Saturday, May 18, 2013

തകരുന്ന കൃഷി തളരുന്ന കര്‍ഷകന്‍

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ന്നുവന്നത് കര്‍ഷകജനതയില്‍നിന്നാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനും 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പുതന്നെ അതിശക്തമായ കര്‍ഷക കലാപങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. 1793ല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഒരുപിടി ജന്മിമാരില്‍ നിക്ഷിപ്തമാക്കി ഈസ്റ്റിന്ത്യാ കമ്പനി നടപ്പാക്കിയ സ്ഥിരം സെറ്റില്‍മെന്റ് സമ്പ്രദായം, സ്വന്തം ഭൂമിയില്‍ അധ്വാനിച്ചു കഴിയുന്ന കൃഷിക്കാരന് ഭൂമിയില്‍ ഒരവകാശവും ഇല്ലാതാക്കി. ഈ നിയമത്തിനെതിരെ 1807ല്‍ ആരംഭിച്ച കാര്‍ഷിക കലാപം ഡല്‍ഹി കലാപമെന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. 1855 ലെ സന്താള്‍ കലാപവും 1860 ലെ നീലം പണിമുടക്കും സുപ്രധാനങ്ങളായ കാര്‍ഷിക കലാപങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധികാരികളുടെ കാര്‍ഷിക ചൂഷണങ്ങള്‍ക്കെതിരെ 1736ല്‍ തിരുവിതാംകൂറില്‍ നടന്ന കാര്‍ഷിക കലാപം ഈസ്റ്റിന്ത്യാ കമ്പനി തലവന്‍ ഗിഫോര്‍ഡ് ഉള്‍പ്പെടെയുള്ളവരുടെ ജീവനാശത്തിലാണ് കലാശിച്ചത്. പഴശ്ശിരാജയുടെയും വേലുത്തമ്പിയുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരായ അതിശക്തമായ ചെറുത്തു നില്‍പ്പുകളായിരുന്നു. രാജ്യത്തെ കൃഷിഭൂമികളില്‍ വീണ വിയര്‍പ്പുമുത്തുകളില്‍നിന്നും രുധിരകണങ്ങളില്‍നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ബീജാവാപംചെയ്തത്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ശക്തമായ കാര്‍ഷിക കലാപങ്ങളാണ് 1917 ലെ ചമ്പാരന്‍ സത്യഗ്രഹവും 1921 ലെ മലബാര്‍ കര്‍ഷക കലാപവും 1928 ലെ ബര്‍ദോളി സത്യഗ്രഹവും. ഇതുകൂടാതെ ദേശീയശ്രദ്ധ ആകര്‍ഷിച്ചതും അല്ലാത്തതുമായ നിരവധി കാര്‍ഷിക കലാപങ്ങള്‍ക്ക് സ്വാതന്ത്ര്യപൂര്‍വ ഇന്ത്യ സാക്ഷ്യംവഹിച്ചു. ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന ഇന്ത്യയിലെ ഇടത്തരം- ചെറുകിട- നാമമാത്ര കര്‍ഷകരെല്ലാം 1922ലെ ചൗരിചൗരാ സംഭവത്തിനാധാരമായ നികുതി നിഷേധ സമരം ഏകപക്ഷീയമായി പിന്‍വലിച്ച ഗാന്ധിജിയുടെ നിലപാടിനോട് അസംതൃപ്തിയുള്ളവരായിരുന്നു. തൊഴിലാളികളും കര്‍ഷകരും ചേര്‍ന്നുള്ള പ്രക്ഷോഭങ്ങളിലൂടെമാത്രമേ ഇന്ത്യന്‍ കര്‍ഷകന് മോചനം നേടാന്‍ കഴിയുകയുള്ളൂവെന്ന ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പ്രചാരണം കര്‍ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങി. ഇതിന്റെ പരിസമാപ്തിയിലാണ് 1936 ജനുവരി 15ന് മീററ്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാന്‍സഭയുടെ ഒന്നാം സമ്മേളനം നടന്നത്. ഇ എം എസ്, നൃപന്‍ ചക്രവര്‍ത്തി, ലാല്‍ബഹദൂര്‍ ശാസ്ത്രി, ജയപ്രകാശ് നാരായണന്‍, സോഹന്‍ സിങ് എന്നീ പ്രമുഖ ദേശീയ നേതാക്കളടങ്ങുന്ന പ്രഥമ കിസാന്‍സഭ ദേശീയ ഘടകത്തിന്റെ പ്രസിഡന്റ് സഹജാനന്ദ സരസ്വതിയും സെക്രട്ടറി എം ജി രംഗയുമായിരുന്നു. 1936 ലെയും 1937 ലെയും മദ്രാസ് പട്ടിണിജാഥകള്‍, 1939-40 ലെ മലബാര്‍ പ്രക്ഷോഭവും കയ്യൂര്‍ സമരവും, 1946 ലെ പുന്നപ്ര-വയലാര്‍, തെലുങ്കാന തേഭാഗ സമരങ്ങള്‍ തുടങ്ങിയ കലാപങ്ങളുടെ പതാകാവാഹകരായത് കിസാന്‍സഭ സമരഭടന്മാരാണെന്നത് ചരിത്രസാക്ഷ്യം.

കേരള സംസ്ഥാന രൂപീകരണംവരെ തിരു-കൊച്ചി കര്‍ഷകസംഘവും മലബാര്‍ കര്‍ഷകസംഘവുമായാണ് കേരളത്തിലെ കര്‍ഷക പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെ 1956 ഡിസംബര്‍ 29, 30 തീയതികളില്‍ കേരള കര്‍ഷകസംഘത്തിന്റെ ഒന്നാം സമ്മേളനം ഷൊര്‍ണൂരില്‍ നടന്നു. ഒഴിപ്പിക്കല്‍ തടയുക, ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കുക, കടഭാരത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് രണ്ട് കൊല്ലത്തേക്ക് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുക, അതിനിടയില്‍ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരിക എന്നീ സുപ്രധാന നിര്‍ദേശങ്ങളാണ് സമ്മേളനം മുന്നോട്ടുവച്ചത്. തുടര്‍ന്ന് കര്‍ഷക താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും എതിരായും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ പതംവരുത്തിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. അധികാരത്തിലേറി ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കല്‍ തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും കേരള നിയമസഭയുടെ ആദ്യ നിയമനിര്‍മാണമായി കേരളാ സ്റ്റേറ്റ്ഓഫ് എവിക്ഷന്‍ പ്രൊസീഡിങ്സ് ആക്ട് എന്ന നിയമനിര്‍മാണം നടപ്പാക്കുകയുംചെയ്തു. 1958 ജൂലൈ 7ന് ജന്മികരം നിര്‍ത്തല്‍ചെയ്യുന്നതിനും കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ അവകാശം നല്‍കുന്നതിനും വേണ്ടി ജന്മികരം പേയ്മെന്റ് അബോളിഷന്‍ ആക്ട് നടപ്പാക്കി. ഭൂപരിഷ്കരണ ബില്‍ 1959 ജൂണ്‍ 10 ന് പാസാക്കി ജന്മിത്വ സമ്പ്രദായത്തെ നിയമപരമായി ഇല്ലായ്മചെയ്തു. 1958 ല്‍ തന്നെ കടാശ്വാസനിയമം പാസാക്കി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സ്വാഭാവികമായും വരേണ്യവര്‍ഗത്തിന്റെ കണ്ണിലെ കരടായി മാറി. അത് സര്‍ക്കാരിന്റെ പിരിച്ചുവിടലിലേക്ക് നയിച്ചത് ചരിത്രം.

എന്നാല്‍, കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പ്രക്ഷോഭങ്ങളായി വളര്‍ത്തി കര്‍ഷകസംഘം മുന്നേറി. ഇതിനിടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ്- ഇടതുപക്ഷ മന്ത്രിസഭകള്‍ പുരോഗമനപരമായ നടപടികളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും കര്‍ഷകര്‍ക്ക് താങ്ങും തണലുമായെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന രാഷ്ട്രീയ ഭരണമാറ്റം കാര്‍ഷിക മേഖലയുടെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്ന നയനിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷിക മേഖല ഊര്‍ധ്വശ്വാസം വലിക്കുകയാണ്.

1990-91ല്‍ സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വരുമാനത്തിന്റെ 26.9 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നായിരുന്നുവെങ്കില്‍ 2011-12 ല്‍ അത് 9.1 എന്ന സര്‍വകാല തകര്‍ച്ചയിലെത്തി. കാര്‍ഷിക സമ്പദ് വ്യവസ്ഥ എന്ന പേരുതന്നെ നഷ്ടമാകുന്ന ഗുരുതരമായ അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് 9-ാം പഞ്ചവത്സര പദ്ധതിക്കാലം മുതല്‍ കേരളം കടന്നുപോകുന്നത്. കേരളത്തില്‍ ഭൂവിനിയോഗ രീതിയില്‍ വന്ന മാറ്റം കൃഷിഭൂമിയുടെ വിസ്തൃതിയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ആകെ ഭൂവിസ്തൃതിയായ 38.86 ലക്ഷം ഹെക്ടറിന്റെ 56 ശതമാനംമാത്രമാണ് കൃഷിക്കനുയോജ്യമായിട്ടുള്ളത്. ഇതില്‍ 10 ലക്ഷം ഹെക്ടറും കൈകാര്യം ചെയ്യുന്നത് ഏകദേശം 70 ലക്ഷം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഇവരെല്ലാംതന്നെ 10 സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെമാത്രം കൃഷിഭൂമിയുടെ ഉടമകളാണ്.

അരിയുടെ ഉല്‍പ്പാദനവും നെല്‍കൃഷിയുടെ വിസ്തൃതിയും ഓരോ വര്‍ഷവും ഉല്‍ക്കണ്ഠാജനകമായ വിധത്തില്‍ കുറയുകയാണ്. 1974-75 ല്‍ 8.81 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചിരുന്ന നെല്‍കൃഷി 2011-12ല്‍ 2.08 ലക്ഷം ഹെക്ടറിലായി ചുരുങ്ങി. 2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷവും പ്രതിവര്‍ഷം 5000 മുതല്‍ 10,000 വരെ ഹെക്ടര്‍ നെല്‍വയല്‍ അപ്രത്യക്ഷമാവുകയാണ്. 75 ശതമാനം ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനത്താണ് ഇത് എന്നത് ശ്രദ്ധേയം.

നാളികേര കൃഷിയുടെ ഭൂവിസ്തൃതിയും വര്‍ഷം തോറും കുറഞ്ഞുവരുന്നു. നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിനോ തദ്ദേശീയമായ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനത്തിനുള്ള സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മാത്രമല്ല, ഊഹക്കച്ചവടവും അവധിവ്യാപാരവുമെല്ലാം കേരളത്തിലെ കുരുമുളക്, ഏലം കര്‍ഷകരെയടക്കം വന്‍ പ്രതിസന്ധിയിലാക്കി. രാജ്യത്തിന്റെ മൊത്തം കുരുമുളക് ഉല്‍പ്പാദനത്തിന്റെ 98 ശതമാനവും ഏലം ഉല്‍പ്പാദനത്തിന്റെ 78.8 ശതമാനവും കേരളത്തില്‍നിന്നാണെങ്കിലും കര്‍ഷകന് അര്‍ഹമായ ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. എന്നാല്‍, വിപണിയെ നിയന്ത്രിക്കുന്ന ഉത്തരേന്ത്യന്‍ ലോബിയുടെ താല്‍പ്പര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. കാപ്പി, തേയില, കശുമാവ് അടക്കമുള്ള കൃഷികളെല്ലാം ന്യായമായ വില ലഭിക്കാതെയും കൃഷിക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമല്ലാതെയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടയ്ക്ക, മരച്ചീനി, വാഴ, പച്ചക്കറി, കരിമ്പ്, പുകയില കര്‍ഷകരും പശു, ആട്, കോഴി, പന്നി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പുഷ്പ കൃഷി, മത്സ്യം വളര്‍ത്തല്‍ എന്നിവ ഉപജീവന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരടക്കം ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാതെയും കടക്കെണിയില്‍ അകപ്പെട്ടും ആത്മഹത്യയുടെ വക്കിലാണ്. 69 കേരളീയ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് അവരുടെ ചിതയ്ക്കുമുകളില്‍ നിന്ന് ചുടലനൃത്തം ചവിട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്.

1991ന് ശേഷം രാജ്യത്ത് നടപ്പാക്കിവരുന്ന പുത്തന്‍ സാമ്പത്തിക നയം, ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തേക്കാള്‍ വലിയ ദുരന്തങ്ങളിലേക്കാണ് കര്‍ഷക സമൂഹത്തെ നയിക്കുന്നത്. ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍, കാര്‍ഷിക മേഖലയുടെ കോര്‍പറേറ്റ് വല്‍ക്കരണം, സബ്സിഡികള്‍ വെട്ടിച്ചുരുക്കല്‍, കാര്‍ഷിക മേഖലയെ അവഗണിച്ചുള്ള വായ്പാ നയങ്ങള്‍, കര്‍ഷകരെ ശക്തമായി പിന്തുണയ്ക്കുന്ന സഹകരണ മേഖലയെ തകര്‍ക്കല്‍ എന്നിങ്ങനെ ബഹുമുഖ ആക്രമണമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കുനേരെ അഴിച്ചുവിടുന്നത്. പ്രകൃതിവിഭവങ്ങളെ യഥേഷ്ടം ചൂഷണംചെയ്ത് കൊള്ളലാഭം കുന്നുകൂട്ടുവാന്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ ഒത്താശയും നല്‍കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. കര്‍ഷകരടക്കമുള്ള സാമാന്യ ജനവിഭാഗങ്ങളെ വീണ്ടും അടിയാളന്മാരാക്കി മാറ്റുന്ന ഭരണവര്‍ഗ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി

No comments: