Wednesday, February 1, 2012

ബഹിരാകാശ വകുപ്പില്‍ എല്ലാം ഭദ്രമല്ല

ജി മാധവന്‍നായര്‍ക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞര്‍ക്കും വിലക്ക് പ്രഖ്യാപിച്ച് അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല ആന്‍ഡ്രിക്സ്-ദേവാസ് ഇടപാട്. ഒരു സ്വകാര്യകമ്പനിക്ക് വിലപിടിപ്പുള്ള എസ് ബാന്‍ഡ് സ്പെക്ട്രം വഴിവിട്ട് അനുവദിച്ചതിന് അപ്പുറത്തുള്ള ഗുരുതരമായ ഒട്ടേറെ സംഗതികള്‍ ഈ ഇടപാടിലുണ്ട്. കരാര്‍ നടപ്പാക്കാന്‍ ആവശ്യമായ രണ്ട് ഉപഗ്രഹം നിര്‍മിച്ച്, വിക്ഷേപിക്കേണ്ടിയിരുന്നത് പൊതുഖജനാവിലെ പണം ഉപയോഗിച്ചായിരുന്നു. വിക്ഷേപണം പരാജയപ്പെടാനോ ഉപഗ്രഹം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാനോ സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും പൊതുപണമാണ് വിനിയോഗിക്കേണ്ടിയിരുന്നത്. എന്നിരിക്കെ, ബഹിരാകാശവകുപ്പും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് സംശയകരമാണ്. വിവാദമായപ്പോള്‍മാത്രമാണ് കരാര്‍ റദ്ദാക്കിയത്.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷനും സ്വകാര്യകമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ കരാര്‍ ഒപ്പിട്ടത് 2005 ജനുവരി 28നാണ്. മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ "സാറ്റലൈറ്റ് ഡിജിറ്റല്‍ മള്‍ട്ടിമീഡിയ ബ്രോഡ്കാസ്റ്റ്"(എസ്ഡിഎംബി) സേവനം ദേവാസിന് ആന്‍ഡ്രിക്സ് നല്‍കണമെന്നതായിരുന്നു കരാര്‍ . ഇതിനുവേണ്ടി ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഇവയുടെ ശേഷിയുടെ 90 ശതമാനം ദേവാസിന് നീക്കിവയ്ക്കാനും കരാറായി. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂര്‍ എന്ന നിലയില്‍ 12 വര്‍ഷം ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാക്കും. തുടര്‍ന്ന് 12 വര്‍ഷംകൂടി ഈ പാട്ടം ദീര്‍ഘിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഐഎസ്ആര്‍ഒ മുമ്പ് നിര്‍മിച്ചിരുന്ന വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ജിസാറ്റ്-6, ജിസാറ്റ്-6എ ഉപഗ്രഹങ്ങളാണ് ദേവാസിനുവേണ്ടി വിക്ഷേപിക്കേണ്ടിയിരുന്നത്. ഐഎസ്ആര്‍ഒ മുന്‍കാലങ്ങളില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് മാതൃക വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ തന്നെ പ്രതീക്ഷിച്ച രീതിയില്‍ ഫലപ്രദമായില്ല. കൂടുതല്‍ സങ്കീര്‍ണമായ ജിസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്തും പിന്നീട് ബഹിരാകാശത്ത് ഇവയുടെ ആന്റിന നിവര്‍ത്തുന്ന ഘട്ടത്തിലും പരാജയസാധ്യത കൂടുതലാണ്. ഉപഗ്രഹങ്ങള്‍ ഫലപ്രദമായില്ലെങ്കില്‍ വിക്ഷേപണം പരാജയപ്പെട്ടതായി പ്രഖ്യാപിക്കാന്‍ ദേവാസിന് അനുകൂലമായ വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. വിക്ഷേപണം പരാജയപ്പെടുന്നപക്ഷം ദേവാസില്‍നിന്ന് അധികം പണമൊന്നും ഈടാക്കാതെ പകരം പുതിയ ഉപഗ്രഹം നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണം. ലോകമെങ്ങുമുള്ള അനുഭവം ബോധ്യപ്പെടുത്തുന്നത് എസ്-ബാന്‍ഡ്, എല്‍ -ബാന്‍ഡ് ആവൃത്തിയിലുള്ള മൊബൈല്‍ ഉപഗ്രഹസേവനം സാമ്പത്തികമായി ലാഭകരമല്ലെന്നാണ്. ഇത് പരിഹരിക്കാന്‍ അമേരിക്കപോലുള്ള രാജ്യങ്ങളില്‍ എസ് ബാന്‍ഡ് തരംഗങ്ങളുടെ ഒരു ഭാഗം ലാഭകരമായ രീതിയില്‍ മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നു. ദേവാസുമായുള്ള കരാറിലും ഇതിനുള്ള വ്യവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കാര്യമായ വരുമാനം ലഭിച്ചേനേ.

സിഎജിയുടെ പ്രാഥമിക കണക്കുകള്‍പ്രകാരം രണ്ട് ലക്ഷം കോടി രൂപ വിലവരുന്ന സ്പെക്ട്രമാണ് ദേവാസിന് അനുവദിച്ചത്. പകരം 12 വര്‍ഷത്തിനുള്ളില്‍ ദേവാസ് നല്‍കുമായിരുന്നത് 1,500 കോടി രൂപമാത്രം. രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഖജനാവില്‍നിന്ന് ചെലവിടേണ്ടിവരുമായിരുന്നത് 766 കോടി രൂപയായിരുന്നു. 12 വര്‍ഷത്തേക്ക് ആന്‍ഡ്രിക്സിന് ദേവാസില്‍നിന്ന് ലഭിക്കുമായിരുന്നത് 1350 കോടി രൂപയും. ഇത് മതിയായ വരുമാനമല്ലെന്ന് സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിതന്നെ കുറിപ്പ് നല്‍കിയിരുന്നു. ദേവാസ് പോലുള്ള ഒരു കമ്പനിയെ ഇടപാടിനായി തെരഞ്ഞെടുത്തത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്. ഉദ്ദേശിച്ച തരത്തിലുള്ള മള്‍ട്ടിമീഡിയ സേവനം നല്‍കാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നത് ദേവാസ് മാത്രമാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ നിലപാട്. എന്നാല്‍ , ദേവാസിനെ കണ്ടെത്തിയത് പരസ്യവും സുതാര്യവുമായ ടെന്‍ഡര്‍ നടപടിയിലൂടെ ആയിരുന്നില്ല. മുമ്പ് ഐഎസ്ആര്‍ഒയില്‍ ഉന്നതപദവി വഹിച്ച വ്യക്തിയാണ് ദേവാസിന്റെ തലവന്‍ എന്നതുകൂടി പരിഗണിക്കുമ്പോള്‍ ബഹിരാകാശവകുപ്പിന്റെയും ഐഎസ്ആര്‍ഒയുടെയും ആന്‍ഡ്രിക്സിന്റെയും മാന്യതയ്ക്ക് കൂടുതല്‍ മങ്ങലേല്‍ക്കുന്നു. ഇതെല്ലാം നോക്കുമ്പോള്‍ , ഉപഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ അനുമതി തേടിയപ്പോള്‍ത്തന്നെ ആന്‍ഡ്രിക്സ്-ദേവാസ് ഇടപാടിന്റെ പൂര്‍ണവിവരങ്ങളും ഇതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് ബഹിരാകാശ കമീഷനെയും കേന്ദ്രമന്ത്രിസഭയെയും ധരിപ്പിച്ചുവെന്ന് ബഹിരാകാശ വകുപ്പ് ഉറപ്പാക്കേണ്ടിയിരുന്നു.

രാജ്യത്തിന്റെ ബഹിരാകാശനയം ആവിഷ്കരിക്കാനും ബഹിരാകാശ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നാല് പതിറ്റാണ്ട് മുമ്പാണ് ബഹിരാകാശ കമീഷന്‍ രൂപീകരിച്ചത്. എല്ലാ പ്രധാന പദ്ധതികള്‍ക്കും ബഹിരാകാശ കമീഷന്റെ അനുമതി തേടേണ്ടതുണ്ട്. പണം ചെലവിടുന്നതിനും ബഹിരാകാശകമീഷന്റെ അനുമതി വേണം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍കൂടിയായ ബഹിരാകാശവകുപ്പ് സെക്രട്ടറിയാണ് ശക്തമായ അധികാരങ്ങളുള്ള കമീഷന്റെ തലവന്‍ . നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ധനവ്യയ വകുപ്പിലെ ഒരു സെക്രട്ടറി, ധനകാര്യ മന്ത്രാലയത്തിലെ ഒരു സെക്രട്ടറി (മെമ്പര്‍ , ഫിനാന്‍സ്), സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ബഹിരാകാശ കമീഷനില്‍ അംഗങ്ങളാണ്. കമീഷന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രമന്ത്രിസഭ 2005 ഡിസംബറിലാണ് ജിസാറ്റ്-6 നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. നാലു വര്‍ഷത്തിനുശേഷം ജിസാറ്റ്-7എ നിര്‍മിക്കാനും കമീഷന്‍ അനുമതി നല്‍കി. ജിസാറ്റ്-6, ജിസാറ്റ്-6എ എന്നിവ നിര്‍മിക്കാന്‍ അനുമതി തേടിയപ്പോള്‍ ബഹിരാകാശവകുപ്പ് ആന്‍ഡ്രിക്സ്-ദേവാസ് കരാറിന്റെ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഐഎസ്ആര്‍ഒ വ്യക്തമാക്കിയത്. 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ച യോഗത്തില്‍ മാത്രമാണ് ഇക്കാര്യം ബഹിരാകാശ കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടതത്രെ.

എന്നാല്‍ , ആന്‍ഡ്രിക്സ്-ദേവാസ് ഇടപാടിന്റെ ഓരോ ഘട്ടത്തിലും ഇതേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ അറിയിച്ചിരുന്നതായി മാധവന്‍നായര്‍ പറയുന്നു. മാത്രമല്ല, ബഹിരാകാശ കമീഷനിലും ആന്‍ഡ്രിക്സ് ഭരണസമിതിയിലും ഒരേ സമയം അംഗങ്ങളായ വ്യക്തികളുണ്ട്. ഫിനാന്‍സ് മെമ്പറും ഐഎസ്ആര്‍ഒ ഉപഗ്രഹകേന്ദ്രം ഡയറക്ടറും ഉദാഹരണം. അതുകൊണ്ട് ദേവാസ് ഇടപാടിനെക്കുറിച്ച് ബഹിരാകാശ കമീഷന്‍ ഇരുട്ടിലായിരുന്നെന്ന വാദം വിശ്വസനീയമല്ല. 1999ല്‍ ഇന്‍സാറ്റ്-2ഇ പാട്ടത്തിന് നല്‍കിയപ്പോള്‍ എല്ലാ വിവരങ്ങളും ബഹിരാകാശവകുപ്പ് ബഹിരാകാശ കമീഷനെയും മന്ത്രിസഭയെയും ധരിപ്പിച്ചു. ബഹിരാകാശവകുപ്പ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് വ്യക്തമാണ്. എന്നാല്‍ , ബഹിരാകാശ വകുപ്പിന്റെ വാര്‍ഷികറിപ്പോര്‍ട്ടുകള്‍ ജിസാറ്റ്-6ന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ക്രമക്കേടുകള്‍ക്ക് വ്യക്തിപരമായ ഉത്തരവാദികളെ കണ്ടെത്തുന്നത് നല്ലതുതന്നെ. എന്നാല്‍ , ഇവിടെ സംവിധാനംതന്നെ കുഴപ്പത്തിലാണ്.

*
സാജന്‍ ദേശാഭിമാനി 01 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജി മാധവന്‍നായര്‍ക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞര്‍ക്കും വിലക്ക് പ്രഖ്യാപിച്ച് അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല ആന്‍ഡ്രിക്സ്-ദേവാസ് ഇടപാട്. ഒരു സ്വകാര്യകമ്പനിക്ക് വിലപിടിപ്പുള്ള എസ് ബാന്‍ഡ് സ്പെക്ട്രം വഴിവിട്ട് അനുവദിച്ചതിന് അപ്പുറത്തുള്ള ഗുരുതരമായ ഒട്ടേറെ സംഗതികള്‍ ഈ ഇടപാടിലുണ്ട്. കരാര്‍ നടപ്പാക്കാന്‍ ആവശ്യമായ രണ്ട് ഉപഗ്രഹം നിര്‍മിച്ച്, വിക്ഷേപിക്കേണ്ടിയിരുന്നത് പൊതുഖജനാവിലെ പണം ഉപയോഗിച്ചായിരുന്നു. വിക്ഷേപണം പരാജയപ്പെടാനോ ഉപഗ്രഹം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കാനോ സാധ്യതയുണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും പൊതുപണമാണ് വിനിയോഗിക്കേണ്ടിയിരുന്നത്. എന്നിരിക്കെ, ബഹിരാകാശവകുപ്പും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് സംശയകരമാണ്. വിവാദമായപ്പോള്‍മാത്രമാണ് കരാര്‍ റദ്ദാക്കിയത്.