Saturday, December 21, 2013

അമിത വിധേയത്വത്തിന്റെ ശമ്പളം

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയെ ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ പൊലീസുകാര്‍ അറസ്റ്റുചെയ്ത് വിലങ്ങുവച്ച് കൊണ്ടുപോകുകയും വസ്ത്രമഴിച്ച് പരിശോധിക്കുകയുംചെയ്ത സംഭവം അമേരിക്കയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള അകല്‍ച്ചയ്ക്ക് ന്യായമായും ഇതു കാരണമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം, മന്ത്രിമാരായ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍, മുന്‍ മന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, ദ്വിഗ് വിജയ് സിങ്, സിനിമാതാരം ഷാരൂഖ് ഖാന്‍, അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കര്‍ തുടങ്ങിയവരോടും അമേരിക്ക മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. അപ്പോഴൊന്നും ഗൗരവപൂര്‍വം പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആ നിലപാടാണ് ഇപ്പോള്‍ ദേവയാനി ഖൊബ്രഗഡെയെ അപമാനിക്കുന്നതിലേക്ക് വഴിവച്ചത്.

മുമ്പൊരുകാലത്തുമില്ലാത്തവിധം അമേരിക്കയുമായുള്ള ബന്ധം യുപിഎ സര്‍ക്കാര്‍ അനുദിനം ശക്തിപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ഒന്നാം യുപിഎ സര്‍ക്കാര്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ടികളുടെ പിന്തുണയോടെയാണ് അധികാരത്തില്‍ വന്നതും ഭരണത്തില്‍ തുടര്‍ന്നതും. പല ഘട്ടങ്ങളിലും ഇന്ത്യന്‍ താല്‍പ്പര്യത്തെ ബലികഴിച്ച് അമേരിക്കയ്ക്ക് കീഴടങ്ങാന്‍ യുപിഎ സര്‍ക്കാര്‍ അക്കാലത്ത് ശ്രമിച്ചു. ഇടതുപാര്‍ടികളുടെ ശക്തമായ നിലപാടുമൂലം അതിനു കഴിഞ്ഞില്ല. എന്നാല്‍, ആണവകരാര്‍ സംബന്ധിച്ച പ്രശ്നത്തില്‍ രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ പിന്നീട് നിലനിന്നത് അതേവരെ യുപിഎയെ എതിര്‍ത്ത കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു. ഇടതുപാര്‍ടികളുടെ പിന്തുണയില്ലാതെ ഭരിക്കാമെന്ന അവസ്ഥയില്‍ രണ്ടാം യുപിഎ അധികാരത്തില്‍ വന്നു. തുടര്‍ന്ന് സ്വീകരിച്ചുപോന്ന നയം രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് വിരുദ്ധമായാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ദേശീയരംഗത്ത് എന്നപോലെ സാര്‍വദേശീയരംഗത്തും അത് തുടരുകയുമാണ്.

തങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരിക്കലും മടിച്ചിട്ടില്ല. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാഖിന്റെ മേല്‍ നടത്തിയ ആക്രമണം അതിന്റെ ഏറ്റവും ക്രൂരമായ ദൃഷ്ടാന്തമാണ്. സദ്ദാംഹുസൈന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇറാഖിലെ ഭരണത്തെ തകര്‍ക്കാന്‍ എല്ലാത്തരം നുണകളും പറഞ്ഞു. ഇറാഖിജനതയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും ആപല്‍ക്കരമായ മാരകായുധങ്ങള്‍ സദ്ദാംഹുസൈന്‍ ശേഖരിച്ചു എന്നാണ് പ്രചരിപ്പിച്ചത്. ഇറാഖിനുമേല്‍ ആരോപിച്ച നുണകളുടെ നിജസ്ഥിതി അറിയാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിച്ചു. വിദഗ്ധസംഘം ഇറാഖ് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കിലും അത് അംഗീകരിക്കാന്‍ അമേരിക്കന്‍നേതൃത്വം തയ്യാറായില്ല. സെക്യൂരിറ്റി കൗണ്‍സിലില്‍ സത്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞത് "ഈ അന്വേഷണ തെളിവുകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഞങ്ങളുടെ പക്കല്‍ അനിഷേധ്യമായ തെളിവുകള്‍ ഉണ്ട്, അതിപ്പോള്‍ പറയില്ല, വേണ്ടസമയത്ത് ഞങ്ങള്‍ പറഞ്ഞുകൊള്ളാം" എന്നായിരുന്നു. എങ്ങനെയും സദ്ദാംഹുസൈനെ ജീവനോടെ പിടികൂടണം അല്ലെങ്കില്‍ കൊല്ലണം ഇതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇത് രണ്ടും അവര്‍ സാധിച്ചു. സദ്ദാംഹുസൈനെ എത്ര ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് അമേരിക്ക കൈകാര്യംചെയ്തതെന്ന് ലോകമാകെ കണ്ടു. ഇറാഖിനെതിരെ നടത്തിയ യുദ്ധത്തില്‍ പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം ലക്ഷക്കണക്കിനാളുകളാണ് മരിച്ചത്. ആക്രമണത്തിന് നിയോഗിക്കപ്പെട്ട പട്ടാളക്കാരായ അമേരിക്കന്‍ യുവാക്കളും ഇതില്‍പ്പെടും.

ഇന്ന് ഇറാഖ് കലാപകലുഷിതമാണ്. ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഐക്യം തകര്‍ന്നിരിക്കുന്നു. സ്റ്റേറ്റ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം കോളിന്‍ പവല്‍ പറഞ്ഞത് സദ്ദാംഹുസൈനെതിരായ തെളിവുകള്‍ ഉണ്ടെന്ന് താന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പറഞ്ഞത് കള്ളമായിരുന്നു എന്നാണ്. ജോര്‍ജ് ബുഷ് ആകട്ടെ, തനിക്കു കിട്ടിയ വിവരമെല്ലാം തെറ്റായിരുന്നു എന്ന് സമ്മതിക്കുകയുംചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായി ഇപ്പോഴും ജീവിച്ചിരിക്കുന്ന ബുഷിനെ വിചാരണയ്ക്ക് വിധേയമാക്കാന്‍പോലും കഴിയുന്നില്ല. ദേവയാനി ഖൊബ്രഗഡെയില്‍ ചുരുങ്ങിനില്‍ക്കുന്ന ഒന്നല്ല ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍. 130 കോടിയോളം ഇന്ത്യന്‍ ജനതയാണ് അപമാനിക്കപ്പെട്ടത്. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ നല്ലതുതന്നെ. അതുകൊണ്ടായില്ല. അമേരിക്കയ്ക്ക് വിധേയപ്പെടുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ നയം സമൂലം ഉപേക്ഷിക്കുകയും, ഇതുവരെ ചെയ്ത രാജ്യതാല്‍പ്പര്യത്തിനു വിരുദ്ധമായ നടപടികള്‍മൂലമുണ്ടായ ദൂഷ്യങ്ങള്‍ ഇല്ലായ്മചെയ്യുകയുമാണ് വേണ്ടത്. ഇന്ത്യാ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രകടമാക്കുന്ന തന്റേടം ഏതാനും മാസം കഴിഞ്ഞ് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

*
എം എം ലോറന്‍സ്

No comments: