Sunday, August 24, 2008

ഉള്ളിലെ ഉപരോധം

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചാല്‍ ഫലം ശ്രീനഗറിലും ജമ്മുവിലും കണ്ട കാഴ്ചകളായിരിക്കും. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. കോടികളുടെ സ്വത്ത് അഗ്നിയില്‍ ചാമ്പലായി. രണ്ടു മേഖലകളിലും ജീവിതം സ്തംഭിച്ചു.

നേതാക്കളില്‍നിന്ന് ആള്‍ക്കൂട്ട തലവന്‍മാരായി അധഃപതിച്ചവര്‍ അമര്‍നാഥ് ക്ഷേത്രഭൂമി പ്രശ്നത്തെ വലിച്ചുനീട്ടി മുഴുവന്‍ സംസ്ഥാനത്തെയും അവസാന ആളുകളിലേക്കുവരെ ധ്രുവീകരണം എത്തിക്കുകയായിരുന്നു. പീര്‍പഞ്ജല്‍ മലനിരയാണ് കശ്മീര്‍ താഴ്വരയെ ജമ്മുവില്‍നിന്നു വേര്‍തിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ മതത്തിന്റെയും യുദ്ധോല്‍സുക മതവികാരത്തിന്റെയും പുതിയ മലകള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നു.

ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും ഓരോ പുതിയ അടികളും ഇരു മേഖലകളും തമ്മിലെ ബന്ധത്തിന്റെ കണ്ണികള്‍ ദുര്‍ബലമാക്കുകയും ബഹുസ്വരതയുടെ ഇടം പരിമിതമാക്കുകയുമാണ്. താഴ്വരയിലെ പുരോഗമന രാഷ്ട്രീയക്കാര്‍പോലും കുപ്പായക്കൈക്കടിയില്‍ മതവുമണിഞ്ഞാണു നടക്കുന്നത്. ഇതിനിടയില്‍ അവര്‍ കശ്മീരിയതയെ കുഴിച്ചുമൂടുകയാണ്. ഉപഭൂഖണ്ഡത്തില്‍ വിഭജനാനന്തരം ഒറ്റ വര്‍ഗീയ സംഘര്‍ഷവുമുണ്ടാവാത്ത മേഖലകളിലൊന്നാണ് കശ്മീര്‍ താഴ്വര. ശ്രീനഗറില്‍ കാര്യങ്ങള്‍ ശൈഖ് അബ്ദുല്ലയുടെ ചൊല്‍പ്പടിയിലായിരുന്നു. പാക്കിസ്ഥാനില്‍നിന്നു പലായനം ചെയ്ത നിരവധി ഹിന്ദുക്കളും സിഖുകാരും അവിടെ അഭയം തേടിയിരുന്നു. അവരില്‍ ചിലര്‍ക്ക് അരക്ഷിത ബോധം തോന്നിയപ്പോള്‍ കുതിരവണ്ടികളില്‍ ജമ്മുവില്‍ എത്തിക്കാന്‍ ശൈഖ് ഏര്‍പ്പാടുണ്ടാക്കി. പക്ഷേ, ലജ്ജാകരമെന്നു പറയട്ടെ, അഭയാര്‍ഥികള്‍ ജമ്മു ഭാഗത്തെത്തിയപ്പോള്‍ മുസ്ലിംകളായ വണ്ടിക്കാരെ കശാപ്പുചെയ്യുകയാണുണ്ടായത്.

അമര്‍നാഥ് പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിന്റെ വഴി തേടി ദല്‍ഹിയില്‍നിന്നു ജമ്മുവിലെത്തിയ സര്‍വകക്ഷി സംഘം വെറുംകൈയോടെ മടങ്ങേണ്ടിവന്നതിന്റെ കാരണം ഭാഗികമായെങ്കിലും ഇത് വിശദീകരിക്കുന്നുണ്ട്. വീണ്ടെടുപ്പ് കഴിയാത്തവിധം നിലപാടുകള്‍ കടുത്തുപോയിരിക്കുന്നു. വര്‍ഗീയതയും പ്രാദേശികതയും അന്തിമമായി പരാജയപ്പെടുമെന്ന സംഘത്തിന്റെ പ്രതീക്ഷ വെറും സ്വപ്നം മാത്രമാണ്. രണ്ടു മേഖലകളെയും ഇനിയും ഒരുമിച്ചു കെട്ടിനിര്‍ത്താവുന്നതേയുള്ളൂ. പക്ഷേ, വൈകാരികമായും സാമൂഹികമായും മറ്റു പല പ്രകാരങ്ങളിലും അവര്‍ വേര്‍പെട്ടുപോയിരിക്കുന്നു.

അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് വനഭൂമി വിട്ടുകൊടുക്കുകയും പിന്നീടതു തിരിച്ചെടുക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമെന്ന വായന അതി ലളിതവത്കരണമായിപ്പോവും. കാലങ്ങളായി ഇരു മേഖലകളും പരസ്പരം ഏല്‍പിച്ചുകൊണ്ടിരുന്ന മുറിവുകള്‍ക്ക് ആഴം കൂടിയിരിക്കുന്നു. ഒറ്റപ്പെടലിന്റെ വൈക്കോല്‍ക്കൂനയിലേക്ക് തീപ്പൊരി പകരുക മാത്രമാണ് ഭൂമി പ്രശ്നത്തിലൂടെ സംഭവിച്ചത്. പൊടുന്നനെ അത് ആളിപ്പടര്‍ന്നു.

ഏറെ നാളായി ഇരു പ്രദേശങ്ങളും പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളായി പിരിക്കുന്ന വിധത്തില്‍ താഴ്വരയിലെയും ജമ്മുവിലെയും വിഘടനവാദികളും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഈ വിടവ് വിസ്തൃതമാക്കുകയാണ്. ജമ്മുവിന് സ്വയംഭരണമെന്ന വാദങ്ങള്‍ അങ്ങിങ്ങ് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. താഴ്വരയിലെ വീടുകളിലേക്കു മടങ്ങണമെന്നാഗ്രഹിച്ചിരുന്ന കശ്മീരി പണ്ഡിറ്റുകള്‍ തിരിച്ചുപോക്കു സാധ്യമാവില്ലെന്നു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

വിദ്യാ സമ്പന്നരായ മുസ്ലിം യുവാക്കള്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതാണ് വല്ലാത്ത വല്ലായ്മ. അവരില്‍ ചിലര്‍ ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ ഉന്നത പദവികളില്‍ ജോലി ചെയ്യുന്നവരാണ്. ക്ഷേത്രത്തിനു ഭൂമി നല്‍കുന്നതിനും ഏറെ അപ്പുറമാണ് പ്രശ്നമെന്ന വ്യക്തമായ സന്ദേശമാണിത്. ക്രോധവും നിരാശയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ശ്രീനഗറില്‍ കാണുന്ന ശാന്തത യാഥാര്‍ഥ്യത്തില്‍നിന്നു വളരെയകലെയാണെന്നു വ്യക്തം. ശരിക്കു പറഞ്ഞാല്‍ ഏതാണ്ട് എല്ലാവരും തെരുവിലിറങ്ങിയിരുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള അവസ്ഥ അനിശ്ചിതമായി തുടരാനാവില്ലെന്ന് രാജ്യത്തെ പൊതുജന സമൂഹം ചിന്തിച്ചുപോവുന്ന വിധത്തിലാണ് കശ്മീര്‍ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കാന്‍ മതം പ്രവര്‍ത്തിച്ചത്.

ജമ്മു കശ്മീരിന്റെ വിഭജനം തന്നെയാണ് ബി.ജെ.പിയുടെ അജണ്ട. ലിബറല്‍ ചിന്താഗതിക്കാരായ ചില കശ്മീരികള്‍ ഞാനുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വികാരമാണ് പങ്കുവെച്ചത്. അത്രമാത്രം തീവ്രമായിരുന്നു ജമ്മു പ്രക്ഷോഭത്തിന്റെ സ്വഭാവം. രണ്ടു മേഖലകള്‍ക്കും ഇനി എന്നെങ്കിലും ഒരുമിക്കാനാവുമോ എന്നു ചിന്തിക്കാന്‍പോലും വിഷമം സൃഷ്ടിക്കുന്ന സാഹചര്യം ബി.ജെ.പി ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു.

താഴ്വരയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പ്രത്യേക ചിന്ത പ്രതിഫലിപ്പിക്കുന്നതായിരുന്നു. അമര്‍നാഥ് തീര്‍ഥാടകരുടെ കുടിലുകളെ ഫലസ്തീനിലെ യഹൂദ വാസകേന്ദ്രങ്ങളോടാണ് ഉപമിച്ചത്. സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടന മാറ്റുന്നതിനാണ് ക്ഷേത്രത്തിനു വനഭൂമി അനുവദിച്ചതെന്നായിരുന്നു ചിലരുടെ പ്രചാരണം. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്. ബി.ജെ.പി ഭരണകാലത്തുപോലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഹിന്ദുക്കളെ കശ്മീരിലേക്കു വിടാന്‍ ന്യൂദല്‍ഹി ശ്രമിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ തികഞ്ഞ അബദ്ധമായിരുന്നു ഈ ആരോപണം. സംസ്ഥാനത്ത് കുടിയേറാന്‍ ഒരു പുറംനാട്ടുകാരനെയും അനുവദിക്കില്ലെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ മതേതരത്വത്തില്‍ ഒരു വിശ്വാസവുമില്ലാത്തതിനാല്‍ ഹിന്ദുത്വ ലക്ഷ്യങ്ങള്‍ക്കായി ബി.ജെ.പി സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, അവരെ മറികടക്കുന്ന വിധത്തില്‍ ഹുര്‍റിയത്ത് കോണ്‍ഫറന്‍സും മുഫ്തി മുഹമ്മദ് സഈദിന്റെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും മതമൌലികവാദികളുമായി കൂട്ടുചേര്‍ന്നതായിരുന്നു വിഷമകരമായ അവസ്ഥ. കോലാഹലമുണ്ടാക്കുന്നതിനായി മഹ്ബൂബ മുഫ്തി നിരുത്തരവാദപരമായി സംസാരിക്കുന്നത് ഏവര്‍ക്കും അറിയുന്നതാണ്. പക്ഷേ, ഇത്തവണ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍. ജിഹാദികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഒരു ടി.വി ചാനലില്‍ അവര്‍ സംസാരിച്ചത്. കശ്മീര്‍ കത്തുന്നതു പ്രശ്നമേ അല്ലാത്ത വിധത്തിലായിരുന്നു മഹ്ബൂബയുടെ സംസാരം. അതുകൊണ്ടുതന്നെ സമുദായത്തിലെ മതഭ്രാന്തന്‍മാരില്‍നിന്ന് അവര്‍ക്ക് ഏറെ കൈയടി കിട്ടുകയും ചെയ്തു.

മതവികാരം ഉന്മത്തമാവുമ്പോള്‍ നേരേ ചിന്തിക്കാന്‍തന്നെ ആളുകള്‍ക്കു കഴിയില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഇന്ത്യയുടെ രാഷ്ട്രീയം കൂടുതല്‍ വിഷലിപ്തമാവാന്‍പോവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന പാദത്തിലാണ്. അതുകൊണ്ടുതന്നെ കശ്മീര്‍ പ്രശ്ന പരിഹാരത്തിനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ സാധ്യമായെന്നുവരില്ല. പക്ഷേ, ചില നീക്കങ്ങള്‍ തുടങ്ങിയേ മതിയാവൂ. കശ്മീര്‍ താഴ്വര, ലഡാക്ക്, ജമ്മു എന്നിവ ഒരു ഫെഡറേഷനായി മാറേണ്ടതുണ്ട്. തങ്ങള്‍ക്ക് സ്വന്തമായ അസ്തിത്വമുണ്ടെന്ന തോന്നല്‍ ഓരോ മേഖലക്കുമുണ്ടാവാന്‍ ഇത് ആവശ്യമാണ്. കശ്മീര്‍ പ്രശ്നത്തിന്റെ മൊത്തത്തിലുള്ള പരിഹാരത്തിനു തുടര്‍ന്നു ശ്രമിക്കണം.

രണ്ടു മേഖലകളെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ ജമ്മു^ശ്രീനഗര്‍ പാത ഉപരോധിക്കാനുള്ള തീരുമാനം ബി.ജെ.പിയുടെ തലതൊട്ടപ്പന്‍മാരായ ആര്‍.എസ്.എസിന്റേതായിരുന്നു. റോഡ് ഉപരോധം വിജയിപ്പിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് കര്‍സേവകരെ എത്തിക്കുകയായിരുന്നു. ഉപരോധം പൊളിച്ച് താഴ്വരയില്‍ അവശ്യസാധന ലഭ്യത ഉറപ്പുവരുത്താന്‍ സൈന്യത്തിനു കഴിഞ്ഞു. എന്നാല്‍, എന്തോ ചില കാരണങ്ങളാല്‍ ശ്രീനഗറിലെ കഴിവുകെട്ട ഭരണകൂടവും കൂടുതല്‍ ബാലിശമായ കേന്ദ്ര സര്‍ക്കാറും റോഡ് തുറക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലുമുണ്ടായില്ല.

ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മുസഫറാബാദ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്കു പോവുമെന്ന് കശ്മീരി പഴം നിര്‍മാതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോഴെങ്കിലും തങ്ങള്‍ നടത്തുന്ന ബന്ദുകളുടെയും റോഡ് ഉപരോധത്തിന്റെയും പ്രത്യാഘാതങ്ങള്‍ ആര്‍.എസ്.എസ് തിരിച്ചറിയേണ്ടതായിരുന്നു. പകരം, കശ്മീരിലേക്കുള്ള ട്രക്കുകള്‍ തടഞ്ഞില്ലെങ്കില്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ ഭീഷണിപ്പെടുത്തുകയാണു ബി.ജെ.പി ചെയ്തത്. അദ്ദേഹം ഭീഷണിക്കു വഴങ്ങിയില്ലെന്നതു വേറെ കാര്യം. എന്നിട്ടും, കശ്മീരിലേക്കുള്ള അവശ്യസാധന വിതരണം കുറച്ചുസമയത്തേക്കെങ്കിലും തടസ്സപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ക്കു കഴിഞ്ഞു.

മുസഫറാബാദിലേക്കു പോകുമെന്ന ഭീഷണിയോടും സര്‍ക്കാര്‍ പതിവുപോലെ വൈകിയാണു പ്രതികരിച്ചത്. ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പോലിസ് നടപടി തുടങ്ങി. കാലങ്ങളായുള്ള ആവലാതികള്‍ പ്രതിഫലിപ്പിക്കാന്‍ ഒരു അവസരം വന്നുചേര്‍ന്നതിനാല്‍ പ്രക്ഷോഭം അതിവേഗം പടര്‍ന്നുപിടിച്ചത് സ്വാഭാവികം മാത്രമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മതാടിസ്ഥാനത്തിലുള്ള കശ്മീര്‍ എന്ന വലിയൊരു ചോദ്യചിഹ്നം അതിനിടെ ഉയര്‍ന്നുവന്നു കഴിഞ്ഞിരുന്നു.

മൊത്തം സാഹചര്യങ്ങളും ന്യൂദല്‍ഹിക്കൊരു പാഠം നല്‍കുന്നുണ്ട്. ദ്വിരാഷ്ട്രവാദം എതിര്‍ത്ത ഇന്ത്യക്ക് ഹിന്ദു ഭൂരിപക്ഷ ജമ്മുവിനെയും മുസ്ലിം ഭൂരിപക്ഷ കശ്മീര്‍ താഴ്വരയെയും വെട്ടിമുറിക്കാനാവില്ലെന്ന തീര്‍പ്പ്. മതേതര ഇന്ത്യന്‍ രാഷ്ട്രഘടനയുടെ പ്രഖ്യാപനമാണത്. പക്ഷേ, താഴ്വരയിലെയും ജമ്മുവിലെയും സമീപകാല സംഭവങ്ങള്‍ക്കുശേഷം എല്ലാം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.

കടപ്പാട്: വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍, മാദ്ധ്യമം

അധിക വായനയ്ക്ക്

1. Amarnath land row - Chronology of events

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചാല്‍ ഫലം ശ്രീനഗറിലും ജമ്മുവിലും കണ്ട കാഴ്ചകളായിരിക്കും.

അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് വനഭൂമി വിട്ടുകൊടുക്കുകയും പിന്നീടതു തിരിച്ചെടുക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു കാരണമെന്ന വായന അതി ലളിതവത്കരണമായിപ്പോവും. കാലങ്ങളായി ഇരു മേഖലകളും പരസ്പരം ഏല്‍പിച്ചുകൊണ്ടിരുന്ന മുറിവുകള്‍ക്ക് ആഴം കൂടിയിരിക്കുന്നു. ഒറ്റപ്പെടലിന്റെ വൈക്കോല്‍ക്കൂനയിലേക്ക് തീപ്പൊരി പകരുക മാത്രമാണ് ഭൂമി പ്രശ്നത്തിലൂടെ സംഭവിച്ചത്. പൊടുന്നനെ അത് ആളിപ്പടര്‍ന്നു.

താഴ്വരയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പ്രത്യേക ചിന്ത പ്രതിഫലിപ്പിക്കുന്നതായിരുന്നു. അമര്‍നാഥ് തീര്‍ഥാടകരുടെ കുടിലുകളെ ഫലസ്തീനിലെ യഹൂദ വാസകേന്ദ്രങ്ങളോടാണ് ഉപമിച്ചത്. സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടന മാറ്റുന്നതിനാണ് ക്ഷേത്രത്തിനു വനഭൂമി അനുവദിച്ചതെന്നായിരുന്നു ചിലരുടെ പ്രചാരണം. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഹിന്ദു സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്. ബി.ജെ.പി ഭരണകാലത്തുപോലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഹിന്ദുക്കളെ കശ്മീരിലേക്കു വിടാന്‍ ന്യൂദല്‍ഹി ശ്രമിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ തികഞ്ഞ അബദ്ധമായിരുന്നു ഈ ആരോപണം.

രണ്ടു മേഖലകളെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ ജമ്മു^ശ്രീനഗര്‍ പാത ഉപരോധിക്കാനുള്ള തീരുമാനം ബി.ജെ.പിയുടെ തലതൊട്ടപ്പന്‍മാരായ ആര്‍.എസ്.എസിന്റേതായിരുന്നു. റോഡ് ഉപരോധം വിജയിപ്പിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് കര്‍സേവകരെ എത്തിക്കുകയായിരുന്നു. ഉപരോധം പൊളിച്ച് താഴ്വരയില്‍ അവശ്യസാധന ലഭ്യത ഉറപ്പുവരുത്താന്‍ സൈന്യത്തിനു കഴിഞ്ഞു. എന്നാല്‍, എന്തോ ചില കാരണങ്ങളാല്‍ ശ്രീനഗറിലെ കഴിവുകെട്ട ഭരണകൂടവും കൂടുതല്‍ ബാലിശമായ കേന്ദ്ര സര്‍ക്കാറും റോഡ് തുറക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലുമുണ്ടായില്ല.

പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ എഴുതുന്നു.

Anonymous said...

ഭാരതചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രദേശത്തേക്കുള്ള ആവശ്യവസ്തുക്കളുടെ നീക്കം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയില്‍ ഏതെങ്കിലും കക്ഷി ഉപരോധം നടത്തുന്നത് എന്നത് ശരിയാണോ ആവോ? അത്ര ക്രൂരത കാണിക്കുവാന്‍ ഇടയില്ല എന്നു തോന്നുന്നു.

ഗുജറാത്തില്‍ ബന്ദ് ദിനത്തില്‍ വണ്ടിയോടും, വ്യവസായം പ്രവര്‍തിക്കും (സ്വന്തം പാര്‍ട്ടി ബന്ദ് പോലും ജനം തൃണമൂല്‍ഗണിക്കും എന്നതിന്റെ വൃത്തിയുള്ള രൂപം) എന്നൊക്കെ നിഷകളങ്കമായി അവകാശപ്പെടുന്ന ദമാശ ബ്ലോഗില്‍ എവിടെയോ വായിച്ചു. അവരിതൊക്കെ അറിയുന്നുണ്ടാവില്ല.