Thursday, May 30, 2013

കേരളത്തിലെ നീറോ ചക്രവര്‍ത്തിമാര്‍

രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന ഭരണാധികാരി എന്നത് കേരളത്തിലിപ്പോള്‍ സങ്കല്‍പ്പമല്ല; യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ ഒരുഭാഗത്ത് പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ ഓരോ ആഴ്ചയും മരിക്കുന്നു. മറ്റൊരു ഭാഗത്ത് ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കിരയായി ജനങ്ങള്‍ ഒടുങ്ങുന്നു. എന്നാല്‍, ഇതിലൊന്നും തെല്ലും ഉല്‍ക്കണ്ഠയില്ലാതെ കേരളത്തിന്റെ ഭരണാധികാരികള്‍ ഉപമുഖ്യമന്ത്രിസ്ഥാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നിലാവത്ത് ഉലാത്തുന്നു.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിയാവാന്‍ പറ്റുമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പറ്റുമോ? മുഖ്യമന്ത്രിക്ക് വകുപ്പുകള്‍ വല്ലതും നഷ്ടമാവുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അധികാരകേന്ദ്രങ്ങളില്‍ ചര്‍ച്ച. മരുന്നും ആഹാരവും കിട്ടാതെ മരിച്ചുവീഴുകയാണ് നിത്യവും ഈ കേരളത്തില്‍ പാവപ്പെട്ട മനുഷ്യര്‍. അതിവര്‍ക്ക് പ്രശ്നമേയല്ല. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലാകെ പരിഭ്രാന്തി പടര്‍ത്തി ഡെങ്കിപ്പനിയും മറ്റും പടരുന്നു. പന്ത്രണ്ട് പഞ്ചായത്തുകളില്‍ വ്യാപകമായിരിക്കുന്നു പകര്‍ച്ചവ്യാധി. 1300 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്‍കൂടി മരിച്ചതോടെ ഏഴായി മരണസംഖ്യ. എത്രപേര്‍ ആശുപത്രിയിലുണ്ട് എന്നതിന്റെ കണക്കെടുക്കാന്‍പോലും ഭരണസംവിധാനത്തിന് കഴിയുന്നില്ല. എന്ത് സജ്ജീകരണങ്ങളാണ് ഇതിനെ നേരിടാന്‍ ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമയമില്ല. അവരൊക്കെ തിരുവനന്തപുരത്ത് ഗ്രൂപ്പുചര്‍ച്ചയുടെ തിരക്കിലാണ്.

അട്ടപ്പാടിയില്‍ ഇതേക്കാള്‍ ഗുരുതരമാണ് സ്ഥിതി. ഈ മെയ്മാസത്തില്‍തന്നെ ആറ് കുഞ്ഞുങ്ങള്‍ മരിച്ചു. ഒന്നരവര്‍ഷത്തിനിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 43 ആയി. ആഹാരമില്ല. പോഷകാഹാരമില്ല, മരുന്നില്ല. തുടരെ മരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇത്രകാലത്തിനിടെ ഒരിക്കലെങ്കിലും അവിടേക്ക് തിരിഞ്ഞുനോക്കാന്‍ തോന്നിയിട്ടില്ല. മൂന്നുതവണ പാലക്കാടുവരെ ചെന്നിട്ടും അട്ടപ്പാടിയില്‍ പോയി ആദിവാസികള്‍ എങ്ങനെ കഴിയുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും നേരിട്ടു ചെന്ന് അന്വേഷിക്കണമെന്നു തോന്നിയില്ല. തന്റെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാനുള്ള ഗ്രൂപ്പ് ഉപജാപങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു നേരമില്ല. നീറോ ചക്രവര്‍ത്തി തോറ്റുപോകും ഇവരുടെ ജനദ്രോഹപരമായ നിര്‍വികാരതയ്ക്കു മുന്നില്‍. അട്ടപ്പാടിക്കായി പേരിനൊരു പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാവുന്നുണ്ടോ എന്നു നോക്കാന്‍ സംവിധാനമില്ല.

ആരോഗ്യം, കൃഷി, സാമൂഹ്യനീതി, പട്ടികവര്‍ഗം, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ഒരു ഏര്‍പ്പാടുമില്ല. മരുന്നോ പോഷകാഹാരങ്ങളോ ഊരുകളിലെത്തുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അട്ടപ്പാടിയില്‍ ദിവസങ്ങള്‍ ചെലവഴിച്ച് മനസിലാക്കി സര്‍ക്കാരിനെ എണ്ണമിട്ട് അറിയിച്ചു. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ അറിയിച്ചു. പക്ഷേ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതൊക്കെ നോക്കാന്‍ സമയമെവിടെ? ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഇളം കുഞ്ഞുങ്ങള്‍- ഇവര്‍ക്കൊക്കെ പോഷക മരുന്നു വേണം; പൂരകപോഷകം വേണം, ഇതര വൈദ്യസഹായങ്ങള്‍ വേണം- ഒന്നിനും സംവിധാനമില്ല. ഊരുകളിലൊന്നും തൊഴിലില്ല.

അഹാഡ്്സ് നിര്‍ത്തി. തൊഴിലുറപ്പുപദ്ധതി ഇല്ലാതാക്കി. ചെയ്ത തൊഴിലുറപ്പുപദ്ധതികള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട 25 ലക്ഷം കുടിശ്ശികയാക്കി. ജനങ്ങളുടെ വിഷമങ്ങളുടെ എരിതീയില്‍ ഇങ്ങനെ എണ്ണയൊഴിച്ചുകൊണ്ടേയിരിക്കുന്നു ഈ സര്‍ക്കാര്‍. റാഗി- ചാമ- ചോളം- വെരക്- തുവര- തിന തുടങ്ങിയവ ഊരുകളിലെത്തിക്കണം. ഒരു നടപടിയുമില്ല. ആശ വര്‍ക്കേഴ്സ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ സബ്സെന്ററുകളിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുനഃപരിശീലനം നല്‍കണം. അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്ക് വിവിധ സൗകര്യം നല്‍കണം. ഊരുകളിലെ കുട്ടികള്‍ക്ക് അങ്കണവാടിയില്‍നിന്ന് നല്‍കുന്ന ആഹാരത്തിനുള്ള ആറുരൂപ പന്ത്രണ്ടാക്കി ഉയര്‍ത്തണം. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കണം. പ്രാഥമിക ആശുപത്രികളെ ശക്തിപ്പെടുത്തണം. ആദിവാസികളെ കൃഷിക്കാരാക്കാന്‍ പാകത്തില്‍ പരമ്പരാഗതരീതികള്‍ കൂടി സ്വാംശീകരിച്ചു പദ്ധതിയുണ്ടാക്കണം.

ആവശ്യങ്ങള്‍ നിരവധിയാണ്. പരിഹരിക്കുന്ന കാര്യമിരിക്കട്ടെ; പരാതി കേള്‍ക്കാന്‍പോലും ആരുമില്ല എന്നതാണ് സ്ഥിതി. പട്ടികവര്‍ഗമന്ത്രി പേരിന് ഒന്നു സന്ദര്‍ശിച്ചു തിരിച്ചുപോയി. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യത്വമില്ലായ്മയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന നില തുടരാനനുവദിച്ചുകൂടാ. കേരളത്തിന്റെ പൊതുബോധം ഇക്കാര്യത്തില്‍ ഉണരണം. കോട്ടയം ജില്ലയില്‍നിന്നുള്ള വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. മെഡിക്കല്‍കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെ പനിവാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു. രോഗം പടരുന്നത് തടയാനും രോഗികളെ രക്ഷിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി നീങ്ങേണ്ട ഘട്ടമാണ്. എന്നാല്‍, അത് ഏകോപിപ്പിക്കേണ്ടവര്‍ മന്ത്രിസ്ഥാനമാറ്റങ്ങളുടെ ഏകോപനത്തിലാണ്.

ആരോഗ്യമന്ത്രി ഒരു യോഗപ്രഹസനം നടത്തി. അതും രണ്ടാഴ്ചമുമ്പ്. ജില്ലാപഞ്ചായത്തിനെപ്പോലും അറിയിക്കാതെ പേരിന് ഒരു യോഗം. അതില്‍തന്നെ അവലോകനമോ ആസൂത്രണമോ ഇല്ല. മന്ത്രിയുടെ ഒരു പ്രസംഗം. പിന്നെ യോഗം പിരിയല്‍. അത്രമാത്രം. രോഗികള്‍ വന്നുനിറയുമ്പോഴും ജില്ലാ ആശുപത്രിയില്‍ പുതുതായി പണിത വാര്‍ഡ് തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. അതിന് മന്ത്രിയുടെ നാടമുറിക്കല്‍ വേണം. അതിന് മന്ത്രിക്ക് സമയമുണ്ടാകുന്ന കാലമാവുമ്പോഴേക്ക് എത്രപേര്‍ മരിച്ചുവീഴും? അതാണ് ഉല്‍ക്കണ്ഠപ്പെടുത്തുന്ന ചോദ്യം. കൊടിവച്ച കാറില്‍ പറന്നുനടന്ന് മന്ത്രിസ്ഥാന സംരക്ഷണചര്‍ച്ച നടത്തുകയല്ല, മറിച്ച് ദുരിതത്തില്‍പ്പെട്ട ജനതയെ രക്ഷിക്കാനുള്ള ചര്‍ച്ച നടത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിര്‍വികാരജീവികളായ ഈ ആധുനിക നീറോമാര്‍ക്ക് ഇത് ജനങ്ങള്‍തന്നെ മനസിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: