Saturday, August 2, 2008

ടി കെ രാമചന്ദ്രനെ വീണ്ടും വായിക്കുമ്പോള്‍

കാലത്തിനുമുമ്പേ നടന്ന മൌലിക പ്രതിഭയായിരുന്നു അകാലത്തില്‍ കൊഴിഞ്ഞ സഖാവ് ടി കെ രാമചന്ദ്രന്‍. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെയും ദര്‍ശനത്തെയും ഇത്രമേല്‍ സ്വായത്തമാക്കിയവര്‍ പുതുതലമുറയില്‍ കുറവായിരിക്കും. സാഹിത്യത്തിലും ദര്‍ശനത്തിലുമുള്ള അഗാധമായ ഉള്‍ക്കാഴ്ചയാണ് സമൂഹം ആരാധിച്ചുവന്ന വിഗ്രഹങ്ങളെ മുഖം നോക്കാതെ ഭഞ്ജിക്കുവാന്‍ അദ്ദേഹത്തെ തുണച്ചിരുന്നത് . മാര്‍ക്സിസത്തിലും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിലും ഗാഢവും സൂക്ഷ്മവുമായ വായനയും പഠനവും നടത്തിയ അദ്ദേഹത്തിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും തീര്‍ത്തും ശാസ്ത്രീയവും കാലോചിതവും ഗണനീയവുമായിരുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യയെ കീഴടക്കാനിരുന്ന ഹിന്ദു-സവര്‍ണ-ബ്രാഹ്മണ ഫാസിസ്റ്റ് അധിനിവേശത്തെ സഖാവ് ടി കെ രാമചന്ദ്രന്‍ എണ്‍പതുകളില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അധിനിവേശം ന്യൂനപക്ഷങ്ങളെ, ദളിതരെ, സ്ത്രീകളെ, കമ്യൂണിസ്റ്റുകാരെ, തൊഴിലാളി പ്രവര്‍ത്തകരെ, ബുദ്ധിജീവികളെ, കലാകാരന്മാരെ, സര്‍ഗാത്മകതയെ, സ്വതന്ത്ര ചിന്തയെ എല്ലാം കൊന്നു തിന്നുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

വിടപറഞ്ഞ സഖാവിന്റെ ഒരു പഴയ ലേഖനം പുന:പ്രസിദ്ധീകരിച്ചുകൊണ്ട് വര്‍ക്കേസ് ഫോറം അദ്ദേഹത്തോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

*

കേരളത്തിലെ സാംസ്ക്കാരിക രംഗം: ഒരു മാര്‍ക്സിയന്‍ വിശകലനം

നാം ബൂര്‍ഷ്വാസിയുടെ കലയെയല്ല, കലയെക്കുറിച്ചുള്ള അവരുടെ സിദ്ധാന്തത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്.
- പിയറി മാഷറി

വിമര്‍ശനത്തില്‍ ശരിയായ വിലയിരുത്തലുകള്‍ ഉണ്ടാവുന്നത് ദൈനംദിന ജീവിതത്തെ ആത്മീയമായി അലിയിച്ച് ഇല്ലാതാക്കുന്നതിലൂടെയല്ല, മറിച്ച് അതുമായി ആര്‍ജവത്തോടെ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെയാണ്.

- ടെറി ഈഗിള്‍ടണ്‍

ആമുഖം

കേരളത്തിലെ സാംസ്ക്കാരിക രംഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒട്ടുമുക്കാലും സാംസ്ക്കാരിക ജീര്‍ണതയെക്കുറിച്ചുള്ള പ്രലപനങ്ങളായാണ് ഒടുങ്ങുന്നത്.’പൈങ്കിളി സാഹിത്യത്തിനും’ ‘കച്ചവട സിനിമയ്ക്കും’ കൈവന്നിട്ടുള്ള വളര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഒരു വശത്ത്. അടയ്ക്കാക്കത്തിയും കഥകളിത്തലയും എന്തിന് , പഴയ തുപ്പല്‍ക്കോളാമ്പിപോലും സ്വീകരണമുറിയില്‍ അലങ്കാര വസ്തുക്കളായി പ്രദര്‍ശിപ്പിക്കുന്ന മധ്യവര്‍ഗ ബുദ്ധിജീവികളുടെ ‘സംസ്ക്കാര’നാട്യം മറു വശത്ത്. ഇതിനെല്ലാം ഇടയില്‍ വിസ്‌മൃതമായിക്കൊണ്ടിരിക്കുന്ന കേരളീയ പാരമ്പര്യം(!?)-ഇങ്ങനെ പോകുന്നു നമ്മുടെ പണ്ഡിത സദസ്സുകളിലെ ഗാന്ധാരി വിലാപം. ഇപ്പോള്‍ തകര്‍ന്നു തുടങ്ങിയിട്ടുള്ള ബ്ലേഡ് കമ്പനികളുടെയും ഊഹക്കച്ചവടക്കാരുടെയും തണലില്‍ വളര്‍ന്ന ‘മ’ പ്രസിദ്ധീകരണങ്ങള്‍ ഇടക്കാലത്ത് കൈവരിച്ചിട്ടുള്ള പ്രചാരം വിസ്‌മയാവഹമാണ്. പ്രദര്‍ശന വിജയം നേടുന്നവ ഏറെ ഉണ്ടാവില്ലെങ്കിലും മലയാളത്തില്‍ വര്‍ഷം തോറും ഇറങ്ങുന്ന സിനിമകളുടെ എണ്ണവും ചെറുതല്ല. ഇതോടൊപ്പം തന്നെ പൈങ്കിളി വിരുദ്ധരും ‘മ’ പ്രസിദ്ധീകരണ വിരുദ്ധരും ഒക്കെയായ ഒട്ടേറെ യുവജനങ്ങളും നമുക്കിടയിലുണ്ട്. ഇടതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരും ആദര്‍ശശാലികളുമാണ് ഇവരില്‍ പലരും. പണ്ടൊക്കെ- അതായത് അറുപതുകളുടെ അവസാനത്തിലും ‘കമ്പോള കലയേയും’ ‘കമ്പോളസിനിമയേയും’ വിമര്‍ശിച്ചുകൊണ്ട് ചെറിയ മാസികകളും അല്പായുസ്സായ ഫിലിം സൊസൈറ്റികളും കൊച്ചു കൊച്ചു ചര്‍ച്ചായോഗങ്ങളും ആയി ഒതുങ്ങിക്കൂടിയിരുന്ന വിഭാഗത്തിന്റെ സ്വാധീനം ഇന്ന് വിപുലമായിത്തീര്‍ന്നിട്ടുണ്ട്. മ’ പ്രസിദ്ധീകരണള്‍ക്കെതിരെ പ്രചാരണജാഥകളും അശ്ലീല പോസ്റ്ററുകള്‍ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളും ഇടതുപക്ഷ യുവജനസംഘടനകളുടെ മുന്‍‌കൈയില്‍ ഇന്ന്‍ നടക്കുന്നുണ്ട്. ഇത് ഒരു നല്ല കാര്യം തന്നെയാണ്.

എന്നാല്‍ ‘സാംസ്ക്കാരിക രംഗത്തെ’ ജീര്‍ണതെക്കെതിരായുള്ള പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം ഭദ്രമാണ് ? ഇവയുടെ സങ്കല്പനോപാധികളും വിശകലന രീതികളും മാക്സിയന്‍ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ പിഴവറ്റതാണോ? ഈ പ്രസ്ഥാനങ്ങളുടെ മുന്‍‌വിധികളെ എങ്ങനെയാണ് നാം വിലയിരുത്തേണ്ടത്? ഈ ചോദ്യങ്ങള്‍ ഇന്ന് അത്യന്തം പ്രസക്തമായിട്ടുണ്ട്. ‘മ’ പ്രസിദ്ധീകരണ വിരുദ്ധസമരം മാസികകള്‍ തീയിടുന്നതിലേക്കും പൈങ്കിളി വിരുദ്ധ പ്രസ്ഥാനം ‘പൈങ്കിളി വായിക്കൂ, പ്രേമിക്കൂ, ആത്മഹത്യ ചെയ്യൂ’ തുടങ്ങിയ അബദ്ധമായ ചില സൂത്രവാക്യങ്ങള്‍ ഉന്നയിക്കുന്നതിലേയ്ക്കും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള (തികച്ചും ന്യായമായ) വാഞ്‌ഛയും മത ഭ്രാന്തു പോലെ അന്ധമായ (മാക്സിസത്തിന് തീരെ അന്യമായ) യുക്തിവാദവും കൂടിക്കുഴഞ്ഞ് സാമുദായിക കലാപങ്ങള്‍ക്കുവരെ വഴിമരുന്നിടുന്ന അപകടകരമായ അവസ്ഥയിലേക്കുമൊക്കെ ഈ യുവജനവിഭാഗം ഇടയ്ക്കൊക്കെ നീങ്ങിപ്പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സാംസ്ക്കാരിക അവസ്ഥയെപ്പറ്റിയും അതിനെ വിമര്‍ശന വിധേയമാക്കാനുള്ള സങ്കല്പനോപാധികളെപ്പറ്റിയും മാര്‍ക്സിസ്റ്റുകള്‍ക്കും പുരോഗമനവാദികള്‍ക്കും ഇടയില്‍ നിഷ്‌കൃഷ്ടവും തുറന്നതുമായ സൈദ്ധാന്തിക ചര്‍ച്ചകള്‍ അത്യാവശ്യമാണ്. അത്തരത്തില്‍ ഒരു ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ മാത്രമേ ഈ ലേഖനത്തില്‍ ശ്രമിക്കുന്നുള്ളൂ.

സാംസ്‌കാരിക വിമര്‍ശം: മാര്‍ക്സിസ്റ്റ് മാനദണ്ഡം

‘സംസ്‌കാരമെന്ന വാക്കു കേട്ടാല്‍ ഉടനെ തോക്കെടുക്കാനാണ് എനിക്ക് തോന്നുന്നത് ’എന്ന് ഹിറ്റ്ലറുടെ സാംസ്‌കാരിക വകുപ്പ് മേധാവി പറഞ്ഞത് ആകസ്മികമല്ല. കാരണം, സംസ്‌കാരമെന്ന പദം തന്നെ മൂക്കറ്റം പ്രത്യയശാസ്ത്രത്തില്‍ മുങ്ങി നില്‍ക്കുന്ന ഒന്നാണ്. ഒറ്റയ്ക്കും പദസംഘാതങ്ങളിലും നാനാര്‍ത്ഥവാചിയായി പ്രത്യക്ഷപ്പെടുന്ന ‘സംസ്‌കാര’ ശബ്ദത്തിന് സഭവിച്ചിട്ടുള്ള അര്‍ത്ഥപ്പകര്‍ച്ചയുടെ ചരിത്രം തന്നെ ഈ വാക്കിന്റെ പ്രത്യയശാസ്ത്രപരതയുടെ പ്രകടമായ തെളിവാണ്. ‘സംസ്കരിക്കുക, സംസ്കരിച്ചെടുക്കുക ’ തുടങ്ങിയ ശുദ്ധീകരണത്തേയും സ്‌ഫുടപാകത്തേയും സൂചിപ്പിക്കുന്ന പ്രയോഗങ്ങളില്‍ ഇതിന്റെ മൂലാര്‍ത്ഥം ഇപ്പോഴും ഒളിമിന്നുന്നുണ്ട്. നാം ഉപയോഗിക്കുന്ന സംസ്-കാരം എന്ന വാക്കിന്റെ തത്‌സമമായ ‘കള്‍ച്ചര്‍‘ എന്ന ഇംഗ്ലീഷ് പദത്തിന് സംഭവിച്ചിട്ടുള്ള അര്‍ത്ഥമാറ്റങ്ങളും ഏതാണ്ടിതുപോലെ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. റെയ്‌മണ്ട് വില്യംസ് തന്റെ ‘കള്‍ച്ചര്‍‘ (ഫൊണ്ടാന, 1983 പതിപ്പ്) എന്ന ഗ്രന്ഥത്തില്‍ ഇതേപ്പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്നുണ്ട്. (പേജുകള്‍ 10-16).

വിത്തുകളെയും ചെടികളെയും സംസ്കരിച്ചെടുക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന ഒരു പദമായാണത്രെ ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍‘ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇംഗ്ലീഷിലും ജര്‍മ്മന്‍ ഭാഷയിലും ആത്മാവിഷ്ക്കാരത്തെ സൂചിപ്പിക്കുന്ന ഒരു നാമപദമായും മനുഷ്യമനസ്സിനെ വികസ്സിപ്പിച്ചെടുക്കുക എന്ന അര്‍ത്ഥത്തില്‍ ക്രിയാപദമായും ഇത് ഉപയോഗിക്കപ്പെട്ടു തുടങ്ങി. പ്രധാനമായും മൂന്ന് ഭിന്നാര്‍ത്ഥങ്ങളാണ് ഇംഗ്ലീഷില്‍ ഇന്ന് ഈ പദത്തിനുള്ളത്.

ഒന്ന് : വികസിതമായ മാനസികാവസ്ഥ( ഉദാ: സംസ്‌കാരമുള്ളവന്‍ Man of Culture)
രണ്ട് : ഈ അവസ്ഥയിലേക്കുള്ള വികാസ പ്രക്രിയ ( ഉദാ: സംസ്കാരത്തിലുള്ള താത്‌പര്യം, സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ - cultural interests, cultural activities)
മൂന്ന് : ഈ പ്രക്രിയക്ക് സഹായകമാകുന്ന ഉപാധികള്‍ ( ഉദാ: കല, മാനുഷിക ബൌദ്ധിക വ്യാപാരങ്ങള്‍ -The arts, Human Intellectual works).

ഇതില്‍ മൂന്നാമത്തെ അര്‍ഥത്തിനാണ് ഇന്ന് മുന്‍‌തൂക്കമെന്ന് വില്യംസ് പറയുന്നുണ്ട്. ഇംഗ്ലീഷില്‍ ‘കള്‍ച്ചര്‍’ എന്ന പദത്തിന് സംഭവിച്ചിട്ടുള്ള അര്‍ത്ഥപ്പകര്‍ച്ച ഇത്തരത്തിലായിരുന്നുവെങ്കിലും ഈ മുഖ്യധാരയ്ക്കൊപ്പം തന്നെ, കുറെക്കൂടി വിപുലമായ മറ്റൊരര്‍ത്ഥം കൂടി ഒരു അന്തര്‍ധാരയായി വര്‍ത്തിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഒരു ജനതയുടെ മുഴുവന്‍ ജീവിത ശൈലിയേയും സൂചിപ്പിക്കുന്ന ഒന്നായി ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ താരതമ്യപഠനപരമായ നരവംശ ശാസ്ത്രത്തിന്റെ വികാസത്തോടെ ഈ അര്‍ത്ഥത്തിന് ഊന്നല്‍ ലഭിക്കുകയുണ്ടായി. ഇന്നും സാമൂഹികശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഈ അര്‍ത്ഥം സജീവമായി നിലനില്‍ക്കുന്നുണ്ട്.

മലയാളത്തിലും ‘സംസ്കാര’ശബ്‌ദത്തിന്റെ ഭിന്നാര്‍ത്ഥങ്ങളെ ഈ രീതിയില്‍ വിശകലനം ചെയ്യാവുന്നതാണ്. ഏറെ വിപുലവും സാമാന്യം ഇടുങ്ങിയതുമായ രണ്ട് വ്യത്യസ്ത അര്‍ത്ഥങ്ങളിലാണ് നാം ഈ പദം ഉപയോഗിച്ചുപോരുന്നത്. ഒരു ജനതയേയോ ഒരു വിഭാഗത്തേയോ പൊതുവില്‍ ഭരിക്കുന്ന ആചാരങ്ങളും പെരുമാറ്റരീതിയും മൂല്യസങ്കല്പങ്ങളും എല്ലാം ചേര്‍ന്ന ഒന്നിനെയാണ് വിപുലമായ അര്‍ത്ഥത്തില്‍ സംസ്കാരമെന്ന പദം കൊണ്ട് നാം വിവക്ഷിക്കാറ്. തൊഴിലാളി വര്‍ഗസംസ്കാരം, ബൂര്‍ഷ്വാ സംസ്കാരം തുടങ്ങിയ പ്രയോഗങ്ങള്‍ ഇത്തരത്തിലുള്ളതാണ്. എന്നാല്‍ സാഹിത്യാദി കലാരൂപങ്ങളിലെ ഉത്കൃഷ്ടമാതൃകകളുടെ സംഘാതത്തെ മുന്‍‌നിറുത്തിയും സംസ്കാരമെന്ന വാക്ക് നാം ഉപയോഗിക്കാറുണ്ട്. സാംസ്കാരിക പൈതൃകം, കേരളസംസ്കാരം തുടങ്ങിയ സംജ്ഞകളില്‍ ഈ ഇടുങ്ങിയ അര്‍ത്ഥമാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്കാരമുള്ളവന്‍ അല്ലെങ്കില്‍ സംസ്കാരശൂന്യന്‍ ഇത്യാദി പ്രയോഗങ്ങളിലാവട്ടെ സംസ്ക്കാരവും മൂല്യസങ്കല്പങ്ങളുമായുള്ള ഗാഢബന്ധം വ്യക്തമാണ്. ഈ ഭിന്നപ്രയോഗങ്ങളെല്ലാം പ്രത്യയശാസ്ത്രപരമായ മുന്‍‌ധാരണകളുമായി കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. ഒറ്റ നോട്ടത്തില്‍ അതി വ്യത്യസ്തമെന്ന തോന്നലുളവാക്കുന്നവയാണ് ഈ പ്രയോഗങ്ങള്‍. എന്നാല്‍ സമൂഹത്തെയാകെ ഒരു ജൈവപൂര്‍ണതയായി കാണുന്ന മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സംസ്ക്കാരശബ്‌ദത്തില്‍ നാനാര്‍ത്ഥങ്ങള്‍ അന്യോന്യ പൂരകങ്ങളാണ്. ദൈനംദിന ജീവിതത്തിന്റെ സൂഷ്‌മതലം മുതല്‍ രാഷ്ട്രീയം, തത്ത്വചിന്ത, സാഹിത്യവിചാരം തുടങ്ങിയ പ്രക്രിയകളുടെ സമഗ്രതലം വരെ പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നത് എന്ന തിരിച്ചറിവ് അടിസ്ഥാനപരമാണ്. ‘എല്ലാവരും തത്വചിന്തകരാണ് ’ എന്ന അറ്റോണിയോ ഗ്രാംഷിയുടെ നിദര്‍ശനത്തിന്റെ വ്യാപ്തിയും പ്രസക്തിയും ഇവിടെയാണ് പ്രകടമാവുന്നത്.

സാംസ്കാരികപൈതൃകം തുടങ്ങിയ താരതമ്യേന നിര്‍ദ്ദോഷവും രാഷ്ട്രീയ വിവക്ഷകളില്ലാത്തതെന്ന പ്രതീതിയുളവാകുന്നതുമായ സങ്കല്പങ്ങളുടെ ആശയവാദപരമായ ഉള്ളടക്കം അല്പം ചുഴിഞ്ഞുനോക്കിയാല്‍ വ്യക്തമാവും. ജനജീവിതത്തിന്റെ സമഗ്രമണ്ഡലത്തെ പൂര്‍ണ്ണമായും വിസ്മരിച്ച് അതില്‍ നിന്നും പിറവിയെടുക്കുന്ന ചില കലാമാതൃകകളെ മാത്രം അടര്‍ത്തിയെടുത്ത് കൃത്രിമമായും ചരിത്രനിരപേക്ഷമായും ആദര്‍ശവല്‍ക്കരിച്ചാണ് ഉപരിവര്‍ഗപ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഈ പൈതൃക സങ്കല്പത്തെ മെനഞ്ഞെടുക്കുന്നത്. സംസ്കാരം എന്ന പദം തന്നെയാണ് കള്‍ച്ചറിനും സിവിലൈസേഷനും നാം ഉപയോഗിച്ചു പോരുന്നത് എന്നതില്‍ നിന്നു തന്നെ ഈ പ്രത്യയ ശാസ്ത്രമിഥ്യയുടെ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് ഊഹിക്കാവുന്നതേയുള്ളു. ചോദ്യം ചെയ്യേണ്ടതുപോലുമില്ലെന്ന രീതിയില്‍ നമ്മുടെ സാംസ്കാരികനായകന്മാരും നിരൂപകരും ചിന്തകരുമെല്ലാം അംഗീകരിച്ചുപോരുന്ന ഈ പ്രത്യയശാസ്ത്രധാരണയുടെ ചരിത്രവും അതിദീര്‍ഘമാണ്. അയോണിലും (ion) മറ്റും ആവിഷ്കൃതമാകുന്ന പ്ലാറ്റോയുടെ കാവ്യസങ്കല്പങ്ങളോളവും ലോഞ്ചയിനസിന്റെ ഉദാത്തവത്ക്കരണ സിദ്ധാന്തത്തോളവും പ്രാചീന കാവ്യമീമാംസയോളവും പഴക്കമുള്ളതാണ് ഈ ആശയവാദമിഥ്യ. കോള്‍‌റിഡ്‌ജിന്റെയും ഷെല്ലിംഗിന്റെയും മറ്റും കാല്‍പ്പനിക സിദ്ധാന്തങ്ങളുടെ വിരല്‍പ്പാടുകളും ഇതില്‍ തെളിഞ്ഞുകാണാനുണ്ട്. എലിയട്ടിനെയും എസ്രാപൌണ്ടിനെയും പോലുള്ള പ്രതിലോമകാരികളായ സാഹിത്യമീമാംസകരുടെ വരേണ്യവാദപരമായ (Elitist) സമീപനങ്ങളും സംസ്കാരപദത്തെ സാമാന്യ ജീവിതത്തിന്റെ ഊഷരഭൂമിയില്‍ നിന്നടര്‍ത്തിയെടുത്ത് അമൂര്‍ത്തവല്‍ക്കരണങ്ങളുടെ സങ്കുചിതമായ അറകളില്‍ തളച്ചിടുന്നതില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ആധുനികതയുടെ സൈദ്ധാന്തികരായി മലയാള സാഹിത്യരംഗത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന - അക്കാദമീയ തലങ്ങളില്‍ ഈ രോഗം അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല- നിരൂപകരായിരുന്നു എലിയട്ടും എസ്രാപൌണ്ടുമെന്നത് സ്മരണീയമാണ്.

ജനതയുടെ ജീവിതത്തില്‍ നിന്ന് വിഗ്രഹമോഷ്ടാക്കളെപ്പോലെ കലാരൂപങ്ങളെ അപഹരിച്ച് മ്യൂസിയത്തിലെ ചില്ലലമാരകളിലും മുതലാളിമാരുടെ സ്വീകരണമുറികളിലും അടച്ച് ‘ഇതാ സംസ്കാരം, ഇതാ പൈതൃകം’ എന്ന് പ്രഖ്യാപിക്കുന്നിടത്ത് ഇവരുടെ പ്രത്യയശാസ്ത്രപ്രവര്‍ത്തനം അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത ഈ രൂപങ്ങളെ അമൂര്‍ത്തവല്‍ക്കരണങ്ങളുടെ വിഭ്രാത്മകമായ ആടയാഭരണങ്ങള്‍ ആണിയിച്ച് “ഇതാ നിങ്ങള്‍ അനുകരിക്കേണ്ട മാതൃകകള്‍” എന്ന രീതിയില്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ധാര്‍ഷ്‌ട്യവും ഇവര്‍ പ്രകടിപ്പിക്കുന്നു. ‘ദൂരദര്‍ശനിലും’ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലുമൊക്കെ സസ്കാരത്തെ അത്യുല്‍ഗ്രഥനപര്‍വും ഒട്ടൊക്കെ ആക്രമോത്സുകവുമായ ദേശീയവാദത്തിന്റെ പ്രചരണോപാധിയായി ഉപയോഗിക്കുവാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുന്നുണ്ട്. ദൈനംദിനമെന്നോണം ജീവനോടെ ചുട്ടുകരിക്കപ്പെടുന്ന കര്‍ഷകരോട് ഇന്ത്യയുടെ മഹത്തായ ആത്മീയ സഹന പൈതൃകത്തെപ്പറ്റിയും പീഡിപ്പിക്കപെടുന്ന സ്ത്രീജനങ്ങളോട് ഭാരതീയ സ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റിയും , എല്ലാ വര്‍ഗീയ കലാപങ്ങളിലും അവസനം ഇരകളായിത്തീരുന്ന ന്യൂനപക്ഷങ്ങളോട് ഭാരതത്തിന്റെ മതസഹിഷ്ണുതാ പാരമ്പര്യത്തെപറ്റിയുമുള്ള ഉദ്‌ഘോഷങ്ങള്‍ എത്ര ക്രൂരമാണെന്ന് നാം ആലോചിക്കാറുപോലുമില്ല എന്നത് ചിന്താര്‍ഹമാണ്. ‘ദൂരദര്‍ശനെ’ പ്പറ്റി പൊതുവെ വിമര്‍ശനാത്മകമായ സമീപനം സ്വീകരിക്കുന്ന സ്ത്രീകളായ വിമര്‍ശകര്‍ പോലും ഉച്ചാരണതെറ്റുകളും കലാപരമായ പാളിച്ചകളും ചൂണ്ടിക്കാട്ടി തങ്ങളുടെ പതിവ് കോളങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്നത് ഖേദകരമാണ്. നമ്മുടെ സംസ്ക്കാരത്തിന്റെ വമ്പിച്ച നേട്ടങ്ങളായി കൊണ്ടാടപ്പെടുന്ന ക്ഷേത്രശില്‍പ്പങ്ങളുടെയും ചുവര്‍ചിത്രങ്ങളുടെയും യഥാര്‍ഥ സൃഷ്ടാക്കളുടെ പേരുകള്‍ പോലും നമുക്കിന്ന് അജ്ഞാതമാണ് എന്നോര്‍ക്കുമ്പോഴാണ് ഈ ക്രൂരമായ വഞ്ചനയുടെ വിശ്വരൂപം വെളിവാകുന്നത്. ഈ ശില്പികള്‍ മിക്കവാറും താഴ്ന്നജാതിക്കാര്‍ തന്നെയായിരുന്നു എന്നതു തന്നെയാണ് അവര്‍ക്ക് പേരില്ലാതെ പോകാനിടയാക്കിയത്. പക്ഷെ, വര്‍ഗപരവും
വര്‍ണപരവുമായ അടിച്ചമര്‍ത്തലിന്റെ ഭീഷണമായ ചരിത്രം, ഭാരതീയ ആത്മീയതയുടെ ആവിഷ്കാരങ്ങളായി, ഈ കലാരൂപങ്ങളെ വിശദീകരിച്ച് തൃപ്തിയടയുന്ന ആനന്ദ കുമാരസ്വാമിയെപ്പോലെയുള്ള ആശയവാദികള്‍ പൂര്‍ണമായും വിട്ടു കളയുന്നു എന്നതും ആകസ്മികമല്ല.1

ഇങ്ങനെ നോക്കുമ്പോള്‍ സംസ്കാരം എന്ന പദത്തെ പ്രത്യയശാസ്ത്രത്തിന്റെ പുകമറയില്‍ നിന്ന് പുറത്തുകൊണ്ടുവരിക എന്നതു തന്നെ വര്‍ഗസമരത്തിന്റെ ഒരു സവിശേഷ ദൌത്യമായിത്തീരുന്നുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനെന്ന് അഭിമാനിക്കുന്ന തന്റെ സുഹൃത്ത് സ്വീകരണമുറിയിലെ വെറ്റിലച്ചെല്ലവും കഥകളിത്തലയുമെല്ലാം അഭിമാനപൂര്‍വം കാട്ടിക്കൊടുത്തപ്പോള്‍ ‘ ഇതൊക്കെക്കൊണ്ടു പോയി കള കേരളത്തില്‍ രണ്ടേ രണ്ടു സാംസ്കാരിക ചിഹ്നങ്ങളേയുള്ളു- ഈഴവ ശിവനെ പ്രതിഷ്ഠിക്കാന്‍ നാരായണഗുരു എടുത്ത പാറക്കല്ലും പുന്നപ്ര- വയലാറിലെ വാരിക്കുന്തവും : വേണമെങ്കില്‍ അത് കൊണ്ടുവന്ന് വെക്കാന്‍ നോക്കൂ’ എന്ന് കോപിച്ച ഇടതുപക്ഷ പ്രവര്‍ത്തകന്റെ വാക്കുകളില്‍ , അത്യുക്തിയാണെങ്കില്‍‌പോലും ജ്വലിച്ച് നില്‍ക്കുന്നത് ഈ ബോധം തന്നെയാണ്. തീര്‍ച്ചയായും ഇന്നിതൊരു സജീവ രാഷ്ട്രീയ പ്രശ്നം തന്നെയാണ്. ബി എം ഗഫൂറിന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. ‘മുണ്ടു മടക്കിക്കുത്തി, തലേക്കെട്ടും കെട്ടി മുറിബീഡിയും വലിച്ച് ’ നില്‍ക്കുന്ന ചുമട്ടുതൊഴിലാളികളുടെ ഹാസ്യചിത്രം ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ ഉണര്‍ത്തുന്ന ചിരി ഒരേ സമയം തൊഴിലാളിവര്‍ഗസംസ്കാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെയും ഉപരിവര്‍ഗത്തിന്റെ പ്രത്യയശാസ്ത്ര ധാര്‍ഷ്ട്യത്തെ ചെറുക്കേണ്ട ആവശ്യകതയെയും കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘സിഗരറ്റു പോലും വലിക്കാത്ത ’ചുളി വീഴാത്ത മഞ്ഞളിച്ച ഷര്‍ട്ടും ഗോപിക്കുറിയുമായി അമ്പലമുറ്റത്തും ഭാരതീയ സംസ്കാരത്തെ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന തപസ്യായോഗങ്ങളിലും പ്രത്യക്ഷപ്പെട്ട് ഹൈന്ദവ വര്‍ഗീയതയുടെ വിഷബീജങ്ങള്‍ പ്രസരിപ്പിക്കുന്ന യുവജനങ്ങള്‍ മാന്യതയുടേയും സംസ്കാരത്തിന്റേയും പ്രതീകമായി വ്യാപകമായി വിവാഹാലോചനയുടെ സമയത്ത് ഇടതുപക്ഷ കുടുംബങ്ങളില്‍‌പോലും തെറ്റിദ്ധരിക്കപ്പെട്ടുപോരുന്നുണ്ട് എന്നതും ആശങ്ക ഉണര്‍ത്തുന്നു. ആട്ടക്കഥകളുടെ തടിച്ച ‘വാല്യങ്ങളും’ ഭേസി കളിയരങ്ങിനു മുമ്പില്‍ നിസ്തേജരായിരുന്നു കഥയറിയാതെ ആട്ടം കാണുന്ന ഇവരുടെ ദൈന്യം കലര്‍ന്ന ഹാസ്യചിത്രം ഒരു കാര്‍ട്ടൂണിസ്റ്റിന്റേയും ദൃഷ്ടിയില്‍ ഇനിയും പെട്ടിട്ടില്ല എന്നത് യാദൃച്ഛികമല്ല. സാംസ്കാരിക രംഗത്ത് പണിക്കന്മാരേയും മാടമ്പികളേയും വെറുപ്പിക്കാവുന്നിടത്തോളം ശക്തമല്ലല്ലോ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളുടെ നര്‍മ/ധര്‍മ ബോധം.

മാര്‍ക്സിയന്‍ സമീപനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍

‘മ’ പ്രസിദ്ധീകരണ വിരുദ്ധ പ്രചാരണങ്ങളിലും സാംസ്കാരികരംഗത്തെ ജീര്‍ണ്ണതക്കെതിരായ പ്രഖ്യാപനങ്ങളിലും പ്രകടമാവുന്ന ചിന്താകാലുഷ്യവും അവ്യക്തതയും, സാംസ്കാരിക പ്രതിഭാസങ്ങളെ വിശകലനം ചെയ്യാന്‍ , നിഷ്‌കൃഷ്ടവും, സങ്കോചം കൂടാതെ വര്‍ഗപക്ഷപാതം പ്രകടിപ്പിക്കുന്നതുമായ ഒരു വൈരുദ്ധ്യാത്മക രീതിശാസ്ത്രം കരുപ്പിടിപ്പിക്കേണ്ടതിന്റെ അടിയന്തിര പ്രസക്തിയിലേക്കുള്ള ചൂണ്ടുപലകകളാണ്. ഇടതുപക്ഷ സംഘടനകളുടെ ഗൌരവസ്വഭാവമാര്‍ന്ന സാംസ്കാരിക യോഗങ്ങളില്‍ പോലും ‘സിദ്ധാന്തമായി’ അവതരിപ്പിക്കപ്പെടുന്നത് ബൂര്‍ഷ്വാ അക്കാദമീയ കലാസങ്കല്പങ്ങളുടെയും പാതിവെന്ത മാര്‍ക്സിയന്‍ പരികല്‍പ്പനകളുടേയും അവിയല്‍ പരുവത്തിലുള്ള ചേരുവകളാണെന്ന് പറയാതെ വയ്യ. ഇതിനപവാദങ്ങളില്ലെന്നല്ല. പക്ഷെ, മിക്കപ്പോഴും മഹാഭാരതത്തിന്റെ കലാമേന്മയിലും ഭാരതീയ തത്വചിന്തയുടെ - ശങ്കരാചാര്യരുടേതടക്കം(!!!)- മഹത്വത്തിലും ഒക്കെ അഭിരമിച്ച് ചര്‍ച്ച ചെയ്യുന്ന നമ്മുടെ ‘ഇടതുപക്ഷ’ സാംസ്കാരിക പണ്ഡിതര്‍ സംസ്കാരത്തെപ്പറ്റിയുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിനെപ്പറ്റി അധികമൊന്നും പറയാന്‍ സമയം കണ്ടെത്താറില്ലെന്നത് തീര്‍ച്ചയായും വിമര്‍ശനീയമാണ്. അടുത്തകാലത്ത് നടന്ന ഒരു സര്‍വീസ് സംഘടനയുടെ യോഗത്തില്‍ ഭാരതീയ (ഹൈന്ദവ)പാരമ്പര്യത്തിന്റെ മഹത്വത്തെപ്പറ്റി ദീര്‍ഘമായിത്തന്നെ സഖാക്കളെ ബോധവത്ക്കരിച്ച ഒരു സാഹിത്യകാരന്‍ തന്റെ ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ചത്-‘ ഇതിനെയൊക്കെ പുനരുദ്ധരിക്കാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഇതിനെതിരായി നാം ജാഗ്രത പുലര്‍ത്തണം’എന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. ഇതൊക്കെ ഇത്ര മഹത്താണെങ്കില്‍ പിന്നെ അവ പുനരുദ്ധരിക്കപ്പെടുന്നതില്‍ എന്താണ് തെറ്റ് എന്ന അങ്കലാപ്പാണ് പല സഖാക്കളിലും ഇത് അവശേഷിപ്പിച്ചത്. അതുപോലെ തന്നെ, ശങ്കരാചാര്യരെ വിലയിരുത്തുമ്പോള്‍ പഴയ ഇന്തോളജിസ്റ്റുകളുടെ ശൈലിയില്‍ അദ്ദേഹത്തിന്റെ തത്വചിന്തകനെന്ന നിലയിലുള്ള ഔന്നത്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ആ തത്വചിന്തയുടെ പ്രതിലോമസ്വഭാവത്തെപ്പറ്റിയും ചരിത്രത്തില്‍ അതു വഹിച്ച വര്‍ഗപരമായ പങ്കിനെപ്പറ്റിയും നിശബ്ദത പാലിക്കുകയും ചെയ്യുന്ന ഇവര്‍ ശങ്കരനെ മതഭ്രാന്തനെന്നും ഒരു അസ്സല്‍ ദക്ഷിണേന്ത്യന്‍ ശാന്തിക്കാരന്‍ എന്നും വിശേഷിപ്പിച്ച വിവേകാനന്ദന്റെ ലിബറല്‍ ദര്‍ശനത്തോളം പോലും ഉയരുന്നില്ല എന്നതും ആശ്ചര്യജനകമാണ്.

ജനപ്രിയ കലാരൂപങ്ങളുടെ പ്രതിലോമസ്വഭാവത്തെപ്പറ്റിയുള്ള ചര്‍ച്ചകളിലും ഇത്തരം ആശയക്കുഴപ്പങ്ങള്‍ സുലഭമായി കാണാനുണ്ട്. കമ്പോള സിനിമ / ആര്‍ട്ട് സിനിമ, പൈങ്കിളി സാഹിത്യം / ഗൌരവ സാഹിത്യം തുടങ്ങിയ മാര്‍ക്സിയന്‍ നിരൂപണത്തിന് തികച്ചും അന്യമായ ബൂര്‍ഷ്വാ നിരൂപണ ഗുണങ്ങളില്‍ നിന്നാണ് പലരും ആരംഭിക്കുന്നത്. അടിസ്ഥാനപരമായ ഒരു ഇരട്ടത്തെറ്റിലാണ് ഈ കലാവീക്ഷണത്തിന്റെ ഉറവിടം. ഒന്നാമതായി കലാവ്യാപാരത്തെ ഇത് വര്‍ഗനിരപേക്ഷമായി കാണുന്നു. ബൂര്‍ഷ്വാ വിമര്‍ശകരെപോലെ ‘തികച്ചും’ സൌന്ദര്യശാസ്‌ത്രപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയത്തിന് ഒരുമ്പെടുന്നു. അപ്പോള്‍ ഒ വി വിജയനേയും അരവിന്ദനേയും പോലുള്ള പ്രതിലോമകാരികള്‍ക്ക്, എതായാലും അവര്‍ ‘നല്ല കലാകാരന്മാരാണല്ലോ’ എന്ന രീതിയില്‍ ഒരു സമ്മാന്യമായ സ്ഥാനവും പ്രത്യേക പരിഗണനയും ആദ്യം മുതല്‍ക്കേ കല്പിച്ചു കിട്ടുന്നു. ‘ഭാരതത്തിന്റെ അഭിമാനമായി’ ഇടതുപക്ഷ പത്രങ്ങള്‍പോലും അവരെ കൊണ്ടാടുന്നു. ഇവരുടെ സൃഷ്ടികള്‍ പ്രസരിപ്പിക്കുന മാരകമായ പ്രത്യയശാസ്ത്രം മിക്കവാറും വിമര്‍ശിക്കപ്പെടാതെ പോകുന്നു. മാത്രവുമല്ല അതീവ പരിഷ്‌കൃതമായ ഗോപനക്രിയകളിലൂടെ ആച്ഛാദിതമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഈ പ്രത്യയശാസ്ത്രരൂപങ്ങളും ജനപ്രിയ കലാമാദ്ധ്യമങ്ങളില്‍ അവതരിക്കുന്ന ഇവയുടെ സരളരൂപങ്ങളും തമ്മിലുള്ള നാഭീനാളബന്ധം വിസ്‌മൃതമാവുന്നു. ഉത്‌പാദന വ്യവസ്ഥയെയും രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കലാസാംസ്കാരിക പ്രതിഭാസങ്ങളെയുമെല്ലാം സുഘടിതമായൊരു ജൈവസമഗ്രതയായി തിരിച്ചറിയുന്നതില്‍ നമ്മുടെ ഇടതു പക്ഷനിരൂപകര്‍ക്ക് സംഭവിക്കുന്ന പരാജയമാണ് ഇതിന് കാരണം. ഈ അവസ്ഥയെ മറികടാക്കാന്‍ ജനപ്രിയകലയെപ്പറ്റിയുള്ള അന്റോണിയോ ഗ്രാംഷിയുടെ സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ ഏറെ സഹായകമാണ്. ‘മഹാന്മാരായ’ തത്ത്വചിന്തകരുടെ താഴികക്കുടങ്ങള്‍ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ക്രോഡീകൃതമായ ചിന്താപദ്ധതികളും സാമാന്യബോധത്തിന്റെയും പഴഞ്ചൊലുകളുടെയും ആപ്തവാക്യങ്ങളുടെയും അന്യാപദേശ കഥകളുടെയും ഒക്കെ രൂപത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ള ഉപരിവര്‍ഗ ആശയങ്ങളും ഒരേ പ്രത്യയശാസ്ത്ര പ്രാകാരത്തിന്റെ തന്നെ ഭിന്നഭാഗങ്ങളാണെന്ന് ഗ്രാംഷി ചൂണ്ടിക്കാണിക്കുന്നു.

ഒരുദാഹരണത്തിലൂടെ ഗ്രാംഷിയുടെ ഈ ആശയം വ്യക്തമാക്കാമെന്നു തോന്നുന്നു. ആദിമ മൂലധന സംഭരണം (Primitive accumulation of Capital) എങ്ങനെയുണ്ടായി എന്നത് ക്ലാസിക്കല്‍ സാമ്പത്തിക വിചക്ഷണരെ ഏറെ കുഴക്കിയ ചോദ്യമായിരുന്നു. ആഡംസ്‌മിത്തും റികാര്‍ഡോയുമെല്ലാം വിശദമായിത്തന്നെ ഇതേപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. എന്താണ് അവര്‍ എത്തുന്ന നിഗമനം? ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ചിലര്‍ മുതലാളികളും ചിലര്‍ തൊഴിലാളികളുമായി ആയിത്തീര്‍ന്നതെങ്ങനെയാണ് ? പണം സൂക്ഷിച്ചു ചിലവാക്കിയിരുന്നവര്‍, അധികച്ചെലവ് ഒഴിവാക്കി സമ്പാദിക്കാന്‍ ശ്രമിച്ചവര്‍ മൂലധനം സൃഷ്ടിച്ചു എന്നതാണ് ഒരുത്തരം. പാഠപുസ്തക സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മിതവ്യയം (thrift) ആയിരുന്നുവത്രെ മൂലധനത്തിന്റെ ഒരടിസ്ഥാനം. പിന്നെ ചിലര്‍ സാമ്പത്തികകാര്യങ്ങള്‍ കൂടുതല്‍ നന്നായി നോക്കിനടത്തുവാനുള്ള സവിശേഷമായ കഴിവ് (Managerial Capacity) ഉള്ളവരായിരുന്നു പോലും. അവര്‍ അദ്ധ്വാനശീലരായിരുന്നു. സാമ്പത്തികകാര്യങ്ങളില്‍ കുശാഗ്രമതികളായിരുന്നു. ധീരമായ ‘നഷ്ടസംഭാവ്യ’ പണമിടപാടുകളില്‍ ഏർപ്പെടാൻ തക്ക സാഹസികത്വം ഉള്ളവരുമായിരുന്നു (നമ്മുടെ ബ്ലേഡ് കമ്പനിയുടമകളുടെ calculated risk എടുക്കാനുള്ള മിടുക്ക് ഓർമ്മിക്കുക). ഇങ്ങനെ പോവുന്നു ബൂർഷ്വാ സാമ്പത്തിക വിചക്ഷണന്മാരുടെ ‘അഗാധ’ സിദ്ധാന്തങ്ങൾ. മുണ്ടു ‘മുറുക്കിയുടുത്ത്’ ‘എല്ലുമുറിയെ’ പണിയെടുത്ത് കാശുണ്ടാക്കി അതു സൂക്ഷിച്ചു പിടിച്ചു പണക്കാരനാകുന്ന ബുദ്ധിമാന്റേയും, കിട്ടുന്നതെല്ലാം തുലച്ച് നാടിനും വീടിനും കൊള്ളാതവനായി ആദർശവും പറഞ്ഞുനടക്കുന്നവന്റേയും ഒക്കെ എത്രയെത്ര ചിത്രങ്ങളാണ് നമ്മുടെ മനസ്സുകളിൽ പച്ചപിടിച്ച് നില്‍ക്കുന്നതെന്നാലോചിക്കുമ്പോൾ ഉപരിവർഗപ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ വേരുകൾ എത്ര ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാവും. ഇവിടെയാണ് സാമാന്യ ബോധത്തിന്റെ സൂക്ഷ്മതലവും ക്രോഡീകൃത ചിന്താപദ്ധതികളുടെ അമൂർത്തമണ്ഡലവും തമ്മിലുള്ള അനന്യത പ്രകടമാവുന്നത്.
പക്ഷേ, പ്രചീന മൂലധനസംഭരണത്തിന്റെ ചരിത്രം ഈ ‘യക്ഷിക്കഥ‘കളിൽ നിന്ന് എത്രയോ വ്യത്യസ്തമായിരുന്നു എന്നത് മുതലാളിത്തത്തിന്റെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടിന്റെ സാമ്പത്തിക ചരിത്രം ഓടിച്ചു വായിക്കുന്ന ഒരാൾക്കു പോലും വ്യക്തമാവും. മാർക്സ് പറയും പോലെ പ്രാചീന മൂലധന സംഭരണത്തിന്റെ ചരിത്രം ഉരുക്കിന്റെയും ചോരയുടെയും ചരിത്രമായിരുന്നു. നഗ്നമായ ചൂഷണത്തിന്റെയും ക്രൂരമായ നിയമങ്ങളുടെയും ചരിത്രമായിരുന്നു. യന്ത്രവത്കൃത കൃഷി നടപ്പാക്കപ്പെടുന്ന ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെ ഇളവില്ലാത്ത വേലയിലേക്ക് ആട്ടിത്തെളിക്കപ്പെടുന്ന നിസ്വരായ കർഷകജനതയുടെ കണ്ണീരിന്റെയും വിശപ്പിന്റെയും ചരിത്രമായിരുന്നു.എംഗത്സും ഇ.പി.തോംസണും എ.എൽ.മോർട്ടണും ഈ തുറുകണ്ണൻ കാലത്തിന്റെ ദാരുണ ചിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മുതലാളിത്തത്തിന്റെ മഹത്ത്വത്തെപ്പറ്റിയും ആദ്യകാല മുതലാളിമാരുടെ ക്രാന്തദര്‍ശിത്വത്തെപ്പറ്റിയും വാചാലമാകുന്ന നമ്മുടെ പഠപുസ്തക സാമ്പത്തിക കാലഘട്ടഅത്തിൽ ഗർഭിണികളായ സ്ത്രീകൾ വണ്ടിക്കാളകളെപ്പോലെ അരയിൽ പട്ടകെട്ടി ഭാരം വലിക്കേണ്ടി വന്നിരുന്നുവെന്നും അഞ്ചും ആറും വയസ്സിൽ പിഞ്ചുകുഞുങ്ങൾ ചിമ്മിനിതൂപ്പുകാരായിത്തീരാൻ നിര്‍ബന്ധിതരായിരുന്നുവെന്നും മറ്റുമുള്ള തിക്തസത്യങ്ങളെപ്പറ്റി അതു പണ്ഡിതോചിതമായ മൌനം പാലിക്കുന്നു.

ആവിയന്ത്രത്തിന്റെയും യന്ത്രത്തറിയുടെയും നിർമാതാക്കളുടെ ജീനിയസിനെപ്പറ്റി നാം പഠിക്കാറുണ്ട്. പക്ഷേ, ആ കാലഘട്ടത്തിൽ മരണശിക്ഷ വിധിക്കാവുന്നതായ നാനൂറിലേറെ കുറ്റങ്ങളുണ്ടായിരുന്നുവെന്നും, ഇവയിൽ ഭൂരിഭാഗവും സ്വകാര്യസ്വത്തിനെസംരക്ഷിക്കുവാൻ ഉദ്ദേശിക്കപ്പെട്ടവയായിരുന്നുവെന്നും, എന്തിനു വിശപ്പടക്കാൻ ഒരു റൊട്ടിക്കഷണം മോഷ്ടിക്കുന്ന ഏഴുവയസ്സുള്ള ഒരു കുട്ടിയെ സുപ്രസിദ്ധമായ ബ്രിട്ടീഷ് നിയമത്തിന്റെ പൂര്‍ണമായ അംഗീകാരത്തോടെ തൂക്കിക്കൊല്ലാനാവുമായിരുന്നെന്നും നാം അറിയാതെ പോവുന്നു. മൃഗസമാനമായ അവസ്ഥയിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടിരുന്ന ജനലക്ഷങ്ങളുടെ രോഷത്തിൽനിന്ന് ആരംഭദശയിൽ ബ്രിട്ടീഷ് മുതലാളിത്തത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് ഈ നിഷ്ഠൂരമായ ദണ്ഡനീതിയായിരുന്നുവെന്ന അറിവ് തൊഴിലാളിവർഗത്തിന്റെ ചുമലിൽ വ്യവസായവത്കരണത്തിന്റെ മുഴുവൻ ഭാരവും അടിച്ചേൽ‌പ്പിക്കാനുള്ള പദ്ധതികള്‍ സജ്ജമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയുടേതുപോലുള്ള അവികസിത രാജ്യങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ്. എന്നാല്‍ വിജ്ഞാനത്തിൽ നിന്ന് അതിന്റെ വിമോചക ധർമത്തെ ആവുന്നത്ര ചോർത്തിക്കളഞ്ഞ് വിദ്യാഭ്യാസ പ്രക്രിയയെത്തന്നെ മനുഷ്യശേഷിയെ വർഗചൂഷണത്തിനുതകുന്ന വിഭവമാക്കി പാകപ്പെടുത്താനുള്ള ഉപകരണമാക്കി മാറ്റാനാണ് പുതിയ വിദ്യാഭ്യാസനയത്തിലൂടെയും മറ്റും ഇന്ത്യയിലെ ഭരണവർഗം ശ്രമിച്ചുവരുന്നത്. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രതിലോമപരമായ ഉള്ളടക്കവും, അതിന്റെ മാരകമായ പ്രത്യയശാസ്ത്രദൌത്യവും തുറന്നുകാണിക്കുക എന്നത് ഇടതുപക്ഷത്തിന്റെ അടിയന്തിരകടമയായിത്തീർന്നിട്ടുണ്ട്.

ബൂർഷ്വാപണ്ഡിതന്മാരുടേയും തത്ത്വജ്ഞാനികളുടെയും സുഘടിതമായ ചിന്താപദ്ധതികളും സാമാന്യബോധത്തിന്റെ നിർദോഷരൂപത്തിൽ ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിച്ചിട്ടുള്ള ഉപരിവർഗമിഥ്യകളും തമ്മിലുള്ള ഗാഢബന്ധം നാം കാണുകയുണ്ടായി. ഇതുപോലെ തന്നെ നമ്മുടെ കലാസാഹിത്യത്തിൽ ഏറെ പുകഴ്ത്തപ്പെടുന്ന ‘ഗൌരവകലയും ഇകഴ്ത്തപ്പെടുന്ന ‘കമ്പോളകലയും’ തമ്മിലും ‘പാരസ്പര്യം’ നിലനില്‍ക്കുന്നുണ്ട്. ഗൌരവ / പൈങ്കിളി, ആർട്ട്സിനിമ / കമ്പോള സിനിമ തുടങ്ങിയ ബൂര്‍ഷ്വാനിരൂപണഗണങ്ങൾ ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കുന്നുണ്ട്. ഈ ഗണങ്ങളെ തള്ളിക്കളയാതെ വിപ്ലവോന്മുഖമായ ഒരു സാംസ്കാരിക വിമർശന പദ്ധതിക്ക് രൂപം കൊടുക്കാനാവില്ല. പക്ഷേ, ഈ രംഗത്തും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർക്ക് വൈരുധ്യാത്മകമായ ഒരു രീതിശാസ്ത്രം മെനഞ്ഞെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒ.വി.വിജയനോടും, അരവിന്ദനോടുമൊക്കെയുള്ള ഇടതുപക്ഷ സമീപനത്തിന്റെ അപര്യാപ്തത നേരത്തെ സൂചിപ്പിച്ചുവല്ലോ. അവരുടെ കൃതികളെപ്പറ്റിയുള്ള വിശദമായ വിമർശനപഠനങ്ങളിലൂടെ ഇത് സ്ഥാപിച്ചെടുക്കേണ്ടതാണ്. അത്തരമൊരു പഠനം ഈ ലേഖനത്തിന്റെ സാധ്യതകൾക്കു പുറത്താണ്. എങ്കിലും പ്രകടമായിത്തന്നെ അനുഭവപ്പെടുന്ന വസ്തുതകളെപ്പറ്റി മാത്രം എടുത്തു പറയട്ടെ. ഏറെ പ്രസിദ്ധമായ ‘ചിദംബരം’ തന്നെയെടുക്കാം. ദേശീയതലത്തിലുള്ള ബഹുമതി, ചിദാനന്ദദാസ് ഗുപ്തയെപ്പോലുള്ള സിനിമാനിരൂപണത്തിന്റെ തലതൊട്ടപ്പന്മാരുടെആശീർവാദം, മലയാളത്തിലെ നിരൂപകരുടെ(?) അത്യുക്തിയും ഭക്തിയുംകലർന്ന സങ്കീർത്തനങ്ങൾ, ഈ ഘോഷത്തിന്റെയെല്ലാം നടുവിൽ പുരോഗമനവും, സ്ത്രീവിമോചനവുമൊക്കെ അധ്യാരോപിച്ച് ആശ്വസിക്കാൻ ശ്രമിക്കുന്ന ചില ഇടതുപക്ഷ നിരൂപകരുടെ ദൈന്യം-ഫലത്തിൽ അധികമാരും ആ സിനിമയെ ഒരു മാർക്സിയൻ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യാൻ ശ്രമിച്ചില്ല എന്നത് തീരച്ചയായും അഭിമാനകരമല്ല.

ഈ സിനിമയെ വിമർശിക്കണമെന്ന് നാം ശാഠ്യം പിടിക്കുന്നതെന്തിന് എന്ന ചോദ്യം ഇത്തരുണത്തിൽ സ്വാഭാവികമാണ്. ഒറ്റ നോട്ടത്തിൽ അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖത്തിലെപ്പോലെയോ, ഐ.വി.ശശിയുടെ ഈ നാടിനെപ്പോലെയോ പ്രകടമായ രാഷ്ട്രീയ വിവക്ഷകളൊന്നും ചിദംബരത്തിൽ കണ്ടേക്കില്ല. വ്യക്തമായും ഇടതുപക്ഷത്തുനിൽക്കുന്ന സി.വി.ശ്രീരാമന്റെ ഒരു ചെറുകഥയാണ് അരവിന്ദൻ സിനിമയുടെ പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷ കലാനിരുപകരുടെ ദൃഷ്ടിയിൽ പെടാതെ പോയ ഒരു പാളിച്ചയെക്കുറിച്ച് ഇ.എം.എസ്. ആനുഷംഗികമെങ്കിലും ഒരു അഭിമുഖസംഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്: ‘ചിദംബര’ത്തില്‍ ജീവിതമില്ല’. അദ്ദേഹം തന്റെ വിമർശനം വിശദീകരിക്കാതെ വിടുകയാണ്. പക്ഷേ, മലയാളത്തിലെ ആധുനികതയെപ്പറ്റി പൊതുവിലും അരവിന്ദന്റെ ‘ചിദംബര’ത്തെപ്പറ്റി പ്രത്യേകിച്ചും ആഴത്തിലുള്ള ഉൽക്കാഴ്ച ഈ വിമർശനത്തിൽ ഒളിമിന്നുന്നുണ്ട്.

ഒരു ജീവിത സന്ദർഭത്തെയല്ലേ അരവിന്ദൻ ആവിഷ്കരിക്കുന്നത്, പിന്നെയെങ്ങനെ അതിൽ ജീവിതമില്ലെന്ന് പറയാനാവും എന്ന മറുചോദ്യം തീർച്ചയായും സാധ്യമാണ്. ജീവിതത്തെപ്പറ്റിയും കലയെപ്പറ്റിയും അവ തമ്മിലുള്ള ബന്ധത്തെപ്പറ്റിയുമൊക്കെയുള്ള വീക്ഷണവൈരുധ്യമാണ് ഈ ചോദ്യത്തിന്റെ നിദാനം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആശയവാദ ഭൌതികവാദ വീക്ഷണങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം തന്നെയാണ് ഇവിടെയും പ്രശ്നമാകുന്നത്. മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു ചരിത്രനിരപേക്ഷമായ അമൂർത്തവത്കരണമല്ല. മാറ്റമില്ലാത്ത ഒരു മനുഷ്യസത്തയുടെ ആവിഷ്കാരമോ, അനാദിയായ ആത്മീയതയുടെ ബഹിർസ്‌ഫുരണമോ അല്ല. നിർദിഷ്ടമായ ചരിത്രഘട്ടങ്ങളിൽ നിയതസാഹചര്യങ്ങളിൽ വർത്തിക്കുന്ന മനുഷ്യരുടെ അവസ്ഥയായേ അവർക്ക് ജീവിതത്തെ കാണാനാവൂ. മനുഷ്യസത്തയാകട്ടെ, കേവലമോ, നിത്യമോ ഒരു അമൂർത്തതയോ അല്ല, സാമൂഹികബന്ധങ്ങളുടെ സംഘാതമാണ്. ഈ ജീവിതത്തെ ആവിഷ്കരിക്കുന്ന യഥാർത്ഥ കലാരൂപങ്ങൾക്ക് അനിവാര്യമായും ചരിത്രസാമൂഹിക യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാതെ വയ്യ. നാച്വറലിസത്തിന്റെയോ സോഷ്യലിസ്റ്റ് റിയലിസത്തിന്റെയോ യഥാതഥമായ ആഖ്യാനരീതി ഒരു കലാകാരൻ സ്വീകരിക്കുന്നുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. റിയലിസത്തെ ഏതെങ്കിലുമൊരു ശൈലിയാക്കി ചുരുക്കുന്നത് മൌഢ്യമാവും. മുപ്പതുകളിലും മറ്റും മാക്സിസ്റ്റ് വിമർശനത്തിൽ കടന്നുകൂടിയിരുന്ന ഇടുങ്ങിയ ഫോർമലിസ്റ്റ് പ്രവണതകളെ തിരസ്കരിക്കണം എന്നത് ശരിയാണ്. പക്ഷേ, കലാസൃഷ്ടികളിൽ ഉൾച്ചേർന്നിട്ടുള്ള ജീവിതചിത്രം യഥാർഥമാണോ അല്ലയോ എന്നും, അതു പ്രസരിപ്പിക്കുന്ന പ്രത്യയശാസ്ത്രം പുരോഗമനപരമാണോ എന്നും അന്വേഷിക്കാതിരിക്കുന്നത് തെറ്റാവും.

ഇനി അരവിന്ദന്റെ ‘ചിദംബര’ത്തിലേക്ക് കടക്കാം. സി.വി.ശ്രീരാമന്റെ ചെറുകഥയിൽനിന്ന് ഈ സിനിമയിലേക്കുള്ള ദൂരം, സാധാരണ മനുഷ്യരുടെ ഊഷ്മളവും തിക്തവുമായ അതി സാധാരണ ജീവിതത്തിൽനിന്ന് മിത്തുകളും പ്രതീകങ്ങളുമായി ഉറഞ്ഞുപോയ അമൂർത്തമായ മനുഷ്യാവസ്ഥയുടെ വിഭ്രാമകദൃശ്യങ്ങളിലേക്കുള്ള ദൂരമാണ്. പോർട്ട് ബ്ലെയറിലെ തികച്ചും ഭൌമമായ ചൂടിലും ചൂരിലും നിന്ന് ആധ്യാത്മികതയുടെ തണുത്ത മഞ്ഞുപുതച്ചു നിൽക്കുന്ന അതീതമണ്ഡലങ്ങളിലേക്കുള്ള തീർഥയാത്രയാണ് അരവിന്ദന്റെ സിനിമയിൽ സംഭവിക്കുന്നത്. കഥാപാത്രങ്ങളുടെ പേരുകള്‍ പോലും പ്രതീകങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. തികച്ചും സാമൂഹികമായ പരിതസ്ഥിതികളും മൂല്യസങ്കൽ‌പ്പങ്ങളും ചേർന്നു സൃഷ്ടിച്ച ഒരു ദുരന്തം മനുഷ്യാവസ്ഥയുടെ അവ്യാഖ്യേയമായ ദുരന്തമായി അമൂർത്തവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവണതകൾ പ്രത്യയശാസ്ത്ര നിര്‍മുക്തമല്ല എന്നത് പ്രധാനമാണ്. ല്യൂക്കാച്ച് ചൂണ്ടിക്കാട്ടും‌പോലെ ആധുനികതയുടെ റിയലിസ്റ്റ് വിരുദ്ധ നിലപാടിനു പിന്നിൽ തികച്ചും വികലവും പ്രതിലോമപരവുമായ ഒരു പ്രത്യയശാസ്ത്രം ഒളിഞ്ഞു കിടപ്പുണ്ട്. എന്താണ് ഈ പ്രത്യയശാസ്ത്രത്തിന്റെ സ്വഭാവം?

*

1. പ്രാചീന ക്ഷേത്രശില്പികള്‍ എന്തുകൊണ്ട് അജ്ഞാതനമാക്കളായി എന്ന പ്രശ്‌നം സങ്കീര്‍ണമാണ്. വര്‍ഗപരമായ ഉച്ചനീചത്വത്തോടൊപ്പം കലയെയും കലാകാരനെയും പറ്റിയുള്ള പ്രത്യയശാസ്ത്രധാരണകളും ഇതിന് കാരണമായിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല. പക്ഷെ ഇതെക്കുറിച്ചുള്ള ഒരു വിശദമായ ചര്‍ച്ച ഈ ലേഖനത്തിന്റെ വിഷയനിരൂപണത്തിന് പുറത്താണ്. ഈ പ്രശ്നത്തിലേക്ക് എന്റെ ശ്രദ്ധ ആദ്യമായി തിരിച്ച ആര്‍ നന്ദകുമാറിനോട് കടപ്പാട്.

2. വിവേകാനന്ദന്‍ ശങ്കരനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക - ‘എത്ര കഠിനഹൃദയനായിരുന്നു അദ്ദേഹം. നിരവധി ബുദ്ധഭിക്ഷുക്കളെ അദ്ദേഹം ചുട്ടുകൊല്ലിച്ചിട്ടുണ്ട്. ..മതഭ്രാന്ത് എന്നല്ലാതെ ശങ്കരന്റെ ഈ കൃത്യത്തെ നാമെന്താണ് വിളിക്കേണ്ടത്?- ‘Complete works of Swami Vivekananda, Almora’, 1950 , എട്ടാം പതിപ്പ്, വാല്യം ഏഴ്, പേജുകള്‍ 115, 116. വിശദമായ ചര്‍ച്ചയ്ക്ക് മുരളീധരന്റെ ‘ഇന്നത്തെ മതപരമായ പുനരുദ്ധാരണശ്രമങ്ങള്‍- ഒരു പ്രത്യയശാസ്ത്രത്തിന്റെ വര്‍ഗസ്വഭാവും സാമൂഹ്യമായ വേരുകളും’-കലാവിമര്‍ശനം മാര്‍ക്‍സിസ്റ്റ് മാനദണ്ഡം, നിള 1983-നോക്കുക

- വിചിന്തനം 1987 ഏപ്രില്‍ ലക്കം

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ.ടി.കെ.രാമചന്ദ്രന്റെ “കാഴ്ചയുടെ കോയ്മ എന്ന പുസ്തകത്തില്‍ നിന്ന്)

അധിക വായനയ്ക്ക്

Dr. T.K.Ramachandran - Adieu to a friend

A Tribute to Dr.T.K.Ramachandran

Film Ban: Cultural activists to launch mass campaign

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ദൈനംദിനമെന്നോണം ജീവനോടെ ചുട്ടുകരിക്കപ്പെടുന്ന കര്‍ഷകരോട് ഇന്ത്യയുടെ മഹത്തായ ആത്മീയ സഹന പൈതൃകത്തെപ്പറ്റിയും പീഡിപ്പിക്കപെടുന്ന സ്ത്രീജനങ്ങളോട് ഭാരതീയ സ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റിയും , എല്ലാ വര്‍ഗീയ കലാപങ്ങളിലും അവസനം ഇരകളായിത്തീരുന്ന ന്യൂനപക്ഷങ്ങളോട് ഭാരതത്തിന്റെ മതസഹിഷ്ണുതാ പാരമ്പര്യത്തെപറ്റിയുമുള്ള ഉദ്‌ഘോഷങ്ങള്‍ എത്ര ക്രൂരമാണെന്ന് നാം ആലോചിക്കാറുപോലുമില്ല.....

കാലത്തിനുമുമ്പേ നടന്ന മൌലിക പ്രതിഭയായിരുന്നു അകാലത്തില്‍ കൊഴിഞ്ഞ സഖാവ് ടി കെ രാമചന്ദ്രന്‍. മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെയും ദര്‍ശനത്തെയും ഇത്രമേല്‍ സ്വായത്തമാക്കിയവര്‍ പുതുതലമുറയില്‍ കുറവായിരിക്കും. സാഹിത്യത്തിലും ദര്‍ശനത്തിലുമുള്ള അഗാധമായ ഉള്‍ക്കാഴ്ചയാണ് സമൂഹം ആരാധിച്ചുവന്ന വിഗ്രഹങ്ങളെ മുഖം നോക്കാതെ ഭഞ്ജിക്കുവാന്‍ അദ്ദേഹത്തെ തുണച്ചിരുന്നത് . മാര്‍ക്സിസത്തിലും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തിലും ഗാഢവും സൂക്ഷ്മവുമായ വായനയും പഠനവും നടത്തിയ അദ്ദേഹത്തിന്റെ ചിന്തകളും വ്യാഖ്യാനങ്ങളും തീര്‍ത്തും ശാസ്ത്രീയവും കാലോചിതവും ഗണനീയവുമായിരുന്നു.

തൊണ്ണൂറുകളില്‍ ഇന്ത്യയെ കീഴടക്കാനിരുന്ന ഹിന്ദു-സവര്‍ണ-ബ്രാഹ്മണ ഫാസിസ്റ്റ് അധിനിവേശത്തെ സഖാവ് ടി കെ രാമചന്ദ്രന്‍ എണ്‍പതുകളില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. ആ അധിനിവേശം ന്യൂനപക്ഷങ്ങളെ, ദളിതരെ, സ്ത്രീകളെ, കമ്യൂണിസ്റ്റുകാരെ, തൊഴിലാളി പ്രവര്‍ത്തകരെ, ബുദ്ധിജീവികളെ, കലാകാരന്മാരെ, സര്‍ഗാത്മകതയെ, സ്വതന്ത്ര ചിന്തയെ എല്ലാം കൊന്നു തിന്നുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

അദ്ദേഹത്തിന്റെ ഒരു പഴയ ലേഖനം പുന:പ്രസിദ്ധീകരിച്ചുകൊണ്ട് വര്‍ക്കേസ് ഫോറം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

കോഴിക്കോട്‌: വര്‍ഗീയവാദികളെ തുറന്നുകാട്ടുന്നതില്‍ ഇന്ത്യയിലെ ഇടതുപക്ഷം വലിയ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജസ്റ്റിന്‍ പോഡൂര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്‌ചചെയ്യാത്തതുകൊണ്ട്‌ ഇടതുപക്ഷത്തിന്‌ എപ്പോഴും പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ടി.കെ. രാമചന്ദ്രനെ സ്‌മരിക്കുന്നതിന്‌ സെക്യുലര്‍ കളക്ടീവ്‌ സംഘടിപ്പിച്ച പരിപാടിയിീല്‍ 'ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തുടരുന്ന പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ഇത്‌ മറ്റുള്ളവര്‍ക്ക്‌ പാഠവുമാണ്‌.

സമാധാനം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ ഇടതിനാണ്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. പരിസ്ഥിതി വാസ്‌തവത്തില്‍ ഇടതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമേഖലയാണ്‌. അതേസമയം, വരട്ടുതത്ത്വവാദം ഇടതുപക്ഷം ഉപേക്ഷിക്കണം. സാമ്പത്തിക നയങ്ങളിലും പുനരാലോചന ആവശ്യമാണ്‌-അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ നാണ്യപ്പെരുപ്പത്തിന്‌ കാരണം പെട്രോളിന്റെ ഉയര്‍ന്ന വിലയാണ്‌. സബ്‌സിഡികള്‍ വികസിതരാജ്യങ്ങളേക്കാള്‍ വികസ്വര രാജ്യങ്ങള്‍ക്കാണ്‌ അത്യാവശ്യം. അമേരിക്കയിലും കാനഡയിലും ഇടതുപക്ഷം ദുര്‍ബലമാണെന്നും കാനഡയിലെ യോര്‍ക്ക്‌ സര്‍വകലാശാലയില്‍ അസി.പ്രൊഫസറായ പോഡൂര്‍ പറഞ്ഞു.

സി.ഡി. നമ്പൂതിരി ആമുഖപ്രസംഗം നടത്തി. ഡോ.കെ. ഗോപാലന്‍കുട്ടി പ്രഭാഷകനെ പരിചയപ്പെടുത്തി.

nalan::നളന്‍ said...

ഇതിനു നന്ദി..
ടി. കെ. രാമചന്ദ്രന്റെ കാഴ്ചപ്പാടുകളും അവലോകനങ്ങളും തുടര്‍ന്നും പ്രതീക്ഷികുന്നു.

Pramod.KM said...

ലേഖനത്തിന് നന്ദി:)