Tuesday, August 19, 2008

പ്രകാശ് കാരാട്ട് സംസാരിക്കുന്നു

ജോണ്‍ ബ്രിട്ടാസ് : സര്‍ക്കാരും കരാറും തകര്‍ച്ചയെ നേരിടുന്നുവെന്നാണ് വിശ്വാസ വോട്ടിന്റെ വേളയില്‍ താങ്കള്‍ പറഞ്ഞത്. പക്ഷേ, ഒടുവില്‍ സര്‍ക്കാര്‍ ആ തകര്‍ച്ചയെ അതിജീവിച്ചു. ഇതൊരു തിരിച്ചടിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പ്രകാശ് കാരാട്ട് : സര്‍ക്കാര്‍ തകര്‍ച്ചയെ നേരിടുന്നുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ തന്നെ, വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ ഏതുവിധേനയും ഭൂരിപക്ഷം തട്ടിക്കൂട്ടാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ വിജയം വരിച്ചതിനുശേഷവും, എങ്ങനെയും ഭൂരിപക്ഷം തട്ടിക്കൂട്ടുന്നതിനുവേണ്ടി അധാര്‍മ്മികവും അഴിമതി നിറഞ്ഞതുമായ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ട പാര്‍ട്ടിയും മുന്നണിയുമാണ് ഇതെന്ന് രാജ്യത്തിന്റെയാകെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. വിശ്വാസ പ്രമേയ വോട്ടെടുപ്പിനുമുമ്പ് അവര്‍ ന്യൂനപക്ഷമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഈ ന്യൂനപക്ഷത്തെ അവര്‍ ഭൂരിപക്ഷമാക്കി മാറ്റുകയാണുണ്ടായത്. ഇത്തരത്തില്‍ തട്ടിക്കൂട്ടിയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണം നടത്തുന്നതിനും വരുംദിവസങ്ങളില്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്നതിനും കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ സര്‍ക്കാരിന് അധിക കാലത്തെ ആയുസ്സ് ഉണ്ടാകാന്‍ ഇടയില്ല.

ജോണ്‍ ബ്രിട്ടാസ് : സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് ധാര്‍മ്മികമായ പരാജയമാണെന്നാണോ താങ്കള്‍ കരുതുന്നത്? കോണ്‍ഗ്രസ് മുമ്പേ തന്നെ ദാക്ഷിണ്യമില്ലാത്ത പാര്‍ടിയായിരുന്നല്ലോ.

പ്രകാശ് കാരാട്ട് : അതെ. 1993ലെ ഉദാഹരണം ഞങ്ങള്‍ക്കറിയാം. 1993 ആഗസ്തില്‍ നരസിംഹറാവു സര്‍ക്കാരിനെതിരെ ഞങ്ങള്‍ 'അവിശ്വാസ പ്രമേയം' അവതരിപ്പിച്ചിരുന്നു. ആ സമയത്തും നരസിംഹറാവു സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു; ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പക്ഷേ, ബാബറി മസ്‌ജിദ് തകര്‍ക്കപ്പെടുകയും നരസിംഹറാവു സര്‍ക്കാര്‍ ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും ബാബ്റി മസ്‌ജിദ് തകര്‍ക്കാന്‍ സംഘപരിവാറിനെ അനുവദിക്കുകയും ചെയ്തതിനെ തുടര്‍ന്ന്, ഞങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ ന്യൂനപക്ഷമായിരുന്ന സര്‍ക്കാര്‍ ചെറിയ ഭൂരിപക്ഷത്തോടെ പ്രമേയത്തെ അതിജീവിച്ചു. അതാണ് കുപ്രസിദ്ധമായ ജെഎംഎം കോഴക്കേസിന് വഴിതെളിച്ചത്. ആ കേസിന്റെ വിചാരണയുടെ ഒടുവില്‍ നരസിംഹറാവുവിനും മുന്‍ ആഭ്യന്തര മന്ത്രി ഭൂട്ടാസിംഗിനും കോടതി മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് അവരെ കുറ്റവിമുക്തരാക്കുകയാണുണ്ടായത്. പക്ഷേ, ഇത്തവണ വലിയ തോതിലാണ് കൂറുമാറ്റം സംഘടിപ്പിച്ചത്. ആ അര്‍ത്ഥത്തില്‍ ഡോ. മന്‍മോഹന്‍സിങ് തന്റെ മുന്‍ഗാമിയായ നരസിംഹറാവുവിനെക്കാള്‍ സമര്‍ത്ഥനായ ശിഷ്യനാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.

ജോണ്‍ ബ്രിട്ടാസ് : ഡോ. മന്‍മോഹന്‍സിങ്ങും അതേപോലെ ശിക്ഷിക്കപ്പെടാന്‍ പോവുകയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പ്രകാശ് കാരാട്ട് : ഞാന്‍ അതിനെക്കുറിച്ചല്ല പറയുന്നത്. പക്ഷേ, ഈ അധാര്‍മ്മികതയുടെ ഉത്തരവാദിത്വത്തില്‍നിന്ന് അദ്ദേഹത്തിന് ഒരിക്കലും രക്ഷപ്പെടാനാവില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടി ഇത്തരത്തില്‍ നാണംകെട്ട നടപടികള്‍ക്കാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും സ്വയം തുനിഞ്ഞത്.

ജോണ്‍ ബ്രിട്ടാസ് : സാമ്രാജ്യത്വ നുഴഞ്ഞുകയറ്റത്തിന് തടയിടാനുള്ള നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്ന് ജനങ്ങള്‍ക്കറിയാം. പക്ഷേ, നേരത്തെ ഇടതുപക്ഷത്തിന് ഉദാരവല്‍ക്കരണത്തെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ നിങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ സാമ്രാജ്യത്വവും ഉദാരവല്‍ക്കരണവും നടമാടുകയാണ്.

പ്രകാശ് കാരാട്ട് : കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കുന്നതില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കിയത് വര്‍ഗ്ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ്. കോണ്‍ഗ്രസ് ഉദാരവല്‍ക്കരണത്തെ വരിച്ച പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ രാജ്യത്തെ നവലിബറല്‍ പാതയിലൂടെ നയിക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടിരുന്നത്. ഇതെല്ലാം ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഈ സര്‍ക്കാരിന് ഞങ്ങള്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്, ബിജെപിയും വര്‍ഗീയ ശക്തികളും അധികാരത്തില്‍ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അങ്ങനെയാണ് കഴിഞ്ഞ നാലുവര്‍ഷം ഞങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ചത്. ഈ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഞങ്ങള്‍ അവരോട് പറഞ്ഞത്, നിങ്ങള്‍ തന്നെ അംഗീകരിച്ച പൊതുമിനിമം പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ്. പൊതുമിനിമം പരിപാടിയില്‍ ജനങ്ങള്‍ക്കനുകൂലമായ കുറേ വാഗ്ദാനങ്ങളും നടപടികളുമുണ്ടായിരുന്നു; പരിഷ്കാരങ്ങളുടെയും നവ - ലിബറല്‍ നയങ്ങളുടെയും പേരില്‍ നടപ്പാക്കാന്‍ അവര്‍ ആഗ്രഹിച്ചതില്‍നിന്ന് വിരുദ്ധമായ നടപടികളാണിവ. സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്കും എല്ലാ രംഗങ്ങളിലും വിദേശ നിക്ഷേപവും മൂലധനവും കൊണ്ടുവരുന്നതിനുമാണ് അവര്‍ ശ്രമിച്ചത്. അവയാന്നും അനുവദിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലായിരുന്നു. അവയെ ചെറുക്കാന്‍ കഴിഞ്ഞ നാലു വര്‍ഷവും ഞങ്ങള്‍ പരമാവധി പരിശ്രമിച്ചു. പക്ഷേ, യഥാര്‍ത്ഥ പ്രശ്നം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയെ വഞ്ചിച്ചുവെന്നതാണ്. 2005 ജൂലൈ മാസത്തില്‍ അവര്‍ അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ അതിനെതിരായ ഞങ്ങളുടെ പോരാട്ടവും ആരംഭിച്ചു. വാഷിങ്ടണില്‍ പോയ ഡോ. മന്‍മോഹന്‍സിങ് പ്രസിഡന്റ് ബുഷുമായി ഒപ്പുവെച്ച ഈ കരാറാണ് അമേരിക്കയുമായുള്ള പ്രതിരോധ സഹകരണത്തിന് വഴി തുറന്നത്. അമേരിക്കയുമായി 10 വര്‍ഷത്തേക്കുള്ള സൈനിക സഹകരണ കരാറാണ് ഒപ്പുവെച്ചത്. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനുശേഷം നാളിതുവരെ ഒരു രാജ്യവുമായും ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല. സോവിയറ്റ് യൂണിയനുമായ നല്ല ബന്ധം നിലനിന്ന കാലത്ത് അവരുമായിപ്പോലും ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിരുന്നില്ല. ഈ സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുമായി സൈനിക സഹകരണത്തിന് വഴി തുറന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ മാതൃകയിലുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാനും അവര്‍ തീരുമാനിച്ചു. തന്ത്രപരമായ സാമ്പത്തിക സഹകരണം എന്നാണ് അതിനെ വിളിക്കുന്നത്. മൂന്നാമത്തേതാണ് ആണവക്കരാര്‍. 2005ല്‍ ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചാണ് അവര്‍ തീരുമാനിച്ചത്. അതിനാല്‍ ഞങ്ങളുടെ പോരാട്ടം കേവലം ആണവക്കരാറിനെതിരായി മാത്രമല്ല. ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്നതിനെതിരെയായിരുന്നു ഞങ്ങളുടെ പോരാട്ടം. അതുകൊണ്ടാണ് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇടതു പാര്‍ടികളുടെ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ അമേരിക്കയുമായി ഈ വിധത്തിലുള്ള സഖ്യവുമായി മുന്നോട്ടു പോകുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന്.

ജോണ്‍ ബ്രിട്ടാസ് : എന്നാല്‍ പ്രധാനമന്ത്രി പറയുന്നത് അവരുടെ ലക്ഷ്യം അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുകയാണെന്നാണ്. അവര്‍ തങ്ങളുടെ ലക്ഷ്യം മറച്ചുവെച്ചിട്ടുമില്ല. ഇതവരുടെ പരിപാടിയുടെ ഭാഗമായിരുന്നു....

പ്രകാശ് കാരാട്ട് : എങ്കില്‍ എന്തുകൊണ്ടാണ് അവര്‍ അത് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നത്?

ജോണ്‍ ബ്രിട്ടാസ് : അവര്‍ പറയുന്നത് ഇത് കോണ്‍ഗ്രസ് പാര്‍ടിയുടെ നയത്തിന്റെ, അവരുടെ മാനിഫെസ്റ്റോയുടെ ഭാഗമാണെന്നാണ്.

പ്രകാശ് കാരാട്ട് : അവരുടെ മാനിഫെസ്റ്റോയില്‍ അങ്ങനെ ഉണ്ടായിരിക്കാം. പക്ഷേ, പൊതുമിനിമം പരിപാടിയില്‍ അതില്ല. പൊതുമിനിമം പരിപാടിയില്‍ അതുണ്ടായിരുന്നെങ്കില്‍, ഇടതുപാര്‍ടികള്‍ ഈ സര്‍ക്കാരിന് പിന്തുണ നല്‍കില്ലായിരുന്നു. അങ്ങനെ, പൊതുമിനിമം പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളെ അവര്‍ വഞ്ചിച്ചിരിക്കുകയാണ്. പൊതുമിനിമം പരിപാടിയില്‍ ഉടനീളം മഷിയിട്ട് നോക്കിയാല്‍പ്പോലും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ച് ഒരു വാക്കുപോലും കാണാനാവില്ല. വാസ്തവത്തില്‍, അവര്‍ ആദ്യം ഞങ്ങളെ കാണിച്ച കരടില്‍ അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതുള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് ഞങ്ങള്‍ തറപ്പിച്ച് പറഞ്ഞു. ഞങ്ങള്‍ക്ക് അത് അംഗീകരിക്കാനാവില്ല. അതിനുശേഷമാണ് അവര്‍ അത് ഭേദഗതി ചെയ്തത്. നമുക്ക് അമേരിക്കയുമായി അടുത്ത ബന്ധം ഉണ്ടായിരിക്കും എന്നു മാത്രമാണ് അതില്‍ പറഞ്ഞത്.

ജോണ്‍ ബ്രിട്ടാസ് : ഐഎഇഎയുമായുള്ള കൂടിയാലോചന തുടങ്ങാന്‍ യുപിഎ - ഇടത് ഏകോപന സമിതി യുപിഎ സര്‍ക്കാരിന് അനുവാദം കൊടുത്തല്ലോ. ഇടതു പാര്‍ടികള്‍ക്കു പറ്റിയ ഒരബദ്ധമായിരുന്നില്ലേ അത്? അടവുപരമായ ഒരു പിശകായിരുന്നില്ലേ അത്?

പ്രകാശ് കാരാട്ട് : ആറ് തവണത്തെ കൂടിയാലോചനകള്‍ക്കുശേഷമാണ് ആ അനുവാദം നല്‍കിയത്.

ജോണ്‍ ബ്രിട്ടാസ് : അതുതന്നെയാണ് ഞാനും പറഞ്ഞത്.

പ്രകാശ് കാരാട്ട് : ഞങ്ങളെ സംബന്ധിച്ചിടത്തോളം ഐഎഇഎയിലേക്ക് പോകുന്ന പ്രശ്നം രണ്ടാമത്തേതു മാത്രമാണ്. അവര്‍ ജൂലൈയില്‍ ഒപ്പുവെച്ച അമേരിക്കയുമായുള്ള 123 കരാര്‍ ഞങ്ങള്‍ക്ക് സ്വീകാര്യമേയല്ല എന്ന് ഞങ്ങള്‍ പറഞ്ഞു. ആ കരാര്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ സ്വീകരിക്കുന്ന ഏതു നടപടിയെയും ഞങ്ങള്‍ എതിര്‍ക്കും എന്നാണ് അവരോട് പറഞ്ഞത്. അപ്പോള്‍ അവര്‍ പറഞ്ഞത്, ഞങ്ങള്‍ ഐഎഇഎയുമായി സംസാരിക്കും; എന്നിട്ട് വീണ്ടും നമുക്ക് ചര്‍ച്ച തുടരാം എന്നാണ്.

ജോണ്‍ ബ്രിട്ടാസ് : ഐഎഇഎയുമായി ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ അവര്‍ക്ക് അനുവാദം നല്‍കിയത് എന്തിനാണ്?

പ്രകാശ് കാരാട്ട് : അതുതന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നത്. അവര്‍ പറഞ്ഞത് ഞങ്ങള്‍ ഐഎഇഎയുമായി ചര്‍ച്ച ചെയ്തിട്ട്, വീണ്ടും നമുക്ക് അതു സംബന്ധിച്ച് സംസാരിക്കാം എന്നാണ്. നിങ്ങള്‍ക്ക് അപ്പോള്‍ എതിര്‍പ്പുണ്ടെങ്കില്‍ ഞങ്ങള്‍ തുടര്‍ന്ന് മുന്നോട്ട് പോകില്ല. അങ്ങനെ, പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെയും ഇത്തരത്തില്‍ ഉറപ്പു നല്‍കിയപ്പോള്‍ ഞങ്ങള്‍ ആലോചിച്ചത്, ശരി, അവര്‍ പോയി സംസാരിച്ച് വരട്ടെ എന്നാണ്. ഐഎഇഎയുമായി നടത്തുന്ന ചര്‍ച്ചയുടെ ഫലം ഈ കമ്മിറ്റിയില്‍ അവര്‍ കൊണ്ടുവരട്ടെ; ഈ കമ്മിറ്റിയില്‍ ഞങ്ങള്‍ എതിര്‍ത്താല്‍ അവര്‍ തുടര്‍ന്ന് മുന്നോട്ടുപോകില്ല എന്നുതന്നെ ഞങ്ങള്‍ കരുതി. കാരണം നവംബറില്‍ അവര്‍ ഞങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ഇങ്ങനെയായിരുന്നു.

ജോണ്‍ ബ്രിട്ടാസ് : കോണ്‍ഗ്രസ് പാര്‍ടിയുടെ വിശ്വാസ്യതയെ സംബന്ധിച്ച് താങ്കള്‍ അമിത പ്രതീക്ഷ പുലര്‍ത്തിയോ?

പ്രകാശ് കാരാട്ട് : ഈ രാജ്യത്തിന്റെ ഉന്നത നേതൃത്വം, പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും, നല്‍കിയ ഉറപ്പാണ് ഞങ്ങള്‍ വിശ്വസിച്ചത്. അത് തെറ്റാണെന്ന് പറയാനാവില്ലല്ലോ.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചു കൂട്ടുമെന്നും അതില്‍ 123 കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നുമായിരുന്നു മറ്റു തീരുമാനങ്ങള്‍. ആ യോഗത്തിനുശേഷം ഒരു പ്രസ്താവന പുറപ്പെടുവിച്ചു. 123 കരാറിനെ സംബന്ധിച്ച് പാര്‍ലമെന്റില്‍ എത്രയും വേഗം ചര്‍ച്ച നടത്തുമെന്ന് അതില്‍ പറഞ്ഞിരുന്നു.

ജോണ്‍ ബ്രിട്ടാസ് : പ്രകാശ് കാരാട്ടും ഡോ. മന്‍മോഹന്‍സിങ്ങും തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആണവ പ്രശ്നത്തെയാകെ മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്...

പ്രകാശ് കാരാട്ട് : അത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പണിയാണ്. സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കും തത്വാധിഷ്ഠിതമായ ചില അടിസ്ഥാന നിലപാടുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് കഴിയില്ല. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന് ഞങ്ങള്‍ എതിരാണെന്നതാണ് കാര്യം. നമ്മുടെ വിദേശനയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ആ സഖ്യത്തെ ഞങ്ങള്‍ എതിര്‍ക്കുന്നത്. അങ്ങനെ ഒരു സഖ്യമുണ്ടാക്കിയാല്‍ നമ്മുടെ സ്വതന്ത്ര വിദേശനയം അസാധ്യമാകും. നമ്മുടെ തന്ത്രപരമായ സ്വയംഭരണത്തെപ്പോലും അത് പ്രതികൂലമായി ബാധിക്കും. ഇത് അടിസ്ഥാനപരമായ ഒരു നിലപാടാണ്. പക്ഷേ, ഇതവര്‍ (മാധ്യമങ്ങള്‍) ഇഷ്ടപ്പെടുന്നില്ല. ഞങ്ങളുടെ പാര്‍ടി കേന്ദ്രക്കമ്മിറ്റിയും പാര്‍ടി കോണ്‍ഗ്രസും കൈക്കൊണ്ട നിലപാടാണ് ഇത്. നാല് ഇടതുപാര്‍ട്ടികളും കൂട്ടായി അംഗീകരിച്ച നിലപാടുമാണ്. ഈ പ്രശ്നത്തെ ഞങ്ങളുടെ ഭാഗത്തുള്ള ഒരു വ്യക്തിയും സര്‍ക്കാരിന്റെ ഭാഗത്തുള്ള മറ്റൊരു വ്യക്തിയും തമ്മിലുള്ള ഏറ്റുമുട്ടലായി കരുതുന്നവര്‍ ഇടതുപാര്‍ടികളുടെയാകെ ബുദ്ധിശക്തിയെ അധിക്ഷേപിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്.

ജോണ്‍ ബ്രിട്ടാസ് : "ജനറല്‍ സെക്രട്ടറിയുടെ തെറ്റായ കണക്കുകൂട്ടല്‍'' എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം താങ്കള്‍ ശ്രദ്ധിച്ചിരുന്നില്ലേ? പ്രധാനമന്ത്രി പോലും താങ്കളെ പാര്‍ടി സംഘടനയുടെ രാഷ്ട്രീയ സംവിധാനത്തില്‍നിന്നും അടര്‍ത്തി മാറ്റി ആക്രമിക്കാനാണ് ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു...

പ്രകാശ് കാരാട്ട് : ബൂര്‍ഷ്വാ പാര്‍ട്ടി നേതാക്കന്മാര്‍ തങ്ങളുടെ നേതൃത്വത്തിന്റെ എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കുന്നു. അവരുടെ പ്രവര്‍ത്തനരീതി അനുസരിച്ചാണ് അവര്‍ എല്ലാത്തിനെയും കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അവര്‍ക്ക് മനസ്സിലാവില്ല.

ജോണ്‍ ബ്രിട്ടാസ് : പക്ഷേ, താങ്കള്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസില്‍നിന്നും ഒറ്റതിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് അവരും ആരോപിക്കുന്നുണ്ട്. പാര്‍ടിയും താങ്കളും പ്രധാനമന്ത്രിയെ മാത്രമാണോ ലക്ഷ്യംവെയ്ക്കുന്നത്.

പ്രകാശ് കാരാട്ട് : ഞാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്ന വാക്കാണ് ഉപയോഗിച്ചത്. അപ്പോഴും ആളുകള്‍ ചിന്തിക്കുന്നത് അത് ഒരു വ്യക്തി മാത്രമാണ് എന്നാണ്. കോണ്‍ഗ്രസ് പാര്‍ടിയും മറ്റെല്ലാ പാര്‍ടികളും ചില താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ചില വര്‍ഗ്ഗ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേവലം വ്യക്തികള്‍ മാത്രമല്ല. കോണ്‍ഗ്രസ് ഈ രാജ്യത്തെ മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താല്‍പര്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ടിയെ സംബന്ധിച്ച ഞങ്ങളുടെ ധാരണ അതാണ്. അതിനാല്‍, കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് പറയുമ്പോള്‍, അവരെ ഒരു കൂട്ടമായിട്ടാണ് ഞങ്ങള്‍ പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് പറയുമ്പോള്‍, ശരിയാണ്, അദ്ദേഹമാണ് പ്രധാനമന്ത്രി. തന്റെ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍നിന്നും പ്രധാനമന്ത്രി തന്നെ അകന്നുപോയിരിക്കുന്നു; പ്രസിഡന്റ് ബുഷുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. നിശ്ചയമായും അക്കാര്യത്തില്‍ അദ്ദേഹത്തെ എടുത്തുപറഞ്ഞ് ഞങ്ങള്‍ വിമര്‍ശിക്കും.

ജോണ്‍ ബ്രിട്ടാസ് : സോണിയാഗാന്ധിയാണല്ലോ യുപിഎയുടെ അധ്യക്ഷ...

പ്രകാശ് കാരാട്ട് : ശരിയാണ്. അവരെല്ലാമാണ് കോണ്‍ഗ്രസ് നേതൃത്വം. ഞങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്ന പദപ്രയോഗമാണ് ഞങ്ങള്‍ നടത്തുന്നത്. നരസിംഹറാവു സര്‍ക്കാര്‍ എന്നും ഞങ്ങള്‍ പറയാറുണ്ട്. പക്ഷേ അതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരെന്ന് അര്‍ത്ഥമുണ്ട്.

ജോണ്‍ ബ്രിട്ടാസ് : ദേശീയ രാഷ്ട്രീയരംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കലങ്ങിമറിച്ചിലില്‍ ഈ സര്‍ക്കാരിന് ഇതേപോലെ തുടരാനാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ദേശീയ രാഷ്ട്രീയത്തില്‍ താങ്കള്‍ എന്താണ് കാണുന്നത്?

പ്രകാശ് കാരാട്ട് : രണ്ട് കാര്യങ്ങളുണ്ട്. ഒരു പുതിയ രാഷ്ട്രീയ സാഹചര്യം ഉണ്ടായിരിക്കുന്നു. ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, ഇടതുപാര്‍ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ഞങ്ങള്‍ എടുത്തിട്ടുള്ള ധാരണ അഥവാ കരാര്‍ ആണ് ഒന്നാമത്തെ ഘടകം. ഞങ്ങള്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്തും എന്നും യുപിഎയില്‍ ചേരാന്‍ ഇല്ല എന്നുമാണ് ആ ധാരണ. ഞങ്ങളുടെ പാര്‍ടികള്‍ ഡിഎംകെ, ആര്‍ജെഡി, എന്‍സിപി എന്നിവയെപ്പോലുള്ള പാര്‍ടികളല്ല. അവയെല്ലാം കോണ്‍ഗ്രസ് പാര്‍ടിയോടൊപ്പം, യുപിഎയുടെ ഭാഗമാണ്. കോണ്‍ഗ്രസ് പാര്‍ടിയുമായി എന്തെങ്കിലും ധാരണയോ സഖ്യമോ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കാവില്ല. തെരഞ്ഞെടുപ്പിന് മുമ്പായാലും അതിനുശേഷമായാലും അതാണ് സ്ഥിതി. പക്ഷേ, ശരിയാണ്, ഞങ്ങള്‍ക്ക് ഈ കൂട്ടുകക്ഷി സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുക്കാനാകും. ഇപ്പോള്‍ അത് തകര്‍ന്നിരിക്കുകയാണ്. ഇനി ഇപ്പോള്‍ ഒരു വിധത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഈ മുന്നണിക്ക് പിന്തുണ നല്‍കേണ്ട ഒരു ബാധ്യതയും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ എല്ലാ മതേതര - കോണ്‍ഗ്രസിതര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇപ്പോള്‍ കോണ്‍ഗ്രസിനോടോ ബിജെപിയോടോ സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിതര - മതേതര പാര്‍ടികളെയാണ് ഉദ്ദേശിക്കുന്നത്. അവയില്‍ മിക്കവാറും എല്ലാ പാര്‍ടികളും വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാരിനും ആണവക്കരാറിനും എതിരെ ഒന്നിച്ച് അണിചേര്‍ന്നിരുന്നു. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് കൂടിയിരുന്നു; രാജ്യമാകെ ഒരു ക്യാമ്പയ്ന്‍ സംഘടിപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും കൂട്ടത്തില്‍ മറ്റെല്ലാ ശക്തികളെയും അണിനിരത്തണമെന്നും തീരുമാനിച്ചിരിക്കുകയാണ്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള മൂന്നാംശക്തിയെ അവതരിപ്പിക്കാനാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ജോണ്‍ ബ്രിട്ടാസ് : മൂന്നാം മുന്നണിയെക്കുറിച്ച് പറയുമ്പോള്‍, ചില രാഷ്ട്രീയ നിരീക്ഷകര്‍, അഥവാ നിങ്ങളുടെ എതിരാളികള്‍, പറയുന്നത് ബിഎസ്‌പി നേതാവ് മായാവതിയുമായി കൈകോര്‍ക്കാന്‍ നിങ്ങള്‍ അനാവശ്യമായ വ്യഗ്രത കാണിച്ചുവെന്നാണ്. മായാവതിക്കാണെങ്കില്‍ ആണവക്കരാറിനെ സംബന്ധിച്ച് ഒരു ധാരണയും ഇല്ലെന്നതാണ് കാര്യം. അടിസ്ഥാനപരമായി, നിങ്ങള്‍ അവരെ നിങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കുകയാണുണ്ടായതെന്നും നിങ്ങള്‍ താല്‍പര്യപ്പെടുന്നത്....

പ്രകാശ് കാരാട്ട് : ഞങ്ങള്‍ സമീപിക്കുന്നതിനു മുമ്പുതന്നെ, മായാവതി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കഴിഞ്ഞിരുന്നു. ഞങ്ങള്‍ അവരെ സന്ദര്‍ശിച്ച് സംസാരിക്കുന്നതിന് മുമ്പുതന്നെ അവര്‍ ആണവക്കരാറിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ആ പാര്‍ടി പറയുന്നത് മാത്രമേ നമുക്ക് പരിഗണിക്കേണ്ടതുള്ളൂ. അവര്‍ ആണവക്കരാറിനെതിരെ പരസ്യമായ നിലപാട് എടുത്തിട്ടുണ്ട്. യുപിഎ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചശേഷം ഞങ്ങള്‍ പറഞ്ഞത് ആണവക്കരാറിനെ എതിര്‍ക്കുന്ന എല്ലാ മതേതര പാര്‍ടികളുമായും ബന്ധപ്പെടുമെന്നും യുപിഎ സര്‍ക്കാരിനെതിരെ അവരെയെല്ലാം ഞങ്ങള്‍ക്കൊപ്പം നിര്‍ത്തുമെന്നുമാണ്. ആ പ്രക്രിയയയുടെ ഭാഗമായി, ഞാന്‍ മായാവതിയെ കണ്ടു; അജിത്‌സിങ്ങിനെ കണ്ടു; ദേവഗൌഡാജിയെക്കണ്ടു; ടിഡിപി നേതാക്കന്മാരെയും മറ്റുള്ളവരെയുമെല്ലാം കണ്ടു. എന്നിട്ട് ഞങ്ങള്‍ പൊതുവായ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു.

ജോണ്‍ ബ്രിട്ടാസ് : ബിഎസ്‌പിയുടെയും മായാവതിയുടെയും വിശ്വാസ്യതയും അവസരവാദ നയങ്ങളും താങ്കള്‍ പരിഗണിച്ചോ? ചുരുങ്ങിയത് മൂന്നുതവണയെങ്കിലും അവര്‍ ബിജെപിയുമായി കൂട്ടുകൂടിയിരുന്നു. വിജയസാധ്യതയും ദൃഢതയുമുള്ള മൂന്നാം ബദലായിരിക്കും ഇതുണ്ടാക്കുകയെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പ്രകാശ് കാരാട്ട് : മൂന്നാം ബദല്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. തെരഞ്ഞെടുപ്പ് നേരിടുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടുകെട്ടായിട്ടല്ല മൂന്നാം ബദലിനെ സംബന്ധിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ ധാരണ. നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലുള്ളതായിരിക്കും മൂന്നാംബദല്‍. ഏപ്രിലില്‍ ചേര്‍ന്ന ഞങ്ങളുടെ പാര്‍ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ പറഞ്ഞത് മൂന്നാം ബദല്‍ ആയിട്ടില്ലയെന്നാണ്. സമാജ്‌വാദി പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യുഎന്‍പിഎയെപ്പോലും ഞങ്ങള്‍ മൂന്നാംബദലായി പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ ചിന്തിക്കുന്ന തരത്തിലുള്ള ബദല്‍ ഇതൊന്നുമല്ല. വിലക്കയറ്റം, ആണവക്കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് സഹകരിക്കാനാവും. ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നാണെങ്കില്‍ അതിനും സാധ്യമാണ്. മൂന്നാംബദല്‍ എന്നാല്‍ ഇതിനെല്ലാം ഉപരിയായ ദൃഢതയുള്ളതെന്നാണ് അര്‍ത്ഥം; വ്യക്തമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതെന്നാണ് അര്‍ത്ഥം. രാജ്യം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മൂന്നാംബദലിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നത് ബിജെപി ഇതര, കോണ്‍ഗ്രസിതര ശക്തികളുടെ ഒരു കൂട്ടുകെട്ടിനെക്കുറിച്ചാണ്. അതിന് ഒരു മൂന്നാം തെരഞ്ഞെടുപ്പ് ശക്തിയെ അവതരിപ്പിക്കാനാകും. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ജോണ്‍ ബ്രിട്ടാസ് : ഇത് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി ഉള്ളതാണോ?

പ്രകാശ് കാരാട്ട് : അതെ.

ജോണ്‍ ബ്രിട്ടാസ് : ആസന്നമായ തെരഞ്ഞെടുപ്പിനായി മാത്രം?

പ്രകാശ് കാരാട്ട് : അതെ. ആസന്നമായ തെരഞ്ഞെടുപ്പിന് വേണ്ടിതന്നെ. ഈ രാജ്യത്ത് രണ്ട് കക്ഷികളുടെ നേതൃത്വത്തിലുള്ള കൂട്ടുകെട്ട് മാത്രം പോരെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒന്നും ബിജെപി നേതൃത്വത്തിലുള്ള മറ്റൊന്നും മാത്രം പോര.

ജോണ്‍ ബ്രിട്ടാസ് : ഈ രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം വിശ്വാസ്യതയെക്കുറിച്ച്. ടിഡിപിയാണെങ്കില്‍ മുമ്പ് അവര്‍ ബിജെപിയുമായി ബന്ധമുണ്ടാക്കിയിരുന്നു, അതേ പോലെ ഏജിപി....

പ്രകാശ് കാരാട്ട് : നമ്മുടെ രാജ്യത്തുള്ള മിക്കവാറും എല്ലാ പ്രാദേശിക പാര്‍ടികളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുക്കൂടിയിട്ടുള്ളവരാണ്. അതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉറപ്പുള്ള ഒരു സഖ്യത്തിലേക്ക് അവരെ കൊണ്ടുവരാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ അത് സംഭവിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം, ഒരു മൂന്നാംബദല്‍ രൂപീകരിക്കാന്‍ തെരക്കിട്ട് ഞങ്ങള്‍ ശ്രമിക്കുന്നില്ല. പക്ഷേ, ഒരു മൂന്നാം ബദല്‍ ഇല്ലെങ്കില്‍പ്പോലും പല സംസ്ഥാനങ്ങളിലും ബിജെപിയെയോ ചിലപ്പോള്‍ കോണ്‍ഗ്രസിനെയോ ചെറുക്കാന്‍ മറ്റു കക്ഷികളുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഇത്തവണ ഈ രണ്ടു കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഈ പാര്‍ടികളെ ഒന്നിച്ചുകൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ജോണ്‍ ബ്രിട്ടാസ് : ബിഎസ്‌പിക്കെതിരായ പ്രധാന ആരോപണം മായാവതി ജാതി രാഷ്ട്രീയം കളിക്കുയാണെന്നാണ്; സിപിഐ എം ആണെങ്കില്‍ വ്യക്തമായും അതിനെതിരുമാണ്. ജാതി കാര്‍ഡിറക്കി കളിക്കുന്ന പാര്‍ടിക്കെതിരെ നിങ്ങള്‍ ശക്തമായ നിലപാടാണ് എടുത്തിരുന്നത്.

പ്രകാശ് കാരാട്ട് : കമ്യൂണിസ്റ്റ് പാര്‍ടിയൊഴികെ മറ്റേത് പാര്‍ടിയാണ് ജാതിയെ ഉപയോഗിക്കാത്തത്? ബിജെപിയും കോണ്‍ഗ്രസും ജാതിയെ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ഉത്തരപ്രദേശില്‍ ചെന്ന് നോക്കൂ. ഈ എല്ലാ പാര്‍ട്ടികളും ജാതി സമ്മേളനങ്ങളും ഉപജാതി സമ്മേളനങ്ങളും ചേരാറുണ്ട്; ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ അണിനിരത്താന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്കതറിയാം. ദളിതരായ ജനവിഭാഗങ്ങളുടെ ആശങ്കകള്‍ക്ക് ജനാധിപത്യപരമായ ഒരു തലം ഉണ്ടെന്ന അഭിപ്രായമാണ് സിപിഐ എമ്മിനുള്ളത്. നിന്ദിതരും പീഡിതരുമായ ജനവിഭാഗമാണ് അവര്‍; നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുന്ന മര്‍ദ്ദിത ജാതിയാണവര്‍. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അവര്‍ എവിടെയെങ്കിലും ഉറച്ചുനില്‍ക്കുയാണെങ്കില്‍ അതിനെ വെറും ജാതി പരിഗണനയുടെ പേരില്‍ തള്ളിക്കളയാനാവില്ല. അത് നിങ്ങള്‍ അംഗീകരിക്കേണ്ടതാണ്. അതേസമയം തന്നെ, സിപിഐ എം, ഒരു കമ്യൂണിസ്റ്റ് പാര്‍ടിയെന്ന നിലയില്‍, സങ്കുചിത ജാതി രാഷ്ട്രീയത്തെ അംഗീകരിക്കാനോ അതില്‍ ഉള്‍പ്പെടാനോ ജാതി രാഷ്ട്രീയം കളിക്കാനോ പാടില്ല. ഇപ്പോള്‍, ഞങ്ങള്‍ മൂന്ന് നാല് പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ; അക്കാര്യം മാത്രമേ ചര്‍ച്ച ചെയ്തിട്ടുമുള്ളൂ. വിലക്കയറ്റം, ആണവക്കരാര്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍, വര്‍ഗ്ഗീയത, ഭരണസഖ്യത്തിന്റെ അഴിമതി നിറഞ്ഞ നടപടികള്‍.

ജോണ്‍ ബ്രിട്ടാസ് : താങ്കളുടെ പാര്‍ടിക്ക് സമാജ് വാദി പാര്‍ടിയുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. പക്ഷേ സമാജ് വാദിപാര്‍ടി ഒരു നിമിഷംകൊണ്ട് നിങ്ങളെ വിട്ടു പിരിഞ്ഞ് കോണ്‍ഗ്രസിനോട് ചേര്‍ന്നു.

പ്രകാശ് കാരാട്ട് : ഓരോ പാര്‍ടിക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. പക്ഷേ, പൊതുവായ ചില താല്‍പര്യങ്ങളുണ്ടെങ്കില്‍, ഒന്നിച്ച് പ്രവര്‍ത്തിക്കാനും പറ്റും. സമാജ് വാദി പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഇത് മൂന്നാമത്തെ വഞ്ചനയാണ്. ആദ്യത്തെ തവണ ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രശ്നം സംബന്ധിച്ചായിരുന്നു - വാജ്‌പേയി സര്‍ക്കാര്‍ 1999ല്‍ ഒരു വോട്ടിന്റെ കുറവില്‍ അധികാരം ഒഴിഞ്ഞതിനെ തുടര്‍ന്ന് ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ നീക്കം നടത്തി. അവര്‍ അത് പൊളിച്ചു. രണ്ടാംതവണ കെ ആര്‍ നാരായണനെ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുന്നതിന് ഞങ്ങള്‍ അവരുമായി ധാരണയുണ്ടാക്കി; എന്നാല്‍ ഇതും അവര്‍ പൊളിച്ചു. ആണവക്കരാറിനും അതുമായി മുന്നോട്ട്പോകുന്ന സര്‍ക്കാരിനും എതിരായ പോരാട്ടത്തിന്റെ പ്രശ്നത്തില്‍, ഇപ്പോള്‍ മൂന്നാമത്തെ തവണയാണ് അവര്‍ വഞ്ചിക്കുന്നത്. തുടക്കത്തില്‍ അവര്‍ ഞങ്ങളുമായി സഹകരിച്ചു; തങ്ങള്‍ക്കാവശ്യമായ സമയംവന്നപ്പോള്‍ അവര്‍ ധാരണ പൊളിച്ചു. ഇത്തരം ചില പാര്‍ടികളെല്ലാം തങ്ങളുടെ താല്‍പര്യം മാത്രം നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ജോണ്‍ ബ്രിട്ടാസ് : ബിഎസ്‌പിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുകയാണെങ്കില്‍ എന്തായിരിക്കും എന്നാണ് എന്റെചോദ്യം.

പ്രകാശ് കാരാട്ട് : അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യും എന്ന് നോക്കി രാഷ്ട്രീയത്തില്‍ നമുക്ക് നീങ്ങാനാവില്ല. നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് നാം മുന്നോട്ട് നീങ്ങിയേ മതിയാവൂ. ഈ സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ വിജയിച്ചു എന്നതാണ് ഇപ്പോള്‍ നിലവിലുള്ള യാഥാര്‍ത്ഥ്യം. ഇപ്പോള്‍ തട്ടിക്കൂട്ടിയ ഭൂരിപക്ഷംകൊണ്ട് അവര്‍ ഭരണം നടത്തുന്നതെങ്ങനെയെന്നും പാര്‍ലമെന്റിനെ നേരിടുന്നതെങ്ങനെയെന്നും നമുക്ക് നോക്കാം. ഈ ഭൂരിപക്ഷം ഒപ്പിച്ചെടുത്തത് എങ്ങനെയെന്ന് എല്ലാപേര്‍ക്കും അറിയാം. കൈക്കൂലികൊടുത്ത്, ഭീഷണിപ്പെടുത്തി, ബ്ലാക്‍മെയില്‍ ചെയ്ത് - ഇങ്ങനെയെല്ലാം ഒപ്പിച്ചതാണ് ഈ സര്‍ക്കാരിന്റെ ഭൂരിപക്ഷം.

ജോണ്‍ ബ്രിട്ടാസ് : കൃത്രിമമായി തട്ടിക്കൂട്ടിയ ഭൂരിപക്ഷത്തെക്കുറിച്ച് താങ്കള്‍ സൂചിപ്പിക്കുന്നു. എംപിമാരെ വിലയ്ക്കു വാങ്ങിയതിന് തെളിവുണ്ടെന്ന് താങ്കള്‍ പറഞ്ഞു. അങ്ങനെ എന്തെങ്കിലും തെളിവ് താങ്കള്‍ ഹാജരാക്കിയോ?

പ്രകാശ് കാരാട്ട് : എന്റെ കൈവശം തെളിവുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എംപിമാരെ സമീപിച്ചതിന്റെയും എപ്പോഴാണ് അങ്ങനെ സമീപിച്ചതെന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അവരുടെ കയ്യില്‍ അതിന്റെ വസ്തുതാപരമായ റിക്കാര്‍ഡുകളുമുണ്ട്. അതാണ് ഞാന്‍ പറഞ്ഞത്.

ജോണ്‍ ബ്രിട്ടാസ് : താങ്കള്‍ അത് വെളിപ്പെടുത്താന്‍ പോവുകയാണോ?

പ്രകാശ് കാരാട്ട് : അവര്‍ അത് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും. ഞങ്ങളോട് ഇക്കാര്യം പറഞ്ഞവരെയെല്ലാം സമീപിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ സമീപിക്കപ്പെട്ട നിരവധി പ്രതിപക്ഷ പാര്‍ടി നേതാക്കളെ എനിക്കറിയാം. വ്യക്തിപരമായി തന്നെ അവരില്‍ നിന്നെല്ലാം എനിക്ക് വിവരം ലഭിച്ചിരുന്നു; ഇപ്പോള്‍ അത് വെളിപ്പെടുത്തണമോയെന്നത് അവരുടെ കാര്യമാണ്. ഞാന്‍ എന്തിനത് പറയണം. അത് പറയാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ പറയും.

ജോണ്‍ ബ്രിട്ടാസ് : ആ നിര്‍ണ്ണായക ദിവസങ്ങളില്‍ മായാവതിക്ക് ലഭിച്ച അമിത പ്രാധാന്യമാണ് എന്‍ഡിഎയെ പിന്നോട്ടടിപ്പിച്ചത് എന്ന് പൊതുവെ പറയുന്നുണ്ട്.

പ്രകാശ് കാരാട്ട് : അതിനെക്കുറിച്ച് എനിക്ക് അറിയില്ല. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആ ഉത്തര്‍പ്രദേശില്‍ സ്വന്തമായി ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിയാണവര്‍. 17 വര്‍ഷത്തിനു ശേഷമാണ് അവിടെ ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. അവരുടെ പാര്‍ടിയും അവര്‍ തന്നെയും യുപിഎ സര്‍ക്കാരിനും ആണവക്കരാറിനുമെതിരായ പോരാട്ടത്തിനിറങ്ങുകയാണെങ്കില്‍.... ഇതിനെല്ലാം അതിന്റേതായ പ്രത്യാഘാതമുണ്ട്. സമാജ്‌വാദി പാര്‍ടി കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയതോടുകൂടി സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താന്‍ പറ്റുമെന്ന് പലരും കരുതി. കോണ്‍ഗ്രസ് അങ്ങനെയാണ് ചിന്തിച്ചത്. വിശ്വാസവോട്ടിനിടയില്‍ ജനതാദള്‍ (സെക്കുലര്‍)ന് എന്ത് സംഭവിച്ചു, രാഷ്ട്രീയ ലോക്‍ദളിന് എന്ത് സംഭവിച്ചു, ഐഎന്‍എല്‍ഡിക്ക് എന്താണ് സംഭവിച്ചത്, സമാജ്‌വാദി പാര്‍ടി ഒഴികെയുള്ള യുഎന്‍പിഎയ്ക്ക് എന്തുപറ്റി? അവയെല്ലാം ഒന്നിച്ചു കൂടി. ഒരുവിധത്തില്‍ പറഞ്ഞാല്‍ അത് പ്രച്ഛന്ന വേഷത്തിലെത്തിയ അനുഗ്രഹമായിരുന്നു; സമാജ്‌വാദി പാര്‍ടിയിലെ ഒരു വിഭാഗമായിരുന്നു അതിന് വഴി തുറന്നത്. അതേവരെ ഒന്നിച്ച് നിന്നിട്ടില്ലാതിരുന്ന പല പാര്‍ടികള്‍ക്കും ഒത്തുകൂടാന്‍ കഴിഞ്ഞു.

ജോണ്‍ ബ്രിട്ടാസ് : സമാജ്‌വാദി പാര്‍ടി വിട്ടുപോയത് ഒരു വിധത്തില്‍ നന്നായെന്നാണോ താങ്കള്‍ പറയുന്നതിന്റെ അര്‍ത്ഥം?

പ്രകാശ് കാരാട്ട് : അല്ല, അങ്ങനെയല്ല. ചില കക്ഷികള്‍ക്കെല്ലാം സമാജ്‌വാദി പാര്‍ടിയോട് അകല്‍ച്ചയുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു പ്രായോഗികമായ സമീപനമായിരുന്നു.

ജോണ്‍ ബ്രിട്ടാസ് : ആ ദിവസങ്ങളില്‍ ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. മായാവതിക്ക് ലഭിച്ച അമിത പ്രാധാന്യം പ്രത്യക്ഷത്തില്‍ തന്നെ ബിജെപിയെ പരിഭ്രാന്തരാക്കിയെന്ന് എന്‍ഡിഎ വൃത്തങ്ങള്‍ പറയുകയുണ്ടായി.

പ്രകാശ് കാരാട്ട് : എന്‍ഡിഎയില്‍ നിന്നുള്ള 14 എംപിമാര്‍, അതില്‍ 8 പേര്‍ ബിജെപിക്കാരുമാണ്, ഭരണപക്ഷത്തേക്ക് കൂറുമാറിയത് ദൌര്‍ഭാഗ്യകരമായിരുന്നു. അവര്‍ ഇക്കാര്യം പരിശോധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ പാര്‍ലമെന്റംഗങ്ങള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് പക്ഷത്തേക്ക് കൂറുമാറിയത്. തങ്ങളുടെ രാഷ്ട്രീയത്തോടും പ്രത്യയശാസ്ത്രത്തോടുമുള്ള അവരുടെ പ്രതിബദ്ധത എന്താണ്? ശരിക്കും ഉല്‍ക്കണ്ഠപ്പെടേണ്ട ഒരു കാര്യം തന്നെയാണ് ഇത്. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ പാര്‍ടികള്‍ക്ക് തങ്ങളുടെ എംപിമാരുടെ മേല്‍ നിയന്ത്രണം ഇല്ലാതെ വന്നാല്‍ മൊത്തം സംവിധാനവും ജീര്‍ണ്ണിച്ചുപോകും.

ജോണ്‍ ബ്രിട്ടാസ് : പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് മായാവതി എന്ന് എ ബി ബര്‍ദന്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

പ്രകാശ് കാരാട്ട് : മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ കഴിയുമെന്ന് താങ്കള്‍ ചിന്തിക്കുന്നുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, എന്തുകൊണ്ടായിക്കൂടാ എന്ന് അദ്ദേഹം മറുപടി പറയുകയാണുണ്ടായത്. അദ്ദേഹത്തിന് അക്കാര്യത്തില്‍ ഒരെതിര്‍പ്പുമില്ലെന്ന് പറയുന്നതിന്റെ ഒരു രീതിയായിരുന്നു അത്. വ്യക്തികളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത് ആവശ്യമാണെന്ന് ഞങ്ങള്‍ കാണുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്നത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ്. അങ്ങനെ മാത്രമേ രാജ്യത്തെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള സഖ്യങ്ങള്‍ തമ്മിലുള്ള മല്‍സരം മാത്രമായി ചുരുങ്ങാതിരിക്കൂ. അക്കാര്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാപേരെയും ഒന്നിപ്പിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു പങ്കു വഹിക്കും.

ജോണ്‍ ബ്രിട്ടാസ് : മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറയാന്‍ താങ്കള്‍ തയ്യാറല്ലെന്നല്ലേ ഇതിനര്‍ത്ഥം?

പ്രകാശ് കാരാട്ട് : ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, അങ്ങനെ ഇപ്പോള്‍ പറയുന്നത് അകാലികമാണ്. നമ്മുടെ രാജ്യത്ത് ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പലരും പ്രധാനമന്ത്രിമാരായിട്ടുണ്ട്. തങ്ങള്‍ പ്രധാനമന്ത്രി പദത്തിന് പറ്റിയവരാണെന്ന് കരുതാതിരുന്ന പലരും പ്രധാനമന്ത്രിമാരായിട്ടുണ്ട്; അവര്‍ നല്ല പ്രധാനമന്ത്രിമാരായി മാറിയിട്ടുമുണ്ട്. അതുകൊണ്ട് ഈ വിവാദത്തില്‍ ഞങ്ങള്‍ എന്തിന് തലയിടണം? ഇത് ഗൌരവമുള്ള ഒരു ചര്‍ച്ചയല്ലെന്നതാണ് ആദ്യത്തെ കാര്യം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ നമുക്ക് ഇക്കാര്യം പരിഗണിക്കാം.

ജോണ്‍ ബ്രിട്ടാസ് : ആ ദിനങ്ങളില്‍ ടിഡിപിയും ടിആര്‍എസും പോലും മായാവതിക്ക് പ്രധാനമന്ത്രി ആകാം എന്ന് പറയുന്നുണ്ടായിരുന്നു.

പ്രകാശ് കാരാട്ട് : നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ഇപ്പോള്‍ നാം കേരളത്തിലിരുന്നാണ് സംസാരിക്കുന്നത്. പക്ഷേ, കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ യുപിയില്‍ സ്ഥിരമായി പോകാറുണ്ട്. യുപിയിലും ഉത്തരേന്ത്യയിലും വളരെ പ്രധാനപ്പെട്ട പല സാമൂഹിക അടിയൊഴുക്കുകളും മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. പല പുതിയ ശക്തികളും ഉയര്‍ന്നുവരുന്നുണ്ട്. അവയെയെല്ലാം പൂര്‍ണ്ണമായി നമുക്ക് ഉള്‍ക്കൊള്ളാനാവില്ല; സംഭവിക്കുന്നതില്‍ ചിലതിനെ നാം ഇഷ്ടപ്പെട്ടേക്കാം; അത് നമ്മുടെ സമീപനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ ഈ കലങ്ങിമറിയലിനിടയില്‍ പുതിയ ശക്തികള്‍ ഉയര്‍ന്നുവരുന്നു എന്നത് അംഗീകരിക്കണം. ആ സാമൂഹിക ശക്തികള്‍ക്ക് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കാനും കഴിയും. അത്രമാത്രമേ എനിക്ക് പറയാനാകൂ.

ജോണ്‍ ബ്രിട്ടാസ് : ഇടതുപാര്‍ടികള്‍ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ ഉള്ളതായി പറയപ്പെടുന്ന സ്വാധീനത്തിന്റെ ഫലമായി പരമാവധി സീറ്റ് ലഭിച്ചിട്ടുണ്ട്. അതായത് 60ല്‍ അധികം. ഈ സ്വാധീനം കൊണ്ടുമാത്രം ഇടതുപക്ഷത്തിന് നിലവിലുള്ള ലോകസഭയിലുള്ള എണ്ണം നിലനിര്‍ത്താന്‍ സാധ്യതയില്ല. താങ്കള്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്?

പ്രകാശ് കാരാട്ട് : ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1996ല്‍ ഇടതുപക്ഷത്തിന് ഇത്രയും അംഗസംഖ്യ ഉണ്ടായിരുന്നില്ല. ഇത് എണ്ണത്തിന്റെ പ്രശ്നമല്ല. ഇത് വിശ്വാസ്യതയുടെയും ഇടതുപക്ഷത്തിന്റെ നയങ്ങളുടെയും പ്രശ്നമാണ്; അതാണ് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് എഴുപതോ എണ്‍പതോ എംപിമാര്‍ ഉണ്ടായിരിക്കാം. എന്നാല്‍ സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറച്ച നിലപാടില്ലെങ്കില്‍ ആ എണ്ണംകൊണ്ട് എന്താണ് ഫലം? ഇടതുപക്ഷത്തിന് ഈ രാഷ്ട്രീയ വീക്ഷണം, സുവ്യക്തമായ ഈ നയ നിലപാട് ഇല്ലെങ്കിലുള്ള സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. അതുകൊണ്ട് എത്ര എണ്ണം ഉണ്ടെന്നതല്ല കാര്യം. നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം നിര്‍ണ്ണയിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് നാല്‍പതോ അമ്പതോ അറുപതോ അംഗങ്ങള്‍ എന്നതല്ല പ്രശ്നം.

ജോണ്‍ ബ്രിട്ടാസ് : ഇപ്പോഴത്തേതിലും കുറഞ്ഞ അംഗസംഖ്യകൊണ്ട് നിര്‍ണ്ണായകമായ ഒരു പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്കാകുമോ?

പ്രകാശ് കാരാട്ട് : നിര്‍ണ്ണായകമായ പങ്ക് തന്നെ. ഏതു വിധത്തിലുള്ള പങ്ക്? അതാണ് നാം കാണേണ്ടത്. അത് ഞങ്ങളെ ആശ്രയിച്ചല്ല ഉണ്ടാകുന്നത്. ഒരു കൂട്ടുകക്ഷി സര്‍ക്കാരാണ് ഉണ്ടാവുക എന്ന് എല്ലാപേര്‍ക്കും അറിയാം. കൂട്ടുകക്ഷിക്ക് ഭൂരിപക്ഷവും കിട്ടിയേക്കാം. അപ്പോള്‍ എന്തു ചെയ്യുമെന്ന് ഞങ്ങളോട് ചോദിക്കുന്നതിന്റെ കാര്യമെന്താണ്? കേവല ഭൂരിപക്ഷമുള്ള ഒരു കൂട്ടുകക്ഷിയാണ് ഉണ്ടാവുന്നതെങ്കില്‍ 2004ല്‍ ഞങ്ങള്‍ വഹിച്ചതുപോലെയുള്ള ഒരു പങ്ക് വഹിക്കാനുള്ള സാധ്യതയെവിടെയാണ്?

ജോണ്‍ ബ്രിട്ടാസ് : ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐ എം എപ്പോഴും പറയാറുണ്ട്. പക്ഷേ, ഒട്ടേറെ വര്‍ഷം പിന്നിട്ടിട്ടും, നിരവധി പാര്‍ടി കോണ്‍ഗ്രസുകള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞില്ല.

പ്രകാശ് കാരാട്ട് : ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക്, ഞങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതിക്ക്, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ കഴിയും വിധത്തിലുള്ള രാഷ്ട്രീയ സ്വാധീനമായി മാറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഉത്തര്‍പ്രദേശിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ ഒട്ടേറെ കലങ്ങി മറിയലുകള്‍ സംഭവിക്കുന്നുണ്ട്. മാറ്റങ്ങളും മറിച്ചിലുകളും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ കാരണമല്ല അത് നടക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്താണ് സംഭവിക്കുന്നതെന്ന് ശരിയായി അറിയാന്‍ നമുക്ക് കഴിയണം; ഇക്കാര്യങ്ങളില്‍ കൃത്യമായി ഇടപെടാനും കഴിയണം. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇതേവരെ വിജയിക്കാനായിട്ടില്ല. പക്ഷേ ഞങ്ങള്‍ അതിനുവേണ്ടി പരിശ്രമിക്കും.

ജോണ്‍ ബ്രിട്ടാസ് : ബിഎസ്‌പി- സിപിഐ എം രസതന്ത്രം?

പ്രകാശ് കാരാട്ട് : രസതന്ത്രത്തിന്റെ കാലഘട്ടത്തിലേക്ക് ഞാന്‍ ഇതേവരെ എത്തിയിട്ടില്ല. യുപിഎ സര്‍ക്കാരിനെ തുറന്നു കാണിക്കാനുള്ള ഒരു പ്രചരണ പരിപാടിക്ക് വേണ്ട ശക്തികളെ ഒത്തുചേര്‍ക്കുന്ന ഘട്ടംവരെയെ ഇപ്പോള്‍ എത്തിയിട്ടുള്ളൂ. ബിജെപിക്കെതിരെ പോരാടാനും കഴിയുന്ന ശക്തികള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.

ജോണ്‍ ബ്രിട്ടാസ് : മായാവതിയുമായൊത്ത് ഒരു സംയുക്ത ക്യാമ്പയിന് താങ്കള്‍ പോകുമോ? അവര്‍ ചില റാലികള്‍ക്കുള്ള പരിപാടി തയ്യാറാക്കുന്നതായി തോന്നുന്നു.

പ്രകാശ് കാരാട്ട് : അക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. സംയുക്ത പ്രചരണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. ഡല്‍ഹിയില്‍ ഒരു റാലിയോടുകൂടി അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞേക്കും. തീയതിയെ സംബനധിച്ചും ഞങ്ങള്‍ തീരുമാനമെടുക്കും. ഡല്‍ഹിയിലെ റാലിയോടെ സംയുക്ത ക്യാമ്പയിന്‍ തുടങ്ങും.

ജോണ്‍ ബ്രിട്ടാസ് : മായാവതിയും ഉണ്ടാകുമെന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?

പ്രകാശ് കാരാട്ട് : നിശ്ചയമായും. ഒമ്പതോ പത്തോ പാര്‍ടികളുടെ നേതാക്കന്മാര്‍ അതിലുണ്ടാകും.

ജോണ്‍ ബ്രിട്ടാസ് : സിപിഐ എം എപ്പോഴും ചൈനക്കാരെ സഹായിക്കാന്‍ പറ്റിയ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് താങ്കളുടെ പാര്‍ടിക്കെതിരെ ഉയര്‍ന്നുവരുന്ന മുഖ്യ ആരോപണങ്ങളിലൊന്ന്. താങ്കളുടെ സമീപനത്തിലാകെ ചൈന അനുകൂല നിലപാടാണുള്ളത്. ഈ കരാറിന്റെ കാര്യത്തില്‍ പോലും....

പ്രകാശ് കാരാട്ട് : വളരെ സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍, നിരക്ഷര കുക്ഷികളായ കുറേ കോണ്‍ഗ്രസുകാരാണ് അങ്ങനെ പറയുന്നത്. ഇന്ത്യയിലെ ആണവ പ്രശ്നത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ചൈനീസ് സര്‍ക്കാരിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമാണ്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ചേരണം എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ എന്‍പിടിയില്‍ ചേരുന്നതിന് ഞങ്ങള്‍ എക്കാലവും എതിരാണ്. ചൈന ആണവായുധ രാഷ്ട്രമാണ്. ആണവായുധ രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അഞ്ച് രാജ്യങ്ങളാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ - ഈ അഞ്ച് രാഷ്ട്രങ്ങള്‍ക്കും പ്രത്യേക പദവിയാണ്. എന്‍പിടി പ്രകാരം നമ്മള്‍ ആണവ ആയുധ രഹിത രാജ്യമാണ്. അന്താരാഷ്ട്ര സമൂഹം നമ്മെ രണ്ടാംകിട പൌരന്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍തന്നെ ഞങ്ങള്‍ പറയുന്നത് ഇത് വിവേചനമാണ് എന്നാണ്... ഇത് ലോകത്തെ ആണവായുധങ്ങള്‍ ഉള്ളവരെന്നും ആണവായുധരഹിതരെന്നും രണ്ടായി തിരിക്കുന്നു. അമേരിക്കയ്ക്കുള്ള, മുമ്പ് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന സൌകര്യങ്ങള്‍ ചൈനയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൈന അമേരിക്കയുമായി ഇടപെടുമ്പോള്‍, അത് സമന്മാര്‍ തമ്മിലുള്ള ഇടപാടാണ്. രണ്ടുകൂട്ടരും ആണവായുധ രാഷ്ട്രങ്ങളാണ്. നമുക്കുള്ള നിയന്ത്രണങ്ങളൊന്നും അവര്‍ക്കില്ല. ചൈനക്ക് അവരുടെ ഒരു ആണവ റിയാക്ടറിനെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താം. അടുത്ത ദിവസം തന്നെ അവര്‍ക്കുവേണമെങ്കില്‍ ഇതുപറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാം. നമുക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. നാം ഒപ്പിടുന്ന സുരക്ഷാ മാനദണ്ഡ കരാറില്‍ പോലും, നാം ഒപ്പിടുന്നത് ശാശ്വതമായാണ്. അതുകൊണ്ട്, അമേരിക്കയും ചൈനയും തമ്മിലുള്ള 123 കരാറിനെയും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 123 കരാറിനെയും കുറിച്ച് ഒന്നുപോലെ പറയുന്നത് മണ്ടത്തരമാണ്. ചൈനയും അമേരിക്കയും ആണവായുധ രാഷ്ട്രങ്ങളാണ്. അന്താരാഷ്ട്ര ഉടമ്പടികളിലും നിയമങ്ങളിലും അവരെ (ചൈന) വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നമ്മളെ മറ്റൊരു വിഭാഗമായാണ് കാണുന്നത്. അപ്പോള്‍ അമേരിക്കയുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ചൈനീസ് നിലപാടുമായി എങ്ങനെയാണ് നാം താരതമ്യപ്പെടുത്തുന്നത്? ചൈനയും അമേരിക്കയും ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുന്നത്. അതുകൊണ്ട് ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളും മുന്‍ഗണനകളും ഉണ്ട്; അതേപോലെ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എവിടെയാണ് ചൈനയെ അനുകൂലിക്കുന്ന പ്രശ്നം വരുന്നത്? ചൈനയും അമേരിക്കയും ചെയ്യുന്നതിനെ പിന്തുടരരുത് എന്നാണ് ഞങ്ങള്‍ പറയുന്നത്. അഥവാ എല്ലാ ആണവായുധ രാജ്യങ്ങളും കൂടി സംയുക്തമായി ഇക്കാര്യം പറഞ്ഞാലും അത് അംഗീകരിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.

ജോണ്‍ ബ്രിട്ടാസ് : മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ പോരാടുന്നത് ചൈനീസ് മേധവിത്വത്തിനെതിരെയും കൂടിയാണെന്നാണോ?

പ്രകാശ് കാരാട്ട് : ചൈനയുടെ മേധാവിത്വത്തിനെതിരെയെന്നല്ല. അന്യായവും വിവേചനപരവുമായ അന്താരാഷ്ട്ര ആണവ വ്യവസ്ഥക്കെതിരായ പോരാട്ടമാണിത്.

ജോണ്‍ ബ്രിട്ടാസ് : ചൈനയുമായിപ്പോലും കിടപിടിക്കത്തക്ക വിധത്തിലുള്ള ഒരു ശക്തിയായി ഇന്ത്യയെ മാറ്റാന്‍ അമേരിക്ക സഹായിക്കുമെങ്കില്‍ അത് എന്തുകൊണ്ടായിക്കൂടാ എന്നതാണ് ഇടത്തരക്കാരുടെ മാനസികാവസ്ഥ.

പ്രകാശ് കാരാട്ട് : ഏത് ഇടത്തരക്കാരാണ് ഇങ്ങനെ പറയുന്നത്? സര്‍വോപരി ഇതേ ഇടത്തരക്കാരാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളത്. അവരാണ് ദേശീയതയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വാതന്ത്ര്യസമരത്തെ നയിക്കുകയും ചെയ്തത്. ഇതില്‍ പല വിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇതേ ഇടത്തരക്കാര്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്താനോ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനോ നാം ജൂനിയര്‍ പങ്കാളികളായി അമേരിക്കയുമായി കരാറുണ്ടാക്കാനോ ആലോചിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇതാണ് ഇടത്തരക്കാരുടെ അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. അമേരിക്കയുമായും ബഹുരാഷ്ട്ര കമ്പനികളുമായും ബന്ധപ്പെടുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ നേരിട്ടനുഭവിക്കുന്ന നമ്മുടെ രാജ്യത്തിലെ ഇടത്തരക്കാരിലെ ചെറിയൊരു വിഭാഗം ഇങ്ങനെ ഉണ്ടാകാം. ശരിയാണ്, അങ്ങനെയൊരു വിഭാഗമുണ്ട്. അവര്‍ സ്വാധീനശക്തിയുള്ള വിഭാഗവുമാണ്. ഇടത്തരക്കാരുടെ പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞങ്ങളും ഇടത്തരക്കാരുമായി ഇടപെടാറുണ്ട്. വിവിധ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടത്തരം തലങ്ങളിലുള്ള ജോലികള്‍ ചെയ്യുന്ന ജീവനക്കാരുമായി ഞങ്ങള്‍ നിത്യവും ബന്ധപ്പെടാറുണ്ട്. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങളോട് സംസാരിക്കാറുണ്ട്. ഇന്ത്യ ഒരു വിധത്തിലും നമ്മുടെ സ്വാതന്ത്ര്യമോ പരമാധികാരമോ പരിമിതപ്പെടുത്താന്‍ പാടില്ലെന്നതാണ് അവരുടെ വികാരം. അമേരിക്ക നമ്മളോട് പറയുന്നത്, കോണ്ടലീസ റൈസ് ഇന്ത്യയില്‍ വന്ന് പറഞ്ഞത്, ഇന്ത്യയെ ഒരു വന്‍ശക്തിയാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതായാണ്. മറ്റൊരു വന്‍ശക്തിയുടെ സഹായത്തോടുകൂടി ആരും ഇതേവരെ വന്‍ശക്തിയായി മാറിയിട്ടില്ല; കോളനിവല്‍ക്കരിക്കപ്പെടുകയേയുള്ളൂ.

ജോണ്‍ ബ്രിട്ടാസ് : നമ്മുടെ ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നത് അമേരിക്കയുമായോ പാശ്ചാത്യ ശക്തികളുമായോ സഹകരിക്കുന്നതുകൊണ്ട് ലഭിക്കുന്ന സൌകര്യങ്ങള്‍, സാങ്കേതിക തലത്തിലുള്ള സഹകരണമല്ലെങ്കില്‍പ്പോലും നല്ലതാണെന്നാണ്....

പ്രകാശ് കാരാട്ട് : കൃത്യമായും ഇതാണ് ആണവക്കരാറുമായുള്ള പ്രശ്നം. നമ്മുടെ ആണവ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ സാങ്കേതിക വിദ്യയും ഈ ആണവ സഹകരണ കരാറിലൂടെ അമേരിക്ക നമുക്ക് നല്‍കുകയാണെന്നാണ് നമ്മളോട് അവര്‍ പറഞ്ഞത്. പക്ഷേ, ഹൈഡ് ആക്ട് പാസാക്കിയതോടെ, ഇപ്പോള്‍ 123 കരാര്‍ ഒപ്പിട്ടതോടെയും അവര്‍ നമുക്ക് പുനഃസംസ്കരണത്തിന്റെയോ സമ്പുഷ്ടീകരണത്തിന്റെയോ സമ്പൂര്‍ണ്ണ ആണവ പരിവൃത്തിയുടെയോ സാങ്കേതിക വിദ്യയൊന്നും തരാന്‍ തയ്യാറല്ല. അതേപോലെ ഇരട്ട ഉപയോഗ സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. സൈനികാവശ്യങ്ങള്‍ക്കോ സിവിലിയന്‍ ആണവാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഏത് സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. നമുക്കെതിരെ ഉപരോധങ്ങളും നിലവിലുണ്ട്. ഇവിടെയുള്ള നമ്മുടെ ചില സ്ഥാപനങ്ങള്‍ക്ക് നിയമവിരുദ്ധമായി സാങ്കേതിക വിദ്യ നല്‍കിയതിന് അമേരിക്കയിലെ ജയിലുകളില്‍ ചിലരെ അവര്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വലിയ വ്യാമോഹം നമുക്ക് വേണ്ട. സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് നേരെ ചൊവ്വെയുള്ള കരാറായിരുന്നെങ്കില്‍, നമ്മുടെ പരമാധികാരത്തിന്മേലോ നമ്മുടെ വിദേശനയം സംബന്ധിച്ചോ വ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അതിനെ എതിര്‍ക്കുകയുമില്ലായിരുന്നു.

ജോണ്‍ ബ്രിട്ടാസ് : നിങ്ങള്‍ക്കെതിരെയുള്ള പ്രചരണത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു മേഖല പ്രധാനമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായി കാണാം. താന്‍ തന്നെ തുടക്കം കുറിച്ച ഉദാരവല്‍ക്കരണത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്; കമ്പ്യൂട്ടറുകളെക്കുറിച്ചും ടെലികോം വിപ്ലവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ക്ഷണിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിങ്ങളെപ്പോലുള്ളവര്‍ പറയുകയായിരുന്നു. ഇപ്പോള്‍ എന്തുണ്ടായി? ഇന്ത്യ അഭിവൃദ്ധിപ്പെട്ടു''. ഈ വാദഗതിയെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം എന്താണ്?

പ്രകാശ് കാരാട്ട് : ശരിയാണ്, ഇന്ത്യ 'അഭിവൃദ്ധി'പ്പെടുകയാണ്. നാം 500 ശതകോടീശ്വരന്മാരെ ഇപ്പോള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്. നാം അഭിമാനം കൊള്ളേണ്ടത് അതാണെങ്കില്‍, പ്രധാനമന്ത്രിക്ക് ഈ തരത്തിലുള്ള വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളാം. ഈ 9% ജിഡിപി വളര്‍ച്ചാ നിരക്ക് ശതകോടീശ്വരന്മാരുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടവരുത്തുന്നതോടൊപ്പം മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് ദാരിദ്ര്യവും ദുരിതവുമാണ് നല്‍കുന്നത്. ഞങ്ങള്‍ ആ തരത്തിലുള്ള വളര്‍ച്ചയ്ക്കുവേണ്ടിയല്ല നില്‍ക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വളര്‍ച്ചയെക്കുറിച്ച് സുവ്യക്തമായ ഒരു ബദല്‍ മാതൃകയുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പിന്നെ, സാങ്കേതിക വിദ്യയുടെ കാര്യം. സാങ്കേതിക വിദ്യ ആര്, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നം. ഞങ്ങളാരും സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യ ഒരു ചെറിയ ന്യൂനപക്ഷം വരുന്ന ആളുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണെങ്കിലാണ്, മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ചെയ്യുന്നതല്ലെങ്കിലാണ്, ഞങ്ങള്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തെ വിമര്‍ശിക്കുന്നത് - അല്ലാതെ, സാങ്കേതികവിദ്യയെയല്ല. ഞങ്ങള്‍ ആണവ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. ഞങ്ങള്‍ പറയുന്നത്, അമേരിക്കയുടെ ഉപരോധമെല്ലാം ഉണ്ടായിരുന്നിട്ടും, 1950കളില്‍ ഡോ. ഹോമി ഭാഭയുടെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നാണ്. മൂന്നുഘട്ടങ്ങളുള്ള ആണവ വികസന പരിപാടി നമുക്കുണ്ട്; അമേരിക്കയുമായി ഇതുപോലുള്ള ഒരു കരാറുണ്ടാക്കി അതിനെ അപകടപ്പെടുത്തരുതെന്നും നശിപ്പിക്കരുതെന്നുമാണ് ഞങ്ങള്‍ പറയുന്നത്. ഞാന്‍ സര്‍ക്കാരിനോട് ഒരു കാര്യം ചോദിക്കട്ടെ; ഐഎഇഎയില്‍ നിന്നുള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍, നേരെ ആണവ വിതരണ സംഘത്തിനെ സമീപിച്ചാല്‍ ഉടന്‍ ആണവ സാങ്കേതിക വിദ്യ നമുക്ക് ലഭിക്കുമെന്നും റഷ്യയില്‍നിന്നും ഫ്രാന്‍സില്‍നിന്നും ഇന്ധനം ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞത്. അതാണ് കാര്യമെങ്കില്‍, കഴിഞ്ഞ നവംബറില്‍ മോസ്കോ സന്ദര്‍ശിച്ച അവസരത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി റഷ്യയുമായി കൂടങ്കുളം റിയാക്ടറുകള്‍ക്കുവേണ്ടിയുള്ള ആണവ സഹകരണത്തിന് തയ്യാറാക്കിവെച്ചിരുന്ന കരട് കരാറില്‍ ഒപ്പിടാതിരുന്നത്? അമേരിക്ക ഒരു വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നതാണ് അതിനു കാരണം. ഞങ്ങള്‍ ഈ അനുവാദം (എന്‍എസ്‌ജിയില്‍നിന്ന്) തരപ്പെടുത്തി തരാം, പക്ഷേ ആദ്യത്തെ കരാര്‍ ഞങ്ങളുമായിട്ടായിരിക്കണം; ഞങ്ങള്‍ക്കായിരിക്കണം ആദ്യ പരിഗണന ലഭിക്കേണ്ടത് - ഇതാണ് അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥ. അതുകൊണ്ട് റഷ്യയും ഫ്രാന്‍സും പിന്നീട് മാത്രമേ വരൂ. ആദ്യം നമ്മള്‍ ആ റിയാക്ടറുകള്‍ വാങ്ങിയേ പറ്റൂ. സാങ്കേതിക വിദ്യയെക്കുറിച്ച് അവര്‍ ഏറെ പറയുമ്പോള്‍ നമുക്ക് കാര്യങ്ങളാകെ നോക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അമേരിക്ക ഒരൊറ്റ ആണവ റിയാക്ടര്‍ പോലും സ്ഥാപിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്ന് പറയുന്നത് വാഷിങ്ടണില്‍ നിന്നുള്ള റിയാക്ടറുകള്‍ നിലവാരം കുറഞ്ഞവയാണെന്നാണ്. ഇത് ഒരമേരിക്കന്‍ ഏജന്‍സിയുടെ തന്നെ റിപ്പോര്‍ട്ടാണ്. അതുകൊണ്ട് ഫ്രഞ്ച് റിയാക്ടറുകള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, അതിനും അമേരിക്കയുമായി കെട്ടുപാടുണ്ടാക്കണം. പക്ഷേ, അത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കുന്നതിന് ഞാന്‍ എതിരാണ്.

ജോണ്‍ ബ്രിട്ടാസ് : കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതിനെതിരായിരുന്നു, ടെലികോം വിപ്ലവമുണ്ടായപ്പോഴും നിങ്ങള്‍ അതിനെ എതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങളും കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നു, ഇതാണ് ഇടതുപാര്‍ടികളെ സംബന്ധിച്ച പൊതു വിമര്‍ശനം.

പ്രകാശ് കാരാട്ട് : ഞങ്ങള്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. സാങ്കേതിക വിദ്യ നടപ്പിലാക്കുമ്പോള്‍, മുതലാളിത്ത വ്യവസ്ഥ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സവിശേഷമായ ഉയര്‍ന്ന പദവി സര്‍ക്കാര്‍ നല്‍കുകയാണ്. ടെലികോമില്‍ നിങ്ങള്‍ക്ക് 74% എഫ്‌ഡിഐ അനുവദിക്കാനാവില്ല. ആവശ്യമുള്ള വിഭവങ്ങളുണ്ട്. നമുക്ക് തന്നെ സാങ്കേതിക വിദ്യ വികസിപ്പിക്കാം, സാങ്കേതിക വിദ്യ ലഭിക്കുകപോലും ചെയ്യും, പക്ഷേ, എന്തിനാണ് നാം 74 ശതമാനം നിയന്ത്രണം കൈമാറുന്നത്? അതിന്റെ അര്‍ത്ഥം പരിപൂര്‍ണമായ വിദേശ പങ്കാളിത്തം എന്നാണ്. വോഡഫോണ്‍ ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയെ പൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ ഇനി അതിവേഗം ടെലികോം മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ പരിപൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കുന്നത് നമുക്ക് കാണാം. ടെലികോം കമ്പനികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വിമര്‍ശനം. ടെലികോം സാങ്കേതിക വിദ്യയിലുള്ള സ്വയംപര്യാപ്തമായ നമ്മുടെ തദ്ദേശീയ വികസനത്തെയും നമ്മുടെ ഇന്ത്യന്‍ കമ്പനികളെയും വിദേശ മൂലധനം വിഴുങ്ങാതിരിക്കാനാണത്.

ജോണ്‍ ബ്രിട്ടാസ് : നിങ്ങള്‍ക്ക് ഉദാരവല്‍ക്കരണ പ്രക്രിയയെ തടയാനാവില്ല എന്നാണ് സ്വതന്ത്ര നിരീക്ഷകര്‍പോലും പറയുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍പോലും അതാണ് പിന്തുടരുന്നത്. പ്രധാനമന്ത്രി അതാണ് സൂചിപ്പിച്ചതെന്ന് തോന്നുന്നു. 1991ലെ സര്‍ക്കാരിനുശേഷം വന്ന ഒരു സര്‍ക്കാരും ഇത് മുറിച്ചു കടന്നില്ല...

പ്രകാശ് കാരാട്ട് : ഉദാരവല്‍ക്കരണ നയത്തെ ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിന് തടയാനോ മാറ്റാനോ പറ്റില്ലെന്നത് വസ്തുത തന്നെയാണ്. അതില്‍ ചില ഭേദഗതികള്‍ വരുത്താനേ അവയ്ക്കു പറ്റൂ. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില ബദല്‍ നടപടികള്‍ സ്വീകരിക്കാനേ പറ്റൂ. ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനേ കഴിയൂ. ഇപ്പോള്‍ അതൊരു ഇടതുപക്ഷ സര്‍ക്കാരല്ല. കേന്ദ്രത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ബദല്‍ നടപടി കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും.

ജോണ്‍ ബ്രിട്ടാസ് : ഉദാരവല്‍ക്കരണത്തിന്റെ ശക്തികളെ കെട്ടഴിച്ചുവിടാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം എന്നാണ് തോന്നുന്നത്. ഇപ്പോള്‍ തന്നെ പ്രോവിഡന്റ് ഫണ്ട് സ്വകാര്യ കമ്പനികളില്‍ നിക്ഷേപിക്കാന്‍ പോവുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുടെ ഒരു തള്ളിക്കയറ്റം താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?.....

പ്രകാശ് കാരാട്ട് : ഇതേവരെ അവര്‍ക്ക് നടപ്പാക്കാന്‍ കഴിയാതിരുന്ന നവലിബറല്‍ നയങ്ങളും അതിനുള്ള പല നിയമനിര്‍മ്മാണങ്ങളുമായി ഇനി മുന്നോട്ടു നീങ്ങാം എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ആ വെല്ലുവിളിയെ രണ്ടുവിധത്തില്‍ നേരിടാനാവും എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ ഒന്നാമത്തെ നടപടി, അവര്‍ ഇത്തരം നയങ്ങള്‍ കൊണ്ടുവരുന്ന ഓരോ മേഖലയിലും ഇത്തരം നയങ്ങള്‍ക്കെതിരെ വമ്പിച്ച ജനമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കലാണ്; രണ്ടാമത്തെ നടപടി പാര്‍ലമെന്റിനുള്ളിലാണ്. ആഗസ്ത് 11ന് അവര്‍ പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കട്ടെ. എന്നിട്ട് ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് വോട്ടിനിടട്ടെ. അവര്‍ക്ക് ലോക് സഭയിലുള്ള ഭൂരിപക്ഷം ഏത് തരത്തിലുള്ളതാണെന്ന് അപ്പോള്‍ നമുക്ക് കാണാം. അവര്‍ക്ക് സപ്ലിമെന്ററി ബജറ്റിനുള്ള വ്യവസ്ഥ കൊണ്ടുവരേണ്ടതായി വരുമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ ചെന്നെത്തിയിരിക്കുന്ന അപകടാവസ്ഥ അത്തരത്തിലാണ്. രണ്ടാമതായി, രാജ്യസഭയെ സംബന്ധിച്ചിടത്തോളം യുപിഎയ്ക്ക് അങ്ങനെയൊരു ഭൂരിപക്ഷം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവിടെയും അവര്‍ക്ക് ഭൂരിപക്ഷം തട്ടിക്കൂട്ടിയെടുക്കേണ്ടതായി വരും. ഇരു സഭകളിലും ഈ നിയമനിര്‍മ്മാണങ്ങളെ പരാജയപ്പെടുത്താന്‍ അവസാന നിമിഷം വരെ പോരാട്ടം തുടരും എന്ന് ഞങ്ങള്‍ ഉറപ്പാക്കും.

ജോണ്‍ ബ്രിട്ടാസ് : വോട്ടെടുപ്പില്‍ ഇടതുപാര്‍ടികള്‍ക്ക് ബിജെപിയോടൊപ്പം നില്‍ക്കാന്‍ എങ്ങനെ കഴിയും?

പ്രകാശ് കാരാട്ട് : ഇതിന് ബിജെപിയുമായി എന്ത് ബന്ധം? ഒരു ബില്ലിന്റെ കാര്യത്തിലാണെങ്കിലും ഇന്‍ഷുറന്‍സില്‍ വിദേശ മൂലധന പരിധി ഉയര്‍ത്തുന്ന കാര്യത്തിലാണെങ്കിലും എക്കാലത്തും ഞങ്ങള്‍ അതിനെതിരെ വോട്ടു ചെയ്തിട്ടുണ്ട്. ഇത്തരം നയങ്ങള്‍ക്ക് എതിരായി ആരോടൊപ്പവും ഞങ്ങള്‍ വോട്ടു ചെയ്തിട്ടുണ്ട്. എഫ്‌ഡിഐയുടെയും ഇന്‍ഷുറന്‍സിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് വോട്ടെന്നോ ബിജെപി വോട്ടെന്നോ ഉള്ളതല്ല പ്രശ്നം. അത് ഞങ്ങളുടെ നിലപാടാണ്.

ജോണ്‍ ബ്രിട്ടാസ് : സോമനാഥ് ചാറ്റര്‍ജി സ്വീകരിച്ച നിലപാടിലേയ്ക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ‘ബിജെപിയോടൊപ്പം’ വോട്ടു ചെയ്യാനുള്ള നിലപാടിന് സോമനാഥ് ചാറ്റര്‍ജി എതിരായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്....

പ്രകാശ് കാരാട്ട് : അത് വ്യത്യസ്തമായ ഒരു പ്രശ്നമാണ്. ഏതെങ്കിലും ബില്ലിനെയോ അതിലെ ചില വകുപ്പുകളെയോ സംബന്ധിച്ച വോട്ടെടുപ്പ് പോലെയല്ല. വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍, ബിജെപിയോടൊപ്പം വോട്ടു ചെയ്ത് സര്‍ക്കാരിനെ താഴെയിറക്കുന്ന പ്രശ്നമാണ് അദ്ദേഹം ഉയര്‍ത്തിയത്. അദ്ദേഹം ഉയര്‍ത്തിയ പ്രശ്നം ഗൌരവമുള്ളതുതന്നെയാണ്. അതിന് ഞങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്തു. 1993ല്‍ സോമനാഥ് ചാറ്റര്‍ജി പാര്‍ലമെന്റിലെ സിപിഐ എം ഗ്രൂപ്പിന്റെ നേതാവായിരുന്നപ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച കാര്യം അദ്ദേഹം ഓര്‍മ്മിക്കണം. 1993ല്‍ നരസിംഹറാവു സര്‍ക്കാരിനെതിരായ ആ അവിശ്വാസ പ്രമേയത്തെ ബിജെപിയും പിന്തുണച്ചു. രണ്ടുകൂട്ടരും നരസിംഹറാവു സര്‍ക്കാരിനെതിരെ വോട്ടു ചെയതു. അപ്പോള്‍ ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. നിലവിലുള്ള ഒരു സര്‍ക്കാരിനെതിരായി, ഞങ്ങളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുടെ പേരില്‍, നിലപാടെടുക്കുകയും ആ സര്‍ക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുയും ചെയ്താല്‍ പിന്നെ അതിനെതിരെ ആരെല്ലാം വോട്ടു ചെയ്യും എന്ന് ഞങ്ങള്‍ നോക്കേണ്ട കാര്യമില്ല. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന് ഞങ്ങള്‍ തീരുമാനമെടുത്തു. ഞങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുവേണ്ടി മാത്രമല്ല ഞങ്ങള്‍ വോട്ടു ചെയ്തത്. സര്‍ക്കാരിന് ആണവ കരാറുമായി മുന്നോട്ടുപോകാനാവാത്ത വിധം സര്‍ക്കാരിനെ പരാജയപ്പെടുത്താനാണ് ഞങ്ങള്‍ വോട്ടു ചെയ്തത്.

ജോണ്‍ ബ്രിട്ടാസ് : കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സിപിഐ എം എംപിയായിരിക്കുന്ന സോമനാഥ് ചാറ്റര്‍ജിയുടെ സമീപനത്തെ താങ്കള്‍ എങ്ങനെയാണ് വിശദീകരിക്കുന്നത്?....

പ്രകാശ് കാരാട്ട് : അദ്ദേഹത്തിന് മറുപടി നല്‍കണമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ സ്പീക്കറാക്കാന്‍ താല്‍പര്യമുണ്ടെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 2004ല്‍ ഞങ്ങള്‍ അദ്ദേഹത്തെ സ്പീക്കറാക്കാന്‍ അനുവദിച്ചത്. ഞങ്ങള്‍ അന്ന് അതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിനാല്‍ അദ്ദേഹത്തെ സ്പീക്കറാക്കാം എന്ന് തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ടി ഒരു പ്രതിപക്ഷ നേതാവിനെയാണ് സ്പീക്കറാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് എന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കലും ഒരു പ്രതിപക്ഷ അംഗവും സ്പീക്കര്‍ ആയിട്ടുമില്ല. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനും അവര്‍ക്കെതിരെ വോട്ട് ചെയ്യാനും ഞങ്ങള്‍ തീരുമാനിച്ചതോടുകൂടി, സിപിഐ എം അംഗമെന്ന നിലയില്‍ സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ പദവിയില്‍ തുടരുന്നതിന് ഒരു ന്യായീകരണവുമില്ല. കാരണം സ്പീക്കര്‍ക്ക് സര്‍ക്കാരിനെതിരായി നിലപാടെടുക്കാനാവില്ല. സ്പീക്കര്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഒരാള്‍ സ്പീക്കറാകുന്നതോടുകൂടി രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാര്‍ടി നിലപാട് സ്വീകരിക്കാനോ പറ്റില്ല. സിപിഐ എം അംഗമെന്ന നിലയില്‍ സര്‍ക്കാരിനെ ഞങ്ങള്‍ എതിര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ പദവിയില്‍ തുടരാനാവില്ല എന്ന പ്രാഥമിക ചിന്തയാണ് ഞങ്ങളെ നയിച്ചത്. എന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ തീരുമാനം അദ്ദേഹം സ്വയം എടുക്കേണ്ടതാണെന്നും ഞങ്ങള്‍ കരുതി. വോട്ടെടുപ്പിനു തൊട്ടു മുമ്പുവരെ ഞങ്ങള്‍ കാത്തിരുന്നു. അപ്പോഴും അദ്ദേഹം തീരുമാനമൊന്നും കൈക്കൊള്ളുന്നില്ലെന്നും തല്‍സ്ഥാനത്ത് തുടരാനാണ് അദ്ദേഹത്തിന്റെ ഭാവമെന്നുമാണ് കണ്ടത്. ആ സമയത്ത് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും (സോമനാഥ് ചാറ്റര്‍ജിയുടെ പ്രശ്നത്തിനായി ചേര്‍ന്നതല്ല, പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് അത് ചേര്‍ന്നത്) ഇക്കാര്യം ചര്‍ച്ച ചെയ്യുകയും കേന്ദ്ര കമ്മിറ്റി വ്യക്തമായ തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്തു. സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് ഒരു പാര്‍ടി അംഗം വിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കുമ്പോള്‍ സ്പീക്കര്‍ പദവിയില്‍ തുടരാനും അധ്യക്ഷത വഹിക്കാനും പാടില്ലെന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. വിശ്വാസ പ്രമേയത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഔപചാരികമായി ഞങ്ങള്‍ അക്കാര്യം അദ്ദേഹത്തെ അറിയിച്ചത്. തന്റെ തീരുമാനം എന്താണെന്ന് അതേവരെ അദ്ദേഹം ഞങ്ങളെ അറിയിക്കാതിരുന്നതുകൊണ്ടാണത്. ആ തീരുമാനം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അതംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതുകൊണ്ട്, 20-ാം തീയതി, സഭാ സമ്മേളനത്തിന് തലേ ദിവസം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ, സഭയില്‍ അദ്ദേഹം അധ്യക്ഷത വഹിക്കുകയാണെങ്കില്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കണം എന്ന തീരുമാനമെടുത്തു. അദ്ദേഹം സഭയില്‍ അദ്ധ്യക്ഷത വഹിച്ചു. അതുകൊണ്ട്, അതിനുശേഷം അദ്ദേഹത്തെ ഞങ്ങള്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കി. ഇതാണ് സംഭവിച്ചത്.

ജോണ്‍ ബ്രിട്ടാസ് : താങ്കള്‍ സോമനാഥ് ചാറ്റര്‍ജിയെ കണ്ടിരുന്നല്ലോ. പാര്‍ടി തീരുമാനത്തിനു പിന്നിലെ ന്യായം താങ്കള്‍ അദ്ദേഹത്തോട് വിശദീകരിച്ചോ?

പ്രകാശ് കാരാട്ട് : ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. പാര്‍ടിയുടെ പ്രതിനിധികള്‍ക്ക് നിരവധി അവസരത്തിലും സന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ കാണാനും ഈ പ്രശ്നം ചര്‍ച്ച ചെയ്യാനും കഴിഞ്ഞിരുന്നു.

ജോണ്‍ ബ്രിട്ടാസ് : അദ്ദേഹം സ്പീക്കര്‍ പദവിയില്‍ തുടരുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പേരു കൂടി പ്രസിഡന്റിന് സമര്‍പ്പിച്ചതിലൂടെ നിങ്ങള്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ചതായാണ് ആളുകള്‍ പറയുന്നത്.

പ്രകാശ് കാരാട്ട് : സിപിഐ എം സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് സോമനാഥ് ചാറ്റര്‍ജി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. സിപിഐ എം പാര്‍ലമെന്റ് അംഗങ്ങളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുമുണ്ട്. ലോകസഭയുടെ വെബ്‌സൈറ്റിലും നിങ്ങള്‍ക്ക് അത് കാണാം. സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുംമുമ്പ് അദ്ദേഹം പാര്‍ടിയില്‍നിന്ന് രാജിവെച്ചിരുന്നുമില്ല. ഇക്കാലമത്രയും അദ്ദേഹം തന്റെ പാര്‍ടി അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. ലോകസഭാ സ്പീക്കറായിരിക്കുമ്പോഴും അദ്ദേഹം സിപിഐ എം അംഗമായിരുന്നു. അതിനാല്‍ അതു സംബന്ധിച്ച് ഞങ്ങള്‍ക്കു മുന്നില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആ പട്ടിക അതേ പടി ഞങ്ങള്‍ പ്രസിഡന്റിന് നല്‍കിയത്.

ജോണ്‍ ബ്രിട്ടാസ് : അപ്പോള്‍ നിങ്ങള്‍ പുറത്താക്കുന്നതുവരെ, അദ്ദേഹം പാര്‍ടി അംഗമായി തുടര്‍ന്നിരുന്നുവെന്നാണോ?

പ്രകാശ് കാരാട്ട് : നിശ്ചയമായും. മുമ്പുള്ള പല സ്പീക്കര്‍മാരെയുംപോലെ തന്നെ. ശിവരാജ്‌പാട്ടീല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നതായി എനിക്ക് തോന്നുന്നില്ല; അതുപോലെ തന്നെ സാംഗ്‌മയും. മനോഹര്‍ ജോഷി ശിവസേനയില്‍നിന്നും രാജിവെച്ചിരുന്നില്ല. ബ്രിട്ടീഷ് സമ്പ്രദായത്തെക്കുറിച്ച് പറയുന്നവര്‍, തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നത്. ഇന്ത്യയില്‍ സ്പീക്കര്‍മാര്‍ തങ്ങളുടെ പാര്‍ടി ബന്ധം വിച്ഛേദിക്കുന്നില്ലെന്നതാണ് വാസ്തവം. സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ അവര്‍ നിഷ്‌പക്ഷത പുലര്‍ത്തണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജോണ്‍ ബ്രിട്ടാസ് : ഇത് സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമായി താങ്കള്‍ കരുതുന്നുണ്ടോ? പ്രത്യേകിച്ചും സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള ഒരു വ്യക്തി....

പ്രകാശ് കാരാട്ട് : ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ദൌര്‍ഭാഗ്യകരമാണ്. ഞങ്ങളുടെ പാര്‍ടിയിലെ അച്ചടക്കത്തെക്കുറിച്ച് ഞങ്ങള്‍ അഭിമാനം കൊള്ളാറുണ്ട്. സാധാരണഗതിയില്‍ ഞങ്ങളുടെ പാര്‍ടിയില്‍ ഈ സാഹചര്യം ഉണ്ടാവാത്തതാണ്. സോമനാഥ് ചാറ്റര്‍ജിയുടെ നിലവാരത്തിലുള്ള ഒരാളില്‍നിന്ന് ഇത് സംഭവിച്ചത് ദൌര്‍ഭാഗ്യകരമാണ്.

കൂറുമാറ്റത്തിന്റെയോ അയോഗ്യത കല്‍പ്പിക്കുന്നതിന്റേയോ പ്രശ്നവുമായൊന്നും ഞങ്ങള്‍ പോകുന്നില്ല. സ്പീക്കറായി തുടരാനുള്ള തീരുമാനം അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ പാര്‍ടി അംഗത്വം ഇല്ലാതാക്കാനുള്ള തീരുമാനമാണ് പാര്‍ടിയുടേത്. ഞങ്ങള്‍ക്ക് അത്രയേയുള്ളൂ.

ഞാന്‍ ലോക്സഭയില്‍ ഉണ്ടായിരുന്നു. അധ്യക്ഷവേദിയിലിരുന്നുകൊണ്ട് സോമനാഥ് ചാറ്റര്‍ജി, സിപിഐ എം അംഗങ്ങളെ പിന്നോട്ടു പിടിക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു.

അദ്ദേഹം സ്പീക്കറായി തുടരുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഒരു പ്രതികരണവും നടത്തുന്നില്ല. ജൂലൈ 21നും 22നും സ്പീക്കര്‍ എന്ന പദവിയില്‍ ഇരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതോടുകൂടി അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പാര്‍ടി ബന്ധം വേര്‍പെടുത്തി; ഇനിയെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം. ഞങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല.

ജോണ്‍ ബ്രിട്ടാസ് : ഈ സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ സഭയ്ക്കുള്ളിലും പുറത്തും കിട്ടുന്ന എല്ലാ അവസരവും സിപിഐ എം ഉപയോഗിക്കുമെന്നാണ് താങ്കള്‍ പറഞ്ഞത്. എന്‍ഡിഎ ലോകസഭയില്‍ നിന്ന് കൂട്ട രാജി വെയ്ക്കാന്‍ ആലോചിക്കുന്നതായി കേള്‍ക്കുന്നു.

പ്രകാശ് കാരാട്ട് : അവര്‍ എന്തെങ്കിലും തീരുമാനം എടുത്തതായി എനിക്ക് തോന്നുന്നില്ല. എനിക്ക് അതേക്കുറിച്ച് അറിയില്ല.

ജോണ്‍ ബ്രിട്ടാസ് : ഒരു കൂട്ട രാജിയിലേക്ക് നീങ്ങാന്‍ എന്‍ഡിഎയുടെ ഭാഗത്തുനിന്ന് തീരുമാനമൊന്നുമില്ലെങ്കില്‍....

പ്രകാശ് കാരാട്ട് : എന്റെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാനാണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. അവര്‍ക്ക് ലഭിച്ച ഈ ഭൂരിപക്ഷം വോട്ടിന് അവര്‍ ഇപ്പോള്‍ വലിയ വിലയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. അത് നിങ്ങള്‍ക്കും അറിയാമല്ലോ. അത് ഇപ്പോള്‍ തുറന്നു കാണിക്കപ്പെടും. പലര്‍ക്കും അവര്‍ മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്; പല കക്ഷികള്‍ക്കും മറ്റ് പലതും വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇനി എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ജോണ്‍ ബ്രിട്ടാസ് : താങ്കള്‍ ലോകസഭയിലെ അസാന്നിധ്യത്തെക്കാള്‍ സാന്നിധ്യത്തിനായിരിക്കുമല്ലോ ഊന്നല്‍ നല്‍കുന്നത്.

പ്രകാശ് കാരാട്ട് : അതെ, ഞങ്ങളുടെ പാര്‍ടിയുടെ സമീപനം അതാണ്.

ജോണ്‍ ബ്രിട്ടാസ് : ദേശീയ രാഷ്ട്രീയത്തില്‍ ബിസിനസ് കുടുംബങ്ങളുടെ നഗ്നമായ ഇടപെടല്‍... കേരളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളും എഴുതിയത് അമേരിക്ക - അംബാനി- അമര്‍സിങ് എന്നാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇന്ത്യാ ഗവണ്‍മെന്റിന് തുല്യമായ ടേണ്‍ ഓവറുള്ള ശക്തരായ ബിസിനസ് കുടുംബങ്ങള്‍ രാഷ്ട്രീയം കളിക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്ന് താങ്കള്‍ കരുതുന്നില്ലേ?

പ്രകാശ് കാരാട്ട് : 1991 മുതല്‍ ഡോ. മന്‍മോഹന്‍സിങ് കെട്ടഴിച്ചുവിട്ട ഉദാരവല്‍കൃത മുതലാളിത്തത്തിന്റെ അനന്തര ഫലമാണിത്. ഇക്കാലമത്രയും ഇതുണ്ടാകാതെ നാം നോക്കി. പക്ഷേ, ചരിത്രത്തിലെ ചില നിമിഷങ്ങളില്‍, അതേവരെ തിരശ്ശീലക്കു പിന്നില്‍ നില്‍ക്കുന്ന യഥാര്‍ത്ഥ അധികാരഘടന അരങ്ങത്ത് പ്രത്യക്ഷപ്പെട്ടുവരാറുണ്ട്. 2008 ജൂലൈ 21ഉം 22ഉം അത്തരത്തിലുള്ള അവസരമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ വന്‍കിട ബിസിനസ്സുകാരും പണാധിപത്യവും ചേര്‍ന്ന് എങ്ങനെയാണ് അട്ടിമറിക്കുന്നതെന്ന് സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ച ഉണ്ടാകാന്‍ അത് സഹായകമായി. രണ്ട് വന്‍കിട ബിസിനസ്സുകാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി തന്നെ മദ്ധ്യസ്ഥന്റെ വേഷത്തിലെത്തിയത് എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പുകളും കരാറുകളുമാണ് ഉണ്ടാക്കിയത് എന്ന് കാണിക്കുന്നു.

ജോണ്‍ ബ്രിട്ടാസ് : ഈ മലീമസമായ അന്തരീക്ഷത്തില്‍ എങ്ങനെയാണ് ഇടതുപാര്‍ടികള്‍ അതിജീവിച്ചു നില്‍ക്കുന്നത്? ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം അതാണ്...

പ്രകാശ് കാരാട്ട് : ശരിയാണ്. ഞങ്ങള്‍ ഇതേവരെ അതിനെ അതിജീവിച്ചു. ഉദാരവല്‍ക്കരണാനന്തരം ഏറ്റവും നികൃഷ്ടമായ തരത്തിലുള്ള മുതലാളിത്തമാണ് നമ്മുടെ രാജ്യത്ത് പ്രയോഗത്തിലുള്ളത്. പക്ഷേ അത് ഞങ്ങളെ ദുര്‍ബലരാക്കിയില്ല. ഞങ്ങള്‍ അതിനെതിരെ പൊരുതി. ആളുകള്‍, പണം, ജാതി, മതം തുടങ്ങി എല്ലാ സംഗതികളും ഉപയോഗിക്കുന്നുണ്ട്. ഞങ്ങള്‍ അതിനെല്ലാം എതിരെ പൊരുതി ചെറുത്തു നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അങ്ങനെ തന്നെ ഇനിയും തുടരും. ഞങ്ങള്‍ അതിന് കീഴടങ്ങുകയില്ല.

ജോണ്‍ ബ്രിട്ടാസ് : ഇതൊരു അപകടമാണെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ? പണാധിപത്യം എല്ലാത്തിലും വലിയ പങ്ക് വഹിക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരുന്നില്ലേ?

പ്രകാശ് കാരാട്ട് : ഞങ്ങളുടെ സാമാജികന്മാരും ഞങ്ങളുടെ എംപിമാരും ഞങ്ങളുടെ പാര്‍ടി അംഗങ്ങളും പ്രവര്‍ത്തകരുമെല്ലാം ഈ തരത്തിലുള്ള ദുഃസ്വാധീനങ്ങളില്‍ പെട്ടുപോകാതെ താരതമ്യേന വിട്ടുനില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനിക്കാം. എന്നാല്‍ അതിനര്‍ത്ഥം ഒരു വ്യക്തിയും അതിന് വശംവദനാകില്ല എന്നല്ല. സിപിഐ എമ്മും ഇടതുപാര്‍ടികളും കാണിച്ചുതരുന്നത് അവ വ്യത്യസ്തതയുള്ള പാര്‍ടികളാണെന്നാണ്.

ജോണ്‍ ബ്രിട്ടാസ് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സമീപനത്തെ സംബന്ധിച്ച് കേരളത്തില്‍ ഒരു ചര്‍ച്ചയുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ ഐയുഎംഎല്‍ നിലപാടിനെക്കുറിച്ച് കുറേയേറെ എഴുതുന്നുണ്ട്. ആണവക്കരാറിനെ സംബന്ധിച്ച് ലീഗ് ഔപചാരികമായി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതേസമയം അവരുടെ മന്ത്രി ഇ അഹമ്മദ് സര്‍ക്കാരില്‍ തുടരുകയും ചെയ്യുന്നു. ഐയുഎംഎല്‍ നിലപാടില്‍ എന്തെങ്കിലും വൈരുദ്ധ്യം താങ്കള്‍ കാണുന്നുണ്ടോ?

പ്രകാശ് കാരാട്ട് : കരാറിനനുകൂലമായി നില്‍ക്കുകയും എന്നിട്ട് മനംമാറുകയും ചെയ്ത പാര്‍ടികളുണ്ട്. അതേപോലെ ആദ്യം കരാറിനെ എതിര്‍ക്കുകയും പിന്നീട് മാറ്റം സംഭവിക്കുകയും ചെയ്ത പാര്‍ടികളുമുണ്ട്. ഐയുഎംഎല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യത്തിലാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് തോന്നുന്നത്, അവരുടെ ബഹുജനാടിത്തറ, അവരുടെ അണികള്‍ ആണവക്കരാറിനെയും അമേരിക്കയുമായുള്ള സഖ്യത്തെയും ഇന്ത്യയുടെ പൊതുതാല്‍പര്യത്തിനും അവര്‍ക്കു തന്നെയും എതിരെന്ന നിലയില്‍ ശരിയായ നിലപാട് എടുത്തിട്ടുണ്ടെന്നാണ്. മുസ്ലിംലീഗ് ഒരു കുരുക്കില്‍ പെട്ടിരിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ അവരെടുത്തിരിക്കുന്ന നിലപാട് അവരെ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂ.

ജോണ്‍ ബ്രിട്ടാസ് : സിപിഐ എം മുസ്ലിം കാര്‍ഡ് കളിക്കുകയാണെന്നാണ് ലീഗ് ആരോപിക്കുന്നത്. ആണവക്കരാറില്‍ ഒരു മുസ്ലിം ഘടകം കണ്ടുകൊണ്ടാണ് സിപിഐ എം നീങ്ങുന്നതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത് ഇക്കാര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രകാശ് കാരാട്ട് : കോണ്‍ഗ്രസ് പാര്‍ടി ഞങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണിത്. മുസ്ലിംലീഗു മാത്രമല്ല. ഞങ്ങള്‍ ആണവകരാറിനെ എതിര്‍ക്കുന്നത് അത് അമേരിക്കയുമായുള്ള അസമമായ കരാറാണ് എന്ന നിലയിലാണ്.

നേരത്തേ, ഇറാനെതിരായി ഇന്ത്യ വോട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഞങ്ങള്‍ മുസ്ലിം കാര്‍ഡ് കളിക്കുകയാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. ഞങ്ങളതിന് മറുപടിയും പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ രാജ്യമായ വെനിസ്വേലയെ അമേരിക്ക ആക്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ കൂടുതല്‍ ശക്തമായ ഒരു നിലപാട് കൈക്കൊള്ളും. പ്രസിഡന്റ് ഷാവേസിനെ അസ്ഥിരീകരിക്കുവാന്‍ അവര്‍ ശ്രമിക്കുകയാണെങ്കില്‍, മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ ഹിന്ദുവെന്നോ ഞങ്ങള്‍ നോക്കുകയില്ല. രാജ്യങ്ങളെയും പാര്‍ടികളെയും ഗവണ്‍മെന്റുകളെയും ആണ് ഞങ്ങള്‍ നോക്കുന്നത്. സാമ്രാജ്യത്വത്തിനെതിരായി അവ കൈക്കൊള്ളുന്ന നിലപാട് എന്താണെന്ന് നോക്കും. ഇറാനിലെ ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് യോജിപ്പുണ്ടാവണമെന്നില്ല. എന്നാല്‍ പരമാധികാര രാഷ്ട്രമെന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ഇറാന്‍ സമരം ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ആ അവകാശം അവര്‍ക്ക് നല്‍കപ്പെട്ടതാണ്. ആ അവകാശം അവരില്‍നിന്ന് എടുത്തുകളയാന്‍ അമേരിക്ക നിയമവിരുദ്ധമായി ശ്രമിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളതിനെ അങ്ങനെയാണ് കാണുന്നത്. ലോകത്തിലെ ഏറ്റവും ആധുനികമായ മതനിരപേക്ഷ അറബി രാഷ്ട്രമായിരുന്നു ഇറാക്ക്. അതിനെയാണ് തന്റെ ഏതാണ്ട് എട്ടുകൊല്ലത്തെ പ്രസിഡന്റ് കാലാവധിക്കുള്ളില്‍ പ്രസിഡന്റ് ബുഷ് ആക്രമിച്ചതും അധിനിവേശം നടത്തിയതും നശിപ്പിച്ചതും. ഇപ്പോള്‍ അമേരിക്ക, ഇറാനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാനെതിരായി സൈനികാക്രമണം നടത്തുമെന്ന് ദിവസംതോറും അമേരിക്കയും ഇസ്രയേലും ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. മുസ്ലിങ്ങളെ വെറുക്കുന്ന ഒരു വ്യക്തിയായി പ്രസിഡണ്ട് ബുഷിനെ ലോകത്തിലെ മുസ്ലിം ജനങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍, അതിനുകാരണം ഞങ്ങളല്ല; അതിനു കാരണം പ്രസിഡണ്ട് ബുഷ് തന്നെയാണ്. അറബി ലോകത്തിലുള്ള വീക്ഷണം അതാണ്. മുസ്ലിം ലോകത്തിലും മുസ്ലിം രാജ്യങ്ങളിലും ഉള്ള വീക്ഷണം അതാണ്. അത്തരം ചില അഭിപ്രായങ്ങളോട് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കും യോജിപ്പുണ്ട്. ബുഷിന് അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്ത് 26 ശതമാനത്തില്‍ കൂടുതല്‍ ആളുകളുടെ അനുകൂലാഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ക്ക് മഹാഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തുപോലും ജനങ്ങള്‍ അദ്ദേഹത്തെ വലിയ മഹാനെന്ന് കരുതുന്നില്ല. അതുകൊണ്ട് മുസ്ലിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ ഉള്ള പ്രശ്നം ഉദിക്കുന്നതേയില്ല. പ്രശ്നം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി എന്താണ് പറയുന്നതെന്നു നോക്കാതെ, ഞങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിലപാട് കൈക്കൊള്ളും.

ജോണ്‍ ബ്രിട്ടാസ്: അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, തിരഞ്ഞെടുപ്പിനുശേഷമുള്ള അവസ്ഥയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുവരും എന്ന് ജനങ്ങള്‍ പറയുന്നു.

പ്രകാശ് കാരാട്ട് : ഞാനിതിന് ഉത്തരം പറഞ്ഞിട്ടുണ്ട്. 2009ല്‍ അതായത് അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, അത് 2004ന്റെ ആവര്‍ത്തനമായിരിക്കുകയില്ല. ഒന്നാമത് അന്ന് 6 കൊല്ലക്കാലത്തെ ബിജെപി ഭരണമുണ്ടായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങള്‍ പ്രചരണം നടത്തി; ഒരു മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാകണം എന്ന് ഞങ്ങള്‍ പ്രസ്താവിച്ചു. ഇപ്പോള്‍ അഞ്ചു കൊല്ലക്കാലത്തെ കോണ്‍ഗ്രസിന്റെ ഭരണമാണ് കഴിയാന്‍ പോകുന്നത്. അക്കാര്യം വിസ്മരിക്കരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇടതുപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിച്ച്, പൊതുമിനിമം പരിപാടിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചു; സാമ്രാജ്യത്വാനുകൂലമായ ഒരു നയം സ്വീകരിച്ചു; ജനങ്ങള്‍ക്ക് എതിരായ നിരവധി സാമ്പത്തികനയങ്ങളും സ്വീകരിച്ചു; ഇന്നു നാം കാണുന്ന വിലക്കയറ്റവും കൃഷിക്കാരുടെ പ്രശ്നങ്ങളും സംബന്ധിച്ച നയം അതില്‍ ഒന്നു മാത്രമാണ്. അതുകൊണ്ട്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞാന്‍ പറഞ്ഞപോലെ, ബിജെപിയെ പരാജയപ്പെടുത്തുക, കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുക എന്നാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്. എന്നിട്ടും ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ കരുതുകയാണെങ്കിലും, ഞാനങ്ങനെ കരുതുന്നില്ല. അവസരവാദികളെന്നു പറഞ്ഞ് ജനങ്ങള്‍ ഞങ്ങളെ അധിക്ഷേപിക്കും എന്ന് ഞാന്‍ കരുതുന്നു. നമുക്കാവശ്യം ഒരു മതനിരപേക്ഷ ഗവണ്‍മെന്റാണ്. അതൊരു കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആവണമെന്നില്ല.

ജോണ്‍ ബ്രിട്ടാസ് : പിന്തുണ പിന്‍വലിച്ചതിനുശേഷം താങ്കള്‍ക്ക് വ്യക്തിപരമായി എന്തു തോന്നുന്നു?

പ്രകാശ് കാരാട്ട് : ഞാനാദ്യം പറഞ്ഞപോലെ, എനിക്ക് ആശ്വാസം തോന്നുന്നു. നേരത്തെയാരോ പറഞ്ഞപോലെ, അത് അസ്വാഭാവികമായിരുന്നു; എന്നാല്‍ ഇപ്പോള്‍ അത് സ്വാഭാവികമായിരിക്കുന്നു.

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ജോണ്‍ ബ്രിട്ടാസ് : സിപിഐ എം എപ്പോഴും ചൈനക്കാരെ സഹായിക്കാന്‍ പറ്റിയ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് താങ്കളുടെ പാര്‍ടിക്കെതിരെ ഉയര്‍ന്നുവരുന്ന മുഖ്യ ആരോപണങ്ങളിലൊന്ന്. താങ്കളുടെ സമീപനത്തിലാകെ ചൈന അനുകൂല നിലപാടാണുള്ളത്. ഈ കരാറിന്റെ കാര്യത്തില്‍ പോലും....

പ്രകാശ് കാരാട്ട് : വളരെ സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍, നിരക്ഷര കുക്ഷികളായ കുറേ കോണ്‍ഗ്രസുകാരാണ് അങ്ങനെ പറയുന്നത്. ഇന്ത്യയിലെ ആണവ പ്രശ്നത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ചൈനീസ് സര്‍ക്കാരിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമാണ്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ചേരണം എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ എന്‍പിടിയില്‍ ചേരുന്നതിന് ഞങ്ങള്‍ എക്കാലവും എതിരാണ്. ചൈന ആണവായുധ രാഷ്ട്രമാണ്. ആണവായുധ രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അഞ്ച് രാജ്യങ്ങളാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ - ഈ അഞ്ച് രാഷ്ട്രങ്ങള്‍ക്കും പ്രത്യേക പദവിയാണ്. എന്‍പിടി പ്രകാരം നമ്മള്‍ ആണവ ആയുധ രഹിത രാജ്യമാണ്. അന്താരാഷ്ട്ര സമൂഹം നമ്മെ രണ്ടാംകിട പൌരന്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍തന്നെ ഞങ്ങള്‍ പറയുന്നത് ഇത് വിവേചനമാണ് എന്നാണ്... ഇത് ലോകത്തെ ആണവായുധങ്ങള്‍ ഉള്ളവരെന്നും ആണവായുധരഹിതരെന്നും രണ്ടായി തിരിക്കുന്നു. അമേരിക്കയ്ക്കുള്ള, മുമ്പ് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന സൌകര്യങ്ങള്‍ ചൈനയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൈന അമേരിക്കയുമായി ഇടപെടുമ്പോള്‍, അത് സമന്മാര്‍ തമ്മിലുള്ള ഇടപാടാണ്. രണ്ടുകൂട്ടരും ആണവായുധ രാഷ്ട്രങ്ങളാണ്. നമുക്കുള്ള നിയന്ത്രണങ്ങളൊന്നും അവര്‍ക്കില്ല. ചൈനക്ക് അവരുടെ ഒരു ആണവ റിയാക്ടറിനെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താം. അടുത്ത ദിവസം തന്നെ അവര്‍ക്കുവേണമെങ്കില്‍ ഇതുപറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാം. നമുക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. നാം ഒപ്പിടുന്ന സുരക്ഷാ മാനദണ്ഡ കരാറില്‍ പോലും, നാം ഒപ്പിടുന്നത് ശാശ്വതമായാണ്. അതുകൊണ്ട്, അമേരിക്കയും ചൈനയും തമ്മിലുള്ള 123 കരാറിനെയും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 123 കരാറിനെയും കുറിച്ച് ഒന്നുപോലെ പറയുന്നത് മണ്ടത്തരമാണ്. ചൈനയും അമേരിക്കയും ആണവായുധ രാഷ്ട്രങ്ങളാണ്. അന്താരാഷ്ട്ര ഉടമ്പടികളിലും നിയമങ്ങളിലും അവരെ (ചൈന) വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നമ്മളെ മറ്റൊരു വിഭാഗമായാണ് കാണുന്നത്. അപ്പോള്‍ അമേരിക്കയുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ചൈനീസ് നിലപാടുമായി എങ്ങനെയാണ് നാം താരതമ്യപ്പെടുത്തുന്നത്? ചൈനയും അമേരിക്കയും ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുന്നത്. അതുകൊണ്ട് ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളും മുന്‍ഗണനകളും ഉണ്ട്; അതേപോലെ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എവിടെയാണ് ചൈനയെ അനുകൂലിക്കുന്ന പ്രശ്നം വരുന്നത്? ചൈനയും അമേരിക്കയും ചെയ്യുന്നതിനെ പിന്തുടരരുത് എന്നാണ് ഞങ്ങള്‍ പറയുന്നത്. അഥവാ എല്ലാ ആണവായുധ രാജ്യങ്ങളും കൂടി സംയുക്തമായി ഇക്കാര്യം പറഞ്ഞാലും അത് അംഗീകരിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.

simy nazareth said...

പ്രകാശ് കാരാട്ട് ദളിതരുടെ ക്ഷേമത്തിനു വേണ്ടി ഖോരഘോരം സംസാരിക്കുന്നതു കണ്ടപ്പോള്‍ ചെങ്ങറയെ ഓര്‍മ്മവന്നു.

Anonymous said...

Thanks for the new info that it is a Dalith struggle at Chengara. I awfully miss a lot of things..

simy nazareth said...

dear anonymous,

please find this link on chengara useful.

Anonymous said...

ഹഹഹ.
അടുത്ത എലെക്ഷൻ കഴിയുംബോൽ ലവൻ കാംക്രസ്സിന്റെ പിന്നാലേ പിന്തുണ തരാം തരാം എന്നു പറഞു നടക്കുന്നതു നമുക്കു കാണാം
ജൈയ് 24 കാരാട്ട്

Anonymous said...

from a chengara pdf file circulated by greenyouth/supporters..

Talking to The Hindu here on Tuesday, the Vedi leader said the agitation was “by the landless poor belonging to all sections of society for the land promised to them by the Government in September last and there was no other m otive behind it.”

Mr. Gopalan said the Vedi had no political colour or sectarian interest – there were Nairs, Christians, Muslims and Ezhavas among the landless encroachers. He said the Vedi’s agitation was strictly non-violent and aimed at pressing the Government to fulfil its promise
given to the landless poor ten months ago.

Anonymous said...

ഇതു കൂടി വായിച്ചോളൂ അനോണിമസ്സേ..