Saturday, August 23, 2008

ഞാന്‍ എന്റേതല്ല

"അവര്‍ അവന്റെ വായില്‍
ചങ്ങലകൊണ്ടു തൊങ്ങല്‍വെച്ചു.
കൈകള്‍ മരിച്ചവരുടെ പാറമേല്‍ കൂട്ടിക്കെട്ടി
എന്നിട്ടവര്‍ പറഞ്ഞു: നീ കൊലയാളിയാണ്.

അവരവന്റെ തീറ്റിയും ഉടുപ്പും കൊടിയും തട്ടിപ്പറിച്ചു,
അവനെ മരിച്ചവരുടെ കിണറ്റിലെറിഞ്ഞു
എന്നിട്ടവര്‍ പറഞ്ഞു: നീ കള്ളനാണ്

അവരവനെ എല്ലാ തുറമുഖങ്ങളില്‍നിന്നും പുറത്താക്കി,
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവര്‍ പറഞ്ഞു: നീ അഭയാര്‍ഥിയാണ്.''

2003 ല്‍ ഫ്രാന്‍സിലെ 'ലാ റോഷേല്‍' പട്ടണത്തില്‍വെച്ചു പലസ്തീന്‍ കവി മഹമൂദ് ദാര്‍വീഷിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാനോര്‍ത്തത് ഈ കാവ്യശകലമായിരുന്നു. 'പ്രാങ്തോംപ് ദ് പോയെറ്റ് (കവികളുടെ വസന്തം) എന്ന ഫ്രഞ്ച് കാവ്യവസന്തോത്സവത്തില്‍ അഞ്ചു നഗരങ്ങളില്‍ കവിത വായിക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. അദ്ദേഹത്തിന്റെ പല കവിതകളും ഞാന്‍ വായിച്ചിട്ടുണ്ടെന്നും ചിലതു പരിഭാഷ ചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ അദ്ദേഹത്തിന് ആരാധകരുണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. ദാര്‍വീഷ് നന്നായി ഇംഗ്ളീഷ് സംസാരിച്ചിരുന്നു, അതിലും നന്നായി ഫ്രഞ്ചും. വികാരവത്തായിരുന്നു അദ്ദേഹത്തിന്റെ കവിതവായന. ഏറെയും മുക്തഛന്ദസ്സില്‍; പാടാവുന്നവയും ചിലത്. പല അറബി സംഗീതജ്ഞരും ദാര്‍വീഷിന്റെ ഒലീവും തുളസിയും മണക്കുന്ന കവിതകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്; അറബി സാഹിത്യം പഠിപ്പിക്കുന്നിടത്തെല്ലാം ദാര്‍വീഷിന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലുമുണ്ട്.

മഹമൂദ് ദാര്‍വീഷ് നാടുകടത്തലിന്റെയും ചെറുത്തുനില്പിന്റെയും കവിയാണ്. നാടുകടത്തലെന്നത്, എഡ്വേഡ് സയ്ദിന്റെ ഭാഷയില്‍, ഒരു മനുഷ്യനും ജന്മദേശവും തമ്മിലും സ്വത്വവും അതിന്റെ യഥാര്‍ഥ ഗേഹവും തമ്മിലുമുള്ള ചികിത്സിച്ചുണക്കാനാകാത്ത വേര്‍പെടലാണ്. സയ്ദ് തന്നെ പറയുന്നുണ്ട്, നാടുകടത്തലിന്റെ അപഭംഗങ്ങളിലും വിഛേദങ്ങളിലും നിന്ന് ഒരു സ്വത്വത്തെ പുനഃസ്വരൂപിക്കുവാനുള്ള ത്വരയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതകളുടെ പ്രചോദനം എന്ന്. 'നഷ്ടത്തിന്റെ ഭാവഗീതങ്ങളെ അനന്തമായി നീട്ടിവെയ്ക്കപ്പെടുന്ന' തിരിച്ചുവരവിന്റെ നാടകമായി മാറ്റുവാനുള്ള മഹാകാവ്യതുല്യമായ പരിശ്രമം' എന്നാണ് സയ്ദ് തന്റെ ആത്മസുഹൃത്തായിരുന്ന ദാര്‍വീഷിന്റെ കാവ്യസാകല്യത്തെ വിശേഷിപ്പിക്കുന്നത് (Reflections on Extie). തന്റെ വീടില്ലായ്മയെ അപൂര്‍ണമോ പൂര്‍ത്തിയാക്കപ്പെടാത്തതോ ആയ വസ്തുക്കളുടെയും കാര്യങ്ങളുടെയും ഒരു പട്ടികയിലൂടെ ദാര്‍വീഷ് അവതരിപ്പിക്കുന്നുണ്ട്:

'പക്ഷേ ഞാന്‍ നാടുകടത്തപ്പെട്ടവനാണ്

എന്നെ നിന്റെ കണ്ണുകള്‍കൊണ്ടു മുദ്രവെയ്ക്കുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
നീ എവിടെയായാലും അവിടേയ്ക്ക് എന്നെ കൊണ്ടുപോവുക
എനിക്കെന്റെ മുഖത്തിന്റെ നിറം തിരിച്ചുതരിക

ഉടലിന്റെ ഊഷ്മളതയും
ഹൃദയത്തിന്റെയും കണ്ണുകളുടെയും പ്രകാശവും
അപ്പത്തിന്റെയും താളത്തിന്റെയും ലവണവും
മണ്ണിന്റെ രുചിയും... ജന്മനാട്

നിന്റെ കണ്ണുകള്‍കൊണ്ടെന്നെ കാക്കുക
വിഷാദത്തിന്റെ കൊട്ടാരത്തില്‍ നിന്ന്
ഒരവശിഷ്ടംപോലെ എന്നെ എടുക്കുക

എന്റെ ദുരന്ത നാടകത്തില്‍ നിന്ന്
ഒരു പദ്യത്തെപ്പോലെ എന്നെ എടുക്കുക
ഒരു കളിപ്പാട്ടമായി, വീട്ടില്‍നിന്നൊരിഷ്ടികയായി
എന്നെ എടുക്കുക, നമ്മുടെ കുട്ടികള്‍
തിരിച്ചു വരാനോര്‍മിക്കട്ടെ.'

മണ്ണിന്റെ ഖരതയും സംതൃപ്തിയുമായുള്ള ബന്ധം അറ്റുപോകുന്നതാണ് നാടുകടത്തലിന്റെ ദുരന്തമെന്ന് ദാര്‍വീഷിനു നന്നായറിയാമായിരുന്നു, തിരിച്ചുവരവ് അസാധ്യമെന്നും.

മഹമൂദ് ദാര്‍വീഷ് പ്രാഥമികമായും ഒരു രാഷ്ട്രീയകവിയായിരുന്നു, ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഢതയില്‍നിന്നദ്ദേഹം മുഖം തിരിച്ചില്ലെങ്കിലും. 1984 ലെ ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം താന്‍ 'അനന്തത' എന്നു വിളിക്കുന്ന മരണം അദ്ദേഹത്തിന്റെ മുഖ്യപ്രമേയങ്ങളിലൊന്നായിരുന്നു. 'ചുവര്‍ചിത്രം' എന്ന കവിതയിലദ്ദേഹമെഴുതി, "യാത്ര പറയാനുള്ള സാധ്യമായ എല്ലാ ഹേതുക്കളും എന്നില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് ഞാന്‍ പറയട്ടെ: ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല, ഞാന്‍ എന്റേതല്ല.'' ഈ വരികള്‍ 'ഞാന്‍ ഇനിമേല്‍ എന്നില്‍തന്നെ ഒടുങ്ങുന്നില്ല' എന്ന പാബ്ളോനെരൂദയുടെ വരിയെ ('എന്റെ രാഷ്ട്രീയ കക്ഷിക്ക്') അനുസ്മരിപ്പിക്കുന്നുവെങ്കില്‍ അതിലത്ഭുതപ്പെടാനില്ല: ദാര്‍വീഷ് ആദ്യം വായിച്ച മൂന്നു കവികള്‍ ഹീബ്രൂ പരിഭാഷയിലൂടെ കണ്ടെത്തിയ ലോര്‍ക്കയും നെരൂദായും ഹിബ്രൂകവിയായ യെഹൂദാ അമിച്ചായിയും ആയിരുന്നു. തന്റെ കവിതയുടെ വിരുദ്ധാകര്‍ഷണങ്ങളെക്കുറിച്ച് ദാര്‍വീഷിനു നന്നായറിയാമായിരുന്നു. 'ന്യൂയോര്‍ക്ക് ടൈംസി'നു നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: "ഞാന്‍ ശുദ്ധകവിതയോടു കൂടുതലടുക്കുമ്പോള്‍ പലസ്തീന്‍കാര്‍ പറയും, താങ്കളെന്തായിരുന്നുവോ അതിലേയ്ക്കു തിരിച്ചുപോകാന്‍. പക്ഷേ ഞാന്‍ അനുഭവത്തില്‍നിന്ന് ഒരു കാര്യം പഠിച്ചിട്ടുണ്ട്. വായനക്കാര്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എനിക്കവരെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയും. എനിക്കു ആത്മാര്‍ഥതയുണ്ടെങ്കില്‍ എനിക്കെന്റെ ആധുനികത സൃഷ്ടിക്കാനും എന്റെ കളികള്‍ കളിക്കാനും കഴിയും''. ആധുനികനായിരിക്കെത്തന്നെ ദാര്‍വീഷിന് ആധുനികതയുടെ തീവ്രരൂപങ്ങളോട് ആഭിമുഖ്യമില്ലായിരുന്നു; അറബിക്കവിതയുടെ സ്രോതസ്സുകളെയും പാരമ്പര്യങ്ങളെയും കൈവിടാതെതന്നെ അതിനെ ലോകകവിതയ്ക്കു സമശീര്‍ഷമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം എഴുതുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയമായ ബിംബാവലി, അടിയന്തര പ്രാധാന്യമുള്ള പ്രമേയങ്ങള്‍, ഭാവഗീതാത്മകമായ ലാളിത്യം, സ്വത്വപരമായ ഉത്കണ്ഠ ഇവയാണ് ദാര്‍വീഷിന്റെ ആദ്യകാല കവിതയെ നിര്‍വചിച്ചത്. പിന്നീടദ്ദേഹത്തിന്റെ കവിത കൂടുതല്‍ സാന്ദ്രമാകുന്നു, ബിംബങ്ങള്‍ സങ്കീര്‍ണമാകുന്നു, ഘടനകള്‍ക്ക് പല തലങ്ങള്‍ കൈവരുന്നു. പ്രധാനകാര്യം ആധുനിക കാലത്തെ അറബിയുടെ ഭൌതികവും ആന്തരികവുമായ ജീവിതം ആവിഷ്കരിക്കാനുതകുന്ന ഒരു അറബികാവ്യ ശൈലി അദ്ദേഹം സ്വരൂപിച്ചു എന്നതാണ്; അങ്ങനെ 'അറബിഭാഷയുടെ രക്ഷകന്‍' എന്ന പദവി അദ്ദേഹം നേടി. പലസ്തീനിയന്‍ അവബോധം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു; അദ്ദേഹത്തിന്റെ രചനകള്‍ ആധുനിക അറബിസംസ്കാരത്തിന്റെ തന്നെ ഇഴകളായി മാറുകയും ചെയ്തു. രൂപമാത്രവാദികളായ കവികള്‍ക്ക് ഒരു മറുപാഠം.

രണ്ട്

മഹമൂദ് ദാര്‍വീഷ് ബിര്‍വാ ഗ്രാമത്തിലാണു ജനിച്ചത്, 1941 മാര്‍ച്ച് 15 ന്. മാതാപിതാക്കള്‍ കര്‍ഷകവൃത്തിയില്‍ മുഴുകിയിരിന്നതിനാല്‍ മുത്തച്ഛനാണ് ദാര്‍വീഷിനെ വളര്‍ത്തിയത്. ആറാംവയസ്സില്‍ ഇസ്രയേല്‍ തന്റെ ഗ്രാമത്തെ ആക്രമിച്ചതിനെത്തുടര്‍ന്ന് ദാര്‍വീഷിന് മാതാപിതാക്കള്‍ക്കൊപ്പം ലെബനോണിലേക്ക് ഓടിപ്പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ ഗ്രാമം മുഴുവന്‍ നശിച്ചിരുന്നു; വയലുകളും നഷ്ടമായ കുടുംബം ഗലീലിയില്‍ താമസമാക്കി. വീട്ടില്‍ പുസ്തകങ്ങളില്ലായിരുന്നു; ഇസ്രയേലി പട്ടാളത്തില്‍നിന്ന് ഓടിപ്പോന്ന് അലയുന്ന ഒരു പാട്ടുകാരന്റെ പാട്ടുകള്‍ ആയിരുന്നു ദാര്‍വീഷിന്റെ ആദ്യ കാവ്യാനുഭവം; സഹോദരന്റെ പ്രേരണയിലാണ് ആദ്യം കവിതകളെഴുതിയത്. 1948 മുതല്‍ 86 വരെ ഇസ്രയേലിലെ അറബികള്‍ രണ്ടാംകിട പൌരന്മാരായിരുന്നു. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇല്ലായിരുന്നു. ഇസ്രയേലിന്റെ സ്ഥാപനദിനാഘോഷങ്ങളോട് ദാര്‍വീഷ് വിമുഖനായിരുന്നു; സ്കൂളില്‍വെച്ചഴുതിയ ആദ്യകവിതതന്നെ ഒരു മുസ്ലിം കുട്ടിയും ജൂതക്കുട്ടിയും തമ്മിലുള്ള സംഭാഷണമായിരുന്നു. നാടും കളിയും കളിപ്പാട്ടവും ആഘോഷങ്ങളുമില്ലാത്ത താന്‍ ഇതെല്ലാമുള്ള അവന്റെ കൂടെ കളിച്ചോട്ടേ എന്ന് മുസ്ലിം ബാലന്‍ യഹൂദബാലനോടു പറയുന്നു. ഈ കവിത അധികാരികളെ പ്രകോപിപ്പിച്ചു; മിലിട്ടറിഗവര്‍ണര്‍ കുട്ടിയെ വിളിച്ച് ഇനി ഇങ്ങനെ എഴുതിയാല്‍ അച്ഛന് കല്ലുവെട്ടുന്ന ജോലി നഷ്ടപ്പെടുമെന്നു താക്കീതു നല്‍കി. ബെയ്റൂത്തില്‍ 'അല്‍-ഷീര്‍' എന്ന മാസികയ്ക്കു ചുറ്റും അഡോണിസ്, നിസാര്‍ ഖബ്ബാനി തുടങ്ങിയവരുടെ മുന്‍കൈയില്‍ ആധുനികമായ ഒരറബിക്കവിത വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. എന്നാല്‍ ദാര്‍വീഷ് അതൊന്നുമറിഞ്ഞിരുന്നില്ല. ഹീബ്രുവിലെ ആധുനിക കവികളും ഹീബ്രു പരിഭാഷയിലൂടെ പരിചയിച്ച യൂറോപ്യന്‍ കവികളുമാണ് പുതിയ കാവ്യ സമ്പ്രദായത്തെക്കുറിച്ച് ദാര്‍വീഷിന് അറിവുനല്‍കിയത്. ദാര്‍വീഷിന്റെ ആദ്യകവിതകള്‍ ക്ളാസ്സിക്കല്‍ രൂപങ്ങളാണുപയോഗിച്ചത്. 'ഒലീവിലകള്‍' (1965), പലസ്തീനിയന്‍ കാമുകന്‍ (1966), 'രാത്രിയുടെ അവസാനം (1967) എന്നീ സമാഹാരങ്ങള്‍ ഇസ്രയേലില്‍തന്നെ പ്രസിദ്ധീകരിച്ചു. അറുപതുകളുടെ പാതിയാകുമ്പോഴേക്കും- നമ്മുടെ കവിതയും ആധുനികമാകുന്ന കാലം-ദാര്‍വീഷ് സ്വന്തമായ ഒരു നവീന ശൈലി രൂപപ്പെടുത്തിയിരുന്നു. അപ്പോഴേക്കും അദ്ദേഹം 'റാക്കാ' (Rakah) എന്നറിയപ്പെടുന്ന ഇസ്രയേല്‍ കമ്യൂണിസ്റ്റു പാര്‍ടിയില്‍ അംഗമായിരുന്നു, പാര്‍ടിപ്പത്രത്തിന്റെ അറബിപ്പതിപ്പായ 'അല്‍-ഇത്തിഹാദി'ന്റെ പത്രാധിപരും.

ഇതേകാലത്താണ് അമര്‍ഷവും ഐറണിയും അനീതിയോടുള്ള പ്രതിഷേധവും കലര്‍ന്ന, വാക്കുകൊണ്ടുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കവിതകളും അദ്ദേഹമെഴുതുന്നത്. പലസ്തീന്‍ പ്രശ്നം തന്റെ അന്തര്‍ദേശീയ വികാരം പ്രകടിപ്പിക്കാനുള്ള ഒരു പ്രിസം-കാചം-ആയിരുന്നു ദാര്‍വീഷിന്; പലസ്തീന്‍ നാടും അതിന്റെ ചരിത്രവും ലോകചരിത്രത്തിന്റെതന്നെ സംക്ഷേപമായാണ് അദ്ദേഹത്തിനനുഭവപ്പെട്ടത്. കാനാന്‍, ഹിബ്രു, ഗ്രീക്ക്, റോമന്‍, തുര്‍ക്കി, ബ്രിട്ടീഷ് സ്വാധീനങ്ങളിലൂടെ പരിണമിക്കുമ്പോഴും അതിന്റെ കാതല്‍ സ്ഥിരമായിരുന്നെന്ന് അദ്ദേഹത്തിന്നനുഭവപ്പെട്ടു. ഈ ഇരട്ട ബോധമാണ് അദ്ദേഹത്തിന്റെ അറബി സ്വത്വബോധത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ അത് അടഞ്ഞ ഒരു തനിമാവാദമായി അപചയിച്ചില്ല, ലോകത്തോടു തുറന്നതും ഭിന്നസംസ്കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളതുമായിരുന്നു ആ സ്വത്വബോധം.

പല ജയില്‍വാസങ്ങള്‍ക്കും വീട്ടുതടങ്കലുകള്‍ക്കും ശേഷം 1971 ല്‍ ദാര്‍വീഷ് മോസ്കോ സര്‍വകലാശാലയില്‍ ചേര്‍ന്നു; പിന്നീട് ബെയ്റൂത്തിലെ പലസ്തീനിയന്‍ ഗവേഷണകേന്ദ്രത്തില്‍; തുടര്‍ന്ന് ട്യൂണിസ്സിലും പാരീസിലും. 1987 ലാണ് അദ്ദേഹം പിഎല്‍ഒ (പലസ്തീനിയന്‍ വിമോചന സംഘടന) യുടെ നിര്‍വാഹക സമിതി അംഗമാകുന്നത്. ഒപ്പം 'അല്‍-കാര്‍മെല്‍' എന്ന സാഹിത്യമാസികയും എഡിറ്റു ചെയ്തുകൊണ്ടിരുന്നു. 'പലസ്തീനിയന്‍ രാഷട്ര്പ്രഖ്യാപനം' എഴുതിയുണ്ടാക്കിയത് ദാര്‍വീഷും അറബി നോവലിസ്റ്റ് ഏലിയാസ് ഖൌറിയും ചേര്‍ന്നായിരുന്നു. അത് പുതുക്കി ഇംഗ്ളീഷിലാക്കിയത് എഡ്വേഡ് സയ്ദും. പ്രസ്താവത്തെ രാഷ്ട്രീയക്കാര്‍ വളച്ചൊടിക്കുമോ എന്ന ഭയം തങ്ങള്‍ പങ്കുവെച്ചിരുന്നതായി സയ്ദ് രേഖപ്പെടുത്തുന്നുണ്ട്. തങ്ങളുടെ 'രാഷ്ട്രം' ഇപ്പോഴും സാങ്കല്പികം മാത്രമാണല്ലോ എന്ന അമ്പരപ്പും. ലെബനോണ്‍ പലസ്തീന്റെ വഴിക്കു പോകുമെന്ന് ഖൌറി ഭയപ്പെട്ടിരുന്നതായും സയ്ദ് എഴുതുന്നു. (After Mahfouz എന്ന ലേഖനം ). പിഎല്‍ഒയില്‍ വിഭാഗീയതയും ചേരിപ്പോരും തുടങ്ങിയപ്പോള്‍ ദാര്‍വീഷ് മാറിനിന്നു. "യാഥാര്‍ഥ്യത്തെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടുള്ള ഒരു കവിയാണു ഞാന്‍'' എന്നാണദ്ദേഹം പറഞ്ഞത്: നമ്മുടെ സന്ദര്‍ഭത്തില്‍ പ്രസക്തമായ നിലപാട്. അക്കാലത്തദ്ദേഹം കാവ്യാത്മകമായ ചില ചെറുകഥകളുമെഴുതി. 1980കളിലെ പ്രതികൂല കാലാവസ്ഥയിലും ദാര്‍വീഷ് തന്റെ ശുഭപ്രതീക്ഷ നിലനിര്‍ത്തി:

"ബോംബുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍
തെരുവുകള്‍ നമ്മെ വളയുന്നു
നിങ്ങള്‍ക്ക് മരണവുമായി പരിചയമുണ്ടോ?
എനിക്ക് ജീവിതമാണു പരിചിതം,
ഒടുങ്ങാത്ത ആഗ്രഹവും
നിങ്ങള്‍ക്ക് മരിച്ചവരെ അറിയാമോ?
എനിക്കറിയാവുന്നത് പ്രേമിക്കുന്നവരെ.''

പാരീസില്‍വെച്ച് ദാര്‍വീഷ് എഴുതിയ ബെയ്റൂത്ത് സ്മരണകള്‍- 'മറവിക്ക് ഓരോര്‍മ' -ദീര്‍ഘമായ ഒര ഗദ്യകാവ്യമാണ്. അമര്‍ഷവും പരിഹാസവും ഹിംസയെയും ഭ്രഷ്ടിനെയുംക്കുറിച്ചുള്ള ധ്യാനങ്ങളും നിറഞ്ഞ ഒന്ന്. 1984 ലും 98 ലും ഉണ്ടായ ഹൃദയാഘാതങ്ങള്‍ അദ്ദേഹത്തിനു ലഭിച്ച മരണത്തിന്റെ താക്കീതുകളായിരുന്നു. 1993 ല്‍ ദാര്‍വീഷ് പിഎല്‍ഒ നിര്‍വാഹക സമിതിയില്‍നിന്നു രാജിവെച്ചു. ഇസ്രയേലുമായി പിഎല്‍ഒ ഉണ്ടാക്കിയ ഓസ്ലോ കരാര്‍ കുഴപ്പം പിടിച്ചതായി അദ്ദേഹം കരുതി. അത് നേരാണെന്നു പിന്നീട് തെളിഞ്ഞപ്പോള്‍ ദുഃഖിക്കുകയും ചെയ്തു. 1995 ല്‍ ദാര്‍വീഷ് അമ്മയെ കാണാന്‍ ഇസ്രയേലിലേക്കു തിരിച്ചുപോയി; വലിയൊരു സദസ്സിനുമുന്നില്‍ കവിത വായിച്ചു; തെരഞ്ഞെടുത്ത കവിതകള്‍ ഹീബ്രുഭാഷയില്‍ 2007 ജൂലൈയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ സ്വയം ഭരണ പ്രദേശങ്ങളില്‍ എത്രകാലവും താമസിക്കാന്‍ ഇസ്രയേല്‍ അദ്ദേഹത്തെ അനുവദിച്ചുവെങ്കിലും അവസാനകാലം അമ്മാനിലാണദ്ദേഹം ചെലവിട്ടത്. ഗാസയിലെ ഹാമാസിന്റെ വിജയത്തെ അദ്ദേഹം അപലപിച്ചു. "ഞങ്ങളിപ്പോള്‍ ആരാച്ചാരന്മാരുടെ വസ്ത്രമാണ് ധരിക്കുന്നത്'' എന്ന് പരസ്പരം കണ്ടുകൂടാത്ത രണ്ടു രാഷ്ട്രങ്ങളെ നോക്കി അദ്ദേഹം പരിഹസിച്ചു.

ടെക്സാസിലെ ഒരാശുപത്രിയില്‍വെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ ആഗസ്ത് ഒമ്പതിന് അന്തരിക്കുമ്പോഴേക്കും ദാര്‍വീഷ് സാര്‍വദേശീയ പ്രശസ്തി നേടിയിരുന്നു. ലോട്ടസ് സമ്മാനം, ലെനിന്‍ സമാധാന സമ്മാനം, സാംസ്കാരിക സ്വാതന്ത്ര്യത്തിനുള്ള സംഭാവനക്ക് ലെന്നന്‍ പുരസ്കാരം, ഓസ്ട്രിയയിലെ 'പ്രിന്‍സ് ക്ളോസ് ഫണ്ടി'ന്റ 'പ്രിന്‍സിപ്പല്‍ പ്രൈസ്.' ഫ്രഞ്ചു ഗവണ്‍മെന്റ് നല്‍കിയ നൈറ്റ്ഹുഡ്, മൊറോക്കോവില്‍നിന്ന് ധിഷണാവൈഭവത്തിനുള്ള 'വിസ്സാം' ബഹുമതി, ഇവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടുതവണ വിവാഹം കഴിച്ചിരുന്നെങ്കിലും ദാര്‍വീഷിന് കുട്ടികളില്ലായിരുന്നു; ആദ്യപത്നി റാനാ കബ്ബാനിയാണ് ദാര്‍വീഷിന്റെ ഏറെ കവിതകളും ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ദാര്‍വീഷ് മരിച്ചപ്പോള്‍ ഇസ്രയേല്‍ വിദ്യാഭ്യാസമന്ത്രി ഗുഷ് ഷാലോം, കവിയെ ഭ്രഷ്ടിലേക്കു തള്ളിയിട്ടതിന്റെ അപമാനം ഇസ്രയേലിന്റേതാണെന്ന് ഏറ്റുപറഞ്ഞു; അദ്ദേഹത്തിന്റെ കവിതകള്‍ ഇപ്പോഴെങ്കിലും സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു: രണ്ടായിരാമാണ്ടില്‍ ആ നിര്‍ദേശം ഉന്നയിച്ചിരുന്നെങ്കിലും വലതുപക്ഷക്കാര്‍ എതിര്‍ത്തതിനാല്‍ നടപ്പാക്കാനായിരുന്നില്ല.

മൂന്ന്

ഇസ്രയേലില്‍ ജീവിക്കുന്ന ഒരു പലസ്തീന്‍കാരന്റെ വിരുദ്ധ സ്വത്വം ദാര്‍വീഷിനെ നിരന്തരം വേട്ടയാടിയിരുന്നു. 'ചുവര്‍ച്ചിത്ര'ത്തിലെ വരികള്‍ കാണുക:

എന്നെ തേടുമ്പോഴെല്ലാം
ഞാന്‍ മറ്റുള്ളവരെ കണ്ടെത്തുന്നു
അവരെ തേടുമ്പോഴോ,
എന്റെതന്നെ അന്യസ്വത്വത്തെ
അപ്പോള്‍ ഞാന്‍ വ്യക്തിയോ, ആള്‍ക്കൂട്ടമോ?

പ്രശസ്തമായ 'ഐഡന്റിറ്റി കാര്‍ഡി'ലെ 'അതെ, എഴുതിവെയ്ക്കു, ഞാന്‍ അറബിയാണ്'എന്ന പ്രസ്താവത്തിന്റെ ഉറപ്പ് ഇവിടെയില്ല. അറബി സ്വത്വത്തിന്റെ നാനാത്വം ദാര്‍വീഷ് കവിതയിലെ നിരന്തരസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കവിത വിഭിന്നസംസ്കാരങ്ങള്‍ തമ്മിലുള്ള ഒരു സംഭാഷണമാണ്; ക്രിസ്ത്യന്‍-മുസ്ലിം-യഹൂദ മിത്തുകള്‍ അവയുടെ അടിയൊഴുക്കാണ്, ഈജിപ്തുകാരുടെ 'മരിച്ചവരുടെ പുസ്തക'വും ബൈബിളിലെ ജെറേമയായുടെ പുസ്തകവും ഗിഹമേഷിന്റെ ഇതിഹാസവും ഇവിടെ ഒരു സംയുക്ത സ്വത്വബോധത്തിന്റെ അടയാളമാകുന്നു. എന്തിന് റെഡ്ഡിന്ത്യക്കാരു അവസ്ഥയില്‍പോലും കവി പലസ്തീന്‍കാരന്റെതന്നെ രൂപകമാണു തേടുന്നത്. 'ഇന്ത്യന്‍ സ്പീച്ച്' എന്ന ദീര്‍ഘകാവ്യം ഉദാഹരണം. ഒരു ഭാഗത്ത് മനുഷ്യന്റെ ശാശ്വതമായ പാരതന്ത്ര്യത്തിന്റെയും മറുഭാഗത്ത് പലസ്തീന്‍കാരുടെ ഭീഷണമായ ചരിത്ര യാഥാര്‍ഥ്യത്തിന്റെയും രൂപകമായി മാറുന്നു റെഡ്ഡിന്ത്യക്കാരുടെ വര്‍ത്തമാനാവസ്ഥ.

"കാറ്റ് ഞങ്ങളുടെ ആദിയും അന്ത്യവും ചൊല്ലിത്തരും
ഞങ്ങളുടെ വര്‍ത്തമാനം ചോരയൊലിപ്പിക്കുകയാണെങ്കിലും
ഞങ്ങളുടെ നാളുകള്‍ ഐതിഹ്യത്തിന്റെ
ചാരം മൂടിക്കിടക്കയാണെങ്കിലും...''

ഏതോ അപരിചിതന്‍ കടന്നുകയറി പൂന്തോപ്പുകള്‍ നശിപ്പിച്ച് ലോഹത്തിന്റെ പൂക്കള്‍ വാഗ്ദാനം ചെയ്യുന്ന അനുഭവമാണ് ഇന്‍ഡ്യന്റേത്. "രാത്രി വേണ്ടത്ര എടുത്തോളൂ, പക്ഷേ രണ്ടു നക്ഷത്രങ്ങള്‍ ബാക്കിയിടൂ. കടലെടുത്തോളൂ, മീന്‍ പിടിക്കാന്‍ ചില തിരകള്‍ ബാക്കിയിടൂ, ഭൂമിയുടെ പൊന്നു മുഴുവനെടുത്തോളൂ, കാരണവന്മാരുടെ ഒരുപിടിമണ്ണ് ബാക്കിയിടൂ'' ഇങ്ങനെ പോകുന്നു അവരുടെ പ്രാര്‍ഥന.

'ഞങ്ങള്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍
എണ്ണയും ഉപ്പുംപോലെ ഭരണികളില്‍ സൂക്ഷിക്കുന്നു
അവരുടെ പേരുകള്‍ ഞങ്ങള്‍ നീര്‍പ്പക്ഷികളുടെ
വാലുകളില്‍ കെട്ടിയിടുന്നു.

ഇംഗ്ളീഷ് തോക്കുകള്‍ക്കും ഫ്രഞ്ചു വീഞ്ഞിനും ഇന്‍ഫ്ളുവന്‍സയ്ക്കും മുമ്പ് മാനുകളോടൊത്തു സ്വന്തം വാമൊഴിച്ചരിത്രം പഠിച്ചിരുന്ന സ്വന്തം വംശത്തിന്റെ പ്രതാപകാലം അവരോര്‍മിക്കുന്നു. എങ്കിലും വിദ്വേഷത്തിലല്ല. ഇരുവര്‍ക്കും ഇടമുള്ള ഒരുദ്ഗ്രഥിത രാഷ്ട്രത്തിന്റെ സ്വപ്നത്തിലാണ് കവിത അവസാനിക്കുന്നത്. ദാര്‍വീഷ് യഹൂദരെ സമീപിച്ചതും ഇതുപോലെയായിരുന്നു. അവരുടെ ഇടം ഇല്ലാതാക്കാനല്ല, തങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താനുള്ള വാഞ്ഛയോടെ. മനുഷ്യരുടെ സഹിഷ്ണുതയിലും സംസ്കാരങ്ങളുടെ ഉദ്ഗ്രഥന സാധ്യതയിലും അദ്ദേഹം ഒടുക്കംവരെ വിശ്വസിച്ചു.

അറിബക്കവിതയില്‍ പുതിയൊരു സ്ഥലപരമായ കാവ്യമീമാംസ ദാര്‍വീഷ് സൃഷ്ടിച്ചു. പലസ്തീനിലെ സ്ഥലങ്ങള്‍, മണ്ണ്, മരങ്ങള്‍, മൃഗങ്ങള്‍, ഭക്ഷണം, ഗന്ധങ്ങള്‍ ഇവയെയെല്ലാം സൂക്ഷ്മവും ഗാനാത്മകവുമായി ആവിഷ്കരിക്കുന്നതായിരുന്നു ഈ കാവ്യശാസ്ത്രം. 'കസീദത്-അല്‍-അര്‍ദ്' (നാടിന്റെ കവിത) തുടങ്ങിയ രചനകളിലദ്ദേഹം സൂഫിപ്രണയകവിതകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തുന്നു. പലസ്തീന്‍ ദിനത്തില്‍ പ്രകടനത്തില്‍ പങ്കെടുത്ത അഞ്ചു പെണ്‍കുട്ടികള്‍ വെടിവെച്ചുകൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹമെഴുതി: "മാര്‍ച്ചുമാസത്തില്‍, കലാപത്തിന്റെ വര്‍ഷത്തില്‍, ഭൂമി ഞങ്ങളോട് അവളുടെ ചോരയുടെ രഹസ്യങ്ങള്‍ പറഞ്ഞു. മാര്‍ച്ചുമാസത്തില്‍ അഞ്ചുപെണ്‍കുട്ടികള്‍ സ്കൂള്‍ പടിവാതില്‍ കടന്ന്, വയലറ്റുപൂക്കള്‍ കടന്ന്, തോക്കുകള്‍ കടന്ന്, ജ്വാലകളായി പൊട്ടിവിടര്‍ന്നു. പനിനീര്‍പ്പൂക്കളും സുഗന്ധപ്പച്ചയുംകൊണ്ട് അവര്‍ മണ്ണിന്റെ പാട്ടുതുറന്ന് ഭൂമിയില്‍ പ്രവേശിച്ചു... ഞങ്ങളുടെ നാട്ടില്‍ മാര്‍ച്ചുമാസം വരുന്നത് പെണ്‍കുട്ടികളുടെ നൃത്തത്തില്‍നിന്നാണ്; വയലറ്റുകള്‍ അല്പം കുനിഞ്ഞുകൊടുത്തു, പെണ്‍കുട്ടികളുടെ ശബ്ദങ്ങള്‍ക്കു കടന്നുപോകാന്‍. പക്ഷികള്‍ പാട്ടിലേയ്ക്കും എന്റെ ഹൃദയത്തിലേയ്ക്കും കൊക്കുകള്‍ കൂര്‍പ്പിച്ചു...'' മണ്ണിനെ തന്റെ ആത്മാവിന്റെയും റോസിനെ മുറിവുകളുടെയും വിസ്താരമായാണ് കവി കാണുന്നത്. നെഞ്ചിലെ അത്തിമരത്തില്‍നിന്ന് ഒരു കൊമ്പു പറിച്ചെറിഞ്ഞ് അക്രമിയുടെ പീരങ്കി പൊട്ടിത്തെറിപ്പിക്കാനദ്ദേഹം ശ്രമിക്കുന്നു. തന്റെ ശകലീകൃതമായ ലോകത്തെ മാന്ത്രികമായി പുനര്‍നിര്‍മിക്കാനുള്ള ഒരുപാധിയാണ് ദാര്‍വീഷിന് രൂപകം. അദ്ദേഹത്തിന്റെ സംഗീതാത്മകമായ പ്രപഞ്ചത്തില്‍ കല്ല് കാറ്റാവുന്നു, തടവറ പുഷ്പിക്കുന്നു.

ചിലപ്പോഴൊക്കെ ഈ ഭാവഗീതാത്മകത വിരുദ്ധോക്തിക്കു വഴി മാറുന്നു: "എന്റെ നാട് ചങ്ങലയില്‍ കിടക്കുന്നതിന്റെ ആനന്ദത്തിലാണ്, തപാലിലയക്കുന്ന ചുംബനത്തിന്റെയും. എന്നെ കാശപ്പു ചെയ്ത രാജ്യത്തില്‍നിന്ന് എനിക്കുവേണ്ടത് എന്റെ അമ്മയുടെ തൂവാലയും പുതിയൊരു മരണത്തിനുവേണ്ട കാരണങ്ങളും മാത്രം. 'ദി സ്റ്റേറ്റ് ഓഫ് സീജ്' എന്ന ഒരന്ത്യകാല കവിതയില്‍ തന്റെ കാവ്യ സങ്കല്പം അദ്ദേഹം അവതരിപ്പിക്കുന്നു: "കവിതയെ വിശ്വസിക്കരുത്, അത് അസാന്നിധ്യത്തിന്റെ പുത്രിയാണ്. അത് ഉള്‍ക്കണ്ണല്ല, ചിന്തയുമല്ല, അഗാധതയെക്കുറിച്ചുള്ളൊരു ബോധമാണ്.''

ദാര്‍വീഷിന്റെ ഇരുപതാമത്തെ കവിതാ സമാഹാരമായ 'ചുവര്‍ച്ചിത്രം' അനന്തതയെക്കുറിച്ചൊരു ധ്യാനമാണ്. എന്നാല്‍ 2001-2002 കാലത്തെ 'മൊഹമ്മദ്', 'ബലി,' 'എ സ്റ്റേറ്റ് ഓഫ് സീജ്' (ശത്രുവിനാല്‍ വളയപ്പെട്ട അവസ്ഥ) തുടങ്ങിയ കവിതകളില്‍ ആദ്യകാല കവിതകളുടെ ആവിഷ്ടാവസ്ഥ തിരിച്ചുവരുന്നു. 'എ സ്റ്റേറ്റ് ഓഫ് സീജി'ലെ ചില വരികള്‍ കാണുക:

"ഒരു സ്ത്രീ മേഘത്തോടു യാചിച്ചു:
എന്റെ പ്രിയപ്പെട്ടവരെ വന്നു മുടുക
എന്റെ വസ്ത്രം അവന്റെ
രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു.
മഴയാവാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ
ഈര്‍പ്പം നിറഞ്ഞ മരങ്ങളാവുക, കല്ലാവുക,
കല്ലാകാനായില്ലെങ്കില്‍, പ്രിയപ്പെട്ടവനേ,
ഒരു ചന്ദ്രനാവുക, പ്രിയപ്പെട്ടവളുടെ
സ്വപ്നത്തിലെ
ഒരു ചന്ദ്രനാവുക, ഇങ്ങനെ പറഞ്ഞു
ഒരു സ്ത്രീ, തന്റെ മകനോട്,
അവന്റെ ശവമടക്കുമ്പോള്‍.''

പ്രിന്‍സ് ക്ളോസ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മഹമൂദ് ദാര്‍വീഷ് നടത്തിയ പ്രഭാഷണത്തില്‍നിന്നൊരു ഭാഗമുദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ: "ഒരാള്‍ക്ക് ഒരിടത്തേ പിറക്കാനാവൂ, എന്നാല്‍ അയാള്‍ക്ക് മറ്റെവിടെയെങ്കിലും പലകുറി മരിക്കാനാകും, നാടുകടത്തപ്പെട്ട്, ജയിലുകളില്‍, അക്രമവും അടിച്ചമര്‍ത്തലുംകൊണ്ട് ദുഃസ്വപ്നമായി മാറിയ ജന്മനാട്ടില്‍പോലും. ഒരു പക്ഷേ കവിത മനോഹരമായൊരു മിഥ്യയെ ലാളിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന എന്തോ ആണ്: നമുക്കകത്തുനിന്നുതന്നെ വീണ്ടും വീണ്ടും പിറവിയെടുക്കാന്‍, കൂടുതല്‍ നല്ലൊരു അയഥാര്‍ഥ ലോകം നിര്‍മിക്കാനായി വാക്കുകളുപയോഗിക്കാന്‍, ജീവിതവുമായി സ്ഥിരവും സമഗ്രവുമായ സമാധാനത്തിന്നായി ഒരു കരാറൊപ്പുവെയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ഒന്ന്.''

*
സച്ചിദാനന്ദന്‍ , കടപ്പാട്: ദേശാഭിമാനി

സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ദാര്‍വിഷ് കവിതകള്‍ ഇവിടെ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"അവര്‍ അവന്റെ വായില്‍
ചങ്ങലകൊണ്ടു തൊങ്ങല്‍വെച്ചു.
കൈകള്‍ മരിച്ചവരുടെ പാറമേല്‍ കൂട്ടിക്കെട്ടി
എന്നിട്ടവര്‍ പറഞ്ഞു: നീ കൊലയാളിയാണ്.

അവരവന്റെ തീറ്റിയും ഉടുപ്പും കൊടിയും തട്ടിപ്പറിച്ചു,
അവനെ മരിച്ചവരുടെ കിണറ്റിലെറിഞ്ഞു
എന്നിട്ടവര്‍ പറഞ്ഞു: നീ കള്ളനാണ്

അവരവനെ എല്ലാ തുറമുഖങ്ങളില്‍നിന്നും പുറത്താക്കി,
അവന്റെ യുവപ്രണയിനിയെ തട്ടിക്കൊണ്ടുപോയി
എന്നിട്ടവര്‍ പറഞ്ഞു: നീ അഭയാര്‍ഥിയാണ്.''

2003 ല്‍ ഫ്രാന്‍സിലെ 'ലാ റോഷേല്‍' പട്ടണത്തില്‍വെച്ചു പലസ്തീന്‍ കവി മഹമൂദ് ദാര്‍വീഷിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാനോര്‍ത്തത് ഈ കാവ്യശകലമായിരുന്നു..

സച്ചിദാനന്ദന്‍ എഴുതിയ ദാര്‍വിഷ് അനുസ്മരണം.