ എത്രത്തോളം? ഇല്ലെങ്കില്‍എന്തുകൊണ്ടില്ല? വരുമാനത്തിന് അല്ലെങ്കില്‍ ശമ്പളത്തിനുവേണ്ടിയുള്ള അധ്വാനം ഗ്രാമ-നഗര പ്രദേശങ്ങളിലെ തൊഴിലാളികളെ ദേശീയ സാമ്പിള്‍ സര്‍വെ മൂന്നു തൊഴില്‍ പദവികളായി തരംതിരിച്ചിരിക്കുന്നു. 1. സ്ഥിരം തൊഴില്‍ 2. അസ്ഥിര തൊഴില്‍ 3. സ്വയം തൊഴില്‍ ഏറ്റവും പുതിയ സര്‍വെ പ്രകാരം 2004-2005നും 2009-2010നുമിടയ്ക്കുള്ള വര്‍ഷങ്ങളില്‍ മൊത്തം സ്ത്രീത്തൊഴിലാളികളില്‍ (മൊത്തം അദ്ധ്വാനശക്തിയായ 48.5 കോടിയില്‍ ഏകദേശം 12.5 കോടി) സ്ഥിരം തൊഴിലെടുക്കുന്നവരായി രേഖപ്പെടുത്തപ്പെട്ട വിഭാഗം 9ശതമാനത്തില്‍നിന്ന് 1% വര്‍ദ്ധിച്ച് 10.1ശതമാനത്തിലെത്തിയിരിക്കുന്നു. എന്നാല്‍ താല്‍ക്കാലിക തൊഴിലാളി വിഭാഗം 6% വര്‍ദ്ധിച്ച് 30ശതമാനത്തില്‍നിന്ന് 36ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നു. പുരുഷന്‍മാര്‍ക്കിടയിലെ കാഷ്വല്‍ തൊഴിലാളികള്‍ ഏകദേശം 5 ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. തൊഴില്‍ ശക്തിയുടെ ഈ അസ്ഥിരവല്‍ക്കരണത്തെ ഒരു ആഗോള പ്രവണതയായി 2012ലെ ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലും ഇത് കാണാവുന്നതാണ്.

പുരുഷനും സ്ത്രീയും പങ്കാളികളായ ഏറ്റവും വലിയ തൊഴില്‍ വിഭാഗം സ്വയംതൊഴില്‍ മേഖലയാണ്. അതില്‍ സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍. ഇവിടെ 2004-05നും 2009-10നുമിടയ്ക്ക് സ്ത്രീകളുടെ സംഖ്യ 8% കുറഞ്ഞ് 61 ശതമാനത്തില്‍നിന്ന് 53.3 ശതമാനമായി. എന്നാല്‍ പുരുഷന്‍മാര്‍ക്ക് താരതമ്യേന കുറച്ചു മാത്രമേ തൊഴില്‍ നഷ്ടമായുള്ളൂ. 54.25ല്‍നിന്ന് 50%. ഇങ്ങനെയായത്, സ്വയം തൊഴിലെടുത്തിരുന്നവരില്‍നിന്ന് ഒരു വിഭാഗം വരുമാനത്തിനായി താല്‍കാലിക തൊഴിലിലേക്ക് തിരിഞ്ഞതാണ്. ഗവണ്‍മെന്‍റിെന്‍റ നയങ്ങള്‍ മൂലമുണ്ടായ "ജോലി - നഷ്ട" വളര്‍ച്ചയുടെ സാഹചര്യത്തില്‍ അതിന് പകരം വെയ്ക്കാനെന്ന പേരില്‍ ഗവണ്‍മെന്‍റ് കൊണ്ടുവന്ന സ്വയംതൊഴില്‍ പദ്ധതി ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടുന്ന പോലത്തെ സ്ഥിതിയിലായി, താല്‍ക്കാലിക തൊഴിലിനെക്കാളും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സ്വയംതൊഴിലുകള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പിന്തിരിയല്‍ (മാറ്റം) സംജാതമായത്. മറ്റൊരു അവകാശവാദം, ഉദാരവല്‍ക്കരണം ചില പ്രത്യേക തൊഴില്‍മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കി എന്നതാണ്. ഒരളവുവരെ അത് ശരിയാണ്. സ്ത്രീകളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചു. ഉദാഹരണത്തിന് ഐടി, ആശുപത്രി വ്യവസായം, ഏവിയേഷന്‍ വിഭാഗം, കമ്യൂണിക്കേഷന്‍സ് തുടങ്ങിയവ. എന്നാല്‍ ഇവ താരതമ്യേന കുറച്ചു മാത്രമാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ സേവനമേഖലയിലെ കൂടുതല്‍ ഉയര്‍ന്ന ഈ വിഭാഗങ്ങളല്ല, സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്തത്. മറിച്ച്, വീട്ടുവേലയാണ് അധികംപേര്‍ക്കും ലഭിച്ചത്. അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് പല തൊഴില്‍ മേഖലകളിലും മുന്‍പത്തെക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തൊഴില്‍ ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം കണക്കിലെടുത്താല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ വീട്ടുവേലക്കാരികളായാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുക്കുന്നത്. വീട്ടുവേലയ്ക്ക് ആളെ വെയ്ക്കാന്‍ വേണ്ട വരുമാനമുള്ള ഒരു ഇടത്തരം വര്‍ഗം വളര്‍ന്നു വന്നതിെന്‍റ പ്രതിഫലനമാണിത്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കിലും, വീട്ടുവേലകളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ അംഗീകരിക്കുന്ന ഐഎല്‍ഒ കണ്‍വെന്‍ഷനില്‍ ഒപ്പുവെയ്ക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരിക്കുകയാണ്. മാനുഫാക്ചറിങ് രംഗത്ത് മൂലധന നിക്ഷേപം നടത്തുന്ന കോര്‍പറേറ്റുകള്‍ക്ക് ഈ കാലഘട്ടത്തില്‍, സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നതായി കാണുന്നുണ്ടെങ്കിലും, മാനുഫാക്ചറിങ് രംഗത്ത് തൊഴില്‍ ലഭിക്കുന്ന സ്ത്രീകളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കുറയുകയാണുണ്ടായത് 116.4 ലക്ഷത്തില്‍നിന്നും 107.5 ലക്ഷമായി കുറഞ്ഞു. ഇന്ത്യയില്‍ നാം കാണുന്നതനുസരിച്ച് കൂടുതല്‍ മൂലധനനിക്ഷേപം വേണ്ട വ്യവസായങ്ങള്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നില്ല. മാനുഫാക്ചറിങ് രംഗത്തെ ഈ കുറവ് സ്വാഭാവികമായും പുറം കരാര്‍ ജോലികളുടെ എണ്ണത്തിലും കുറവുണ്ടാക്കുന്നു. മൊത്തം തൊഴില്‍സേനയില്‍ ഗണ്യമായ വിഭാഗം ഇങ്ങനെ വീട്ടിലിരുന്ന് പുറംകരാര്‍ പണി ചെയ്യുന്നവരാണ്. ഇപ്പോള്‍ ഇവര്‍ക്കും പണി ലഭിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. തന്മൂലം ഇവര്‍ ചെയ്യുന്ന ജോലിക്ക് നല്‍കുന്ന കൂലിയും കുറച്ചിരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലാണ് കൂടുതല്‍ വര്‍ധനവുണ്ടായത്. അവരുടെ സംഖ്യ 20.7 ലക്ഷത്തില്‍നിന്ന് 2009-2010ല്‍ 65 ലക്ഷമായി ഉയര്‍ന്നു. ഇത് ആ കാലഘട്ടത്തിലുണ്ടായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ വര്‍ധനവിെന്‍റ പ്രതിഫലനമാണ്. എന്നാല്‍ ഝാര്‍ഖണ്ഡിലെ ബിനയുടെ ജീവിതാനുഭവത്തില്‍നിന്ന് നാം തുടക്കത്തില്‍ കണ്ടതുപോലെ, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ സ്രാവുകള്‍ക്കല്ലാതെ, കണ്‍സ്ട്രക്ഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് ഈ അഭിവൃദ്ധിയില്‍നിന്ന് നേട്ടമൊന്നും ഉണ്ടായില്ല. സംഘടിതമേഖലയിലെ സ്ത്രീകളുടെ പ്രധാന തൊഴിലുടമയായ സര്‍ക്കാര്‍, ഓഹരി വിറ്റഴിക്കല്‍ നയത്തിലൂടെയും ""ഡൗണ്‍സൈസിങ്ങി""ലൂടെയും സ്ത്രീകളുടെ റിക്രൂട്ട്മെന്‍റ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, പൊതുമേഖലയില്‍, കരാര്‍ - താല്‍ക്കാലിക - പുറംകരാര്‍ ജോലികളിലൂടെ അസംഘടിത മേഖല അഭൂതപൂര്‍വമായി വര്‍ധിച്ചിരിക്കുന്നു. 60 ലക്ഷത്തിലേറെ സ്ത്രീകള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍, സര്‍ക്കാര്‍ നിലവാരത്തിലുള്ള കൂലി ലഭിക്കാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന അംഗീകാരം ലഭിക്കാതെ, പണിയെടുക്കുന്നുണ്ട്. ഐസിഡിഎസ്, എന്‍ആര്‍എച്ച്എം, ഉച്ചഭക്ഷണം എന്നിവപോലുള്ള സര്‍ക്കാരിെന്‍റ അഭിമാന പദ്ധതികള്‍, ആശകള്‍, ഐസിഡിഎസ് ഹെല്‍പ്പര്‍മാരും വര്‍ക്കര്‍മാരും, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിങ്ങനെയുള്ള സ്ത്രീത്തൊഴിലാളികളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന അംഗീകാരം നിഷേധിക്കുക മാത്രമല്ല, അവരുടെ സേവനത്തിന് നക്കാപ്പിച്ച നല്‍കി സര്‍ക്കാര്‍ കൊടിയ ചൂഷണം നടത്തുകയുമാണ്. കാര്‍ഷിക മേഖലയില്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴില്‍ കുറയുന്നതിലെ പ്രധാന ഘടകം യന്ത്രവല്‍ക്കരണമാണ്. എന്നാല്‍, തൊഴില്‍ദിനങ്ങള്‍ കുറവായെങ്കിലും സ്ത്രീകള്‍ക്ക് ഇപ്പോഴും തൊഴില്‍ ലഭിക്കുന്ന ഒരു മേഖലയാണിത്. കര്‍ഷകത്തൊഴിലാളി സ്ത്രീകളുടെ കൂലിയില്‍ വര്‍ധനവുണ്ടായതിലെ പ്രധാന ഘടകം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നതാണ്. മുമ്പ് സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ ലഭിച്ചിരുന്ന തികച്ചും തുച്ഛമായ കൂലി കണക്കിലെടുക്കുമ്പോള്‍, ഇപ്പോള്‍ 100 ശതമാനത്തിെന്‍റ വര്‍ധനവുണ്ടായാല്‍പ്പോലും യഥാര്‍ത്ഥത്തില്‍ അത് വലിയൊരു തുകയാകുന്നില്ല. എന്നാല്‍ കാര്‍ഷിക മേഖല വേണ്ടത്ര തൊഴില്‍ദിനങ്ങള്‍ പ്രദാനം ചെയ്യുന്നില്ലെന്നതാണ് വസ്തുത. ശരാശരി ഏകദേശം 50 തൊഴില്‍ദിനങ്ങളാണ് ദേശീയ തലത്തില്‍ ഈ മേഖലയില്‍ ലഭിക്കുന്നത്. ഇതിന് ദേശീയ തൊഴിലുറപ്പ് പദ്ധതി ബദലാകുന്നില്ല. ഇതുകൊണ്ട് ഓരോ വര്‍ഷം പിന്നിടുമ്പോഴും സ്ത്രീത്തൊഴിലാളികളുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്നു. അങ്ങനെ, ഉദാരവല്‍ക്കരണത്തിെന്‍റ ആദ്യകാലങ്ങളിലേതുപോലെ ചില മേഖലകളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രധാന മേഖലകളില്‍ സ്ഥിതിഗതികള്‍ പരിതാപകരമായി മാറിയിരിക്കുകയാണ്. വിപണിക്കായി കൂലിയില്ലാവേല സ്ത്രീകളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായ ഒരു വശമുണ്ട്. സ്ത്രീകള്‍ ചെയ്യുന്ന കൂലിയില്ലാവേലയുമായി ബന്ധപ്പെട്ടതാണിത്. സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ""കുടുംബ സംരംഭങ്ങളിലെ സഹായികള്‍"" എന്ന് നിര്‍വചനം നല്‍കപ്പെടുന്ന ഒരു ഉപവിഭാഗമുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനത്തിലെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണവര്‍. അത് കൃഷിയിടങ്ങളിലെ ജോലിയാകാം; അഥവാ കുടുംബ ബിസിനസ്സുകളാകാം. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം കുടുംബത്തിലെ ഈ സഹായികള്‍ക്ക് കൂലി കിട്ടുന്നില്ല എന്നതാണ്. അടുത്തകാലത്തെ കണക്കുകൂട്ടലുകള്‍പ്രകാരം (ഡിഡബ്ല്യൂഡിഎസിലെ ഇന്ദ്രാണി മജുംദാറും എന്‍ നീതയും നടത്തിയത്) 12.746 കോടി വരുന്ന ഇന്ത്യയിലെ മൊത്തം സ്ത്രീ തൊഴിലാളികളില്‍ 4.522 കോടി പേര്‍ക്കും, അതായത് 35 ശതമാനത്തിനും, കൂലി ലഭിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ കൂലിയില്ലാവേല ചെയ്യുന്ന ഗ്രാമീണ സ്ത്രീകള്‍ 40 ശതമാനത്തില്‍ അധികമാണ്. അവര്‍ കുടുംബസംരംഭങ്ങളിലാണ് പണിയെടുക്കുന്നത് എന്നതിനാല്‍ കുടുംബ വരുമാനത്തിലും ജീവിതനിലവാരത്തിലും അവരുടെ വിഹിതവും കൂടിയുണ്ട് എന്ന് വാദിക്കപ്പെട്ടേക്കാം. എന്നാല്‍, കുടുംബത്തിനുള്ളിലെ വിഭവ വിഹിതവും ആന്തരികബലാബലവും നമുക്ക് അറിയാമെന്നിരിക്കെ, ഇത് തികച്ചും ഉപരിപ്ലവമായ ഒരു കാഴ്ചപ്പാടാണ്. അതിനുംപുറമെ ഇതേ സംരംഭങ്ങളില്‍ ജോലിചെയ്യുന്ന, ആ സംരംഭങ്ങളുടെ ഉടമയായിരിക്കുന്ന പുരുഷന്മാര്‍ ആരും തങ്ങളെ ""കുടുംബസഹായികള്‍"" എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. സ്ത്രീകള്‍ക്ക് ഭൂമി സ്വന്തമായില്ല; തങ്ങളുടെ അധ്വാനമല്ലാതെ സ്വന്തമായി മറ്റ് ആസ്തികളുമൊന്നുമില്ല. ഇത്രയേറെ സ്ത്രീകള്‍ സ്വന്തമായ ആസ്തിയോ സ്വതന്ത്രമായ വരുമാനമോ ഇല്ലാതെ കൂലിയില്ലാ വേലയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് പുരുഷമേധാവിത്വം ഇപ്പോഴും തുടരുന്നുവെന്നാണ് കാണിക്കുന്നത്. ഐഎല്‍ഒയുടെ അഭിപ്രായത്തില്‍ ആഗോളമായിത്തന്നെ, അതിലും പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും, 45 ശതമാനം സ്ത്രീകള്‍ കൂലിയില്ലാവേല ചെയ്യുന്നവരാണ്. ഇത് അദൃശ്യമായ ഒരു തൊഴില്‍ സേനയാണ്; അവര്‍ ചെയ്യുന്ന ഉല്‍പാദനപരമായ ജോലികള്‍ക്ക് സാമൂഹ്യമായ അംഗീകാരമൊന്നും ലഭിക്കുന്നതുമില്ല. കൂലിയില്ലാ വീട്ടുവേല സ്ത്രീകള്‍ ചെയ്യുന്ന വീട്ടുവേലയുടെ മൂല്യം കണക്കാക്കാന്‍ ഒരു പഠനം നടത്തണമെന്ന് വനിതാ-ശിശുവികസനവകുപ്പ് മന്ത്രി കൃഷ്ണാ തിറത്ത് തന്റെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. പാരമ്പര്യത്തിന്റെ പേരില്‍ തങ്ങളുടെ പിന്തിരിപ്പന്‍ സിദ്ധാന്തങ്ങള്‍ വിറ്റഴിക്കാന്‍നോക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളുടെയും പ്രയോഗങ്ങളുടെയും സംരക്ഷകര്‍ ഇത്തരം ഏതു നീക്കത്തെയും പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടത് എന്ന പേരില്‍ ചോദ്യംചെയ്യാറുണ്ട്; കുടുംബം നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവള്‍ എന്ന നിലയിലുള്ള സ്ത്രീയുടെ മാതൃത്വ പാരമ്പര്യത്തെയും കുടുംബത്തിന്റെ മൂല്യങ്ങളെയും അത് തകര്‍ക്കും എന്നതാണ് അവരുടെ നിലപാട്. ചരിത്രപരമായി, മനുഷ്യ സമൂഹത്തിന്റെ വികാസത്തിന്റെ ഒരു സവിശേഷഘട്ടത്തില്‍ അധ്വാനത്തിന്റെ ലിംഗാധിഷ്ഠിത വിഭജനം സമൂഹത്തില്‍ സ്ത്രീകളുടെ പ്രജനനപരമായ പങ്കിനും അതുമായി ബന്ധപ്പെട്ട കടമകള്‍ക്കും പ്രാമുഖ്യംനല്‍കി. എന്നാല്‍ മിക്കവാറും ആധുനികകാലത്തും അതുതന്നെ തുടരുകയാണ്. സംസ്കൃതിയുടെ ആവിര്‍ഭാവകാലത്ത് സ്ത്രീപദവിയുടെ ഉയര്‍ന്ന നില എന്ന അടിസ്ഥാനത്തിലായിരുന്നു വീട്ടിനുള്ളിലെ സ്ത്രീയുടെ ജോലികള്‍; അതിപ്പോഴും തുടരുകയാണ്. എന്നാല്‍ വീട്ടിനുള്ളിലെ ഈ ജോലികള്‍ അംഗീകരിക്കപ്പെടാത്തതും വില താഴ്ത്തിക്കാണിക്കപ്പെടുന്നതുമാണ്. 1995ല്‍ ബീജിങ്ങില്‍ ചേര്‍ന്ന സ്ത്രീകള്‍ക്കായുള്ള ആഗോള സമ്മേളന സന്ദര്‍ഭത്തില്‍ ആഗോളാടിസ്ഥാനത്തിലുള്ള വീട്ടുജോലിയുടെ മൂല്യം കണക്കാക്കപ്പെട്ടത് 12 ലക്ഷം കോടി ഡോളര്‍ എന്നാണ്. ഇന്ത്യയില്‍ ബീജിങ് സമ്മേളനത്തിന്റെ പത്തുവര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ സാമ്പത്തികസര്‍വെ സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിയുടെ മൂല്യം കണക്കാക്കുകയെന്ന പ്രത്യേക നിയോഗം ഏറ്റെടുക്കുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. അത് നടപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇനി സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍നിന്ന് ശമ്പളം ആവശ്യപ്പെടും എന്നു പറഞ്ഞ് ഈ ആവശ്യത്തെ ചില ആളുകള്‍ കളിയാക്കുകയാണ്. ദാമ്പത്യജീവിതത്തിലെ കൂട്ടായ സ്വത്തിനായുള്ള ആവശ്യം ഉയര്‍ത്തപ്പെടുമ്പോള്‍, കുടുംബത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന അദൃശ്യവും വിലകുറച്ച് കാണിക്കപ്പെടുന്നതും കണക്കാക്കപ്പെടാത്തതുമായ ജോലികള്‍കൂടി സ്വീകരിക്കപ്പെടുകയാണ്. എന്നാല്‍, സ്വത്തവകാശത്തിനും ഉപരിയായി മറ്റൊരു പ്രധാന കാര്യംകൂടിയുണ്ട്. അത് എല്ലാ സ്ത്രീകളെയും ബാധിക്കുന്ന, (പ്രത്യേകിച്ചും സ്വത്ത് രഹിതരായ തൊഴിലാളിവര്‍ഗ്ഗ സ്ത്രീകളെ) ഒരു സാര്‍വത്രികമായ ആവശ്യമാണ്. ""പരിപാലന സമ്പദ്ഘടന""യില്‍  സ്ത്രീകള്‍ ഒട്ടേറെ കടമകള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാകുന്നു. അവയാകട്ടെ സര്‍ക്കാര്‍ നയങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവയുമാണ്. സാമൂഹ്യമേഖലയിലെ ഉത്തരവാദിത്വങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നതോടെ പരിപാലന സമ്പദ്ഘടനയില്‍ സ്ത്രീകള്‍ ഏറ്റെടുക്കേണ്ട ബാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ലോകമാസകലമുള്ള സ്ഥിതിയാണ്.

ഉദാഹരണത്തിന്, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി പല പാശ്ചാത്യ രാജ്യങ്ങളിലും നടപ്പാക്കുന്ന ചെലവുചുരുക്കല്‍ നടപടികള്‍ എന്ന് വിളിക്കപ്പെടുന്നത് എല്ലാ പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലും പെന്‍ഷനുകള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ശിശുസംരക്ഷണം, ക്രെഷെകള്‍, വാര്‍ധക്യകാല പെന്‍ഷനുകള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാമുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിനിടയാക്കിയിരിക്കുന്നു. രോഗികളുടെയും വൃദ്ധരുടെയും പരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസം, പെന്‍ഷനില്‍ വരുത്തിയ വെട്ടിക്കുറവ് പരിഹരിക്കുന്നതിനായി ബജറ്റ് സന്തുലിതമാക്കാന്‍ സ്വന്തം ചെലവുകള്‍ കുറവുചെയ്യല്‍ എന്നിവയെല്ലാം സ്ത്രീ ജീവിതത്തിന്റെ സഹജഭാഗമായി മാറുന്നു. ഇത് സര്‍ക്കാരിനും തൊഴിലുടമകള്‍ക്കും സ്ത്രീകള്‍ നല്‍കുന്ന ഒരു എതിര്‍ സബ്സിഡി  യുടെ പ്രതിഫലനമാണ്.

സ്ത്രീകളുടെ കൂലിയില്ലാ വീട്ടുവേലയിലെ വര്‍ദ്ധനവും കുടുംബപരിപാലനവും ഒരു വശത്തും മറുവശത്ത് സാമൂഹ്യമേഖലയിലെ ചെലവുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തുന്നതും തമ്മിലുള്ള ഉറ്റബന്ധം വിവിധ യു എന്‍ വേദികള്‍ നടത്തിയ ലിംഗപഠനങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സാമൂഹ്യമേഖലയിലെ ചെലവുകളില്‍ കുറവ് വരുത്തിയതാണ് സ്ത്രീകളുടെ കൂലിയില്ലാ വീട്ടുവേല വര്‍ദ്ധിച്ചതിനുള്ള കാരണം. അതേസമയംതന്നെ, കുതിച്ചുയരുന്ന ഭക്ഷ്യസാധന വിലക്കയറ്റവും തല്‍ഫലമായുണ്ടാകുന്ന ഭക്ഷ്യസുരക്ഷിതത്വമില്ലായ്മയും, സ്വന്തം ആവശ്യങ്ങളും ഭക്ഷണവുംവരെ പലപ്പോഴും ചുരുക്കുകയും കുടുംബബജറ്റ് സമതുലിതമാക്കാന്‍ സ്വയം സഹിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തില്‍ പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുന്നു. നവലിബറല്‍ ചട്ടക്കൂടിലുള്ള ഇന്ത്യയെപ്പോലെയുള്ള പല രാജ്യങ്ങളും സാര്‍വത്രിക ഭക്ഷ്യവിതരണത്തിനുപകരം ടാര്‍ജറ്റഡ് ഭക്ഷ്യവിതരണം നടപ്പാക്കിയതും വിനാശകരമായ ഫലങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാനാവശ്യങ്ങളും സേവനങ്ങളും നല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന ചര്‍ച്ചയാണ് നടക്കുന്നത്. ആഗോളതലത്തിലും വിശിഷ്യാ ഇന്ത്യയിലും പൊതു സേവനങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥകളിലൂടെ വീട്ടുവേലയുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും സ്ത്രീകളെ മോചിപ്പിക്കാതിരിക്കുന്ന നവലിബറല്‍ നയങ്ങള്‍ അവരുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. അപ്രകാരം ഇപ്പോഴത്തെ നവലിബറല്‍ നയങ്ങളുടെ ചട്ടക്കൂട്, സ്ത്രീ തൊഴിലാളികള്‍ പേറുന്ന ഇരട്ടഭാരത്തില്‍ പല മടങ്ങ് വര്‍ധന വരുത്തിയിരിക്കുന്നു.

തൊഴില്‍ സേനയില്‍നിന്ന് ""അപ്രത്യക്ഷരായ"" സ്ത്രീകള്‍ 2004-05 മായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴില്‍ സേനയില്‍ 210 ലക്ഷം സ്ത്രീതൊഴിലാളികള്‍ കുറവാണെന്നാണ് 2009-2010ലെ ദേശീയ സാമ്പിള്‍ സര്‍വെ പ്രസിദ്ധീകരിച്ച ഞെട്ടിപ്പിക്കുന്ന കണക്ക്. തൊഴില്‍ സേന എന്നതിന്റെ നിര്‍വചനം ജോലിയുള്ളവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, തൊഴിലില്ലാത്തവര്‍ എന്നിവരുള്‍പ്പെടെ തൊഴില്‍ അന്വേഷകരായ എല്ലാ സ്ത്രീകളും എന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഈ സര്‍വെപ്രകാരം 2004-05ല്‍ നടത്തിയ സര്‍വെയ്ക്കുശേഷം 210 ലക്ഷം സ്ത്രീ തൊഴിലാളികള്‍ ""ഇല്ലാതായി"" (ങശശൈിഴ) എന്നാണ്. ഇതു സംഭവിച്ചത് മുമ്പ് തൊഴില്‍സേനയുടെ ഭാഗമായി മുമ്പ് കരുതിയിരുന്ന 15 വയസ്സുകഴിഞ്ഞ യുവതികളില്‍ ഏറെപ്പേരും തങ്ങളുടെ മുഖ്യ കര്‍മരംഗമായി വിദ്യാഭ്യാസത്തെ മാറ്റിയിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്താണ് ഗവണ്‍മെന്റിന്റെ അവകാശവാദം.

സെക്കന്‍ഡറി സ്കൂളുകളില്‍ പഠിക്കുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ സ്വാഗതാര്‍ഹമായ വര്‍ദ്ധനവുണ്ടായിരിക്കെതന്നെ, തൊഴില്‍ സേനയിലെ ഭീമമായ ഇടിവിനെ ഇതുകൊണ്ട് വിശദീകരിക്കാനാവില്ല. ഒന്നുകില്‍ സര്‍വെകളില്‍ എന്തെങ്കിലും അടിസ്ഥാനപരമായ പിശക് സംഭവിച്ചിരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും തൊഴില്‍ കിട്ടാന്‍ കഠിന പരിശ്രമം നടത്തിയ സ്ത്രീകള്‍ അത് കിട്ടാതായപ്പോള്‍ തൊഴില്‍ സേനയില്‍നിന്ന് പിന്മാറിയിട്ടുണ്ടാകണം. വലിയൊരു വിഭാഗം സ്ത്രീകള്‍ വീട്ടിലിരുന്നുള്ള ജോലികളില്‍ ഏര്‍പ്പെടുകയാണ്. പക്ഷേ, തൊഴിലാളികള്‍ എന്ന നിലയില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടാവില്ല. സാമ്പത്തിക ദുരിതംമൂലം സ്ത്രീകള്‍ പ്രവാസികളാകുന്നത് വര്‍ധിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. ഇതും അവരെ അദൃശ്യരാക്കുന്നു; അത് കണ്ടെത്തപ്പെട്ടിട്ടുമില്ല. എന്നാല്‍ അവശേഷിക്കുന്ന കണക്കുകളില്‍നിന്ന് ഉദാരവല്‍ക്കരണം സാമ്പത്തിക മണ്ഡലത്തില്‍ ഇന്ത്യന്‍ സ്ത്രീകളെ സഹായിച്ചിട്ടുണ്ട് എന്ന അവകാശവാദത്തിന് സത്യവുമായി വിദൂരബന്ധംപോലുമില്ലെന്ന് വ്യക്തമാകുന്നു. തൊഴില്‍സേനയില്‍നിന്ന് വലിയൊരുവിഭാഗം സ്ത്രീകള്‍ അപ്രത്യക്ഷമായത് ദുരിതത്തിന്റെ സൂചനയാണ്; ഇതു സംബന്ധിച്ച് കൂടുതല്‍ ആഴത്തിലുള്ള വിശകലനം ആവശ്യമുണ്ട്. സ്ത്രീകളുടെ അധ്വാനത്തെ കുറഞ്ഞ കൂലി നല്‍കി ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര മൂലധനത്തിന്റെ മാനുഫാക്ചറിങ് കേന്ദ്രങ്ങളായി മാറിയിട്ടുള്ള രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ അനുഭവമെങ്കിലും തൊഴിലവസരങ്ങളെയും കൂലിയെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല; നേരെമറിച്ച് ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. തൊഴില്‍ കരാറുകളുടെ താല്‍ക്കാലികവല്‍ക്കരണ പ്രവണത ജോലിയുടെയും കൂലിയുടെയും കാര്യത്തിലുള്ള തകര്‍ച്ചയുടെ സൂചനയാണ്.

വീട്ടുവേലകളില്‍ ഉള്‍പ്പടെ കൂലിയില്ലാ വേലചെയ്യുന്നതില്‍ ആനുപാതികമായല്ലാതെ കൂടുതല്‍ സ്ത്രീകള്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുന്ന പുരുഷ മേധാവിത്വപരമായ സങ്കല്‍പനങ്ങളും പ്രയോഗങ്ങളും നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഒട്ടേറെ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ വേലിക്കെട്ടുകള്‍ തകര്‍ത്ത് അളവറ്റ ധീരതയും സംരംഭകത്വവും പ്രദര്‍ശിപ്പിക്കുന്ന യുവ തലമുറയിലെ സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ച് നാം അഭിമാനം കൊള്ളുമ്പോള്‍തന്നെ, ഈ നേട്ടങ്ങള്‍പോലും ജനസംഖ്യയിലെ വളരെ ചെറിയൊരു വിഭാഗത്തില്‍ മാത്രം പരിമിതപ്പെട്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്തിക സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ നവലിബറല്‍ നയങ്ങള്‍ തെളിയിക്കുന്നത് ഈ നയത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ സ്ത്രീകള്‍ക്ക് പുരോഗതി കൈവരിക്കാനാകൂ എന്നാണ്.

*


ബൃന്ദ കാരാട്ട്

No comments: