Thursday, May 9, 2013

പുതിയ കേരളത്തിനായി

കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പതു വര്‍ഷം പിന്നിടുന്നു. ഇക്കാലത്തിനിടയില്‍ ചെറുതല്ലാത്ത സ്വാധീനം കേരളത്തിന്റെ സാമൂഹ്യരംഗത്ത് ചെലുത്താന്‍ പരിഷത്തിനായിട്ടുണ്ട്. കേരളത്തെ പുറംലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറ്റിയ സുപ്രധാന സാമൂഹ്യ ഇടപെടലുകളില്‍ പരിഷത്തിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

പരിഷത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ സ്വീകരിച്ച രീതികളും പുതുമയുള്ളതായിരുന്നു. ശാസ്ത്ര ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും പുറമെ ഗ്രാമപത്രം, കലാജാഥ, ഗ്രാമപാര്‍ലമെന്റ്, ജനകീയ സംവാദങ്ങള്‍, ലഘുലേഖാ പ്രചാരണം, പുസ്തക ക്യാമ്പയിന്‍ തുടങ്ങിയവയില്‍ ചിലതെങ്കിലും കേരളം പരിചയപ്പെട്ടത് പരിഷത്തിലൂടെയാണ്. പരിഷത്തിന്റെ വളര്‍ച്ചയിലും ഇടപെടല്‍ശേഷി വര്‍ധിപ്പിച്ചതിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

പരിഷത്ത് മുന്നോട്ടു വച്ച ആശയങ്ങളിലും നിലപാടുകളിലും ചിലതില്‍ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പരിഷത്തിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളുടെ താല്‍പ്പര്യത്തിന് ഗുണകരമാണ് എന്ന മനോഭാവത്തിലൂന്നിയുള്ള പിന്തുണയാണ് പരിഷത്തിന് എക്കാലവും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും ട്രേഡ് യൂണിയന്‍- സര്‍വീസ് സംഘടനകളില്‍ നിന്നും ലഭിച്ചത്. സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ട് പരിഷത്ത് കേരള സമൂഹത്തിനുമുന്നില്‍ വയ്ക്കുന്ന മുദ്രാവാക്യം "വേണം മറ്റൊരു കേരളം" എന്നതാണ്. നിലവില്‍ കേരളം പുരോഗമിക്കുന്ന രീതിയോടുള്ള വിയോജിപ്പാണ് ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനം.

തൊണ്ണൂറുകളുടെ തുടക്കത്തോടെ പുത്തന്‍ സാമ്പത്തിക നയം എന്ന പേരില്‍ നവലിബറല്‍ നയങ്ങള്‍ രാജ്യത്തും കേരളത്തിലും അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അത് സംബന്ധമായ ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും മുന്നറിയിപ്പ് നല്‍കാനും പരിഷത്ത് തയ്യാറായി. പുതിയ നയങ്ങള്‍ കേരളത്തിന്റെ ഓരോ മേഖലയെയും എങ്ങനെ സ്വാധീനിക്കുമെന്നും സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ ദുരിതമയമാക്കുമെന്നും ചൂണ്ടിക്കാണിച്ച് നിരവധി ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ക്ലാസുകള്‍ സംഘടിപ്പിച്ചു. കലാജാഥകള്‍ നടത്തി. പേറ്റന്റ് സംബന്ധമായി പരിഷത്ത് അന്നുയര്‍ത്തിയ ആശങ്കകള്‍ സാധൂകരിക്കുന്നതാണ് ഔഷധരംഗത്തെ വിലക്കയറ്റം. വിദ്യാഭ്യാസ രംഗത്തെ വാണിജ്യവല്‍ക്കരണത്തിനെതിരെയും പരിഷത്ത് പ്രതിരോധമുയര്‍ത്തി.

2006 ല്‍ നടത്തിയ കേരളപഠനം നവലിബറല്‍ നയങ്ങളുടെ ഒന്നര പതിറ്റാണ്ടിനു ശേഷം കേരളീയര്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന അന്വേഷണമായിരുന്നു. ഇതോടൊപ്പം സൂക്ഷ്മതലത്തില്‍ ജനങ്ങളോടൊപ്പം നിന്ന് സാമൂഹ്യമായ ചില മുന്‍കൈ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പരിഷത്ത് ശ്രമിച്ചു. ഇതോടൊപ്പം പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, ജന്‍ഡര്‍, ഊര്‍ജം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സിദ്ധാന്തത്തെയും പ്രയോഗത്തെയും സംയോജിപ്പിച്ച് നടത്തിയ അന്വേഷണങ്ങളും ഇടപെടലുകളും കൂടിച്ചേര്‍ന്നപ്പോഴാണ് പരിഷത്തിന്റെ ഇന്നത്തെ വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുവന്നത്.

ശാസ്ത്രീയവും ജനപക്ഷപരവും എന്നതോടൊപ്പം സമഗ്രതയും ഈ നിലപാടിന്റെ സവിശേഷതയായി പരിഷത്ത് കരുതുന്നു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേരള വികസനത്തെ വീക്ഷിക്കുമ്പോള്‍ അപകടകരമായ ഒരു വികസന പാതയിലാണ് കേരളം നീങ്ങുന്നതെന്ന ബോധ്യമാണുണ്ടാവുക. അഖിലേന്ത്യാ ശരാശരിയേക്കാള്‍ താഴ്ന്ന നിരക്കില്‍മാത്രം സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഉയര്‍ന്ന ജീവിത ഗുണമേന്മ കൈവരിക്കാന്‍ കഴിഞ്ഞതിനെയാണല്ലോ നാം കേരളമാതൃക എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാലിന്ന്, കേരളം ഏറ്റവും ഉയര്‍ന്ന വളര്‍ച്ചനിരക്കുള്ള സംസ്ഥാനമാണ്. ഇത് ചൂണ്ടിക്കാട്ടിയും, ആഡംബര ഉപഭോഗ സാധനങ്ങളുടെ ലഭ്യതയിലും ജീവിതസൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള വര്‍ധനയില്‍ ആവേശഭരിതരായും നാം സമൃദ്ധിയുടെ പാതയിലാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, ഈ വികസനത്തിന്റെ അടിസ്ഥാനമെന്തെന്ന് അന്വേഷിക്കുമ്പോഴാണ് നാം അസ്വസ്ഥമാകുക. അടിസ്ഥാന വികസന മേഖലകളായ കൃഷിയും പരമ്പരാഗത- ചെറുകിട വ്യവസായങ്ങളും മുരടിക്കുകയും പിന്തള്ളപ്പെടുകയും ചെയ്യുന്ന, ആധുനിക വ്യവസായങ്ങള്‍ പുരോഗമിക്കാത്ത ഇന്നത്തെ കേരളത്തില്‍ ജനങ്ങള്‍ തൊഴിലിനും വരുമാനത്തിനുമായി മുഖ്യമായി ആശ്രയിക്കുന്നത് നിര്‍മാണമേഖലയും ഉപഭോഗ ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമാണ്. ഇതിനുള്ള സാമ്പത്തിക സ്രോതസ്സാകട്ടെ 60,000 കോടി രൂപ വരുന്ന വിദേശ ഇന്ത്യക്കാരയക്കുന്ന പണവും പിന്നെ ബാങ്ക് നിക്ഷേപവുമാണ്. ഇവയുടെ മള്‍ട്ടിപ്ലയര്‍ ഇഫക്ടിലൂടെയാണ് കേരളത്തില്‍ വരുമാനം സൃഷ്ടിക്കപ്പെടുന്നത്.

ജനങ്ങളുടെ വരുമാനം മാത്രമല്ല, സര്‍ക്കാരിന്റെ വരുമാനവും അപ്രകാരംതന്നെ. വികസനത്തിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനം യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടതല്ല എന്നതാണ് മറ്റൊരു അപകടകരമായ വസ്തുത. 14 ലക്ഷത്തോളം വീടുകള്‍ അടച്ചുപൂട്ടിക്കിടക്കുന്ന കേരളത്തില്‍ ഫ്ളാറ്റുകളും കെട്ടിടങ്ങളും ഉയരുന്നത് താമസിക്കാനോ ഏതെങ്കിലും തൊഴിലിടങ്ങളോ ആയല്ല. കൂടുതല്‍ ഉയര്‍ന്ന വിലയ്ക്ക് നാളെ കൈമാറാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിന്‍ മേലുള്ള ഊഹക്കച്ചവടത്തിലെ നിക്ഷേപമായാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ അനിശ്ചിതത്വത്തിന്റെ മുള്‍മുനയിലേക്ക് നയിക്കുകയാണ് ഈ വികസനം എന്നതാണ് യാഥാര്‍ഥ്യം. നാടിന്റെ മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിക്കപ്പെടുന്ന കാര്‍ഷികവൃത്തിക്ക് പകരം മണ്ണും മണലും കല്ലും ജലവും അമിതമായി ചൂഷണംചെയ്യേണ്ടുന്ന, നിര്‍മാണമേഖല പുരോഗമിക്കുമ്പോള്‍ നെല്‍വയലുകള്‍ നികത്തപ്പെടുന്നു, തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നു, കുന്നുകള്‍ നികത്തപ്പെടുന്നു. അവശേഷിക്കുന്ന വനസമ്പത്തില്‍പോലും കൈയേറ്റമുണ്ടാകുന്നു. കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് വ്യാപകമായി അരങ്ങേറുന്നത്.

വര്‍ഷത്തില്‍ മൂന്ന് മീറ്ററിലേറെ മഴ ലഭിച്ച കേരളം ഫെബ്രുവരിയോടെതന്നെ വരള്‍ച്ചയുടെ പിടിയിലാകുന്നത് മറ്റൊന്നുംകൊണ്ടല്ല. കുടിവെള്ള സ്രോതസ്സുകളെ ഇല്ലാതാക്കുന്ന മുതലാളിത്ത വികസനം വെള്ളത്തിന്റെ ദൗര്‍ലഭ്യം ഉപയോഗപ്പെടുത്തി അതിനെ കച്ചവടവല്‍ക്കരിക്കാനുള്ള പുറപ്പാടിലാണ്. ഈ വിധം മുന്നോട്ടു പോയാല്‍ ഇന്നലെ ഭൂമിയും ഇന്ന് വെള്ളവുമെങ്കില്‍ നാളെ പ്രാണവായുവും കച്ചവടച്ചരക്കാകും. വളര്‍ച്ചയില്‍മാത്രം ഊന്നിയ സാമ്പത്തിക പുരോഗതിയുടെ ആവശ്യം വര്‍ധിച്ച തോതിലുള്ള ഉല്‍പ്പാദനമാണ്. ഉപയോഗിക്കാനും വലിച്ചെറിയാനും പ്രേരിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കപ്പെടുമ്പോള്‍ നാട് മാലിന്യക്കൂമ്പാരമായി മാറുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ ഓരോ വര്‍ഷവും ഭീതിയിലാഴ്ത്തുന്നു. ആരോഗ്യമെന്നാല്‍ ആശുപത്രിയും ഡോക്ടറും മരുന്നുമാണെന്ന പഴയ സമവാക്യത്തിനാണ് നവലിബറല്‍ കാലഘട്ടത്തില്‍ മേല്‍ക്കൈ. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന വിഭാഗങ്ങള്‍ തങ്ങളുടെ ഭൂമി കൈമാറ്റംചെയ്യുന്നത് മുഖ്യമായും ചികിത്സാച്ചെലവിലേക്കാണെന്നാണ് പരിഷത്തിന്റെ കേരളപഠനത്തിലൂടെ വ്യക്തമാകുന്നത്.

കേരളം അഭിമാനകരമായി ചൂണ്ടിക്കാണിക്കാറുള്ള വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പുരോഗതിക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത് ഇവിടെയുണ്ടായ വര്‍ധിച്ച തോതിലുള്ള സാമൂഹ്യ ഇടപെടലുകളാണ്. ജനകീയ സര്‍ക്കാരുകള്‍ നടപ്പാക്കിയ ക്ഷേമനടപടികളും അടിസ്ഥാന വിഭാഗങ്ങള്‍ നടത്തിയ ജനകീയ സമരങ്ങളും ആണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. എന്നാല്‍, അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതില്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ചും സംരക്ഷിച്ചും നടത്തിയ സാമൂഹ്യമായ മുന്‍കൈ പ്രവര്‍ത്തനങ്ങളും അതിനെല്ലാം ആവശ്യമായ സാമൂഹ്യബോധവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയും സൃഷ്ടിച്ച സാസ്കാരിക ഇടപെടലുകളും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. ഇന്ന് അത്തരം മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായി. സംസ്കാരം എന്നാല്‍ വിനോദം മാത്രമായി. വിഭാഗീയതയും അന്ധവിശ്വാസങ്ങളും പ്രേരിപ്പിക്കുന്ന ജാതിമത ശക്തികളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ നല്ലൊരു ഭാഗവും. അയുക്തികതയും അരാഷ്ട്രീയതയും യുവാക്കളെ പിടികൂടിയിരിക്കുന്നു. മദ്യവും ചൂതാട്ടവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും നാടിന്റെ മുഖമുദ്രയാകുന്നു. ഈ സാഹചര്യത്തിലാണ് പരിഷത്ത് പുതിയൊരു കേരളത്തെക്കുറിച്ചുള്ള സ്വപ്നം മുന്നോട്ടു വയ്ക്കുന്നത്.

പുതിയ മാറ്റങ്ങളുടെ മുഖ്യപ്രേരക ശക്തി നവലിബറല്‍ നയങ്ങളായതിനാല്‍ കേരളത്തില്‍മാത്രമുള്ള ഒരു ചെറുത്തുനില്‍പ്പ് സാധ്യമോ എന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നു വരാം. നവലിബറല്‍ നയങ്ങള്‍ നാട്ടില്‍ വേരിറക്കിയത് രാഷ്ട്രീയമായ നടപടികളിലൂടെ മാത്രമല്ല. നമ്മുടെ ജീവിതരീതിയിലും ചിന്തയിലും കൂടി ഇടപെട്ടുകൊണ്ടാണ്. രാഷ്ട്രീയമായ ചെറുത്തുനില്‍പ്പുകള്‍ ദുര്‍ബലമാകുന്നതും അതിനാല്‍ത്തന്നെ. അതുകൊണ്ടുതന്നെ രാഷ്ട്രീയവും സാമൂഹ്യവും സാസ്കാരികവുമായ ചെറുത്തുനില്‍പ്പും ബദല്‍പ്രവര്‍ത്തനങ്ങളും ഒരേ സമയം ശക്തിപ്പെടുത്തിക്കൊണ്ടേ ഈ അപകടകരമായ വികസന രീതിയെ ചെറുക്കാനാവൂ. അതിനനുകൂലമായ രാഷ്ട്രീയ പാരമ്പര്യം കേരളത്തിലുണ്ട്. പ്രതിബദ്ധതയും അനുഭവജ്ഞാനവുമുള്ള ഒട്ടേറെപ്പേര്‍ വിവിധ മേഖലകളിലുണ്ട്. അവരെ ഒത്തൊരുമിപ്പിക്കാനും ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ശാസ്ത്ര വിജ്ഞാനത്തിന്റെയും ശാസ്ത്രബോധത്തിന്റെയും തലങ്ങള്‍ ഉള്‍ച്ചേര്‍ക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്.

*
ടി കെ ദേവരാജന്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments: