സ്റ്റേഷനതിര്‍ത്തിയില്‍ കൊള്ള, കൊല, പിടിച്ചുപറി, മോഷണം എന്നിവ പൂര്‍വാധികം ഭംഗിയായി കൊണ്ടാടി വരവേയാണ് മേലാവില്‍നിന്ന് ഉത്തരവ് എത്തിയത്.
'ഒരെണ്ണത്തിനെയെങ്കിലും തപ്പിയില്ലെങ്കില്‍ തലയില്‍ തൊപ്പിയുണ്ടാവില്ല.'
അതോടെ എസ് ഐ കാച്ചാംകുറിച്ചി ഭരത്കുമാറും ഏഡ് അടുത്തൂണ്‍ പിള്ളയും രാത്രികള്‍ നിദ്രാവിഹീനങ്ങളാക്കി.
നൈറ്റ് പെട്രോളിംഗ്.
മനസ്സില്‍ കൊടുങ്ങല്ലൂരമ്മക്ക് ഭരണി പാടി ഇരുവരും ജീപ്പില്‍ കയറി. കണ്ണ് കത്തിയാക്കി ഇരുട്ടിനെ കീറിമുറിച്ചു.
ഒരെണ്ണത്തിനെയും കിട്ടുന്നില്ല.
പൊടിയന്മാര്‍ പോയിട്ട് പൊടി പോലുമില്ല.
മോഷ്ടാക്കള്‍ പണിമുടക്കില്‍.
സമരം ഗംഭീരവിജയം.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില പകല്‍പോലെ തന്നെ രാത്രിയിലും. വാഹന മോഷ്ടാക്കളും സമരത്തില്‍ പങ്കെടുത്തതിനാല്‍ തെരുവുകള്‍ ശൂന്യം. വല്ലപ്പോഴും വന്ന ഇരുകാലികളല്ലാതെ നാല്‍ക്കാലികള്‍ ആ വഴി വന്നില്ല. ചന്തകളില്‍ വെറും കാലികള്‍ മാത്രം. അവര്‍ 'ധീര സമീരെ യമുനാ തീരെ ' എന്നു പാടിനടന്നു. വഴി തെറ്റി വന്ന വിദേശ സഞ്ചാരികള്‍ ഫോട്ടോഗ്രാഫര്‍മാരെ കാത്ത് കുത്തിയിരുന്നു.
കാച്ചാംകുറിച്ചിയും അടുത്തൂണ്‍ പിള്ളയും പരസ്പരം നോക്കി. ഇനിയെവിടെ തപ്പും നമ്മള്‍ ഇണക്കുയിലേ..എന്ന് തൊണ്ടയിടറിപ്പാടി.
ഗതികെട്ട ഈ രണ്ടു പുലികളും അവസാനം ഒരു കുടം അന്വേഷിച്ചിറങ്ങി.
എല്ലാ പാത്രക്കടകളും പൂട്ടിയിരിക്കുന്നു.
കുന്തം തപ്പാന്‍ ഇനിയെന്തു ചെയ്യും?
പെട്ടെന്നു അടുത്തൂണ്‍ പിള്ളയ്ക്ക് ഒരാശയം ഉദിച്ചു.
'പലവിധ കാര്യങ്ങളില്‍ ഒന്നുപോലെ പ്രസിദ്ധമായ ഒരു പെട്ടിക്കടയുണ്ട് സാര്‍. നമുക്കൊന്ന് അവിടെ തപ്പിയാലൊ?'
വിരഹാര്‍ത്തനായ ജീപ്പ് പരക്കം പാഞ്ഞു.
തേടിയ കള്ളന്‍ കാലില്‍ ചുറ്റിയേക്കും.
ദൈവം കാത്തു.
അവിടെ ഒരുത്തന്‍ പരുങ്ങുന്നു. കണ്ടാല്‍ തന്നെ കള്ളന്‍. നെറ്റിയില്‍ എഴുതിയിട്ടുമുണ്ട്.
ആദ്യ പരുങ്ങലില്‍ വിശ്വാസമില്ലാതെ അവന്‍ ഒന്നുകൂടി പരുങ്ങി.
കാച്ചാംകുറിച്ചി അവനെ തൂക്കിയെടുത്തു. ഒരു നാല്‍പ്പത്തിരണ്ടരക്കിലോ കാണും.
ചരക്കിനെ സ്റ്റേഷനില്‍ കൊണ്ടു പോയി ഇറക്കി.
കാച്ചാംകുറിച്ചി ചോദിച്ചു.
'ആരെടാ നീ ?'
മൌനം പ്രതിക്ക് ഭൂഷണം.
മൌന സന്ദേശം കാച്ചാംകുറിച്ചിക്ക് സഹിച്ചില്ല. കലി ബാധിച്ചു. അതോടെ കാച്ചാംകുറിച്ചി ഉണ്ണായിവാര്യരായി.
'സാരമേയ സന്തതീ..തവ നാമം ചൊല്‍ക സാമ്പ്രതം..' എന്ന് മൂന്നിലൊന്നായി സംഗ്രഹിച്ചു പറഞ്ഞു.
പ്രതി മൌനം പിന്‍വലിച്ചു.
നിശയുടെ നിശ്ശബ്ദതയില്‍ ആ വാക്കുകള്‍ അടര്‍ന്നു വീണു.
'ഞാന്‍ കവി..മഹാകവി..'
വേലിയേല്‍ കിടന്നതിനെ...എന്ന ചൊല്ലിലെ സന്ദേഹം അടുത്തൂണ്‍ പിള്ളയുമായി പങ്കുവെച്ച് കാച്ചാംകുറിച്ചി രണ്ടുമിനിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഈ ഇനവും രാത്രി ഇറങ്ങി നടക്കുമോ എന്നും ചിന്തിക്കാതിരുന്നില്ല.
'ഡാ...'അതൊരു ശബ്ദമായിരുന്നില്ല, കാച്ചാംകുറിച്ചിയുടെ പ്രഖ്യാപനമായിരുന്നു.
'കവ്യാ..സത്യം പറയെടാ..അടിച്ചു നിന്റെ .....' പിന്നെപ്പറഞ്ഞ വാക്കുകള്‍ക്കൊന്നും അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. അച്ചടിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
കവി പറഞ്ഞു.
'ഞാന്‍ കവി..സത്യം പറയുന്നവന്‍...പ്രവാചകന്‍..
എന്റെ സത്യം
ഉടഞ്ഞു പോയ
മുട്ടത്തോടല്ല.
ഉദിക്കാത്ത സൂര്യനാണ്
എന്റെ ദൈവം
കൃഷ്ണശിലയല്ല,
കത്തുന്ന കാളിയനാണ്.'
അടുത്തൂണ്‍ പിള്ളക്ക് സംശയം.
'സാറേ ഇത് എങ്ങനാ എഴുതേണ്ടത്?'
കാച്ചാംകുറിച്ചി പറഞ്ഞു.
'പഠിച്ച കള്ളന്‍.
'എവ്ടത്തുകാരനാണെടാ നീ?'
'കാലപ്രവാഹത്തില്‍ ഒരു പാദരേണു'
അങ്ങനെ ഒരു സ്ഥലമുണ്ടോയെന്ന് അടുത്തൂണ്‍ പിള്ളയോട് കാച്ചാംകുറിച്ചി രഹസ്യമായി അന്വേഷിച്ചു.
അടുത്തൂണ്‍ പിള്ള ഉറപ്പിച്ചു പറഞ്ഞു.
'ഇല്ല സാറേ. അങ്ങനെ ഒരു സ്ഥലമില്ല..ഞാന്‍ ജോലി ചെയ്യാത്ത ഒരു സ്ഥലോം കേരളത്തിലില്ലെന്ന് സാറിനറിയാമല്ലോ..!'
'എടാ വീടെവിടെയാണെന്ന്...?'
കവി അതിനുത്തരമായി 'തടവ്' എന്ന കവിത ചൊല്ലി.
'പത്തു മാസം ഗര്‍ഭപാത്രത്തില്‍
തടവിലായിരുന്നു
പിന്നെ പരോള്‍ കിട്ടി.
വീണു കിടന്നിടം വീടായി
വീട്ടാത്തൊരു കടമായി
മായാത്തൊരു പാടായി.'
കാച്ചാംകുറിച്ചിയുടെ സമസ്ത ശൌര്യവും കൊഴിഞ്ഞു. ആഴ്ചപ്പതിപ്പിന്റെ ശപിക്കപ്പെട്ട വായനക്കാരനെപ്പോലെ ചോദിച്ചു.
'അഛന്റെ പേരെന്താണ്?'
'അസ്ഥിത്തറയില്‍
വിളക്കു വെച്ചു പോരുമ്പോള്‍
പുറകില്‍ ഒരു ശബ്ദം കേട്ടു
ഒരു മരക്കൊമ്പ് ഒടിയുന്നു
ഞാന്‍ തിരിഞ്ഞു നോക്കി
അമ്മ പറഞ്ഞു,
അതാണ് അഛന്‍!'
അടുത്തൂണ്‍ പിള്ള എഴുതി.
'അസ്ഥിത്തറയില്‍ വിളക്കുവെച്ച വീട്ടില്‍ മരക്കൊമ്പിന്റെ മകന്‍...'
'അമ്മ?'
'മൂടാത്തൊരു ശവക്കുഴി.
പരാജയപ്പെട്ട ആത്മഹത്യ.
വറ്റിയ എണ്ണ.
കളയാന്‍ മറന്ന എച്ചില്‍.'
ഇത് എങ്ങനെ എഴുതണമെന്ന് അടുത്തൂണ്‍ പിള്ളക്ക് മനസ്സിലായില്ല.
വായനക്കാരുടെ കത്തുകളിലേക്ക് കാച്ചാംകുറിച്ചി പിന്നെയും എഴുതി.
'രാത്രിയില്‍ എന്തിനായിരുന്നു അവിടെ പതുങ്ങിയത്?'
'രാത്രി....
പ്രണയത്തിന്റെ തണുത്ത വിരലുകളാണ്.
കാത്തിരിപ്പിന്റെ ചോറുരുളയാണ്.
മറച്ചു വെച്ച ചിരിയാണ്.
സ്വപ്നങ്ങളുടെ രഥോല്‍സവമാണ്.
പുനര്‍ജനിക്കുന്ന മരണമാണ്.
എന്നെ ഞാന്‍ ചുംബിക്കുന്ന മധുവിധുവാണ്.....'
കാച്ചാംകുറിച്ചിക്ക് തലകറങ്ങി.
രംഗം അടുത്തൂണ്‍ പിള്ള ഏറ്റെടുത്തു.
ഒരു കള്ളനും ആദ്യം അത് സമ്മതിക്കില്ല. അതിന് ചില രീതികളുണ്ട്.
അടുത്തുണ്‍ പിള്ള ചോദിച്ചു.
'താന്‍ കവിയാണെന്നതിനെന്താ തെളിവ്?'
'പിതൃത്വം തേടുന്ന ജാര സന്തതികളല്ല എന്റെ സൃഷ്ടികള്‍...
അതെന്റെ നോവുകളാണ്..
എന്റെ മുറിഞ്ഞു വീണ ഞരമ്പുകളാണ്...
തെരുവില്‍ പിടയുന്ന എന്റെ നാവാണ്...'
'റോഡൊക്കെ തന്റെ സാധനങ്ങള്‍ കൊണ്ടു വന്ന് ചൊരിയാനുള്ളതല്ല. വെറുതെ കോര്‍പ്പറേഷന് പണിയുണ്ടാക്കണ്ട. ഓരോ അവമ്മാര് കേറി വന്ന് കവിയാണ്,മഹാകവിയാണ്, മുക്കാക്കവിയാണെന്നൊക്കെപ്പറഞ്ഞാ ഞങ്ങളെന്തു ചെയ്യും?. തെളിവൊണ്ടോടോ..? താന്‍ കവിയാണെങ്കി ഞാമ്പറയാം വിഷയം, താനെഴുത്..'
'കവിത തട്ടു ദോശയല്ല.'
അടുത്തൂണ്‍ പിള്ള ഒന്നെഴുന്നേറ്റു. മൂന്നാമത്തെ വാരിയെല്ലിന്റെ താഴെ ഒരു നിരൂപണമെഴുതി. കവി വഴങ്ങി,കവിതയും.
അടുത്തൂണ്‍ പിള്ള വിഷയം പറഞ്ഞു.
'പിടിച്ചുപറി.'
കവി നാല്‍പ്പതു ഡിഗ്രി തല ചരിച്ചു.
കവിത വന്നു.
'നിളയുടെ നെഞ്ചില്‍
നീളത്തിലുള്ള മുറിവുകള്‍
മലമുകളില്‍ കാറ്റിന്റെ ജഡം
ആകാശത്ത് അലസിപ്പോയ ഗര്‍ഭം
ഞാന്‍ നട്ടുനനച്ച പിച്ചകം
വേലിക്കപ്പുറത്തേക്കു നോക്കി
അഛാ എന്നു വിളിച്ചു
ഞാന്‍ നിര്‍ത്താതെ പോയ അവസാന വണ്ടി.'
പയ്യന്‍ കൊള്ളാം.
അടുത്തൂണ്‍ പിള്ള അടുത്ത വിഷയത്തിലേക്കു കടന്നു.
'മൂട്ട.'
കവിയുടെ പ്രിയപ്പെട്ട വിഷയമായിരുന്നു അത്.
'അന്ന് രാത്രി പുതപ്പിനടിയില്‍
ഞാന്‍ എന്റെ ജഡം ഒളിപ്പിച്ചു വെച്ചു.
രാവിലെ,
ജഡം നിറയെ തടിച്ച പാടുകള്‍.
എന്റെ വിരല്‍ത്തുമ്പില്‍ ചോര...'
അടുത്തൂണ്‍ പിള്ള കാച്ചാംകുറിച്ചിയോട് പറഞ്ഞു.
'സാറേ..ഇവന്‍ കവി തന്നെ..നമുക്ക് പോലുമില്ലാത്ത പദസമ്പത്തല്ലെ സാറേ..സരസ്വതീ ദേവി ഇവനു കൊടുത്തത്.'
'താന്‍ ഒന്നു കൂടി പരീക്ഷിക്ക്'
അടുത്തൂണ്‍ പിള്ള അവസാന വിഷയം കൊടുത്തു.
'വയറെളക്കം'
വിഷയം പറഞ്ഞു തീരും മുമ്പെ കവിത വന്നു.
'തിരുവയറൊഴിഞ്ഞു
ഒരു നക്ഷത്രം തിരുനാള്‍ കൂടി പിറന്നു.
പട്ടും വളയും കിട്ടിയ
ചാപിള്ളമാര്‍ മല്‍സരിച്ചെഴുതി
രാരിരം രാരിരം രാരോ..
രാരി രാരിരം രാരിരം രാരോ'
അടുത്തൂണ്‍ പിള്ള ഉറപ്പിച്ചു.
'സാറെ..ഇവന്‍ നിസ്സാരക്കാരനല്ല..കൂടീതാ..എട്ടടി വീരനാ..എട്ടു വരി മതി..അതിനു മുമ്പ് ചത്തു വീഴും..'
' ഇനി എന്ത് ചെയ്യും?'
കാവ്യകൈരളിക്ക് ലോക്കപ്പ് മര്‍ദനം എന്ന ഒരു തലക്കെട്ട് പൊലീസ് ഡിപ്പാര്‍ട്മെന്റിനു വേണ്ട.
കാച്ചാംകുറിച്ചിയും അടുത്തൂണ്‍ പിള്ളയും ചേര്‍ന്ന് കവിയെ ആദരപൂര്‍വം എടുത്തുകൊണ്ടു പോയി വൈദികവിധിപ്രകാരം പൂര്‍വസ്ഥാനത്തു പ്രതിഷ്ഠിച്ചു.
കവിത പിന്നേം കൂമ്പടയാതെ രക്ഷപ്പെട്ടു.
****
എം എം പൌലോസ്
Subscribe to:
Post Comments (Atom)
10 comments:
അടുത്തൂണ്‍ പിള്ള അവസാന വിഷയം കൊടുത്തു.
'വയറെളക്കം'
വിഷയം പറഞ്ഞു തീരും മുമ്പെ കവിത വന്നു.
'തിരുവയറൊഴിഞ്ഞു
ഒരു നക്ഷത്രം തിരുനാള്‍ കൂടി പിറന്നു.
പട്ടും വളയും കിട്ടിയ
ചാപിള്ളമാര്‍ മല്‍സരിച്ചെഴുതി
രാരിരം രാരിരം രാരോ..
രാരി രാരിരം രാരിരം രാരോ'
അടുത്തൂണ്‍ പിള്ള ഉറപ്പിച്ചു.
'സാറെ..ഇവന്‍ നിസ്സാരക്കാരനല്ല..കൂടീതാ..എട്ടടി വീരനാ..എട്ടു വരി മതി..അതിനു മുമ്പ് ചത്തു വീഴും..'
' ഇനി എന്ത് ചെയ്യും?'
കാവ്യകൈരളിക്ക് ലോക്കപ്പ് മര്‍ദനം എന്ന ഒരു തലക്കെട്ട് പൊലീസ് ഡിപ്പാര്‍ട്മെന്റിനു വേണ്ട.
കാച്ചാംകുറിച്ചിയും അടുത്തൂണ്‍ പിള്ളയും ചേര്‍ന്ന് കവിയെ ആദരപൂര്‍വം എടുത്തുകൊണ്ടു പോയി വൈദികവിധിപ്രകാരം പൂര്‍വസ്ഥാനത്തു പ്രതിഷ്ഠിച്ചു.
കവിത പിന്നേം കൂമ്പടയാതെ രക്ഷപ്പെട്ടു.
ഗംഭീരം!
അടിവയറ്റിനിട്ട് ഇടികൊള്ളാതെ ഒരു കവിതയുടെ മഹാഗര്‍ഭത്തെ കാത്തു സൂക്ഷിക്കാന്‍ ചിലവഴിക്കപ്പെട്ട ‘ചെറു‘കവിത്വങ്ങള്‍ക്ക് ഒരൊറ്റ സലാം....
കിടിലമായിട്ടുണ്ട് :)
"അടുത്തൂണ്‍ പിള്ള ഒന്നെഴുന്നേറ്റു. മൂന്നാമത്തെ വാരിയെല്ലിന്റെ താഴെ ഒരു നിരൂപണമെഴുതി. കവി വഴങ്ങി,കവിതയും"
ഹ ഹ ഹ... നന്നായി ചിരിപ്പിച്ചു :)
അസ്സലായി!
superb!!!!
കലക്കീട്ടുണ്ട് ശുദ്ധനര്‍മ്മം.
ഇതിനു ഫുള്‍മാര്‍ക്ക്..
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
Post a Comment