Wednesday, May 8, 2013

ലോകത്തിന്റെ മാറ്റവും മാറ്റത്തിന്റെ ലോകവും

""പുരോഗമനപരമായ ഒരു നയത്തിന് കഴിഞ്ഞ മുപ്പതുവര്‍ഷത്തെ സാമ്പത്തിക-സദാചാര ധാരണകളുമായി കൂടുതല്‍ വലിയൊരു വിച്ഛേദം നടത്തിയാല്‍ പോരാ; സാമ്പത്തിക വികാസം ഒരു ലക്ഷ്യമല്ല, മാര്‍ഗമാണെന്ന ബോധ്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അതിനാവശ്യം. ജനങ്ങളുടെ ജീവിതത്തെയും ജീവനസാധ്യതകളെയും പ്രത്യാശകളെയും അതെന്തു ചെയ്യുന്നു എന്നതാണ് ആ ലക്ഷ്യം"". 2009ല്‍ ലണ്ടനില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ എറിക് ഹോബ്സ്ബോം പറഞ്ഞു. വളരെ ലളിതമായ പ്രസ്താവം, എന്നാല്‍ തീര്‍ത്തും അടിസ്ഥാനപരം. ഒരേസമയം യാന്ത്രികമായ സാമ്പത്തിക നിര്‍ണയവാദത്തെയും സാമ്പത്തിക വികാസത്തെ സംബന്ധിച്ച നിയോ-ലിബറല്‍ അന്ധവിശ്വാസത്തെയും അതു ചോദ്യംചെയ്യുന്നു; ദേശീയ വരുമാനത്തിന്റെ വളര്‍ച്ചനിരക്കും അതിന്റെ ആളോഹരി ശരാശരിയുംകൊണ്ട് പുരോഗതിയെ അളക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ മൂലധനയുക്തിയെ വെല്ലുവിളിക്കുന്നു; ഭൂരിപക്ഷത്തിന്റെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കാത്ത എല്ലാ വികസനവും മുതലാളിത്തത്തെ മാത്രമേ ശക്തിപ്പെടുത്തുന്നുള്ളൂ എന്ന് തിരിച്ചറിയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള പല നാടുകളുടെയും വര്‍ത്തമാന വികാസത്തിന്റെ വിമൃഷ്ടി മുഴുവന്‍ ഈ സരള പ്രസ്താവത്തില്‍ നിന്നു വികസിപ്പിക്കാവുന്നതേയുള്ളൂ.

സോഷ്യലിസ്റ്റു വീക്ഷണത്തിന്റെ കാതല്‍ ഒട്ടും നഷ്ടപ്പെടാതെ ചരിത്രത്തെയും രാഷ്ട്രീയ-സാമ്പത്തിക പ്രയോഗങ്ങളെയും ചിലപ്പോഴൊക്കെ "മാര്‍ക്സിസ്റ്റ്" എന്നു കരുതപ്പെട്ട പ്രയോഗവിധങ്ങളെത്തന്നെയും വിമര്‍ശിക്കുന്നിടത്താണ് എറിക് ഹോബ്സ്ബോമിന്റെ ശക്തി കാണേണ്ടത്. ഈ വീക്ഷണം അദ്ദേഹത്തിനു കിട്ടിയത് മാര്‍ക്സില്‍നിന്നു തന്നെയാണ്. മാര്‍ക്സിന്റെയും ലെനിന്റെയും ഉത്തരങ്ങളെ അദ്ദേഹം ചിലപ്പോള്‍ സംശയിച്ചെന്നു വരാം. അവര്‍ തന്നെയും തങ്ങളുടെ ഉത്തരങ്ങള്‍ ആത്യന്തികവും സനാതനവുമാണെന്ന് കരുതിയവരായിരുന്നില്ലല്ലോ; എന്നാല്‍ മാര്‍ക്സിന്റെ ചോദ്യങ്ങള്‍ മാറിയ കാലത്തോടു ചോദിക്കുകയാണ് ഹോബ്സ്ബോം ചെയ്യുന്നത്. ചരിത്രത്തെ മുഴുവനോടെ കാണാനും അപഗ്രഥിക്കാനും കഴിയുമെന്ന മാര്‍ക്സിന്റെ ആശയം, തന്നെ എങ്ങനെ പ്രചോദിപ്പിച്ചുവെന്നും ചരിത്രത്തിന്റെ ഘടനയെയും പരിണാമ മാതൃകയെയും കുറിച്ചുള്ള മാര്‍ക്സിന്റെ മൗലികമായ കാഴ്ചപ്പാടുകള്‍ തന്നെ എങ്ങനെ ചരിത്രകാരനാക്കിയെന്നും അദ്ദേഹം ഗ്രന്ഥദീര്‍ഘമായ തന്റെ സംഭാഷണത്തില്‍ - "പുതിയ നൂറ്റാണ്ട്" എന്ന പേരില്‍ അന്റോണിയോ പോളിറ്റോവുമായി നടത്തിയ അഭിമുഖം - ആരംഭത്തിലേ വ്യക്തമാക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ ഹില്‍, മോറിസ് ഡോബ്, ഇ പി തോംപ്സണ്‍ തുടങ്ങിയ കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഗ്രൂപ്പുമായുള്ള സംബന്ധം ഈ താല്‍പ്പര്യം വളര്‍ത്താന്‍ സഹായിച്ചു. "ആനല്‍സ് സ്കൂളു"മായി സഹഭാവമുണ്ടായിരുന്നുവെങ്കിലും മാറുന്ന ചരിത്രത്തിലുള്ള തന്റെ വിശ്വാസവും മാറാത്ത ചരിത്രത്തിലുള്ള അവരുടെ വിശ്വാസവും തമ്മില്‍ വൈരുധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചരിത്രം നിരന്തര പരിണാമിയാണെന്നും അതുകൊണ്ടുതന്നെ വര്‍ത്തമാനകാലം അതിന്റെ "എത്തിച്ചേര"ലിന്റെ, അഥവാ അവസാനത്തെ മുഹൂര്‍ത്തമല്ലെന്നുമുള്ള വിശ്വാസം, ഓരോ സവിശേഷ സാമൂഹ്യസംവിധാനവും പ്രവര്‍ത്തിക്കുന്ന രീതിയും അത് മാറ്റം കൊണ്ടുവരികയോ കൊണ്ടുവരാതിരിക്കയോ ചെയ്യുന്നതിന്റെ കാരണങ്ങളും അപഗ്രഥിക്കാനുള്ള പ്രാപ്തി-ഇവയാണ് മാര്‍ക്സിയന്‍ ചരിത്രസമീപനത്തിന്റെ കേന്ദ്രബിന്ദുക്കള്‍. ലോകം എന്തുകൊണ്ട് ഒരു പ്രത്യേകരീതിയില്‍ വികസിച്ചു എന്ന് അതിനു പറയാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ ഒരു സമുദായത്തില്‍ ഒന്നിച്ചുചേരുന്ന ഭിന്നഘടകങ്ങള്‍ എങ്ങനെ ചരിത്രത്തിന്റെ ചാലകശക്തിയാകുന്നുവെന്ന്, അഥവാ പരിവര്‍ത്തനം തടയുന്നുവെന്ന് വിശദീകരിക്കാന്‍ അതിനു കഴിയും.

പതിനാറാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകള്‍ വരെ തുടര്‍ന്നുപോന്ന ദേശ-രാഷ്ട്രങ്ങളുടെ രൂപീകരണ പ്രക്രിയ തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ തിരിച്ചൊരു പരിണാമത്തിനു വിധേയമാകുന്നുവെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടു മുതലെങ്കിലും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര സ്വഭാവത്തെ അപ്രധാനമാക്കിക്കൊണ്ടാണ് ദേശ-രാഷ്ട്രങ്ങള്‍ വളര്‍ന്നത്. ഭരണകൂടത്തിന്റെ ശക്തിയും അധികാരവും ഇക്കാലത്ത് സര്‍വവ്യാപിയായി. അത് അറിവും അധികാരവും വികസിപ്പിച്ചു. കൂടുതല്‍ കൂടുതല്‍ ലോഭിയായി, ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിച്ചു. ഇടപെടലിന്റെ മേഖലകളും വികസിപ്പിച്ചു. ഭരണകൂടം നിയന്ത്രിക്കാത്തത് ഒന്നുമില്ലെന്നായി. നിയമവും രാഷ്ട്രീയവും അതു കൈയിലെടുത്തു, മറ്റെല്ലാ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി. ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ "കല്‍പിത സമൂഹ"ങ്ങളില്‍ പറയുംപോലെ ഓരോ ദേശത്തിനും അതിന്റെ കൊടിയും സൈന്യവും ദേശീയഗാനവും ദേശചിഹ്നങ്ങളും അതിര്‍ത്തികളും അംബാസഡര്‍മാരും ഭരണഘടനയും സെന്‍സസ്സുമുണ്ടായി. ദേശങ്ങളുടെ ജ്ഞാനാധികാരവ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മിഷേല്‍ ഫൂക്കോ തന്റെ ഏറെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലുംകൂടി - വിശേഷിച്ചും "ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്", "ബെര്‍ത് ഓഫ് ദി ക്ലിനിക്", "മാഡ്നെസ് ; സിവിലൈസേഷന്‍", "ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി" - പരിശോധിച്ചിട്ടുണ്ടല്ലോ. ജനങ്ങളെ സംബന്ധിച്ച ഓരോ അറിവും രാഷ്ട്രത്തെ ശക്തമാക്കുന്നു, സ്ഥിതിവിവരക്കണക്കുകളുടെ കോട്ടകൊത്തളങ്ങളില്‍ അധികാരം കൂടുതല്‍ സുരക്ഷിതമാകുന്നു. അടിയന്തരാവസ്ഥ പോലുള്ള ""അപവാദ സന്ദര്‍ഭ""ങ്ങളില്‍ ("സ്റ്റേറ്റ് ഓഫ് എക്സെപ്ഷന്‍": ജോര്‍ജിയോ അഗംബെന്റെ പ്രയോഗം) മാത്രമല്ല, സാധാരണ സന്ദര്‍ഭങ്ങളിലും എങ്ങനെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഭരണകൂട വസിമര്‍ശകര്‍ "ഭീകരവാദി"കളാകുന്നുവെന്നും കശ്മീരിനെക്കുറിച്ചൊരു വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നതുപോലും ബ്രിട്ടീഷുകാരുണ്ടാക്കിയ " സെഡീഷന്‍ ലോ"യുടെ കീഴില്‍ ശിക്ഷാര്‍ഹമാകുന്നുവെന്നും ചിലപ്പോള്‍ സ്വന്തം ജനതയ്ക്കുമേല്‍ ഭരണകൂടം എങ്ങനെ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും "ആധാര്‍ കാര്‍ഡു"പോലെ ജനോപകാരത്തിനെന്നു പറഞ്ഞു തുടങ്ങുന്ന പദ്ധതികള്‍പോലും ആത്യന്തികമായി എങ്ങനെ ഭരണകൂടാധികാരത്തെ ബലപ്പെടുത്തുന്നുവെന്നും ഇന്ത്യന്‍ അനുഭവം തന്നെ വെളിപ്പെടുത്തുന്നുണ്ടല്ലോ. സാധാരണ ജനങ്ങള്‍ കൂടുതലായി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാനാരംഭിച്ചുവെന്നത് ശരിതന്നെ. എന്നാല്‍ ഇതും ഭരണകൂടത്തിനുള്ള "സമ്മതി" (ഗ്രാംഷി പറയുന്ന "കണ്‍സെന്റ്") നേടിക്കൊടുക്കാനാണ് സഹായിച്ചത്. എന്തിന് യുദ്ധകാലങ്ങളില്‍ സ്വന്തം സ്വാതന്ത്ര്യം മാത്രമല്ല ജീവന്‍ പോലും ""രാഷ്ട്ര""ത്തിനായി ബലിയര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നിടത്തോളം ദേശീയതയുടെ പ്രത്യയശാസ്ത്രം ശക്തമായി. "ദേശീയവാദ"ത്തെക്കുറിച്ചുള്ള രബീന്ദ്രനാഥ് ടാഗൂറിന്റെ പ്രഭാഷണങ്ങള്‍ അതെങ്ങനെ ഒരാതുരാവസ്ഥയാകുന്നു ഏന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഭരണകൂടാധികാരം പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ പൗരന്റെയും സംഭാഷണം കേള്‍ക്കുവാനും ചലനങ്ങള്‍ നിരീക്ഷിക്കുവാനും കത്തുകളും ഇ-മെയിലുകളും വായിക്കാനുമെല്ലാം ഇന്ന് ഭരണകൂടത്തിനു കഴിയും. അതേസമയം ഭരണകൂടത്തെ വെല്ലുവിളിക്കാനും ജനവിഭാഗങ്ങള്‍ ചിലപ്പോഴെങ്കിലും തയ്യാറാകുന്നുണ്ട്. 1868-ല്‍ ഫ്രാന്‍സില്‍ നവ ഇടതുപക്ഷമാണ് അത് ചെയ്തതെങ്കില്‍ വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയില്‍ നടന്ന വന്‍ പ്രതിഷേധപ്രകടനങ്ങളും സമീപകാലത്ത് ഈജിപ്ത്, ടുണീഷ്യാ, ലിബിയ, മ്യാന്‍മാര്‍, ബഹ്റൈന്‍, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ സംഭവിച്ച ജനകലാപങ്ങളും ഈ പുതിയ ധൈര്യത്തിന്റെ സൂചനകളായി വായിക്കാം. ദേശീയ ഭരണകൂടത്താല്‍ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന കര്‍ത്തൃത്വരൂപങ്ങളെത്തന്നെ വെല്ലുവിളിച്ചുകൊണ്ടേ ജനാധിപത്യ കര്‍ത്തൃത്വങ്ങള്‍ സ്വരൂപിക്കാനാവൂ. നേരെമറിച്ച് ആഫ്രിക്കയിലും പശ്ചിമേഷ്യയിലും മധ്യേഷ്യയിലുമുള്ള പല നാടുകളിലും ഭരണകൂടമെന്നൊന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതേ ഇല്ലെന്നുമായിട്ടുണ്ട്. അല്‍ബേനിയ, ഉത്തര കോക്കസ്സസ്സ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെ സ്ഥിതി ഇതാണ്. ഇത് ചെച്നിയയിലെന്നപോലെ വംശയുദ്ധങ്ങളിലേക്കും നയിച്ചിട്ടുണ്ട്. പലപ്പോഴും സാമ്രാജ്യത്വഭരണം തകര്‍ന്ന നാടുകളിലാണ് ഇത്തരമൊരവസ്ഥ വന്നിരിക്കുന്നതെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്. ഭരണകൂടമേ ഇല്ലാതിരുന്ന സമൂഹങ്ങളാണ് പലപ്പോഴും ചെറുത്തുനില്‍ക്കുന്നതെന്നു പറയാം. മൊറോക്കോവിലെ ബെര്‍സെര്‍മാര്‍, അല്ലെങ്കില്‍ കുര്‍ദുകള്‍ ഉദാഹരണം. കമ്യൂണിസ്റ്റ്-ഭരണകൂടങ്ങള്‍ ക്രിസ്ത്യന്‍സഭയെപ്പോലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇടപെടുകയോ ജനങ്ങളെ പരിവര്‍ത്തനം ചെയ്യിക്കുകയോ ഉണ്ടായില്ലെന്നും ഹോബ്സ്ബോം നിരീക്ഷിക്കുന്നു. അതിനാല്‍ ജനഭൂരിപക്ഷം അരാഷ്ട്രീയരായിത്തുടര്‍ന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ സ്റ്റാലിനു കീഴിലുള്ള റഷ്യ മാത്രമാണ് ജനങ്ങള്‍ റഷ്യന്‍ ദേശീയത ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. യുദ്ധത്തില്‍ ജനങ്ങള്‍ അഭിമാനപൂര്‍വം പങ്കെടുക്കുകയും ചെയ്തു. ജര്‍മന്‍ യഹൂദരില്‍നിന്നു വ്യത്യസ്തരായി തങ്ങള്‍ ഹിറ്റ്ലറെ നിലംപറ്റിച്ചവരാണെന്ന അഭിമാനവുമായാണ് റഷ്യന്‍ യഹൂദര്‍ ഇസ്രയേലില്‍ പ്രവേശിച്ചത്.

ലോകത്തു സംഭവിക്കുന്ന ശൈഥില്യങ്ങള്‍ ഏറ്റവും മുതലാക്കിയത് അമേരിക്ക തന്നെയാണ്. പലപ്പോഴും ആ ശൈഥില്യങ്ങള്‍ക്ക് അത് കാരണമാവുകയോ അവയെ ത്വരിതപ്പെടുത്തുകയോ ചെയ്തു. അമേരിക്കയുടെ വ്യാവസായിക-സാമ്പത്തിക ശക്തിയും മാധ്യമാധികാരവുമെല്ലാം അതിന്റെ അധീശത്വത്തെ തുണച്ച ഘടകങ്ങളാണ്. അതില്‍ അമേരിക്കന്‍ ഉല്പന്നമായ പോപ്പ്-സംസ്കാരവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജീന്‍സ് മുതല്‍ പോപ്പ് മ്യൂസിക്കിന്റെ പല രൂപങ്ങള്‍ വരെ. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ, ഇന്റര്‍നെറ്റ്, ഇതിലൂടെ അമേരിക്കന്‍ ഇംഗ്ലീഷിന്റെ പ്രചാരം, ഇവ അമേരിക്കന്‍ അധീശത്വം സാധ്യമാക്കിയ മറ്റു ചില ഘടകങ്ങളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കേവലം സാമ്പത്തികലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ അമേരിക്കന്‍ അധീശത്വത്തിന് രാഷ്ട്രീയ-സാംസ്കാരിക ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. അമേരിക്കന്‍ വ്യവസ്ഥയെ ആഗോളമാതൃകയാക്കാനും അങ്ങനെ സോഷ്യലിസത്തെ ഇല്ലായ്മ ചെയ്ത് മൂലധനാധീശത്വം സ്ഥാപിക്കാനും ഇതിനനുകൂലമായ ധൈഷണിക-സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ആഗോളീകരണത്തിലൂടെ അവര്‍ ശ്രമിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളില്‍ സാംസ്കാരിക വിസ്മൃതി പടര്‍ത്തുക, മാധ്യമങ്ങള്‍ വഴി വാര്‍ത്തകളുടെയും വിവരങ്ങളുടെയും സ്വഭാവവും പ്രവാഹവും നിയന്ത്രിക്കുക, നവ ജനജാഗരണങ്ങളെ അടിച്ചമര്‍ത്തുക, വിജ്ഞാനത്തെ അധികാരവുമായി കൂടുതല്‍ കൂടുതലായി കണ്ണി ചേര്‍ക്കുക, സ്വന്തം ഭാഷയെ ലോകഭാഷയാക്കി അധികാരത്തിന്റെ ഏകഭാഷണം നടപ്പിലാക്കുക, സാംസ്കാരിക നാനാത്വത്തെയും രാഷ്ട്രീയ പ്രതിപക്ഷത്തെയും ഇല്ലാതാക്കുക - ഇത്തരം ലക്ഷ്യങ്ങള്‍ കൂടി കേവല സാമ്പത്തികലക്ഷ്യങ്ങള്‍ക്കപ്പുറം അമേരിക്കക്കുണ്ട്. തീര്‍ച്ചയായും തങ്ങളുടെ യുദ്ധവ്യവസായത്തെ നിലനിര്‍ത്താനായി യുദ്ധഭീതി സൃഷ്ടിക്കുകയെന്നതും അതിന്റെ ലക്ഷ്യം തന്നെ

അതേസമയം ഇരുപത്തൊന്നാം നൂറ്റാണ്ട് അമേരിക്കയുടേതായിരിക്കുമെന്ന് ഹോബ്സ്ബോം കരുതുന്നില്ല. അതിപ്പോള്‍ സ്വയം പ്രതിസന്ധിയിലാണ്. പഴയപോലുള്ള അധീശത്വം പ്രയാസമായിക്കൊണ്ടിരിക്കുകയുമാണ്. ചൈനയെപ്പോലുള്ള ശക്തികള്‍ കിഴക്കും യൂറോപ്യന്‍ യൂണിയന്‍ പടിഞ്ഞാറും അതിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഹോബ്സ്ബോമിന്റെ ഭാഷയില്‍ അപകടകരമായ ഒരു ചൂതുകളിയാണ് അമേരിക്ക നടത്തുന്നത്. അതു സൃഷ്ടിച്ച വിനാശശക്തികള്‍ അതിനുതന്നെ വിപത്കരമാകുന്നത് - താലിബാനെപ്പോലെ - നാം കണ്ടുവല്ലോ. ഇന്ത്യ ഒരു പ്രാദേശികശക്തി മാത്രമാണെങ്കിലും വിദൂരപൂര്‍വദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് കൂടുതല്‍ ശോഭനമായ സാമ്പത്തിക-സാംസ്കാരിക ഭാവിയുണ്ടെന്നാണ് ഹോബ്സ് ബോം അഭിപ്രായപ്പെടുന്നത്. ചൈന മുഖ്യമായും ഒരു കരശക്തിയായതിനാല്‍ സൈനികമായി അമേരിക്കയെ നേരിടാനതിനു പ്രയാസമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ("പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ അപചയം" എന്ന അധ്യായം, "പുതിയ നൂറ്റാണ്ട്").

ആഗോളീകരണത്തിന്റെ പ്രധാന വൈരുധ്യമായി ഹോബ്സ്ബോം കാണുന്നത് എല്ലാം എല്ലായിടത്തും ലഭ്യമായിരിക്കെത്തന്നെ എല്ലാം എല്ലാവര്‍ക്കും ലഭ്യമല്ലാത്ത അവസ്ഥയെയാണ്. ഗതാഗതത്തിലും സാങ്കേതിക വിദ്യയിലും വന്ന വിപ്ലവങ്ങള്‍മൂലം വിഭവങ്ങള്‍ എന്നും കേടാകാതെ വേഗമെത്തിക്കാനും പല നാടുകളില്‍ യന്ത്രഭാഗങ്ങള്‍ നിര്‍മിച്ച് കൂട്ടിച്ചേര്‍ക്കാനും ഒരിടത്തെ അസംസ്കൃത വിഭവത്തെ മറ്റൊരിടത്ത് എത്തിച്ച് സംസ്കരിക്കാനുമുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. "മാളു"കളും സൂപ്പര്‍മാര്‍ക്കറ്റുകളും ലോകമെമ്പാടും ഒരുപോലെ എന്നായിട്ടുണ്ട്. എന്നാല്‍ ഈ വസ്തുക്കളും സേവനങ്ങളും എല്ലാവര്‍ക്കും ലഭ്യമല്ല, സാമ്പത്തികമായ അസമത്വംമൂലം ഇത് നാടുകള്‍ക്കകത്തും സാര്‍വദേശീയ തലത്തിലും ശരിയാണ്. ഒപ്പം തന്നെ പ്രകൃതിവിഭവങ്ങളുടെ വിതരണവും ലോകത്തില്‍ ഒരേപോലെയല്ല. ആഗോളീകരണത്തെ പിന്നോട്ടുകൊണ്ടുപോകാനാവില്ല. അത് ഗവണ്‍മെന്റുകളെത്തന്നെ മറികടന്നുള്ള പ്രക്രിയയാണ്. എന്നാല്‍ അതിനെ അടിസ്ഥാനമാക്കിയുള്ള നിയോ-ലിബറല്‍, ഫ്രീമാര്‍ക്കറ്റ് പ്രത്യയശാസ്ത്രം മറ്റൊരു കാര്യമാണ്. വിപണിയെ നിയന്ത്രണമുക്തമാക്കിയാല്‍ വളര്‍ച്ചനിരക്ക് പരമാവധിയാകുമെന്നും മൂലധനത്തില്‍നിന്നുള്ള ലാഭം കൂടുമെന്നുമാണ് ഈ പ്രത്യയശാസ്ത്രം വിശ്വസിക്കുന്നത്. ഈ വീക്ഷണത്തിന് യാതൊരു ന്യായീകരണവുമില്ല. വിതരണവുമായി ബന്ധപ്പെടുത്താത്ത ഉല്‍പാദനത്തിന്റെ തത്വശാസ്ത്രം അസമത്വങ്ങള്‍ വര്‍ധിപ്പിക്കുകയും മുതലാളിത്തവര്‍ഗത്തെ മാത്രം തടിപ്പിക്കുകയുമേ ചെയ്യൂ. അനിയന്ത്രിത വ്യാപാരമല്ല വ്യവസായ പുരോഗതിക്കു നിദാനമെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയെയോ ജര്‍മനിയെയോ പഠിച്ചാലറിയാം. ആദംസ്മിത്തിനുപോലും ഇതറിയാമായിരുന്നു. ഈ "സ്വതന്ത്രവിപണി മൗലികവാദം" ലോകത്തെ അശാന്തമാക്കുമെന്ന് ഹോബ്സ്ബോം താക്കീതു നല്‍കുന്നു. വോണ്‍ഹയെക്ക്, മില്‍ടണ്‍ ഫ്രീഡ്മാന്‍ തുടങ്ങിയവരുടെ നിയോ ക്ലാസിക് സാമ്പത്തിക സിദ്ധാന്തം പ്രതിസന്ധിയിലാണ്. നിക്ഷേപ പ്രക്രിയകളിലും അന്തര്‍ദേശീയ മൂലധനപ്രവാഹത്തിലും നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് 1997-98ലെ ആഗോളമൂലധന പ്രതിസന്ധി ഉണ്ടായതെന്ന് ഇപ്പോള്‍ ക്രൂഗ്മാനെയും ഭഗവതിയെയുംപോലുള്ള സ്വതന്ത്രവിപണി വാദക്കാര്‍ പോലും സമ്മതിക്കുന്നു.

മത്സരാധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥ കുത്തകയിലേക്കു നയിക്കുമെന്ന മാര്‍ക്സിന്റെ കാഴ്ചപ്പാട് ഇന്ന് നിസ്സംശയമായി തെളിഞ്ഞിരിക്കുന്നു. മൂലധനമത്സരം മൂലധന കേന്ദ്രീകരണത്തിലെത്തിച്ചേരുന്നു. എന്നാല്‍ ഈ പ്രക്രിയ നിയന്ത്രിക്കാന്‍ ജനകീയപ്രതിരോധത്തിനു കഴിയും. ഉല്‍പാദന ഘടകങ്ങളില്‍ ഒരെണ്ണമെങ്കിലും - അധ്വാനം - മറ്റു ഘടകങ്ങളെപ്പോലെ യഥേഷ്ടം യാത്ര ചെയ്യാവുന്ന ഒന്നല്ലെന്നും കാണേണ്ടതുണ്ട്. അധ്വാന വിപണികള്‍ ഇല്ലെന്നല്ല. എന്നാല്‍ ഇറ്റലിയോ ബ്രിട്ടനോ തങ്ങള്‍ നല്‍കുന്ന വേതന നിലവാരം കംബോഡിയയുടെയോ ചൈനയുടെയോ അത്ര താഴ്ത്താമെന്ന് ആലോചിക്കുകപോലുമില്ല. അത് അത്രയേറെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും. 1914-ല്‍ ഉണ്ടായിരുന്നത്ര അധ്വാനതിന്റെ കുടിയേറ്റം ഇന്നു ലോകത്തില്ല. കുടിയേറ്റ നിയമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കണിശമാണ്. ഇത് ഞാന്‍ കുറിക്കുമ്പോള്‍ സൗദി അറേബ്യയിലെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കയാണ്. ഇത് ഇന്ത്യന്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നത് സങ്കടകരമായിരിക്കെത്തന്നെ കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുമെന്നതും തീര്‍ച്ചയും സ്വാഭാവികവുമാണ്. ആഗോളീകരണത്തിന്റെ ഒരു ഘടകമാണ് ഇങ്ങനെ ദേശീയ താല്‍പ്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നത്. ദേശങ്ങള്‍, അതായത് ജനതകള്‍, വിചാരിച്ചാല്‍ ആഗോളീകരണത്തിന്റെ ഏകപക്ഷീയമായ പ്രത്യാഘാതങ്ങളെ നിയന്ത്രിക്കാനാവും. സ്വന്തം സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച സമത്വാധിഷ്ഠിതവും നീതിയുക്തവുമായ സങ്കല്‍പ്പം കരുപിടിപ്പിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നിടത്താണ് ജനേഛ പ്രവര്‍ത്തിക്കേണ്ടത്. അമേരിക്കന്‍ അധികാരം ദുര്‍ബലവും അന്തഃഛിദ്രത്താല്‍ കലുഷിതവുമായിരിക്കുന്ന - അന്തര്‍ദേശീയ നാണ്യനിധി, ലോകബാങ്ക,് ഫെഡറല്‍ റിസര്‍വ് ഇവയെക്കുറിച്ചുതന്നെ വ്യത്യസ്തങ്ങളായ വിദഗ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന ഒരുകാലത്ത് - അതിനുള്ള സാധ്യത കൂടുതലുമാണ്. ഭരണകൂടം അഥവാ ഏതെങ്കിലും തരത്തിലുള്ള സാമാന്യാധികാരം, സാമ്പത്തിക പുനര്‍വിതരണത്തില്‍ ശ്രദ്ധ വയ്ക്കുമെങ്കില്‍ കുറേക്കൂടി നീതിപൂര്‍വകമായ വ്യവസ്ഥ സാധ്യമായേക്കും. എന്നാല്‍ ഇന്ത്യയിലേതുപോലുള്ള ഭരണകൂടങ്ങള്‍ ഇടംവലം നോക്കാതെ ആഗോളീകരണം നടപ്പാക്കുകയും ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പോലും ഉപേക്ഷിച്ച് അസമത്വത്തിന് ആക്കം കൂട്ടുകയുമാണ്. പുതുതായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വത്ത്-ലോകസമ്പദ്ശേഖരം വര്‍ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. വികസിത രാജ്യങ്ങളിലെ ജീവിതനിലവാരവും- വികസ്വര രാജ്യങ്ങളിലെപ്പോലും ഉപരി-മധ്യവര്‍ഗങ്ങളുടെ ജീവിതനിലവാരം- ഉയര്‍ന്നിട്ടുണ്ട്. ഈ സമ്പത്തിന്റെ ശരിയായ വിതരണമാണ് സോഷ്യലിസത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനാകട്ടെ രാഷ്ട്രീയത്തിന്റെ ദിശ മാറിയേ തീരൂ. വിപ്ലവപാരമ്പര്യം അവകാശമാക്കുന്ന ഇടതുപക്ഷത്തിനു മാത്രമേ ഇന്നത്തെ വര്‍ഗഘടന പൊളിച്ചെഴുതാനാവൂ. ഇതിന് ഘടികാരം പിറകോട്ടു തിരിക്കുന്ന തരം യാഥാസ്ഥിതികത്വത്തെയെന്നപോലെ തന്നെ സ്ഥിതവ്യവസ്ഥയെ നിലനിര്‍ത്താനായി ശ്രമിക്കുന്നതരം യാഥാസ്ഥിതികതയെയും വെല്ലുവിളിക്കേണ്ടിവരും. നവസാമൂഹ്യപ്രസ്ഥാനങ്ങളില്‍ പലതും ഈ രണ്ടാമതു പറഞ്ഞതരം യാഥാസ്ഥിതികതയാണ് പ്രകടിപ്പിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനം, പരിസ്ഥിതി അഥവാ "ഗ്രീന്‍" പ്രസ്ഥാനം തുടങ്ങിയവയ്ക്ക് അവയുടെ സ്ഥാനമുള്ളപ്പോള്‍ തന്നെ സമൂല സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഒരു പരിപാടിയും അവയ്ക്കില്ല. യുവാക്കളുടെ അരാഷ്ട്രീയവത്കരണത്തിന് അവ വഴിവച്ചിട്ടുമുണ്ട്. രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുക , മാവോ പറഞ്ഞ "രാഷ്ട്രീയം കേന്ദ്രസ്ഥാനത്ത് (politics in  command) ) ഇന്നു പരമ പ്രധാനമാണ്.

"ലോകത്തെ മാറ്റുന്നത്" എറിക് ഹോബ്സ്ബോമിന്റെ ആശയപ്രപഞ്ചത്തിലേക്ക് നല്ലൊരു പ്രവേശികയാണ്. ഹോബ്സ്ബോം തന്നെ പ്രസ്താവിക്കുംപോലെ മാര്‍ക്സ്, മാര്‍ക്സിസം, ചരിത്രപശ്ചാത്തലവും ആശയവികാസ-സ്വാധീനങ്ങളും തമ്മിലുള്ള കൈമാറ്റങ്ങളും സൂക്ഷ്മമായി ഗ്രഹിക്കാന്‍ താല്‍പര്യമുള്ളവരെയാണ് ഇതിലെ ഏറെ ലേഖനങ്ങളും സംബോധന ചെയ്യുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്സിസത്തിന്റെയും മനുഷ്യസമുദായത്തിന്റെയും ഭാവിയെക്കുറിച്ചു വിചാരിക്കാന്‍ നമ്മെ സഹായിക്കുന്ന ഈ ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ ഇന്ന് മാര്‍ക്സ് എവിടെനില്‍ക്കുന്നു എന്ന അന്വേഷണത്തോടെയാണ്. മാര്‍ക്സ് മരിക്കുമ്പോഴേക്കും തന്നെ റഷ്യന്‍-ജര്‍മന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വിശലകനങ്ങളും പരികല്‍പനകളും ശക്തമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു. മറിച്ച് കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും യൂറോപ്പിലെ തൊഴിലാളിവര്‍ഗ കക്ഷികള്‍ മാര്‍ക്സില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അതതു നാടുകളിലെ ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് ഗണ്യമായ സ്വാധീനം ചെലുത്തിത്തുടങ്ങി. 1918 നുശേഷം അവയില്‍ ചിലത് ഭരണാധികാരം പങ്കിടാനും തുടങ്ങി. മാര്‍ക്സിനും 75 വര്‍ഷത്തിനുശേഷം മനുഷ്യരാശിയുടെ മൂന്നിലൊന്നിനെ കമ്യൂണിസ്റ്റു പാര്‍ടികള്‍ ഭരിക്കാനാരംഭിച്ചു. യുഎസ്എസ്ആറിന്റെ ശിഥിലീകരണം, ജര്‍മനികളുടെ ലയനം, പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളുടെ അസ്ഥിരാവസ്ഥ, ചൈനയിലെ സ്വഭാവമാറ്റം ഇവയൊക്കെ തിരിച്ചടികളായിരുന്നുവെങ്കിലും അവ മാര്‍ക്സിസത്തിന്റെ കാതലിനെയല്ല, അതിന്റെ ലെനിനിസ്റ്റ് പ്രയോഗത്തെയാണ് ബാധിച്ചതെന്ന് മാര്‍ക്സിന് ഇന്നും ലോകചിന്തകര്‍ക്കിടയിലുള്ള സമ്മതിയും ഓരോ മുതലാളിത്ത പ്രതിസന്ധിയിലുമുള്ള അദ്ദേഹത്തിന്റെ പ്രയോഗക്ഷമതയും ഇപ്പോഴും "മൂന്നാംലോക" രാജ്യങ്ങളിലെ സമരങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന പ്രചോദനവും ആഗോളീകൃത മുതലാളിത്തം കമ്യൂണിസ്റ്റു മാനിഫെസ്റ്റോയുടെ വിശകലന-പ്രവചനങ്ങള്‍ക്കു നല്‍കുന്ന പുതിയ പ്രസക്തിയും എല്ലാം തെളിയിക്കുന്നു.

ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നതുപോലെ സോഷ്യലിസ്റ്റുകളെക്കാള്‍ മൂലധനവാദികളാണ് സമീപകാലത്ത് മാര്‍ക്സിന്റെ പ്രസക്തി വീണ്ടും കണ്ടെത്തിയത്: സമീപകാലത്ത് ഴാക് അത്താലി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ മാര്‍ക്സ് പഠനങ്ങള്‍ക്ക് പുതിയ മുതലാളിത്ത പ്രതിസന്ധിയുടെ ചരിത്രപശ്ചാത്തലമുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ വിപ്ലവം കര്‍മപരിപാടിയിലില്ലാത്ത വികസിത മുതലാളിത്ത നാടുകളും വിപ്ലവം പരിപാടിയിലുള്ള വികസ്വര-അവികസിത നാടുകളും എന്ന വ്യവഛേദം, പരിഷ്കരണവാദപരമായ മാര്‍ക്സിസവും വിപ്ലവോന്മുഖമായ മാര്‍ക്സിസവും തമ്മിലുള്ള വ്യവഛേദം, റഷ്യന്‍ വിപ്ലവത്തോടെ സംഭവിച്ച പഴയ മുതലാളിത്തത്തിന്റെ അവസാനം അടുത്തു എന്ന പ്രതീതി: ഇവ മൂന്നുമാണ് മാര്‍ക്സിനെക്കുറിച്ചുള്ള ജനധാരണകള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഇവ ഏറെയും മാര്‍ക്സിനുശേഷമുണ്ടായ കാര്യങ്ങളായിരുന്നു. മുതിലാളിത്തത്തേക്കാള്‍ സോഷ്യലിസത്തിനാണ് ഉല്‍പ്പാദന ശക്തികളുടെ അതിവേഗ വികാസം ഉറപ്പുവരുത്താനാവുക എന്ന ധാരണയും മാര്‍ക്സിന്റേതല്ല, പഞ്ചവത്സരപദ്ധതികള്‍ക്കു രൂപംനല്‍കിയ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിന്റേതാണ്. മുതലാളിത്തത്തിന്റെ അമിതോല്പാദന പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ മുന്നോട്ടുപോക്ക് അസാധ്യമാക്കുകയും സോഷ്യലിസ്റ്റു വ്യവസ്ഥയെന്ന പുതിയ ഘട്ടത്തിലേക്കു ലോകത്തെ നയിക്കുകയും ചെയ്യുമെന്നാണ് മാര്‍ക്സ് പ്രവചിച്ചത്. അല്ലാതെ മുതലാളിത്തം തന്റെ കാലത്ത് ഉച്ചാവസ്ഥയില്‍ എത്തിക്കഴിഞ്ഞു എന്നല്ല. നാം ഇന്നു കാണുന്നത് അദ്ദേഹം മുന്‍കൂട്ടിക്കണ്ട മുതലാളിത്തത്തിന്റെ ഇടര്‍ച്ചകളാണ്. അതേസമയം സോവിയറ്റ് യൂണിയനില്‍ നാം കണ്ട തരത്തിലുള്ള "കമാന്‍ഡ് ഇക്കണോമി" കേന്ദ്രീകൃതവും ആജ്ഞാനുസൃതവുമായ സര്‍ക്കാര്‍ ഉടമയിലുള്ള വിപണിരഹിതമായ സമ്പദ്വ്യവസ്ഥ ഇനി പുനരുദ്ധരിക്കാനാകാത്തവിധം മറഞ്ഞുപോയി എന്നും ഹോബ്സ്ബോം കരുതുന്നു.

വാസ്തവത്തില്‍ മാര്‍ക്സ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ കൃത്യമായ സ്വരൂപമൊന്നും നിര്‍ണയിച്ചിട്ടില്ല. ഉല്‍പ്പാദനോപാധികള്‍ പൊതുഉടമസ്ഥതയിലാകും എന്ന ധാരണ മാത്രമാണ് വിപ്ലവത്തിനുമുമ്പ് നിലനിന്നിരുന്നത്. കേന്ദ്രീകൃത സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സിദ്ധാന്തം തന്നെയും ആദ്യം രൂപപ്പെടുത്തിയത് സോഷ്യലിസ്റ്റല്ലാതിരുന്ന എന്റികോ ബാരണ്‍ എന്ന ഇറ്റാലിയന്‍ സമ്പദ് ശാസ്ത്രജ്ഞനാണ്. വിപ്ലവാനന്തരം സോഷ്യലിസം നിര്‍മിക്കാന്‍ ലെനിനും കൂട്ടര്‍ക്കും മറ്റു മാതൃകകളൊന്നുമില്ലായിരുന്നു. ഫലമോ, സോവിയറ്റ് ആസൂത്രണത്തിന്റെ അടിസ്ഥാന മാതൃക യുദ്ധസമ്പദ്വ്യവസ്ഥയായിത്തീര്‍ന്നു. വിപണികളെ ഉദ്യോസ്ഥ നിയന്ത്രണത്തിനു വിധേയമാക്കുക, വേഗം വൈദ്യുതി ഉല്‍പാദിപ്പിച്ച് വ്യവസായവല്‍ക്കരണം നടപ്പാക്കുക, യുദ്ധത്തിന് എപ്പോഴും തയ്യാറായിരിക്കുക, അതിനായി ആയുധങ്ങള്‍ ഒരുക്കൂട്ടുക, ശാസ്ത്രത്തിന്റെ വിജയം സ്ഥാപിക്കാന്‍ ചാന്ദ്രയാത്ര നടത്തുക- ഇങ്ങനെയുള്ള ആസന്നലക്ഷ്യങ്ങള്‍ ആയിരുന്നു ആസൂത്രണത്തെ നയിച്ചത്. ഇതില്‍ "സോഷ്യലിസ്റ്റ്" എന്നുപറയാവുന്ന ഒന്നുമില്ലെന്ന് ഹോബ്സ്ബോം നിരീക്ഷിക്കുന്നുണ്ട്.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ മിക്ക സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടികളും ഭരണകക്ഷികളായി, തൊഴിലാളികളെ സന്തോഷിപ്പിച്ച് മുതലാളിത്ത സമ്പദ്വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കുകയാണ് അവ ഏറെയും ചെയ്തത്. വിപണി ഇല്ലാത്ത ഒരു സോഷ്യലിസ്റ്റു സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴാകട്ടെ ഇന്ത്യയില്‍ സംഭവിക്കുംപോലെ പൊതുഉടമാ സംരംഭങ്ങളില്‍ നിന്നുതന്നെ ഭരണകൂടങ്ങള്‍ പിന്‍വാങ്ങുകയും മുതലാളിത്തത്തെ അതിനു തോന്നിയപോലെ പ്രവര്‍ത്തിച്ച് ലാഭം കൊയ്യാന്‍ വിടുകയും ചെയ്യുന്നു. പൊതുഉടമയിലുള്ള ഉല്‍പ്പാദനംപോലും സമത്വം ഉറപ്പാക്കുന്നില്ലെന്നത് മറ്റൊരു കാര്യം. മനുഷ്യസമൂഹത്തെയാകെ വിപണിക്കു കൈമാറുക എന്നു വാദിക്കുന്ന മുതലാളിത്ത തീവ്രവാദം ഒരു വശത്ത്, ഉല്‍പ്പാദനം മുഴുവന്‍ സര്‍ക്കാരിന്റെ ആജ്ഞക്കു കീഴിലാക്കുകയെന്ന സോവിയറ്റ് തീവ്രവാദം മറുവശത്ത്. ഈ രണ്ടു മൗലികവാദങ്ങളും ഇന്ന് പ്രതിസന്ധിയിലാണ്. ഇവ രണ്ടും മാര്‍ക്സില്‍നിന്ന് ഏറെ അകലെയാണെന്നും കാണേണ്ടതുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക ചിന്തകന്‍, ചരിത്രപഠിതാവ്, ആധുനിക സാമൂഹ്യവിചിന്തനത്തിന്റെ അഗ്രദൂതന്‍ എന്നീ നിലകളിലുള്ള മാര്‍ക്സിന്റെ സ്ഥാനം ഇന്നും കോട്ടം തട്ടാതെ തുടരുന്നത്. വാസ്തവത്തില്‍ ലെനിനിസത്തിന്റെയും മാവോയിസത്തിന്റെയും ശാസ്ത്രീയ വിമൃഷ്ടി വികസിപ്പിക്കുവാന്‍ തന്നെ മാര്‍ക്സിനെ ആശ്രയിക്കുകയേ വഴിയുള്ളു. അല്ലാതുള്ളത് മുതലാളിത്തത്തിനു വേണ്ടിയുള്ള ഒരു വലതുപക്ഷവാദം മാത്രമായിരിക്കും.

വിപണിമൗലികവാദം സാമ്പത്തിക അസമത്വങ്ങള്‍ തീവ്രമാക്കുകയും സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസം തകരുകയും ചെയ്തു. മുതലാളിത്ത സമ്പദ്വ്യവസ്ഥ വീണ്ടും വീണ്ടും ദുരന്തങ്ങള്‍ നേരിടുന്ന , മുതലാളിത്ത വികാസം പരിസ്ഥിതിയെത്തുരങ്കം വെക്കുന്ന, ഒരു കാലത്തെ മാര്‍ക്സിന്റെ പ്രസക്തി എന്താണ്? മാര്‍ക്സിന്റെ പിന്‍ഗാമികളും ശിഷ്യരും നല്‍കിയ ഉത്തരങ്ങളെ വകഞ്ഞുമാറ്റി മാര്‍ക്സിന്റെ ചോദ്യങ്ങള്‍ വീണ്ടും ചോദിക്കുകയാണ് ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനുള്ള നമ്മുടെ ഒരേയൊരു വഴി എന്നതുതന്നെ. ഡാര്‍വിനും ഫ്രോയ്ഡും ഐന്‍സ്റ്റീനുമെല്ലാം ലോകത്തെ പല തലങ്ങളില്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ മനുഷ്യചരിത്രത്തെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥകളെയും അപഗ്രഥിക്കുവാന്‍ നമുക്ക് മാര്‍ക്സിലേക്കുതന്നെ പോയേ തീരൂ. അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ പുതിയ ലോകസന്ദര്‍ഭത്തില്‍-ലോകത്തിന്റെ ഒരുഭാഗത്ത് തൊഴിലാളിവര്‍ഗത്തിന്റെ പഴയ ഡിമാന്റുകള്‍ക്ക് പ്രസക്തി കുറയുകയും മറ്റൊരു ഭാഗത്ത് അവരുടെ സ്ഥിതി ഇന്നും ശോചനീയമായി തുടരുകയും എന്നാല്‍ വികസിത ലോകത്തെ സമ്പത്ത് അവികസിതലോകത്തിന് അപ്രാപ്യമായിരിക്കുകയും ചെയ്യുന്ന അസമത്വത്തിന്റെ സന്ദര്‍ഭത്തില്‍-ഉന്നയിച്ചേ തീരൂ.

മാര്‍ക്സിനും എംഗല്‍സിനും മുമ്പു നിലനിന്നിരുന്ന സോഷ്യലിസത്തിന്റെ രൂപങ്ങള്‍ സമര്‍ഥമായി അപഗ്രഥിച്ചുകൊണ്ട് അവ ഫ്രഞ്ചു വിപ്ലവത്തിന്റെ വംശാവലിയില്‍പെട്ടവയോ വിപ്ലവാത്മകജനാധിപത്യം ജാക്കൊബിന്‍ റിപ്പബ്ലിക്കനിസം, നവ ബാബോവിസ്റ്റ് വിപ്ലവതൊഴിലാളിവര്‍ഗ കമ്യൂണിസം തുടങ്ങിയ രൂപങ്ങളിലുള്ളവയോ ഇടതുപക്ഷ ഹെഗേലിയനിസത്തിലോ ഫോയര്‍ബാഹിയന്‍ സിദ്ധാന്തത്തിലോ നിന്ന് പ്രചോദനം സ്വീകരിച്ചവയോ ആയിരുന്നുവെന്നും സ്വന്തം കാലഘട്ടം കഴിഞ്ഞിട്ടും അവ അതിജീവിച്ചുവെന്നും ഹോബ്സ്ബോം ചൂണ്ടിക്കാട്ടുന്നുണ്ട് (മാര്‍ക്സ് പൂര്‍വ സോഷ്യലിസം). പൊതുവേ 1840 - കളോടെ ഉട്ടോപ്യന്‍ സോഷ്യലിസം അവസാനിച്ചു. ഫൗറിയറിസം മാത്രം 1848 ലെ വിപ്ലവം വരെ കുറേയൊക്കെ നിലനിന്നു. ഒവന്‍, സുഷെഡ്, ലൂയി ബ്ലാങ്ക്, ബകുനിന്‍, പ്രൂഥോണ്‍, ലസാലെ തുടങ്ങിയവര്‍ മാര്‍ക്സിന്റെ കാലത്തും തീര്‍ത്തും തിരോഭവിച്ചില്ല. ഒരര്‍ഥത്തില്‍ ഈ പൂര്‍വരൂപങ്ങളുടെ പ്രത്യയശാസ്ത്ര ധ്വനികളെയും സാമ്പത്തിക പരികല്‍പനകളെയും വിമര്‍ശിച്ചുകൊണ്ടാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ "ശാസ്ത്രീയ സോഷ്യലിസ"ത്തിന് രൂപം നല്‍കിയതെന്നു പറയാം. 1840 കള്‍ക്കുശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. "തത്വചിന്തയുടെ ദാരിദ്ര്യ"ത്തില്‍ പ്രൂഥോണിനോടും "ഗോഥാപരിപാടിയുടെ വിമര്‍ശ"ത്തില്‍ ലസാലെയോടും ജര്‍മന്‍ ഡിമോക്രാറ്റിക് പാര്‍ടിയുടെ തെറ്റായ ചില സന്ധികളോടും കണക്കു തീര്‍ത്തു. അങ്ങനെ ക്രമേണ അവര്‍ സ്വന്തമായ രാഷ്ട്രീയ വികശലനങ്ങളിലേക്കു നീങ്ങി. ഭരണകൂടത്തിന്റെ കാതല്‍ രാഷ്ട്രീയാധികാരമാണെന്നും അത് ബൂര്‍ഷ്വാസമൂഹത്തിലെ വര്‍ഗവൈരുധ്യത്തിന്റെ ഔദ്യോഗികമായ ആവിഷ്കാരമാണെന്നും സമൂഹത്തിന്റെ സാമാന്യ താല്‍പ്പര്യത്തെയല്ല ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങളെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും തൊഴിലാളിവര്‍ഗം ഭരണവര്‍ഗമായി സംഘടിച്ചുകഴിഞ്ഞ് അവ ഒരു സംക്രമണഘട്ടത്തില്‍ പ്രവേശിക്കുകയേ ചെയ്യൂ എന്നും അവര്‍ തുടര്‍ന്നു കണ്ടെത്തി. വര്‍ഗഭരണകൂടം നിലനില്‍ക്കുന്നത് അടിച്ചമര്‍ത്തലിനൊപ്പം പ്രത്യയശാസ്ത്രപരമായ ഉപാധികളിലൂടെ സ്വന്തം പദ്ധതികള്‍ നിഗൂഢവല്‍ക്കരിച്ചും അവയെ ജനങ്ങളുടെതെന്ന പ്രതീതി സൃഷ്ടിച്ച് അവയ്ക്കും ജനസമ്മതി നേടിയുമാണെന്നും തുടര്‍ന്നു വിശദീകരിച്ചു. ലൂയി അല്‍ത്ത്യൂസറിന്റെ "മാര്‍ക്സിനുവേണ്ടി" (For Marx) "ലെനിനും തത്വചിന്തയും മറ്റു പ്രബന്ധങ്ങളും" (Lenin and Philosophy and other Essays) ഗൊറാന്‍ തോര്‍ബോണിന്റെ ഭരണവര്‍ഗം ഭരിക്കുമ്പോള്‍ ചെയ്യുന്നത് (What does the ruling class do when it rules) നികോസ് പോളന്റ്സാസിന്റെ "രാഷ്ട്രീയാധികാരവും സാമൂഹ്യവര്‍ഗങ്ങളും" (Political power and social classes) "ഭരണകൂടം, അധികാരം, സോഷ്യലിസം" (State, power, socialism) എന്നീ കൃതികള്‍ ഞാനിവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. അന്തോണ്യോ ഗ്രാംഷിയുടെ "പ്രിസണ്‍ നോട്ട്ബുക്സി"ലെ നെടുനായകത്വം (hegemony)  സമ്മതി (consent)  തുടങ്ങിയ പരികല്‍പനകളും ഈ പഠനത്തില്‍ പ്രധാനമാണെന്നും സൂചിപ്പിക്കട്ടെ. "പ്രത്യയശാസ്ത്ര"ത്തിന്റെ നാനാര്‍ഥമറിയാന്‍ ടെറി ഈഗ്ള്‍ടന്റെ "ഐഡിയോളജി" എന്നീഗ്രന്ഥവും സഹായകമാണ്. ഭരണകൂടത്തിന്റെ സ്വഭാവത്തെയും വര്‍ഗാധികാരം ജനാധിപത്യത്തിനകത്ത് മൂടുപടമിട്ടും പരോക്ഷ രൂപങ്ങളിലും മാധ്യമ - വിദ്യാഭ്യാസാദി പ്രത്യയശാസ്ത്രോപകരണങ്ങളിലൂടെ സമവായം സൃഷ്ടിച്ചും സജീവമായി പ്രവര്‍ത്തിക്കുന്ന രീതികള്‍ ഈ ചിന്തകര്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഇവ ഹോബ്സ്ബോമിന്റെ ഭരണകൂട-വര്‍ഗാധികാര ചര്‍ച്ചകളെ കൂടുതല്‍ ആഴത്തിലും സൂക്ഷ്മമായും മനസ്സിലാക്കാന്‍ സഹായകമാണ്. ""പക്വതയാര്‍ന്ന മാര്‍ക്സിയന്‍ സിദ്ധാന്തത്തില്‍ ഭരണകൂടം = ബലപ്രയോഗാധികാരം = വര്‍ഗവാഴ്ച എന്നത് എത്രയോ ലളിതവും അപരിഷ്കൃതവുമായ വിശദീകരണമാണ്"" എന്ന ഹോബ്സ്ബോമിന്റെ നിരീക്ഷണം സമകാലീന മുതലാളിത്ത ഭരണകൂടങ്ങളെ സംബന്ധിച്ച് തികച്ചും ശരിയാണ്. തൊഴിലാളി വര്‍ഗത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കി വ്യവസ്ഥയിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റും മറ്റും ചര്‍ച്ചകള്‍ നടത്തി സ്വന്തം പദ്ധതികള്‍ക്ക് "സമ്മതം" (consent) നേടാനുള്ള വേദികളായി അവ ഉപയോഗിക്കുന്ന പത്രം, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളെ ചിലപ്പോള്‍ അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലുമറിയാതെ സ്വന്തം പ്രചാരണ മാധ്യമങ്ങളാക്കുന്നു. വിദ്യാഭ്യാസം സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങള്‍ നിലനിര്‍ത്താനുപയോഗിക്കുന്നു. ആഗോളീകരണത്തിന്റെയും മറ്റും കാലത്ത് ഈ നിഗൂഹനം കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാകുന്നു. ഭീമമായ അസമത്വങ്ങളെ മറച്ചുവച്ചുകൊണ്ട് എല്ലാവര്‍ക്കും എല്ലായിടത്തും എല്ലാം ലഭ്യമാകുന്ന അവസ്ഥയായിട്ടാണല്ലോ ആഗോളീകരണം സ്വയം അവതരിപ്പിക്കുന്നത്. ലഭ്യതയെക്കുറിച്ചുള്ള ഈ അവകാശവാദം ദാരിദ്ര്യമെന്ന യാഥാര്‍ഥ്യത്തെത്തന്നെ അസന്നിഹിതമാക്കുന്നു.

മാര്‍ക്സ് ഉയര്‍ത്തിയിരുന്ന ശാസ്ത്രീയാധികാരത്തിന്റെ പ്രശ്നങ്ങള്‍ സിദ്ധാന്തത്തിലോ പ്രയോഗത്തിലോ പിന്‍ഗാമികളും പരിഹരിച്ചിരുന്നില്ലെന്ന് ഹോബ്സ്ബോം ചൂണ്ടിക്കാട്ടുന്നുണ്ട്. ("മാര്‍ക്സ്, എംഗല്‍സ്, രാഷ്ട്രീയം"). ഭരണത്തിന്റെ ഏതെങ്കിലും സ്ഥാപനവല്‍കൃതമായ രൂപത്തെ കുറിക്കാന്‍ "സര്‍വാധിപത്യ"മെന്ന പദവും അദ്ദേഹം ഉപയോഗിച്ചു കാണുന്നില്ല. പാരീസ് കമ്യൂണ്‍ വാഴ്ചയെ മാത്രമാണ് അദ്ദേഹം "തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു വിളിച്ചത്. അത് സാര്‍വലൗകികമായ ഭരണരൂപമാണെന്ന് മാര്‍ക്സോ എംഗല്‍സോ സൂചിപ്പിക്കുന്നില്ല. ബഹുജനങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ജനാധിപത്യപരമായ പരിവര്‍ത്തനം തോറ്റ ഭരണവര്‍ഗത്തിന്റെ പ്രതിവിപ്ലവം തടയാനുള്ള നടപടി ഇവയെ ഏകോപിപ്പിക്കുന്നതാകണം വിപ്ലവാനന്തര ഭരണകൂടം എന്നിടത്തോളമേ അവര്‍ പറഞ്ഞുവയ്ക്കുന്നുള്ളൂ. അവരൊരിക്കലും ഭാവി കമ്യൂണിസ്റ്റു സമൂഹത്തെ നിര്‍വചിച്ചില്ല; "ഓരോരുത്തരില്‍നിന്നും കഴിവിന്‍പടി, ഓരോരുത്തനും ആവശ്യത്തിന്‍പടി" എന്ന ഒരുന്നത ഘട്ടത്തെ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നതൊഴിച്ചാല്‍. "അധ്വാനത്തിന്റെ അടിമത്തത്തിനുപകരം സ്വതന്ത്രവും പരസ്പരബന്ധിതവുമായ അധ്വാനം സൃഷ്ടിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍", "മൂലധനവും ഭൂസ്വത്തും പ്രകൃതി നിയമങ്ങളും സ്വഛന്ദം പ്രവര്‍ത്തിക്കുന്ന വര്‍ത്തമാന വ്യവസ്ഥയുടെ സ്ഥാനത്ത് "സ്വതന്ത്രവും അന്യോന്യം കണ്ണിചേര്‍ക്കപ്പെട്ടതുമായ അധ്വാനത്തിന്റെ സാമൂഹ്യസാമ്പത്തിക നിയമങ്ങളുടെ സ്വഛന്ദ പ്രവര്‍ത്തനം" ഇത്രയൊക്കെ അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരുടെ ആസന്നലക്ഷ്യം തൊഴിലാളിവര്‍ഗത്തെ ഒരു പ്രസ്ഥാനമായി സാമാന്യവല്‍ക്കരിക്കുകയും അതിന്റെ അന്തര്‍ഭൂതമായ ലക്ഷ്യം - മുതലാളിത്തം തകര്‍ത്ത് കമ്യൂണിസം സ്ഥാപിക്കല്‍ - പുറത്തുകൊണ്ടുവരികയും രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന ഒരു തൊഴിലാളിവര്‍ഗ പാര്‍ടിയാക്കി തൊഴിലാളി പ്രസ്ഥാനത്തെ മാറ്റുകയുമായിരുന്നു. വിഭാഗീയതകളെ ചെറുത്ത് പൊതുലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഒരു പാര്‍ടി, വര്‍ഗസമരോന്മുഖമായ ഒന്ന്, എന്ന സാമാന്യസങ്കല്‍പമേ അവര്‍ പാര്‍ടിയെക്കുറിച്ചും പുലര്‍ത്തിയിരുന്നുള്ളു. "പരിഷ്കരണവാദ"വും "വിപ്ലവവാദ"വും തമ്മില്‍ പിന്നീടുണ്ടായ വൈരുധ്യമോ തൊഴിലാളിവര്‍ഗ സര്‍ക്കാരുകള്‍ നേരിട്ട് സോഷ്യലിസത്തിലേക്കു പരിണമിക്കാനുള്ള സാധ്യതയോ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നതുകൊണ്ട് അത്തരം പ്രശ്നങ്ങളുടെ മറുപടിയും അവരില്‍ അന്വേഷിക്കേണ്ടതില്ല. ""പ്രസ്ഥാനത്തിന്റെ വര്‍ത്തമാനത്തിനായി ഭാവിയെ ബലികഴിക്കുന്ന"" അവസരവാദത്തെ പക്ഷേ മാര്‍ക്സ് ചെറുത്തിരുന്നു. ബൂര്‍ഷ്വാസിയുടെ താല്‍പര്യത്തെ നേരിട്ടുസേവിക്കുന്ന, എന്നാല്‍ അതിനെ ഒരു വര്‍ഗമെന്ന നിലയില്‍ പ്രതിനിധാനം ചെയ്യാത്ത ഭരണകൂടം മാര്‍ക്സിന്റെ മുഖ്യപ്രശ്നങ്ങളിലൊന്നായിരുന്നു. ദേശീയഐക്യത്തിനുവേണ്ടി ബൂര്‍ഷ്വാവിപ്ലവം ശക്തമാക്കുകയും അതേസമയം ബൂര്‍ഷ്വാസി ഉള്‍പ്പെടെയുള്ള വര്‍ഗങ്ങള്‍ക്കതീതമായ സ്വാശ്രയത്വം നേടാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രീകൃത ഭരണകൂടവും ഭരണവര്‍ഗവും തമ്മിലുള്ള ബന്ധം അദ്ദേഹത്തെ വേട്ടയാടി. തൊഴിലാളി വര്‍ഗത്തിന് വെറുതേ ഈ ഭരണകൂട സംവിധാനം ഏറ്റെടുത്താല്‍ മതിയാവില്ലെന്നും അതു തകര്‍ക്കണമെന്നുമുള്ള ആശയം അദ്ദേഹത്തിലുടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വര്‍ഗം, ഭരണകൂടം, സമ്പദ്വ്യവസ്ഥ എന്നിങ്ങനെയുള്ള വരേണ്യാധികാരി വര്‍ഗത്തിന്റെ മൗലികഘടകങ്ങളുടെ സമന്വയത്തെ സംബന്ധിച്ച് മാര്‍ക്സ് വികസിപ്പിച്ച കാഴ്ചപ്പാട് ഇരുപതാം നൂറ്റാണ്ടിലെ മിക്ക സംഭവവികാസങ്ങളെയും മുന്‍കൂട്ടിക്കാണുന്നുണ്ട്, ഫാസിസം ഉള്‍പ്പെടെ. മാര്‍ക്സിനും എംഗല്‍സിനും വിപ്ലവമെന്നത് ദേശീയ പരിവര്‍ത്തനങ്ങളുടെ ആകെത്തുക മാത്രമായിരുന്നില്ലെന്നും ഒരു അന്തര്‍ദേശീയ പ്രതിഭാസമായിരുന്നു അതെന്നും കാണേണ്ടതുണ്ട്. കൂടുതല്‍ കൂടുതലായി ഏകീകരിക്കപ്പെടുന്ന, മുതലാളിത്തം സൃഷ്ടിച്ച ലോകം "രാഷ്ട്രങ്ങളുടെ സാര്‍വലൗകികമായ പരസ്പരാശ്രിതത്വ"മാണെന്ന് ആഗോളീകരണത്തിനും പല പതിറ്റാണ്ടുകള്‍ മുമ്പേ അദ്ദേഹം കണ്ടിരുന്നു. വിപ്ലവത്തിന്റെ ഭാഗധേയങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങളുടെ വ്യവസ്ഥയെ ആശ്രയിച്ചു നിലകൊള്ളുന്നു എന്നദ്ദേഹം കണ്ടു. ദേശീയതയുടെ രാഷ്ട്രീയശക്തിയെ മാര്‍ക്സും എംഗല്‍സും കുറച്ചുകണ്ടു എന്നു വിമര്‍ശിക്കാമെങ്കിലും അവര്‍ ദേശരാഷ്ട്രങ്ങളെ അപ്പാടെ അനുകൂലിക്കുകയോ ദേശീയതകളുടെ സ്വയംനിര്‍ണയത്തെ പിന്തുണക്കുകയോ ചെയ്തിരുന്നില്ല. ദേശീയ വിമോചന പ്രസ്ഥാനങ്ങളെ ലോകവിപ്ലവത്തിന്റെ താല്‍പര്യങ്ങളും തന്ത്രങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തണമെന്നായിരുന്നു അവരുടെ മതം. ആദ്യകാലത്ത് യുദ്ധത്തെ വിപ്ലവതന്ത്രത്തിന്റെ അവിഭാജ്യഭാഗമായി കണ്ടിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഒഴിവാക്കാവുന്ന കൂട്ടക്കൊലയായാണ് അവര്‍ യുദ്ധങ്ങളെ കണ്ടത്. ചരിത്രേതരമായ സന്നദ്ധവാദങ്ങളെയും അവര്‍ തിരസ്കരിച്ചു. സ്വന്തം കാലത്തെ വിപ്ലവ ഇടതുപക്ഷത്തിന്റെ ലളിതമായ ദ്വന്ദ്വയുക്തികളെ ചോദ്യം ചെയ്തു. പൂര്‍വനിശ്ചിതമായ പരിപാടികള്‍ അവര്‍ അംഗീകരിച്ചില്ല. ചരിത്രത്തോടൊപ്പം പരിണമിക്കുന്ന പ്രവര്‍ത്തനമാതൃകയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിനെക്കുറിച്ചുള്ള ഹോബ്സ്ബോമിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അതിന്റെ പല ഭാഗങ്ങളും അപ്രസക്തമായിക്കഴിഞ്ഞിട്ടും പ്രവചനശക്തികൊണ്ട് അതിന്നും നമ്മെ ആകര്‍ഷിക്കുന്നു. അന്ന് വിടുവായത്തമായിത്തോന്നിയിരുന്ന കാര്യങ്ങള്‍ നവസഹസ്രാബ്ദത്തിന്റെ പ്രവചനമായി മാറുന്ന കാഴ്ചയാണ് നാമിവിടെ കാണുക; വിശേഷിച്ചും ആഗോളീകൃതമായ മുതലാളിത്തത്തെക്കുറിച്ച്. ശമ്പളത്തിനും കൂലിക്കും സ്വയം വാടകയ്ക്കു കൊടുക്കുന്നവരാക്കി ജനങ്ങളെ മാറ്റുന്ന മുതലാളിത്തത്തിന്റെ സ്വഭാവം ഇന്നും നിലനില്‍ക്കുന്നു. അതേസമയം ഈ വര്‍ഗത്തിന്റെ കോര്‍പറേറ്റ് എക്സിക്യൂട്ടീവുകളുടെയും മറ്റും വരുമാനം കണക്കിലെടുത്താല്‍ അവരെ "തൊഴിലാളി"കളായിക്കാണാന്‍ പറ്റുകയില്ല. മൂലധനം തീവ്രമാവുകയും അധ്വാനം കുറയുകയും ഉന്നത സാങ്കേതിക വിദ്യ പ്രധാനമാവുകയും ചെയ്ത ആധുനികോല്‍പാദനത്തെ "മാനിഫെസ്റ്റോ"യ്ക്ക് മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ല. "വ്യവസായത്തൊഴിലാളി"കളുടെ സാന്നിധ്യവും പങ്കും ഈ പുതിയ വികാസം ഗണ്യമായി കുറച്ചിട്ടുണ്ട്. മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍ ഒരു രാഷ്ട്രീയ വര്‍ഗപ്രസ്ഥാനമായി സംഘടിച്ചാല്‍ തൊഴിലാളിവര്‍ഗ നേതൃത്വം അസംതൃപ്തരായ ഇതരവര്‍ഗങ്ങളെക്കൂടി അണിചേര്‍ത്ത് മഹാഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി മാറുമെന്നാണ് മാനിഫെസ്റ്റോ മുന്‍കൂട്ടിക്കണ്ടത്. മുതലാളിത്തം മാര്‍ക്സും എംഗല്‍സും പ്രതീക്ഷിച്ചപോലെ തൂത്തെറിയപ്പെട്ടില്ലെങ്കിലും തൊഴിലാളിവര്‍ഗം ബോള്‍ഷെവിക് രൂപത്തിലോ സോഷ്യല്‍ ഡിമോക്രാറ്റുകളുടെ രൂപത്തിലോ പില്‍ക്കാലത്ത് യൂറോപ്പിലും തുടര്‍ന്ന് ഏഷ്യന്‍ -ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും വലിയ സാമൂഹ്യ ചാലകശക്തിയായി മാറി എന്നത് നിഷേധിക്കാനാവില്ല. മാനിഫെസ്റ്റോ ചരിത്രപരമായ അനിവാര്യതയുടെ രേഖയായിട്ടാണ് വായിക്കപ്പെട്ടിട്ടുള്ളതെന്നോര്‍ക്കുക. ചരിത്രപരമായ പരിവര്‍ത്തനം നിരന്തരം സംഭവിക്കുന്നത് സ്വന്തം ചരിത്രം നിര്‍ണയിക്കുന്ന മനുഷ്യരിലൂടെയാണ്, ഏതെങ്കിലും പുസ്തകത്തില്‍ എഴുതിവച്ച കാര്യങ്ങളിലൂടെയല്ല എന്ന് മാര്‍ക്സിനുതന്നെ നന്നായറിയാമായിരുന്നു. പ്രകൃതിനിയമം പോലെയല്ല ചരിത്രത്തിന്റെ ഗതിവിഗതികള്‍. അതില്‍ മനുഷ്യര്‍ക്ക് പ്രധാന പങ്കുണ്ട്. മുതലാളിത്തം അതിന്റെ തന്നെ ശവക്കുഴി തോണ്ടുന്ന ദിവസവുംകാത്ത് നാം കൈയും കെട്ടി ഇരിക്കുകയല്ല വേണ്ടത്. ആ ജോലി നമുക്ക് ഏറ്റെടുക്കേണ്ടി വന്നേക്കാം. ഇന്ന് "മൂന്നാംലോക" തൊഴിലാളി വര്‍ഗത്തിനാണ് ആ ദൗത്യം കൂടുതലായി ഏറ്റെടുക്കാനാവുക. കാരണം, ഹോബ്സ്ബോം കാണുംപോലെ യൂറോപ്യന്‍ തൊഴിലാളി വര്‍ഗം അതിവേഗം സാമ്പ്രദായിക തൊഴിലാളി വര്‍ഗമല്ലാതായിക്കൊണ്ടിരിക്കയാണ്. ചരിത്രത്തിന്റെ കേവലസാക്ഷികളായ മനുഷ്യരെയല്ല "മാനിഫെസ്റ്റോ" സങ്കല്‍പിച്ചത്; അതില്‍ ഇടപെടുന്നവരെയാണ്. "എന്തു ചെയ്യണം" എന്ന ലെനിന്റെ ചോദ്യം ഓരോ കാലത്തും പുതുതായി ഉന്നയിക്കപ്പെടേണ്ടതുണ്ട്. പുതുതായി ഉയര്‍ന്നുവരുന്ന വിപ്ലവശക്തികളെ കാണേണ്ടതുണ്ട്. ഹാര്‍ട്ടും നെഗ്രിയും പറയുന്ന "ജനതതി" അഥവാ "മള്‍ട്ടിറ്റ്യൂഡ്" പോലും ചില ഘട്ടങ്ങളില്‍ പരിവര്‍ത്തനശക്തിയാകാം. എന്നാല്‍ കൃത്യമായി ഭാവിസമൂഹത്തെ കരുപ്പിടിപ്പിക്കുന്ന ഒരു ദര്‍ശനത്തിന്റെ അഭാവത്തില്‍ അത്തരം വിപ്ലവങ്ങള്‍ പിന്നോട്ടടിക്കുകയും ചെയ്യാമെന്ന് ഈജിപ്തിന്റെ അനുഭവം കാണിക്കുന്നു. മാനിഫെസ്റ്റോ തന്നെയും രണ്ടു സാധ്യതയും വിഭാവനം ചെയ്തിരുന്നു. "വിശാലസമൂഹത്തിന്റെ വിപ്ലവകരമായ പുനഃസംഘാടന"മാകും മുതലാളിത്ത വികാസത്തിന്റെ അനന്തരഫലമെന്ന് പ്രത്യാശിക്കെത്തന്നെ പൊതുവിനാശമെന്ന നിഷേധാത്മക സാധ്യതയും അത് നിരാകരിക്കുന്നില്ല. ഇസ്ത്വാള്‍ മെസാറോസിന്റെ ഭാഷയില്‍ "സോഷ്യലിസ"ത്തിനും "കാടത്ത"ത്തിനും തമ്മിലുള്ള തെരഞ്ഞെടുപ്പിനും മുന്നിലാണ് ഇന്നത്തെ വിപണിവത്കൃത ലോകം.

1960 കള്‍ക്കുശേഷം മാര്‍ക്സിസ്റ്റു പണ്ഡിതന്മാരും മാര്‍ക്സിസത്തില്‍ താല്‍പര്യമുള്ള ചിന്തകരും മാര്‍ക്സിലും എംഗല്‍സിലും തേടിയത്, ഇന്നും തേടുന്നത് മാര്‍ക്സിസ്റ്റു സിദ്ധാന്തത്തിലെ ചില നിര്‍വചനങ്ങളോ ആത്യന്തിക പാഠങ്ങളോ അല്ല, ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന, ഇന്നും പ്രസക്തമായ ഒരു ചിന്താപ്രക്രിയയും രീതിശാസ്ത്രവുമാണ്. കൃത്യമായി "മാര്‍ക്സിസ്റ്റ്" എന്നു പറയാനാകാത്ത ദെലൂസ് ഗുതാരി, മിഷേല്‍ ഫൂക്കോ, ഴാക് ദെറിദാ, ഴാക് റാന്‍സിയേ തുടങ്ങിയ ചിന്തകരായാലും ശരി, മാര്‍ക്സിസത്തോടു കൂടുതലടുത്തു നില്‍ക്കുന്ന അഥവാ മാര്‍ക്സിസ്റ്റുകളായ വാള്‍ടര്‍ ബെന്‍യാമിന്‍, ലൂയി അല്‍ത്യൂസ്സെര്‍, നികോസ് പോളന്റസാസ്, ടെറി ഈഗ്ള്‍ടണ്‍, റായ്മൊണ്ട് വില്യംസ്, ഫ്രെഡ്രിക് ജെയ്മിസണ്‍, ഇസ്ത്വാന്‍ മെസാറോസ്, സ്ലാവോയ് സിസെക്, ജോര്‍ജിയോ അഗംബെന്‍, മൈക്കേല്‍ഹാര്‍ട്, അന്റോണ്യോ, നെഗ്രി, എറിക് ഹോബ്സ്ബോം, പെരി ആന്റേഴ്സണ്‍, ബെനെഡിക്റ്റ് ആന്‍ഡേഴ്സണ്‍ തുടങ്ങിയ സാമ്പത്തിക - ചരിത്ര - സാംസ്കാരിക വിമര്‍ശകരായാലും ശരി, മാര്‍ക്സ്-എംഗല്‍സ് -ലെനിന്‍-ഗ്രാംഷി -മാവോ എന്നിവരുടെ പാരമ്പര്യത്തില്‍ അന്വേഷിക്കുന്നത് വര്‍ത്തമാന ലോകപരിസ്ഥിതിയെയും സംസ്കാരത്തെയും സമ്പദ്ക്രമ പരിവര്‍ത്തനങ്ങളെയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില സമീപനങ്ങളും സമ്പ്രദായങ്ങളുമാണ്. ഇവരിലാരുംതന്നെ മാര്‍ക്സിനെയോ എംഗല്‍സിനെയോ വിഗ്രഹങ്ങളാക്കി നിശ്ചലരാക്കുകയല്ല മറിച്ച് അവരെ ജീവിക്കുന്ന സമൂഹത്തിന്നഭിമുഖം നിര്‍ത്തുകയാണ്. അങ്ങനെ അവരിലെ താല്‍ക്കാലിക നിഗമനങ്ങളുടെ ശരിതെറ്റുകളില്‍നിന്നു വ്യത്യസ്തമായി അവരില്‍ ഇക്കാലത്തും പ്രസക്തവും പ്രയോജനകരവുമായ വിശകലനരീതികളും ഉള്‍ക്കാഴ്ചകളും അന്വേഷിക്കുകയാണ്. ഔപചാരികമായ വരട്ടുവാദത്തില്‍നിന്നും മുക്തരായി പാഠങ്ങളെ അടുത്തുകാണുകയും മുമ്പ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന കൃതികളിലെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളെ മുന്നോട്ടുകൊണ്ടുവരികയും വ്യാഖ്യാനബഹുത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന തുറന്ന സമീപനമാണ് ഇന്ന് പൊതുവേ പഠിതാക്കള്‍ പിന്തുടരുന്നത്.

പ്രമാണവാദപരമായ മാര്‍ക്സിസം, മാവോയിസത്തോടെ തന്നെ രണ്ടായെങ്കിലും പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഹോബ്സ്ബോം നിരീക്ഷിക്കുംപോലെ ("മാര്‍ക്സ്, എംഗല്‍സ്: രചനകളുടെ ഭാഗധേയം") "മാര്‍ക്സിസം എന്തു പഠിപ്പിക്കുന്നു എന്നതിനെപ്പറ്റി ഏകഭാഷ്യം അംഗീകരിക്കുന്ന രാജ്യങ്ങളും സ്ഥിതി അങ്ങനെയല്ലാത്ത രാജ്യങ്ങളും"" തമ്മില്‍ പ്രകടമായ അകല്‍ച്ചയുണ്ടായി. മെഹ്റിങ്ങിന്റെയും മറ്റും ജീവചരിത്രങ്ങളില്‍ ചില സംഭവങ്ങളും കത്തുകളും മറ്റും ബോധപൂര്‍വം മറച്ചുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ കാലത്ത് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജീവിതവും അവര്‍ തമ്മില്‍തന്നെ ചിലപ്പോഴുണ്ടായിരുന്ന അഭിപ്രായദേഭങ്ങളുമെല്ലാം സുതാര്യമായി മാറിയിട്ടുണ്ട്. ഏറെക്കാലം സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ടി മാര്‍ക്സിസ്റ്റു ക്ലാസിക്കുകളെ കുത്തകയാക്കുകയും സ്വന്തം രീതിയില്‍ റഷ്യന്‍ഭാഷയില്‍ പരിഭാഷ ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 1960 കള്‍ക്കുശേഷമാണ് ആ കുത്തക തകരുന്നത്. ഇതിന് ഒരുഭാഗത്ത് മാര്‍ക്സിസ്റ്റു പണ്ഡിതന്‍ തന്നെ മുന്‍കൈയെടുത്തെങ്കില്‍ ചിലപ്പോള്‍ വ്യാപാരതാല്‍പര്യങ്ങളും കാരണമായി. ഏതായാലും മാര്‍ക്സ് സാമാന്യ വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന ധാരണ പില്‍ക്കാലത്ത് ശക്തമാവുകയും എല്ലാ രാജ്യങ്ങളിലും പാഠ്യപദ്ധതിയുടെ ഭാഗമായോ അല്ലാതെയോ മാര്‍ക്സ്-എംഗല്‍സ് കൃതികള്‍ പ്രചാരം നേടുകയും ചരിത്ര -സാമ്പത്തിക ഗവേഷണങ്ങളില്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഒരര്‍ഥത്തില്‍ ഒരു ഭരണകൂട പ്രത്യയശാസ്ത്രമെന്ന നിലയില്‍നിന്നുള്ള മോചനം മാര്‍ക്സിസത്തിന്റെ പ്രതിപക്ഷപരവും ജനാധിപത്യപരവുമായ പ്രാധാന്യം വര്‍ധിപ്പിച്ചു എന്നുപറയാം. വിമര്‍ശനത്തിന്റേതായ ഒരു ശാസ്ത്രീയ രീതിയെന്ന നിലയില്‍ സ്ഥിതവ്യവസ്ഥയെ ഇന്നത്തെ സാഹചര്യത്തില്‍ ആഗോളീകൃത മുതലാളിത്തത്തെയും വിപണി സമ്പദ്വ്യവസ്ഥയെയും വിശേഷിച്ചും തുറന്നുകാട്ടാനും എതിര്‍ക്കാനും ഒരു ബദല്‍വ്യവസ്ഥയുടെ സാധ്യത മുന്നോട്ടുവയ്ക്കാനും കഴിയുന്നിടത്താണ് മാര്‍ക്സിസത്തിന്റെ ശക്തിയും പ്രസക്തിയും നാം അന്വേഷിക്കേണ്ടത്. കലാ-സാഹിത്യങ്ങളിലെ അവാങ്ഗാദ് മാര്‍ക്സിസവുമായി ബന്ധപ്പെടുന്നതും ഈ വിശാലപരിസരത്തില്‍ തന്നെയാണെന്ന് ആ ബന്ധത്തിന്റെ പ്രമുഖ ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹോബ്സ്ബോമിനെ പിന്തുടര്‍ന്ന് പറഞ്ഞുകൊള്ളട്ടെ. വളരെ കണിശമായ ഒരു ലാവണ്യശാസ്ത്രത്തിന് മാര്‍ക്സും എംഗല്‍സും രൂപം നല്‍കാതിരുന്നതു നന്നായി എന്നൊരഭിപ്രായവും ഹോബ്സ്ബോമിനുണ്ട്. അതുകൊണ്ടാണ് സോഷ്യലിസ്റ്റു റിയലിസ്റ്റുകള്‍, നാച്ചുറലിസ്റ്റുകള്‍, സിംബലിസ്റ്റുകള്‍, ബ്രിട്ടനിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് പ്രസ്ഥാനക്കാര്‍, അരാജകവാദികള്‍, ആധുനികതാവാദികള്‍, പൊതുവേ ഫാസിസ്റ്റ് വിരുദ്ധരായിരുന്ന കലാകാരന്മാര്‍ തുടങ്ങിയ വിവിധ അവാങ്ഗാദ് വിഭാഗങ്ങളുമായി സൗഹൃദം പുലര്‍ത്താന്‍ മാര്‍ക്സിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കു കഴിഞ്ഞത്. ല്യുനച്ചാര്‍ജി മുതല്‍ വാള്‍ടര്‍ റസന്‍ക്ഷാമിനും അഡോണോയും ല്യുക്കാച്ചും ബ്ലോഹും ഏണസ്റ്റ്ഫിഷറും ടെറി ഈഗിള്‍ടണും ഫ്രെഡ്രിക് ജെയ്മിസണും റായ്മൊണ്ട് വില്യംസും സാര്‍ഥും സ്ലാന്‍ഷോയും വരെയുള്ള പലതരം നിലപാടുകള്‍ ഇടതുപക്ഷ ലാവണ്യശാസ്ത്ത്രിന്നകത്തു നിലനിന്നുവെന്നതും ഇതിലേതെങ്കിലും പക്ഷത്തോട് സഹാനുഭൂതി പുലര്‍ത്താന്‍ കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവസരം നല്‍കി. ഈ നാനാത്വം നിശ്ശബ്ദമാക്കപ്പെട്ട ഷഡാനോവിസ്റ്റ് ഘട്ടത്തില്‍ മാത്രമാണ് - കുറേയൊക്കെ മാവോയുടെ കാലത്ത് ചൈനയിലും അതു സംഭവിച്ചു- കലാപകാരികളായ കലാകാരന്മാര്‍ക്ക് മാര്‍ക്സിസത്തില്‍നിന്ന് അകലേണ്ടിവന്നത.് ഫാസിസത്തിന്റെ കാലഘട്ടം പലതരം കലാ-സാഹിത്യകാരന്മാരെയും പ്രസ്ഥാനങ്ങളെയും അവരുടെ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും പക്ഷത്തേക്കു കൊണ്ടുവന്നു. കലയുടെ മൗലികസ്വഭാവം എതിര്‍പ്പാണെന്നതുകൊണ്ട് പുരോഗമനപക്ഷം പ്രതിപക്ഷമായ കാലഘട്ടത്തില്‍ കലാകാരന്മാര്‍ അതിനോടടുക്കുന്നതും അത് ഭരണപക്ഷമാകുമ്പോള്‍ അതിനോടകലുന്നതും കാണാം. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കവികള്‍ ഒരു "സൗവര്‍ണ പ്രതിപക്ഷ"മാണെന്ന് മഹാനായ ഒരു മലയാളകവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

മാര്‍ക്സിസത്തിന് ഒരു രാഷ്ട്രീയസിദ്ധാന്തം പ്രദാനം ചെയ്യുന്നതിലും കീഴാളവര്‍ഗപഠനത്തിന് തുടക്കം കുറിക്കുന്നതിലും ജനകീയസംസ്കാര വിമര്‍ശനത്തിന് വഴി കാട്ടുന്നതിലും അന്റോണ്യോ ഗ്രാംഷി നല്‍കിയ സംഭാവനയെ ഹോബ്സ്ബോം സംക്ഷിപ്തവും കണിശവുമായി വിലയിരുത്തുന്നുണ്ട്. കേവലം അക്കാദമിക് അല്ലാത്ത പ്രയോഗാധിഷ്ഠിതമായ സിദ്ധാന്തം വികസിപ്പിക്കുന്നതിലാണ് തന്റെ കൃതികളിലൂടെ വിശേഷിച്ചും "ജയില്‍ നോട്ടുപുസ്തകങ്ങള്‍" - ഗ്രാംഷി ശ്രദ്ധ പതിപ്പിച്ചത്. മനുഷ്യന്‍ സ്വന്തം ചരിത്രം സ്വയം നിര്‍മിക്കുന്നുവെങ്കിലും അതിന്റെ സാഹചര്യങ്ങള്‍ ഭൂതകാലത്താല്‍ നിര്‍ണീതമാണെന്ന മാര്‍ക്സിന്റെ സങ്കല്‍പ്പനത്തെ അദ്ദേഹം വികസിപ്പിച്ചു. ചരിത്രപരമായി രൂപപ്പെട്ട മനുഷ്യേച്ഛയ്ക്ക് പ്രാധാന്യം കല്‍പിച്ചു. അമൂര്‍ത്തവല്‍ക്കരണങ്ങളെയും ലളിതവല്‍കൃത മാതൃകകളെയും ചെറുത്തു. പാര്‍ടിയാണ് ആധുനികകാലത്തെ രാജകുമാരന്‍ - മക്കിയാവെല്ലിയുടെ "പ്രിന്‍സ്" ഓര്‍ക്കുക - എന്നദ്ദേഹം പറഞ്ഞു. പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയതന്ത്രം പാര്‍ടിക്കേ രൂപപ്പെടുത്താനാകൂ. സോഷ്യലിസ്റ്റു ഭാവിയെക്കുറിച്ചദ്ദേഹം ഊഹാപോഹമൊന്നും നടത്തുന്നില്ല. എന്നാല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാന സ്വഭാവത്തില്‍ ആ ഭാവിയുടെ സൂചനകള്‍ അദ്ദേഹം അന്വേഷിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഘടനയ്ക്കും വികാസത്തിനും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അധീശത്വത്തിനായുള്ള പോരാട്ടം അധികാര സംക്രമണത്തിനു മുമ്പും സംക്രമണ ഘട്ടത്തിലും തുടര്‍ന്നും നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ബഹുജനങ്ങളുടെ കീഴാളത്തത്തില്‍ ഭരണവര്‍ഗാധികാരത്തിന്റെ മര്‍മം സ്ഥിതി ചെയ്യുന്ന - നമ്മെപ്പോലുള്ള നാടുകളില്‍ അധികാരക്കൈമാറ്റത്തിനുമുമ്പേ തന്നെ അധീശത്വം - ഹെജിമൊണി - നേടിയെടുക്കണമെന്നും അല്ലാത്തപക്ഷം വിപ്ലവം തന്നെയും അട്ടിമറിക്കപ്പെട്ടേക്കാം, വര്‍ഗവും പാര്‍ടിയും തമ്മിലുള്ള അന്തരം, ഉദ്യോഗസ്ഥപ്പടയുടെ സ്വഭാവം സോഷ്യലിസ്റ്റു സംക്രമണഘട്ടത്തിലും ഒരു പ്രതിബന്ധമായിത്തുടര്‍ന്നേക്കാം എന്ന വസ്തുത: ഇതെല്ലാം സ്റ്റാലിനിസ്റ്റനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാംഷി സമര്‍ഥമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സോഷ്യലിസത്തിലെ ഉല്‍പാദനം വെറുമൊരു സാങ്കേതിക പ്രശ്നമല്ലെന്നും അത് പ്രാഥമികമായും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ ഘടനയുടെയും പ്രശ്നമാണെന്നുമുള്ള ഗ്രാംഷിയുടെ പ്രസ്താവം സമകാലിക ലോകത്തെ പോയ തലമുറകളുടെ വരുംതലമുറകളിലേക്കു സ്വയം വിക്ഷേപിക്കുന്ന ഒരു സംശ്ലേഷണമായിക്കാണുന്നു. "ഭാവി" ഗ്രാംഷിയുടെ ഒരു നിരന്തര പ്രമേയമാകുന്നതും അതിന്റെ അടിത്തറ വര്‍ത്തമാനത്തിലാണെന്നദ്ദേഹം വിശ്വസിക്കുന്നതുകൊണ്ടാണ്.

മറ്റെല്ലാ സിദ്ധാന്തങ്ങളുംപോലെ മാക്സിസവും മാര്‍ക്സിനു പിന്നീടുള്ള കാലത്ത് ഉപജ്ഞാതാവിനെ അതിജീവിച്ച് മൗലികമായ ഉദ്ദേശ്യങ്ങളെയും ഉള്ളടക്കത്തെയും അതിലംഘിച്ച് മനുഷ്യന്റെ വ്യാഖ്യാനശേഷിയുടെ വിശാലമായ അതിരുകളിലെത്തി പ്രവചനാതീതമായ പരിഷ്കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മാര്‍ക്സ് ഈ വ്യാഖ്യാനങ്ങളെയൊക്കെ അംഗീകരിക്കുകയോ മനസ്സിലാക്കുക തന്നെയോ ചെയ്യുമായിരുന്നോ എന്ന ചോദ്യം ക്രിസ്തു തിരിച്ചുവന്നാല്‍ ഇന്നത്തെ സഭയെക്കുറിച്ച് എന്തു കരുതും എന്ന ചോദ്യം പോലെതന്നെ രസകരവും ഒപ്പം നിരുപയോഗവുമാണ്. ചരിത്രസാഹചര്യങ്ങള്‍ സിദ്ധാന്തങ്ങളെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നറിയാത്തയാളല്ല മാര്‍ക്സ്. മാര്‍ക്സിസത്തെ ലെനിനിസവുമായോ മാവോയിസവുമായോ മറ്റെന്തെങ്കിലും വകഭേദവുമായോ മാത്രം തിരിച്ചറിയുന്ന രീതി ഏതായാലും യുക്തിസഹമല്ല. ഹോബ്സ്ബോം തന്നെ നിരീക്ഷിക്കുന്നതുപോലെ മാര്‍ക്സിന്റെ പിന്‍ഗാമികളാണ് തങ്ങള്‍ എന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ സയണിസ്റ്റ് കിബ്ബുറ്റ്സും കമ്പൂച്ചിയയിലെ പോള്‍പോട്ടും തമ്മില്‍, സ്റ്റാലിനും ഗ്രാംഷിയും തമ്മില്‍, റോസാലക്സംബര്‍ഗും കിം ഇല്‍-സുങ്ങും തമ്മില്‍ അഥവാ ഹില്‍ഫെര്‍ഡിങ്ങും മാവോയും തമ്മില്‍ ഉള്ള സമാനരീതികളെക്കാള്‍ വ്യത്യാസങ്ങളാവും നാം തിരിച്ചറിയുക. മാര്‍ക്സിസ്റ്റ് ഭരണക്രമങ്ങള്‍ക്ക് ഐകരൂപ്യം വേണമെന്ന് ഒരു നിയമവുമില്ല, അതേസമയം 1917-നുശേഷം പലരീതിയില്‍ നിലവില്‍വന്ന "സോഷ്യലിസ"ങ്ങള്‍ക്ക് ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടെന്നും വരാം.

1945 മുതല്‍ ഇന്നോളമുള്ള മാര്‍ക്സിസത്തിലേക്ക് ഹോബ്സ്ബോം അസാധാരണമായ ഉള്‍ക്കാഴ്ചയോടെ യാത്ര ചെയ്യുന്നുണ്ട്. യുവാക്കളുടെ റാഡിക്കലിസം, മൂന്നാംലോക രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങള്‍, മാര്‍ക്സിസം നേടിയ അക്കാദമിക് അംഗീകാരവും പാഠ്യപദ്ധതികളില്‍ അതു നേടിയ സ്ഥാനവും പല വിഭാഗങ്ങളില്‍പെട്ട മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെ എണ്ണത്തിലും സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ പെരുക്കം ഇതൊക്കെ- ചിലപ്പോള്‍ നിഷേധാത്മകമോ ലളിതവത്കൃതമോ തൊഴിലാളി വിരുദ്ധമോ ആയ രൂപങ്ങളിലായിരുന്നെങ്കില്‍പോലും-മാര്‍ക്സിസത്തിന്റെ പൊതുസ്വാധീനം വര്‍ധിപ്പിച്ചതായിപ്പറയാം. എണ്‍പതുകളുടെ ആദ്യവര്‍ഷങ്ങളായപ്പോഴേക്കും മാര്‍ക്സിസത്തിന്റെ വ്യാഖ്യാനബഹുത്വം ഒരു യാഥാര്‍ഥ്യമായി. സോവിയറ്റ് മേല്‍ക്കോയ്മയും ആ വിപ്ലവ മാതൃകയുടെ അനുകരണീയതയും ചോദ്യം ചെയ്യപ്പെട്ടു. മാര്‍ക്സിസം രാഷ്ട്രീയമല്ലാത്ത മേഖലകളിലേക്ക് - പഠനം, ഗവേഷണം, സംസ്കാരം- വ്യാപിച്ചു. പാര്‍ടിയില്‍ ചിലപ്പോഴൊക്കെ അംഗത്വമുണ്ടായിരുന്നെങ്കിലും മുഖ്യമായും സൈദ്ധാന്തികരായ ഗ്രന്ഥകര്‍ത്താക്കളായിരുന്ന ബുദ്ധിജീവികള്‍ വളര്‍ന്നുവന്നു. ലൂയി അല്‍ത്യൂസ്സെര്‍, ഹെര്‍ബെര്‍ട് മാര്‍ക്യൂസ്, ഴാങ്-പോള്‍ സാര്‍ത്ര്, പോള്‍ സ്വീസി, ലൂഷ്യോ കോളെറ്റി, ഹേബര്‍മാസ്, ഗുണര്‍ഫ്രാങ്ക്, നികോസ് പൗലന്റ്സാസ്, ഗൊറാല്‍ തൊര്‍സോണ്‍, അലെക്സ് കല്ലിനിക്കോസ് ഇങ്ങനെ ഏറെപ്പേര്‍. ഇവര്‍ ചെയ്ത കാര്യങ്ങളിലൊന്ന് "പരാജിത"രായി കരുതപ്പെട്ടിരുന്ന, അഥവാ അവഗണിക്കപ്പെട്ടിരുന്ന, മാര്‍ക്സിസ്റ്റുകളെ - ഗ്രാംഷി, റോസാലക്സംബര്‍ഗ്, ഓട്ടോ ബേഡര്‍, സുഖാറിന്‍, ചിലപ്പോള്‍ ട്രോട്സ്കി പോലും മാര്‍ക്സിസ്റ്റ് പാരമ്പര്യത്തിലേക്ക് വീണ്ടെടുത്തതാണ്. മാര്‍ക്സിസം എന്താണ്, എന്തല്ല എന്നതിന്നിടയിലെ വിഭജനരേഖ ഇക്കാലത്ത് മങ്ങിത്തുടങ്ങി. "മാര്‍ക്സിസ്റ്റ് പ്രവണതയുള്ള" (ങമൃഃശമെിേ) തുടങ്ങിയ വിശേഷങ്ങള്‍ പതിവായിത്തീര്‍ന്നു. ഒപ്പം മാര്‍ക്സിസം മറ്റനേകംതരം ചിന്തകള്‍ക്കിടയിലൊന്നായി മാറി വ്യാപകമായ അംഗീകാരം നേടി. ആ ലോകത്ത് സൊസ്സ്യൂര്‍, ലെവിസ്ട്രോസ്, ഴാക്ലക്കാന്‍, മെര്‍ലു-പ്വാങ്തീ ഇങ്ങനെ പലരും സഹവര്‍ത്തിച്ചു. (ഫ്രാന്‍സിന്റെ ഉദാഹരണമെടുത്താല്‍) സൗന്ദര്യശാസ്ത്രത്തിലും പിയെറീ മാഷെറി, റൊളാങ് ബാര്‍ഥ്, പലതരം ഘടനാവാദികളും ഉത്തരഘടനാവാദികളും ഒക്കെയായി മാര്‍ക്സിസം സംഭാഷണത്തിലേര്‍പ്പെട്ടു. മനോവിശ്ലേഷണവും കര്‍ത്തൃത്വ പ്രശ്നങ്ങളും ലിംഗസംബന്ധിയായ ഫെമിനിസ്റ്റു കാഴ്ചപ്പാടുകളും മറ്റും മാര്‍ക്സിസ്റ്റു വ്യവഹാരത്തിന്റെ ഭാഗമായി. മൂന്നാം ലോകരാജ്യങ്ങളിലാകട്ടെ ജാതി, ഗോത്രം അധിനിവേശാനന്തര സിദ്ധാന്തങ്ങള്‍ ഇവയും ചര്‍ച്ചകളില്‍ കടന്നുവന്നു. "ശുദ്ധ"മായ മാര്‍ക്സിസമെന്നൊന്ന് ഇതോടെ മിക്കവാറും ഇല്ലാതായി മാര്‍ക്സിസ്റ്റുകളല്ലാത്ത പണ്ഡിതര്‍ ഉല്‍പാദിപ്പിച്ച ജ്ഞാനം മാര്‍ക്സിസ്റ്റുകള്‍ക്കും അവഗണിക്കാന്‍ വയ്യാതായി. മാര്‍ക്സിസ്റ്റ് സിദ്ധാന്തം തന്നെയും പലതരം പുനഃപരിശോധനകള്‍ക്കു വിധേയമായി. ക്ലാസിക്കുകളുടെ അപ്രമാദിത്വം നിലനില്‍ക്കാതായി. മാര്‍ക്സിസ്റ്റു പാര്‍ടികള്‍ സ്വന്തം നാടുകളില്‍ മുതലാളിത്തത്തിന് ബദല്‍ തേടുകയും തന്ത്രങ്ങള്‍ സ്വരൂപിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കൃത്യമായ സിദ്ധാന്തങ്ങള്‍ പ്രായോഗികമായ നവസമീപനങ്ങള്‍ക്കു വഴിമാറി. ഒപ്പംതന്നെ പ്രകൃതി, ശാസ്ത്രം, സാങ്കേതികവിദ്യ ഇവയുമായും ഒരിടവേളയ്ക്കുശേഷം മാര്‍ക്സിസം ബന്ധങ്ങള്‍ വികസിപ്പിച്ചു. സ്റ്റീഫന്‍ ഗൗള്‍ഡിനെപ്പോലുള്ള (ജനിതക) ശാസ്ത്രജ്ഞരുണ്ടായി. എങ്കിലും ഇവയോടു തങ്ങള്‍ക്കു ബന്ധമില്ലെന്നു കരുതുന്നവരാണ് ഒട്ടേറെ മാര്‍ക്സിസ്റ്റുകള്‍. ഇത് യുവാക്കളെ മാര്‍ക്സിസത്തില്‍നിന്ന് അകറ്റാനും കാരണമായിട്ടുണ്ട്.

പിന്‍വാങ്ങലിന്റെ ഒരിടവേളയ്ക്കുശേഷം മുതലാളിത്തത്തിന്റെ തുടര്‍ച്ചയായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസം ശക്തമായ ഒരു തിരിച്ചുവരവു നടത്തിയിരിക്കുന്നു. ഒപ്പം അനീതിക്കും അസമത്വത്തിനുമെതിരെ മൂന്നാം ലോകങ്ങളിലെ ബൂര്‍ഷ്വാ അധീശത്വമുള്ള സമൂഹങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ക്ക് മാര്‍ക്സിസത്തെ ഒഴിവാക്കാനാവില്ലെന്നും വന്നിരിക്കുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ ഉദാരവാദത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് വ്യക്തമാണ്. ആഗോളസമ്പത്തിന്റെ ഉല്‍പാദനം പ്രകൃതിവിഭവങ്ങളുടെ പരിമിതിയോടും അധ്വാനത്തിന്റെ ഇനിയും തുടരാനാകാത്ത ചൂഷണത്തോടും കേവലം ലാഭബദ്ധമായ അമിതോല്‍പ്പാദനത്തിന്റെ വിചിത്ര വൈരുധ്യത്തോടും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാര്‍ക്സിസം സാമൂഹ്യ വിമര്‍ശനത്തിന്റെയെന്നപോലെ വ്യവസ്ഥാ പരിവര്‍ത്തനത്തിന്റെയും ഏറ്റവും ശക്തവും പ്രസക്തവുമായ ഉപാധിയായിരിക്കുമെന്നു തീര്‍ച്ച.

*
സച്ചിദാനന്ദന്‍


("ചിന്ത" പ്രസിദ്ധീകരിക്കുന്ന എറിക് ഹോബ്സ്ബോമിന്റെ "ലോകത്തെ മാറ്റുന്നത്" എന്ന കൃതിയുടെ പരിഭാഷ (പി കെ ശിവദാസ്) യ്ക്കെഴുതിയ അവതാരിക)

ദേശാഭിമാനി വാരിക

No comments: