Tuesday, December 3, 2013

മാതൃഭൂമിയുടെ പ്ലീനക്കാറ്റ്

"പ്ലീനം പുലിവാലായി; ഇടതുമുന്നണിയിലും പിണക്കം" എന്നാണ് മാതൃഭൂമി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സുദീര്‍ഘ വാര്‍ത്തയുടെ തലക്കെട്ട്. ആരെഴുതിയതെന്ന് വെളിപ്പെടുത്താത്ത വാര്‍ത്തയില്‍ പിന്നെയും ഒട്ടേറെ "നിരീക്ഷണ"ങ്ങളുണ്ട്. "വെളുക്കാന്‍ തേച്ചതു സി.പി.എമ്മിന് പാണ്ടായി." എന്ന കണ്ടെത്തലോടെയാണ് ആരംഭം. പാലക്കാട്ട് മൂന്നുദിവസം ചേര്‍ന്ന സിപിഐ എം സംസ്ഥാന പ്ലീനമോ അതില്‍ പാര്‍ടി എടുത്ത തീരുമാനങ്ങളോ പാസാക്കിയ പ്രമേയങ്ങളോ പ്ലീനത്തിന് സമാപനംകുറിച്ച് നടന്ന മഹാറാലിയോ മാതൃഭൂമി കണ്ടിട്ടില്ല. ആ പ്ലീനത്തില്‍ അവര്‍ കണ്ടത്, ദേശാഭിമാനിയില്‍ വന്ന ഒരു പരസ്യമാണ്; കെ എം മാണിയുടെ സെമിനാര്‍ സാന്നിധ്യമാണ്; ആര്‍എസ്പി നേതാവിന്റെ പരിഭവം പറച്ചിലാണ്. മാതൃഭൂമി ഒന്നും അവസാനിപ്പിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷിയുടെ അധ്യക്ഷനാണ് ആ പത്രത്തിന്റെ ഉടമ. കോഴിക്കോട്ട് മത്സരിച്ച് ജയിച്ച് പാര്‍ലമെന്റിലെത്താനുള്ള അത്യാര്‍ത്തി തകര്‍ന്നപ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വഞ്ചിച്ച് പുറത്തുപോയി ഇടങ്കോലിട്ടയാളാണ് ആ നേതാവ്. സ്വന്തമായി ആള്‍ബലവും തലയില്‍ ആള്‍താമസവുമില്ലാത്തവര്‍ക്ക് എന്തും വിളിച്ചുപറയാമെന്നതിനെ ഉദാഹരിക്കാന്‍ വീരേന്ദ്രകുമാറിനെ ചൂണ്ടിക്കാട്ടിയാല്‍ മതി.

സിപിഐ എമ്മിനെ രണ്ടാക്കാനായിരുന്നു ആദ്യശ്രമം. മലപ്പുറം സമ്മേളനത്തോടെ പാര്‍ടി തകരുമെന്ന് സ്വപ്നംകണ്ടതും അതിനായി അരമൊരുക്കി കത്തിക്ക് മൂര്‍ച്ചകൂട്ടിയതും വീരേന്ദ്രകുമാറിന്റെ ആലയിലാണ്. ആ സ്വപ്നം പൊലിഞ്ഞപ്പോള്‍ അപവാദപ്രചാരണത്തിന്റെ കുത്തൊഴുക്ക് സൃഷ്ടിച്ചു. സിപിഐ എമ്മിനും അതിന്റെ നേതൃത്വത്തിനുമെതിരെ അശ്ലീലംകലര്‍ന്നതും അറപ്പിക്കുന്നതുമായ അപവാദകഥകള്‍ പിറന്നുവീണത് വീരന്റെ ചിന്താബീജത്തില്‍നിന്നാണ്. ലാവ്ലിന്‍ കേസിന്റെ പ്രഭവസ്ഥാനവും മറ്റൊന്നല്ല. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യംപേറുന്ന മാതൃഭൂമിയെ മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തിയതും സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്കാരികനായകരെ അപകീര്‍ത്തിപ്പെടുത്താന്‍ മഞ്ഞപ്പത്രത്തെ ഉപയോഗിച്ചതും മഞ്ഞപ്പത്രക്കാരന് ചെല്ലും ചെലവുംകൊടുത്ത് വളര്‍ത്തിയതും വീരേന്ദ്രകുമാറാണ്. അത്തരമൊരാളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനില്ല.

നൂറുകണക്കിനു ത്യാഗധനന്മാര്‍ സ്വന്തം ജീവന്‍കൊടുത്തും കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും ഇ കെ നായനാരുമടക്കമുള്ള മഹാനേതാക്കള്‍ ജീവിതം കൊടുത്തും ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി നിലത്തിട്ടു ചവിട്ടിയരയ്ക്കാന്‍ കൊതിപൂണ്ട് നടന്ന കൗശലക്കാരനായ അത്യാഗ്രഹിയാണോ വിവരദോഷിയായ കുരുട്ടുബുദ്ധിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സങ്കീര്‍ണമാണ് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ഇടപെടലുകള്‍. ആദ്യം സോഷ്യലിസ്റ്റ് മുഖംമൂടി അടര്‍ന്നുവീണു. പിന്നെ ഇടതുപക്ഷ വാചാടോപത്തിനു പിന്നിലെ വലതുപക്ഷ യാഥാര്‍ഥ്യം പുറത്തുവന്നു. സ്ഥാനമോഹത്താല്‍ ഇടതുപക്ഷത്തെ പിന്നില്‍നിന്ന് കുത്തിയും ശാപംചൊരിഞ്ഞും പുറത്തുപോയ സോഷ്യലിസ്റ്റിന് വലതുപക്ഷത്തുനിന്ന് സ്വീകരണവും കിട്ടിയില്ല; സ്ഥാനവും കിട്ടിയില്ല.

ഏറ്റവുമൊടുവില്‍ കാത്തുസൂക്ഷിച്ച കസ്തൂരിക്കനിയായിരുന്നു ലാവ്ലിന്‍ കേസ്. കമ്യൂണിസ്റ്റ് നേതാവിനെ തച്ചുതകര്‍ക്കാന്‍ രാകിമിനുക്കിയ ആയുധമായിരുന്നു അത്. മഞ്ഞപ്പത്രക്കാരനെ മുന്നില്‍നിര്‍ത്തി ലാവ്ലിന്‍ യുദ്ധം നയിച്ച് വീരേന്ദ്രകുമാര്‍ സ്വയം മാറിനിന്നില്ല. കള്ളക്കഥകളെ ജനിപ്പിക്കുകമാത്രമല്ല, അവയ്ക്ക് പിതൃത്വം ഉണ്ടാക്കിക്കൊടുക്കാന്‍ സാക്ഷികളെ വാടകയ്ക്കെടുക്കുകയും ചെയ്തു. നിയമത്തിന്റെ ആനുകൂല്യങ്ങളും നീതിയും കമ്യൂണിസ്റ്റ് പാര്‍ടിക്കും നേതൃത്വത്തിനും കിട്ടരുതെന്നുറപ്പിച്ച് പത്രത്തിന്റെ താളുകള്‍ക്കു പുറമെ ദല്ലാള്‍മാരുടെ സേവനവും വിനിയോഗിച്ചു. ആരും പോകാന്‍ മടിക്കുന്ന വഴികളിലെല്ലാം സഞ്ചരിച്ചും ആരെയും അറപ്പിക്കുന്നത് ചെയ്തുകൂട്ടിയും ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിനെ ഒതുക്കാമെന്ന മോഹം പൂവണിഞ്ഞില്ല. ആ കേസ്, വിചാരണയ്ക്കെടുക്കാന്‍പോലും യോഗ്യതയില്ലാത്തതാണെന്ന് കണ്ട് പ്രാഥമിക പരിശോധനയില്‍ത്തന്നെ നീതിപീഠം തള്ളിക്കളഞ്ഞത് വീരേന്ദ്രകുമാറില്‍ ഉണ്ടാക്കിയ നൈരാശ്യം ഊഹങ്ങള്‍ക്കുമപ്പുറംതന്നെ. ആ നൈരാശ്യമാണ്, ""കിഴ്ക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീല്‍ നടപടികള്‍ നടക്കുമ്പോള്‍തന്നെ പാര്‍ട്ടി സെക്രട്ടറി ജില്ലകള്‍തോറും സ്വീകരണങ്ങള്‍ "ഏറ്റുവാങ്ങി" നയം വ്യക്തമാക്കുന്നതിന്റെ അര്‍ഥശൂന്യതയും പാര്‍ട്ടിയിലെ ഒരുവിഭാഗം ചര്‍ച്ച ചെയ്യുകയാണ്"" എന്ന് ആശ്വസിച്ച് മാതൃഭൂമി മറികടക്കാന്‍ ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസില്‍ വന്ന വിധി വെറുമൊരു കീഴ്കോടതിയുടേതാണെന്ന് പയുന്നതിലെ സൂചനയോ ഭീഷണിയോ ശ്രദ്ധിക്കേണ്ടതാണ്. ഇനിയും കോടതികളുണ്ട്, പിണറായി വിജയനെ ഞങ്ങള്‍ വിടില്ല എന്ന ഭീഷണി. അതുകൊണ്ട് പിണറായി സ്വീകരണമേറ്റുവാങ്ങാന്‍ പാടില്ല എന്ന ആജ്ഞ. ഉപജാപങ്ങളും ദല്ലാള്‍സേവയും തങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല; ചെല്ലും ചെലവുംകൊടുത്തു വളര്‍ത്തുന്ന വ്യവഹാരികളും മഞ്ഞപ്പത്രക്കാരും അടങ്ങിയിട്ടില്ല എന്ന സൂചന. വയനാട്ടിലെ ആദിവാസിഭൂമിയുടെ മാത്രമല്ല, ഏതു ഹീനവൃത്തിക്കുമുള്ള അവകാശരേഖയും വെട്ടിപ്പിടിച്ചിട്ടുണ്ട് എന്ന അഹങ്കാരമാണ് ഈ വാക്കുകളില്‍ തെളിയുന്നത്.

എന്നിട്ടും പത്രത്തിനും മുതലാളിക്കും തൃപ്തിവരുന്നില്ല. ചക്കിട്ടപാറയും ചാക്കും സമംചേര്‍ത്ത് വിവാദത്തിന്റെ ചാക്കണ പാകംചെയ്ത് ഭുജിച്ച് സിപിഐ എമ്മിന്റെ ചങ്കില്‍ കുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടതിന്റെ കാരണം അതാണ്. "പാലക്കാട്ടെ വിവാദ വ്യവസായിയുടെ കൂറ്റന്‍ പരസ്യം പാര്‍ട്ടിപത്രം ഒന്നാംപേജില്‍ വര്‍ണഭംഗിയോടെ അച്ചടിച്ചിട്ടും ചുമതലപ്പെട്ടവര്‍ അതിനെ ന്യായീകരിച്ചതു സി.പി.എം. അണികളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം. വിവാദപരസ്യത്തിനെതിരെ കേരളം മുഴുവന്‍ ചര്‍ച്ച നടന്നിട്ടും സി.പി.എം. സംസ്ഥാന സെക്രട്ടറി 48 മണിക്കൂര്‍ കഴിഞ്ഞാണ് വായ് തുറന്നത്" എന്ന് മാതൃഭൂമി എഴുതുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെ "വായ് തുറക്കലായി" കാണുന്ന പരിഹാസത്തെ അവഗണിക്കാം- മാതൃഭൂമിയുടെ സാംസ്കാരികനിലവാരത്തിന് അനുസരിച്ചല്ലേ അവര്‍ ചിന്തിക്കൂ. സിപിഐ എമ്മിന്റെ പ്രതികരണം മാതൃഭൂമി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ വേണമെന്ന അത്യാഗ്രഹത്തെയും അല്‍പ്പത്തമെന്നുകണ്ട് വിട്ടുകളയാം. എന്നാല്‍, അതേ വിവാദവ്യവസായിയുടെ പരസ്യവും കാശും എണ്ണിവാങ്ങുമ്പോള്‍ മാതൃഭൂമിയുടെ ഹൃദയത്തില്‍ എന്തേ ഇത്തരം ധാര്‍മികബോധവും നൈതികതയുമൊന്നും തിളച്ചുപൊങ്ങിയില്ല എന്നെങ്കിലും അവര്‍ വ്യക്തമാക്കേണ്ടതാണ്. സോഷ്യലിസ്റ്റ് നേതാവ് നയിക്കുന്ന പത്രത്തില്‍ എന്തും ആകാമെന്നാണോ?

മാതൃഭൂമിയുടെ പാരമ്പര്യം വിറ്റ് കാശാക്കുന്നതുകൊണ്ട്; യഥാര്‍ഥ അവകാശികളില്‍നിന്ന് വളഞ്ഞവഴിയിലൂടെ ഓഹരികള്‍ പടുവിലയ്ക്ക് തരപ്പെടുത്തി മുതലാളിയായി ഞെളിയാന്‍ അവസരംകിട്ടിയതുകൊണ്ട് വൃത്തിയില്ലാത്ത ഏതുമാര്‍ഗവും വീരേന്ദ്രകുമാറിന് ഭൂഷണംതന്നെ. ദുഷ്ടരെ താങ്ങിരക്ഷിച്ചും ശിഷ്ടരെ കീഴടക്കിയും പണപ്പെട്ടിക്ക് കനംകൂട്ടാമെന്നും പദവികള്‍ പാട്ടിലാക്കാമെന്നും ധരിക്കുന്ന ഇത്തരക്കാര്‍ക്ക് സ്വന്തമായ നീതിസംഹിതകളുണ്ടാകാം. അതുകൊണ്ടുതന്നെ ഇതേ വ്യവസായിയില്‍നിന്ന് പണം ഇരന്നുവാങ്ങുന്നതിന് വീരേന്ദ്രകുമാറിന്റെ "സോഷ്യലിസ്റ്റ്" പാര്‍ടിക്ക് മടിച്ചുനില്‍ക്കേണ്ടതില്ല.

"യു.ഡി.എഫ്. സര്‍ക്കാരിനെ ചീത്തപറഞ്ഞുകൊണ്ട് അതിലെ ഒരുഘടകകക്ഷിയെ "ധൃതരാഷ്ട്രാലിംഗനം" ചെയ്യാന്‍ സി.പി.എം. കരുനീക്കം നടത്തിയെന്ന് ചന്ദ്രചൂഡന്റെ പ്രസ്താവനയോടെ വ്യക്തമായി" എന്നാണ് മാതൃഭൂമി വാര്‍ത്തയിലെ മറ്റൊരാരോപണം. യുഡിഎഫിലെ രണ്ടാംകക്ഷിയായ മുസ്ലിംലീഗിന്റെ പതിനാലില്‍ പതിമൂന്ന് ജില്ലാ കമ്മിറ്റികളും ഇടതുപക്ഷത്തോടൊപ്പം ചേരണമെന്ന് അഭിപ്രായപ്പെട്ട കാര്യം വീരഭൂമിയുടെ കണ്ണില്‍ പതിഞ്ഞിട്ടില്ലേ? ഒരു സീറ്റിനുവേണ്ടി അന്നുവരെനിന്ന മുന്നണിയെ തള്ളിപ്പറഞ്ഞ് സ്ഥലംവിട്ട അവസരവാദ പാരമ്പര്യം മറ്റുള്ളവരിലും കാണാന്‍ ശ്രമിക്കുന്നതിന്റെ കുഴപ്പമാണിത്. ഇടതുപക്ഷത്തുനിന്ന് ഒരു കണ്ണേറുകിട്ടിയാല്‍ ചാടിപ്പോരാന്‍ തയ്യാറായിനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ വീരന്റെ കക്ഷിയുമുണ്ടാകാം. അങ്ങനെ കണ്ണുകാട്ടി ആരെയും മയക്കിയെടുത്ത് അട്ടിമറി സംഘടിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ്, അച്ഛനും മകനും അരപ്പത്രവും കൈയേറ്റഭൂമിയും പിന്നെ വരമ്പത്തുനില്‍ക്കുന്ന ഒരു മന്ത്രിയുമുള്ള മഹാപാര്‍ടിക്ക് ഭരണകക്ഷി എന്ന പേര് നിലനില്‍ക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം വീരന് നഷ്ടപ്പെടാതിരിക്കട്ടെ.

"ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് പാര്‍ട്ടിയിലെ ശത്രുക്കളെ വകവരുത്തുക" എന്ന "മൂല്യാധിഷ്ഠിത" നിലപാടാണ് പ്ലീനത്തിലൂടെ നടപ്പാക്കാന്‍ തീരുമാനിച്ചത്" എന്നൊരു മഹാകാര്യവും എഴുന്നള്ളിക്കുന്നുണ്ട് മാതൃഭൂമി. അത് ചേരുന്നത് ഏത് പാര്‍ടിക്കാണെന്ന് കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും മാത്യൂ ടി തോമസും പ്രേംനാഥുമൊക്കെ പറയട്ടെ. ജനതാദള്‍ എന്ന വലിയ പാര്‍ടിയും അതിന്റെ സോഷ്യലിസ്റ്റ് പാരമ്പര്യവും എങ്ങനെ ഉപ്പുവച്ച കലത്തിന്റെ പരുവത്തിലായി എന്ന് വിശദീകരിച്ചൊരു ലേഖനമെഴുതാനും വീരന്‍ ആരെയെങ്കിലും ഏല്‍പ്പിക്കേണ്ടതുണ്ട്. "പ്ലീനം കൊണ്ടുണ്ടായ കോട്ടം എത്രയുംവേഗം തീര്‍ക്കാന്‍ സി.പി.എമ്മിന് അത്യധ്വാനം ചെയ്യേണ്ടിവരു"മെന്നതും "വീണ്ടും ഒരു"ക്ലീന്‍സ്ലേറ്റ്" യജ്ഞം തുടങ്ങിയാല്‍ മാത്രമേ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഇടതുമുന്നണിക്ക് നടന്നടുക്കാന്‍ കഴിയുകയുള്ളൂ" എന്നതും മാതൃഭൂമിയിലൂടെ വീരന്‍ കാണുന്ന പാഴ്ക്കിനാവിന്റെ അസംബന്ധ ഭാഗങ്ങളാണ്.

സിപിഐ എമ്മിന്റെ സ്ലേറ്റ് ക്ലീന്‍തന്നെയാണ്. പ്ലീനംകൊണ്ട് ആര്‍ജിച്ചത്, മറ്റേതൊരു രാഷ്ട്രീയ പാര്‍ടിയെയും അതിശയിപ്പിക്കാന്‍ പോന്ന സംഘടനാശേഷിയും ശുദ്ധിയും ഊര്‍ജവുമാണ്. പാഴ്വാക്കുകള്‍കൊണ്ടും ശാപംകൊണ്ടും അപവാദംകൊണ്ടുമല്ല- രാഷ്ട്രീയംകൊണ്ടാണ് അതിനെ ചെറുക്കേണ്ടത്. നേര്‍ക്കുനേര്‍ രാഷ്ട്രീയം പറഞ്ഞാണ് നേരിടേണ്ടത്.

ഇപ്പോള്‍ മാതൃഭൂമി നില്‍ക്കുന്നത് വീരേന്ദ്രകുമാറിന്റെ തരംതാണ മഞ്ഞപ്പത്രമനസ്സിന്റെയും അതിനേക്കാള്‍ താണ ഉപജാപകരാഷ്ട്രീയത്തിന്റെയും അടിത്തറയിലാണ്. അതിന് ബലമില്ല. വിവാദ രാഷ്ട്രീയക്കാരനെന്നോ വെറുക്കപ്പെട്ട മാധ്യമ മുതലാളിയെന്നോ വിളിച്ചാല്‍ വീരേന്ദകുമാറിനോട് നീതിചെയ്യാനാകില്ല. അതിനേക്കാളൊക്കെ ദുര്‍ഗന്ധപൂരിതമായ വിശേഷണങ്ങളാണ് അവിടെ ആവശ്യം. ആ കണക്കെടുക്കുമ്പോള്‍, വയനാട് ജില്ലയിലെ മീനങ്ങാടി കൃഷ്ണഗിരിയില്‍ 16.75 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 62 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന്റെയും ആ ഭൂമികള്‍ പിടിച്ചെടുത്ത് ഭൂരഹിത ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെയും കഥപറയേണ്ടിവരും. വയനാട്ടില്‍ കോടതി സമുച്ചയം, സിവില്‍ സ്റ്റേഷന്‍ എന്നിവ നിര്‍മിക്കാന്‍ സ്ഥലം വിട്ടുകൊടുത്തത് തന്റെ കുടുംബമാണ് എന്ന അവകാശവാദത്തിന്റെ കള്ളി പൊളിക്കേണ്ടിവരും. ലോകത്ത് ഒരാഴ്ച ഇന്റര്‍നെറ്റ് ലഭ്യമല്ലാതായാല്‍ ഡാന്യൂബ് സാക്ഷിയും മുടങ്ങിപ്പോകും എന്ന് തമാശപറയേണ്ടിവരും. വേജ്ബോര്‍ഡ് നടപ്പാക്കാത്ത വന്‍ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ നടത്തിയ ഒരു ധര്‍ണയില്‍ പങ്കെടുത്തതിന് രണ്ട് ന്യൂസ് എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ രണ്ടു ഡസനിലേറെപ്പേര്‍ ഗോഹട്ടി തൊട്ട് കൊല്‍ക്കത്തവരെ പറത്തപ്പെട്ടതിന്റെ കണക്ക് പറയേണ്ടിവരും. ഗോഹട്ടി, സെക്കന്തരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഓഫീസും ആശ്രയവുമില്ലാതെ അലയേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകരുടെ കഥയെഴുതേണ്ടിവരും.

കൈയേറിയ ഭൂമിയുടെയും കൈയടക്കിയ പത്രത്തിന്റെയും കരമൊഴിവായിക്കിട്ടിയ രാഷ്ട്രീയാധികാരത്തിന്റെയും അളവറ്റ സമ്പത്തിന്റെയും ബലത്തില്‍ എന്തുംചെയ്യാന്‍ മടിക്കാത്തവരെ നേരിടുക സാഹസമാണ്. അച്ചടിമഷിക്ക് താങ്ങാനാകാത്തവിധം കറുത്തുകരുവാളിച്ച വീരേതിഹാസങ്ങളെ വിമര്‍ശിച്ചവരെ അപമാനിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഇരുത്തിക്കളയാനുള്ള മഞ്ഞപ്പത്രസന്നാഹമുണ്ട്. ആരോട് എന്ത് കാരണത്തിന് എപ്പോഴാണ് പകയും വിദ്വേഷവും തോന്നുന്നത് എന്ന് ആര്‍ക്കും പറയാനാകില്ല; തോന്നിക്കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നും. അത് സ്വന്തം സഹോദരിയായാലും സ്വന്തം പത്രത്തിലെ ജീവനക്കാരായാലും സ്വന്തം മുന്നണിയിലെ നേതാക്കളായാലും ശരി. എന്ത് അപവാദവുമെഴുതും, നാണംകെടുത്താന്‍ ഏതറ്റംവരെയുംപോകും. സുകുമാര്‍ അഴീക്കോടിനോട് കാണിക്കാത്ത മര്യാദ ആരോടാണ് കാണിക്കുക?

പ്ലീനം പുലിവാലായി എന്ന തലക്കെട്ടിലെ വാര്‍ത്ത വായിച്ചാലറിയാം അതിന്റെ പിതൃത്വത്തെക്കുറിച്ച്. വാര്‍ത്തയും വിശകലനവും എഴുതി പരിചയമുള്ളവര്‍ കൈകാര്യംചെയ്യാന്‍ അറയ്ക്കുന്ന ഭാഷയും യുക്തിയുമാണതില്‍. മുതലാളി മനസ്സില്‍ കാണുന്നത് അതേപടി എഴുതിക്കൊടുക്കാന്‍ കാത്തുനില്‍ക്കുന്ന നിലയവിദ്വാന്മാര്‍പോലും ഈ വിശകലനത്തിന്റെ പിതൃത്വം ഏറ്റെടുക്കില്ല. പണ്ട് കോഴിക്കോട് മേയറെ അശ്ലീലമെഴുതി അപമാനിക്കാന്‍ ശ്രമിച്ചതിന് കോടതി കയറിയപ്പോള്‍, കാമമെന്ന വാക്കിന് മാമ്പഴമെന്നും അര്‍ഥമുണ്ടെന്ന് വ്യാഖ്യാനിച്ച ചരിത്രം വീരേന്ദ്രകുമാറിന്റേതും ഭൂതഗണങ്ങളുടേതുമാണ്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരസ്യംകൊണ്ട് കളിക്കാനൊരുമ്പെടുംമുമ്പ്, ഏതു പത്രത്തിനും നിലനില്‍ക്കാന്‍ പരസ്യം വേണമെന്ന ബോധം മറഞ്ഞുപോയതെങ്ങനെ എന്ന ചോദ്യമില്ല. മായാമോഹിനി വശീകരണയന്ത്രത്തിന്റെയും ചാത്തന്‍സേവയുടെയും ശേഷിക്കുറവ് പരിഹരിക്കുന്ന ലാടമരുന്നുകളുടെയുമടക്കം പരസ്യം നല്‍കി പണം സമ്പാദിക്കുന്ന പത്രമാണ് മാതൃഭൂമി. ആ മാതൃഭൂമിയാണ് ദേശാഭിമാനിയെ ഭര്‍ത്സിക്കുന്നത് എന്ന് കാണുമ്പോള്‍ അത്യധികമായ സഹതാപമേ തോന്നൂ.

ഹിമാലയത്തിന്റെ താഴ്വാരങ്ങളില്‍ നടത്തിയ ഉല്ലാസയാത്രയെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി "വളരുന്ന നദികളും ഇടറുന്ന താഴ്വരകളും" എന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അത് ഹൈമവതഭൂവില്‍ എന്ന് പേരുമാറ്റി പുസ്തകമാക്കി. അതില്‍ പറയുന്ന ഏതെങ്കിലും ദാര്‍ശനികകാര്യങ്ങള്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കാതെ 15 മിനിറ്റ് സംസാരിക്കാന്‍ വീരനോട് ആവശ്യപ്പെട്ടുനോക്കൂ എന്ന് ഈയിടെ ഒരു വെല്ലുവിളി കേട്ടിരുന്നു. അതാണ് വീരന്റെ യഥാര്‍ഥ മുഖം. ഇപ്പോള്‍ വാര്‍ത്തയെഴുതാനും പുറമെനിന്ന് വാസുദേവന്മാരെ കൊണ്ടുവരുന്നു; അങ്ങനെ മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകരുടെ അവശേഷിക്കുന്ന ആത്മാഭിമാനത്തിനും തീവയ്ക്കുന്നു. "എളമരം കരിമിന്റെ പങ്ക് വ്യക്തമായിട്ടും അന്വേഷണമില്ല" എന്ന് ചക്കിട്ടപാറ ഖനന സര്‍വേ സംബന്ധിച്ച് വീരന്‍ ഒന്നാംപേജ് വാര്‍ത്തയെഴുതുമ്പോള്‍ മനസ്സിലാക്കണം- സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി വിവാദത്തിന്റെ പുകമറയുയര്‍ത്തി ഒരു വേട്ടയ്ക്കുള്ള സന്നാഹം ഉപജാപകകേന്ദ്രങ്ങളില്‍ ഒരുങ്ങിയെന്ന്.

ദേശാഭിമാനി പരസ്യം സ്വീകരിക്കണോ, ഏത് പരസ്യമൊക്കെ സ്വീകരിക്കണം, വന്ന പരസ്യം ശരിയോ തെറ്റോ എന്നൊക്കെ തീരുമാനിക്കാന്‍ പത്രത്തിനും അതിന്റെ ഉടമസ്ഥര്‍ക്കും ത്രാണിയുണ്ട്. ദേശാഭിമാനി ഏതെങ്കിലും ഒരു മുതലാളിയുടെ സ്വകാര്യസ്വത്തല്ല- ഇന്നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ നയിക്കുന്ന പ്രസ്ഥാനത്തിന്റെ നാവാണ്. അതിന് മേല്‍നോട്ടം വഹിക്കാനും അഭിപ്രായം പറയാനും വരുന്നതിനുമുമ്പ് വീരന്‍ സ്വന്തം ഇരിപ്പിടത്തിലെ വൃത്തികേട് വെടിപ്പാക്കട്ടെ. സ്വന്തം മുന്നണിയിലെ കൂട്ടക്കുഴപ്പം പരിഹരിച്ച് വിശ്രമിക്കുന്ന വേളയില്‍ ആവശ്യമുണ്ടെങ്കില്‍, ചന്ദ്രചൂഡന്റെ പരിഭവവും പരാതിയും പരിഹരിക്കുന്നതിന്റെ ക്വട്ടേഷന്‍ എടുക്കാവുന്നതാണ്. മാതൃഭൂമിയിലെ സ്ഥലംമാറ്റ പീഡനത്തിന് ഇരയായ പാവങ്ങളുടെ കണ്ണീര് തോര്‍ന്നിട്ടുപോരേ, ദേശാഭിമാനിയുടെ പരസ്യക്കണക്കെടുക്കാന്‍? സിപിഐ എം പ്ലീനത്തെ പുലിവാലില്‍കെട്ടാനുള്ള മാനസികാവസ്ഥ വീരേന്ദ്രകുമാറിനുണ്ടാകും- അത് അതേപടി പകര്‍ത്താന്‍ വിധിക്കപ്പെട്ട പത്രാധിപന്മാരെ ഓര്‍ത്ത് മാധ്യമലോകം സഹതപിക്കുകതന്നെ വേണം.


*
പി എം മനോജ് ദേശാഭിമാനി 03 ഡിസംബര്‍ 2013

No comments: