Tuesday, May 7, 2013

ഗുജറാത്തിന്റെ കറുത്ത മോടി

ഗുജറാത്തില്‍നിന്ന് കേരളത്തിന് എന്തെങ്കിലും പഠിക്കാനുണ്ടോ? മന്ത്രി ഷിബു ബേബിജോണിന് എന്തു പാഠമാകും കേരള മുഖ്യമന്ത്രിക്കു കൈമാറാന്‍ മോഡി നല്‍കിയിരിക്കുക? പ്ലാനിങ് കമീഷന്റെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ ചേര്‍ത്ത കണക്ക് കാണുക (പട്ടികയില്‍).
 
ഏതൊരു സമൂഹത്തിന്റെയും ജീവിത ഗുണനിലവാരത്തിന്റെ സൂചകങ്ങളാണ് ഈ പട്ടികയില്‍. കുറഞ്ഞ ഭക്ഷണവും താഴ്ന്ന വിദ്യാഭ്യാസവും മോശപ്പെട്ട വൈദ്യസഹായവും കുറഞ്ഞവേതനവുമുള്ള ഒരു ജനതയ്ക്ക് ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കും; ശിശുമരണ നിരക്ക് കൂടുതലും. ജനനനിരക്കും മരണനിരക്കും ഉയര്‍ന്നതായിരിക്കും. ഇതാണ് ഗുജറാത്ത് നല്‍കുന്ന പാഠം. നേരെ എതിര്‍ചിത്രമാണ് കേരളം സമ്മാനിക്കുന്നത്. കേരളീയനേക്കാള്‍ പത്തുകൊല്ലം കുറവാണ് ഗുജറാത്തുകാരന്റെ ആയുര്‍ദൈര്‍ഘ്യം. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 48 പേര്‍ ഒരു വയസ്സ്് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മരണപ്പെടുന്നു. ഗുജറാത്തിലെ ശിശുമരണനിരക്കിന്റെ നാലിലൊന്നുമാത്രമാണ് കേരളത്തില്‍. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചപ്പോള്‍ ഗുജറാത്തിലെ സാക്ഷരതാനിരക്ക് 79 ശതമാനം മാത്രമാണ്. സ്ത്രീകളില്‍ 71 ശതമാനത്തിനേ എഴുത്തും വായനയും അറിയൂ. കേരളത്തില്‍ 92 ശതമാനം സ്ത്രീകള്‍ സാക്ഷരരാണ്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണ്.

ജനങ്ങള്‍ക്ക് സ്ഥിരമായ ജോലിയും ന്യായമായ കൂലിയും ഉണ്ടെങ്കിലേ പ്രസവിക്കുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ഉറപ്പാക്കാനാകൂ. ഭക്ഷണവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പോഷകാഹാരക്കുറവ് മറികടക്കാന്‍ അത്യാവശ്യമാണ്. 2011ല്‍ ദേശീയ മനുഷ്യവികസന റിപ്പോര്‍ട്ട് പോഷകാഹാരക്കുറവ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗുജറാത്താണ്. അഞ്ചുവയസ്സ് തികയാത്ത കുഞ്ഞുങ്ങളില്‍ 69.7 ശതമാനം പേരും പോഷകാഹാരക്കുറവുമൂലം വിളര്‍ച്ചാരോഗ ബാധിതരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 45 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്ത തൂക്കമില്ല. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ലേഖകന്‍ നരേന്ദ്ര മോഡിയോട് ഉന്നയിച്ച ചോദ്യവും അതിന് മോഡി നല്‍കിയ മറുപടിയും ഏറെ വിവാദം സൃഷ്ടിച്ചതാണ്. സാമ്പത്തികവളര്‍ച്ച കൈവരിച്ച ഗുജറാത്തില്‍ എന്തുകൊണ്ടാണ് ഭൂരിപക്ഷം കുഞ്ഞുങ്ങളും മെലിഞ്ഞ് വിളര്‍ത്ത് ഇരിക്കുന്നത് എന്നാണ് ലേഖകന് അറിയേണ്ടിയിരുന്നത്. ഗുജറാത്തുകാര്‍ സസ്യഭുക്കുകളാണെന്നും അവര്‍ സൗന്ദര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും ആയതിനാല്‍ വണ്ണം വയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു "വികസന നായക"ന്റെ മറുപടി. അതിലൂടെ വിലപ്പെട്ട രണ്ടു വിജ്ഞാനശകലങ്ങളാണ് അദ്ദേഹം സാക്ഷരലോകത്തിന് നല്‍കിയത്. ഒന്ന് സസ്യാഹാരത്തില്‍ പോഷകമൂല്യം ഇല്ല. രണ്ട് വണ്ണമുള്ളവര്‍ സൗന്ദര്യ രഹിതരാണ്. ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയെ കോര്‍പറേറ്റുകളും അവ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഉയര്‍ന്ന വരുമാനക്കാരും മുക്തകണ്ഠം പ്രശംസിക്കുക മാത്രമല്ല, നരേന്ദ്രമോഡിയെ രാജ്യം മാതൃകയാക്കണമെന്നു ഉപദേശിക്കുകയും ചെയ്യുന്നു. എന്താണ് അതിനു കാരണം? യഥേഷ്ടം മൂലധനനിക്ഷേപം നടത്താന്‍ മോഡി അനുവദിക്കുന്നു. വന്‍കിട വ്യവസായികള്‍ക്കുമേല്‍ ഒരു നിയന്ത്രണവുമില്ല. വളരെ അയഞ്ഞ തൊഴില്‍ നിയമങ്ങളാണ് ഗുജറാത്തിലുള്ളത്. സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ (ഫ്രീ ഇക്കണോമിക് സോണ്‍) ഗുജറാത്തിലെ കൃഷിഭൂമിയുടെ 40 ശതമാനവും വന്‍കിട കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിച്ചു. വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിലൂന്നിയ വന്‍കിട വ്യവസായങ്ങളാണ് ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ആണിക്കല്ല്. വളര്‍ച്ചയ്ക്കുള്ള പരക്കംപാച്ചിലില്‍ സാധാരണക്കാരെ മോഡി നിര്‍ദാക്ഷിണ്യം കൈയൊഴിഞ്ഞു. മൂലധനനിക്ഷേപം, വന്‍കിട വ്യവസായങ്ങള്‍, ലാഭം, ഉല്‍പ്പാദനം- ഇവയാണ് മോഡിയുടെ വികസനമന്ത്രം. വികസനം സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്നുണ്ടോ എന്നത് അജന്‍ഡയിലില്ല. ഗുജറാത്ത് വ്യവസായവളര്‍ച്ച കൈവരിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗുജറാത്തിന്റെ ആഭ്യന്തരവരുമാനത്തില്‍ വ്യവസായമേഖലയുടെ സംഭാവന 36.1 ശതമാനമാണ്. കേരളത്തില്‍ 20.22 ശതമാനവും. ആഭ്യന്തരവരുമാന വളര്‍ച്ചയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. ഗുജറാത്തിലെ കഴിഞ്ഞ ആറുവര്‍ഷത്തെ ശരാശരി വളര്‍ച്ച നിരക്ക് 9.3 ശതമാനമാണ്. കേരളത്തിന്റേത് 8.43 ശതമാനവും. ഉയര്‍ന്ന വളര്‍ച്ച നിരക്ക് നരേന്ദ്രമോഡിയുടെ മാത്രം സംഭാവനയാണ് എന്നു കരുതേണ്ട. 2001ലാണ് മോഡി അധികാരത്തിലെത്തുന്നത്. അതിനുമുമ്പുതന്നെ ഗുജറാത്ത് ഭേദപ്പെട്ട വളര്‍ച്ച കൈവരിച്ചിരുന്നു. മോഡി, പ്രസ്തുത വളര്‍ച്ചയ്ക്ക് മുതലാളിത്തമുഖം നല്‍കി. അക്ഷരാര്‍ഥത്തില്‍ നവ ഉദാരവല്‍ക്കരണനയം നടപ്പാക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്ന് ഗുജറാത്തിലാണ്. വിദേശരാജ്യങ്ങളുമായി നല്ല കച്ചവടബന്ധം സ്ഥാപിക്കാന്‍ തുറമുഖത്തിന്റെ സാന്നിധ്യം സഹായിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചില്ലായിരുന്നെങ്കില്‍, സൂറത്ത് വ്യവസായ നഗരം രാജ്യത്തെ വ്യവസായവിപ്ലവത്തിന് തിരികൊളുത്തുമായിരുന്നു എന്നൊരു ചൊല്ലുതന്നെയുണ്ട്. വൈദ്യുതിയിലും എണ്ണയിലും സമ്പന്നമാണ് ഗുജറാത്ത്. പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമാണ്. ജാംഷെഡ്ജി ടാറ്റായുടെയും ധീരുഭായ് അംബാനിയുടെയും അസിം പ്രേംജിയുടെയും ജന്മനാടാണ്. അനുകൂല സാഹചര്യങ്ങള്‍ മോഡിയുടെ ശ്രമങ്ങള്‍ക്ക് അടിത്തറനല്‍കി.

