നിയമനിര്‍മാണ സഭകളില്‍ ഇനിയെങ്കിലും വനിതകള്‍ക്ക് സംവരണം ലഭിക്കുമോ? വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.
2008 മെയ് 7 ന് രാജ്യസഭയിലെ ബില്‍ അവതരണം കലാപാന്തരീക്ഷത്തില്‍ മുങ്ങിപ്പോയത് ദുരന്തസൂചിയാണ്. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് ഇത്തരം അസംബന്ധ നാടകങ്ങളുടെ തനിയാവര്‍ത്തനമാണെന്നതും ബില്ലിന്റെ ചരിത്രസ്മരണകളും ദുരന്ത പരിണിതി അടിവരയിടുന്നു.
ലോകസഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി-108 -ാം ഭേദഗതി-ബില്‍ നാലാം തവണയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മുമ്പ് മൂന്നു പ്രാവശ്യവും ലോകസഭയാണ് ബില്ലിന് അവതരണവേദിയായത്. സംവരണത്തിനുള്ളില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗ സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ട വേണമെന്ന തര്‍ക്കം നീണ്ടതിനാല്‍ മുമ്പ് അവതരിപ്പിച്ച മൂന്ന് ബില്ലുകളും ലാപ്സായി. ഇപ്പോഴത്തെ ബില്ലിനെയും ഈ വാദം വേട്ടയാടുന്നുണ്ട്.
ബില്‍ അവതരിപ്പിക്കുന്നു
1996 -ല്‍ ദേവഗൌഡ സര്‍ക്കാരാണ് വനിതാ സംവരണത്തിന് 81 -ാം ഭരണഘടനാ ഭേദഗതി ബില്‍ ആദ്യം കൊണ്ടുവന്നത്. ആദ്യ വായനയ്ക്ക്ശേഷം ബില്‍ ഗീതാമുഖര്‍ജി അധ്യക്ഷയായ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് വിട്ടു. ഇടതുപക്ഷം ഒഴികെ രാഷ്ട്രീയ കക്ഷികളുടെ രൂക്ഷമായ എതിര്‍പ്പ് ബില്‍ നേരിട്ടു. പ്രതിപക്ഷ ട്രഷറിബഞ്ചുകളിലെ 80 എം പിമാരാണ് അന്ന് ബില്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയത്. 'പ്രത്യേക ക്വാട്ടാ'വിവാദം നീണ്ടതിനാല്‍ ബില്‍ നിയമമായില്ല.
1998 ല്‍ വാജ്‌പേയി സര്‍ക്കാര്‍ ബില്‍ രണ്ടാമത് 84 -ാം ഭരണഘടനാ ഭേദഗതിയായി ലോകസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ അല്പായുസ്സായതോടെ ബില്ലും ആവിയായിപ്പോയി.
2000-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും ബില്‍ അവതരിപ്പിച്ചു. നിയമമന്ത്രിയായിരുന്ന രാംജത് മലാനിയുടെ ബില്‍ അവതരണം സമാജ്‌വാദി, ആര്‍ജെഡി അംഗങ്ങള്‍ പരുഷമായാണ് നേരിട്ടത്. സഭയുടെ അന്തസ്സ് ഹനിക്കുന്ന തടസ്സപ്പെടുത്തലിന് എന്‍ഡിഎയിലെ തന്നെ ചില ചെറുകക്ഷികളും ശക്തിപകര്‍ന്നിരുന്നു. എതിര്‍പ്പുകള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അധികാരകാലത്തിനുള്ളില്‍ ബില്‍ പാസാക്കാനായില്ല.
ഈ അനുഭവപാഠങ്ങളാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിച്ച ബില്ലിന്റേയും ഗതി സംശയാസ്പദമാക്കുന്നത്. പ്രത്യേകിച്ചും ബില്‍ അവതരിപ്പിച്ചവരുടെ ആത്മാര്‍ഥതപോലും സംശയിക്കപ്പെടാവുന്നതാകുമ്പോള്‍! ഒരു കാര്യത്തില്‍ ആശ്വസിക്കാം. നേരത്തെ മൂന്ന് തവണയും ലോകസഭയിലാണ് ബില്‍ അവതരിപ്പിച്ചത്. അതിനാല്‍ ലോകസഭ പിരിച്ചുവിടുന്നതോടെ ബില്ലും ഇല്ലാതാകും. ഇക്കുറി രാജ്യസഭയില്‍ ആയതിനാല്‍ ആ ദുര്യോഗമില്ല.
96ല്‍ ആദ്യം ബില്‍ അവതരിപ്പിച്ചശേഷം എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രകടന പത്രികകളില്‍ വനിതാസംവരണം അണിയിച്ചൊരുക്കി എഴുന്നള്ളിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും വനിതാ സംവരണത്തിന് മഷി ചെലവഴിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം നിയമമാക്കുവാന്‍ പ്രാരംഭനടപടികള്‍ക്ക് നാല് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് വര്‍ഷംതന്നെ ബില്‍ അവതരണത്തിന് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയ ലാഭേച്ഛ കാണുന്നതില്‍ തെറ്റില്ല. വിലക്കയറ്റം, ആണവക്കരാര്‍ തുടങ്ങി ജനവിചാരണ നേരിടുന്ന പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ സര്‍ക്കാരിന് പുതപ്പണിയിക്കേണ്ടതുമുണ്ട്. ഇതൊക്കെ പരിഗണിച്ചാകും ഇപ്പോള്‍ തിടുക്കത്തില്‍ ബില്‍ അവതരിപ്പിച്ചത്.
ബില്ലിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന ആര്‍ജെഡി യുടെ ഔദാര്യത്തിലാണ് ഇപ്പോള്‍ ബില്‍ അവതരിപ്പിക്കാനായത്. അവതരണാനുമതി നല്‍കിയെങ്കിലും ബില്ലിലെ വ്യവസ്ഥകളോടുള്ള എതിര്‍പ്പ് അവര്‍ തുടരുകയാണ്.
ബില്ലും ന്യൂനപക്ഷ വിവാദവും
ആദ്യ ബില്ലില്‍നിന്നും പ്രകടമായ മാറ്റങ്ങള്‍ ഇപ്പോഴത്തെ ബില്ലില്‍ ഇല്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പട്ടികജാതി വിഭാഗം എന്നു പറയുന്നിടത്ത് വനിത എന്നുകൂടി ചേര്‍ക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനൊപ്പം സംവരണം സംബന്ധിച്ച വ്യവസ്ഥകളുമുണ്ട്. നിലവില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച സീറ്റുകളിലും ബില്‍ വനിതാസംവരണം ബാധകമാക്കും. പുറമെ പൊതു സീറ്റിലും. സംവരണസീറ്റുകള്‍ ഓരോ തെരഞ്ഞെടുപ്പിലും മാറിക്കൊണ്ടിരിക്കും. മാറ്റം എങ്ങനെയെന്ന് പാര്‍ലമെന്റ് നിശ്ചയിക്കും. സംവരണ സീറ്റുകള്‍ മൂന്നെണ്ണത്തില്‍ കുറവായ സംസ്ഥാനങ്ങളില്‍ ഇടവിട്ട തെരഞ്ഞെടുപ്പുകളിലാകും സംവരണം നടപ്പാക്കുക. ആകെ ലോകസഭാ സീറ്റുകള്‍ മൂന്നില്‍ കുറവായ സംസ്ഥാനങ്ങള്‍ക്കും ഇതേ മാനദണ്ഡം ബാധകമായിരിക്കും. ബില്‍ പാസായാല്‍തന്നെ വ്യവസ്ഥകള്‍ പ്രാബല്യത്തിലാകാന്‍ 1952 ലെ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണം.
ബില്ലിനെ വിമര്‍ശിക്കുന്നവരെ ആണ്‍കോയ്മയുടെ സുവിശേഷകരായി ചിത്രീകരിക്കേണ്ടതില്ല. എസ്പി, ആര്‍ജെഡി കക്ഷികളുടെ ആത്മാര്‍ഥത സംശയിക്കപ്പെടാമെങ്കിലും അവര്‍ ഉയര്‍ത്തുന്ന വാദങ്ങളിലെ കാര്യഗൌരവം തിരിച്ചറിയേണ്ടതുണ്ട്. ബില്‍ പ്രകടമായിതന്നെ സവര്‍ണ മൂല്യങ്ങള്‍ ഒളിക്കുന്നുണ്ട്. വനിതകളില്‍ ഏറ്റവും ദുരിതം പേറുന്നവര്‍ പിന്നോക്ക ന്യൂനപക്ഷ സ്ത്രീകളാകുമ്പോള്‍ അവര്‍ക്ക് പ്രത്യേക ക്വാട്ട അനുവദിക്കപ്പെടാത്തിടത്തോളം ബില്ലിന്റെ ലാഭം കൊയ്യുന്നത് ആരാകുമെന്ന് വ്യക്തമാണ്. ബില്‍ നേരിടുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷയും ഇതാണ്.
ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികളുടെ മനോവ്യാപാരങ്ങളുടെ മാറ്റ് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ബില്‍ അജന്‍ഡയാകുന്നതിന് മുമ്പ് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് അധരവ്യായാമം പോലും ഈ കക്ഷികള്‍ നടത്തിയതിന് തെളിവില്ല. ഇവരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കിയതായും കാണുന്നില്ല. ന്യൂനപക്ഷ പിന്നോക്ക വനിതകള്‍ക്ക് പ്രത്യേക ക്വാട്ട ആവശ്യപ്പെടുന്ന ഈ കക്ഷികള്‍ തങ്ങളുടെ പാര്‍ടികളില്‍ ഇത്തരം ക്വാട്ട നടപ്പാക്കി കാണുന്നില്ല. എന്തിന് ഈ കക്ഷികളുടെ ഉന്നതാധികാര സമിതികളില്‍ വനിതകള്‍ അദൃശ്യരായി തുടരുകയാണ്. ബില്‍ നിയമമായാല്‍ തങ്ങളുടെ അധികാര കുത്തക നഷ്ടപ്പെടുമോ എന്ന ഭീതി മാത്രമാണ് അവരുടെ ധിഷണക്ക് ഊര്‍ജം നല്‍കുന്നത്.
മാത്രമല്ല ഇവര്‍ ആവശ്യപ്പെടുന്ന ജാതിസംവരണം ദേശീയ സമരത്തോളം ചരിത്രമുള്ളൊരു സമസ്യയാണ്. ഭരണഘടനാ നിര്‍മാണസഭ ഈ വഷയം തലനാരിഴ കീറി ചര്‍ച്ച ചെയ്ത് പ്രതിലോമപരമെന്ന് വിധിയെഴുതിയതാണ്. വനിതാ സംവരണം എന്നു കേള്‍ക്കുമ്പോള്‍ മാത്രം പിന്നോക്ക ന്യൂനപക്ഷ ക്വാട്ട എന്ന വാള്‍ ഈ കക്ഷികള്‍ ഉയര്‍ത്തുന്നതിന്റെ ഗൂഢലക്ഷ്യം ഗീതാമുഖര്‍ജി സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ബില്‍ നിയമമാകുന്നത് തടയാനുള്ള ശക്തമായ തന്ത്രം മാത്രമാണിതെന്ന് സമിതിയും വിധിയെഴുതിയിട്ടുണ്ട്.
അദൃശ്യ വനിത
നിയമനിര്‍മാണ സഭകളില്‍ ജനസംഖ്യയില്‍ പകുതിയിലധികമുള്ള വനിതകളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു (ലിങ്ക് ). സഭകളില്‍ മാത്രമല്ല പൊതുതെരഞ്ഞെടുപ്പുകളിലും വനിതകള്‍ അദൃശ്യരാണെന്നും കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു. വനിതാ സംവരണത്തെ ന്യായീകരിക്കുന്നതാണ് ഈ സ്ഥിതി വിവരങ്ങള്‍. മാത്രമല്ല 73,74 ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക സര്‍ക്കാരുകളില്‍ വനിതകള്‍ 33% സംവരണം 15 വര്‍ഷത്തിലധികമായി അനുവദിക്കുന്നുണ്ട്. നിയമനിര്‍മാണ സഭകളിലെ സംവരണം ഈ ഭരണഘടനാ ഭേദഗതിയുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ്. 73,74 ഭരണഘടനാ ഭേദഗതികളുടെ മികവുകള്‍ ഇതിനകം ഗുണദോഷ വിചിന്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകളിലെ വനിതാ ഇടപെടലുകള്‍ ഏറെയും ഗുണാത്മകമെന്നാണ് ഈ വിലയിരുത്തലുകളില്‍ വ്യക്തമാകുന്നത്.
സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും ചൂഷണം ചെയ്യുന്നതുമായ നിഷേധഘടകങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് 73, 74 ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടത്. പ്രാദേശിക സര്‍ക്കാരുകളില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ 33% സംവരണം നടപ്പായതോടെ ഈ നിഷേധഘടകങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാനായെന്നത് പ്രസക്തമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിലെ പങ്കാളിത്തം, വികസന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പരമ്പരാഗതമായി തങ്ങളുടെ മനസ്സില്‍ നിറയ്ക്കപ്പെട്ട ഭീതിയില്‍ നിന്നുള്ള മോചനം, ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാനായത് എന്നിവയാണ് ഇവയില്‍ പ്രധാനം. ഇതില്‍ ഏറ്റവും പ്രധാനമാണ് ജാതി വിവേചനം അവസാനിപ്പിക്കാനായത്. സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്നും വിലങ്ങുതടി ജാതിവിവേചനമായിരുന്നു. അതിനെ ഒരു പരിധിവരെ ചെറുക്കാനായതിലൂടെ പ്രാദേശിക സര്‍ക്കാരുകളിലെ വനിതാ പ്രാതിനിധ്യം സ്ത്രീശാക്തീകരണത്തിലേക്കുള്ള പ്രധാന കാല്‍വെപ്പായിരുന്നു.
ഭരണഘടനയും വനിതാ സംവരണത്തിന് നിയമസാധുത നല്‍കുന്നുണ്ട്. അനുഛേദം 15(3) സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നതിക്ക് പ്രത്യേക നിയമനിര്‍മാണം അനുവദിക്കുന്നുണ്ട്. ഈ ഭരണഘടനാ വകുപ്പിലെ 'എന്ത് നിയമനടപടി'കളും എന്ന പദപ്രയോഗത്തില്‍ ജനപ്രതിനിധി സഭകളില്‍ സംവരണവും ഉള്‍പ്പെടും. മാത്രമല്ല 14 -ാം അനുഛേദം ലിംഗാതീതമായി നിയമത്തിന് മുന്നില്‍ തുല്യതയും തുല്യ നിയമപരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. സുപ്രീംകോടതിയുടെ വ്യാഖ്യാന പ്രകാരം 14 -ാം അനുഛേദം സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ നീതി എല്ലാവര്‍ക്കും അനുവദിക്കുന്നതായി വ്യക്തമാക്കുന്നു. രാഷ്ട്രീയ നീതിയിലേക്കുള്ള കാല്‍വെപ്പില്‍ സുപ്രധാനമാണ് നിയമനിര്‍മാണ സഭകളിലെ തുല്യപങ്കാളിത്തം.
രാഷ്ട്രീയത്തില്‍ ഉന്നത നയരൂപീകരണ വേദികളിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം ഇന്ത്യന്‍ അനുഭവം മാത്രമല്ല. അതിന് ആഗോളമാനങ്ങളുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്റര്‍ പാര്‍ലമെന്ററി യൂണിയ (ഐ പി യു) ന്റെ 2003 ലെ കണക്ക്, ലോകത്ത് ആകെയുള്ള 42012 പാര്‍ലമെന്റ് അംഗങ്ങളില്‍ 6133 പേര്‍ മാത്രമാണ് -15.1% വനിതകള്‍. ഐപിയുവിന്റെ 93 -ലെ കണക്കും -ആകെയുള്ള 35884 പാര്‍ലമെന്റ് അംഗങ്ങളില്‍ 3626- 10.1% -മാത്രമായിരുന്നു വനിതകള്‍ എന്ന് വ്യക്തമാക്കുന്നു. ഒരു ദശാബ്ദം കൊണ്ടും വനിതകളുടെ പ്രാതിനിധ്യം കാര്യമായി വര്‍ധിച്ചില്ലെന്ന് മേല്‍കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകളും ഇതേ സ്വഭാവം പുലര്‍ത്തുന്നു. 2006 -ലെ കണക്കുകള്‍ ആഗോളതലത്തില്‍ നിയമനിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം 13% എന്ന് വ്യക്തമാക്കുന്നു. നോര്‍സിക് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം -37.5%. എറ്റവും കുറവ്- 3.5% അറബ് രാജ്യങ്ങളിലും. ഇന്ത്യയിലാകട്ടെ ലോക്സഭയിലെ വനിതാ പ്രാതിനിധ്യം ഏറ്റവും താണനിലയിലാണ്. സ്വാതന്ത്യ്രാനന്തരം നിയമനിര്‍മാണസഭകളിലെ വനിതാ പ്രാതിനിധ്യം 4% നും 8.8% ഇടയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ പ്രാതിനിധ്യത്തിനുതന്നെ ഇടയാക്കിയത് പരേതരായ നേതാക്കന്മാരുടെ വിധവകളോ പുത്രിമാരോ ആണെന്നതാണ് ഏറെ വിചിത്രം. ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം ഏറ്റവും ഉയര്‍ന്നത് 84 ലും 2004 ലുമാണ്. 84 ല്‍ 8 ശതമാനവും 2004 ല്‍ 8.3 ശതമാനവും.
എട്ടു പതിറ്റാണ്ടിന്റെ ചരിത്രം
വനിതാ സംവരണ വാദത്തിന് 80 -ല്‍ അധികം വര്‍ഷത്തെ ചരിത്രമുണ്ട്. 1929 ല്‍ വനിതാ സംവരണം പിന്തിരിപ്പന്‍ നടപടിയായും സ്ത്രീകളുടെ അന്തസ്സിനെ ദോഷകരമായി ബാധിക്കുന്നതായും കരുതി നിരസിച്ചു. 1939-40 ല്‍ ദേശീയ ആസൂത്രണ കമ്മിറ്റിയുടെ വനിതാ സബ്കമ്മിറ്റി ഈ ആശയം വീണ്ടും നിരസിച്ചു. 1970 ലെ ഇന്ത്യയിലെ സ്ത്രീകളുടെ പദവിയെപ്പറ്റിയുള്ള കമ്മിറ്റി സ്ത്രീകള്‍ക്ക് തുല്യപദവി അംഗീകരിച്ചെങ്കിലും വനിതാ സംവരണം പിന്തിരിപ്പന്‍ ആശയമായി കണ്ട് എതിര്‍ത്തു. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന തുല്യതക്ക് ഇത്തരം സംവരണം വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. മാത്രമല്ല സംവരണവാദം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വനിതകളുടെ കഴിവുകേടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫലത്തില്‍ ഇത് സാമൂഹ്യമായും രാഷ്ട്രീയമായും മേധാവിത്വമുള്ള വിഭാഗങ്ങളുടെ മേല്‍ക്കോയ്മ പ്രചരിപ്പിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.
98 ലെ ദേശീയ സ്ത്രീ പരിപ്രേക്ഷ്യ പദ്ധതി സ്ത്രീകളുടെ കുറഞ്ഞ രാഷ്ട്രീയ പങ്കാളിത്തം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇത്. പഞ്ചായത്ത് നഗരസഭകളില്‍ വനിതകള്‍ക്ക് ക്വാട്ട എന്ന ആശയം പദ്ധതി പരിചയപ്പെടുത്തി. പിന്നോക്ക വിഭാഗ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പ്രാതിനിധ്യം ഉറപ്പാക്കി 30 % വനിതാ സംവരണമായിരുന്നു പദ്ധതി നിര്‍ദേശം.
ബീജിങ് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിനുവേണ്ടി തയാറാക്കിയ റിപ്പോര്‍ടില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തിലെ കുറഞ്ഞ വനിതാ പങ്കാളിത്തം അംഗീകരിച്ചിരുന്നു. കായബലം, അഴിമതി, അക്രമം എന്നിവയില്‍ ആണ്ട് മുങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയം സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം തടയുന്നതായും റിപ്പോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം വാദങ്ങളുടെ സ്വാഭാവിക പരിണതിയായിരുന്നു 1995 ല്‍ വനിതാ സംവരണവാദം കൂടുതല്‍ ശക്തമാകുവാന്‍ ഇടയാക്കിയതും 96 ലെ ആദ്യ ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ചതും.
വനിതാ സംവരണ ബില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുരുഷ, സവര്‍ണ മേധാവിത്യം ആഴത്തില്‍ വേരുകളാഴ്ത്തിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ലിംഗനീതിയുടെ സമത്വചാരുത ബില്‍ പകരുമോ? ഭാര്യ, മകള്‍, സഹോദരി എന്നീ ബന്ധുക്കള്‍ക്ക് സംവരണ സീറ്റുകള്‍ വീതിച്ച് നല്‍കി പുരുഷാധിപത്യത്തെ കൂടുതല്‍ ദൃഢീകരിക്കുന്ന ശിഖണ്ഡിവത്കരണത്തിന് രാഷ്ട്രീയ നേതാക്കള്‍ മുതിരുമോ? നഗരവത്കൃത സമ്പന്ന പ്രമാണി വര്‍ഗ വനിതകള്‍ സംവരണ സീറ്റുകള്‍ ഭൂരിഭാഗവും കൈയടക്കി ദളിത് പിന്നോക്ക സ്ത്രീകളെ നിയമനിര്‍മാണ സഭകളില്‍നിന്ന് പുറത്താക്കുമോ? ബലാത്സംഗം, സതി, സ്ത്രീധന പീഡാനുഭവങ്ങളില്‍നിന്ന്, സംവരണം സൃഷ്ടിക്കുന്ന നിയമനിര്‍മാണ സഭകളിലെ വര്‍ധിച്ച വനിതാ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് മോചനം നല്‍കുമോ? വനിതാ ശാക്തീകരണത്തിന് അത് സഹായകമാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിന് ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും ഉയരുന്ന വാദങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുംമുമ്പ് ഈ ബില്ല് ആരേയാണ് അഭിമുഖീകരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീ ദളിതന്റെ പ്രതിനിധി
ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തലിന്റെയും ചവിട്ടിത്താഴ്ത്തലിന്റെയും പ്രത്യക്ഷ സാക്ഷ്യങ്ങളാണ് സ്ത്രീകള്‍. ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ രംഗപടം ചമയ്ക്കുന്നത് ഇപ്പോഴും പുരുഷാധിപത്യ മൂല്യങ്ങളാണ്. രാഷ്ട്രീയം ഉള്‍പ്പെടെ പൊതുഇടങ്ങള്‍ ആണ്‍കോയ്മകളുടെ തട്ടകങ്ങളായി അത് നിര്‍ണയിക്കുന്നു. സ്ത്രീകളെ വീട്ടകങ്ങളില്‍ കാണുവാനാണ് ആണ്‍കോയ്മയുടെ മൂല്യബോധ്യം ആഗ്രഹിക്കുന്നത്. തൊഴില്‍ എടുക്കുന്ന സ്ത്രീകള്‍ മുമ്പ് കുടുംബത്തില്‍ നിഷിദ്ധമായിരുന്നു. ഉപഭോഗസംസ്കാരത്തിന്റെ തീവ്ര തൃഷ്ണകള്‍ നിറവേറ്റുന്നതിന് പുരുഷന്‍ സ്ത്രീ തൊഴിലിന്റെ വിപണിമൂല്യം അംഗീകരിക്കുന്നുവെന്നുമാത്രം. അപ്പോഴും സ്ത്രീകളുടെ ഇടപെടല്‍ ആണ്‍കോയ്മയുടെ മൂല്യബോധത്തിന് അനുഗുണമാകണമെന്ന് അത് ശഠിക്കുന്നു. എളുപ്പത്തില്‍ നിയന്ത്രിക്കാവുന്നതും എതിരില്ലാതെ ചൂഷണം ചെയ്യാവുന്നതുമായ ഉല്‍പ്പാദനശക്തികളാകണം സ്ത്രീകള്‍. ചോദ്യംചെയ്യപ്പെടാത്ത വിധേയത്വമാണ് അത് സ്ത്രീകളില്‍നിന്നും ആവശ്യപ്പെടുന്നത്. പുരുഷാധിപത്യ സമൂഹം സ്ത്രീകളുടെ സംഭാവനകളെ തുച്ചമൂല്യമുള്ളതായോ മൂല്യമില്ലാത്തതായോ അടയാളപ്പെടുത്തുന്നു. ഇത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയാണ് പ്രധാനമായും പരിമിതപ്പെടുത്തുന്നത്. സാമ്പത്തിക പരാധീനത വീട്ടിലും പൊതുഇടങ്ങളിലും അവരെ കൂടുതല്‍ പുരുഷന്റെ ദാസികളാക്കുന്നു. ഇതിന്റെ അനുരണനങ്ങളാണ് നിയമനിര്‍മാണ സഭകളില്‍പോലും അവരെ അല്പദൃശ്യങ്ങളാക്കുന്നത്.
ജീവിതഗുണതയുടെ എല്ലാ കണക്കുകളും സ്ത്രീകളെ താഴത്തെ പടിയിലാണ് അടയാളപ്പെടുത്തുന്നത്. 2001 ലെ സെന്‍സസ് കണക്കുകള്‍ സ്ത്രീസാക്ഷരത 54.16% (പുരുഷന്‍ 75.85%), ലിംഗാനുപാതം 933. ലോക സാമ്പത്തിക ഫോറത്തിന്റെ ലോക ജണ്ടര്‍ ഗ്യാപ് റിപ്പോര്‍ട് ആകെയുള്ള 128 രാജ്യങ്ങളില്‍ 114 ത്തേതായാണ് ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കുന്നത്. നേപ്പാളും പാകിസ്ഥാനും പോലും ഇന്ത്യക്ക് മുകളിലാണ്. ഗ്രാമീണ കാര്‍ഷിക തൊഴിലാളികളില്‍ 42.95% സ്ത്രീകളാണ്. സംഘടിത തൊഴില്‍ മേഖലയിലെ സ്ത്രീസാന്നിധ്യം 18.7% മാത്രമാണ്. 2004 ലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ സംഘടനയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 9.8% വളര്‍ച്ചയാണ് നിര്‍ണയിച്ചിരിക്കുന്നത്. സ്ഥിതിവിവരക്കണക്കുകളുടെ ഈ കറുത്ത ഭൂമികയിലേക്കാണ് വനിതാ സംവരണ ബില്‍ വിക്ഷേപിക്കപ്പെടുന്നത് എന്നതാണ് അതിനെ ഏറ്റവും ദുരന്തപൂര്‍ണമാക്കുന്നത്.
വരേണ്യ സ്ത്രീ
ഈ യാഥാര്‍ഥ്യങ്ങളാണ് ബില്ലിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്ന ചോദ്യം ഉയര്‍ത്തുന്നത്. വനിതാ സംവരണത്തിന്റെ നന്മകള്‍ അളക്കുവാനുള്ള ആദ്യ ചോദ്യവും ഇതുതന്നെയാണ്. സമൂഹത്തിലെ പ്രമാണിവര്‍ഗങ്ങളിലെ ശക്തരായ വനിതകളാകും മുഖ്യഗുണഭോക്താക്കള്‍. പുരുഷനൊപ്പം എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആഘോഷിക്കുന്നവരാണിവര്‍. ഇന്ത്യന്‍ സമൂഹത്തിലെ പൊള്ളുന്ന അനുഭവങ്ങള്‍ ഇവര്‍ക്ക് മാധ്യമസാക്ഷ്യങ്ങള്‍ മാത്രമാണ്. വിമോചിതരായ ഇവര്‍ക്ക് വനിതാ സംവരണം ലക്ഷ്യമിടുന്ന രാഷ്ട്രീയ ശാക്തീകരണം ആവശ്യമില്ല. കാരണം അത് അവര്‍ എന്നേ നേടിയിരിക്കുന്നു. ഇവരുടെ കുലത്തില്‍ നിന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാവ മുഖ്യമന്ത്രിമാര്‍ പിറന്നതും അധികാരക്കൂത്ത് ആടിയതും. പിതാക്കന്മാര്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ സഹോദരര്‍ക്കോ വേണ്ടി പാവ എംപിമാരാകാനും ഇവര്‍ക്ക് പ്രതിഭയുണ്ട്. ആണ്‍കോയ്മയുടെ ബൌദ്ധിക വികിരണനം നടത്തുന്ന ഇത്തരം സ്ത്രീകള്‍ക്ക് എങ്ങനെ വനിതകളെ ശാക്തീകരിക്കാനാകും?
ഫലത്തില്‍ ഇത് വനിതാശാക്തീകരണത്തിന് 'ലല്ലുമോഡല്‍' നിര്‍മിക്കുകയാകും. അഴിമതി കുറ്റങ്ങള്‍ ജയിലറ വിധിച്ചപ്പോള്‍ അധികാരാസക്തന്മാരില്‍നിന്നും മുഖ്യമന്ത്രിക്കസേര സംരക്ഷിക്കാനുള്ള ഉപായം മാത്രമായിരുന്നു ലല്ലുപ്രസാദ് യാദവിന് റാബ്റിദേവി. പുരുഷന് യഥാര്‍ഥ അധികാരത്തില്‍ അഭിരമിക്കാനുള്ള മറ മാത്രമാകും വനിതാ സംവരണമെന്ന് ലല്ലുമോഡല്‍ ഓര്‍മിപ്പിക്കുന്നു. ഇതാകട്ടെ വനിതാ സംവരണം രാഷ്ട്രീയത്തില്‍ പ്രതിലോമ പ്രതികരണം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാകുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീ ഇടം നേടുന്നത് പുരുഷന്റെ താല്പര്യത്തിലോ തണലിലോ ആണെന്നത് ചരിത്രസത്യമാണ്. പുരുഷന്റെ ആവശ്യത്തിനോ സൌകര്യത്തിനോവേണ്ടി; അല്ലെങ്കില്‍ സൌജന്യത്തില്‍. ദേശീയസമരത്തിലെ സ്ത്രീപങ്കാളിത്തം സ്വാതന്ത്ര്യാനന്തരം അധികാര രാഷ്ട്രീയത്തിലേക്ക് ഗുണപരമായി ഉദ്ഗ്രഥിക്കാന്‍ സാംസ്കാരിക പുരുഷാധിപത്യമൂല്യങ്ങള്‍ തടസ്സമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദുര്‍ഗയെന്ന് വിശേഷിപ്പിക്കുന്ന ഇന്ദിരാഗാന്ധിപോലും ഈ പരികല്പനയില്‍നിന്ന് മുക്തയല്ല. മഹാനായ പിതാവിന്റെ പുത്രിയെന്നതായിരുന്നു ഇന്ദിരയുടെ രാഷ്ട്രീയ മൂലധനം. സമകാല രാഷ്ട്രീയം ഉരുക്ക് വനിതയെന്ന് വിശേഷിപ്പിക്കുന്ന സോണിയയുടെ വളര്‍ച്ചയും രാജീവ്ഗാന്ധിയുടെ ഭാര്യയെന്ന നിലയിലാണ്.
പൊതു ഇടങ്ങള്‍ സ്വന്തം നിലയില്‍ വെട്ടിപ്പിടിക്കുന്ന കരുത്തരായ സ്ത്രീകള്‍ അധികവും സര്‍ക്കാരിതര സംഘടനകളിലാണ്. ഇവരെ അംഗീകരിക്കാനും ഇവരുടെ രാഷ്ട്രീയ വളര്‍ച്ച വഴിതെളിക്കാനും ഇടതുകക്ഷികള്‍ തയാറായേക്കും. മേധാപട്കര്‍, അരുന്ധതീറോയി, അരുണ റോയ് എന്നിവര്‍ പ്രതിനിധീകരിക്കുന്ന പോരാട്ട ശക്തികള്‍ക്ക് 100% വനിതാ സംവരണം നിലവില്‍ വന്നാല്‍പോലും മറ്റു കക്ഷികള്‍ സ്ഥാനാര്‍ഥിത്വം നല്‍കുമെന്ന് വിശ്വസിക്കാനാവില്ല. ഇത്തരം ശക്തിശാലിനികളായ സ്ത്രീകളെ ഭയക്കുന്നു എന്നതാണ് വനിതാ സംവരണം ഉയര്‍ത്തുന്ന പ്രധാന പരിമിതി.
ഒറ്റമൂലിയോ?
വനിതാസംവരണത്തിലൂടെ ഇന്ത്യന്‍ സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന അവഗണന, അടിച്ചമര്‍ത്തല്‍, വിവേചനം, ലിംഗചൂഷണം എന്നിവ അവസാനിപ്പിക്കാനാകുമെന്നൊരു തീവ്രവാദം വ്യാപകമായി പ്രചാരത്തിലുണ്ട്. രാഷ്ട്രീയ ശാക്തീകരണത്തിലൂടെ എല്ലാ വിവേചനങ്ങളും കൊഴിഞ്ഞുപോകുമെന്ന് വിശ്വസിക്കുന്ന സരളബുദ്ധികളെയാണ് ഈ വാദം ആകര്‍ഷിക്കുന്നത്. രാഷ്ട്രീയ ശാക്തീകരണത്തിന് അതിന് കഴിവുണ്ടെന്ന് വിശ്വസിച്ചാല്‍തന്നെ അതിലേക്ക് വഴിതെളിക്കുന്ന സാമൂഹ്യ സാമ്പത്തിക ശാക്തീകരണങ്ങളെപ്പറ്റി ഇവര്‍ നിശ്ശബ്ദത പാലിക്കുന്നു. സാമ്പത്തിക സാമൂഹ്യശാക്തീകരണത്തിന്റെ അടിത്തറയില്ലാതെയുള്ള സംവരണം സവര്‍ണേഛയുടെ വിളനിലങ്ങളാക്കും.
സാമൂഹികമായ അടിച്ചമര്‍ത്തലിന്റെ ഇരകള്‍ സ്ത്രീകളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍മാത്രം സംവരണം ന്യായീകരിക്കപ്പെടുമോ? സ്ത്രീ ശാക്തീകരണത്തിനുള്ള പരിഹാരം സംവരണം മാത്രമായി പരിമിതപ്പെടുത്തുന്നത് കാല്പനികവാദമാണ്. രാഷ്ട്രീയ സംവരണത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. ബൌദ്ധികമായും കായികമായും വനിതകളെ ശക്തരാക്കി രാഷ്ട്രീയത്തില്‍ സ്വന്തം ഇടങ്ങള്‍ വെട്ടിപ്പിടിക്കുവാനുള്ള ശേഷി നിര്‍മിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് രാഷ്ട്രീയ സംവരണത്തിനു മുമ്പ് സാമൂഹ്യ സാമ്പത്തിക ശാക്തീകരണ പ്രക്രിയകള്‍ തുടങ്ങേണ്ടതിന്റ പ്രസക്തി.
സമൂഹത്തിന്റെ വിധിനിര്‍ണയങ്ങള്‍ സാമൂഹ്യപദവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാഭ്യാസം, തൊഴില്‍, വരുമാനം എന്നിവയും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. ഇവയിലെ ഗുണപരമായ മാറ്റങ്ങള്‍ സാമൂഹ്യപദവി പുതിയതായി നിര്‍ണയിക്കും. ഇത്തരം നിര്‍ണയങ്ങള്‍ രാഷ്ട്രീയ അധികാരസമ്പാദനത്തിലേക്കു വഴിതെളിക്കും.
ഇത്തരത്തില്‍ വനിതകളുടെ വിദ്യാഭ്യാസം, തൊഴില്‍,വരുമാനം എന്നിവ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ സംവരണത്തിന് മുമ്പു നടപ്പാക്കണം. സര്‍ക്കാരിതര സാമൂഹ്യസംഘടനകളുടെ സാധ്യതകള്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ചില സ്ഥലങ്ങളിലെങ്കിലും സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിന് ഫലപ്രദമായ ഇടപെടല്‍ സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയ സാമൂഹ്യ സുരക്ഷിതത്വനിയമങ്ങളും സുപ്രീംകോടതിയുടെ ലൈംഗികപീഡന നിരോധന നിയമവ്യാഖ്യാനങ്ങളും അക്ഷരാര്‍ഥത്തില്‍ നടപ്പാക്കേണ്ടതുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഉന്നതിക്കും പ്രത്യേക പദ്ധതികള്‍ തയാറാക്കണം. അതോടൊപ്പം സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണം. അങ്ങനെ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ആണ്‍ക്കോയ്മയുടെ മൂല്യവിചാരങ്ങള്‍ പൊളിച്ചെഴുതുന്ന സാമൂഹ്യസാമ്പത്തിക മുന്നേറ്റങ്ങള്‍ ഇല്ലാതെ വനിതാസംവരണം ഗുണത്തേക്കാള്‍ ദോഷകരമായിരിക്കും.
സ്ത്രീപദവിയെപ്പറ്റിയുള്ള യു എന്‍ കമീഷന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 'ഭൂരിഭാഗം രാജ്യങ്ങളും രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുക്കുന്നതിലും നയരൂപീകരണത്തിലും ജനാധിപത്യ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ സമ്മതിദായകരില്‍ പകുതിയിലധികം സ്ത്രീകളാണ്. ഈ യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ആപേക്ഷികമായി വളരെ കുറഞ്ഞ എണ്ണം സ്ത്രീകളാണ് രാഷ്ട്രീയ പങ്കാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലകളില്‍ എത്തുന്നത്. അതിലും വളരെ കുറച്ചുപേര്‍ മാത്രമാണ് പൊതുനയ സ്രഷ്ടാക്കളാകുന്നത്. സ്ത്രീകളുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളെ ബാധിക്കുന്ന നയതീരുമാനങ്ങള്‍ എടുക്കുന്ന ഏതാണ്ട് എല്ലാ സമിതികളിലും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണ്'-കമീഷന്‍ വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ വനിതാസംവരണം ന്യായീകരിക്കത്തക്കതാണ്. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമാണ് സ്വമേധയാ രാഷ്ടീയത്തില്‍ ഇടപെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം കല്ല് മുള്‍ വഴികളും അഴിമതി, ക്രിമിനല്‍വത്കരണം എന്നിവയുടെ കാനകളും നിറഞ്ഞതാണ്. അതുകൊണ്ട് സംവരണത്തിലൂടെ അവരെ രാഷ്ട്രീയരംഗത്തേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. നമ്മുടെ സാംസ്കാരിക സാമൂഹ്യ വ്യവസ്ഥകളും സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശം ആഗ്രഹിക്കാത്തതിനാല്‍ അവയെ മറികടക്കാന്‍ നിയമസഹായം തേടേണ്ടതാണ്. മാത്രമല്ല രാഷ്ട്രീയത്തിലേക്ക് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനോ, തെരഞ്ഞെടുപ്പുകളില്‍ അവരെ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ആക്കുന്നതിലോ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ടികളില്‍ അധികവും പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തുന്നതിന് വനിതാസംവരണം അനിവാര്യമാണെന്ന് സംവരണവാദികള്‍ വാദിക്കുന്നു. 73,74 ഭരണഘടനാ ഭേദഗതികള്‍ വനിതാസംവരണം അനുവദിച്ചപ്പോഴും അതിന് എതിരെ നിരവധി വാദങ്ങള്‍ ഉയര്‍ന്നതും പ്രയോഗത്തില്‍ അവയൊക്കെ നിരര്‍ഥകമെന്ന് തെളിഞ്ഞതും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
ഇതിനൊരു എതിര്‍വാദമുണ്ട്. പാര്‍ലമെന്റില്‍ ഇപ്പോള്‍ വനിതകള്‍ ഇല്ലെന്നു പറയാനാകില്ല. കേവലം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ചിന്തിക്കുമ്പോള്‍ കുറവ് കാണാം. എന്നാല്‍ നമുക്ക് വനിതാ പ്രധാനമന്ത്രിയുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതിയും വനിതയാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇപ്പോള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരില്‍ വനിതകള്‍ കുറവല്ല. പാര്‍ലമെന്റില്‍ ഇപ്പോഴുള്ള വനിതാ എംപിമാര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്താണ് ചെയ്തത്? കാര്യമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചതിന് തെളിവില്ല.
തൃണമൂലതല പ്രവര്‍ത്തനം
ഇന്ത്യയിലെ സാധാരണക്കാരും ദരിദ്രരുമായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ അവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനോ ഇപ്പോഴത്തെ വനിതാ എംപിമാരുടെ പ്രവര്‍ത്തനം പര്യാപ്തമല്ല. തൃണമൂലതലത്തിലെ പുരോഗമനപരമായ കര്‍മങ്ങളാണ് സാധാരണക്കാരായ സ്ത്രീകളുടെ വിമോചനത്തിന് ആവശ്യം. യുപിഎയുടെ അധ്യക്ഷ വനിതയായിട്ടും വനിതാസംവരണ ബില്‍ അവതരിപ്പിക്കുന്നതിന് നാലുവര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് വര്‍ഷംവരെ കാത്തിരിക്കേണ്ടിവന്നു എന്നതും ഇവിടെ ഓര്‍ക്കുക.
രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവായിരിക്കെ സംവരണത്തിലൂടെ നിയമനിര്‍മാണ സഭകളില്‍ എത്തുന്നതില്‍ അധികവും പുരുഷന്റെ 'ഡമ്മി' കളായിരിക്കും. ഇവരിലൂടെ സ്ത്രീ വിമോചനത്തിന് ഇടയാക്കുന്ന സാമൂഹ്യമാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത് നിഷ്ഫലമാണ്. നിയമനിര്‍മാണങ്ങള്‍ കൊണ്ടുമാത്രം സാമൂഹിക നവീകരണം സാധ്യമല്ല. സാമൂഹികമാറ്റങ്ങള്‍ക്ക് കഠിന പ്രയത്നങ്ങളും ഇച്ഛാശക്തിയുമാണു വേണ്ടത്. ഇന്ന ത്തെ രാഷ്ട്രീയക്കാര്‍ -സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ -ചലിക്കുന്നത് നവീകരണ അഭിവാഞ്ഛയിലല്ല. അതുകൊണ്ടുതന്നെ വനിതാസംവരണം രണ്ടു പ്രശ്നങ്ങള്‍ ഉയര്‍ത്തും. വനിതാ സംവരണത്തിലൂടെ സഭയില്‍ എത്തുന്നവര്‍ പുരുഷന്മാരായ അടുത്ത ബന്ധുക്കളുടെ ശിങ്കിടികളായി അധഃപതിക്കും. അല്ലെങ്കില്‍ മറ്റു തൊഴില്‍മേഖലകളില്‍ മികവ് തെളിയിച്ച വിജയാന്വേഷികളായ വനിതകള്‍ക്ക് കൂടുതല്‍ നേട്ടം കൊയ്തെടുക്കുവാനുള്ള സുഗമ പാതയായി സംവരണം മാറും.
രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറയ്ക്കുവാന്‍ ഇടയാക്കിയതായി സംവരണാനുകൂലികള്‍ ചൂണ്ടിക്കാട്ടുന്ന വാദങ്ങളുടെ വിശകലനവും രാഷ്ട്രീയ സംവരണത്തിന് മുമ്പ് ഉണ്ടാകേണ്ട സാമൂഹിക നവീകരണം അടിവരയിടുന്നു. സംവരണവാദികളുടെ പ്രധാനവാദം സ്ത്രീസാക്ഷരതയുടെ താണ നിലയാണ്. സാക്ഷരതയും രാഷ്ട്രീയ ശാക്തീകരണവും തമ്മില്‍ നേര്‍ബന്ധം ഉണ്ടെന്ന വിശ്വാസമാണ് ഈ വാദത്തിന് അടിസ്ഥാനം. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഉയര്‍ന്ന സ്ത്രീസാക്ഷരതയുള്ള വികസിത രാഷ്ട്രങ്ങളില്‍ സ്ത്രീപ്രാതിനിധ്യം പരിമിതമാണ്. അമേരിക്ക-11.7%, ഇംഗ്ളണ്ട് - 9.5% ഫ്രാന്‍സ് -6.4% എന്നിങ്ങനെയാണ് കണക്കുകള്‍. ക്യൂബ, വിയത്നാം തുടങ്ങിയ അല്പ വികസിത രാഷ്ട്രങ്ങളില്‍ സ്ത്രീപ്രാതിനിധ്യം 25 മുതല്‍ 30 ശതമാനം വരെയാണ്.
മറ്റൊരു വാദം രാഷ്ട്രീയ വ്യവസ്ഥക്ക് അനുസരിച്ച് വനിതാ പ്രാതിനിധ്യം ഏറുന്നു എന്നതാണ്. ഇതനുസരിച്ച് ജനാധിപത്യ രാഷ്ട്രങ്ങളില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകേണ്ടതാണ്. അതു ശരിയല്ലെന്ന് ഇന്ത്യതന്നെ തെളിയിക്കുന്നു. എന്നാല്‍ ജനാധിപത്യ രാഷ്ട്രങ്ങളായ നോര്‍സ് രാഷ്ട്രങ്ങളിലെ ഉയര്‍ന്ന- 30 മുതല്‍ 40%വരെ- സ്ത്രീ പ്രാതിനിധ്യം അവഗണിക്കാനുമാകില്ല. ജനാധിപത്യകേന്ദ്രീകരണ പ്രവണതകള്‍ പ്രകടമാക്കിയിരുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥയിലും 20 മുതല്‍ 30% വരെ സ്ത്രീ പ്രാതിനിധ്യമുണ്ട്.
മേല്‍വാദങ്ങള്‍ രാഷ്ട്രീയ സംവരണത്തിന് മുമ്പ് ഉണ്ടാകേണ്ട സാമൂഹ്യ നവീകരണത്തെ ഓര്‍മിപ്പിക്കുന്നു. സ്ത്രീകളുടെ രാഷ്ട്രീയപ്രവേശം തടയുന്ന സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മൂല്യബോധങ്ങള്‍ക്ക് എതിരെ കലാപം സൃഷ്ടിക്കുവാനും അതിലൂടെ പുരോഗാമിയായ മാറ്റങ്ങള്‍ കടഞ്ഞെടുക്കുവാനും അസാമാന്യമായ ധൈര്യവും മേധാശക്തിയും വേണം. ഇത്തരം ധൈര്യത്തിന്റെ വര്‍ണരേണുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരോ നിയമനിര്‍മാതാക്കളോ തെളിയിച്ചിട്ടില്ല. പാര്‍ലമെന്റ് ചമച്ച നിയമങ്ങളിലെ സ്ത്രീവിരുദ്ധത വനിതാസംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് ദേഹണ്ഡം നടത്തിയ രാഷ്ട്രീയക്കാരുടെ വനിതാസംവരണ തീവ്രവാദം ഫലപ്രദമാകുമോ എന്നത് സംശയാസ്പദമാണ്. സംവരണത്തിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്ത് അധികാരത്തിന്റെ ശീതളഛായയില്‍ മേയുകയാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ സ്ത്രീശാക്തീകരണ പ്രേമം അധരങ്ങളില്‍ ഒടുങ്ങുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ ലിംഗഭേദമില്ലാതെ ബത്തയും അലവന്‍സുകളും വര്‍ധിപ്പിക്കുന്നതിനും സൌജന്യയാത്ര, ടെലഫോണ്‍ സൌകര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തിതാല്പര്യങ്ങള്‍ക്കുവേണ്ടി വിലപിക്കുന്നവരായിരിക്കെ വനിതാസംവരണത്തിലൂടെ വര്‍ധിക്കുന്ന സ്ത്രീപ്രാതിനിധ്യം സാമൂഹ്യമുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമെന്നത് വ്യാമോഹം മാത്രമായേക്കും.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രമാണിവര്‍ഗ വനിതകളുടെ വര്‍ധിച്ച പ്രാതിനിധ്യം ദളിത് പിന്നോക്ക വനിതകള്‍ക്ക് സഹായകമാവില്ല. സമ്പന്ന ഗൃഹങ്ങളിലെ വേലക്കാരായ പെണ്‍കുട്ടികളുടെ പീഡ നകഥകള്‍ മാത്രം മതി ഇതിനു തെളിവായി.
തൊഴില്‍ സംവരണം പോലെയല്ല നിയമനിര്‍മാണ സഭകളിലെ സംവരണം. നമ്മുടെത് ഒരു പാര്‍ലമെന്ററി ഭരണക്രമമാണ്. ഇവിടെ പാര്‍ലമെന്റാണ് പരമോന്നത നിയമനിര്‍മാണവേദി. രാഷ്ട്രം നേരിടുന്ന മാരകമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് അവക്ക് പരിഹാരം സൃഷ്ടിക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടതുണ്ട്. ആഗോളവത്കരണത്തിന്റെ അധിനിവേശങ്ങളെ ചെറുക്കുന്നതിന് വിദ്യാഭ്യാസവും കഴിവും ശിക്ഷണയും പ്രതിഭാശക്തിയുമുള്ളവരാകണം നിയമനിര്‍മാതാക്കള്‍. കൂടാതെ നിര്‍ണായക ദേശീയ പ്രശ്നങ്ങളിലും വിദേശകാര്യങ്ങളിലും പ്രതിരോധമേഖലയിലെ വിഷയങ്ങളിലും അവര്‍ക്ക് അറിവുണ്ടാകണം. പാര്‍ലമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ജീര്‍ണത അനുഭവിക്കുകയാണ്. കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുള്ള നിയമനിര്‍മാതാക്കളിലൂടെയേ ഈ ജീര്‍ണത പ്രതിരോധിക്കാനാവൂ. വനിതാസംവരണം ഈ ജീര്‍ണതയെ പ്രതിരോധിക്കാന്‍ കഴിയുന്ന തീക്ഷ്ണ പ്രതിഭയുള്ള വനിതകളെ സഭാതലത്തില്‍ എത്തിക്കുമോ എന്നതാണ് പ്രധാന പ്രശ്നം.
*
ഡോ. കെ സൂര്യപ്രസാദ്, വി കെ രഞ്ജീവ്, കടപ്പാട്: ദേശാഭിമാനി
അധിക വായനയ്ക്ക്
Parliament - still a man's world
Women's reservation bill - A social necessity, national obligation -- By Rajindar Sachar
Woman power
Subscribe to:
Post Comments (Atom)
1 comment:
നിയമനിര്‍മാണ സഭകളില്‍ ഇനിയെങ്കിലും വനിതകള്‍ക്ക് സംവരണം ലഭിക്കുമോ? വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.
2008 മെയ് 7 ന് രാജ്യസഭയിലെ ബില്‍ അവതരണം കലാപാന്തരീക്ഷത്തില്‍ മുങ്ങിപ്പോയത് ദുരന്തസൂചിയാണ്. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് ഇത്തരം അസംബന്ധ നാടകങ്ങളുടെ തനിയാവര്‍ത്തനമാണെന്നതും ബില്ലിന്റെ ചരിത്രസ്മരണകളും ദുരന്ത പരിണിതി അടിവരയിടുന്നു.
ഡോ. കെ സൂര്യപ്രസാദ്, വി കെ രഞ്ജീവ് എന്നിവര്‍ എഴുതിയ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
Post a Comment