ആവശ്യമാണ് സൃഷ്ടിയുടെ മാതാവെങ്കില്‍ സൃഷ്ടിയുടെ പിതാവാരാണ്? ഇക്കഴിഞ്ഞ മിസ് ഇന്ത്യാ സൌന്ദര്യമത്സരത്തിലെ ലാസ്റ്റ്റൌണ്ട് ചോദ്യം. (അതങ്ങനെയാണ്. സൌന്ദര്യമത്സരങ്ങളില്‍ ഇപ്പോള്‍ തൊലിപ്പുറം മാത്രം തിളങ്ങിയാല്‍ പോരാ. തലയ്ക്കകത്തെ സ്ഥിതിയും അറിയണം. അതിനു വേണ്ടി ചില ചോദ്യങ്ങളുണ്ടാകും. ചില ചോദ്യങ്ങള്‍ കേട്ടാല്‍ എല്‍കെജി പിള്ളേര്‍ പോലും ചിരിച്ച് വശംകെട്ടുപോകും. അതുപോട്ടെ) മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു. ബുദ്ധി. ബുദ്ധിയാണ് സൃഷ്ടിയുടെ പിതാവ്. ബുദ്ധിപരമായ ആ ഉത്തരം ജനിച്ച തലയ്ക്കു തന്നെ കിരീടവും ചാര്‍ത്തപ്പെട്ടു. (പാര്‍വതി ഓമനക്കുട്ടന്റെ ചില ഇന്റര്‍വ്യൂകളൊക്കെ ലേഖകന്‍ കണ്ടു. എത്ര നന്നായിട്ടാണ് ആ മറുനാടന്‍ മലയാളിക്കുട്ടി മലയാളം പറയുന്നത്. ബന്ധുത്വങ്ങളെക്കുറിച്ച് കുഞ്ഞമ്മ, മാമി, വലിയമ്മ തുടങ്ങി തനി മലയാളപദങ്ങളുപയോഗിച്ചാണ് സുന്ദരി സംസാരിച്ചത്. ആന്റി, കസീന്‍, നീസ്, അങ്കിള്‍ എന്നൊന്നും പറഞ്ഞുകേട്ടില്ല. നമ്മുടെ നാട്ടിലെ കുട്ടികളെ ഓമനക്കുട്ടി കണ്ടിട്ടില്ലാഞ്ഞിട്ടാകും ഇങ്ങനെ അസല്‍ മലയാളം സംസാരിച്ചത്)
പറഞ്ഞു കാടുകയറിയത് ആവശ്യങ്ങളുടെ സമ്മര്‍ദ്ദമേറുമ്പോള്‍ ബുദ്ധിപരമായി മനുഷ്യന്‍ ഓരോ സൃഷ്ടി നടത്തുന്നതിനെക്കുറിച്ച് ഓര്‍ത്തപ്പോഴാണ്. അല്ലെങ്കില്‍ ബുഫേ ഡിന്നറിനെ നോക്കണം. ഇപ്പോള്‍ വിവാഹം, വിവാഹത്തലേന്ന്, വിവാഹപ്പിറ്റേന്ന്, ബര്‍ത്ത്ഡേ, പാലുകാച്ച്, ഗെറ്റ്റ്റുഗദര്‍ തുടങ്ങി ഒട്ടുമുക്കാല്‍ ആഘോഷവേളകളിലും ഭക്ഷണത്തിന്റെ സമ്പ്രദായം ബുഫേ രീതിയിലേക്ക് മാറിയിരിക്കുകയല്ലേ?
കല്യാണസദ്യയ്ക്ക് തള്ളിക്കയറാന്‍ പതിനെട്ടടവും പയറ്റി പല്ലുപോയ ഏതോ കക്ഷിയുടെ ഭാവനയിലായിരിക്കും പുതിയ മട്ടിലുള്ള ഭക്ഷണവിതരണരീതി ആദ്യമായി ഉദിച്ചത്. അല്ല, എന്തിനും വേണ്ടേ ഒരവസാനം? കല്യാണം പോലുള്ള ആഘോഷവേളകളില്‍ ഭക്ഷണഹാളിനകത്തു കയറിപ്പറ്റാന്‍ മനുഷ്യന്‍ കാണിക്കുന്ന മരണവെപ്രാളം, ചവിട്ട്, ഇടി, കൈമുട്ട്കൊണ്ട് മറ്റവന്റെ പള്ളയ്ക്ക് കുത്തിയകറ്റി ഞെരിഞ്ഞുകയറല്‍, അമറല്‍, അലറല്‍, ആര്‍പ്പുവിളി, ചെരിപ്പിന്റെ വാറുപൊട്ടല്‍, ബാഗിന്റെ വള്ളിപൊട്ടല്‍ തുടങ്ങി ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങളിലെ പൌരന്മാര്‍പോലും കണ്ടാല്‍ 'അയ്യേ' എന്നു പറയുന്ന കലാപരിപാടികളാണ്. പണ്ട് ചേകവന്മാര്‍ അങ്കംവെട്ടാന്‍ പോകുമ്പോഴുള്ള യാത്രയയപ്പുപോലൊക്കെയായിരിക്കും കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ വീടുകളിലും. തിരിച്ചുവന്നാല്‍ വന്നു. അങ്ങനെ കല്യാണ'ക്കളരി'കളില്‍ അങ്കംവെട്ടി മൃതപ്രായനായ ഏതോ സാധു ചിന്തിച്ചിരിക്കും.
എന്താണ് ഇതിനു പോംവഴി. സദ്യാവേളകളില്‍ സഹവര്‍തിത്വവും സമാധാനവും നിലനിര്‍ത്താന്‍ എന്താണു മാര്‍ഗ്ഗം? ഇങ്ങനെ പോയാല്‍ ഭാവിയില്‍ സദ്യയ്ക്ക് തങ്ങുന്നവരെ പിരിച്ചുവിടാന്‍ ക്യാമ്പുകളില്‍ നിന്നും പോലീസിനെ ഇറക്കേണ്ടിവരും. ആകാശത്തേക്ക് വെടി, ജലപീരങ്കി തുടങ്ങിയവ കല്യാണവേളകളില്‍ സാധാരണമാകും. സദ്യാലയത്തോടനുബന്ധിച്ച് ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കും. അച്ഛനെ തള്ളിമാറ്റി മകനും, ഭര്‍ത്താവിനെ തൊഴിച്ചകറ്റി ഭാര്യയും അനന്തരവന്റെ നെഞ്ചത്തുചവിട്ടി അമ്മാവനും അകത്തു കയറാന്‍ മത്സരിക്കുമ്പോള്‍ ബന്ധങ്ങള്‍ ഛിന്നഭിന്നമാകും. കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നതിലൂടെ കാടന്‍ നിയമം തിരികെ വരും. ഇതില്‍ നിന്നൊക്കെ മനുഷ്യരാശിയെ രക്ഷിക്കാന്‍ എന്താണു മാര്‍ഗ്ഗം. ഏതോ ആധുനിക ഐസക് ന്യൂട്ടന്‍ ആലോചിച്ചു. അതാ ആപ്പിള്‍ തലയ്ക്കു വീണതിന്റെ ഉലച്ചിലില്‍ ആശയം പിടികിട്ടിയ ന്യൂട്ടനെപ്പോലെ നമ്മുടെ ആശാനും ആവേശത്തോടെ ചാടിയെണീറ്റു. പണ്ട് ആര്‍ക്കമിഡീസ് 'യുറേക്കാ' എന്നു വിളിച്ചതുപോലെ അദ്ദേഹവും വിളിച്ചുകൂവി ബുഫേക്കാ-അതോടെ ബുഫേ ലഞ്ചുകളുടെ അരങ്ങേറ്റവുമായി.
പരമ്പരാഗത സദ്യയ്ക്കു കയറാനുള്ള രാക്ഷസീയപരാക്രമങ്ങളുടെ അഭാവവും അസാന്നിധ്യവുമാണ് ബുഫേ ലഞ്ചിനെ മറ്റേ സദ്യയില്‍ നിന്നും-സാഹിത്യരീതിയില്‍ പറഞ്ഞാല്‍-വ്യതിരിക്തമാക്കുന്നത്. സദ്യാലയത്തിന്റെ ഷട്ടര്‍ തുറക്കാന്‍ വരുന്നവനെ ഇടിച്ചുവീഴ്ത്തി, കൊന്നും ചത്തും അകത്തു കയറിയിരുന്നവര്‍ ബുഫേ ലഞ്ചില്‍ മര്യാദരാമന്മാരാണ്. കൈയില്‍ പാത്രവും പിടിച്ച് ക്യൂവിലുള്ള ആ നില്‍പ്പ് കാണുന്നില്ലേ. ഭക്ഷണം വിതരണം ചെയ്യുന്നവരുടെ അടുത്തെത്തുമ്പോള്‍ പാത്രം അവരുടെ നേര്‍ക്ക് ദയനീയതയോടെ നീട്ടുന്നതു കാണുന്നില്ലേ. 'അമ്മാ വല്ലതും തരണേ' എന്നുള്ള ദീനവിലാപം ഇല്ലെന്നേയുള്ളൂ. മദ്യവിതരണകേന്ദ്രങ്ങള്‍ക്കു മുമ്പിലാണ് മലയാളികള്‍ ക്യൂവായി നില്‍ക്കുന്നതെന്ന് ഒരു മുന്‍മന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി വേണം. മദ്യശാലയ്ക്കു മുമ്പിലും ബുഫേയുടെ മുമ്പിലും. മന്ത്രിയും കളക്ടറും ഓഫീസറും മേധാവിയും കീഴാവിയും ഒക്കെ പാത്രവും പിടിച്ച് വരിയില്‍ നിന്നേ പറ്റൂ.
ലേഖകനെപ്പോലെ പരമ്പരാഗതസദ്യകളില്‍ നിന്ന് നേരെ ബുഫേയിലേക്ക് വരുന്നവര്‍ക്ക് പുതിയ രീതികളോട് ഇഴുകിച്ചേരാന്‍ ഒരല്‍പ്പം അമ്പരപ്പോ അറിവില്ലായ്മയോ ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ അവര്‍ മുന്നില്‍ നില്‍ക്കുന്നവന്‍ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ അങ്ങനുകരിക്കും. മുമ്പില്‍ നില്‍ക്കുന്നവന്‍ പാത്രമെടുക്കുമ്പോള്‍ നമ്മളും പാത്രമെടുക്കും. പാത്രത്തോടൊപ്പം പലേടത്തും വെച്ചു കാണാറുള്ള പേപ്പര്‍ (എന്താണതിന്റെ പേരെന്ന് കൃത്യമായി അറിയില്ല. കൈതുടയ്ക്കലാണ് അതിന്റെ ധര്‍മ്മമെന്ന് ചിലര്‍ പറയുന്നു. പാത്രത്തില്‍ നിന്ന് ചൂട് ഏല്‍ക്കാതിരിക്കാനാണെന്ന് മറ്റു ചിലര്‍, പാത്രത്തില്‍ നിന്നും എച്ചില്‍ വസ്ത്രങ്ങളില്‍ വീഴാതെ മറയായി പിടിക്കാനെണെന്ന് വേറെ ചിലര്‍, ടിഷ്യൂപേപ്പറെന്നാണ് അതിന്റെ പേരെന്ന് ഇനി ചിലര്‍) കൊണ്ട് മുന്നിലെ കക്ഷി നെറ്റിയിലെ വിയര്‍പ്പ് തുടച്ച് താഴെയിട്ടാല്‍ നമ്മളും അങ്ങനെ ചെയ്യും. 'മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേ' പാത്രവുമായി ലേഖകനെപ്പോലുള്ള ബഹുഗോക്കള്‍ ഗമിക്കും.
രണ്ടാംഘട്ടം
പാത്രമെടുക്കല്‍ എന്ന ഒന്നാംഘട്ടം കഴിഞ്ഞാല്‍ ഭക്ഷണം വാങ്ങല്‍ എന്ന രണ്ടാംഘട്ടമാണ് ബുഫേയില്‍. പാരമ്പര്യസദ്യാസംവിധാനവും ബുഫേ ലഞ്ചും തമ്മിലുള്ള പ്രധാനവ്യത്യാസം ആരംഭിക്കുന്നതും ഇവിടെയാണ്. പരമ്പരാഗതസദ്യയില്‍ ഹാളിനകത്തു കയറിപ്പറ്റാനാണ് വ്യവസ്ഥയില്ലാതിരുന്നത്. എന്നാല്‍ വിളമ്പലിനും ഭക്ഷണം കഴിക്കലിനും ക്രമമായ ചില ചിട്ടകളും മര്യാദകളും സമ്പ്രദായങ്ങളും ഉണ്ട്. എന്നാല്‍ ബുഫേയില്‍ ഭക്ഷണസംവിധാനം ഏതാണ്ട് അരാജകത്വം നിറഞ്ഞതാണ്. ഒറ്റപ്പാത്രമാണ്. അതുമായി ആദ്യവിതരണക്കാരന്റെ മുന്നില്‍ ('അമ്മാ വല്ലതും തരണേ') നീട്ടും. അവിടെ നിന്ന് ഒരു ചപ്പാത്തിയോ, അതുപോലുള്ള ഏതോ പാത്തിയോ വയ്ക്കും. നേരെ അടുത്ത അമ്മയുടെ മുന്നിലേക്ക്. (വല്ലതും തരണേ) 'ങാ കൊണ്ടു പോ കൊണ്ടു പോ' എന്ന വേര്‍ഡിംഗ്സ് ഉള്ളിലെങ്കിലും പറഞ്ഞ് അയാള്‍ ഫ്രൈഡ്റൈസ് ചപ്പാത്തിക്ക് മുകളില്‍ തട്ടും. മുന്നോട്ട് നീങ്ങി (അമ്മാ വല്ലതും തരണേ) ഇന്നാ ചിക്കന്‍ കറി. അടുത്ത വീട്ടിലേക്ക്-വല്ലതും തരണേ- വെജിറ്റബിള്‍ കറി-(വല്ലതും തരണേ) ഗോബി മഞ്ചൂരിയന്‍ (വല്ലതും) സലാഡ്......തുടങ്ങി ആയുര്‍വേദവിധി പ്രകാരം ഒരിക്കലും ഒന്നുചേര്‍ന്നിരിക്കാന്‍ പാടില്ലാത്ത വ്യത്യസ്തസ്വഭാവത്തിലുള്ള ഒരു കൂട്ടം ഭക്ഷണസാധനങ്ങളുടെ ഏകോപനം. പരമ്പരാഗതസദ്യയില്‍ ആശാന്റെ നെഞ്ചത്താണെങ്കില്‍ ഇവിടെ പാത്രത്തിന് പുറത്താണ്. മറ്റേടത്ത് അച്ചാര്‍, അവിയല്‍, കിച്ചടി, തോരന്‍, ചോറ്, ബിരിയാണി, ചിക്കന്‍, ഫ്രൈഡ്റൈസ് എന്നതൊക്കെ വെവ്വേറെയാണെങ്കില്‍ ഇവിടെ ഏകമയം പരബ്രഹ്മം. കൂമ്പാരത്തില്‍ നിന്നു ചപ്പാത്തി വലിച്ചെടുക്കുമ്പോള്‍ ഗോബിയണ്ണന്‍ താഴെ. ചിക്കനെ പിടിയ്ക്കുമ്പോള്‍ കിട്ടുന്നത് ഫിഷ്.
മൂന്നാംഘട്ടം
ആഹാരം കഴിക്കലാണ് മൂന്നാംഘട്ടം. ആഹാരം വാങ്ങാന്‍ ക്യൂവായിട്ട് നിന്നവര്‍ ആഹാരം ഏറ്റുവാങ്ങിക്കഴിഞ്ഞാല്‍ ചിന്നിച്ചിതറുന്നു (അതും പരമ്പരാഗത സദ്യയില്‍ നിന്നും ഭിന്നമാണ്) നമുക്ക് ഇഷ്ടമുള്ള സ്ഥലത്തുനിന്ന് കഴിയ്ക്കാം. നിന്നോ, ഇരുന്നോ, കിടന്നോ, നടന്നോ കഴിക്കാം. നിന്നുകൊണ്ടൊക്കെയുള്ള ഭക്ഷണം കഴിക്കലാണ് സത്യത്തില്‍ ബുഫേയുടെ ഒരു സ്റ്റൈല്‍. കസേരയിലിരുന്ന് മേശപ്പുറത്തുവെച്ചാണ് പാരമ്പര്യഭക്ഷണമെങ്കില്‍ ബുഫേയില്‍ മേശപ്പുറത്തിരുന്ന് കസേരയില്‍ പാത്രം വെച്ച് കഴിക്കാം. വീണെടം വിഷ്ണുലോകം എന്നു പറയുന്നത് ഇതിനെയാണ്.
നാലാംഘട്ടം
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും ഭക്ഷണം വാങ്ങലാണ് നാലാംഘട്ടം. എല്ലും കൊത്തും നടത്തുമൊന്നും വാങ്ങാന്‍ പ്രത്യേകപാത്രമോ സ്ഥലമോ അനുവദിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ കഴിക്കുന്ന പാത്രം തന്നെയാണ് ബുഫേയില്‍ വേസ്റ്റ്പാത്രവും. ബുഫേ ലോകത്തേക്ക് ആദ്യം കാല്‍വെക്കുന്നവര്‍ക്ക് ഭക്ഷണം രണ്ടാമതും എടുക്കാമോ, അത് അനുവദനീയമാണോ എന്നൊക്കെ സംശയമുണ്ടാകാറുണ്ട്. എത്ര വേണമോ കഴിയ്ക്കാം എന്നൊക്കെ പറയുമെങ്കിലും, ചിക്കന്‍ഫ്രൈ തുടങ്ങിയ വിഭവങ്ങളുടെ പുനര്‍വിതരണത്തില്‍ ചില അപ്രഖ്യാപിത കട്ടുകളും നിയന്ത്രണവുമൊക്കെയുണ്ട്.
അഞ്ചാംഘട്ടം
അത് സദ്യയ്ക്കും ബുഫേയ്ക്കും ഒന്നു തന്നെ. കുറ്റം പറച്ചില്‍. സാമ്പാര്‍ ശരിയായില്ല, ശ്ശെ കിച്ചടി മോശം എന്നൊക്കെയാണ് സദ്യയ്ക്കെങ്കില്‍, ചിക്കന്‍ ശരിയായില്ല, ഫിഷ്‌ഫ്രൈ വെന്തില്ല, ചപ്പാത്തിമോശം എന്നൊക്കെ ബുഫേയ്ക്ക്.
നുറുങ്ങ്
ബുഫേ വാസ്തവത്തില്‍ തുടങ്ങിയത് ഇംഗ്ളണ്ടിലോ ഫ്രാന്‍സിലോ ഒക്കെ ആണത്രേ. നമ്മള്‍ ആ മാതൃക പകര്‍ത്തിയതാണ്. ഇതു പോലെ അവര്‍ തിരിച്ചും പകര്‍ത്തിയാലോ. നമ്മുടെ കല്യാണസദ്യകള്‍ അവരും കൂടി അനുകരിച്ചാലോ? ഇംഗ്ളണ്ടിലെയൊക്കെ കല്യാണസ്ഥലങ്ങളില്‍ ഭക്ഷണത്തിനുവേണ്ടിയുള്ള പരാക്രമം അരങ്ങേറിയാലോ. ഹാ! അവര്‍ക്കും അനുകരിക്കാന്‍ തോന്നിയെങ്കില്‍. നമ്മളെ അടിമകളാക്കി വെച്ചതിന് അവര്‍ കുറേ അനുഭവിക്കണം.
മറ്റൊന്നും കൂടി. ഈയിടെ ഒരു ചങ്ങാതി പറഞ്ഞു. മിനിമം ആള്‍ക്കാര്‍ പങ്കെടുക്കുന്നതിനാലാണത്രെ ബുഫേയ്ക്ക് ഈ ഡിസിപ്ലിന്‍. ലേഖകന്‍ ചിന്തിച്ചു. അപ്പോള്‍ ബാഹുല്യമായാലോ. കല്യാണസദ്യയ്ക്ക് കൈവച്ചാണ് തന്നെങ്കില്‍ ബുഫേ സംഘര്‍ഷത്തില്‍ കൈയിലെ പാത്രങ്ങള്‍ എടുത്ത് മറ്റവന്റെ തലയ്ക്ക് വീക്കും.
*
കൃഷ്ണപൂജപ്പുര
Subscribe to:
Post Comments (Atom)
4 comments:
ആവശ്യങ്ങളുടെ സമ്മര്‍ദ്ദമേറുമ്പോള്‍ ബുദ്ധിപരമായി മനുഷ്യന്‍ ഓരോ സൃഷ്ടി നടത്തുന്നതിനെക്കുറിച്ച് ഓര്‍ത്തപ്പോഴാണ്. അല്ലെങ്കില്‍ ബുഫേ ഡിന്നറിനെ നോക്കണം. ഇപ്പോള്‍ വിവാഹം, വിവാഹത്തലേന്ന്, വിവാഹപ്പിറ്റേന്ന്, ബര്‍ത്ത്ഡേ, പാലുകാച്ച്, ഗെറ്റ്റ്റുഗദര്‍ തുടങ്ങി ഒട്ടുമുക്കാല്‍ ആഘോഷവേളകളിലും ഭക്ഷണത്തിന്റെ സമ്പ്രദായം ബുഫേ രീതിയിലേക്ക് മാറിയിരിക്കുകയല്ലേ?
കല്യാണസദ്യയ്ക്ക് തള്ളിക്കയറാന്‍ പതിനെട്ടടവും പയറ്റി പല്ലുപോയ ഏതോ കക്ഷിയുടെ ഭാവനയിലായിരിക്കും പുതിയ മട്ടിലുള്ള ഭക്ഷണവിതരണരീതി ആദ്യമായി ഉദിച്ചത്. അല്ല, എന്തിനും വേണ്ടേ ഒരവസാനം?
കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന..
ഈ നര്‍മ്മഭാവന അസ്സലായിരിക്കുന്നു..
മിസ് ഇന്ത്യയും അല്ല, പാര്‍വതി ഓമനക്കുട്ടനും അല്ല.
പ്രിയ ബാബു
അശ്രദ്ധമൂലം പിണഞ്ഞ തെറ്റ് നര്‍മ്മമൊക്കെ മാറ്റി വച്ച് അംഗീകരിക്കുന്നു.
ചൂണ്ടിക്കാട്ടിയതിന് നന്ദി
ബിന്ദു
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
Post a Comment