2001-02 മുതല്‍ 2011-12 വരെ പത്തുകൊല്ലത്തിനിടയ്ക്ക് ആഭ്യന്തരവരുമാനം പ്രതിവര്‍ഷം 10 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍, ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി പരിഹാരമില്ലാതെ തുടരുന്നു. സാമ്പത്തികവളര്‍ച്ചകൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ല. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചികപ്രകാരം, ഗുജറാത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളം ദാരിദ്ര്യലഘൂകരണത്തില്‍ ഒന്നാം സ്ഥാനത്തും. 23 ശതമാനം ജനങ്ങള്‍ ഗുജറാത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു. കേരളത്തില്‍ 13 ശതമാനവും. സങ്കുചിതമായ അര്‍ഥത്തില്‍ ഗുജറാത്ത് സാമ്പത്തികവളര്‍ച്ച കൈവരുത്തുമ്പോഴും വളര്‍ച്ചയുടെ പ്രയോജനം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗത്തെ നരേന്ദ്രമോഡി സൃഷ്ടിച്ചു; പോഷകാഹാരവും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും നിഷേധിക്കപ്പെട്ട ഒരു തലമുറയെ. അങ്ങനെ നരേന്ദ്രമോഡി രണ്ടു ഗുജറാത്തിനെ സൃഷ്ടിച്ചു. സമ്പന്നരുടെ ഗുജറാത്തും ദരിദ്രരുടെ ഗുജറാത്തും. 2013-14 ലെ സംസ്ഥാന ബജറ്റിനുമുന്നോടിയായി അവതരിപ്പിച്ച സാമൂഹിക- സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു: ""2001 മുതല്‍ സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയോടു നീതിപുലര്‍ത്തുന്ന മുന്നേറ്റം മനുഷ്യവികസന രംഗത്ത് ഉണ്ടാക്കാനായില്ല. വികസനനേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകിയില്ല."" എന്താണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? വികസനം ഒരു വഴിയെ, ജനജീവിതാവസ്ഥ മറുവഴിയെ എന്നല്ലേ? ഗുജറാത്ത് "വികസനമാതൃക"യുടെ പ്രത്യാഘാതങ്ങള്‍ പലതാണ്. തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്നതാണ് പ്രധാന പ്രത്യാഘാതം.

നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം, 1993-94 മുതല്‍ 2004-05 വരെ പ്രതിവര്‍ഷം തൊഴിലവസരങ്ങളുടെ വര്‍ധന 2.69 ശതമാനമായിരുന്നു. എന്നാല്‍, 2004-05 മുതല്‍ 2009-10 വരെ തൊഴില്‍ലഭ്യതാ വളര്‍ച്ചാനിരക്ക് പൂജ്യം ശതമാനമായി ചുരുങ്ങി. സംഘടിതമേഖലയിലെ തൊഴിലവസരങ്ങള്‍ ഇടിഞ്ഞു. അപ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരും സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ ഭൂമിയും വരുമാനവും നഷ്ടമായവരും അസംഘടിതമേഖലയെ അഭയം പ്രാപിച്ചു. ഗുജറാത്തിലെ പുരുഷതൊഴിലാളികളില്‍ 89 ശതമാനവും സ്ത്രീത്തൊഴിലാളികളില്‍ 98 ശതമാനവും അസംഘടിതമേഖലയിലാണ് തൊഴിലെടുക്കുന്നത്. കുറഞ്ഞ കൂലിയും ജോലിസ്ഥിരതയില്ലായ്മയുമാണ് അസംഘടിതമേഖലയുടെ പ്രത്യേകത. ഗ്രാമങ്ങളിലെ പുരുഷ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 69 രൂപയും സ്ത്രീത്തൊഴിലാളികളുടേത് 56 രൂപയുമാണ്. പട്ടണങ്ങളില്‍ യഥാക്രമം 106 ഉം, 56 ഉം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ഉദാഹരണമായി, പ്രധാനനഗരമായ അഹമ്മദാബാദില്‍ ഉപഭോക്തൃവിലസൂചിക 2009-10ല്‍ 157 ആയിരുന്നു. 2012-13ല്‍ അത് 209 ആയി വര്‍ധിച്ചു. അതായത് 33 ശതമാനം വര്‍ധന, പ്രതിവര്‍ഷം 10 ശതമാനം നിരക്കില്‍. കര്‍ഷകത്തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2012-13 നകമുള്ള അഞ്ചുവര്‍ഷവും പ്രതിവര്‍ഷം 11.74 ശതമാനം നിരക്കില്‍ വര്‍ധിച്ചു.

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകേണ്ട പൊതുവിതരണ സമ്പ്രദായം ദുര്‍ബലമാണ്. ബിപിഎല്‍ കുടുംബത്തിന് ഒരാഴ്ച മൂന്നുരൂപ നിരക്കില്‍ ലഭിക്കുന്നത് മൂന്ന് കിലോ അരി മാത്രമാണ്. സ്പെഷ്യല്‍ അരി കിട്ടണമെങ്കില്‍ ഏഴുരൂപ നല്‍കണം. ഏഴുരൂപ നിരക്കില്‍ എട്ടുകിലോ അരി ലഭിക്കും. രണ്ടുരൂപ നിരക്കില്‍ 13 കിലോ ഗോതമ്പും. കേരളവും ഗുജറാത്തും തമ്മിലെ താരതമ്യം രണ്ടു ഗുണപാഠങ്ങള്‍ നമുക്കുനല്‍കുന്നു. ഒന്നാമതായി, മുതലാളിത്തപരമായ ഉല്‍പ്പാദനത്തില്‍ അധിഷ്ഠിതമായ സാമ്പത്തികവളര്‍ച്ച ജനജീവിതം മെച്ചപ്പെടുത്തുകയില്ല. ഗുജറാത്ത് നല്‍കുന്ന പാഠമാണത്.

രണ്ട്, സ്വത്തുടമാബന്ധങ്ങളിലെ മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തും. കേരളം നല്‍കുന്ന പാഠമാണിത്. ജന്മികള്‍ ഭൂമി കൈയടക്കിവച്ചിരുന്ന കാലത്തെ ജീവിതാവസ്ഥയും ഭൂപരിഷ്കരണത്തെതുടര്‍ന്ന് നിലവില്‍വന്ന ജീവിതാവസ്ഥയും തമ്മില്‍ അജഗജാന്തരമുണ്ട്. 1957ലെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കാരവും വിദ്യാഭ്യാസ പരിഷ്കാരവും കേരളീയ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും സാമൂഹ്യസുരക്ഷാപദ്ധതികളും റേഷന്‍ സമ്പ്രദായവും തൊഴില്‍ നിയമങ്ങളും സാധാരണക്കാരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. അവയുടെയെല്ലാം ആകത്തുകയാണ് ലോകം ആദരിക്കുന്ന കേരള വികസന മാതൃക.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 06 മേയ് 2013

No comments: