കുണ്ടറ മലയാളത്തിലെ പഴയൊരു വാക്കാണ്, കൊല്ലം ജില്ലയിലെ ഒരു പ്രദേശവുമാണ്. വീടിനടിയില്‍ അറ പണിയുന്നത് ഇന്ന് ഫാഷനല്ലാത്തതിനാല്‍ പ്രചാരലോപം വന്നൊരു വാക്കാണ് കുണ്ടറ. എന്നാല്‍ ദേശമെന്ന നിലയ്ക്ക് എന്തറിയും എന്ന് ചോദിച്ചാല്‍ ചെറുപ്പക്കാര്‍ കൂടുതലും കുണ്ടറ സിറാമിക്സിനെ ഓര്‍മിക്കും. മണ്‍പാത്ര നിര്‍മാണത്തിനു പേരുകേട്ട സ്ഥലം. ചുരുക്കം ചില ചരിത്രതല്‍പ്പരരും പുസ്തകപ്രിയരും ആയിരിക്കും ഇന്ത്യയില്‍ വൈദേശികാധിപത്യത്തിനെതിരെ അങ്ങിങ്ങ് ഉയര്‍ന്നുവന്ന ശബ്ദങ്ങളില്‍വച്ച് ഏറെക്കുറെ ആദ്യത്തേതും സ്വാതന്ത്ര്യബോധത്തിന്റെ നേരിയ പ്രകാശം കലര്‍ന്നതുമായ ഒരു പ്രഖ്യാപനം കുണ്ടറയില്‍വച്ച് രണ്ട് നൂറ്റാണ്ടിന് മുമ്പ് നടന്നിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നത്.
അവിടത്തെ കളിമണ്ണില്‍ ദേശവാസികളായ കുറെപ്പേരുടെ ചോര ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. രണ്ട് നൂറ്റാണ്ടെന്നു പറയുമ്പോള്‍, സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ അംഗീകൃതമായ പഴയ അതിരിനപ്പുറം നാം എത്തുന്നു. പൊതുവെ ഇന്ത്യക്കാര്‍ തങ്ങളുടെ ഒന്നാമത്തെ ദേശീയസ്വാതന്ത്ര്യസമരമായി എണ്ണുന്നത് 1857 ലെ സ്വാതന്ത്ര്യ സമരമാണ്-ശിപായിലഹള എന്ന പേരില്‍ വിലകുറയ്ക്കപ്പെട്ട സംഭവം. വേലുത്തമ്പി ജനിക്കുന്നത് ഇതിനും ഒരു നൂറ്റാണ്ട് മുമ്പും കുണ്ടറവിളംബരം അതിന് അരനൂറ്റാണ്ടു മുമ്പുമാണ്. കുണ്ടറ വിളംബരത്തിന്റെ ഈ ചരിത്രപശ്ചാത്തലത്തിന്റെ അറിവ് വഴികാട്ടിയില്ലെങ്കില്‍ ചില ചരിത്രലേഖകന്മാര്‍ ചിത്രീകരിച്ചതുപോലെ, വേലുത്തമ്പി മഹാക്രൂരനും ഹൈന്ദവ വര്‍ഗീയത നിറഞ്ഞ വ്യക്തിയും തന്റെ അധികാരവിജൃംഭണത്തിന് എതിരുനിന്നതുകൊണ്ടുമാത്രം ബ്രിട്ടീഷുകാരോട് വിരോധംതോന്നിയ ആളുമാണ് എന്ന് പറയാന്‍ എളുപ്പമുണ്ട്.
ജീര്‍ണമായ ഒരു മതസമൂഹവ്യവസ്ഥയില്‍ വളര്‍ന്ന്, ഇന്ന് നമ്മുടെ നാവിന്‍തുമ്പത്ത് ചാടിക്കളിക്കുന്ന മാനുഷികതത്വങ്ങളെ ആ രീതിയില്‍ പഠിച്ചറിഞ്ഞിട്ടില്ലാത്ത ഒരു രാജ്യനായകന്റെ സ്വാതന്ത്ര്യബോധം ആധുനികദശയില്‍ സര്‍വസാധാരണമായ ദേശീയത, മതനിരപേക്ഷത, അവസരസമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവയുടെ ഭാഷയില്‍ ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. അതും ചരിത്രനിഷേധത്തിലെത്തുന്ന നേരമ്പോക്കാകും. കുണ്ടറവിളംബരം ദേശസ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്യാന്‍ നാട്ടുകാരോടുള്ള ഒരാഹ്വാനം മാത്രമല്ല, ഈസ്റ്റിന്ത്യാ കമ്പനിക്കാരെ നേരിടുന്നതില്‍ തനിക്ക് ആരംഭത്തില്‍ പിണഞ്ഞുപോയ ചില തെറ്റുകളുടെയും കാഴ്ചക്കേടുകളുടെയും തുറന്ന ഒരു കുറ്റസമ്മതവുമാണ്. ഇന്നും അതിലെ വരികള്‍ നമ്മെ സഹതാപമുള്ളവരാക്കുന്നത് ഈ സത്യസന്ധതമൂലമാണ്.
ടിപ്പുസുല്‍ത്താനും ഈസ്റ്റിന്ത്യാകമ്പനിക്കും ഇടയില്‍ കുടുങ്ങിയ തമ്പി ആദ്യഘട്ടത്തില്‍ സുല്‍ത്താനെതിരെ കമ്പനിയെ കൂട്ടുപിടിച്ചത് തെറ്റിപ്പോയി എന്ന് വിളംബരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആര്‍ക്കാഡ് നവാബ് ഒരു തരത്തിലും വേണാടിനെ അലോസരപ്പെടുത്തിയിരുന്നില്ല. ബ്രിട്ടീഷുകാരില്‍ ജനങ്ങള്‍ക്ക് നേരും വിശ്വാസവും ഉണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ച് അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കി. ആ തെറ്റ് പിന്നീട് അദ്ദേഹം തിരുത്തി. ബ്രിട്ടീഷുകാരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പിന്നീട് അദ്ദേഹം സ്വീകരിച്ചത്. ബ്രിട്ടീഷുകാരോടുള്ള ആത്യന്തികമായ വിരോധം പ്രകടിപ്പിക്കുന്ന വിളംബരത്തിലെ ഒരു വാചകം ഇവിടെ ഉദ്ധരിക്കാം. 'സര്‍വപ്രപഞ്ചത്തിന് ദ്രോഹവും വിശ്വാസപാതകവും നിറഞ്ഞിരിക്കപ്പെട്ട ജാതി ഇവര്‍ക്ക് സമാനം ഇതിനുമുമ്പില്‍ ഒണ്ടായിട്ടില്ലെന്നും ഇനി ഒണ്ടാകയില്ലെന്നും പ്രസിദ്ധമായി അറിയുകയുംചെയ്തു'.
എഴുതിവന്നപ്പോള്‍ നമ്മുടെ ഭാഷ വിഷയത്തിന്റെ ഗാംഭീര്യവും പ്രഭയും പ്രസരിപ്പിക്കുന്നു. അന്നത്തെ മലയാള ഗദ്യത്തിന്റെ ഏറ്റവും ഭാസുരസുന്ദരമായ ശൈലി. നവാബിനെ നശിപ്പിച്ചശേഷം സംഭവിച്ചത് പറയുകയാണ് 'അടുത്ത രാജ്യങ്ങളില്‍ സുഖവാഴ്വ് ആയിട്ട് എരിഞ്ഞുവന്ന ദീപങ്ങളേയും അണച്ച് വാഴുമനകളെ പാഴുമനകളുമാക്കി'. ജനങ്ങളോട് നെഞ്ചുകീറി സംസാരിക്കുന്നതിന് ഈ ജനനായകന് അവരുടെ നേരായ ശൈലി നല്ല വശമായിരുന്നു.
ബ്രിട്ടീഷുകാര്‍ക്ക് ആദ്യകാലത്ത് പാര്‍പ്പിടം, പട്ടാളം എന്നീ വക കാര്യങ്ങളില്‍ കവിഞ്ഞ സൌകര്യം ചെയ്തുകൊടുത്തതും അവരുടെ കവിഞ്ഞ അവകാശവാദങ്ങള്‍ സമ്മതിച്ചുകൊടുക്കേണ്ടിവന്നതും 'പാമ്പിന് പാലുകൊടുത്തതുപോലെ' ആണെന്ന സത്യം മലര്‍ക്കെ പറയാന്‍ മടികാട്ടാത്ത ആ നായകന്‍, ഒടുവില്‍ സംഭവഗതിയൊക്കെ അട്ടിമറിക്കുന്നതിനെപ്പറ്റി ഇങ്ങനെയും തുറന്നെഴുതിക്കാണുന്നു. 'ദുഷ്കാലഗതിയുടെ ശക്തി എന്നും നിശ്ചയിച്ചു'. 'ഭൂമിവരെ താണുതൊഴുതി'ട്ടും ബ്രിട്ടീഷുകാര്‍ ആചാരപരവും മറ്റുമായ വിഷയങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഇത് മൂത്തുമൂത്ത് തമ്പിയും കുടുംബവും നാടുവിട്ട് പോകണമെന്ന് ആജ്ഞാപിച്ചതുവരെയെത്തി. ഇതിന് വഴങ്ങാത്തതുകൊണ്ട് യുദ്ധം തുടങ്ങി.
വിളംബരത്തിന്റെ അന്തിമഖണ്ഡത്തില്‍ നാടിന്റെ സ്വയംഭരണാവകാശം നഷ്ടപ്പെടുന്നതിനെപ്പറ്റിയുള്ള ശക്തമായ എതിര്‍പ്പ് കാണാം. സ്വയംഭരണം എന്നും സ്വാതന്ത്ര്യമെന്നും മറ്റുമുള്ള ആധുനിക പ്രയോഗങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയാല്‍ അതൊന്നും അതില്‍ കണ്ടെന്നുവരില്ല. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ അവരുടെ അധിനിവാസാരംഭ ദശയില്‍ പ്രകടിപ്പിച്ച ഖണ്ഡനയുടെയും ധിക്കാരത്തിന്റെയും സ്വഭാവം തമ്പി നന്നായി മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെ നാട്ടുകാരെ അറിയിച്ചു. 'ചതിവ് മാര്‍ഗത്തില്‍ രാജ്യം അവരുടെ കൈവശത്തില്‍ ആക്കുന്നത് അവരുടെ വംശപാരമ്പര്യമാണ്. അങ്ങനെയായാല്‍ കൊട്ടാരത്തിലുംമറ്റും അവരുടെ പാറാവും വരുതിയും' നടക്കും. ഭരണസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് ചുരുക്കം. സ്ഥാനമാനങ്ങള്‍ ചുരുങ്ങുകയും 'ആരാധനാചാരങ്ങളുടെ ചട്ടവട്ടങ്ങളും നാട്ടുകൂട്ടവും' നിര്‍ത്തി മറ്റെല്ലാം കുത്തകയാക്കുന്ന ഒരു ഭരണം വന്നുചേരുകയുംചെയ്തു. 'രാജധര്‍മത്തെ നടത്തി നാട്ടിലുള്ള മര്യാദയ്ക്ക് അഴിവുവരാതെയിരിക്കേണ്ടതിനു മനുഷ്യയത്നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെയിരിപ്പാന്‍ അവര്‍ തുടങ്ങിയിരിക്കുന്നതിന് പ്രതിക്രിയ ആയിട്ടും ചിലത് ചെയ്യേണ്ടിവന്നു' എന്ന പ്രസ്താവനയോടെ വിളംബരത്തിന് വിരാമമിടുന്നു.
ഒപ്പ്: ദളവതമ്പി ചെമ്പകരാമന്‍ വേലായുധന്‍.
രണ്ട് എതിര്‍പ്പാണ് തമ്പിക്കെതിരെ ചില ചരിത്രകാരന്മാര്‍ കൊണ്ടുവന്നത്. ഒന്നാമത് തമ്പി സ്വേച്ഛാധിപതിയും നീതിനിര്‍വഹണത്തില്‍ കര്‍ക്കശനും പെരുമാറ്റത്തില്‍ ഉഗ്രനും ദയാദാക്ഷിണ്യാദിഗുണങ്ങള്‍ ഇല്ലാത്ത വ്യക്തിയുമാണെന്നും ഒരു പ്രവാദം പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര്‍ ചരിത്രവും നാഗമയ്യയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലും പ്രചരിപ്പിച്ചിരുന്നു. എന്നിട്ടും ശങ്കുണ്ണിമേനോന് തമ്പിയുടെ മറുവശവും ചൂണ്ടിക്കാട്ടേണ്ടിവന്നു. "അസാധാരണമായ കഴിവുകളും വാസനകളും മാത്രമല്ല, തീവ്രമായ വികാരങ്ങളും സദാ ജാഗ്രത്തായ ബോധവുമുള്ള അദ്ദേഹം അത്ഭുതകരമായ ധീരതയുടെ ഉറവിടമായിരുന്നു. അദ്ദേഹം നീതിമാനും മര്യാദക്കാരനും നല്ലവനുമായിരുന്നു. പൊതുജന താല്‍പ്പര്യവും ക്ഷേമവുമായിരുന്നു അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്ന ലക്ഷ്യം''. തമ്പിയുടെ സ്വഭാവശുദ്ധിയെയും സദാചാരബോധത്തെയും ചരിത്രകാരന്മാര്‍ തുറന്ന് പ്രശംസിച്ചു. ഇങ്ങനെയൊരു വാക്യവും 'അക്കാര്യത്തില്‍ അദ്ദേഹത്തോട് സമനായി തിരുവിതാംകൂറില്‍ അന്ന് ആരും ഉണ്ടായിരുന്നില്ല' പോരെ? രാജാ കേശവദാസിനുശേഷം വന്ന ജയന്ദന്‍ നമ്പൂതിരിയുടെയും കൂട്ടുകാരായ മാത്തുതരകന്‍ മുതലായവരുടെയും അഴിമതി നിറഞ്ഞ ഭരണംമൂലം കുഴപ്പംനിറഞ്ഞ ഒരു ദശാസന്ധിയില്‍ ഇങ്ങനെ ഒരാളല്ലാതെ മറ്റാരു വന്നാലും ഭരണത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുമായിരുന്നില്ല. മാത്തുതരകന്റെ ചെവി മുറിച്ചത് ക്രൂരതയുടെ പാരമ്യംതന്നെയായിരുന്നു. അന്നത്തെ നീതി അതായിരുന്നു. ഇന്നത്തെ നീതി അന്ന് നടപ്പാക്കണമെന്ന് ഇന്നുള്ളവര്‍ ശഠിക്കുന്നതും നീതികേടാവും. (ചെവി പോയയാള്‍ ചെവി മുറിച്ചയാളേക്കാള്‍ ജീവിച്ചു എന്നൊരു തമാശയുമുണ്ട്).
ക്രൈസ്തവ വിരോധിയായും ദളവയെ ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ 200 കൊല്ലം മുമ്പ് ഒരു ഭരണാധിപന്‍ ജനസംഖ്യയിലും കര്‍മത്തിലും മുന്നിട്ടുനില്‍ക്കുന്ന ഹൈന്ദവസമൂഹത്തിന്റെ നീതിസംഹിതയും ആചാരമര്യാദകളും പരിരക്ഷിച്ചത് സ്വാഭാവികംമാത്രമാണ്. ഇന്ന് നമ്മുടെ മനസ്സില്‍ തോന്നുന്നത് അന്ന് ഒരു ഭരണകര്‍ത്താവിന് അതേപടി തോന്നുകയില്ല. പണക്കാരോടും സായിപ്പിനോടും എതിര്‍ത്തുനിന്നതുകൊണ്ടുണ്ടായ ക്രൈസ്തവ പ്രതിരോധത്തെ വിലയിരുത്തുന്നതില്‍ ഈ ലേഖകനുപോലും മുമ്പ് തെറ്റിപ്പോയിരുന്നു. ചില ചരിത്രകാരന്മാര്‍ ഈ വശത്തെ ഏറെ വിടര്‍ത്തിക്കാട്ടി.
കുണ്ടറവിളംബരം തുടങ്ങുന്നത് വിളംബരം എന്തിനുവേണ്ടിയാണെന്ന വിശദീകരണത്തോടെയാണ്. കമ്പനിക്കെതിരായി തുടങ്ങേണ്ടിവന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച് നാട്ടുകാരുടെ ബോധനത്തിനുവേണ്ടി ചെയ്യുന്നതാണ് വിളംബരം. വേലുത്തമ്പിയുടെ നാട്ടുകാര്‍ ആരാണ്? 'ഈ രാജ്യത്തുള്ള മഹത്തുക്കള്‍, മഹാബ്രാഹ്മണര്‍, ഉദ്യോഗസ്ഥര്‍, ശൂദ്രര്‍ മുതല്‍ കീഴ്‌പരിഷ വരെയുമുള്ള പല ജാതി കുടിയാനവന്മാരും' ഉള്‍പ്പെടുന്നതാണ് തമ്പിയുടെ നാട്ടുകാര്‍. തന്റെ രാജ്യത്തെ സമസ്ത ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു വിവരണമാണിത്. മഹത്തുക്കള്‍ എന്നാണ് ആദ്യ പരാമര്‍ശം. രണ്ടാമത് മഹാബ്രാഹ്മണര്‍ എന്ന് പറയുന്നതുകൊണ്ട് ഹിന്ദുമഹത്തുക്കളെയല്ല അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് തിരിച്ചറിയാം. തന്റെ നാട്ടുകാരായ അന്യമതസ്ഥരെ ബഹുമാനപൂര്‍വം ചൂണ്ടുകയാണ് ദളവ ചെയ്തത്. ജാതിപ്പേരെടുത്തു പറഞ്ഞത് ബ്രാഹ്മണരെയും ശൂദ്രരെയുമാണ്. പിന്നെ കാണുന്നത് ഉദ്യോഗസ്ഥരെന്നും കുടിയാനവന്മാര്‍ എന്നുമാണ്. ബ്രാഹ്മണരില്‍പ്പെടാത്ത ഉദ്ദ്യോഗസ്ഥരെയും ശൂദ്രരില്‍പ്പെടാത്ത കുടിയാനവന്മാരെയും അദ്ദേഹം കണ്ടിരിക്കുന്നു. മറ്റു മതങ്ങളില്‍പ്പെട്ടവരെയാണ് ലക്ഷ്യമാക്കിയത്. കുടിയാന്മാര്‍ മിക്കവാറും ശൂദ്രരായിരിക്കെ, പല ജാതി എന്ന് പറഞ്ഞതിന് പല മതക്കാരും തരക്കാരുമെന്ന് താല്‍പ്പര്യം. ഇവിടെ നാം ഇന്ന് സെക്കുലര്‍ എന്ന് വിളിക്കുന്ന ജാതിമതാതീതമായ ഒരു മനസ്സിന്റെ ആദിസ്‌ഫുരണം കാണുന്നു. എല്ലാ പ്രജകളോടുമുള്ള ഒരു ആഹ്വാനമായിരുന്നു കുണ്ടറവിളംബരം.
കമ്പനിപ്പട്ടാളം വരുമ്പോള്‍ തമ്പി ഓടിയെന്നും ഭീരുവാണെന്നും മറ്റും കടുത്ത പക്ഷപാതത്തോടെ എഴുതിപ്പിടിപ്പിച്ചവരും ഉണ്ട്. അദ്ദേഹം ഓടിയത് രക്ഷപ്പെടാനല്ല മരിക്കാനാണ്. സ്വയം വെട്ടിയിട്ടും മരിക്കാത്തതുകൊണ്ട് അനുജന്റെ കൈയാലാണ് മരണം വരിച്ചത്. പഴശ്ശിതമ്പുരാനെപ്പോലെ, ബ്രിട്ടീഷുകാരന് കീഴടങ്ങാതെ, ജീവിച്ചതുപോലെ മരിച്ചു. കുണ്ടറയില്‍നിന്ന് പുറംലോകത്തോട് അന്ത്യഗര്‍ജനം നടത്തിയ വേലുത്തമ്പി മണ്ണടിയില്‍ മരിച്ചുവീണിട്ടും മെക്കാലെ സായ്പിന് രോഷഭയങ്ങള്‍ തീരാതെ തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ കെട്ടിത്തൂക്കി. ഇതിനും രണ്ട് നൂറ്റാണ്ടു മുമ്പ് കുഞ്ഞാലി മരയ്ക്കാരുടെ മൃതദേഹത്തോടുമാത്രമാണ് വിദേശികള്‍ ഇതുപോലൊരു പരമനിന്ദ്യമായ പകവീട്ടല്‍ നടത്തിയിട്ടുള്ളത്.
നമ്മുടെ ഇന്നത്തെ സങ്കുചിത സ്വഭാവങ്ങള്‍ വേലുത്തമ്പിയില്‍ ആരോപിക്കാതെ ചരിത്രപശ്ചാത്തലത്തില്‍ അദ്ദേഹത്തെ നാം ഒന്നുകൂടി നോക്കാന്‍ യത്നിക്കേണ്ടതാണ്. കുണ്ടറയില്‍വച്ച് ഇരുനൂറാം വാര്‍ഷികം ആഘോഷിക്കപ്പെട്ടപ്പോള്‍ ചരിത്രപണ്ഡിതനായ ബിപിന്‍ചന്ദ്ര കുണ്ടറവിളംബരത്തെ ആ ചരിത്രദൃഷ്ടിയില്‍ പ്രതിഷ്ഠിക്കുകയുണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് ആറ് ദശാബ്ദമായിട്ടും ഈ അടുത്ത കാലത്തുമാത്രം, ഇപ്പോഴത്തെ സാംസ്കാരികമന്ത്രിയുടെ അക്ഷീണമായ സഹകരണത്തോടെ വേലുത്തമ്പിക്ക് കുണ്ടറയില്‍ (നാന്തീരക്കല്‍) ഉചിതമായ ഒരു സ്മാരകം ഉണ്ടാക്കാന്‍ കഴിഞ്ഞു. ചരിത്രം അനുഗ്രഹമായി നല്‍കിയ സംഭവരത്നത്തെ ഓര്‍മക്കേടിന്റെ അട്ടത്തുനിന്ന് കണ്ടെടുത്ത് അവിസ്മരണീയമാക്കുന്നതിന് ഈ ഗവണ്‍മെന്റിന് ഇനിയും പദ്ധതിയുണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ അവിടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് ഒരു സ്മാരകമണ്ഡപവും തമ്പിയുടെ അര്‍ധകായ പ്രതിമയും ഒരു ചരിത്രമ്യൂസിയവുമാണ്.
***
സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കുണ്ടറ മലയാളത്തിലെ പഴയൊരു വാക്കാണ്, കൊല്ലം ജില്ലയിലെ ഒരു പ്രദേശവുമാണ്. വീടിനടിയില്‍ അറ പണിയുന്നത് ഇന്ന് ഫാഷനല്ലാത്തതിനാല്‍ പ്രചാരലോപം വന്നൊരു വാക്കാണ് കുണ്ടറ. എന്നാല്‍ ദേശമെന്ന നിലയ്ക്ക് എന്തറിയും എന്ന് ചോദിച്ചാല്‍ ചെറുപ്പക്കാര്‍ കൂടുതലും കുണ്ടറ സിറാമിക്സിനെ ഓര്‍മിക്കും. മണ്‍പാത്ര നിര്‍മാണത്തിനു പേരുകേട്ട സ്ഥലം. ചുരുക്കം ചില ചരിത്രതല്‍പ്പരരും പുസ്തകപ്രിയരും ആയിരിക്കും ഇന്ത്യയില്‍ വൈദേശികാധിപത്യത്തിനെതിരെ അങ്ങിങ്ങ് ഉയര്‍ന്നുവന്ന ശബ്ദങ്ങളില്‍വച്ച് ഏറെക്കുറെ ആദ്യത്തേതും സ്വാതന്ത്ര്യബോധത്തിന്റെ നേരിയ പ്രകാശം കലര്‍ന്നതുമായ ഒരു പ്രഖ്യാപനം കുണ്ടറയില്‍വച്ച് രണ്ട് നൂറ്റാണ്ടിന് മുമ്പ് നടന്നിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മിക്കുന്നത്.
പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് കുണ്ടറ വിളംബരത്തെ അധികരിച്ചെഴുതിയ ലേഖനം
Post a Comment