Thursday, December 26, 2013

ക്ലീന്‍ചിറ്റിലെ ഗര്‍ത്തങ്ങള്‍

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം മോഡിക്ക് സംഭവത്തില്‍ ഒരു പങ്കാളിത്തവുമില്ലെന്ന് പറഞ്ഞുനല്‍കിയ ക്ലീന്‍ചിറ്റ് കോടതിയും അംഗീകരിച്ചെങ്കിലും തീര്‍ത്തും ദുര്‍ബലമായ ഒരു അടിത്തറമേലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഈ വാദം നില്‍ക്കുന്നത്. അന്ന് അഹമ്മദാബാദ് പൊലീസിലെ ഇന്റലിജന്‍സ് ഉപമേധാവിയായിരുന്ന സഞ്ജീവ്ഭട്ടിന്റെ മൊഴി ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

വംശഹത്യയില്‍ മോഡിക്ക് പങ്കില്ലെന്ന് വ്യക്തമാക്കാന്‍ സംഭവസമയത്ത് അഹമ്മദാബാദ് പൊലീസിന്റെ കമീഷണറായിരുന്ന പി സി പാണ്ഡെയുടെ മൊഴിയെയാണ് പ്രത്യേക അന്വേഷണസംഘം പ്രധാനമായും ആശ്രയിച്ചത്. വംശഹത്യയ്ക്കൊരുങ്ങുന്നവര്‍ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് 27ന് രാത്രി സ്വവസതിയില്‍ മോഡി വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തയാളാണ് പാണ്ഡെ. എന്നാല്‍, സഞ്ജീവ്ഭട്ട് പറഞ്ഞ കാര്യങ്ങള്‍ തനിക്കോര്‍മയില്ലെന്നുപറഞ്ഞ് തടിതപ്പുകയാണ് ഇയാള്‍ ചെയ്തത്. മാത്രമല്ല, പിന്നീട് മോഡിയുടെ ഒത്താശയോടെ വന്‍സാരെയും കൂട്ടരും നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പങ്കാളിയാണെന്ന് സിബിഐ കണ്ടെത്തിയ ഉദ്യോഗസ്ഥനുമാണ് പാണ്ഡെ. അതായത് മോഡിയുടെ സ്വന്തം പൊലീസുകാരന്‍. പാണ്ഡെയുടെ മൊഴിയനുസരിച്ച് ഗോധ്ര ദുരന്തത്തിലെ ഇരകളുടെ അന്ത്യയാത്ര ഒരു വിലാപയാത്രയായി കൊണ്ടാടിയിട്ടില്ല. ഗോധ്രയില്‍നിന്ന് അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സോളാ സിവില്‍ ഹോസ്പിറ്റലിലേക്ക് ദുരന്തത്തിനിരയായവരുടെ ശരീരങ്ങള്‍ മാറ്റുന്നതിനിടയ്ക്ക് സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമായതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എല്ലാം ശാന്തം എന്ന മട്ടിലാണ് പാണ്ഡെ മൊഴികൊടുത്തതും ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം ആവര്‍ത്തിച്ചതും.

എന്നാല്‍, യഥാര്‍ഥത്തില്‍ കടകവിരുദ്ധമായിരുന്നു സ്ഥിതി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ വിവരങ്ങള്‍ നോക്കിയാല്‍ ഇതു മനസ്സിലാകും. മരണമടഞ്ഞവരുടെ ശരീരങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം പൊലീസിലെയും ബ്യൂറോക്രസിയിലെയും പല ഉന്നത ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കിയിരുന്നു. ഗോധ്ര സംഭവദിവസം ഉച്ചയ്ക്ക് 12.30ന് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ അഹമ്മദാബാദില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പുനല്‍കുകയും സത്വരനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയക്കുകയും ചെയ്തു.

എന്നാല്‍, ബന്ധപ്പെട്ടവര്‍ ഈ സന്ദേശം ഗൗനിച്ചില്ല. ഗോധ്രയില്‍ കര്‍സേവകര്‍ പ്രതികാരംചെയ്യുമെന്ന് പറയുന്നുണ്ടെന്ന സന്ദേശത്തോടൊപ്പം ഇതേ മുന്നറിയിപ്പ് ആവര്‍ത്തിക്കപ്പെട്ടു. ഗോധ്രസംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെ 1.59ന് സോളാ ഹോസ്പിറ്റലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനില്‍നിന്ന്, ഉടന്‍ പ്രത്യേക റിസര്‍വ് പൊലീസ് പ്ലാറ്റ്യൂണിനെ രംഗത്തിറക്കണമെന്നാവശ്യപ്പെട്ട് സന്ദേശം പോയി. അതായത് അന്തരീക്ഷം മോശമാകുന്നുവെന്ന് വ്യക്തം. പുലര്‍ച്ചെ 2.44ന് മൃതദേഹങ്ങളുംകൊണ്ട് വാഹനങ്ങള്‍ സോളാ ഹോസ്പിറ്റലില്‍ എത്തിയതായി വയര്‍ലസ് സന്ദേശം അയക്കുകയുണ്ടായി. പുലര്‍ച്ചെ നാലിന് 5000 കര്‍സേവകര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതായും സന്ദേശം പോയി. രാവിലെ 7.14ന് പോയ സന്ദേശത്തില്‍ പറഞ്ഞത് അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നാണ്. രാവിലെ 11.55 ആയപ്പോഴേക്കും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം അക്രമാസക്തരാകുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നെന്ന് സന്ദേശം അയച്ചു.

ഇതേസമയം ഹോസ്പിറ്റലില്‍നിന്നു പോയ മറ്റൊരു വയര്‍ലസ് സന്ദേശത്തില്‍ കലാപം തുടങ്ങിയെന്ന് ഒരു സയ്യിദ് സായ്വ് അറിയിച്ചതായുള്ള വിവരമാണുള്ളത്. ആശുപത്രി അധികൃതരെ ജനക്കൂട്ടം വളഞ്ഞുവച്ചതായി തുടര്‍ന്നുള്ള സന്ദേശത്തില്‍ പറയുന്നു. 11.58ന് അയച്ച സന്ദേശത്തില്‍ 10 ശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ കൊണ്ടുപോകുന്നെന്നും അയ്യായിരത്തിനും ആറായിരത്തിനുമിടയ്ക്ക് ആളുകള്‍ അനുഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് സബര്‍കന്ദ ജില്ലയില്‍ വിലാപയാത്ര അക്രമാസക്തമാകുകയും രണ്ട് മുസ്ലിങ്ങള്‍ കുത്തേറ്റ് മരിച്ചതായും പറയുന്നു. ഗോധ്രയില്‍ മരണമടഞ്ഞവരില്‍ തിരിച്ചറിയാത്ത 19 പേരുടെ ശവശരീരങ്ങള്‍ വിഎച്ച്പി നേതാവായ ജയ്ദീപ് പട്ടേലാണ് ഏറ്റുവാങ്ങിയത്. വിലാപയാത്രയായാണ് ഈ മൃതശരീരങ്ങള്‍ സംസ്കരിക്കാനായെടുത്തത്. തിരിച്ചറിഞ്ഞ 35 പേരുടെ വിലാപയാത്രകള്‍ വാഹനത്തിലാണ് നടത്തിയതെങ്കിലും വന്‍ജനക്കൂട്ടം അകമ്പടി സേവിച്ചു. അക്രമാസക്തരായ ജനക്കൂട്ടമാണ് വംശഹത്യയ്ക്ക് തുടക്കമിട്ടതും. അതായത് പൊലീസ് വയര്‍ലസ് സന്ദേശങ്ങളില്‍ പറയുന്ന ഈ കാര്യങ്ങളൊന്നും നടന്നതായി പ്രത്യേക അന്വേഷണസംഘം അംഗീകരിക്കുന്നില്ല. മറിച്ച്, വിലാപയാത്രകള്‍ നടന്നില്ലെന്നും തുടര്‍ന്ന് നടന്ന കൊലയും കൊള്ളിവയ്പും സംഭവിച്ചില്ലെന്നും ശവസംസ്കാരത്തിനുവന്ന ജനക്കൂട്ടം രണ്ടുമണിയോടെ വേഗം പിരിഞ്ഞുപോയെന്നുമാണ് റിപ്പോര്‍ട്ടെഴുതിയത്.

ഇതേതുടര്‍ന്ന് വംശഹത്യയില്‍ സംസ്ഥാനഭരണകൂടത്തിനും തലവനായ മുഖ്യമന്ത്രിക്കുമുള്ള പങ്ക് സമര്‍ഥമായി മറച്ചുപിടിക്കുന്നു അവര്‍. (ദി ഹിന്ദു 18.04.2013). മോഡിക്കെതിരെ വേറെയുമുണ്ട് തെളിവുകള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന അശോക് നാരായണന്‍, ഹിന്ദുസംഘടനകള്‍ പ്രകോപനപരമായ ലഘുലേഖകള്‍ സോളാ സിവില്‍ ഹോസ്പിറ്റലിനു മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക് വിതരണം ചെയ്യുന്നെന്നും ഇത് പ്രശ്നമുണ്ടാക്കുമെന്നും മോഡിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പ് മോഡി ഗൗനിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ എ കെ മല്‍ഹോത്ര അത്തരം ചില ലഘുലേഖകള്‍ സുപ്രിംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ഇവ പരിഗണിച്ചില്ല. ഗുജറാത്ത് പൊലീസിലെ ഡിജിപി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍, ലഘുലേഖകള്‍ വിതരണംചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടും മോഡി അനങ്ങിയില്ല. ഈ സംഭവങ്ങളെല്ലാം മോഡിക്ക് വംശഹത്യയില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന തെളിവുകളാണെങ്കിലും പ്രത്യേക അന്വേഷണസംഘം പരിഗണിച്ചതേയില്ല. സഞ്ജീവ്ഭട്ടിന്റെ കാര്യത്തില്‍ത്തന്നെ നിരവധി പിഴവുകളാണ് അന്വേഷണസംഘം വരുത്തിയത്. 27ന് മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഭട്ട് പുറപ്പെട്ടോ എന്നറിയാന്‍ സമീപത്തുള്ള പൊലീസ് പോസ്റ്റില്‍നിന്ന് ഒരു പൊലീസുകാരനെ അയച്ചിരുന്നു. അയാള്‍ വീട്ടിലെത്തിയപ്പോഴേക്കും ഭട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോയിരുന്നു. ഇതേതുടര്‍ന്ന് ആ കോണ്‍സ്റ്റബിള്‍ ഈ വിവരം തന്റെ ഡറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോദിവസവും ഈ ഡയറി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഒപ്പിട്ടുവാങ്ങുന്നതാണ്. അതുകൊണ്ടുതന്നെ അത് പരിശോധിച്ചാല്‍ നല്ലൊരു തെളിവ് ഭട്ടിന്റെ മൊഴിക്കനുകൂലമായി കിട്ടും. എന്നാല്‍, പ്രത്യേക അന്വേഷണസംഘമത് ചെയ്തില്ല. സഞ്ജീവ് ഭട്ടിന്റെ മൊഴി പുറത്തായപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് ഒരു പ്രാദേശികപത്രത്തില്‍ ഈ പൊലീസ് കോണ്‍സ്റ്റബിള്‍ പ്രസ്താവന നടത്തുകയുണ്ടായി. തുടര്‍ന്ന് ബ്രഹ്മാനന്ദ ഭട്ടെന്ന ഈ കോണ്‍സ്റ്റബിളിനെ മോഡിയുടെ ഭരണകൂടം പിരിച്ചുവിട്ടു. ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന അയാള്‍ പക്ഷേ, ഇന്നും തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഫെബ്രുവരി 28ന് എഹ്സാന്‍ ജാഫ്രിയെ വംശഹത്യക്കാര്‍ ആക്രമിക്കുമ്പോള്‍ ആ വിവരം ഭട്ട് മോഡിയെ ഫോണ്‍ വഴിയും ഫാക്സ് വഴിയും അറിയിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് മോഡിക്കയച്ച ഫാക്സ് സന്ദേശത്തിന്റെ കോപ്പിയും രണ്ടുതവണ ഭട്ട് അന്വേഷണസംഘത്തിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, ഒറിജിനല്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അപ്പോഴേക്കും സസ്പെന്‍ഷനിലായ ഭട്ടിന് അതിന് കഴിഞ്ഞില്ല. എന്നാല്‍, വിശാലമായ അധികാരവകാശങ്ങളുള്ള അന്വേഷണസംഘത്തിന് ഒറിജിനല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. എന്നാലതിനായുള്ള ഒരു ശ്രമവും അവര്‍ നടത്തിയില്ല. തുടര്‍ന്ന് ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ 164-ാം വകുപ്പുപ്രകാരം താന്‍ നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ ഭട്ട് ആവശ്യപ്പെട്ടു. കുഴപ്പംപിടിച്ച ഒരു വകുപ്പാണിത്. കാരണം മൊഴി തെളിയിക്കാനായില്ലെങ്കില്‍ മൊഴി നല്‍കിയ ആള്‍ കടുത്ത ശിക്ഷാവിധി ഏറ്റുവാങ്ങേണ്ടിവരും. എന്നിട്ടും പ്രത്യേക അന്വേഷണസംഘം ഭട്ടിനെ മുഖവിലയ്ക്കെടുത്തില്ല.

മോഡിയോടുള്ള വിരോധംകാരണം ഭട്ട്് കള്ളം പറയുകയാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ഭട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് അമിക്കസ്ക്യൂറി വ്യക്തമാക്കിയതാണ്. ഇങ്ങനെ തീര്‍ത്തും ഏകപക്ഷീയമായാണ് മോഡിക്ക് ക്ലീന്‍ചിറ്റ്നല്‍കുന്ന കാര്യത്തില്‍ ആര്‍ കെ രാഘവനും കൂട്ടരും പ്രവര്‍ത്തിച്ചത്. ഇതുകൊണ്ടുതന്നെയാണ് സാകിയ ജാഫ്രിയുടെ അഭിഭാഷകനായ മിഹിര്‍ ദേശായി, പ്രത്യേക അന്വേഷണസംഘത്തെ ഈ വിഷയത്തില്‍ തെളിവുകള്‍ പരിഗണിക്കാത്ത ഒരു ഗൂഢാലോചനസംഘമെന്ന് വിശേഷിപ്പിച്ചത്. (ദി ഹിന്ദു 28.07.2013). ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സത്യത്തെ തികഞ്ഞ കള്ളമാക്കിമാറ്റുന്ന ഉപജാപങ്ങളാണ് നാം കണ്ടത്. ബെസ്റ്റ്ബേക്കറി കേസിലെ മുഖ്യസാക്ഷി കൂറുമാറിയതും, യുവതിയുടെ വയറുകീറി ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുക്കുന്നതുകണ്ടെന്നു പറഞ്ഞ സാക്ഷി കൂറുമാറിയതും, ഗോധ്രയില്‍ മരണമടഞ്ഞവരുടെ ശരീരവുമായി നടന്ന വിലാപയാത്ര നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഇതിന് ഉദാഹരണമാണ്.

*
മുഹമ്മദ് ഫക്രുദീന്‍ അലി

No comments: