Tuesday, December 17, 2013

ഭിന്നലൈംഗിക വിഭാഗവും സുപ്രിം കോടതി വിധിയും

ഒരു വിഭാഗം മതസംഘടനകള്‍ക്ക് കീഴടങ്ങിക്കൊണ്ട് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യയിലെ പരമോന്നത കോടതി. 2009 ജൂലൈ 20 ന് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ പാടെ ഇല്ലാതാക്കി ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്വവര്‍ഗ അനുരാഗികളും ഉഭയവര്‍ഗാനുരാഗികളും അര്‍ധനാരികളും ഉള്‍പ്പെടുന്ന ഭിന്ന ലൈംഗിക വിഭാഗങ്ങള്‍ക്കെതിരെയുള്ള ഒരു വിധിയായാണ് രാഷ്ട്രവും ലോകരാഷ്ട്രങ്ങളും ഇതിനെ നോക്കിക്കണ്ടത്.

377-ാം വകുപ്പ് ഭരണഘടനയിലെ സമത്വം, സ്വാതന്ത്ര്യം എന്നീ വകുപ്പുകള്‍ക്ക്  എതിരാണ് എന്നതായിരുന്നു  2009ലെ ഡല്‍ഹി ഹൈക്കോടതി വിധി. 1861 ലെ ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുണ്ടാക്കിയ ഈ വകുപ്പ് സ്വതന്ത്ര ഇന്ത്യയില്‍ എന്തിന് എന്ന ചോദ്യമായിരുന്നു അന്ന് ഹൈക്കോടതി മുന്നോട്ട് വച്ചത്. പരസ്പര സമ്മതമുള്ളതായാല്‍ പോലും പ്രകൃതിയുടെ നിയമത്തിന് വിരുദ്ധമായ ഏതുതരം ശാരീരിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്ന് അനുശാസിക്കുന്ന 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ഈ വിധിയെ കാറ്റില്‍പറത്തിക്കൊണ്ടാണ്  ജസ്റ്റിസ് സിംഗ്‌വിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ പുതിയ വിധി. 377-ാം വകുപ്പ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. സ്വവര്‍ഗ അനുരാഗികളുടെ സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഇതിനോടകം വിധിക്കെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഭിന്നലൈംഗിക വിഭാഗങ്ങള്‍ എന്നത് വിശാലമായ ഒരു പദമാണ്. പ്രകൃതി നിയമം അനുസരിച്ചുള്ള പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്ന രണ്ട് ലിംഗവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ധനാരികള്‍ ( സ്ത്രീ പുരുഷ ഗുണങ്ങളുള്ളവര്‍), സ്ത്രീ രൂപത്തില്‍ നടക്കുന്ന പുരുഷന്മാര്‍, ഇന്റര്‍ സെക്‌സ്, ലിംഗ ഭേദം നടത്തിയവര്‍, ലിംഗ വൈചിത്ര്യമുള്ളവര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ഈ വിഭാഗം എത്രയെന്നതിന് വ്യക്തമായ കണക്കുകളില്ല. ഏകദേശകണക്കുകള്‍ അനുസരിച്ച് 10 ലക്ഷത്തിലേറെപ്പേരുണ്ടാകും. മാനക്കേട് ഭയന്ന് പുറത്ത് പറയാതെ ജീവിക്കുന്ന ഒരു കൂട്ടം ഭിന്നലൈംഗിക വിഭാഗങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്ന സര്‍ക്കാരും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭരണഘടനയും ഇവര്‍ക്കു നേരെ കണ്ണടക്കുന്നു.

ശാരീരികമായി പുരുഷനായി ജനിച്ചുവെങ്കിലും സത്രൈണ സ്വഭാവങ്ങള്‍ കാണിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട കൊല്‍ക്കത്ത സ്വദേശിയായ കൗമാരക്കാരന്‍ എത്തിപ്പെട്ടത് ബംഗാളിലെ ഹിജഡ അസോസിയേഷനോടൊപ്പമാണ്. എന്നാല്‍ ഈ കുട്ടിക്ക് സംരക്ഷണം നല്‍കാനോ അവന്റെ പ്രാഥമികവും മൗലീകവുമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടാനോ ഇന്ത്യയില്‍ ഒരു സംഘടനയുടെയും സഹായം ലഭിച്ചില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി കുട്ടിയെ തിരിച്ച് വീട്ടിലേക്ക് അയക്കുക എന്നതു മാത്രമായിരുന്നു ഏക പോംവഴി. ഈ ഒരു സംഭവം വിരല്‍ ചൂണ്ടുന്നത് ഭിന്നലൈംഗിക വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കാതെ പോകുന്ന നീതിയുടെ നേര്‍ക്കാണ്. ഇന്ത്യയിലെ ഒരു ആശുപത്രിയില്‍ പോലും ഇവര്‍ക്കായി വാര്‍ഡോ, പ്രത്യേക സൗകര്യങ്ങളോ ഇല്ല. പൊതു ഇടങ്ങളില്‍ മൂത്രപ്പുരകളോ മറ്റു സജ്ജീകരണങ്ങളോ ഇല്ല. ഇതിനെല്ലാം ഉപരി രാജ്യത്തെ പൗരന്‍ എന്ന് തെളിയിയിക്കുന്ന തിരിച്ചറിയല്‍ രേഖകളായ തെരഞ്ഞെടുപ്പ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്തിന് ആധാര്‍ കാര്‍ഡില്‍ പോലും സത്രീ/പുരുഷന്‍ എന്നല്ലാതെ ഇവര്‍ക്കായി ഒരു വിഭാഗം ഇല്ല.

രാജ്യത്ത് ചില ഇടങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്നത് ആശ്വാസജനകമാണ്. 2008 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ് രൂപീകരിക്കുകയും പുരുഷനില്‍ നിന്നും സ്ത്രീ ആയി മാറിയ അരവന്നി വിഭാഗത്തിന് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ നല്‍കുകയും ചെയ്തു. ഈ തിരിച്ചറിയല്‍ രേഖ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, സ്വയം തൊഴില്‍ പദ്ധതികള്‍ക്കായുള്ള ലോണുകള്‍ എന്നിവക്ക് 33 ശതമാനം സ്ത്രീ സംവരണം ലഭിക്കുന്നതിനുള്ള രേഖയായി മാറി. 2012 ല്‍ കര്‍ണാടക സര്‍ക്കാര്‍ ഈ വിഭാഗക്കാരെ പിന്നോക്ക വിഭാഗമായി കണക്കാക്കുകയും സാമൂഹ്യരംഗങ്ങളിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണ ഘടനയിലെ 14,15,21 എന്നീ അനുച്ഛേദങ്ങള്‍ പ്രകാരം ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട അവകാശങ്ങളാണ് ഈ വിധിയിലൂടെ ഇവര്‍ക്ക് നഷ്ടമാകുന്നത്. വിഖ്യാത ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിനാളുകള്‍ 2006 ല്‍ ഒരു തുറന്ന കത്തിലൂടെ 377-ാം വകുപ്പിനെ ചോദ്യം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗവും ഈ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയായി ഈ നിയമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത ഇന്ത്യയിലും ചോദ്യം ചെയ്യപ്പെടുന്നു. ഭിന്ന ലൈംഗിക വിഭാഗങ്ങളിലുള്ളവരെ ക്രൂര പീഡനങ്ങള്‍ക്കിരയാക്കുന്ന രീതിയിലേക്ക് ഈ നിയമം മാറാനും സാധ്യതയുണ്ട്. ഇത്തരം വിഭാഗങ്ങളെ ആരോഗ്യ രംഗത്തു നിന്നും അകറ്റി നിര്‍ത്താന്‍ നിയമം കാരണമാകും. അതുകൊണ്ട് തന്നെ എയ്ഡ്‌സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ രാജ്യത്ത് വ്യാപിക്കാനും ഇടയാകും.

സമകാലീന ലോകത്ത് മനുഷ്യന്‍ മാറ്റങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യരെയും അവര്‍ എത്ര ന്യൂനപക്ഷമാണെങ്കിലും സംരക്ഷണം നല്‍കണമെന്നതാണ് നിയമത്തിന്റെ ധര്‍മ്മം. ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഭിന്നലൈംഗിക വിഭാഗങ്ങള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കിക്കഴിഞ്ഞു. സ്വവര്‍ഗ രതി കുറ്റകരമാകുന്ന 377-ാം വകുപ്പ് നിലനിര്‍ത്തണോ ഭേദഗതി ചെയ്യണോ എന്നതില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം എന്നതാണ് സുപ്രിം കോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മത സംഘടനകളുടെ സമ്മര്‍ദ്ദത്തിനതീതമായി സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കരുതാനുള്ള സാധ്യതകള്‍ കുറവാണ്. കോടതി വിധി പ്രാബല്യത്തിലായാല്‍ ഭിന്ന ലൈംഗിക വിഭാഗം ശിക്ഷകളുടെയും രോഗങ്ങളുടെയും മഹാവിപത്തിലേക്ക് നീങ്ങും എന്നതില്‍ സംശയമില്ല.

പൗരാണിക കാലം മുതലുള്ള സ്വവര്‍ഗ്ഗരതിയെന്ന ആശയത്തെ കോളനി വാഴ്ചക്കാലത്തെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുടരേണ്ടത് ആവശ്യമാണോ എന്നത് ഇന്ത്യയും ആലോചിക്കേണ്ടിയിരിക്കുന്നു.ഇനി പന്ത് പാര്‍ലമെന്റിന്റെ കൈകളിലാണ്. ന്യൂനപക്ഷസംരക്ഷണമാണോ വിക്‌ടോറിയന്‍ നിയമങ്ങളാണോ ഇന്ത്യക്ക് വേണ്ടതെന്ന് തീരുമാനിക്കേണ്ടതും പാര്‍ലമെന്റാണ്.

അവകാശത്തെ കയ്യെത്തിപ്പിടിച്ച് സ്വപ്‌ന

ഒരു വശത്ത് ഭിന്നലൈംഗികവിഭാഗങ്ങളിലുള്ളവര്‍ക്കെതിരായി നിയമങ്ങള്‍ ശക്തമാക്കുമ്പോള്‍ മറ്റൊരുവശത്ത് സ്വന്തം അവകാശത്തെ കയ്യെത്തിപ്പിടിച്ചിരിക്കുകയാണ് 23 വയസുള്ള സ്വപ്‌ന. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ യോഗ്യത നേടുന്ന ആദ്യ ഹിജഡ. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ട സ്വപ്‌നക്ക് പരീക്ഷയെഴുതാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തപ്പോള്‍ കോടതി സ്ത്രീ എന്ന വിഭാഗത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാടാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സ്വപ്‌നക്ക് അവസരം നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള സ്വപ്‌നയുടെ പോരാട്ടത്തിനാണ് ഇതോടെ വിജയമായത്. ലിംഗമാറ്റത്തിന് വിധേയരായ തങ്ങളെപ്പോലുള്ളവരെ തേഡ് ജെന്‍ഡര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ ഫസ്റ്റ് ജെന്‍ഡര്‍ ആരാണ് എന്നായിരുന്നു സ്വപ്‌നയുടെ ചോദ്യം. പുരുഷന്മാരെയാണ് ഒന്നാം ലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് എങ്കില്‍ എങ്ങനെ അത് ന്യായീകരിക്കാനാകും എന്നും സ്വപ്‌ന ചോദിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനുള്ള വാതിലാകും സ്വപ്‌നക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്.

സ്വപ്‌നയുടെ വിജയം ആദ്യപടി മാത്രമാണ്, മറ്റൊരു പരാതിക്കാരിയായ ഗ്രേസ് ബാനു പറയുന്നു. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും ഭിന്നലൈംഗികവിഭാഗങ്ങളിലുള്ളവര്‍ക്കും സംവരണം ലഭ്യമാക്കണമെന്ന ആവശ്യവുമായി പോരാടുകയാണ് ബാനു. ആണും പെണ്ണുമല്ലാ എന്ന് തിരിച്ചറിയുന്നതോടെ തങ്ങളില്‍ പലരും വീടുകളില്‍ നിന്നും നാട്ടില്‍ നിന്നു തന്നെയും പുറത്താക്കപ്പെടുകയാണ് പതിവ്. പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗമെന്ന നിലയില്‍ ലൈംഗികവൃത്തിസ്വീകരിക്കേണ്ടി വരുന്നു, ബാനു പറയുന്നു. പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ വരുന്നതിനാല്‍ മറ്റൊരു ജോലിയും ലഭിക്കുന്നില്ല. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ വ്യക്തിയാണ് ബാനു. ഒരു കമ്പനിയില്‍ ജോലിയും ലഭിച്ചു. എന്നാല്‍ അവിടെ ബാനുവിനനുഭവിക്കേണ്ടി വന്ന വിവേചനവും  പീഡനവും കൊണ്ട് രണ്ടു വര്‍ഷത്തിലേറെ അവിടെ നില്‍ക്കാന്‍ ബാനുവിന് കഴിയാതെ വന്നു.

*
ധനുജ വെട്ടത്ത് ജനയുഗം

No comments: