സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാണ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം പ്രതിമാ സ്ഥാപനസ്ഥലത്ത് നിന്നുകൊണ്ട് നരേന്ദ്രമോഡിയുടെ ഒരു ഫോട്ടോ പിടിഐ എടുത്തിട്ടുണ്ട്. പട്ടേല്‍ പ്രതിമ നില്‍ക്കുന്നിടത്ത് നാളെ നില്‍ക്കേണ്ടത് താനാണെന്ന് വ്യക്തമായും സൂചിപ്പിക്കുന്ന ഒരു ചിത്രം. സ്ഥാപിക്കപ്പെടാന്‍ പോകുന്ന പ്രതിമയില്‍ മോഡി തന്റെ തന്നെ പ്രതിരൂപം ദര്‍ശിക്കുന്നതിന്റെ അടയാളം. പട്ടേല്‍ പ്രതിമ ഒരു ദൃശ്യവിസ്മയമെന്നതിനേക്കാള്‍ ഫാസിസത്തിന്റെ ഒരു അടയാളപ്പെടുത്തലാണ്. ""ഏകതാ പ്രതിമ"" (സ്റ്റാച്യു ഓഫ് യൂണിറ്റി) എന്നു നാമകരണം ചെയ്യപ്പെട്ട പട്ടേല്‍ പ്രതിമ ""സ്റ്റാച്യു ഓഫ് ലിബര്‍ട്ടി"" - അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യ പ്രതിമ - യെക്കാള്‍ മൂന്നിരട്ടി, അതായത് 186 മീറ്റര്‍, ഉയരമുള്ളതായിരിക്കുമെന്നും അതിന്റെ നിര്‍മാണച്ചെലവ് ഏതാണ്ട് 2100 കോടി രൂപയായിരിക്കുമെന്നും വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. അഹമ്മദാബാദിനു സമീപം നര്‍മദാ നദിയിലെ കെവാദിയ തുരുത്തില്‍ അംബരചുംബിയായി നില്‍ക്കാന്‍ പോകുന്ന പ്രതിമയുടെ ശിലാന്യാസത്തിന് ഇന്ത്യയിലെ ഓരോ ഗ്രാമത്തില്‍നിന്നും ഒരു പിടി മണ്ണ് എത്തിക്കാന്‍ മോഡി ആഹ്വാനം ചെയ്യുന്നു. ലോഹ പുരുഷനെ പുനഃസൃഷ്ടിക്കാനാവശ്യമായ ലോഹം ഗ്രാമീണ കര്‍ഷകരുടെ വിയര്‍പ്പിന്റെ ലവണാംശം പറ്റിച്ചേര്‍ന്ന കാര്‍ഷികോപകരണങ്ങളിലൂടെ സ്വരൂപിക്കാനും നിര്‍ദേശിക്കുന്നു. ദേശരാഷ്ട്രത്തോടു ബന്ധപ്പെട്ട വൈകാരികതയെ ഫാസിസം മുതലെടുക്കുന്നതിന്റെ രീതി പഴയ ജര്‍മന്‍ ദേശീയതാ പ്രഘോഷണത്തിന്റെ പിന്തുടര്‍ച്ച തന്നെ. ഇന്ത്യയുടെ ഭാവിയെ ചരിത്രവുമായി കണ്ണിചേര്‍ക്കാനുള്ള ഒരു മഹദ്സംരംഭം എന്ന് മോഡി ഇതിനെ വിശേഷിപ്പിക്കുന്നു. നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പു റാലികളിലെ പ്രസംഗങ്ങളിലെല്ലാം ഈ ദേശീയതാ വികാരം സമര്‍ഥമായി മുതലെടുക്കപ്പെടുന്നു. ബിഹാറിലെത്തുമ്പോള്‍ നളന്ദയും തക്ഷശിലയും, യുപിയിലെത്തുമ്പോള്‍ അയോധ്യയും രാമനും, മധ്യപ്രദേശിലെത്തുമ്പോള്‍ ഉജ്ജയിനിയും കാളിദാസനും-ഹിന്ദുത്വ വര്‍ഗീയതയുടെയും ദേശീയതയുടെയും മുദ്രകള്‍കൊണ്ട് മുഖരിതമാണ് ഓരോ പ്രസംഗവും. വാസ്തവത്തില്‍ മോഡിയല്ല സംസാരിക്കുന്നത് - രാഷ്ട്രീയ സ്വയംസേവക സംഘമാണ്. മോഡിയേക്കാള്‍ ആകര്‍ഷണീയമായ ഒരു ബിംബത്തെ ലഭിക്കുമ്പോള്‍ അദ്വാനി പിന്തള്ളപ്പെട്ടതുപോലെ മോഡിയും പിന്തള്ളപ്പെടും. എന്നാല്‍ ആര്‍എസ്എസ് ചരിത്രത്തിലും സംസ്കാരത്തിലും ഇടപെടുന്ന രീതികളാണ് അതിന്റെ വര്‍ത്തമാന ലാഭലക്ഷ്യങ്ങളേക്കാള്‍ പ്രധാനം. ബൂര്‍ഷ്വാ ദേശീയതാ സങ്കല്‍പ്പങ്ങളിലെ പല പ്രായോഗിക പരിപാടികളിലും സംഘപരിവാര്‍ ശക്തികള്‍ക്ക് മുതലെടുപ്പിനുള്ള ധാരാളം സാധ്യതകളുണ്ട്. ഈ സാധ്യത പട്ടേലില്‍ കൂടുതല്‍ തെളിയുന്നതുകൊണ്ടാണ് നെഹ്റു-പട്ടേല്‍-ആസാദ് ത്രിത്വത്തില്‍ പട്ടേലിനെത്തന്നെ സംഘപരിവാര്‍ പ്രതിമയ്ക്കായി തെരഞ്ഞെടുത്തത്. പട്ടേല്‍ പ്രതിമ ഒരു ലിറ്റ്മസ് പരിശോധനയാണ്. വിജയിക്കുകയാണെങ്കില്‍ ഗാന്ധിയും സുഭാഷ് ചന്ദ്രബോസുമെല്ലാം ഗോള്‍വാള്‍ക്കറുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും നിരയില്‍ സ്ഥാനം പിടിക്കും. നെഹ്റുവും ആസാദും ഒരുതരത്തിലും സ്വീകാര്യരാകുകയുമില്ല. കാരണം വ്യക്തം. നെഹ്റു കുടുംബമഹിമയെ സോണിയാഗാന്ധിയിലേക്കു വരെ വലിച്ചു നീട്ടിയെത്തിച്ച കോണ്‍ഗ്രസ്സിന് ദേശീയ നേതാക്കളുടെ പാരമ്പര്യം കളങ്കപ്പെടുത്തുന്നതിനെക്കുറിച്ചെങ്ങനെ പരാതിപ്പെടാനാകും?
ആഗോളവല്‍ക്കരണത്തിന്റെയും അമേരിക്കയുടെയും സാമ്പത്തിക രാഷ്ട്രീയ തിട്ടൂരങ്ങള്‍ക്കൊത്ത് ഇന്ത്യയെ മുച്ചൂടും മുടിച്ച കോണ്‍ഗ്രസ്സിനോടുള്ള ജനങ്ങളുടെയാകെ വികാരത്തെ വളരെ സമര്‍ഥമായി പ്രയോജനപ്പെടുത്തുകയാണ് സംഘപരിവാര്‍ ഫാസിസം ചെയ്യുന്നത്. താല്‍ക്കാലിക തെരഞ്ഞെടുപ്പ് ലാഭത്തിനുമപ്പുറം ഒരു സാംസ്കാരിക പിടിമുറുക്കല്‍ തന്ത്രമാണിത്. ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ തന്ത്രങ്ങളും ഇതിനൊപ്പം ഉയരുന്നതുകൊണ്ടാണ് ഉത്തരേന്ത്യന്‍ ഗ്രാമഭൂമികള്‍ കലാപബാധിതങ്ങളായി മാറുന്നത്. നവംബര്‍ 15 പട്ടേല്‍ പ്രതിമയ്ക്കും ഇന്ത്യന്‍ ദേശീയതയിലെ ഹിന്ദുത്വബോധങ്ങള്‍ക്കും വേണ്ടിയുള്ള ജാഗ്രതാ ദിനമായി സംഘപരിവാര്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ ഇന്ത്യന്‍ മതേതരബോധങ്ങള്‍ കൊണ്ടും, മതേതരത്വത്തിലൂന്നിയ ദേശീയതാചര്‍ച്ചകള്‍ കൊണ്ടും, ദേശീയ നേതാക്കളുടെ യഥാതഥമായ വ്യക്തിത്വ വിശകലനങ്ങള്‍ കൊണ്ടും പ്രതിരോധിക്കേണ്ട ബാധ്യത ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ട്. അതോടൊപ്പം തന്നെ മഹാഭൂരിപക്ഷത്തിന്റെ നിത്യജീവിത പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടിടത്ത് ദേശാഭിമാന പ്രഘോഷണങ്ങള്‍ നടത്തുന്നതിന്റെ പൊള്ളത്തരവും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
*
കെ പി മോഹനന്‍, മുഖപ്രസംഗം, ദേശാഭിമാനി വാരിക 18 ഡിസംബര്‍ 2013

No comments:
Post a Comment