Wednesday, December 11, 2013

ത്രേതായുഗപ്പണിക്കര്‍

അപ്പോള്‍ പറഞ്ഞുവരുന്നത് ത്രേതായുഗപ്പണിക്കരെ കുറിച്ചാണ്. ആരാണ് ഈ ത്രേതായുഗപ്പണിക്കര്‍ എന്നാണ് ചോദ്യം, അല്ലെ? തോറ്റു. നിങ്ങളെക്കൊണ്ട് തോറ്റു. ഞാന്‍ ആദ്യം ലജ്ജകൊണ്ട് തലകുനിക്കട്ടെ. ചോദ്യം ചോദിച്ചവര്‍ക്ക് എന്നെ അനുകരിച്ച് സ്ഥാനക്രമ ത്തില്‍ തലകുനിക്കാം. ത്രേതായുഗപ്പണിക്കരെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ ഹേ മിസ്റ്റര്‍ നിങ്ങള്‍ക്ക് എന്തറിയാം?
നിങ്ങള്‍ക്ക് ചരിത്രമറിയാമോ?
പാരമ്പര്യമറിയാമോ?
നാടിന്റെ സ്പന്ദനം അറിയാമോ?
നിങ്ങള്‍ കടന്നുവന്ന വഴികളെ കുറിച്ച് അറിയാമോ?
നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് തന്നെ വല്ലതും അറിയാമോ?

നടക്കുന്നു ന്യൂജനറേഷനാണെന്നും പറഞ്ഞ്. നിങ്ങള്‍ "ലൈക് ഡാ" അടിച്ചാല്‍ ത്രേതായുഗപ്പണിക്കരെ കാണില്ല. ബ്ലോഗില്‍ ഞെരിപിരി കൊണ്ടാലും ത്രേതായുഗപ്പണിക്കരെ കാണില്ല. എന്നാല്‍ ചുമ്മാ പുരാണം പറയാതെ പറയടോ ത്രേതായുഗപ്പണിക്കര്‍ ആരാണെന്ന്? എന്നല്ലെ നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ക്ഷമ വേണം, മക്കളെ ക്ഷമ വേണം. ക്ഷമിച്ചും സഹിച്ചുമാണ് ഞങ്ങള്‍ നിങ്ങളെ ഇത്രവരെ എത്തിച്ചത് എന്ന് ഓര്‍മ വേണം. അപ്പോള്‍ ത്രേതായുഗപ്പണിക്കര്‍ ആരാണെന്ന് അറിയണം അല്ലെ? ആദ്യം അലങ്കാരത്തില്‍ പറയാം. പാണ്ടന്‍നായ. പണ്ട് ഒരു കടിയാല്‍ ഒരു പുലിയെ കണ്ടിച്ച അവന്‍ തന്നെ. പുലിയെ കണ്ടിച്ചില്ലെങ്കിലും പുളിങ്കുരു കടിച്ചുപൊട്ടിക്കാന്‍ ഇപ്പോഴും ത്രേതായുഗപ്പണിക്കര്‍ക്ക് കഴിയും. പല്ല് മുപ്പത്തിരണ്ടും വെപ്പാണെന്ന് ഓര്‍ക്കണെ!

വയസ്സ് തൊണ്ണൂറ്റിയാറ്. അനാഘ്രാതകുസുമം നൂറിലേക്ക് അനായാസം നടക്കുകയാണ്. ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം വച്ച് ഈയിടെയെങ്ങും മഴയോ, ഇടിയോട് കൂടിയ മഴയോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ത്രേതായുഗപ്പണിക്കരെ അറിയുന്നവര്‍ ആരും ഇപ്പോള്‍ ജീവിച്ചിരിക്കാത്തത് നിങ്ങളുടെ ഭാഗ്യം. ഇല്ലെങ്കില്‍ ഭൂതകാലം പറഞ്ഞ് നിങ്ങളെ വിരട്ടിക്കളയുമായിരുന്നു. ഭാവി അനിശ്ചിതത്വവും വര്‍ത്തമാനം ആശങ്കയും കൊണ്ടുവരുമ്പോള്‍ ഭൂതകാലമാണ് ആശ്വാസം. ഗോപിചന്ദനാദി ഗുളിക അരച്ചു കഴിച്ചപോലെ. ഒരു സുഖം. രണ്ടേമ്പക്കവും പോവും. സത്യത്തില്‍ ഈ ഭൂതകാലം എന്നു പറയുന്നതു തന്നെ ഒരേമ്പക്കമാണ്. പ്രാക്തനസ്മൃതികളില്‍ നിന്നും വരുന്ന ശബ്ദമുഴക്കം. ഞെട്ടും ലോകം അക്കാലം ത്രേതായുഗപ്പണിക്കര്‍ പുറത്തിറങ്ങിയാല്‍. കിടുങ്ങും പ്രതിയോഗികള്‍ ഓരോ കാലടി കേള്‍ക്കുമ്പോഴും. നാട്ടുകാര്യസ്ഥത, മധ്യസ്ഥപ്രവര്‍ത്തനം.... ഇങ്ങനെ സുപ്രധാനറോളുകളിലായിരുന്നു അക്കാലത്ത് ത്രേതായുഗപ്പണിക്കര്‍.

ജുഡീഷ്യറിയും, എക്സിക്യുട്ടീവും ത്രേതായുഗപ്പണിക്കര്‍ തന്നെ. നിയമനിര്‍മാണ സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ത്രേതായുഗപ്പണിക്കര്‍ തന്നെ. കാറ്റു വന്നാലും ഇലയനങ്ങണമെങ്കില്‍ ത്രേതായുഗപ്പണിക്കര്‍ പറയണം. പറഞ്ഞുവരുന്നത് ത്രേതായുഗപ്പണിക്കര്‍ക്ക് തൊണ്ണൂറ്റിയാറു വയസ്സായി എന്നാണ്. രാജ്യകാര്യവിചാരത്തിനിടയില്‍ കടുത്ത അവിവാഹിതനായിരുന്നു ത്രേതായുഗപ്പണിക്കര്‍. മനഃപ്പൂര്‍വമല്ല, അങ്ങനെ പറ്റിപ്പോയി. ഓരോരോ തിരക്കിനിടയില്‍ ഇതിനെ കുറിച്ച് ചിന്തിച്ചില്ല. കല്യാണത്തോട് ആശയപരമായ അഭിപ്രായവ്യത്യാസമൊന്നുമില്ല. ഉള്ളിലെ ചില കൊതി നടക്കാതെ വരുമ്പോള്‍ വിവാഹം എന്നത് എസ്റ്റാബ്ലിഷ്മെന്റാണെന്നും ബ്യൂറോക്രസിയാണെന്നുമൊക്കെ പറയുന്ന ടൈപ്പുമല്ല ത്രേതായുഗപ്പണിക്കര്‍. അതൊക്കെ ചില ട്രിക്ക്. എന്നാ ഇനി ഒന്ന് വിവാഹമാവാം എന്ന് കരുതമ്പ്ളക്കും നാട്ടുകാര് ഓരോ കാര്യത്തിനെന്നും പറഞ്ഞ് വരും. പിന്നെ അതിനങ്ങ്ട് ഇറങ്ങും. അതിര്‍ത്തിത്തര്‍ക്കം, പലിശത്തര്‍ക്കം. കൊടുക്കല്‍ വാങ്ങല്‍ തര്‍ക്കം... വിഷയത്തിനാണോ പഞ്ഞം? അങ്ങനെ വിഷയങ്ങളെല്ലാം ഒതുക്കി ഇനി വിവാഹമാവാം എന്ന് കരുതുമ്പ്ളക്കും വരും അടുത്തത്. വിവാഹബന്ധം വേര്‍പെടുത്തലോ കൂട്ടിച്ചേര്‍ക്കലോ ഒക്കെയായിരിക്കും വിഷയം. അതിന്റെ പിന്നാലെയാവും പിന്നെ യാത്ര.

ഇങ്ങനെ വല്ലവരുടെ കല്യാണത്തിന്റെ പിന്നാലെ പോയി സ്വന്തം കാര്യം പിന്നെയും മറന്നു. ഇപ്പോഴാണ് ത്രേതായുഗപ്പണിക്കര്‍ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഏകാന്തത. കനത്ത ഏകാന്തത. രാവിലെ കടുംകാപ്പിയില്‍ തുടങ്ങുന്നു ഏകാന്തത. ഒരു ഡയലോഗടിക്കാനും അത് കേട്ടു നില്‍ക്കാന്‍ ഒരാളുമില്ലെങ്കില്‍ എന്തു ജീവിതം? ദാമ്പത്യം എന്നു പറയുന്നതു തന്നെ ഡയലോഗടിയാണ്. ബാക്കിയെല്ലാം എക്സ്ട്രാ ഫിറ്റിങ്സ് മാത്രം. ഭര്‍ത്താവ് പ്രസംഗിക്കുന്നു, ഭാര്യ വിനീതവിധേയയായി കേട്ടു നില്‍ക്കുന്നു. ഭാര്യ പ്രസംഗിക്കുന്നു, ഭര്‍ത്താവ് വിനീതവിധേയനായി കേട്ടുനില്‍ക്കുന്നു. വിഷയം കണ്ടെത്തുന്നതിലാണ് ആദര്‍ശദാമ്പത്യം. രണ്ടുപേര്‍ക്കും താല്‍പര്യമുള്ള വിഷയം കണ്ടെത്തണം. അത്ര എളുപ്പമല്ല. പ്രസംഗിക്കുമ്പോള്‍ പരസ്പരം ഇടപെടാന്‍ പാടില്ല. കൂവല്‍ പാടില്ല, കൈയടി ആവാം. ഏകാന്തത എന്ന ഒരു സംഭവമേ ഇല്ല. ചില സാഹിത്യ-കലാഭീകരവാദികള്‍ സ്വയം സൃഷ്ടിക്കുന്ന ഒരു പരിവേഷം മാത്രമാണ് അത്. ഞാന്‍ ഒരു വ്യത്യസ്തജീവിയാണെന്ന് കാണിക്കാനുള്ള ഭ്രമം. ലേശം മാര്‍ക്കറ്റും കിട്ടും. ചില്ലറ വില്‍പന തരപ്പെടുത്താം. ഏകാന്തത എന്ന് പറയുന്നത് ഒരാള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഒഴിവാക്കുന്ന സൂത്രമാണ്. കൂടെ വന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് അത്. ത്രേതായുഗപ്പണിക്കര്‍ക്ക് ജീവിതം ശൂന്യം. ശ്രോതാവില്ലാത്ത ജീവിതം വിരസം. കൂട്ടു വേണം. കൂട്ടിന്നിളങ്കിളി വേണം. അങ്ങനെ പ്രായമൊന്നും ത്രേതായുഗപ്പണിക്കര്‍ക്ക് അതിക്രമിച്ചിട്ടില്ല. തൊണ്ണൂറ്റിയാറൊന്നും ഇക്കാലത്ത് ഒരു പ്രായമേ അല്ല. എന്തെല്ലാം സൗകര്യങ്ങളുണ്ട്! അടുത്തു വന്നാല്‍ ഇപ്പോഴും ചിലരെ തിരിച്ചറിയാന്‍ കഴിയും. നാലു പ്രാവശ്യം "ങേ..ങേ.." എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ചിലതൊക്കെ ഇപ്പോഴും മനസ്സിലാവും. ഒരു വടിയുടെ സഹായമുണ്ടെങ്കില്‍ അഞ്ചെട്ടടിയൊക്കെ ഇപ്പോഴും നടക്കാം. ബാത്ത് റൂമിലൊക്കെ തനിച്ചല്ലെ പോവുന്നത്! പീഡനത്തിനല്ല, നേര്‍വഴിക്ക് ഒരു കല്യാണത്തിനാണല്ലൊ ത്രേതായുഗപ്പണിക്കര്‍ ഒരുങ്ങുന്നത്. പീഡകരുടെ കണക്കെടുപ്പില്‍ അറുപത് കഴിഞ്ഞ എത്ര പേരാണ് റാങ്കുലിസ്റ്റില്‍ കിടക്കുന്നത്! വാര്‍ത്തക്ക് വേണ്ടി പീഡിപ്പിക്കുന്നവര്‍, വാര്‍ത്തക്കല്ലാതെ പീഡിപ്പിക്കുന്നവര്‍, ഒടുവില്‍ സഹികെട്ട് നേരിട്ട് പീഡനത്തിനിറങ്ങുന്ന വാര്‍ത്താവതരണക്കാര്‍!

ങ്ഹാ... ഞങ്ങളെന്താ മോശാ? എന്തായാലും ത്രേതായുഗപ്പണിക്കര്‍ രംഗത്തിറങ്ങി. പറ്റിയ ഇണയെ കണ്ടെത്തണം. പ്രണയമെങ്കില്‍ പ്രണയം തന്നെ. ഇല്ല ഇല്ലാ പിന്നോട്ടില്ല. ഓരോ അടിയും മുന്നോട്ട്. കാടും മേടും കയറുമ്പോള്‍, കാട്ടാറോടിപ്പോവുമ്പോള്‍, കാറ്റല മാടിവിളിക്കുമ്പോള്‍, കാമുകഹൃദയം തേങ്ങുന്നു. നെഞ്ചിലൊളിച്ചൊരു ശാശ്വതസത്യം കണ്ണിണ ചിമ്മിപ്പറയുമ്പോള്‍ കരളില്‍ കത്തിപ്പടരും ലഹരി ചുണ്ടില്‍ വീഞ്ഞായ് പകരുമ്പോള്‍ രമണന്‍ മീട്ടിയ പുല്ലാങ്കുഴലില്‍ തുരുതുരെ പൂമഴ പെയ്യുമ്പോള്‍ ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ മാനവഹൃദയം കാമുകഹൃദയം. കാലം നിങ്ങടെ കവിളില്‍ തട്ടി സ്വപ്നം കാട്ടി വിളിക്കുമ്പോള്‍ പ്രായം ചൊല്ലി വിരട്ടല്ലേ അവശത ചൊല്ലി വിരട്ടല്ലേ ജനിച്ച തിയതിക്കുറിപ്പു നോക്കി ഗണിക്കലല്ല പ്രണയം, പ്രേമം. വലിവും, ചുമയും, ആസ്മയുമേറ്റാല്‍ കരിഞ്ഞുപോകുവതല്ല പ്രണയം കിഡ്നിയിലിത്തിരി കല്ലുണ്ടായാല്‍ തല്ലിപ്പിരിയുവതല്ല പ്രണയം. ത്രേതായുഗപ്പണിക്കര്‍ ഈ മുദ്രാവാക്യങ്ങള്‍ സ്വയം വിളിച്ച് ആത്മവിശ്വാസം വരുത്തി. പകുതി കരള്‍ കൈയിലെടുത്ത് വ്യാപകമായി പരതി. നാടെമ്പാടും വല വീശി. അങ്ങനെയാണ് ഒരു ഡിന്നര്‍ സല്‍ക്കാരത്തിനിടയില്‍ അവളെ കണ്ടത്.

അവള്‍ എന്ന് പറയുന്നതില്‍ ഭാഷാസ്നേഹികള്‍ക്ക് എതിര്‍പ്പുണ്ടാവും. അവള്‍ എന്നതിന് പ്രായപരിധിയുണ്ടെന്ന് അവര്‍ ശഠിക്കുന്നു. കൂടിവന്നാല്‍ നാല്‍പ്പത്തഞ്ച്. ഇപ്പോള്‍ അതിന്റെ പരിധി അമ്പത്തഞ്ചാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും അതു കഴിഞ്ഞാല്‍ "അവള്‍" ഇല്ല എന്നാണ് അവരുടെ വാദം. "അവര്‍" എന്നാവാം എന്ന സൗജന്യം അനുവദിച്ചിട്ടുണ്ട്. അറുപത് കഴിഞ്ഞാല്‍ പിന്നെ "തള്ള", "മുത്തശ്ശി", "വയസ്സി" എന്നെല്ലാം പ്രയോഗിക്കണമെന്ന് വ്യാകരണപണ്ഡിതര്‍ നിര്‍ബന്ധിക്കുന്നു. ഭാഷ എന്തായാലും ത്രേതായുഗപ്പണിക്കര്‍ ഡിന്നര്‍ മേശയിലെ നീലവെളിച്ചത്തില്‍ "അവളെ" കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ ത്രേതായുഗപ്പണിക്കര്‍ക്ക് ഇഷ്ടായി. അതാണ് യഥാര്‍ഥപ്രണയം. അല്ലാതെ രണ്ടാമതൊന്നു നോക്കി തീരുമാനിക്കലല്ല ശാശ്വതപ്രണയം. ത്രേതായുഗപ്പണിക്കര്‍ മനസ്സില്‍ പ്രായം കണക്കുകൂട്ടി.... എണ്‍പത്... എണ്‍പത്തഞ്ച്... ലേശം കൂടുതലാണ്... എങ്കിലും കുഴപ്പമില്ല... അഡ്ജസ്റ്റ് ചെയ്യാം... അഡ്ജസ്റ്റ്മെന്റല്ലെ ജീവിതം...

ത്രേതായുഗപ്പണിക്കര്‍ വീണ്ടും വീണ്ടും നോക്കി. ഭൂതകാലത്തില്‍ ഭൂമിയെ ഇളക്കിമറിച്ച സുന്ദരി തന്നെയാണ് "ഇവള്‍". മിടുക്കി. (പാസ്റ്റ് ടെന്‍സില്‍ ചിന്തിക്കണം, പ്ലീസ്")

ഓമനത്വം തോന്നുന്നു. മറ്റെല്ലാം ത്രേതായുഗപ്പണിക്കര്‍ മറന്നു. രണ്ട് കണ്ണുകള്‍ മാത്രമായി ത്രേതായുഗപ്പണിക്കര്‍ ചുരുങ്ങി. നോക്കി. അല്ല കോരിക്കുടിച്ചു. മനസ്സ് കടുത്ത സംഘര്‍ഷത്തിലായി. സംഘര്‍ഷത്തിന് പ്രായമില്ല. രണ്ടു തവണ ബാത്ത് റൂമില്‍ പോയി. കരളില്‍ കൊടുങ്കാറ്റൂതി. പറഞ്ഞേ പറ്റൂ. ഇത്രയും നാള്‍ കാത്തിരുന്നത് വെറുതെയായില്ല. മനസ്സിന് ഇണങ്ങിയ ഒരുവള്‍ ഇതാ... തൊട്ടടുത്ത്.... ഇവളില്ലാത്ത ഒരു ജീവിതം... ഇല്ല, ഇനി ചിന്തിക്കാന്‍ വയ്യ. ആളൊഴിഞ്ഞ് കിട്ടി. ത്രേതായുഗപ്പണിക്കര്‍ വിവരം പറഞ്ഞു. വൈദ്യരുടെയടുത്ത് പറയുന്ന പോലെയായിരുന്നെങ്കിലും സംഗതി അവതരിപ്പിച്ചു. വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന നിര്‍ണായക ചോദ്യം അവര്‍ കേട്ടു. "സമ്മതമാണ്"

ത്രേതായുഗപ്പണിക്കര്‍ക്ക് അത് ഉത്തരമായിരുന്നില്ല. സ്വപ്നം നിലത്തിറങ്ങി വന്നതായിരുന്നു. ഡിന്നര്‍ സമംഗളം പര്യവസാനിച്ചു. ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. പിരിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ത്രേതായുഗപ്പണിക്കര്‍ക്ക് സംശയം. "അവള്‍" എന്താ പറഞ്ഞത്? സമ്മതമാണെന്നോ, അല്ലെന്നോ? തിരിച്ചും മറിച്ചും ആലോചിച്ചു. ഉത്തരം കിട്ടുന്നില്ല. സംഭവഗതികള്‍ ഓരോന്നായി മനസ്സില്‍ കൊണ്ടുവന്നു. ഉത്തരം മാത്രം കിട്ടുന്നില്ല. സംശയം തീര്‍ക്കാന്‍ ത്രേതായുഗപ്പണിക്കര്‍ ഫോണെടുത്തു.

"ഹലോ...." അപ്പുറത്തും "ഹലോ...." "ഞാന്‍ നേരത്തെ ഡിന്നറില്‍ വച്ചു കണ്ട ആളാ. എന്താ പറഞ്ഞെ.... സമ്മതമാണെന്നോഅല്ലെന്നോ?" "സമ്മതമാണെന്നാ പറഞ്ഞെ...." ത്രേതായുഗപ്പണിക്കര്‍ക്ക് സമാധാനമായി. പക്ഷേ ഫോണ്‍ താഴെവെക്കും മുമ്പ് അവര്‍ പറഞ്ഞു. "...പക്ഷേ ആരോടാ പറഞ്ഞേന്ന് ഓര്‍ക്കണില്ലാട്ടോ..." "പ്ടും" എന്ന ശബ്ദം കേട്ടു. വീണത് ഫോണാണോ ത്രേതായുഗപ്പണിക്കാരാണോ എന്ന് വ്യക്തമല്ല.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: