Saturday, May 18, 2013

ജനവഞ്ചനയുടെ രണ്ടുവര്‍ഷം

പട്ടിണിയും പോഷകാഹാരക്കുറവും കാരണം അട്ടപ്പാടിയില്‍ ആദിവാസികുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ "വികസനവും കരുതലും" എന്ന് വിളിച്ചുപറഞ്ഞ് രണ്ടാംവാര്‍ഷികം ആഘോഷിക്കുന്നത്. അഞ്ചുമാസത്തിനിടയില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ 35 കുഞ്ഞുങ്ങളാണ് ഭക്ഷണവും മരുന്നും കിട്ടാതെ പിടഞ്ഞുമരിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനനേട്ടത്തിന്റെ പ്രതീകമാണത്.

കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ കടുത്തദുരിതത്തിലാണ്. കുടിവെള്ളമെത്തിക്കാന്‍ എല്ലാ നടപടിയും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും, അതിന് പണം എത്രവേണമെങ്കിലും നല്‍കും, മുഖ്യമന്ത്രിതന്നെ എല്ലാ ജില്ലയിലും അവലോകനയോഗം നടത്തും എന്നെല്ലാമാണ് നിയമസഭയില്‍ ഉറപ്പുനല്‍കിയത്. എന്നാല്‍, തികഞ്ഞ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക നടപടികളുമില്ല; ദീര്‍ഘകാലപദ്ധതികളുമില്ല. പകരം, കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. രാത്രിയും പകലും പവര്‍കട്ടും ലോഡ്ഷെഡിങ്ങും. പുറമേ മണിക്കൂറുകള്‍ നീളുന്ന അപ്രഖ്യാപിത ലോഡ്ഷെഡിങ്. രണ്ടുവര്‍ഷംകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതിപോലും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തില്‍നിന്ന് അധിക വൈദ്യുതിവിഹിതം വാങ്ങിയെടുക്കുന്നതിലും യുഡിഎഫ് സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ടുവര്‍ഷത്തിനിടയില്‍ മൂന്നുതവണയാണ് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത്. കാല്‍ക്കോടിയോളം പുതിയ കണക്ഷന്‍ നല്‍കുകയും കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമാക്കുന്നതില്‍ ഏറെ മുന്നോട്ടുപോവുകയും ലോഡ്ഷെഡിങ് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്ത അഞ്ചുവര്‍ഷം കഴിഞ്ഞാണ് യുഡിഎഫ് അധികാരത്തില്‍ വന്നതും കേരളത്തെ ഇരുട്ടിലാക്കിയതും.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം കാരണം ജനജീവിതം പൊറുതിമുട്ടി. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന റേഷനരിയും ഗോതമ്പും സ്വകാര്യ ഗോഡൗണുകളിലേക്ക് തിരിച്ചുവിട്ട് അഴിമതി നടത്തുന്നു. സിവില്‍ സപ്ലൈസ് മന്ത്രിക്കെതിരെ ഒരുവര്‍ഷത്തിനകം നാല് വിജിലന്‍സ് കേസ് വന്നു. പൊതുവിപണിയില്‍ അരിവില 45 രൂപവരെയായി. പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും അഞ്ചും ആറും മടങ്ങ് വില വര്‍ധിച്ചു. മാവേലിസ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ല. സബ്സിഡി നല്‍കി വിപണിയില്‍ ഫലപ്രദമായി ഇടപെട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത്. കാര്‍ഷികമേഖല കടുത്ത തകര്‍ച്ചയിലാണ്. വരള്‍ച്ചമൂലം പതിനായിരക്കണക്കിന് ഏക്കറിലെ കൃഷി നശിക്കുന്നു. കൃഷിക്കാര്‍ കൊടിയ ദുരിതത്തിലായിട്ടും ആശ്വാസനടപടികളില്ല. പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട വെള്ളം നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. അതുമൂലം പാലക്കാട്ടെ മുപ്പതിനായിരത്തോളം ഏക്കര്‍ പാടത്തെ നെല്‍ക്കൃഷി ഉണങ്ങി. അരിയുടെ വിലവര്‍ധനയ്ക്കനുസൃതം നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, സംഭരിച്ച നെല്ലിന്റെ വില കൃഷിക്കാര്‍ക്ക് നല്‍കാതെ കുടിശ്ശികയാക്കി. കുട്ടനാട്ടിലെ കൃഷിക്കാര്‍ക്കുമാത്രം നൂറുകോടി രൂപ കുടിശ്ശികയാണ്. നാളികേരകര്‍ഷകര്‍ കണ്ണീര്‍ കുടിക്കുന്നു. ആദായവില നല്‍കി നാളികേരം സംഭരിക്കാനും മറ്റ് ആശ്വാസനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും കാരണം രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറോളം കൃഷിക്കാര്‍ ആത്മഹത്യചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികളിലൂടെ കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കിയിരുന്നു. യുഡിഎഫ് വന്നതോടെ വീണ്ടും പഴയ സ്ഥിതിയായി.

അതിവേഗം, ബഹുദൂരം എന്ന യുഡിഎഫിന്റെ വികസനമുദ്രാവാക്യം പരിഹാസവാചകമായി. വികസനരംഗത്ത് ഇത്രയും നിഷ്ക്രിയമായ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ല. നിര്‍മാണം തുടങ്ങാവുന്ന അവസ്ഥയിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ നില. എന്നാല്‍, രണ്ടുവര്‍ഷംകൊണ്ട് ദുബായില്‍ പോയി രണ്ട് യോഗം നടത്തിയതല്ലാതെ പദ്ധതിയില്‍ അല്‍പ്പംപോലും പുരോഗതിയുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തര പരിശ്രമംമൂലമാണ്് സ്ഥലം ഏറ്റെടുത്ത് വല്ലാര്‍പാടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട നിയമസങ്കീര്‍ണതകളും പല തടസ്സവും കാരണം പദ്ധതി പ്രയോജനരഹിതമാകുന്ന സ്ഥിതിയാണ്. അത് പരിഹരിക്കാന്‍ ഒന്നുംചെയ്യുന്നില്ല. പ്രകൃതിവാതകം കൊണ്ടുപോകുന്നതിനുള്ള പൈപ്പുലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും എസ്ബിടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി 450 കോടി രൂപ നീക്കിവച്ച് അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ ആരംഭിച്ചതുമാണ്. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അതില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുപോയില്ലെന്നുമാത്രമല്ല, പദ്ധതി അനിശ്ചിതത്വത്തിലുമായി. തൂത്തുക്കുടിയില്‍ പുതിയ തുറമുഖത്തിന് 3500 കോടി രൂപയാണ് കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്. വിഴിഞ്ഞം പദ്ധതിക്കനുകൂലമായി കേന്ദ്രബജറ്റില്‍ ഒരു വാചകം പറയിക്കാന്‍പോലും യുഡിഎഫിന് കഴിഞ്ഞില്ല. വിഴിഞ്ഞം പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. അതിന്റെ വെളിച്ചത്തിലെങ്കിലും കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടാകണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചില്ല.

കൊച്ചി മെട്രോയുടെ അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ആരംഭിച്ചതാണ്. സ്ഥലം അക്വയര്‍ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അടിസ്ഥാനസൗകര്യപ്രവൃത്തികള്‍ക്ക് 150 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഇ ശ്രീധരനെ പുകച്ച് പുറത്തുചാടിക്കാനും ഡിഎംആര്‍സിയെ ഒഴിവാക്കാനും വൃത്തികെട്ട കളികളിച്ച് പദ്ധതിയുടെ നിര്‍മാണം രണ്ടുവര്‍ഷം വൈകിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്നാണ് പാലക്കാട് കോച്ച്ഫാക്ടറി അനുവദിച്ചത്. അതിന് ആവശ്യമായ സ്ഥലം എല്‍ഡിഎഫ് സര്‍ക്കാര്‍ ലഭ്യമാക്കി. 5000 കോടി രൂപ ചെലവില്‍ വന്‍കിട വ്യവസായപദ്ധതിയായി വിഭാവനംചെയ്ത കോച്ച്ഫാക്ടറി ചെറുകിടപദ്ധതിയാക്കി ചുരുക്കുകയും പിറവം ഉപതെരഞ്ഞെടുപ്പുഘട്ടത്തില്‍ പാലക്കാട് കോട്ടമൈതാനത്തുവച്ച് ശിലാസ്ഥാപനപ്രഹസനം നടത്തുകയും ചെയ്തു. എന്നാലിപ്പോള്‍ ആ പദ്ധതിയും അനിശ്ചിതത്വത്തിലാണ്. ചേര്‍ത്തലയിലെ നിര്‍ദിഷ്ട വാഗണ്‍ നിര്‍മാണ യൂണിറ്റിനെപ്പറ്റി കേള്‍ക്കാനേയില്ല. പതിനാറ് ലോക്സഭാ അംഗങ്ങളുണ്ടായിട്ടും എട്ടുപേര്‍ കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടും കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് അറുതിവരുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുക്കുകയും എല്ലാ അനുമതിയും നേടുകയും ഓഹരിമൂലധനം സ്വരൂപിക്കുകയും ചെയ്ത കണ്ണൂര്‍ വിമാനത്താവളപദ്ധതിയുടെ നിര്‍മാണം തുടങ്ങുന്നതിന് ഈ സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുനീക്കിയില്ല. അതേസമയം, ഭൂപരിധിനിയമം ലംഘിച്ചും തണ്ണീര്‍ത്തടം നികത്തിയും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് ഭൂമാഫിയയെ സഹായിക്കുന്നതിന് നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐകകണ്ഠ്യേന കൊണ്ടുവന്ന നീര്‍ത്തടം- പാടംനികത്തല്‍വിരുദ്ധ നിയമം അട്ടിമറിച്ചു. 2005 വരെ പാടവും തണ്ണീര്‍ത്തടങ്ങളും നികത്തിയതിന് നിയമപരമായി സാധൂകരണം നല്‍കി. കശുമാവിന്‍തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍നിന്ന് ഒഴിവാക്കി.

നെല്ലിയാമ്പതിയില്‍ അനധികൃതമായി വനഭൂമിയും തോട്ടഭൂമിയും കൈയടക്കി വച്ചവര്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍പദ്ധതി റദ്ദാക്കുകയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കുകയും പെന്‍ഷന്‍ഫണ്ട് കോര്‍പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ അവസരമൊരുക്കുകയും ചെയ്തു. ലക്ഷക്കണക്കിന് യുവാക്കളുടെ താല്‍പ്പര്യം പരിഗണിക്കാതെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചു. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിലും വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ അതിവേഗം- ബഹുദൂരം നയം പ്രാവര്‍ത്തികമായത്. സഹകരണമേഖലയിലെയും ഉന്നതവിദ്യാഭ്യാസരംഗത്തെയും ജനാധിപത്യം അട്ടിമറിച്ചു. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ പഴയ ജിമ്മിന്റെ മാതൃകയില്‍ കൊച്ചിയില്‍ നടത്തിയ എമര്‍ജിങ് കേരള പ്രഹസനമായി. കോടിക്കണക്കിന് രൂപ ചെലവഴിച്ചുനടത്തിയ പരിപാടി വെറും ധൂര്‍ത്താണെന്ന് വ്യക്തമായി. അതിലൂടെ പുതിയ ഒരു പദ്ധതിപോലും വന്നില്ല. വര്‍ഗീയ- സാമുദായികശക്തികള്‍ക്ക് പൂര്‍ണമായും കീഴ്പെട്ട് കേരളത്തിന്റെ സൈ്വരം കെടുത്തുകയും സാംസ്കാരികജീര്‍ണത സൃഷ്ടിക്കുകയും ചെയ്യുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പുകളിലും ജയിക്കുന്നതിന് തരാതരം വര്‍ഗീയ- സാമുദായികപ്രീണനം നടത്തിയതിന്റെ ദുഷ്ഫലം പ്രകടമായിത്തുടങ്ങി. ഒരു മറയുമില്ലാതെ സാമുദായിക- വര്‍ഗീയശക്തികള്‍ ഭരണത്തില്‍ ഇടപെടുകയും വിലപേശുകയും ചെയ്യുന്നു. പെണ്‍വാണിഭവും മാഫിയകളുടെ അഴിഞ്ഞാട്ടവും കവര്‍ച്ചകളും കൊലപാതകങ്ങളും വര്‍ധിച്ച് ക്രമസമാധാനനില പാടേതകര്‍ന്നു. നിയമനത്തിനും സ്ഥലംമാറ്റത്തിനും കോഴ കൊടുത്തേ പറ്റൂ എന്ന സ്ഥിതിവന്നു. പിഎസ്സിയെ അവഗണിച്ച് പിന്‍വാതില്‍നിയമനം പൊടിപൊടിക്കുന്നു. എല്ലാ രംഗത്തും അഴിമതി കൊടികുത്തിവാഴുന്നു. അഴിമതിക്കാരെ സംരക്ഷിക്കുകയും കേസുകള്‍ തേച്ചുമാച്ചുകളയുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നുമാത്രമല്ല, പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്നു.

സൂര്യനെല്ലിക്കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍, പി ജെ കുര്യനെതിരെ പുതിയ തെളിവുകള്‍ പുറത്തുവന്നിട്ടുപോലും തുടരന്വേഷണം നടത്താന്‍ തയ്യാറായില്ല. കെ ബി ഗണേശ്കുമാര്‍ ക്രൂരമായി മര്‍ദിച്ചതായും മന്ത്രിമന്ദിരം അനാശാസ്യത്തിന് ഉപയോഗിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും ഗണേശിനനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ്, ഈ രണ്ട് സംഭവത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഐസ്ക്രീം കേസിലെ പുനരന്വേഷണത്തില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടും കേസ് റദ്ദാക്കാന്‍ കോടതിയില്‍ പൊലീസിനെക്കൊണ്ട് ഹര്‍ജി നല്‍കിക്കുന്നതിനും ഈ കാലയളവ് സാക്ഷ്യംവഹിച്ചു. എല്ലാ അര്‍ഥത്തിലും ജനവഞ്ചന മുഖമുദ്രയാക്കിയ ഭരണമാണ് രണ്ടുവര്‍ഷമായി നടക്കുന്നത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

No comments: