Wednesday, August 6, 2008

കടലാസ് പുലി

ഒടുവില്‍ പുലി എത്തി.

നാട്ടുകാര്‍ ഭയന്നു.

ഭയം പങ്കുവെക്കാന്‍ അടിയന്തര യോഗം ചേര്‍ന്ന് പുലി വിരുദ്ധസമിതി രൂപീകരിച്ചു. പ്രസിഡന്റാകാന്‍ സര്‍വഥാ യോഗ്യനായ ഒരാള്‍ തഴയപ്പെട്ടതിനാല്‍ സമിതി രൂപീകരിക്കും മുംബൈ അദ്ദേഹം തല്‍സ്ഥാനം രാജിവെച്ച് ടി വിക്കു മുന്നില്‍ ഹാജരായി.

പുലിയെ തടുക്കാന്‍ രാജിക്കായില്ല.

പുലി വിരുദ്ധസമിതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

എസ് ഐ സ്ഥലത്തില്ല. ആ ഒഴിവ് അഡീഷനല്‍ എസ് ഐ സ്വന്തം ശരീരമടിച്ച് നികത്തി. പുലി വിരുദ്ധ സമിതി വരുമ്പോള്‍ അഡീഷനല്‍ ശാന്തനിദ്രയിലാണ്.

ഭംഗം ഉണ്ടാക്കാതെ വിരുദ്ധ സമിതി കാത്തുനിന്നു. പയ്യെത്തിന്നിട്ടും പന കിട്ടാത്തതിനാല്‍ മുരടനക്കി.

അനക്കമില്ല.

ചുമച്ചു നോക്കി.

അനക്കമില്ല.

തുടരെ ചുമച്ചു.

നീലോല്‍പ്പലമിഴി തുറന്നു.

'എന്തെരെടേ..?'

'പുലി.'

'പുലിയാ...യെന്തര് പുലി..?'

'സാറെ പുലിയെറങ്ങിയിരിക്കുന്നു.'

'യേത്..പുലി..യെന്ത് പുലി..ഒരുപാട് പുലികളൊണ്ടെടേ..പുള്ളിപ്പുലി, കരിമ്പുലി, ഈറ്റപ്പുലി, കടലാസു പുലി..യെതില് യേത് പുലിയാണെടേ യെറങ്ങിത്തിരിച്ചിരിക്കണത്..?'

'പുള്ളിപ്പുലിയാണ് സാര്‍..'

'പുള്ളിപ്പുലിയാ..! യെതെന്തര് ഹോസ്പിറ്റലോ..?പൊലീസ് സ്റ്റേഷനോ..?'

വിരുദ്ധസമിതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അവര്‍ കോറസായി.

' പൊലീസ് സ്റ്റേഷന്‍..'

' തന്നെ..തന്നെ..യെന്നാ അത് മാതിരി പെരുമാറടെ..ഡാക്റ്ററെ കണ്ട് വയറെളെകി, യെലി കടിച്ചു, ച്വോര തുപ്പിയെന്നൊക്കെ പറയെണ പോലെ പുലി പുലിയെന്ന് പറയരുതപ്പി..പോയ്..ഡീറ്റെയ്ല്‍സ് യെഴുതിക്കൊണ്ടു വാടെ..'

വിരുദ്ധസമിതി അപേക്ഷ എഴുതാന്‍ പോയി.

അഡീഷണല്‍ അഡീഷണലായി പറഞ്ഞു.

'യെടേ..വരുമ്പോ..ഒരു പാക്കറ്റ് വില്‍സും കൊണ്ടുപോരെടേ..'

വിരുദ്ധസമിതി വിനയപൂര്‍വം അപേക്ഷ സമര്‍പ്പിച്ചു.

അഡീഷണല്‍ വായിച്ചു നോക്കി.

'പുലിയുടെ അഡ്രസൊക്കെ ശരി തന്നെടേ..? തപ്പിച്ചെല്ലുമ്പം ആളു മാറരുത്..എസ് ഐ ലീവു കഴിഞ്ഞ് വരട്ടെടേ..ശരിയാക്കാം..അപ്പികള് പോ..'

അപ്പികള് പോന്നു.

എസ് ഐ വന്നു.

എസ് ഐ അപേക്ഷ നിരസിച്ചു.

പുലി പൊലീസല്ല, ഫോറസ്റ്റാണ്.

സന്ദര്‍ഭം സമര്‍ഥമായി ഉപയോഗിച്ച് പുലി മൂന്നു കോഴി, നാല് താറാവ് എന്നിവയെ സ്വന്തമാക്കി.

വിരുദ്ധസമിതി അപേക്ഷയുമായി ഫോറസ്റ്റിലെത്തി.

ഫോറസ്റ്റുകാര്‍ വിശദമായി പരിശോധിച്ചു.

പുലി ഏത് റെയ്ഞ്ചില്‍ നിന്ന് വന്നതാണെന്ന് അപേക്ഷയിലില്ല. അതുവേണം. ഇല്ലാതെ ഒരടി മുന്നേറാന്‍ ആവില്ല.

വിരുദ്ധസമിതി തിരിച്ചുപോന്നു.

പുലി വീണ്ടും കര്‍മനിരതനായി. ഇത്തവണ ഏഴു കോഴി, നാലു താറാവ് എന്നായിരുന്നു കണക്ക്. ഒരാടിനെ കടക്കണ്ണിട്ട് നോക്കുകയും ചെയ്തു. നാണം കൊണ്ട് അജം കാല്‍നഖം കടിച്ചു.

പുലി പ്രേമഗായകനായി.

'നിന്നെയൊരിക്കല്‍ ഞാന്‍

കൊണ്ടുപോകാം

ഇന്നു വേ,ണ്ടിന്നു വേ,

ണ്ടോമലാളെ ....'

പുലിയുടെ ജനനസര്‍ടിഫിക്കറ്റുമായി വിരുദ്ധ സമിതി വീണ്ടും ഫോറസ്റ്റിലെത്തി.

ഫോറസ്റ്റുകാര്‍ രേഖകള്‍ പേര്‍ത്തും പേര്‍ത്തും പരിശോധിച്ചു.

എല്ലാം ശരി.

കാടിളക്കി ഫോറസ്റ്റ് വന്നു. നാട്ടുകാര്‍ക്ക് ഉല്‍സവമായി. അവര്‍ സ്വാഗതസംഘം ചേര്‍ന്ന് ചെണ്ട കൊട്ടി.

ഫോറസ്റ്റ് പുലിയെ മാറി നിന്ന് വീക്ഷിച്ചു. പുലി മൂക്കു പൊക്കി പല്ലിളിച്ചു.

വീണ്ടും വിഘ്നം.

പുലി ഫോറസ്റ്റാണെങ്കിലും ഇപ്പോള്‍ നില്‍ക്കുന്നത് റവന്യൂ ഭൂമിയിലാണ്.

ഫോറസ്റ്റ് തിരിഞ്ഞോടി.

'റവന്യൂവിന്റെ അനുമതിയില്ലാതെ ഞങ്ങളില്ല.'

വിരുദ്ധ സമിതി റവന്യൂവിലെത്തി. വില്ലേജോഫീസറില്ല. അടുത്ത ചന്ദ്രഗ്രഹണത്തിനേ വരൂ.

കാത്തിരുന്നു.

ആ കാത്തിരിപ്പിനിടയില്‍ വിരുദ്ധ സമിതി പിളര്‍ന്നു.

പുലി വിരുദ്ധ സമിതിയുടെ സമ്പദ്ഘടനയില്‍ വെട്ടിപ്പുണ്ടെന്ന് ഒരുപക്ഷം.

വെട്ടിപ്പല്ല, വെടിപ്പാണ് കണക്കെന്ന് മറുപക്ഷം. ഇത് വെടക്കാക്കിത്തനിക്കാക്കുന്ന തന്ത്രമെന്ന് ആ പക്ഷം വീണ്ടും.

തര്‍ക്കം മൂത്തു.

സമിതി നിര്‍ദാക്ഷിണ്യം പിളര്‍ന്നു. ശക്തി പ്രകടനം, പൊതുയോഗം, വ്യവഹാരം എന്നീ കര്‍മങ്ങളിലൂടെ ഇരുപക്ഷവും കരുത്ത് തെളിയിക്കവെ പുലി സസന്തോഷം നോണ്‍ വെജ് തുടര്‍ന്നു.

ഇതിനിടയില്‍ കാണാതായ വില്ലേജോഫീസര്‍ തിരിച്ചെത്തി.

ഇരുപക്ഷവും അധികാരിയെ കണ്ടു.

പുലി എന്ന് പറഞ്ഞപ്പോള്‍ അധികാരിക്ക് ആദ്യം മനസ്സിലായില്ല. രണ്ടു ദിവസംകൊണ്ട് കാര്യങ്ങള്‍ ഒരുവിധം മനസ്സിലായെന്നു നടിച്ചു.

ഉടനെ വന്നു സുപ്രസിദ്ധമായ മറുപടി.

'അങ്ങനെ വാക്കാല്‍ പറഞ്ഞിട്ട് കാര്യമില്ല. രേഖ വേണം. തണ്ടപ്പേര്, കരപ്പേര്, പുലി നില്‍ക്കുന്ന സ്ഥലത്തിന്റെ സര്‍വെ നമ്പ്ര്, കരമടച്ച റസീറ്റ്, ആധാരം, മുന്നാധാരം, കുടിക്കടം, പോക്കുവരവ് എന്നിവയുടെ കോപ്പി സഹിതം അഞ്ചുരൂപയുടെ കോര്‍ട് ഫീ സ്റ്റാമ്പൊട്ടിച്ച കടലാസില്‍ എഴുതിത്താ, നോക്കട്ടെ.'

പ്രഭാഷണം അവസാനിപ്പിച്ച് അധികാരി കോട്ടുവായിടുകയും മുറുക്കാന്‍ വായില്‍ പ്രവേശിപ്പിച്ച് ആ രംഗം അവസാനിപ്പിക്കുകയും ചെയ്തു.

അപേക്ഷയെത്തി.

'അംശം അധികാരി വായിച്ചറിയുവാന്‍,

മഴുവെറിഞ്ഞ കരയില്‍ പറങ്കിപ്പട ദേശത്ത് സര്‍വെ നമ്പ്ര് 163-1, 173-6 എന്നിവയില്‍ പെട്ട ഭൂമിയില്‍ കൊടുങ്കാട് മുക്കില്‍ ശ്രീ. പുറമ്പുള്ളി പുലി ഗൃഹഭരണത്തിന്റെയും ശ്രീമതി കരിമ്പുള്ളി പുലി ഗൃഹഭരണത്തിന്റെയും സീമന്ത പുത്രന്‍ വെറും പുള്ളിപ്പുലി സ്ഥാവര ജംഗമ സ്വത്തുക്കള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തി വിഹരിക്കുന്നു. ടി പുലിയെ സിവിലായും ക്രിമിനലായും ഓടിക്കാന്‍ ഫോറസ്റ്റുകാര്‍ക്ക് അനുമതി നല്‍കുന്ന സമ്മതപത്രം ഇതിനാല്‍ തരണമെന്ന് ഇനിയും താഴാനിടമില്ലാത്തവണ്ണം താഴ്മയായി അപേക്ഷിക്കുന്നു.'

അധികാരി സസൂക്ഷ്മം വായിച്ചു. തൃപ്തനായില്ല.

'പുലിയെ തിരിച്ചറിയാന്‍ രണ്ടടയാളവും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും കൊണ്ട വരണം'

അതും ഹാജരാക്കി.

പുലിയുടെ ഇടത്തു കണ്ണിന്റെ താഴെ ഒരു മറുക്. പിന്നെ കണ്ണിനും കണ്ണാടിക്കും കാണാത്തിടത്ത് ഒരു കസ്തൂരി മറുക്.

അപേക്ഷയില്‍ അധികാരി ഒന്നരയാഴ്ച കൂടി അടയിരുന്നു. അതോടെ മുട്ട വിരിഞ്ഞു.

അതു പറന്ന് ഫോറസ്റ്റിലെത്തി.

ഫോറസ്റ്റില്‍ വീണ്ടും വിഘ്നം തലപൊക്കി. പുലി, വെടി എന്നിവയാണ് വിഷയങ്ങള്‍. പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം.

കടലാസ് പരിസ്ഥിതിയിലെത്തി. ഒരിടവപ്പാതി മുഴുവന്‍ അവിടെക്കിടന്നു. അവിടെ നിന്ന് മലിനീകരണത്തിലെത്തി. വെടി കൊണ്ടാലും കൊള്ളാതിരുന്നാലും ഉണ്ടാകാവുന്ന ആഘാതം പരിശോധിച്ചു.

അതിനിടയില്‍ പെരിയാറിലൂടെ ഒരുപാട് മലിന ജലം ഒഴുകിപ്പോയി.

മലിനം വിമലമായതോടെ അപേക്ഷ ഫോറസ്റ്റിലെത്തി.

ഫോറസ്റ്റ് അതും തൂക്കിപ്പിടിച്ച് പൊലീസിലെത്തി.

അതോടെ സംയുക്ത സേന തയ്യാറായി.

പുലിയെപ്പിടിക്കാന്‍ പടനീക്കം. പടക്കുറുപ്പന്മാര്‍ നാലുഭാഗത്തു നിന്നും നയിച്ചു.

പൊലീസ്, ഫോറസ്റ്റ്, പരിസ്ഥിതി, മലിനീകരണം എന്നിവ തോളോടുതോള്‍ ചേര്‍ന്നു. വളഞ്ഞു പിടിച്ച് പഴയ നാടക മട്ടില്‍ 'ഹാന്‍ഡ്സ് അപ്' എന്നു പറഞ്ഞപ്പോള്‍ പുലി കിടന്നിടത്ത് പൂട മാത്രം.

പൂട മാറ്റി നോക്കിയപ്പോള്‍ ഒരു കത്ത്.

'പ്രിയമുള്ളവരേ,

കൊടുങ്കാട്ടിലെ അന്ധകാരത്തില്‍നിന്ന് എന്നെ വെളിച്ചത്തിലേക്കു നയിച്ചവരേ, നിങ്ങള്‍ക്കെന്റെ വിനീതമായ കൂപ്പുകൈ. ഈ സഹായത്തിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഞങ്ങളുടെ നിഘണ്ടുവില്‍ നന്ദി എന്ന വാക്കില്ല. പകരം ചീറ്റലേ ഉള്ളു. അതുകൊണ്ട് ഞാന്‍ നന്ദിപൂര്‍വം ചീറ്റാം. മനുഷ്യന്‍ ഇത്ര നല്ല ജന്തുവാണെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയില്ല.

മനുഷ്യന്മാര്‍ ക്രൂരന്മാരാണെന്നാണ് ഞങ്ങള്‍ കാട്ടില്‍ പറയുന്നത്. മനുഷ്യരെപ്പോലെ ആകല്ലേ എന്നു ഞങ്ങള്‍ മക്കളോടു പറയുകയും ചെയ്യുമായിരുന്നു. എന്തൊരു അബദ്ധമായിരുന്നു അതൊക്കെ. വിവരമില്ലായ്മയില്‍ നിന്ന് പറ്റുന്ന ഓരോ അബദ്ധങ്ങള്‍!

എല്ലാ വിവരക്കേടിനും ഞങ്ങള്‍ മാപ്പു ചോദിക്കുന്നു.

എത്രയോ നല്ലവരാണ് നിങ്ങള്‍!. എന്റെ ജീവിതത്തിന് ഒരു തടസ്സവും നിങ്ങളുണ്ടാക്കിയില്ല. എല്ലാ സഹായവും നിങ്ങള്‍ ചെയ്തു തന്നു. എത്ര നല്ല ഭക്ഷണമാണ് നിങ്ങള്‍ തന്നത്. എന്റെ ജീവിതത്തില്‍ ഇത്രയും നല്ല ഭക്ഷണം കഴിച്ചിട്ടില്ല.

തിരിച്ചു പോകേണ്ടി വന്നതില്‍എനിക്ക് വിഷമമുണ്ട്. എന്തു ചെയ്യാം ജീവിതമല്ലെ! പോയേ പറ്റൂ.

നിങ്ങളുടെ സ്നേഹം സ്വീകരിക്കാന്‍ ഞാന്‍ വരും, നാടന്‍ വാങ്ങി നാടു നന്നാക്കാന്‍.

സ്നേഹപൂര്‍വം

നിങ്ങളുടെ

പുള്ളിപ്പുലി.

*
എം എം പൌലോസ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുലി എന്ന് പറഞ്ഞപ്പോള്‍ അധികാരിക്ക് ആദ്യം മനസ്സിലായില്ല. രണ്ടു ദിവസംകൊണ്ട് കാര്യങ്ങള്‍ ഒരുവിധം മനസ്സിലായെന്നു നടിച്ചു.

ഉടനെ വന്നു സുപ്രസിദ്ധമായ മറുപടി.

'അങ്ങനെ വാക്കാല്‍ പറഞ്ഞിട്ട് കാര്യമില്ല. രേഖ വേണം. തണ്ടപ്പേര്, കരപ്പേര്, പുലി നില്‍ക്കുന്ന സ്ഥലത്തിന്റെ സര്‍വെ നമ്പ്ര്, കരമടച്ച റസീറ്റ്, ആധാരം, മുന്നാധാരം, കുടിക്കടം, പോക്കുവരവ് എന്നിവയുടെ കോപ്പി സഹിതം അഞ്ചുരൂപയുടെ കോര്‍ട് ഫീ സ്റ്റാമ്പൊട്ടിച്ച കടലാസില്‍ എഴുതിത്താ, നോക്കട്ടെ.'

എം എം പൌലോസിന്റെ നര്‍മ്മ ഭാവന..