Wednesday, December 25, 2013

ലാറ്റിനമേരിക്കയുടെ തുടരുന്ന പോരാട്ടം

നവ ഉദാരവല്‍ക്കരണനയങ്ങള്‍ ആദ്യം ആരംഭിച്ചത് ലാറ്റിനമേരിക്കയിലാണ്. അതുകൊണ്ടുതന്നെ ആ നയങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും ഈ മേഖലയില്‍നിന്ന് ഉയര്‍ന്നു. ലാറ്റിനമേരിക്കന്‍ജനത ആ പോരാട്ടം സജീവമായി തുടരുകയാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ചിലിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മധ്യ- ഇടതുപക്ഷ കൂട്ടുകെട്ടായ ജനാധിപത്യ സഖ്യകക്ഷിയുടെ വിജയം. ഈ സഖ്യത്തിലെ സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് മിഷേല്‍ ബാഷ്ലെയാണ് വന്‍ വിജയം നേടിയത്. ഡിസംബര്‍ 15ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ പോള്‍ചെയ്ത വോട്ടിന്റെ 62 ശതമാനം നേടിയാണ് ബാഷ്ലെ ജയിച്ചത്. പിനോഷെ എന്ന ഏകാധിപതിയുടെ ഭരണത്തിന് അന്ത്യമായശേഷം ഒരു പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് പാര്‍ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ചേര്‍ന്നതാണ് ബാഷ്ലെയുടെ സഖ്യം. തൊട്ടടുത്ത എതിരാളിയും ഇന്‍ഡിപെന്‍ഡന്റ് ഡെമോക്രാറ്റ് യൂണിയന്‍ സ്ഥാനാര്‍ഥിയുമായ ഇവ്ലിന്‍ മതെയ്ക്ക് 38 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ചിലിയില്‍ രണ്ടാമതും പ്രസിഡന്റാകുന്ന വനിത എന്ന ബഹുമതിയും ബാഷ്ലെയ്ക്കുണ്ട്. ചിലിയന്‍ ഭരണഘടനയനുസരിച്ച് ഒരു പ്രസിഡന്റിന് തുടര്‍ച്ചയായി രണ്ടാമത് അധികാരത്തില്‍ വരാന്‍ കഴിയാത്തതുകൊണ്ടാണ് 2006 മുതല്‍ 2010 വരെ പ്രസിഡന്റായ ബാഷ്ലെ അഭിപ്രായവോട്ടെടുപ്പില്‍ ഏറെ മുന്നിലായിട്ടും 2009ല്‍ മത്സരിക്കാതിരുന്നത്.

നവ ഉദാരവല്‍ക്കരണത്തിനെതിരെ ചിലിയിലെ വിദ്യാര്‍ഥികളും കര്‍ഷകരും നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ബാഷ്ലെയുടെ വിജയം ശ്രദ്ധേയമാകുന്നത്. 1973 സെപ്തംബര്‍ 11ന് നടത്തിയ അട്ടിമറിയിലൂടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് അലന്‍ഡെയെ വധിച്ചാണ് അഗസ്റ്റോ പിനോഷെ ചിലിയില്‍ അധികാരത്തില്‍ വരുന്നത്. ഇടതുപക്ഷക്കാരനായ അലന്‍ഡെയുടെ സര്‍ക്കാരിനെ തകര്‍ക്കുന്നതിന് പിനോഷെയ്ക്ക് എല്ലാ സഹായവും ചെയ്തത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. അമേരിക്കയുടെ ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ പരിപാടികള്‍ക്ക് ലാറ്റിനമേരിക്കയില്‍ തുടക്കംകുറിച്ചതും പിനോഷെ സര്‍ക്കാരായിരുന്നു. ഈ നയം പിന്തുടര്‍ന്നതിന്റെ ഫലമായി ലാറ്റിനമേരിക്കയില്‍മാത്രമല്ല ഒഇസിഡി രാജ്യങ്ങളില്‍പ്പോലും ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ള രാജ്യമായി ചിലി മാറി. ഉദാരവല്‍ക്കരണനയം ഏറ്റവും രൂക്ഷമായി കുടുംബങ്ങളെ ബാധിച്ചത് വിദ്യാഭ്യാസച്ചെലവിലാണ്. 90 ശതമാനം സര്‍വകലാശാലകളും 55 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയുടെ കൈവശമായിരുന്നു. വിദ്യാഭ്യാസം ഒരു കുടുംബത്തിനും താങ്ങാന്‍ കഴിയാത്ത സാമ്പത്തികഭാരമുള്ളതായി. ചിലിയന്‍ കുടുംബങ്ങള്‍ അവരുടെ 60 ശതമാനം വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന ഘട്ടം വന്നു. ഈ ഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ഈ നയത്തിനെതിരെ വന്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്.

2006ല്‍ ആരംഭിച്ച ഈ പെന്‍ഗ്വിന്‍വിപ്ലവം ഇപ്പോഴും തുടരുകയാണ്. ഈ പ്രക്ഷോഭത്തിന്റെ ചൂടില്‍ സ്ഥാനമൊഴിയുന്ന വലതുപക്ഷക്കാരനായ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പനേരയ്ക്കുപോലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ ഒരുപരിധിവരെ അംഗീകരിച്ച് നടപ്പാക്കേണ്ടിവന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ ഏകാധിപതിയായ പിനോഷെയ്ക്കെതിരെ പൊരുതി നിന്ന വ്യോമസേന ബ്രിഗേഡിയര്‍ ജനറല്‍ ആല്‍ബര്‍ട്ടോ ബാഷ്ലെയുടെ മകളും ദീര്‍ഘകാലം തടവിലും വിദേശത്തും കഴിഞ്ഞവളുമായ മിഷേല്‍ ബാഷ്ലെ വീണ്ടും മത്സരരംഗത്ത് ഇറങ്ങിയത്. പിനോഷെയെ അനുകൂലിച്ച ജനറല്‍ ഫെര്‍ണാണ്ടോ മതേയ്യുടെ മകളാണ് എതിര്‍സ്ഥാനാര്‍ഥിയായ ഇവ്ലിന്‍ മതേയ് എന്നത് കാര്യം എളുപ്പമാക്കി. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യാധിപത്യം നിയന്ത്രിക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സ്വകാര്യ പെന്‍ഷന്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നും പറഞ്ഞാണ് ബാഷ്ലെ മത്സരരംഗത്ത് ഇറങ്ങിയത്. ഇത് സ്വാഭാവികമായും വന്‍ ജനപിന്തുണ ഉറപ്പാക്കാന്‍ അവരെ സഹായിച്ചു. ചിലി ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മുന്നറിയിപ്പ് നല്‍കിയത് ഈ ഘട്ടത്തിലാണ്. ഏതായാലും ബാഷ്ലെയുടെ വിജയം സിഐഎയും ചിലിയന്‍ സൈന്യവും ചിക്കാഗോ സാമ്പത്തികവിദഗ്ധരും ചേര്‍ന്നുള്ള നവ ഉദാരവല്‍ക്കരണഭരണത്തിന് അന്ത്യമിടുമെന്ന് ഉറപ്പാണ്. കൂടുതല്‍ സമത്വമുള്ളതും നീതിപൂര്‍വകവുമായ സമൂഹമെന്നതാണ് ബാഷ്ലെ ഉയര്‍ത്തുന്ന മുദ്രാവാക്യം. കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ നികുതി നല്‍കുക എന്ന മുദ്രാവാക്യവും ബാഷ്ലെ ഉയര്‍ത്തുന്നു. ചിലി ഇടത്തോട്ട് നീങ്ങുകയാണെന്ന് വ്യക്തം. ചിലിയില്‍മാത്രമല്ല വെനസ്വേലയിലും മഡുറോയുടെ നേതൃത്വത്തിലുള്ള ബൊളിവാറിയന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൂടുതല്‍ ജനവിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകുകയാണ്. വെനസ്വേലയില്‍ അടുത്തിടെ നടന്ന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 76 ശതമാനം സീറ്റും നേടി കാരക്കാസ് അടക്കമുള്ള നഗരങ്ങളില്‍ ഭരണകക്ഷിയായ പിഎസ്യുവി ആധിപത്യം നിലനിര്‍ത്തി. 210 സീറ്റ് ഭരണകക്ഷിക്ക് ലഭിച്ചപ്പോള്‍, ഹെന്‍റിക് കാപ്രില്ലസിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ എംയുഡിക്ക് 15 ശതമാനം സീറ്റുമാത്രമാണ് ലഭിച്ചത്. മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 49.24 ശതമാനവും മഡുറോയുടെ പാര്‍ടി നേടിയപ്പോള്‍, 42.72 ശതമാനം വോട്ടുമാത്രമാണ് കാപ്രില്ലസിന്റെ കക്ഷിക്ക് ലഭിച്ചത്. ഹ്യൂഗോ ഷാവെസ് മരിച്ചതോടെ വെനസ്വേലയിലെ ഇടതുപക്ഷവും മരിക്കുമെന്ന അമേരിക്കന്‍ പ്രചാരണത്തിന് ചുട്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പുവിജയം. മഡുറോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 1.5 ശതമാനം വോട്ടിന്റെ ലീഡ് നേടിയാണ് ജയിച്ചതെങ്കില്‍, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ ലീഡ് 6.52 ശതമാനമായി വര്‍ധിച്ചു. സ്നോഡെന്‍ ഉണ്ടെന്നു പറഞ്ഞ് ബൊളീവിയയുടെ പ്രസിഡന്റ് ഇവാമൊറേല്‍സിന്റെ വിമാനം അമേരിക്കന്‍ നിര്‍ദേശപ്രകാരം വിയന്നയില്‍ ഇറക്കിയ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടിക്കെതിരെ, ലാറ്റിനമേരിക്ക ഒറ്റക്കെട്ടായി പ്രതിഷേധിച്ചതും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന് സ്വീകാര്യത വര്‍ധിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്.

*
Deshabhimani Editorial

No comments: